“പൊതുനിരത്തില്‍ തുപ്പുന്നതും, കര്‍ച്ചീഫ് ഉപയോഗിക്കാതെ തുമ്മുന്നതുമെല്ലാം കുറ്റകരമായി മാറി. മഹാമാരിയുടെ ഏറ്റവും ഭയാനകമായ മുഖങ്ങളിലൊന്ന് ദിനംപ്രതി ഏറിവന്നിരുന്ന മൃതദേഹങ്ങളായിരുന്നു. സെമിത്തേരി സൂക്ഷിപ്പുകാരും, മൃതദേഹം സംസ്‌കരിക്കുന്നവരുമെല്ലാം രോഗബാധിതരാകാന്‍ തുടങ്ങിയതോടെ മരിച്ചവരെ കുഴിച്ചിടാന്‍ ആളുകളില്ലാതായി. അതിന് പിന്നാലെ ശവപ്പെട്ടികളും ലഭ്യമല്ലാതായി. ലഭ്യമായ ഇടങ്ങളില്‍ നിന്നും അവ മോഷണം പോകാന്‍ തുടങ്ങിയതിനാല്‍ കാവലിന് ആളെവയ്‌ക്കേണ്ട സ്ഥിതി പോലും ഉണ്ടായി.”- 1918ല്‍ അമേരിക്കയെ പിടിച്ചുകലുക്കിയ ഇന്‍ഫ്‌ളുവന്‍സ് ഫ്‌ളൂവിനെക്കുറിച്ച് ഗൗതം വര്‍മ്മ എഴുതുന്നു |
1918 ഇന്‍ഫ്‌ളുവന്‍സ: അമേരിക്കയുടെ ഇരുണ്ട അദ്ധ്യായം
”In fact, biology is chaos. Biological systems are the product not of logic but of evolution, an inelegant process. Life does not choose the logically best design to meet a new situation. It adapts what already exists…The result, unlike the clean straight lines of logic, is often irregular, messy.’ – John M. Barry, The Great Influenza
അമേരിക്കന്‍ ഫാമില്‍ പുനര്‍ജനിച്ച ഫ്‌ളൂ
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, അമേരിക്കയിലെ Kansas se Haskell എന്ന പ്രദേശത്തെ ആളുകളുടെ പ്രധാന തൊഴില്‍ മേഖല കൃഷിയും കന്നുകാലി വളര്‍ത്തലുമായിരുന്നു. 1918 ലെ ആ സ്ഥലത്തെ ജനസംഖ്യ ഏകദേശം 1,720 ആളുകള്‍ മാത്രമായിരുന്നു. ആ സമയത്ത് Dr. Loring Miner എന്ന വ്യക്തിയായിരുന്നു Haskell County യിലെ ഒരേയൊരു ഡോക്ടര്‍. 1918 ജനുവരി – ഫെബ്രുവരി മാസങ്ങളില്‍ അദ്ദേഹം പ്രദേശവാസികള്‍ക്കിടയില്‍ അതുവരെ കാണാത്ത രീതിയിലുള്ള ഒരു ഫ്‌ളൂ വ്യാപനത്തിന് സാക്ഷിയായി. അധികം വൈകാതെ ഏറ്റവും ആരോഗ്യവാന്മാര്‍ എന്ന് കരുതിയിരുന്ന ആളുകള്‍ പലരും രോഗബാധിതരായി തളര്‍ന്നുവീഴാന്‍ തുടങ്ങി. അദ്ദേഹം രോഗികളുടെ രക്തവും കഫവുമെല്ലാം പരിശോധിക്കുകയും, അറിയാവുന്ന മെഡിക്കല്‍ ടെക്സ്റ്റുകളിലെല്ലാം ഒരു ഉത്തരത്തിനായി പരതുകയും ചെയ്തു.
സഹായത്തിനായി, രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലുള്ള, തന്റെ സുഹൃത്തുകളായ ഡോക്ടര്‍മാരുമായും ബന്ധപ്പെട്ടു. അത് ഇന്‍ഫ്‌ളുവന്‍സയുടെ അന്നേവരെ കാണാത്ത മാരകമായ ഒരു വകഭേദമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അറ്റകൈക്ക് ഡിഫ്ത്തീരിയക്ക് നല്‍കിയിരുന്ന Antitoxin പോലും അദ്ദേഹം രോഗികളില്‍ പരീക്ഷിച്ചെങ്കിലും ഫലം ഉണ്ടായില്ല. ദിനംപ്രതി ആ പുതിയ ഇനം ഫ്‌ലൂ ബാധിച്ച ധാരാളം പരിസരവാസികള്‍ അദ്ദേഹത്തിന്റെയടുക്കല്‍ ചികിത്സക്കായി വന്നുകൊണ്ടിരുന്നു. തുടര്‍ന്ന് തികച്ചും അപ്രതീക്ഷിതമായി മാര്‍ച്ച് മാസത്തിന്റെ മധ്യത്തില്‍ ആ പകര്‍ച്ചവ്യാധി വന്നതിനേക്കാള്‍ വേഗത്തില്‍ അപ്രത്യക്ഷമായി. ലോക ചരിത്രത്തിലെ, പലരും വിസ്മരിച്ച് പോയ ഒരു നിര്‍ണ്ണായക അദ്ധ്യായം അവിടെ ആരംഭിക്കുകയായിരുന്നു.
