ഹിന്ദുഐക്യവേദിയുടെ വേദില്‍ ഞാന്‍ പറഞ്ഞതെന്ത്? ആരിഫ് ഹുസൈന്‍ തെരുവത്ത് എഴുതുന്നു


“പുഷ്പകവിമാനം ആധുനിക വിമാനത്തിന്റെ പ്രോട്ടോടൈപ്പ് ആണ് എന്ന്‌വരെ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സില്‍ പ്രസംഗിക്കുന്ന ഈ രാമരാജ്യത്തിന് ഇനി മുന്നോട്ട് പോകാന്‍ ഏതു രഥം ആണ് നിങ്ങള്‍ ഒരുക്കി ഇട്ടിട്ടുള്ളത്? പട്ടിണിയില്‍ നിന്നും മുഴുപട്ടിണിയിലേക്ക് വീഴുന്ന ഇന്ത്യന്‍ ജനതയെ, പള്ളികുളത്തില്‍ ദൈവത്തിന്റെ ലിംഗം കണ്ടെത്തിയ അപസര്‍പ്പക കഥകള്‍ പറഞ്ഞു എന്നും ഉറക്കി കിടത്താം എന്നാണോ നിങ്ങള്‍ കരുതുന്നത്?”-മൂവാറ്റുപുഴയില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച സെമിനാറില്‍ ആരിഫ് ഹുസൈന്‍ തെവരുവത്ത് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാം.
രാമരാജ്യത്തിലെ താലിബാനിസ വിരുദ്ധതയുടെ കാണാപ്പുറങ്ങള്‍?

ഞാന്‍ ഇവിടെ സംസാരിക്കുന്നത്, ഇന്ത്യ എന്ന നമ്മുടെ രാജ്യം ആധുനിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന, പട്ടിണിയും സാമ്പത്തിക അസമത്വവും അവസാനിച്ച, എല്ലാ മേഖലകളിലും പുരോഗമിച്ച, ശാന്തിയും സമാധാനവും എല്ലാ അര്‍ത്ഥത്തിലും പുലരുന്ന ഒരു മികച്ച രാജ്യം ആയി കാണാന്‍ ആഗ്രഹിക്കുന്ന, എല്ലാ മനുഷ്യരെയും മത ജാതി വര്‍ഗ്ഗ ലിംഗ രാഷ്ട്രീയ ചിന്തകള്‍ക്ക് അപ്പുറം ചിന്തിച്ച് വീക്ഷിച്ച്, നിലകൊള്ളുന്ന ഒരു വലിയ കൂട്ടം സ്വതന്ത്രചിന്തകരുടെ പ്രതിനിധി ആയിക്കൊണ്ടാണ്.

അങ്ങനെ ഉള്ള ഒരു സ്വതന്ത്രചിന്തകനെ സംബന്ധിച്ചിടത്തോളം, ന്യൂനപക്ഷ വര്‍ഗീയത ആയാലും, ഭൂരിപക്ഷ വര്‍ഗീയത ആയാലും, അത് ഏതു വിധേനയും തടയുവാനുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുക എന്നത് ഇന്ത്യന്‍ ഭരണഘടന മുന്നോട്ട് വെക്കുന്ന മൂല്യങ്ങള്‍ക്ക് അധിഷ്ഠിതമായ ഒരു കര്‍ത്തവ്യമായാണ് കരുതുന്നതും, അതിനുവേണ്ടി ആണ് പുറത്തുള്ള എതിര്‍പ്പുകളെ വകവെക്കാതെ, ഈ വേദിയില്‍ തന്നെ വന്നു നിങ്ങളോട് പറയാനുള്ളത് പറയാന്‍ വേണ്ടി ഈ സാഹസത്തിന് മുതിര്‍ന്നതും.

മുന്‍കാലങ്ങളില്‍ നടന്നതിന്റെ വേരുകള്‍ തപ്പി ചരിത്രം കുഴിച്ചിറങ്ങി, ആരാണ് യഥാര്‍ത്ഥ വില്ലന്മാര്‍ എന്ന് കണ്ടെത്തി, എന്നിട്ട് ചരിത്രത്തിലെ ആ മനുഷ്യര്‍ എന്നോ ചെയ്തുകൂട്ടിയ തെറ്റുകള്‍ക്ക് വര്‍ത്തമാനകാല മനുഷ്യരോട് പകരംവീട്ടുന്നതില്‍ , പരസ്പരം തല്ലിത്തീര്‍ക്കുന്നതില്‍ കഴമ്പില്ല എന്നതാണ് എനിക്ക് ആമുഖമായി നിങ്ങളോട് ഉണര്‍ത്തുവാനുള്ളത്. സത്യങ്ങള്‍, അത് കയ്പുള്ളതാണെങ്കിലും ഇരുകൂട്ടരും അത് അംഗീകരിച്ച്, പരിഹാരശ്രമങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്ത് സമാധാനം സംസ്ഥാപിക്കുക എന്നതാണ് യഥാര്‍ത്ഥ രാഷ്ട്രീയബോധമുള്ളവര്‍ എടുക്കേണ്ട നിലപാട് എന്നാണു സ്വതന്ത്രചിന്തകര്‍ കരുതുന്നത്.

നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം, തീവ്രദേശീയതയിലും ഹിന്ദുസംസ്‌കാരത്തിലും ഊറ്റം കൊള്ളുന്ന ഒരു തീവ്രവലതുപക്ഷ രാഷ്ട്രീയം, അത് ഇവിടെ ഉരുത്തിരിഞ്ഞു വരുന്നതിന് ഒരുകാലത്ത് ഇന്ത്യയില്‍ നിലനിന്നിരുന്ന ഇസ്ലാമിക വര്‍ഗ്ഗീയ നിലപാടുകള്‍ ആണ് പ്രധാന കാരണം എന്നും, ഇന്നും തുടരുന്ന പുരോഗമനം പറയുന്ന കപട മതേതര കക്ഷികളുടെ ന്യൂനപക്ഷ മതപ്രീണന നിലപാടുകള്‍ ആണ് നിങ്ങള്‍ക്ക് നിങ്ങളുടെ രാഷ്ട്രീയം ഉറക്കെ പറയാന്‍ അവസരം ഇന്നും ഒരുക്കുന്നത് എന്നും, ന്യൂനപക്ഷ വര്‍ഗീയതയാണ് ഭൂരിപക്ഷവര്‍ഗീയതക്ക് വളംവെക്കുന്നത് എന്നും വസ്തുതകളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കുന്ന ഒരു സ്വതന്ത്രചിന്തകന്‍ ആണ് ഞാന്‍.

എന്താണ് സ്വതന്ത്രചിന്ത?

തങ്ങളുടെ ചുറ്റുമുള്ള ലോകം തങ്ങളില്‍ അടിച്ചേല്‍പ്പിയ്ക്കുന്ന ചിന്താപരമായ ചങ്ങലകളെ പൊട്ടിച്ചെറിഞ്ഞുകൊണ്ട്, മുന്‍വിധികളില്ലാതെ വിഷയങ്ങളെ വിഷയാധിഷ്ഠിതമായി തന്നെ പഠിച്ച് മനസ്സിലാക്കി തെളിവുകളുടെ അടിസ്ഥാനത്തില്‍ ചിന്തകള്‍ രൂപപ്പെടുത്തുന്ന ഒരു ചിന്താ രീതിയാണത്. അങ്ങനെ വരുമ്പോള്‍ ആണ് ഒരു സ്വതന്ത്രചിന്തകന് പ്രത്യയശാസ്ത്രങ്ങള്‍ക്കും, മതങ്ങള്‍ക്കും, തീവ്രദേശീയതാ സങ്കല്‍പ്പങ്ങള്‍ക്കും ഒക്കെ മീതെ ചിന്തിച്ചു മുന്നേറുവാന്‍ സാധിക്കുന്നത്. സ്വതന്ത്രചിന്തകര്‍ക്ക് ആണ്, നിഷ്പക്ഷരായ, നിങ്ങളുടെ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളില്‍ പെട്ടുപോകാന്‍ സാധ്യതയുള്ള ജനസമൂഹത്തെ അതില്‍ നിന്നും രക്ഷിക്കുവാനും സാധിക്കുകയുള്ളൂ.

എന്നാല്‍ എന്തുകൊണ്ട് ആയിരിക്കും ആളുകള്‍ക്ക് എളുപ്പത്തില്‍ ഒരു സ്വതന്ത്രചിന്തകന്‍ ആകാന്‍ സാധികാത്തത്? എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാന്‍ സാധിക്കാത്തത്? അത്തരം ചിന്തകളിലൂടെ ലോകം പുരോഗമിക്കും എന്ന് ഉറപ്പുണ്ടായിട്ടും, തെളിവുകള്‍ വെച്ച് അത് സ്ഥാപിക്കാന്‍ ആകും എന്നും ഇരിക്കേ, എന്തുകൊണ്ട് ആളുകള്‍ ഇപ്പോഴും പ്രത്യയശാസ്ത്ര ഭാണ്ഡങ്ങളും പേറി നടക്കുന്നു? കാലഹരണപ്പെട്ട ആശയങ്ങള്‍ തോളിലേറ്റി നടക്കുന്നു? അതിര്‍ത്തികള്‍ മായ്ക്കപ്പെടുന്ന ഇക്കാലത്തും, അതിര്‍ത്തി ചുരണ്ടിക്കൊണ്ടുപോയി എന്നും പറഞ്ഞു യുദ്ധം ചെയ്യുന്നവരായി മാറുന്നു? ഗോത്രീയ ചിന്താഗതിയും, അന്യമത വിദ്വേഷവും കൊണ്ട് നടക്കുന്നു? അതിനുത്തരമാണ് ഇന്ന് നമ്മള്‍ കാണുന്ന ആധുനിക യൂറോപ്പ് എന്നത്.

ഒരുകാലത്ത് മതവും, വംശവെറിയും, ദേശീയതയും എല്ലാം കൂട്ടിക്കുഴച്ച് യുദ്ധങ്ങള്‍ കൊണ്ടും, കലാപങ്ങള്‍ കൊണ്ടും പൊറുതിമുട്ടിയിരുന്ന ആ ലോകം, ഇന്ന് അവരിലെ രാജ്യാതിര്‍ത്തികള്‍ പോലും മായ്ച്ചുകളഞ്ഞു, മാനവികത മുന്‍നിര്‍ത്തി, മതങ്ങളെ ചവറ്റുകൂട്ടയിലേക്ക് എറിഞ്ഞും, ലിബറല്‍ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചും, ലോകത്തിനു തന്നെ മാതൃകയാകുന്ന ഒരു വന്‍കരയാവുകയാണുണ്ടായത്. തങ്ങളുടെ മുന്‍തലമുറകള്‍ ചെയ്തുകൂട്ടിയ പ്രവര്‍ത്തികള്‍ക്ക് കാരണം അവരിലെ അത്തരം ചങ്ങലകള്‍ ആയിരുന്നു എന്ന ബോധോദയം ആണ് അതിനു കാരണം. അത് മനസ്സിലാക്കിയ രാഷ്ട്രീയ നേതൃത്വങ്ങള്‍ ജനങളുടെ അഭിവൃദ്ധി മുന്‍നിര്‍ത്തിയുള്ള പോളിസികള്‍ക്ക് പ്രാമുഖ്യം കൊടുക്കുക കൂടെ ചെയ്തപ്പോള്‍, ജനങ്ങള്‍ വെല്‍ഫെയര്‍ എന്തെന്ന് രുചിച്ചു. മതങ്ങള്‍ക്കോ തീവ്രദേശീയതക്കോ, വംശശുദ്ധിക്കോ ഒന്നും അല്ല യഥാര്‍ത്ഥ അഭിവൃദ്ധി കൊണ്ടുവരാന്‍ ആവുക എന്നവിടങ്ങളിലുള്ളവര്‍ തിരിച്ചറിഞ്ഞു. അതുവഴി ജനങ്ങളില്‍ കൂടുതല്‍ പേര്‍, ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നവരായി മാറി. അങ്ങനെ സ്വതന്ത്രചിന്തയും അതിന്റെ ഗുണഫലങ്ങളും പരസ്പരം കൊണ്ടും കൊടുത്തും ഇന്നും ആ രാജ്യങ്ങള്‍ അനസ്യൂതം പുരോഗതിയില്‍ നിന്നും പുരഗതിയിലേക്ക് മുന്നേറുന്നു.

എന്നാല്‍, അമിത ദേശീയതയില്‍ അടിമുടി മുട്ടിനില്‍ക്കുന്ന, ഏതുനേരവും മുസ്ലിമിനെയും, ക്രിസ്ത്യാനിയെയും തിരഞ്ഞു നടക്കുന്ന, ഇന്ത്യന്‍ ഹിന്ദു സംസ്‌കാരം ആണ് എല്ലാത്തിലും വലുത് എന്ന് ചിന്തിക്കുന്ന നിങ്ങള്‍ക്ക് ഇതില്‍നിന്നും എന്തെങ്കിലും പാഠം ഉള്‍ക്കൊള്ളാന്‍ സാധിക്കുമോ? എല്ലാം തികഞ്ഞവര്‍ എന്ന നിങ്ങളുടെ അമിത ദേശീയതയുടെ രൂഢ ബോധം അതിനു നിങ്ങളെ അനുവദിക്കുമോ? പുഷ്പകവിമാനം ആധുനിക വിമാനത്തിന്റെ പ്രോട്ടോടൈപ്പ് ആണ് എന്ന് വരെ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സില്‍ വന്നു പ്രസംഗിക്കുന്ന ഈ രാമരാജ്യത്തിന് ഇനി മുന്നോട്ട് പോകാന്‍ ഏതു രഥം ആണ് നിങ്ങള്‍ ഒരുക്കി ഇട്ടിട്ടുള്ളത്? പട്ടിണിയില്‍ നിന്നും മുഴുപട്ടിണിയിലേക്ക് വീഴുന്ന ഇന്ത്യന്‍ ജനതയെ, പള്ളികുളത്തില്‍ ദൈവത്തിന്റെ ലിംഗം കണ്ടെത്തിയ അപസര്‍പ്പക കഥകള്‍ പറഞ്ഞു എന്നും ഉറക്കി കിടത്താം എന്നാണോ നിങ്ങള്‍ കരുതുന്നത്? അന്ധവിശ്വാസത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ഹിന്ദുജനതയെ ബോധവത്ക്കരിക്കാന്‍ വേണ്ടി നടത്തുന്ന നവോത്ഥാന ശ്രമങ്ങളെ ഹിന്ദുമതം ഒരു ജീവിത രീതിയാണ് എന്നും പറഞ്ഞു നാക്കില്‍ ശൂലം കുത്തിയിറക്കി നിശ്ശബ്ദനാക്കാന്‍ സാധിക്കും എന്നാണോ നിങ്ങള്‍ കരുതുന്നത്?

താലിബാനിസം ഈ കൊച്ചുകേരളത്തിലും

ഇനി വിഷയത്തിലേക്ക് വരാം. താലിബാനിസം ഉണ്ട്. ലോകത്ത് പലസ്ഥലത്തും ഉണ്ട്. അത് നമ്മുടെ കൊച്ചുകേരളത്തിലും ഉണ്ട്. സംശയലേശമന്യേ സമ്മതിക്കുന്നു. അതിന്റെ വിവിധ വശങ്ങള്‍, കാണാപ്പുറങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ ‘വിസ്മയം പോലെ താലിബാന്‍’ എന്ന് പച്ച മലയാളത്തില്‍ അച്ചടിച്ച് തന്നിട്ടും ഉണ്ട്. താലിബാനിസം ഒരു ആപത്ത് തന്നെ ആണ്. സമ്മതിക്കുന്നു. അതിനുവേണ്ടി സെമിനാര്‍ പോലും നടത്തണം എന്ന് എനിക്ക് തോന്നുന്നില്ല, ഡീ റാഡിക്കലൈസേഷന്‍ ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുക എന്നതാണ് ആകെ ചെയ്യുവാന്‍ ഉള്ളത്. മതേതര ജനാധിപത്യ ബ്ലോക്കിനെ ശക്തിപ്പെടുത്തുക എന്നതാണ് നിര്‍ബന്ധമായും വേണ്ടത്.

