‘നാലാമത്തെ കുട്ടി വേണം എന്ന് പാലാ അതിരൂപത പറയാനുള്ള കാര്യം ശിശുക്കളോടുള്ള അമിതസ്നേഹമോ രാജ്യ-സംസ്ഥാന താല്പര്യമോ അല്ലെന്ന് പകല്‍പോലെ വ്യക്തമാണ്. സ്വമതത്തില്‍ ആളെ കൂട്ടുക, അംഗസംഖ്യ വര്‍ദ്ധിപ്പിക്കുക-അതാണ് ആദ്യത്തെയും അവസാനത്തെയും പ്രേരണ. ആളുകൂടിയാല്‍ തലയെണ്ണി സമൂഹത്തോടും സ്റ്റേറ്റിനോടും വിലപേശാം, മതപ്പണിക്ക് കൂടുതല്‍ പേരെ ലഭ്യമാകും. ഈ പരമ്പരാഗത മതപ്രജനനസിദ്ധാന്തം തന്നെയാണ് ഈ പരസ്യത്തിന് പിന്നിലെ മുഖ്യ ചേതോവികാരം.’- സി രവിചന്ദ്രന്‍ എഴുതുന്നു. |
പ്രസവ സൗജന്യങ്ങള്‍
മൂന്നിലധികം കുട്ടികളെ പ്രസവിക്കുന്നവര്‍ക്ക് രണ്ട് മാരക ‘സൗജന്യ’ങ്ങളാണ് പാല രൂപത അദ്ധ്യക്ഷന്റെ ഈ പരസ്യം വാഗ്ദാനം ചെയ്യുന്നത്. 1. പ്രസവചെലവ്. 2. നഴ്സിംഗ് കോളേജില്‍ പഠനം. മൂന്ന് കൂട്ടികളാണെങ്കില്‍ ‘സൗജന്യം’ കിട്ടില്ല. നാലാമതൊരു കുട്ടിയെ പ്രസവിച്ചാല്‍ നോക്കികൊള്ളാം എന്ന ഈ കരാറില്‍ രണ്ട് സ്ഥാപനങ്ങളുടെ പേരെടുത്ത് പറയുന്നുണ്ട്. ആ സ്ഥാപനങ്ങളില്‍ നിന്നേ സൗജന്യം ലഭിക്കൂ. പ്രസവം കഴിഞ്ഞ് നഴ്സിംഗ് പഠനംവരെയുള്ള കാലം എങ്ങനെ തരണം ചെയ്യും എന്ന കാര്യം പാക്കേജില്‍ പറയുന്നില്ല. That one has to self-manage??
‘സൗജന്യം’ എല്ലാവര്‍ക്കും ലഭിക്കുമോ? സാധ്യതയില്ല. മറ്റ് മതങ്ങളില്‍ ഉള്ളവര്‍ക്കോ മറ്റ് സഭകളിലെ/അതിരൂപതകളിലെ ക്രിസ്ത്യാനികള്‍ക്കോ ലഭിക്കുമെന്ന് കരുതാനാവില്ല. നാലാമത്തെ കുട്ടി വേണം എന്ന് അതിരൂപത പറയാനുള്ള കാര്യം ശിശുക്കളോടുള്ള അമിതസ്നേഹമോ രാജ്യ-സംസ്ഥാന താല്പര്യമോ അല്ലെന്ന് പകല്‍പോലെ വ്യക്തമാണ്. സ്വമതത്തില്‍ ആളെ കൂട്ടുക, അംഗസംഖ്യ വര്‍ദ്ധിപ്പിക്കുക-അതാണ് ആദ്യത്തെയും അവസാനത്തെയും പ്രേരണ. ആളുകൂടിയാല്‍ തലയെണ്ണി സമൂഹത്തോടും സ്റ്റേറ്റിനോടും വിലപേശാം, മതപ്പണിക്ക് കൂടുതല്‍ പേരെ ലഭ്യമാകും. ഈ പരമ്പരാഗത മതപ്രജനനസിദ്ധാന്തം തന്നെയാണ് ഈ പരസ്യത്തിന് പിന്നിലെ മുഖ്യ ചേതോവികാരം.