ഉലകം ചുറ്റിയ മഹാമാരി
Influenza അഥവാ ഫ്‌ളൂ എന്ന മഹാമാരി ആദ്യമായി ചരിത്രകാരന്മാരുടെയും മറ്റും ശ്രദ്ധയാകര്‍ഷിക്കുന്നത് 1510 എ.ഡി യിലാണ്. ഏഷ്യയില്‍ നിന്നും ഉത്ഭവിച്ച് മിഡില്‍ ഈസ്റ്റ് വഴി ആഫ്രിക്കയിലേക്കും അവിടെനിന്ന് യൂറോപ്പിലേക്കും പടര്‍ന്ന ഫ്‌ളുവിനെക്കുറിച്ച് അന്നത്തെ പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിരുന്നു. അതേസമയം ചികിത്സയെ സംബന്ധിച്ച് പൂര്‍ണ്ണമായ അജ്ഞത നിലനിന്നിരുന്ന ഒരു കാലഘട്ടംകൂടിയായിരുന്നു അത്. ശരീരത്തിലെ Humor കളുടെ അസന്തുലിതാവസ്ഥയാണ് രോഗകാരണം എന്ന അന്ധവിശ്വാസത്തില്‍ ഊന്നിയുള്ള ചികിത്സാ ശ്രമങ്ങളായിരുന്നു യൂറോപ്പില്‍ നിലനിന്നിരുന്നത്.
ഏറിയും കുറഞ്ഞും സമാനമായ ചികിത്സാ രീതികള്‍ തന്നെയായിരുന്നു ലോകത്തിന്റെ മറ്റുപല ഭാഗങ്ങളിലും പിന്‍തുടര്‍ന്നിരുന്നത്. Pope Julius രണ്ടാമന്‍ ആ പകര്‍ച്ചവ്യാധിയെ ദൈവകോപമായാണ് വ്യാഖ്യാനിച്ചത്. സാധാരണക്കാരായ വിശ്വാസികള്‍ക്ക് കൂടുതല്‍ സ്വീകാര്യമായ ഒരു വിശദീകരണമായിരുന്നു ഇത്. മറുഭാഗത്ത് ഫ്രഞ്ച് ഡോക്ടര്‍ Jean Fernel നെപ്പോലെ അന്വേഷണബുദ്ധിയുള്ള മറ്റ് ചിലര്‍ ഈ രോഗലക്ഷണങ്ങള്‍ എല്ലാം കൃത്യമായി രേഖപ്പെടുത്തിവെക്കാനും മറന്നില്ല. ഇത്തരം രേഖകളിലൂടെ Influenza എന്ന രോഗം ഇരുപതാം നൂറ്റാണ്ടിലെ പല ഡോക്ടര്‍മാര്‍ക്കും പരിചിതമായിരുന്നു. 1918 ല്‍ Kansas ല്‍ പ്രത്യക്ഷപ്പെട്ട ഫ്‌ളൂ പക്ഷെ അതുവരെ രേഖപ്പെടുത്തിയവയെക്കാള്‍ പ്രഹരശേഷി കൂടിയതായിരുന്നു. അപ്രതീക്ഷിതമായി അവിടെ ഉത്ഭവിച്ച ആ പുതിയ ഇനം ഫ്‌ളൂ അതിവേഗം അവസാനിച്ചെങ്കിലും ആളുകള്‍ക്ക് ആശ്വസിക്കാന്‍ മാത്രമുള്ള സമയമായിട്ടുണ്ടായിരുന്നില്ല. അന്നവിടെ കണ്ടത് വരാന്‍ പോകുന്ന മഹാമാരിയുടെ വെറുമൊരു സൂചന മാത്രമായിരുന്നു.
സൈനിക ക്യാമ്പില്‍ ആരംഭിച്ച ഒന്നാം തരംഗം
1917 ഏപ്രില്‍ മാസം അമേരിക്ക ഒന്നാം ലോക മഹായുദ്ധത്തില്‍ സഖ്യകക്ഷികളോടൊപ്പം യുദ്ധത്തില്‍ ചേര്‍ന്നു. Haskell County യിലുണ്ടായിരുന്ന, രോഗബാധിതരായ ചിലര്‍ Kansas ലെ ക്യാമ്പ് Funston ല്‍ എത്തി. ഫ്‌ളുവിന്റെ ഒന്നാം തരംഗം അവിടെ ആരംഭിക്കുകയായിരുന്നു. 1918 മാര്‍ച്ച് 4 ന് ക്യാമ്പില്‍ ആദ്യ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സൈന്യത്തിലെ Private റാങ്കിലുള്ള, ക്യാമ്പിലെ പാചകക്കാരന്‍ കൂടിയായ Albert Gitchell ആയിരുന്നു ആദ്യ രോഗി. ഫളൂവിന് സമാനമായ, പനിയും തൊണ്ടവേദനയും, ജലദോഷവും പോലുള്ള രോഗലക്ഷണങ്ങളുമായി വന്ന അയാളെ ഉടനെതന്നെ ക്യാമ്പിലെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെ അതേ രോഗലക്ഷണങ്ങളുള്ള നൂറോളം സൈനികരെക്കൂടി ഹോസ്പിറ്റലില്‍ എത്തിച്ചു. യുദ്ധത്തിനായി സൈനികരെ പരിശീലിപ്പിച്ച്, നിരന്തരം അവരെ യുദ്ധമുഖത്തേക്ക് പറഞ്ഞുവിട്ടിരുന്ന ഒരു ക്യാമ്പ് ആയിരുന്നു അത്. Albert Gitchell ന്റെ രോഗബാധക്ക് ശേഷം ഏകദേശം ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ മുന്‍പത്തേതിലും അഞ്ചിരട്ടി സൈനികര്‍ രോഗികളായി അതേ ഹോസ്പിറ്റലില്‍ എത്തി.
സ്‌പെയിനിന്റേതല്ലാത്ത ‘സ്പാനിഷ് ഫ്‌ളൂ’
1918 ഏപ്രില്‍ 10 ന് രോഗം ഫ്രഞ്ച് സൈന്യത്തില്‍ പടര്‍ന്നുപിടിക്കാന്‍ തുടങ്ങി. അമേരിക്കയില്‍ ഉടലെടുത്ത ഒരു പകര്‍ച്ചവ്യാധി എന്നതില്‍ നിന്നും ആ ഫ്‌ളൂ മെല്ലെ മെല്ലെ യൂറോപ്പില്‍ ആകമാനം പടര്‍ന്നുപിടിച്ച ഒരു മഹാമാരിയായി രൂപാന്തരം പ്രാപിക്കുകയായിരുന്നു. ഏപ്രില്‍ അവസാനത്തോടെ ഫ്‌ളൂ പാരീസിലേക്കും, ഇറ്റലിയിലേക്കും വ്യാപിക്കാന്‍ തുടങ്ങി. ജര്‍മ്മനിയിലും സ്ഥിതി സമാനമായിരുന്നു. അത് അവരുടെ സൈനിക തന്ത്രങ്ങളെയും, യുദ്ധത്തെയും സാരമായി തന്നെ ബാധിച്ചു. അതേസമയം തന്നെ ബ്രിട്ടീഷ് സൈന്യത്തിലും ഫ്‌ളൂ ബാധ പിടിമുറുക്കി.
1918 മെയ് ആദ്യത്തോടെ രോഗബാധ കലശലായി. ഏകദേശം 36,473 ഹോസ്പിറ്റല്‍ കേസുകള്‍ ഉണ്ടായി. അത്ര ഗുരുതരമല്ലാത്ത പതിനായിരത്തോളം രോഗികള്‍ വേറെയും. ജൂണ്‍ മാസത്തോടെ നാട്ടിലേക്ക് തിരികെയെത്തിയ പട്ടാളക്കാര്‍ ഇംഗ്ലണ്ടിലേക്ക് രോഗം കൊണ്ടുവന്നു. അതിനിടയില്‍ സ്‌പെയിനിലേക്ക് പടര്‍ന്ന ഫ്‌ളൂ അവിടെവെച്ച് ആദ്യമായി ലോകശ്രദ്ധയാകര്‍ഷിച്ചു. യുദ്ധത്തില്‍ സ്‌പെയിന്‍ ഇരുപക്ഷത്തും ഇല്ലാതിരുന്നതിനാല്‍ ഗവണ്മെന്റ് പത്രമാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ രോഗവ്യാപനത്തിന്റെ വാര്‍ത്തകളെല്ലാം കൃത്യമായി അവിടുത്തെ പത്രങ്ങളില്‍ വന്നുകൊണ്ടിരുന്നു. മറിച്ച് ബ്രിട്ടണും, ജര്‍മ്മനിയും, ഫ്രാന്‍സുമെല്ലാം തങ്ങളുടെ സൈന്യത്തിന്റെയും ജനതയുടെയും മനോവീര്യത്തിന് ഭംഗം വരാതിരിക്കാനായി ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് നിരന്തരം തടഞ്ഞുകൊണ്ടിരുന്നു. അതുകൊണ്ട് തന്നെ അമേരിക്കയില്‍ ആരംഭിച്ച ആ പകര്‍ച്ചവ്യാധിക്ക് ‘സ്പാനിഷ് ഫളൂ’ അഥവാ ‘സ്പാനിഷ് ഇന്‍ഫ്‌ലുവെന്‍സാ’ എന്ന പേര് വീണു.
വലിയ രോഗത്തിന് പിന്നിലെ ‘ചെറിയ’ കാരണക്കാരന്‍:
‘You have to admire it’s simplicity. It’s one billionth our size and its beating us’ – Outbreak (1995 Movie)
ഈ മഹാമാരിയുടെ കാരണക്കാരന്‍ ഒരു വൈറസ് ആയിരുന്നുവെന്ന് അന്ന് ആര്‍ക്കും അറിയില്ലായിരുന്നു. Miasma Theory പോലുള്ള അശാസ്ത്രീയമായ പല വിശ്വാസങ്ങളുമായിരുന്നു അന്ന് മെഡിക്കല്‍ രംഗത്ത് മുഖ്യധാര ആശയങ്ങളായി നിലകൊണ്ടിരുന്നത്. ആധുനിക വൈദ്യശാസ്ത്രം മെല്ലെ മെല്ലെ മുന്‍നിരയിലേക്ക് ഉദയം ചെയ്യുന്നതേ ഉണ്ടായിരുന്നുള്ളൂ. വൈറസ് എന്നത് ഒരു പ്രമുഖ രോഗാണുവാണെന്ന സംഗതി പലര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയാതിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു സ്പാനിഷ് ഫ്‌ളുവിന്റെ വരവ്. Louis Pasteur ടെയും Robert Koch ന്റെയും പാത പിന്തുടര്‍ന്ന വൈദ്യശാസ്ത്ര ലോകത്തിന് പലപ്പോഴും ബാക്റ്റീരിയക്ക് അപ്പുറം ചിന്തിക്കുവാനാകുമായിരുന്നില്ല. വലിപ്പത്തില്‍ ബാക്റ്റീരിയകളെക്കാളും ചെറുതായിരുന്നതിനാല്‍ അന്ന് നിലവിലിരുന്ന മൈക്രോസ്‌കോപ്പുകള്‍കൊണ്ട് അവയെ കാണാന്‍ കഴിയില്ല എന്നതായിരുന്നു ഒരു പ്രധാന പരിമിതി.
ജൈവത്തിനും അജൈവത്തിനും ഇടയിലെ വൈറസ്
വൈറസുകള്‍ എക്കാലവും ഒരു നിഗൂഢതയായിരിന്നു. മറ്റ് ബാക്റ്റീരിയകളെപ്പോലെ കൃത്യമായ കോശങ്ങളോ, ഉപാപചയ പ്രവര്‍ത്തനമോ ഒന്നും ഇല്ലാത്ത ഒരു ജീവിവര്‍ഗ്ഗം. സ്വന്തമായി പ്രത്യുല്പാദനം പോലും നടത്താന്‍ അവയ്ക്കാകുമായിരുന്നില്ല. RNA AYhm Ribonucleic Acid ആണ് ഫ്‌ളൂ വൈറസ് പോലുള്ളവരുടെ Genetic Material. H1N1 വിഭാഗത്തില്‍ പെട്ട ഈ വൈറസുകള്‍ക്ക് എട്ട് ജീനുകളാണ് ഉണ്ടായിരുന്നത് (RNA കളാല്‍ നിര്‍മ്മിക്കപ്പെട്ടവ). അവയ്ക്ക് ചുറ്റും ഒരു Protein Coating ഉം ഒ, ച (Hemagglutinin, Neuraminidase) എന്നീ രണ്ട് Spike പ്രോട്ടീനുകളും ഉണ്ട് (ഈ Spike കളുടെ പ്രത്യേകതകള്‍ക്ക് അനുസരിച്ചാണ് വൈറസുകള്‍ക്ക് H5N1, H1N1 എന്നിങ്ങനെ പേരുകള്‍ നല്‍കുന്നത്). ഫ്‌ളൂ വൈറസുകളുടെ ദേഹത്തുള്ള ഇത്തരത്തിലുള്ള Spike പ്രോട്ടീനുകള്‍ Antigens എന്നാണ് അറിയപ്പെടുന്നത് (ആന്റിജനുകളെ രോഗാണുക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ എന്നനിലയില്‍ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥ പ്രയോജനപ്പെടുത്തുകയും കൃത്യമായ Immune Response ഉണ്ടാക്കുകയും ചെയ്യുന്നതിലൂടെയാണ് പല രോഗങ്ങളും സ്വയം ഭേദമാകുന്നത്).
ശരീരത്തില്‍ പ്രവേശിക്കുന്ന വൈറസുകള്‍ പിന്നീട് നമ്മുടെ കോശങ്ങളുടെ സഹായത്താല്‍ സ്വയം കോപ്പികളെടുക്കുകയും, അതിനിടെ അവയില്‍ വരുന്ന തെറ്റുകളുടെ ആധിക്യം പിന്നീട് വലിയ Genetic Mutations ആയി മാറുകയും, അതോടെ നമ്മുടെ ശരീരത്തിന് ആ വൈറസിനെ പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കാതെ വരികയും ചെയ്യുക പതിവാണ്. അതോടെ മുന്‍പ് തയ്യാറാക്കി വച്ചിരുന്ന Immune Responനെ കാര്യക്ഷമമായി ഉപയോഗിച്ച് വൈറസിനെ നശിപ്പിക്കാന്‍ സാധികാതെ വരും. കാരണം Immune Response പലപ്പോഴും പ്രത്യേക രോഗാണുവിനോ പ്രത്യേക ആന്റിജനോ എതിരെ ഉണ്ടാക്കിയെടുക്കുന്നതാണ് എന്നത്‌കൊണ്ട് തന്നെ.
ശരീരത്തിലെ കോശത്തിന് പുറത്തെത്തുന്ന ഫ്‌ളൂ വൈറസ് തന്റെ H Spike പ്രോട്ടീന്‍ ഉപയോഗിച്ച് ശ്വാസകോശത്തിലുള്ള സെല്ലുകളിലെ Receptor ല്‍ പറ്റിപ്പിടിക്കും. ശേഷം നമ്മുടെ സെല്ലുകള്‍ പുറത്ത് പറ്റിപ്പിടിച്ച വൈറസുകളെ അകത്തേക്ക് വലിച്ചെടുക്കുന്നു. അകത്തെത്തിയ വൈറസ് അതിന്റെ Protein Coating പൊഴിച്ചുകളഞ്ഞ് അതിന്റെ RNA നമ്മുടെ കോശത്തിന്റെ ന്യൂക്ലിയസ്സിലേക്ക് അയക്കുന്നു. അതോടെ കോശത്തിന്റെ നിയന്ത്രണം വൈറസ് ജീനുകളുടെ കയ്യിലാവുന്നു. അങ്ങനെ അവ വൈറസ് ജീനുകളുടെ ധാരാളം കോപ്പികള്‍ ഉണ്ടാക്കുകയും, Protein Coating പോലുള്ള മറ്റ് വസ്തുക്കള്‍ നിര്‍മ്മിക്കുകയും, ലക്ഷക്കണക്കിന് വൈറസ്സുകള്‍ ഓരോ കോശങ്ങളില്‍ നിന്നും പുറത്തേക്ക് വരികയും ചെയ്യുന്നു. പുറത്തേക്ക് വരുന്ന വൈറസ്സുകള്‍ കോശത്തിന്റെ പുറത്തുള്ള Receptor ല്‍ നിന്നും N Spike കളുടെ സഹായത്തോടെ വേര്‍പെട്ട് സ്വതന്ത്രരാവുന്നു. ഈ പ്രക്രിയ അനവധി തവണ ആവര്‍ത്തിച്ച് വൈറസുകള്‍ നമ്മുടെ ശരീരത്തെയാകമാനം കീഴടക്കി നമ്മളെ രോഗിയാക്കിമാറ്റുന്നു. ഇതൊന്നും പക്ഷെ ആ മഹാമാരിക്കാലത്ത് ശാസ്ത്രലോകത്തിന് അറിയില്ലായിരുന്നു എന്നതായിരുന്നു മാനവരാശി നേരിട്ട ഏറ്റവും വലിയ തിരിച്ചടി.
വൈറസ്സിന്റെ രണ്ടാം വരവ്
‘I had a little bird, its name was Enza. I opened the window, and in-flu-enza.’ – jump rope rhyme, 1918
ഒന്നാം തരംഗത്തേക്കാള്‍ ഭീകരമായ രണ്ടാം തരംഗത്തിന്റെ ആരംഭം 1918 സെപ്റ്റംബര്‍ 7 ന് ആയിരുന്നു. അമേരിക്കയിലെ Boston ല്‍ ഉള്ള ആര്‍മി ട്രെയിനിങ്ങ് ബെയ്സ് ആയ Camp Devens ലാണ് അന്ന് ഫ്‌ലൂ വൈറസിന്റെ രണ്ടാം വരവിന്റെ വേദിയൊരുങ്ങിയത്. 1,200 പേരെ ഉള്‍ക്കൊള്ളാന്‍ മാത്രം ശേഷിയുണ്ടായിരുന്ന ആ ക്യാമ്പില്‍ 45,000 സൈനികരാണ് അന്ന് ഉണ്ടായിരുന്നത്. ഏഴാം തിയതി ഒരു സൈനികനെ രോഗബാധിതനായി ക്യാമ്പിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിറ്റേന്ന് ഏകദേശം 12 പേര്‍ അതേ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ Influenza യുടെ ഒരു വിസ്‌ഫോടനത്തിനാണ് ക്യാമ്പ് സാക്ഷ്യം വഹിച്ചത്. ഒരു ദിവസം 1,543 സൈനികര്‍ വരെ രോഗികളായ അവസ്ഥ പോലും ഉണ്ടായി. അതോടെ ഹോസ്പിറ്റലില്‍ സൗകര്യങ്ങള്‍ ആവശ്യത്തിന് ലഭ്യമല്ലാതായി. ഡോക്ടര്‍മാറും നേഴ്‌സുമാരുമെല്ലാം തുടരെ തുടരെ രോഗബാധിതരായതോടുകൂടി രോഗശുശ്രൂഷാ വ്യവസ്ഥ ആകമാനം താറുമാറായി. തുടര്‍ന്ന് റെയില്‍വെ പാതകളും, നദീജല പാതകളും ഉള്ള പ്രദേശങ്ങള്‍ വഴി രണ്ടാം തരംഗം അമേരിക്കയുടെ ഉള്‍നാടുകളിലേക്ക് വ്യാപിക്കാന്‍ തുടങ്ങി.
രോഗഭീതിയുടെ നിഴല്‍
സെപ്റ്റംബര്‍ 21 ന് Illinois se Camp Grant ല്‍ രോഗം പടര്‍ന്നുപിടിച്ചു. ഇവിടെയും ഒരു ദിവസം ആയിരത്തിലേറെപ്പേര്‍ രോഗികളായി മാറിയ അവസ്ഥയുണ്ടായി. ദിവസങ്ങള്‍ക്കകം ക്യാമ്പിലെ ഭൂരിഭാഗം സൈനികരും രോഗബാധിതരായത്തോടെ മുന്‍പത്തെ ക്യാമ്പുകളിലെപ്പോലെ ചികിത്സാ സൗകര്യങ്ങള്‍ അവിടെയും ലഭ്യമല്ലാതായി. കൃത്യമായ ക്വാറന്റീന്‍ നടപടികള്‍ നടപ്പാക്കുന്നതിന് പകരം സൈനികരെ കൂട്ടംകൂട്ടമായി ട്രെയിനുകളില്‍ മറ്റ് ക്യാമ്പുകളിലേക്ക് നീക്കാന്‍ ആരംഭിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരുന്നു. ആശുപത്രികള്‍ നിറഞ്ഞുകവിയാന്‍ തുടങ്ങിയതോടെ പലയിടങ്ങളിലും ടെന്റുകള്‍ കെട്ടിപ്പൊക്കി താല്‍ക്കാലിക ആശുപത്രികള്‍ പ്രവര്‍ത്തനമാരംഭിച്ചു. പൊതുജനാരോഗ്യ വിഭാഗം രോഗത്തെ തടയാന്‍ പല നടപടികളും കൈക്കൊണ്ടു. ട്രെയിനുകളും ബസ്സുകളും അണുവിമുക്തമാക്കാനായി Fumigation നടത്തി. മാസ്‌ക്ക് ധരിക്കാന്‍ ആളുകളോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ആള്‍ക്കൂട്ടങ്ങള്‍ വിലക്കുകയും, തിയേറ്ററുകള്‍, പാര്‍ക്കുകള്‍ തുടങ്ങി പല സ്ഥാപനങ്ങളും അടച്ചിടാനുള്ള ഉത്തരവ് നല്‍കുകയും ചെയ്തു.
വൈറസിന് ഫിലാഡല്‍ഫിയയില്‍ വരവേല്‍പ്പ്
അങ്ങനെയിരിക്കെ 1918 സെപ്റ്റംബര്‍ 28 ന് Philadelphia യില്‍ ഒരു പ്രധാന സംഭവം അരങ്ങേറി. ഒന്നാം ലോക മഹായുദ്ധം മുന്നോട്ട് കൊണ്ടുപോകാനുള്ള സാമ്പത്തിക സഹായത്തിനായുള്ള War Bond കള്‍ക്കുള്ള പ്രൊമോഷന്‍ എന്ന രീതിയില്‍ അന്ന് നഗരത്തില്‍ വലിയൊരു പരേഡ് സംഘടിപ്പിക്കപ്പെട്ടു – Liberty Loans Parade. രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഫ്‌ളൂ പടര്‍ന്ന് പിടിക്കവെ അതൊന്നും കാര്യമാക്കാതെ അന്ന് ജവശഹമറലഹുവശമ യിലെ തെരുവുകളില്‍ ഏകദേശം 200,000 ജനങ്ങള്‍ ഈ പരിപാടിയില്‍ പങ്കെടുക്കാനായി തടിച്ചുകൂടി. അവിടെ ഞെങ്ങി ഞെരുങ്ങി നിലകൊണ്ടിരുന്ന ജനക്കൂട്ടം പരേഡ് നടത്തുന്നവര്‍ക്ക് വേണ്ടി ആരവങ്ങള്‍ മുഴക്കിക്കൊണ്ടിരുന്നു. രോഗബാധയുടെ സാധ്യതകള്‍ അറിയാമായിരുന്ന പലരും ഈ ആള്‍ക്കൂട്ട പരിപാടിയെ വിലക്കാന്‍ ശ്രമിച്ചെങ്കിലും അവയൊന്നും അധികാരികള്‍ മുഖവിലക്കെടുത്തില്ല. യുദ്ധവിജയവും അതിന് വേണ്ട സാമ്പത്തിക സഹായവുമായിരുന്നു പലര്‍ക്കും പ്രധാനം. ജാഥയുടെ ഭാഗമായി തെരുവിലൂടെ നീങ്ങിക്കൊണ്ടിരുന്ന പരേഡ് ഫ്‌ലോട്ടുകള്‍ വരവേല്‍ക്കാന്‍ കൂടിയ അവര്‍ക്കിടയില്‍ അന്ന് ഫ്‌ളൂ ബാധിതരായ ചിലരും ഉണ്ടായിരുന്നു. ഏകദേശം മൂന്ന് ദിവസമായിരുന്നു Influenza യുടെ ഇന്‍ക്വുബേഷന്‍ പിരീഡ്.