പക്ഷെ പ്രശ്‌നം, താലിബാനിസത്തിന്റെ നിര്‍വചനത്തില്‍ ആണ്. താലിബാനിസം നിങ്ങള്‍ക്ക് ഒരു പ്രശ്‌നം ആയത് അത് ഒരു അറബി വാക്കില്‍ നിന്നും ഉത്ഭവിച്ചത് കൊണ്ട് മാത്രം ആണോ? അതോ അത് ഏതെങ്കിലും ഒരു മതത്തെ മാത്രം ചൂണ്ടി കാണിക്കുന്നു എന്നത് കൊണ്ടാണോ? ഇസ്ലാം മുന്നോട്ട് വെക്കുന്ന താലിബാനിസം മാത്രമാണോ നിങ്ങളുടെ പ്രശ്‌നം? എങ്കില്‍ നിങ്ങള്‍ക്ക് കാതലായ ഒരു പരിശ്രമം വേണ്ടതുണ്ട്. നിങ്ങള്‍ താലിബാനിസത്തിനു നല്‍കുന്ന നിര്‍വചനം കൃത്യമായി പറയേണ്ടതുണ്ട്. എന്നാലാണ് ആ താലിബാനിസത്തിന്റെ കാണാപ്പുറങ്ങള്‍ നമുക്ക് വ്യക്തമായി കാണാന്‍ സാധിക്കുകയുള്ളൂ.

നിങ്ങള്‍ ഉദ്ദേശിക്കുന്ന താലിബാനിസം ഇസ്ലാം മത നിയമങ്ങള്‍ സമൂഹത്തില്‍ അടിച്ചേല്‍പ്പിച്ച്, അത് വഴി ഒരു സമൂഹത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാകുന്ന അവസ്ഥയാണോ നിങ്ങള്‍ വിമര്‍ശിക്കുന്ന താലിബാനിസം? വ്യക്തികളുടെ ഭക്ഷണ, വസ്ത്ര, താമസ, സഞ്ചാര, സ്വാതന്ത്ര്യത്തില്‍ ചിലര്‍ കൈകടത്തുന്ന അവസ്ഥ നിങ്ങളുടെ താലിബാനിസത്തിന്റെ നിര്‍വചനം ഉള്‍ക്കൊള്ളുമോ? ഫാഷിസത്തെ നാട്ടില്‍ അടിച്ചേല്‍പ്പിക്കുന്നതാണോ നിങ്ങളുടെ താലിബാനിസം? നമ്മുടെ ആഭ്യന്തര സുരക്ഷയെ തന്നെ ബാധിക്കുന്ന തരത്തില്‍ മുദ്രാവാക്യങ്ങള്‍ കൊലവിളികള്‍ ആയി മാറുന്നതാണോ നിങ്ങളുടെ താലിബാനിസം? ഇതൊക്കെ ഏതു മത പ്രത്യയശാസ്ത്ര അനുയായികള്‍ നടത്തിയാലും അതിനെ താലിബാനിസം എന്ന് വിളിക്കുമോ? കറകളഞ്ഞ സംഘപ്രവര്‍ത്തകനായ പ്രധാനമന്ത്രി മോദിയെ പോലും മൗലാനാ മോദി എന്ന് വിളിക്കുന്ന, ബുള്ളി ബായ്, സള്ളി ഡീല്‍ ആപ്പുകള്‍ വഴി മുസ്ലിം സ്ത്രീകളെ ലേലം ചെയ്യുന്ന alt-right ട്രാഡ്കളെ നിങ്ങള്‍ താലിബാനികള്‍ എന്ന് വിളിക്കുവാന്‍ തയാറാകുമോ?

എങ്കില്‍ ആ താലിബാനിസത്തെ നമ്മുടെ നാട്ടില്‍ നിന്നും കെട്ടുകെട്ടിക്കുന്നതിനു ഇവിടത്തെ ഓരോ പൗരനും ബാധ്യത ഉണ്ട്. മാത്രമല്ല, അതില്‍ ഇവിടത്തെ ഭൂരിപക്ഷ വര്‍ഗീയത വെച്ച് രാമരാജ്യം സ്ഥാപിക്കാന്‍ വേണ്ടി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവര്‍ക്കോ, ന്യൂനപക്ഷ രാഷ്ട്രീയ ലക്ഷ്യം വെച്ച് ഉമറിന്റെ ഭരണം നടപ്പിലാക്കാന്‍ നടക്കുന്നവര്‍ക്കോ ഒരു പങ്കും ഇല്ല എന്ന് ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. കക്ഷത്തില്‍ വര്‍ഗീയ രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ട്, മറ്റൊരു വര്‍ഗീയതയെ ചൂണ്ടികാണിക്കുന്നതിലെ ധാര്‍മികത ഇല്ലായ്മയാണ്, ആ പൊള്ളത്തരമാണ്, അതിനു കാരണമായി എനിക്ക് കാണിക്കാനുള്ളത്. പക്ഷേ, ഭൂരിപക്ഷം എന്ന നിലക്ക്, ഈ വര്‍ഗീയ മാമാങ്കത്തില്‍നിന്നും, ആദ്യം പിന്മാറാന്‍ ഉള്ള സന്മനസ്സ് നിങ്ങള്‍ കാണിക്കും എന്നാണു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നത്. നമുക്ക്, ഇനി കാര്യമായിത്തന്നെ താലിബാനിസത്തിന്റെ കാണാപ്പുറങ്ങള്‍ ഒന്നു ചികഞ്ഞുനോക്കാം.