140 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ജനസംഖ്യ ഇനിയും കൂട്ടണം എന്നു വാദിക്കുന്നവര്‍ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്നവരാണ്. കഴിഞ്ഞ 200 വര്‍ഷത്തിനിടെ ലോകജനസംഖ്യ ഏതാണ്ട് എട്ടിരട്ടി വര്‍ദ്ധിച്ചിട്ടുണ്ട്. ശാസ്ത്ര-സാങ്കേതികവിദ്യ, ആരോഗ്യം, കൃഷി എന്നീ രംഗങ്ങളില്‍ മനുഷ്യന്‍ നടത്തിയ അമ്പരപ്പിക്കുന്ന മുന്നേറ്റവും മൂലധനസമ്പദ് വ്യവസ്ഥയില്‍ അധിഷ്ഠിതമായി ലോകമെമ്പാടും സമ്പത്തിന്റെ ഉദ്പാദനം പലമടങ്ങ് വര്‍ദ്ധിപ്പിക്കപെട്ടതുമാണ് ദാരിദ്ര്യത്തിലും രോഗപീഡകളിലും തകര്‍ന്നടിയാതെ ഈ എട്ടിരട്ടിയെ കാത്തത്. അപ്പോഴും പൂര്‍ണ്ണ പരിഹാരമായിട്ടില്ല, പ്രശ്നങ്ങള്‍ നിരവധി ബാക്കി നില്‍ക്കുന്നു. സ്വന്തം മതത്തിന്റെ അംഗസംഖ്യ കുറയുന്നതോര്‍ത്ത് കുണ്ഠിതപ്പെടുന്നവരും അംഗസംഖ്യ കൂട്ടി ആവേശം കൊള്ളന്നതും സമൂഹത്തിന്റെ പൊതുതാല്പര്യങ്ങള്‍ക്ക് വിരുദ്ധമായ കാര്യമാണ്.
മതവരുമാനം വര്‍ദ്ധിക്കുമെന്നതും കൊല്ലലും കൊല്ലപ്പെടലും ഉള്‍പ്പടെയുള്ള മതപ്പണികള്‍ക്ക് കൂടുതല്‍ ആളുകളെ കിട്ടും എന്നതുമാണ് ഉയരുന്ന ജനസംഖ്യ മതങ്ങളെ ഉന്മാദംകൊള്ളിക്കുന്നതിന്റെ മുഖ്യകാരണങ്ങള്‍. ചെറിയ ജനസംഖ്യയുള്ളിടത്തും കുറച്ച് സാമൂഹികപ്രശ്നങ്ങള്‍ ഉള്ളിടത്തും മതത്തിന്റെ സാധ്യതകള്‍ താരതമ്യേന നേര്‍പ്പിക്കപെടും. ജനപ്പെരുപ്പം മൂലം ഉണ്ടാകുന്ന പശ്നങ്ങള്‍ക്ക് മതം ഉത്തരവാദിയാണെന്നു വന്നാലും അതവരെ ഒട്ടും അലോസരപെടുത്തില്ല. അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് സ്റ്റേറ്റാണ്! നിര്‍ബന്ധിതപ്രജനനം വ്യക്തിതാല്പര്യത്തെയും പൗരാവകാശങ്ങളെയും ഹനിക്കുന്നതാണ്. കൊതിപ്പിക്കാലാകട്ടെ പേടിപ്പിക്കലാകട്ടെ, കൂടുതല്‍ പ്രസവിച്ച് സ്വന്തം ജീവിതനിലവാരം (standard and quality of lif) ത്യജിക്കാന്‍ വ്യക്തിയെ പ്രേരിപ്പിക്കുന്നത് അനീതിയാണ്. ക്രമത്തിലധികം പ്രസവിക്കുന്നതിന് ‘സൗജന്യം’ വാഗ്ദാനം ചെയ്യുന്നത് എന്തിനായിരിക്കും? അത്തരം ‘സൗജന്യങ്ങള്‍’ ഇല്ലെങ്കില്‍ കാര്യങ്ങള്‍ എളുപ്പമല്ലെന്ന തുറന്നുപറച്ചിലാണ് ഈ വാഗ്ദാനം! The target group is mooted to achieve the otherwise impossible target. സൗജന്യം ലക്ഷ്യമിട്ട് സന്താനോദ്പാദനം പോലും ചെയ്യാനിടയുള്ള ഒരു പിടി മതജീവികളെയാണ് ഈ പരസ്യം വശീകരിക്കാന്‍ ശ്രമിക്കുന്നത്. സത്യത്തില്‍ ഇതവരോട് ചെയ്യുന്ന അധികവഞ്ചനയാണ്. സൗജന്യത്തിന്റെ വലയെറിഞ്ഞ് കൊതിപ്പിക്കുന്നവരാരും അങ്ങനെ ചെയ്യുന്നത് നിങ്ങള്‍ക്ക് വേണ്ടിയല്ല എന്ന് തിരിച്ചറിയണം.