നഗരത്തില്‍ സംഹാര താണ്ഡവമാടിയ ഫ്‌ളൂ
1918 ഒക്ടോബര്‍ 1 ആയപ്പോഴേക്കും ഫ്‌ളൂ ബാധിച്ച് ഒരുദിവസം 117 പേര്‍ മരണമടഞ്ഞു. അതോടെ സ്ഥിതി വഷളായിത്തുടങ്ങിയെന്ന് പലര്‍ക്കും മനസ്സിലായി. അങ്ങനെ ഒക്ടോബര്‍ 3 ന് നഗരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. സ്‌കൂളുകളും, ആരാധനാലയങ്ങളും, തീയേറ്ററുകളും അടക്കം എല്ലാ പൊതുസ്ഥാപനങ്ങളും അടച്ചിടാന്‍ ഉത്തരവായി. പത്ത് ദിവസത്തിനുള്ളില്‍ ആയിരക്കണക്കിന് രോഗബാധകളും നൂറുകണക്കിന് മരണങ്ങളും എന്ന തോതിലേക്ക് കാര്യങ്ങള്‍ വളര്‍ന്നു. ഒരു ദിവസം 759 പേര്‍ വരെ മരണമടഞ്ഞ അവസ്ഥയുണ്ടായി. അതോടെ മാസ്‌ക്കുകള്‍ നിര്‍ബന്ധമാക്കി.
പൊതുനിരത്തില്‍ തുപ്പുന്നതും, കര്‍ച്ചീഫ് ഉപയോഗിക്കാതെ തുമ്മുന്നതുമെല്ലാം കുറ്റകരമായി മാറി. മഹാമാരിയുടെ ഏറ്റവും ഭയാനകമായ മുഖങ്ങളിലൊന്ന് ദിനംപ്രതി ഏറിവന്നിരുന്ന മൃതദേഹങ്ങളായിരുന്നു. സെമിത്തേരി സൂക്ഷിപ്പുകാരും, മൃതദേഹം സംസ്‌കരിക്കുന്നവരുമെല്ലാം രോഗബാധിതരാകാന്‍ തുടങ്ങിയതോടെ മരിച്ചവരെ കുഴിച്ചിടാന്‍ ആളുകളില്ലാതായി. അതിന് പിന്നാലെ ശവപ്പെട്ടികളും ലഭ്യമല്ലാതായി. ലഭ്യമായ ഇടങ്ങളില്‍ നിന്നും അവ മോഷണം പോകാന്‍ തുടങ്ങിയതിനാല്‍ കാവലിന് ആളെവയ്‌ക്കേണ്ട സ്ഥിതി പോലും ഉണ്ടായി.
‘പ്രതിരോധം കൂട്ടല്‍’ എന്ന തീക്കളി:
കാലങ്ങളായി Influenza പ്രധാനമായും ലക്ഷ്യം വച്ചിരുന്നത് വളരെ പ്രായം കുറഞ്ഞവരെയും വളരെ പ്രായം കൂടിയവരെയുമായിരുന്നു. 1918 ലെ ഫ്‌ളൂ പക്ഷെ വ്യത്യസ്തമായിരുന്നു. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും മരണമടഞ്ഞവരില്‍ ഭൂരിഭാഗവും ചെറുപ്പക്കാരും ആരോഗ്യവാന്മാരും ആയിരുന്നു. പല പോസ്റ്റ്‌മോര്‍ട്ടങ്ങളിലും പൊതുവായി കണ്ടിരുന്ന ഒന്ന് മരണപ്പെട്ടവരുടെ ശ്വാസകോശങ്ങളില്‍ തകര്‍ന്നടിഞ്ഞ കോശങ്ങളുടെയും ശ്വേത രക്താണുക്കളുടെയും മറ്റും ധാരാളം അവശിഷ്ടങ്ങളായിരുന്നു.
