ഇസ്ലാമിലെ അന്ധവിശ്വാസങ്ങളും, മാനവിക വിരുദ്ധതയും തുറന്ന് കാണിച്ചതിന് ജയില്‍; അനീഷിന് ഐക്യദാര്‍ഢ്യം; സി രവിചന്ദ്രന്‍ എഴുതുന്നു


”ഇസ്ലാമിലെ അന്ധവിശ്വാസങ്ങളും, മാനവിക വിരുദ്ധതയും തുറന്നു കാണിക്കുന്ന പല പോസ്റ്റുകളും തമിഴ് ഭാഷയില്‍ എഴുതിയതാണ് അനീഷ് ചെയ്ത തെറ്റ്. ക്ലബ് ഹൗസിലും അദ്ദേഹം സജീവമായിരുന്നു. അനീഷിന് മുന്നില്‍ ഉത്തരം മുട്ടിയതോടെ ഇസ്ലാമിസ്റ്റുകള്‍ പോലീസിനെ സ്വാധീനിച്ച് ജയിലിലടപ്പിച്ചു എന്നാണ് അനീഷിന്റെ സുഹൃത്തുക്കള്‍ പറയുന്നത്.” – സി രവിചന്ദ്രന്‍ എഴുതുന്നു
മതക്കെണികള്‍

പാലക്കാട് സ്വദേശിയും മലയാളിയുമായ അനീഷ് (https://www.facebook.com/AneeshJasyST) ജനിച്ചത് ഒരു ഇസ്ലാമിക കുടുംബത്തിലാണ്. പിന്നീട് വിശ്വാസരഹിതമായ ജീവിതം നയിച്ച അനീഷ് സൈബര്‍ ലോകത്ത് മതവിമര്‍ശനം നടത്തിയിരുന്നു. ഇതേതുടര്‍ന്ന് തമിഴ്നാട് പോലീസ് ‘സ്വമേധയാ’ കേസെടുത്ത് അനീഷിനെ ജയിലില്‍ അടച്ച വാര്‍ത്തയാണ് ഇപ്പോള്‍ മതേതരസമൂഹത്തിന്റെ മുന്നില്‍ ചോദ്യചിഹ്നമായി തൂങ്ങിയാടുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമല്ല ഇന്ത്യയ്ക്കുള്ളിലും മതവിമര്‍ശകരെ ചൂണ്ടികൊടുക്കാനും അവര്‍ക്കെതിരെ കള്ളകേസെടുപ്പിക്കാനും കെണിയില്‍പെടുത്താനും മതവെറിയര്‍ മുതല്‍ യുക്തിവാദികള്‍വരെ മുന്നിട്ടിറങ്ങുന്ന വിചിത്രമായ കാഴ്ച ആശങ്കയുളവാക്കുന്നതാണ്. അബ്ദുള്‍ കാദര്‍ പുതിയങ്ങാടിയുടെ കാര്യത്തില്‍ നാമത് കണ്ടു. ജാമിതയ്ക്കെതിരെ നടക്കുന്ന നീക്കങ്ങളിലും എക്സ്-മുസ്ലിങ്ങള്‍ക്കെതിരെയുള്ള പ്രചരണങ്ങളിലും അത് പ്രകടമാണ്.

ഇസ്ലാമിലെ അന്ധവിശ്വാസങ്ങളും, മാനവിക വിരുദ്ധതയും തുറന്നു കാണിക്കുന്ന പല പോസ്റ്റുകളും തമിഴ് ഭാഷയില്‍ എഴുതിയതാണ് അനീഷ് ചെയ്ത തെറ്റ്. ക്ലബ് ഹൗസിലും അദ്ദേഹം സജീവമായിരുന്നു. അനീഷിന് മുന്നില്‍ ഉത്തരം മുട്ടിയതോടെ ഇസ്ലാമിസ്റ്റുകള്‍ പോലീസിനെ സ്വാധീനിച്ച് ജയിലിലടപ്പിച്ചു എന്നാണ് അനീഷിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. സംഭവം ഇങ്ങനെ: 2021 ഡിസംബര്‍ 29ന് വൈകുന്നേരം 5.30 മണിയോടെ അനീഷിന്റെ വീട്ടില്‍ തമിഴ് നാട് പോലീസുകാര്‍ കടന്നു ചെല്ലുകയായിരുന്നു. അനീഷ് വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ അയല്‍പക്കത്ത് അന്വേഷിച്ചു. അരമണിക്കൂറിനകം അനീഷ് ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് എത്തിയതും അപ്രതീക്ഷിതമായി പോലീസുകാര്‍ ചാടിവീണ് പിടികൂടുകയായിരുന്നു. അനീഷിന്റെ മൊബൈല്‍ ഫോണുകള്‍ പോലീസുകാര്‍ പിടിച്ചു വാങ്ങി. സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അനീഷിന്റെ ഭാര്യ, ‘എന്താണ് സംഭവം’ എന്നാരാഞ്ഞപ്പോള്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല. ‘ഇദ്ദേഹത്തിന്റെ ജോലി സ്ഥലത്തുള്ള വേറൊരു വ്യക്തിയെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍’ ആണ് എന്നായിരുന്നു പോലീസിന്റെ അലക്ഷ്യമായ മറുപടി. അന്ന് രാത്രി അനീഷ് പോലീസ് സ്റ്റേഷനില്‍ തടവിലായിരുന്നു. അറസ്റ്റിനെ കുറിച്ചുള്ള ഒരു വിവരങ്ങളും വീട്ടിലേക്ക് അറിയിച്ചില്ല. അടുത്ത ദിവസം ഭാര്യ സ്റ്റേഷനിലേക്ക് ചെന്ന് അന്വേഷിക്കുമ്പോഴാണ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു എന്ന കാര്യംതന്നെ അറിയുന്നത്.