സ്ത്രീവിരുദ്ധത

സമസ്തയുടെ വേദിയില്‍ നിന്നും ഒരു പെണ്‍കുട്ടിയെ ഇറക്കിവിട്ട സ്ത്രീവിരുദ്ധ നിലപാട് ഇസ്ലാമിക താലിബാനിസം ആയി നിങ്ങള്‍ നിര്‍വചിക്കും എങ്കില്‍, ശബരിമലയില്‍ സ്ത്രീകള്‍ക്ക് അവരുടെ ശാരീരിക പ്രതിഭാസങ്ങളുടെ പേരില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍ ഉയര്‍ത്തി പിടിച്ചു നടപ്പിലാക്കാന്‍ ശ്രമിച്ച ആ സ്ത്രീവിവേചനം ഭരണഘടനക്കും മാനവികതക്കും എതിരായിരുന്നു എന്ന് എന്നെങ്കിലും നിങ്ങള്‍ തുറന്നു സമ്മതിക്കുമോ? അതിനുള്ള ആര്‍ജ്ജവം നിങ്ങള്‍ കാണിക്കുമോ? അതിനുള്ള സത്യസന്ധത നിങ്ങള്‍ക്കുണ്ടോ? താലിബാനിസത്തിന്റെ കാണാപ്പുറങ്ങള്‍ ബീഭത്സം ആണ്.

ബ്രെയിന്‍ ഡ്രയിന്‍

ആഭ്യന്തര വകുപ്പ് ഏറ്റവും ഒടുവില്‍ പുറത്ത് വിട്ട കണക്കുപ്രകാരം, കഴിഞ്ഞ രണ്ടുദശകങ്ങള്‍ക്കുള്ളില്‍തന്നെ ഒരു ലക്ഷത്തിലധികം ആളുകള്‍ ആണ് നിങ്ങളുടെ രാമരാജ്യം ത്യജ്ജിച്ചു സമാധാനവും സന്തോഷവും ഉള്ള സ്ഥലങ്ങള്‍ തേടി പോയത്. അതിന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതിനു കാരണമാകുന്നത്, ആഭ്യന്തര കലാപങ്ങളും, അസമത്വങ്ങളും, വിദ്യഭ്യാസ ഗവേഷണ മേഖലയിലെ മുരടിപ്പും, ഒക്കെ ആണ്. ന്യൂനപക്ഷ- ഭൂരിപക്ഷീയ വര്‍ഗീയ കോമരങ്ങള്‍ തമ്മില്‍ തല്ലിത്തീര്‍ക്കുന്നതിനിടയില്‍ ഇതൊക്കെ പരിഹരിക്കാന്‍ എങ്ങനെ സമയം തികയും? അതേ, വിദ്യാസമ്പന്നരായ യുവാക്കള്‍ ഇന്ത്യവിട്ടുപോകുന്നതിനു തിടുക്കം കാണിക്കുക്കയാണ്. സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ബ്രെയിന്‍ ഡ്രയിന്‍ തടയാന്‍ ഏത് ബ്രഹ്‌മാസ്ത്രം ആണ് നിങ്ങളുടെ ആവനാഴിയില്‍ ഇനി അവശേഷിക്കുന്നത്?

നിങ്ങള്‍ വിഭാവനം ചെയ്യുന്ന എല്ലാം തികഞ്ഞ രാമരാജ്യ സങ്കല്‍പ്പത്തില്‍ ഒട്ടും പ്രതീക്ഷയില്ലാതെ, നിങ്ങള്‍ താലിബാനിസത്തിന് എതിരില്‍ എന്ന പേരില്‍ നാട്ടില്‍ ഉരുട്ടിവിടുന്ന കുഴപ്പങ്ങള്‍ കണ്ട്, ഈ വര്‍ഗ്ഗീയ പോരാട്ടങ്ങള്‍ എന്നെങ്കിലും അവസാനിക്കും എന്ന സ്വപ്നം കുഴിച്ചുമൂടി, മനം മടുത്ത്, യൂറോപ്പിലേക്കും മറ്റു സമാധാനപൂര്‍ണ്ണമായി നിലകൊള്ളുന്ന പാശ്ചാത്യ രാജ്യങ്ങളിലേക്കും ഒഴുകി കൊണ്ടിരിക്കുന്ന നമ്മുടെ ഭാവിയുടെ വാഗ്ധാനങ്ങളായ യുവജനങ്ങള്‍ക്ക് ഒരു പ്രതീക്ഷ കൊടുക്കാന്‍ ഉള്ള എന്ത് ദിവ്യഔഷധം ആണ് നിങ്ങളുടെ കുഞ്ചിയില്‍ ഉള്ളത്? താലിബാനിസത്തിന്റെ കാണാപ്പുറങ്ങള്‍ ഇനിയും ഉണ്ട്.

മുസ്ലിമോഫോബിയ

ന്യൂനപക്ഷമായ, ഇസ്ലാമിന്റെ ഇരകള്‍ ആയ, ഇസ്ലാം എന്തെന്നറിയാത്ത, ജനനംകൊണ്ട് മാത്രം മുസ്ലിം ആയ, ഈ രാജ്യത്തെ മുസ്ലിങ്ങളെ, അവരിലെ സ്ത്രീകളെപോലും, ബലാത്സംഗ ആഹ്വാനങ്ങളും, അധിക്ഷേപങ്ങളും ആയി നിങ്ങള്‍ മുസ്ലിം വിരുദ്ധ നിലപാടുകള്‍ക്ക് വഴിമരുന്നിട്ട് ഒരു ജനവിഭാഗത്തെ മൊത്തം കൊന്നൊടുക്കുന്ന വംശഹത്യയിലേക്ക് വഴിവെക്കുന്നതില്‍ നിങ്ങള്‍ക്ക് പങ്കില്ല എന്ന് ആത്മാര്‍ത്ഥമായി പറയാന്‍ സാധിക്കുമോ? ഇസ്ലാം എന്ന കാടന്‍ ഫാഷിസ്റ്റ് ആശയത്തിന്റെ ഇരകളായ മുസ്ലിങ്ങളെ ശത്രുക്കളായി പ്രതിഷ്ഠിക്കുന്ന, മുസ്ലിമോഫോബിയ അല്ലെങ്കില്‍ മുസ്ലിം വിരുദ്ധത എന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്ന, ഇസ്ലാമില്‍ ഉള്ള നിയമങ്ങള്‍ കാരണം, മതം ഉപേക്ഷിച്ചു പുറത്ത് കടക്കുവാന്‍ പോലും സാധിക്കാത്ത ഇന്ത്യയുടെ ഭാഗമായ ഈ മുസ്ലിങ്ങളെ, രാജ്യദ്രോഹികളായും, പാകിസ്താനിലേക്ക് വണ്ടികേറ്റി വിടേണ്ടവരായും നിങ്ങള്‍ ചിത്രീകരിക്കുകയും, അതുവഴി ‘നിന്റെ പേര് മുഹമ്മദ് എന്നാണോ, നിന്റെ ആധാര്‍ എവിടെ’ എന്ന ധാര്‍ഷ്ട്യത്തോടെ ഉള്ള ചോദ്യങ്ങള്‍ക്കൊടുവില്‍ അടിയേറ്റ് മരിച്ചു വീഴുന്ന ആളുകളെ കണ്ട്, ഭീതിയോടെ ഇവിടെ കഴിയേണ്ടിവരുന്ന അവസ്ഥയില്‍, അതിനുത്തരവാദികളെ ചൂണ്ടിക്കാണിക്കുമ്പോള്‍ ‘അവര്‍ ഞങ്ങളില്‍ പെട്ടവന്‍ അല്ല’ എന്ന സ്ഥിരം ന്യായവൈകല്യവാദം അല്ലാതെ മറ്റെന്തെങ്കിലും ഉത്തരം നിങ്ങളുടെ കൈകളില്‍ ഉണ്ടോ? താലിബാനിസത്തിന്റെ കാണാപ്പുറങ്ങള്‍ തുടര്‍ന്ന് കാണാം.

പശുരാഷ്ട്രീയം

പശുരാഷ്ട്രീയത്തിലേക്ക് വരാം. അത് തുടങ്ങിവെച്ചത് സംഘപരിവാര്‍ ആണ് എന്ന മട്ടിലുള്ള ലിബറലുകളുടെ സ്ഥിരം പൊള്ളവാദം തള്ളിക്കളഞ്ഞു തന്നെ ആണ് എനിക്ക് നിങ്ങളോട് ചില കാര്യങ്ങള്‍ ചോദിക്കാനുള്ളത്. നിലവില്‍ പക്ഷേ, പശു ഒരു രാഷ്ട്രീയ ആയുധം ആയി ഉപയോഗിച്ച് വലിയ നേട്ടങ്ങള്‍ സ്വപ്നം കണ്ടു സമൂഹത്തില്‍ കുഴപ്പങ്ങള്‍ക്ക് വരെ കാരണക്കാരായി ഭവിക്കുന്നതായി കാണുന്നത് നിങ്ങള്‍ ഉള്‍പ്പെടുന്ന വലതുപക്ഷ ഹിന്ദു രാഷ്ട്രീയത്തില്‍ തന്നെ ആണ്. ഇന്ന് ഇന്ത്യഭരിച്ചുകൊണ്ടിരിക്കുന്ന രാമരാജ്യ സ്വപ്നം പേറിനടക്കുന്ന ആളുകള്‍ അധികാരത്തില്‍ വന്നതിനു ശേഷം മാത്രം ഇവിടെ നടമാടിയിട്ടുള്ള പശുവിന്റെ പേരില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതങ്ങളും, അക്രമങ്ങളും, എല്ലാറ്റിനും ഉപരി പശുസംരക്ഷണം എന്നും പറഞ്ഞു പൊതു പണം ദുരുപയോഗം ചെയ്യുന്നതും ഒക്കെ വഴി നിങ്ങള്‍ ഈ ആധുനിക ലോകത്തിനു കൊടുക്കുന്ന സന്ദേശം എന്താണ്? നിങ്ങളുടെ രാമരാജ്യം ഇന്ന് ‘ലിഞ്ചിസ്ഥാന്‍’ എന്നാണ് പുറംലോകത്ത് അറിയപ്പെടുന്നത് എന്ന് നിങ്ങള്‍ക്കറിയുമോ?

നിങ്ങള്‍ ഈ പശു സംരക്ഷണത്തിനായി ചിലവഴിക്കുന്ന കോടികള്‍ ഉണ്ടായിരുന്നു എങ്കില്‍, ഈ കോവിഡ് കാലത്ത് എത്ര മരണങ്ങള്‍ നിങ്ങള്‍ക്ക് തടയാമായിരുന്നു എന്ന് ഒരിക്കല്‍ എങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആ മരിച്ചവരില്‍ നിങ്ങള്‍ സംരക്ഷണം കൊടുക്കും എന്ന് പറഞ്ഞകൂട്ടത്തില്‍ ഉള്ള ഹിന്ദുക്കളും പെടും എന്ന കാര്യം നിങ്ങള്‍ എപ്പോഴെങ്കിലും തമാശക്കെങ്കിലും ഓര്‍ത്തുനോക്കിയിട്ടുണ്ടോ? ചികിത്സയുടെ ഭാഗമായി അത്യന്താപേക്ഷിതമായി ലഭ്യമാക്കേണ്ട പ്രാണവായു പോലും ലഭിക്കാതെ വന്നപ്പോള്‍, നിരാശരായി, ശ്മശാനത്തിലേക്ക് നടന്നുചെന്ന്, തന്റെ ഊഴം എത്തുമ്പോള്‍ സ്വയം എരിഞ്ഞടങ്ങേണ്ടിവന്നവരായി തീര്‍ന്നവര്‍ നിങ്ങള്‍ക്ക് എന്നെങ്കിലും മാപ്പ് തരും എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? താലിബാനിസത്തിന്റെ കാണാപ്പുറങ്ങള്‍ തുടരുന്നു.

ദളിത് വിരുദ്ധത

നിങ്ങള്‍ സദാ ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന ആ ബ്രാഹ്‌മണിക്കല്‍ മേല്‍ക്കോയ്മയുടെ വിഷപ്പല്ല് ഉണ്ടല്ലോ, അത് ദളിതുകളുടെ മുന്നില്‍ എത്തുമ്പോള്‍ അവരെ ഹിന്ദുക്കളായി പോലും ഗണിക്കാന്‍ അറക്കുന്ന തലത്തിലേക്ക് പുറത്ത് ചാടുന്ന അവസ്ഥയോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കും? ദളിത് വിരുദ്ധതയും, ദളിത് പീഡനങ്ങളും, താലിബാനിസം ആയി നിങ്ങള്‍ കാണുമോ? നിങ്ങളുടെ താലിബാനിസത്തിന്റെ നിര്‍വചനത്തില്‍ അത് എന്നെകിലും പെടുമോ? താലിബാനിസത്തിന്റെ കാണാപ്പുറങ്ങള്‍ ഭീകരമാണ്.

പട്ടിണി

ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഗ്‌ളോബല്‍ ഹങ്കര്‍ ഇന്‍ഡക്‌സ് പ്രകാരം, നിങ്ങള്‍ ഏതുനേരവും മുസ്ലിം വിരുദ്ധത മൂത്ത് മുസ്ലിങ്ങളോട് ഓടിപ്പോകാന്‍ പറയുന്ന പാകിസ്ഥാന്‍ രാമരാജ്യത്തിനും മുകളില്‍ ആണ് ഉള്ളത് എന്ന് അറിയാമോ? പട്ടിണികൊണ്ട് പൊറുതിമുട്ടിയ ഏതെങ്കിലും ഒരു ഹിന്ദു ഇനി അഥവാ പാക്കിസ്ഥാനിലേക്കോ ബംഗ്ലാദേശിലേക്കോ കുടിയേറിപാര്‍ക്കാന്‍ തീരുമാനിച്ചാല്‍, പോകരുത് എന്ന് പറയാന്‍ തീവ്രദേശീയതാ സങ്കല്‍പം അഞ്ചായി കീറി ഉപ്പിട്ട് പുഴുങ്ങി ഉണക്കിയെടുത്തതല്ലാതെ വേറെ എന്തെങ്കിലും ഉണ്ടാകുമോ നിങ്ങളുടെ കയ്യില്‍? രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന, ലോകത്തിനു മുന്നില്‍ ഭാരതമാതാവിന് സാരിതലപ്പകൊണ്ട് മുഖംമറച്ച് പതുങ്ങി നടക്കേണ്ടി വരുന്ന ഈ പട്ടിണി മാറ്റാന്‍ ഉള്ള രാഷ്ട്രീയ ചാണക്യസൂത്രം അവതരിപ്പിക്കാന്‍ ഉള്ള മുഹൂര്‍ത്തം കുറിക്കാന്‍, ഏത് കണിയാരെ ആണ് കാത്തിരിക്കുന്നത്?

അഴിമതി

ഏഷ്യാപസിഫിക് രാജ്യങ്ങളില്‍ വെച്ച് അഴിമതിക്കാര്യത്തിലും രാമരാജ്യം പ്രഥമസ്ഥാനം നിലനിര്‍ത്തിപോരുന്ന കാര്യം നിരന്തരം നമ്മെ അറിയിക്കുന്നുണ്ട് ട്രാന്‍സ്പിരസന്‍സി ഇന്‍ര്‍നാഷണല്‍ എന്ന സ്ഥാപനം. അതില്‍ ഇന്ത്യയിലെ ശോകമായ ആ അവസ്ഥക്ക് കാരണമായി അതേ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ ആണ്:

‘The case of India is particularly worrying. While the country’s score has remained stagnant over the past decade, some of the mechanisms that could help reign in corruption are weakening. There are concerns over the country’s democratic status, as fundamental freedoms and institutional checks and balances decay. Journalists and activists are particularly at risk and have been victims of attacks by the police, political militants, criminal gangs and corrupt local officials. Civil society organisations that speak up against the government have been targeted with security, defamation, sedition, hate speech and contempt-of-court charges, and with regulations on foreign funding.’ – Corruption Perceptions Index 2021 FOR ASIA PACIFIC, Jan, 2022, Global Transparency International.

