സ്വത്വരാഷ്ട്രീയം എന്നാല്‍ സര്‍വ്വനാശം എന്നര്‍ത്ഥം; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു


“ഓക്സ്ഫോര്‍ഡില്‍ പഠിച്ച, ക്രിസ്ത്യാനി ആയ ഒരു പ്രഭു കുടുംബത്തില്‍ ജനിച്ച സോളമന്‍ ഭണ്ഡാരനായകെക്ക് സിംഹളഭാഷ നല്ല വശമുണ്ടായിരുന്നില്ല. പക്ഷെ ഇദ്ദേഹം ഭൂരിപക്ഷം സിംഹളരുടെ മതമായ ബുദ്ധമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തി, സിംഹള സംസ്‌കാരത്തെ പുല്‍കി. ഈ മാറ്റം മതപരമോ പ്രത്യയശാസ്ത്രത്തിലോ അടിസ്ഥാനപ്പെടുത്തി ആയിരുന്നില്ല. ആ മനുഷ്യന് പ്രധാനമന്ത്രി ആവണം എന്ന ഒരൊറ്റ ലക്ഷ്യത്തെ അടിസ്ഥാനപ്പെടുത്തി ആയിരുന്നു. അതിന് പക്ഷേ വലിയ വിലയാണ് ലങ്ക കൊടുക്കേണ്ടി വന്നത്”- രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു
തീ കൊണ്ട് കളിക്കുന്ന സ്വത്വരാഷ്ട്രീയക്കാര്‍

ഭിഷാം സാഹ്നി 1974ല്‍ എഴുതിയ ‘തമസ്’ എന്ന നോവല്‍ ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ആണ് വായിച്ചത്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി മുസ്ലിമായ ഒരു രാഷ്ട്രീയക്കാരന്‍ ഒരു പന്നിയെ കൊല്ലിച്ച് അതിന്റെ അവശിഷ്ട്ടം ഒരു പള്ളിയുടെ മുന്നില്‍ ഇടീക്കുന്നു. തുടര്‍ന്ന് ഉണ്ടാവുന്ന വര്‍ഗീയ കലാപങ്ങള്‍ ആണ് നോവലിന്റെ ഇതിവൃത്തം. സ്വജാതിയുടെയും മതത്തിന്റെയും പേരില്‍ പടുത്തുയര്‍ത്തുന്ന സ്വത്വബോധം സ്‌നേഹത്തോടെ കഴിഞ്ഞ അയല്‍ക്കാരെ പോലും ശത്രുക്കള്‍ ആക്കുന്നു.

ലാരി കോളിന്‍സും ഡൊമിനിക് ലാപ്പിയറും ചേര്‍ന്നെഴുതിയ ‘Freedom at midnight’ എന്ന പുസ്തകത്തില്‍ പറയുന്ന ഒരു സംഭവം ഇങ്ങനെ ആണ്. 16 ആഗസ്റ്റ് 1946ല്‍ ജിന്ന ഒരു മുസ്ലിം രാജ്യത്തിന് മുറവിളി കൂട്ടി കൊണ്ട് ഡയറക്ട് ആക്ഷന്‍ ഡേ പ്രഖ്യാപിക്കുന്നു. അന്ന് രാവിലെ ആയുധധാരികളായ മുസ്ലിം കൂട്ടങ്ങള്‍ ബംഗാളിന്റെ മുഖ്യമന്ത്രി ആയ ഹുസൈന്‍ ശഹീദ് സുഹ്റാവര്‍ദ്ധിയുടെ പ്രസംഗം കേള്‍ക്കാനായി കല്‍ക്കട്ടയില്‍ ഒത്തുകൂടുന്നു. ആ പ്രസംഗത്തിന്റെ പൊരുള്‍ ഈ ഗുണ്ടാ സംഘം അക്രമം പ്രവര്‍ത്തിച്ചാല്‍ പൊലീസോ പട്ടാളമോ അതിലിടപെടില്ല, കേസുകളും ഉണ്ടാവില്ല എന്ന ധ്വനി ഉണ്ടാക്കുന്ന തരത്തില്‍ ആയിരുന്നു. അന്ന് വൈകിട്ട് ഹിന്ദുക്കള്‍ക്കെതിരെ വ്യാപകമായ ആക്രമണങ്ങള്‍ കൊള്ളയുടെയും കൊള്ളിവെപ്പിന്റെയും ബലാത്സംഗങ്ങളുടെയും കൊലയുടെയും രൂപത്തില്‍ അരങ്ങേറി. പിറ്റേന്ന് ഹിന്ദു സംഘങ്ങള്‍ തിരിച്ചടിച്ചു. മൂന്ന് ദിവസങ്ങള്‍ കൊണ്ട് ഹിന്ദുക്കളും മുസ്ലിങ്ങളും ഏതാണ്ട് ഒരേ എണ്ണത്തില്‍ ഏതാണ്ട് 4000 പേര്‍ കൊല്ലപ്പെട്ടു. കമലഹാസന്‍ അഭിനയിച്ച ‘ഹേ റാം’ എന്ന സിനിമയുടെ തുടക്കത്തില്‍ കാണിക്കുന്ന പോലെ ആയിരുന്നു ആ കറുത്ത ദിനങ്ങള്‍. ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വിവശനായ സുഹ്റാവര്‍ദ്ധി സമാധാനം പുനഃസ്ഥാപിക്കാനായി ഗാന്ധിയുടെ കാല്‍ പിടിച്ചു.

തീ കൊണ്ട് കളിക്കരുത്. അത് അണയ്ക്കാനോ നിയന്ത്രിക്കാനോ പറ്റാത്ത തരത്തില്‍ ആളിപ്പടരും.

പോര്‍ക്കും വിസ്‌കിയും കഴിക്കാന്‍ ഇഷ്ട്ടപെട്ട, ഒരു ഇംഗ്ലീഷുകാരനെ പോലെ വസ്ത്രധാരണം ചെയ്ത, ഒരു പാഴ്‌സി സ്ത്രീയെ വിവാഹം ചെയ്ത ഒരു വ്യക്തി ആയിരുന്നു ജിന്ന. ഒരു മതവിശ്വാസിയുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരാത്ത അദ്ദേഹം എന്നാല്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഒരു മത രാജ്യം തന്നെ സ്ഥാപിച്ചെടുത്തു. വിഭജനസമയം നിരപരാധികളായ ലക്ഷക്കണക്കിന് മനുഷ്യര്‍ മതത്തിന്റെ പേരില്‍ കൊല്ലപ്പെടാനിടയായി. അവര്‍ ഒരു മതത്തിന്റെ സ്വത്വത്തില്‍ യാദൃശ്ചികമായി ജനിച്ചു പോയി എന്നതായിരുന്നു അവര്‍ ചെയ്ത ”കൊടിയ പാപം.” എല്ലാ സ്വത്വവാദങ്ങളും രാഷ്ട്രീയ ലാഭത്തിന് വേണ്ടി പറയപ്പെടുന്നതാണ്.

ശ്രീലങ്കയെ തകര്‍ത്ത സ്വത്വരാഷ്ട്രീയം

ശ്രീലങ്കന്‍ ജനത സ്വത്വരാഷ്ട്രീയത്തിന്റെ പേരില്‍ വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. ബ്രിട്ടീഷ് കോളനി ആയിരുന്ന സിലോണ്‍, 1948ല്‍ സ്വാതന്ത്ര്യം നേടി. ആ രാജ്യത്തിന് ഒരു നല്ല ഭാവി അവിടുത്തെ ജനതയും പുറത്തു നിന്ന് നോക്കുന്നവരും പ്രതീക്ഷിച്ചിരുന്നു. ഭൂരിപക്ഷം ആയിരുന്ന സിംഹളരും ന്യൂനപക്ഷം ആയ തമിഴരും വംശീയമായും ഭാഷാപരമായും മതപരമായും വേറിട്ട സ്വത്വം ഉള്ളവര്‍ ആയിരുന്നെങ്കിലും ആ രണ്ടു കൂട്ടത്തിലും വെസ്റ്റേണ്‍ സംസ്‌കാരത്തെ ഉള്‍ക്കൊള്ളുന്ന, ഇംഗ്ലീഷ് സംസാരിക്കുന്ന, കോസ്‌മോപൊളിറ്റന്‍ ആയ ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. അവര്‍ പരസ്പര സഹകരണത്തോടെ ബ്രിട്ടീഷ് സിവില്‍ സര്‍വീസിലും പ്രൈവറ്റ് ബിസിനസ്സുകളിലും പ്രവര്‍ത്തിച്ചു പോന്നു. ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ ഇരു ഗ്രൂപ്പുകളും തമ്മില്‍ വര്‍ഗീയ കലാപങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

എന്നാല്‍ വെറും പത്തുവര്‍ഷങ്ങള്‍ക്കു ശേഷം അവിടെ പ്രശ്‌നങ്ങള്‍ തല പൊക്കി തുടങ്ങി. ശ്രീലങ്കയുടെ ചരിത്രം നോക്കിയാല്‍ അവിടെ യൂറോപ്യന്‍ അധിനിവേശ ശക്തികള്‍ ആയ പോര്‍ട്ടുഗീസുകാര്‍ (1597-1658) ആദ്യം എത്തുകയും പിന്നീട് ഡച്ചുകാര്‍ (16581796) വരികയും അവസാനം ബ്രിട്ടീഷുകാര്‍ (1796-1948) ആധിപത്യം ഉറപ്പിക്കുകയും ആണ് ഉണ്ടായത്. പോര്‍ട്ടുഗീസുകാരും ഡച്ചുകാരും തീരദേശമേഖലയില്‍ ആണ് ആധിപത്യം ഉറപ്പിച്ചത്, ബ്രിട്ടീഷുകാര്‍ ദ്വീപ് മുഴുവനുമായും പല കാലങ്ങളിലായി ആധിപത്യം സ്ഥാപിച്ചു. ആധിപത്യം സ്ഥാപിക്കുക എന്ന പ്രക്രിയ പല കാലങ്ങളില്‍ പല പ്രദേശങ്ങളില്‍ നടന്നത് കൊണ്ട് സാംസ്‌കാരികമായും സാമ്പത്തികമായും ഈ ജനങ്ങളില്‍ വ്യത്യാസമുണ്ടായി. തമിഴര്‍ കൂടുതലായി പാര്‍ത്തിരുന്നത് ഉണങ്ങിയതും ഫലപുഷ്ടി കുറഞ്ഞ മണ്ണുള്ള ദ്വീപിന്റെ വടക്കന്‍ മേഖലകളില്‍ ആയിരുന്നു. എന്നാല്‍ സിംഹളര്‍ കൂടുതലായി വസിച്ചിരുന്നത് നല്ല മഴ കിട്ടുന്ന ഫലപുഷ്ടി ഉള്ള മണ്ണുള്ള പ്രദേശങ്ങളില്‍ ആയിരുന്നു. തമിഴര്‍ക്കിടയില്‍ തന്നെ മലമ്പ്രദേശവും (Highland) താഴ്ന്നപ്രദേശവും (Lowland) തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ പോലും ജീവിതനിലവാരത്തില്‍ വ്യത്യാസമുണ്ടായിരുന്നു.