പിന്നീട് അറസ്റ്റിന് കാരണമായി പോലീസുകാര്‍ അറിയിച്ചത് അനീഷ് ചില ഫേസ്ബുക്ക് മീംസുകള്‍ ഇട്ടിരിക്കുന്നു എന്നതാണ്. ആ പോസ്റ്റുകള്‍ ഇസ്ലാം മതത്തിലുള്ളവരുടെ മനസ്സ് വേദനിപ്പിക്കുന്നതാണെന്നും, രണ്ട് മതസ്ഥര്‍ക്ക് ഇടയില്‍ വിദ്വേഷവും കലാപങ്ങളും ഉണ്ടാക്കുന്ന രീതിയില്‍ ഉള്ളതാണെന്നും അത് കണ്ട് വികാരം വ്രണപെട്ട് തങ്ങള്‍ സ്വമേധായ കേസെടുത്തു എന്നുമാണ് പോലീസ് വാദിച്ചത്. മതവികാരം വ്രണപെട്ട ഒരാളുടെ പരാതിപോലുമില്ലാതെ പോലീസ് തന്നെ വ്രണപെട്ട് കേസെടുക്കുന്നത് വിചിത്രമാണ്. വഞ്ചനയിലും ചതി പാടില്ലെന്ന നിയമംകൂടി പോലീസ് കാറ്റില്‍പ്പറത്തിയെന്ന് സാരം.

എല്ലാം ആസൂത്രിതമാണെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പിന്നീട് പുറത്തുവന്നു. 2021 ഡിസംബര്‍ 30ന് അനീഷിനെ കോടതിയില്‍ ഹാജരാകി. ഈ നിസ്സാര കാര്യത്തിനായി അദ്ദേഹത്തെ റിമാന്‍ഡ് ചെയ്യരുതെന്നും, ഇത് അഭിപ്രായ സ്വാതന്ത്ര്യത്തെയും, ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും തടയുന്നതാണെന്ന് അനീഷിനു വേണ്ടി കോടതിയില്‍ ഹാജരായ വക്കീല്‍ വാദിച്ചു. പക്ഷെ അനീഷിനെ റിമാന്‍ഡ് ചെയ്യാന്‍ ജഡ്ജ് ഉത്തരവിടുകയാണുണ്ടായത്. ജാമ്യത്തില്‍ എടുക്കാന്‍ സുഹൃത്തുകള്‍ പരിശ്രമിച്ചെങ്കിലും ഉത്തരങ്ങള്‍ തരാതെയും സഹകരിക്കാതെയും പോലീസ് ഒഴിഞ്ഞുമാറി.

അവസാനം 30.12.12 ന് ജയിലിലടയ്ക്കപ്പെട്ട അനീഷിന്റെ ജാമ്യാപേക്ഷ 05.01.22 ന് കോടതി തള്ളി. അദ്ദേഹം ഇപ്പോഴും ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. ‘വ്രണപെടല്‍’ സ്വയം അവകാശപെട്ട് പോലീസ് സ്വമേധയാ കംപ്ലൈന്റ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും കാര്യങ്ങള്‍ വളരെ വ്യക്തമാണ്. മതനിന്ദാകുറ്റം വഴി മതത്തിനെതിരെയുള്ള ഏറ്റവും ചെറിയ വിമര്‍ശനം കൂടി ഇല്ലാതാക്കാനുള്ള ശ്രമം ഇന്ത്യയിലും പടരുകയാണ്.

മതം നുണയാണ്. നുണ പ്രതിരോധിക്കാന്‍ കൂടുതല്‍ നുണപറയുക, അക്രമം അഴിച്ചുവിടുക എന്നീ രണ്ട് ഉപാധികള്‍ മാത്രമേ ഉള്ളൂ. മതം രണ്ടും വളരെ ആവേശപൂര്‍വം ചെയ്യുന്നുണ്ട്. പക്ഷെ അതിന് ചൂട്ടുപിടിക്കേണ്ട ബാധ്യത അധികാരികള്‍ക്കും മതേതര സ്ഥപാനങ്ങള്‍ക്കും ഇല്ലെന്ന കാര്യം അവര്‍ തന്നെ മറക്കുന്നത് തലമറന്ന് എണ്ണതേക്കലാണ്. അനീഷും കാദറുമൊക്കെ മതഭീകരതയുടെ ഇരകളാണ്. അവരോട് ഐക്യപെടേണ്ടത് മതേതര പൊതുസമൂഹത്തിന്റെ അടിസ്ഥാനപരമായ ബാധ്യതയാണ്. ഭരണഘടനയും അത് നിങ്ങളോട് ആവശ്യപെടുന്നു.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *