“1927 സെപ്തമ്പറില്‍ രംഗീല റസൂല്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ മഹാശയ രാജ്പാലിനെ ഇലം ഉദ്ദീന്‍ എന്ന പത്തൊമ്പതുകാരന്‍ പട്ടാപകല്‍ കുത്തി കൊലപെടുത്തിയപ്പോഴും പ്രശ്നം മുഹമ്മദിന്റെ കഥകളായിരുന്നു. അന്ന് കൊലപാതകിക്ക് വേണ്ടി കണ്ണീരൊഴുക്കാനും പ്രാര്‍ത്ഥിക്കാനും ‘സാരെ ജഹാംസെ അച്ച..’ രചിച്ച മുഹമ്മദ് ഇക്ബാല്‍ ഉള്‍പ്പടെയുള്ള പൗരപ്രമുഖര്‍ വിതുമ്പികൊണ്ട് അണിനിരന്നു”- സി രവിചന്ദ്രന്‍ എഴുതുന്നു |
തനിയാവര്‍ത്തനം
മുന്‍ ബി.ജെ.പി വക്താവ് നുപൂര്‍ ശര്‍മ്മയെ പിന്തുണച്ച ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ഷെയര്‍ ചെയ്തു എന്ന കുറ്റം ആരോപിച്ച് ഉദയ്പൂരില്‍ ഒരു തയ്യല്‍കാരനെ മതവെറിയര്‍ കഴുത്തറുത്ത് കൊന്നസംഭവം മതവന്യതയുടെ ഒടുവിലത്തെ ഉദാഹരണമായിരിക്കില്ല. Because it is a time-tested killer software. പട്ടാപകല്‍ കടയില്‍ കയറി കഴുത്തറുക്കുന്നു, രംഗം ചിത്രീകരിച്ച് ആത്മവിശ്വാസത്തോടെ പ്രചരിപ്പിക്കുന്നു… മരണശേഷം മതസ്വര്‍ഗ്ഗം പ്രതീക്ഷിച്ച് കൃത്യത്തിന് മുമ്പും ശേഷവും വീഡിയോ ഇറക്കുന്നു. തന്റെ മാര്‍ഗ്ഗം പിന്തുടരാന്‍ മറ്റ് വിശ്വാസികളോട് ആവശ്യപെടുന്നു. മതനേതാവിന് വേണ്ടി കൊലപാതകം നടത്താന്‍ കഴിയാത്തവര്‍ വളയിട്ട് നടക്കണമെന്ന് പരിഹസിക്കുന്നു… കയ്യറയ്ക്കാതെ കരള് കലങ്ങാതെ നരഹത്യ നടത്താന്‍ മതംതീനികള്‍ക്ക് വിശേഷിച്ച് ലഹരി ആവശ്യമില്ല. മറ്റ് ലഹരികള്‍ക്ക് മനുഷ്യനെ ഇത്രയും തരംതാഴ്ത്താനാവുകയുമില്ല. താലിബാന്‍-ഐസിസ് മാതൃകയിലുള്ള ശിക്ഷാവിധി നടപ്പിലാക്കണമെങ്കില്‍ ശുദ്ധമതബോധം അനിവാര്യമാണ്. കൊലപാതകം ചെയ്ത് വീഡിയോ പരസ്യമായി പോസ്റ്റ് ചെയ്യാന്‍ ലഹരിരോഗികള്‍ക്ക് പോലും സങ്കോചമുണ്ടാകും. മതംവിഴുങ്ങിയവന് ഇതൊക്കെ വീരകൃത്യമാണ്. യാതൊരു കുറ്റബോധവും അതവരില്‍ ഉണ്ടാക്കുന്നില്ല. പ്രതികാര സാക്ഷാത്കാരവും സംതൃപ്തിയുമാണ് അവരില്‍ ഓളംതല്ലുന്നത്.