അത് പോലെ തന്നെ സിംഹളര്‍ക്കിടയിലും. അതില്‍ തന്നെ ബ്രിട്ടീഷുകാര്‍ തോട്ടങ്ങളില്‍ പണി എടുപ്പിക്കാനായി കൊണ്ട് വന്ന തമിഴര്‍ക്കും (Indian Tamils) പണ്ട് തൊട്ടേ അവിടെ പാര്‍ത്തിരുന്ന തമിഴര്‍ക്കും (Ceylon Tamils) ജീവിതനിലവാരത്തില്‍ വ്യത്യാസമുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ക്രിസ്ത്യന്‍ മിഷനറി സ്‌കൂളുകള്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ തങ്ങളുടെ പിന്നോക്കാവസ്ഥ മറികടക്കാന്‍ തമിഴര്‍ വിദ്യാഭ്യാസത്തിലൂടെ ഉള്ള മുന്നേറ്റം തിരഞ്ഞെടുത്തു. ബ്രിട്ടീഷ് ഭരണം ഏതാണ്ട് അവസാനിക്കാറായപ്പോള്‍ അമേരിക്കക്കാരും മിഷനറി പ്രവര്‍ത്തനത്തിന്റെ ഭാഗമായി തമിഴ്ര്‍ കൂടുതല്‍ ഉള്ള ദ്വിപിന്റെ വടക്കന്‍ പ്രവിശ്യയില്‍ ഒരു സ്‌കൂള്‍ സ്ഥാപിച്ചു. അത് പിന്നീട് ജാഫ്ന കോളേജ് ആയി മാറി. അമേരിക്കന്‍ മിഷനറിമാര്‍ കണക്കിലും ശാസ്ത്രത്തിലും വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുത്തപ്പോള്‍ ബ്രിട്ടീഷ് മിഷനറിമാര്‍ ഭാഷക്കും സാഹിത്യത്തിനും ആണ് പ്രാധാന്യം കൊടുത്തത്. അതായത് ആ രാജ്യത്തിന്റെ ഭാവിയില്‍ ജീവിതം മെച്ചപ്പെടുത്താന്‍ സാധ്യത കൂടുതല്‍ ഉള്ള എഞ്ചിനീയറിംഗ്, മെഡിക്കല്‍, സയന്‍സ് മേഖലകളില്‍ തമിഴ് വംജര്‍ക്ക് സ്വാഭാവികമായി മേല്‍ക്കൈ കിട്ടി. തമിഴര്‍ മാത്രമല്ല Burghers എന്ന മറ്റൊരു ന്യൂനപക്ഷവും ശ്രീലങ്കയില്‍ ഉണ്ടായിരുന്നു. തദ്ദേശീയരായ സ്ത്രീകളെ വിവാഹം ചെയ്ത ഡച്ചുകാരുടെ തലമുറകള്‍ ആയിരുന്നു Burghers. 1870ല്‍ ഡോക്ടര്‍മാരുടെ കണക്കെടുത്താല്‍, ഭൂരിപക്ഷവും ശ്രീലങ്കയുടെ ഒരു ശതമാനത്തില്‍ താഴെ ജനസംഘ്യ വരുന്ന Burghers ആയിരുന്നു. എന്നാല്‍ പതുക്കെ പതുക്കെ ആ തൊഴിലുകളില്‍ ഉള്ള വംശീയ ആനുപാതികം മാറി മറിഞ്ഞു.

1921ല്‍ ശ്രീലങ്കയിലെ വക്കീലന്മാരുടെ കണക്കെടുത്താല്‍ 50% സിംഹളര്‍ ആയിരുന്നു, അതില്‍ തന്നെ 46% Lowland നിന്നുള്ളവരും 4% Highland നിന്നുള്ളവരും. മൊത്തം ജനസംഖ്യയില്‍ 12% മാത്രം ഉള്ള സിലോണ്‍ തമിഴര്‍ വക്കിലന്മാരായി 28%. എന്നാല്‍ സിലോണ്‍ തമിഴരെക്കാള്‍ ജനസംഖ്യയില്‍ വളരെ കൂടുതല്‍ ഉള്ള ഇന്ത്യന്‍ തമിഴരില്‍ ഒരാള്‍ പോലും വക്കീലായി ഉണ്ടായിരുന്നില്ല. ഇതേ പോലെ തന്നെ അധികാരസ്ഥാനം ഉള്ള മറ്റു തൊഴിലുകളായ മെഡിക്കല്‍ മേഖലയിലും സിവില്‍ സര്‍വീസിലും ജുഡിഷ്യറിയിലും ഗവണ്‍മെന്റ് സര്‍വീസിലും ഒക്കെ അവരുടെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ പ്രാതിനിധ്യം സിലോണ്‍ തമിഴര്‍ക്കുണ്ടായിരുന്നു.

സോളമന്റെ തീക്കളി

സ്വാതന്ത്ര്യം കിട്ടിയ ശേഷം 1955ല്‍ സോളമന്‍ ഭണ്ഡാരനായകെ (പിന്നീട് ശ്രീലങ്കന്‍ പ്രധാനമന്ത്രി ആയ സിരിമാവോ ഭണ്ഡാരനായകെയുടെ ഭര്‍ത്താവും പ്രസിഡന്റ് ആയ ചന്ദ്രിക കുമാരത്തുംഗയുടെ അച്ഛനും) സ്വന്തമായി ഒരു പാര്‍ട്ടി ഉണ്ടാക്കി പ്രതിപക്ഷത്തേക്ക് നീങ്ങി. സിംഹളഭാഷ ഔദ്യോഗിക ഭാഷ ആക്കണം എന്ന ആവശ്യവുമായി പ്രക്ഷോഭങ്ങള്‍ ഭണ്ഡാരനായകെയുടെ നേതൃത്വത്തില്‍ തുടങ്ങി. ഇംഗ്ലീഷ് ഭാഷക്ക് പകരം സിംഹള ഭാഷ ഔദ്യോഗിക ഭാഷ ആകുന്നതോടെ മേല്‍ പറഞ്ഞ അധികാര സ്ഥാനങ്ങള്‍ ലഭിക്കുന്ന ജോലിയില്‍ നിന്നും തമിഴര്‍ പുറംതള്ളപ്പെടും.

ഓക്സ്ഫോര്‍ഡില്‍ പഠിച്ച, ക്രിസ്ത്യാനി ആയ ഒരു പ്രഭു കുടുംബത്തില്‍ ജനിച്ച സോളമന് സിംഹളഭാഷ നല്ല വശമുണ്ടായിരുന്നില്ല. പക്ഷെ ഇദ്ദേഹം ഭൂരിപക്ഷം സിംഹളരുടെ മതമായ ബുദ്ധമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തി, സിംഹളഭാഷ സംസാരിച്ചു തുടങ്ങി, സിംഹള സംസ്‌കാരത്തെ പുല്‍കി. ഈ മാറ്റം മതപരമോ പ്രത്യയശാസ്ത്രത്തിലോ അടിസ്ഥാനപ്പെടുത്തി ആയിരുന്നില്ല. ആ മനുഷ്യന് പ്രധാനമന്ത്രി ആവണം എന്ന ഒരൊറ്റ ലക്ഷ്യത്തെ അടിസ്ഥാനപ്പെടുത്തി ആയിരുന്നു ഈ മാറ്റം. സിംഹളദേശീയത ആളിക്കത്തിച്ചു ഭണ്ഡാരനായകെ ഭരണം തൂത്തുവാരി പിടിച്ചു. പെട്ടന്ന് തന്നെ സിംഹളഭാഷ ഔദ്യോഗിക ഭാഷ ആയി നടപ്പിലാക്കി. ഗവണ്മെന്റ് സര്‍വീസുകളില്‍, യൂണിവേഴ്‌സിറ്റിയില്‍, സ്‌കൂളുകളില്‍ സിംഹളര്‍ക്ക് സംവരണം നടപ്പിലാക്കി. ന്യൂനപക്ഷ അവകാശങ്ങള്‍ നിര്‍ണ്ണയിക്കുന്ന ഭരണഘടനയിലെ ഒരു ഭാഗം തന്നെ ഭേദഗതി ചെയ്യപ്പെട്ടു.

വിദ്യാഭ്യാസത്തിലും തൊഴിലുകളിലും തങ്ങള്‍ക്ക് നഷ്ട്ടമാകുന്ന അവസരങ്ങളെ പ്രതി തമിഴര്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചപ്പോള്‍ സിംഹളര്‍ അവരെ ആക്രമിക്കുന്ന അവസ്ഥ ഉണ്ടായി. ജനക്കൂട്ടം ട്രെയിനുകളില്‍ നിന്നും കാറുകളില്‍ നിന്നും തങ്ങളില്‍ നിന്ന് വേറിട്ട സ്വത്വം ഉള്ളവരെ പിടിച്ചിറക്കി പച്ചക്ക് കത്തിച്ചു കൊല്ലുന്ന അവസ്ഥയിലേക്ക് നീങ്ങി കാര്യങ്ങള്‍. കുറച്ചു കാലം കഴിഞ്ഞു തമിഴര്‍ക്കെതിരായ നീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ഭണ്ഡാരനായകെ ഒരുങ്ങിയെങ്കിലും ദേശീയവാദികളില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് നേരിടേണ്ടി വന്നത്. 1959ല്‍ ദേശീയവാദിയായ ഒരു ബുദ്ധ തീവ്രവാദി തങ്ങളുടെ സ്വത്വത്തോട് ഭണ്ഡാരനായകെ കൂറില്ലായ്മ കാണിക്കുന്നു എന്ന് ആരോപിച്ചു അദേഹത്തെ വെടിവച്ചു കൊലപ്പെടുത്തി. തീ കൊണ്ട് കളിക്കരുത്. അത് അണയ്ക്കാനോ നിയന്ത്രിക്കാനോ പറ്റാത്ത തരത്തില്‍ ആളിപ്പടരും.

പ്രഭാകരന്‍ പിടിമുറക്കുന്നു

പിന്നീട് വന്ന സിംഹള രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം തന്നെ ഈ സ്വത്വരാഷ്ട്രീയം മുതലെടുത്തു വോട്ട് പിടിച്ചു. ന്യൂനപക്ഷമായ തമിഴരുടെ വോട്ട് അവര്‍ക്കാവശ്യം ഇല്ലായിരുന്നു. തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളില്‍ തങ്ങള്‍ക്ക് കൂടുതല്‍ സ്വയം ഭരണാവകാശം വേണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതോടെ സായുധ ഗറില്ലാ യുദ്ധങ്ങള്‍ തുടങ്ങി. സ്വയം ഭരണം എന്ന ആവശ്യം പരിണമിച്ചു തമിഴര്‍ക്ക് മാത്രമായി സ്വതന്ത്രരാജ്യം വേണമെന്ന ആവശ്യമായി. മിതവാദികളായ തമിഴ് നേതൃത്വം മാറി തീവ്രവാദികള്‍ ആയ നേതൃത്വം ആയി മാറി. അങ്ങനെ 1976ല്‍ വേലുപ്പിള്ള പ്രഭാകരന്റെ നേതൃത്വത്തില്‍ LTTE (Liberation Tigers of Tamil Eelam) എന്ന തീവ്രവാദ സംഘടന രൂപീകൃതമായി.

‘How civil wars start: And how to stop them’ എന്ന പുസ്തകത്തില്‍ Barbara F. Walter പറയുന്നത് എന്തെന്നാല്‍ ഏത് നിമിഷം ആണ് രാഷ്ട്രീയക്കാര്‍ സ്വത്വവാദം പറഞ്ഞു തുടങ്ങുന്നത് അന്ന് തുടങ്ങി ആ രാജ്യം ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങി തുടങ്ങും. അതിക്രൂരമായ കൃത്യങ്ങള്‍ ആണ് രണ്ടു ഭാഗത്തു നിന്നും 2009 വരെ നീണ്ടു നിന്ന ഈ ആഭ്യന്തര യുദ്ധത്തില്‍ അരങ്ങേറിയത്. രണ്ട് ലക്ഷത്തിന് മേലെ മനുഷ്യജീവനുകള്‍ ആണ് നഷ്ടമായത്. അനവധിയായ ചാവേര്‍ ആക്രമണങ്ങള്‍ സിംഹളര്‍ക്ക് നേരെ LTTE നടത്തി. അത്തരം ഒരു ആക്രമണത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും പിന്നീട് ശ്രീലങ്കയുടെ പ്രസിഡന്റ് ആയ രണസിന്‍ഗെ പ്രേമദാസയും കൊല്ലപ്പെട്ടു. ശ്രീലങ്കന്‍ പ്രസിഡന്റ് ആയിരുന്ന ചന്ദ്രിക കുമാരത്തുംഗക്ക് നേരെയും ചാവേര്‍ ആക്രമണം ഉണ്ടായെങ്കിലും അവര്‍ രക്ഷപെട്ടു. എല്ലാ മനുഷ്യാവകാശങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് LTTE, കുട്ടികളെ സൈനികരായി നിയോഗിച്ചിരുന്നു. ശ്രീലങ്കന്‍ സൈന്യവും അനവധിയായ യുദ്ധകുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.
യുദ്ധത്തിനൊടുവില്‍ LTTE തോല്‍വി സമ്മതിക്കുകയും പ്രഭാകരനെ ശ്രീലങ്കന്‍ സൈന്യം കൊലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പോലും സ്വത്വബോധം കൊണ്ടുണ്ടാവുന്ന വെറി മാറുന്നില്ല. പ്രഭാകരന്റെ പന്ത്രണ്ട് വയസ്സുകാരനായ മകന്‍ ബാലചന്ദ്രനെ പിടികൂടിയ ശ്രീലങ്കന്‍ സൈന്യം ഭാവിയില്‍ ഒരു ഭീഷണി ആകാതെ ഇരിക്കാന്‍ ആ കുഞ്ഞിനെ കൊലപ്പെടുത്തി. സ്വത്വബോധം കൊണ്ടുണ്ടാവുന്ന വെറി കുട്ടികളെ കൊല്ലുന്നതില്‍ നിന്ന് പോലും മനുഷ്യനെ പിന്തിരിപ്പിക്കുന്നില്ല. ലങ്കന്‍ സൈന്യം പിടികൂടിയ ശേഷം ബിസ്‌ക്കറ്റ് കഴിച്ചു കൊണ്ടിരിക്കുന്ന ബാലചന്ദ്രന്‍, അതിന് ശേഷം ആ കുട്ടി കൊല്ലപ്പെട്ടു കിടക്കുന്ന ഫോട്ടോകള്‍ മനുഷ്യ മനസ്സാക്ഷിയെ വേദനിപ്പിക്കുന്നതാണ്. എന്തിന് വേണ്ടിയായിരുന്നു ഇതെല്ലാം സംഭവിച്ചത്, അതിന്റെ അടിസ്ഥാനം എവിടെയാണ് കിടക്കുന്നത് എന്നാലോചിച്ചാല്‍ ഭണ്ഡാരനായകയുടെ വ്യക്തിതാല്പര്യത്തിന് വേണ്ടിയായിരുന്നു ശ്രീലങ്കന്‍ ജനതയെ ബലികൊടുത്തത് എന്ന് കാണാം.

”Actions have consequences, and may have a lasting impact. Ignorance about the nature of those actions does not free a perosn from the responsibility for the consequences.’ – Stephen Dobyns .ജാതിയുടെയും മതത്തിന്റെയും ദുരഭിമാനത്തിന്റെ പേരില്‍ പടുത്തുയര്‍ത്തുന്ന സ്വത്വബോധം സ്‌നേഹത്തോടെ കഴിയുന്ന സുഹൃത്തുക്കളെയും അയല്‍ക്കാരെയും പോലും ശത്രുക്കള്‍ ആക്കുന്നു.
സ്വത്വരാഷ്ട്രീയം എന്നാല്‍ സര്‍വ്വനാശം എന്നര്‍ത്ഥം.


Leave a Reply

Your email address will not be published. Required fields are marked *