രോഗികളുടെ ശ്വാസകോശം രോഗപ്രതിരോധ വ്യവസ്ഥയുടെ ശക്തമായ പ്രവര്‍ത്തനം മൂലം തകര്‍ന്നടിഞ്ഞ കാഴ്ചയായിരുന്നു തുടര്‍ച്ചയായി കണ്ടുകൊണ്ടിരുന്നത്. ശ്വാസകോശം ഇത്തരം ഇന്‍ഫെക്ഷനുകളെ നേരിടുന്ന സമയത്ത് രോഗിയുടെ രോഗപ്രതിരോധ വ്യവസ്ഥ കൂടുതല്‍ മാരകമായ രീതിയില്‍ പ്രതികരിക്കാന്‍ ആരംഭിക്കും. പലപ്പോഴും സ്വന്തം ശരീരകോശമെന്നോ രോഗാണുവിന്റെ കോശങ്ങളെന്നോ വ്യത്യാസമില്ലാതെ രോഗപ്രതിരോധ വ്യവസ്ഥ ആക്രമണം അഴിച്ചുവിടും. അതോടെ വൈറസിനൊപ്പം സ്വന്തം ശ്വാസകോശത്തിനും സാരമായ നാശം സംഭവിക്കും. വൈറസ് ബാധയെക്കാള്‍ പലപ്പോഴും രോഗിയെ മരണത്തിന്റെ വക്കിലെത്തിക്കുന്നത് ഇത്തരത്തിലുള്ള ‘കൂടിയ’ രോഗപ്രതിരോധ ശേഷിയാണ്. 1918 ഫ്‌ളൂ സമയത്ത് ആരോഗ്യവാന്മാരായ ആളുകള്‍ കൂടുതല്‍ മരണപ്പെടാന്‍ കാരണം ഇത്തരം Cytokine Storm കള്‍ ആയിരുന്നു.
അങ്ങനെയിരിക്കെ ഏതാനം നാളുകള്‍ക്കകം വന്നതിനേക്കാള്‍ വേഗത്തില്‍ ഫ്‌ളൂ മഹാമാരി സമൂഹത്തില്‍നിന്നും അപ്രത്യക്ഷമായി. തുടര്‍ന്ന് 1919 ജനുവരി – മാര്‍ച്ച് മാസത്തോടെ ഒരു മൂന്നാം തരംഗം വന്നെങ്കിലും രണ്ടാം തരംഗത്തോളം മാരകമായിരുന്നില്ല അത്. രണ്ട് കോടിയോളം ആളുകളുടെ ജീവനെടുത്ത ഒന്നാം ലോക മഹായുദ്ധം യൂറോപ്പില്‍ ആകമാനം പുതിയൊരു രാഷ്ട്രീയ അന്തരീക്ഷം സൃഷ്ട്ടിച്ചപ്പോള്‍ ലോകത്താകമാനം അഞ്ച് കോടിയോളം പേരുടെ ജീവനെടുത്ത ഫ്‌ളൂ മഹാമാരി യൂറോപ്പിലും, പ്രത്യേകിച്ച് അമേരിക്കയിലും, മോഡേണ്‍ മെഡിസിന്റെ വിപ്ലവകരമായ വളര്‍ച്ചയുടെ തുടക്കം കുറിച്ചു എന്നുതന്നെ പറയാം. മഹാമാരിയുടെ കാരണങ്ങളിലേക്കും ചികിത്സാ സാധ്യതകളിലേക്കും ഉള്ള അന്വേഷണങ്ങള്‍ പിന്നീട് വൈറസിനെ കുറിച്ചുള്ള ആഴത്തിലുള്ള അറിവുകളിലേക്കും വാക്സിനേഷന്റെ അനന്തമായ സാധ്യതകളിലേക്കുമെല്ലാം ശാസ്ത്രലോകത്തെ നയിച്ചുകൊണ്ടിരുന്നു. ഇനിയും വരാന്‍ പോകുന്ന പല മഹാമാരികളുടെയും പ്രഹരശേഷി കാണിച്ചുതന്ന 1918 ലെ Influenza ഭാവിയിലേക്കുള്ള ഒരു ചൂണ്ടുപലകയായി ചരിത്രത്താളുകളില്‍ അവശേഷിക്കും എന്നതില്‍ സംശയമില്ല…
References:
The Great Influenza – Book by John M. Barry
Influenza 1918 : The American Experience (Documentary)
The First American Cases of the 1918 Pandemic: https://www.historicamerica.org/journal/2021/3/10/spf674tn1nmrmh5kchksw2ekd00ivm
Eyewitness accounts of the 1510 influenza pandemic in Europe: https://www.ncbi.nlm.nih.gov/pmc/articles/PMC3180818/
How the Horrific 1918 Flu Spread Across America: https://www.smithsonianmag.com/history/journal-plague-year-180965222/