തികച്ചും അപ്രതീക്ഷിതമായി കഴുത്തിന് നേരെ കത്തി കയറുമ്പോള്‍ ആ വ്യാപാരിക്കുണ്ടായ അമ്പരപ്പ് ഊഹിക്കാം. താനെന്ത് ചെയ്തു എന്നാണ് അയാള്‍ അലറി ചോദിക്കുന്നത്. കൃത്യത്തിന് ശേഷം കൊലപാതകികള്‍ പ്രധാനമന്ത്രിയെ അടക്കം ഭീഷണിപെടുത്തി വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടുത്ത തവണ പ്രാര്‍ത്ഥിക്കുമ്പോള്‍ തങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറ്റു മതവിശ്വാസികളോട് ഇവര്‍ ആവശ്യപെടുന്നു. മൗനം-സമ്മതം-ന്യായീകരണം-ഗൂഡാഹ്‌ളാദം -വ്യാഖ്യാനം… അങ്ങനെ പലതരം വകുപ്പുകളില്‍ മതവിശ്വാസികളുടെയും സ്വത്വവാദികളുടെയും പിന്തുണ അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. സമൂഹത്തെ ഭയചകിതമാക്കുക എന്നതാണ് കൊലപാതകികളുടെ പ്രധാന ലക്ഷ്യമെന്ന വ്യക്തമാണ്. മുഹമ്മദിനെ സംബന്ധിച്ച ആധികാരിക മതസാഹിത്യം ടെലിവിഷനില്‍ വിളമ്പിയതിനാണ് നൂപൂര്‍ ശര്‍മ്മയ്ക്കെതിരെ തിരിഞ്ഞതെങ്കില്‍ കേവലം അവരെ പിന്തുണയ്ക്കുന്ന ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ഷെയര്‍ ചെയതതിനാണ് ഒരു പാവം കച്ചവടക്കാരന്‍ കൊലക്കത്തിക്ക് ഇരയായത്. അയാളെ അല്ലെങ്കില്‍ ഷെയര്‍ ചെയ്ത മറ്റാരാളെ കണ്ടുപിടിച്ച് വിശ്വാസിസമൂഹത്തെ ഉത്തേജിപ്പിക്കാന്‍ കൊലപാതകികള്‍ തീരുമാനിച്ചുണ്ടാവണം.
1927 സെപ്തമ്പറില്‍ ല്‍ രംഗീല റസൂല്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ മഹാശയ രാജ്പാലിനെ ഇലം ഉദ്ദീന്‍ എന്ന പത്തൊമ്പതുകാരന്‍ പട്ടാപകല്‍ കുത്തി കൊലപെടുത്തിയപ്പോഴും പ്രശ്നം മുഹമ്മദിന്റെ കഥകളായിരുന്നു. അന്ന് കൊലപാതകിക്ക് വേണ്ടി കണ്ണീരൊഴുക്കാനും പ്രാര്‍ത്ഥിക്കാനും ‘സാരെ ജഹാംസെ അച്ച..’ രചിച്ച മുഹമ്മദ് ഇക്ബാല്‍ ഉള്‍പ്പടെയുള്ള പൗരപ്രമുഖര്‍ വിതുമ്പികൊണ്ട് അണിനിരന്നു എന്നതോര്‍ക്കുമ്പോള്‍ ഇത്തരം വന്യമായ തനിയാവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ നിര്‍വികാരത പടര്‍ത്തുന്നതില്‍ അതിശയമില്ല. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ചിരുന്നവരുടെ പേരുംപറഞ്ഞ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മനുഷ്യര്‍ പൈശാചികമായി കൊല ചെയ്യപെടുമ്പോള്‍, ഒന്ന് ഞെട്ടാന്‍ പോലുമാകാതെ ആധുനിക സമൂഹം മരവിച്ച് നില്‍ക്കുമ്പോള്‍ മുന്നില്‍ മതത്തിന്റെ കൊലച്ചിരി മുഴങ്ങുകയാണ്.. കേള്‍ക്കുന്നുണ്ടോ?
https://www.financialexpress.com/india-news/udaipur-tailor-beheaded-for-social-media-post-supporting-nupur-sharma-video-surfaces/2575719/
https://timesofindia.indiatimes.com/india/tension-in-udaipur-after-man-beheaded-in-broad-daylight-in-busy-market/articleshow/92523596.cms