രാമരാജ്യവക്താക്കള്‍ക്ക് ഇതില്‍പ്പറഞ്ഞ കാര്യങ്ങള്‍, അക്രമവും ഫാഷിസവും, താലിബാനിസമായി അല്‍പ്പമെങ്കിലും അനുഭവപ്പെടുന്നുണ്ടോ? ഇത് പ്രത്യക്ഷ്യപ്പെടുന്നത് അഫ്ഗാനില്‍ ആയാലും, രാമരാജ്യത്തില്‍ ആയാലും എതിര്‍ക്കപ്പെടേണ്ടതാണ് എന്ന് ചെറുതായെങ്കിലും തോന്നുന്നുണ്ടോ? ഇതെവിടെ ആണോ ഉള്ളത്, അവിടം ഗുണംപിടിക്കില്ല എന്ന ബോധ്യം അല്പം എങ്കിലും ഉണ്ടാവുന്നുണ്ടോ? താലിബാനിസത്തിന്റെ കാണാപ്പുറങ്ങള്‍ വീണ്ടും നമുക്ക് തേടാം. കുറച്ചുകൂടെ ഭീകരമായത്.

മാധ്യമ സ്വാതന്ത്ര്യം

മാധ്യമസ്ഥാപനങ്ങളില്‍ മുന്‍കൂര്‍ എഴുതി അനുമതി വാങ്ങിയ സംഗതികള്‍ മാത്രം വായിക്കുന്നതാണ് താലിബാനിസം എന്ന് നിങ്ങള്‍ക്ക് നിര്‍വചിക്കാം എങ്കില്‍, ഇന്ന് രാമരാജ്യം പോയിക്കൊണ്ടിരിക്കുന്നത് ആ ഘട്ടത്തിലേക്കാണ്. മെയ് മൂന്നിന് ഇറങ്ങിയ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു:

”The violence against journalists, the politically partisan media and the concentration of media ownership all demonstrate that press freedom is in crisis in the world’s largest democracy, ruled since 2014 by Prime Minister Narendra Modi, the leader of the Bharatiya Janata Party (BJP) and the embodiment of the Hindu nationalist right,’ the report said.
’13 journalists are currently behind bars in India and one has been killed since January this year. Various independent reports said that 55 journalists had been arrested, booked and threatened for reporting on COVID-19 during the pandemic.’ – Reporters Sans Frontiers, World Press Freedom Index, May 3, 2022

താലിബാനിസം ജനാധിപത്യത്തിന്റെ നാലാംതൂണ് ഒരു ബുള്‍ഡോസര്‍കണക്കെ ഇടിച്ചു നിരത്തികൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മള്‍ ഇപ്പൊ കണ്ടത്. ഇനി ജനാധിപത്യത്തിന്റെ മൂന്നാം തൂണായ ജുഡീഷ്യറിയുടെ കാര്യമോ?
താലിബാനിസം അവിടെയും പിടിമുറുക്കിയിരിക്കുന്നു. ജഡ്ജിമാര്‍ നേരിട്ട് വന്നു പൊതുവേദയില്‍ അതേക്കുറിച്ചു ലോകത്തോട് വിളിച്ചുപറഞ്ഞിട്ട് അധികം നാളായിട്ടില്ല എന്നത് ഓര്‍മ്മയുണ്ടോ? അതെ, അവരും നമ്മെ അറിയിക്കാന്‍ ശ്രമിച്ചത് ജനാധിപത്യം നേരിടുന്ന വെല്ലുവിളിയെക്കുറിച്ചു തന്നെ ആണ്.

തിരഞ്ഞെടുപ്പ്

അവസാനമായി, ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആയുധമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ തന്നെ അപ്രസക്തമാക്കുന്ന തരത്തില്‍ കുതിരക്കച്ചവടം പതിവാക്കിയത് ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നുണ്ടോ? ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെയുള്ള ഭീഷണി താലിബാനിസം സൃഷ്ടിക്കുന്ന ഒരു ആഭ്യന്തര ഭീഷണി ആണെങ്കില്‍, ഇപ്പറഞ്ഞത് ആ ഗണത്തില്‍ ഉള്‍പെടുത്താന്‍ നിങ്ങള്‍ തയാറാണോ?
ചുരുക്കിപ്പറഞ്ഞാല്‍, രാമരാജ്യത്തെ താലിബാനിസത്തിന്റെ കാണാപ്പുറങ്ങള്‍ നമുക്ക് അധികം കണ്ടു നില്‍ക്കാന്‍ സാധിക്കില്ല.

താലിബാനിസം, അതേത് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ആയാലും ശരി, അത് മതേതരത്വത്തിനും ജനാധിപത്യത്തിനും നേരെ ഉള്ള വെല്ലുവിളി ആണ്. മനുഷ്യാവകാശങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണ്. വ്യക്തിസ്വാതന്ത്ര്യത്തിനും ലിബറല്‍ മൂല്യങ്ങള്‍ക്കും നേരെയുള്ള വെല്ലുവിളി ആണ്. നമ്മുടെ ഭരണഘടനയെ തന്നെയാണ് അത് നേരിട്ട് വെല്ലുവിളിക്കുന്നത്. അത് വെറും ഹിന്ദുവിന്റെയും മുസ്ലിമിന്റെയും പ്രശ്‌നമായി, രവിയുടെയും ഉസ്മാന്റെയും മാത്രം പ്രശ്‌നമായി ദയവായി ചുരുക്കിക്കെട്ടരുത് എന്നാണ് വിനീതമായി സ്‌നേഹത്തിന്റെ ഭാഷയില്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കാനുള്ളത്. താലിബാനിസത്തെ നേരിടാന്‍ എന്ന പേരില്‍ ഇവിടെ നടക്കുന്ന മുതലെടുപ്പുകളെ, അതിന്റെ പേരില്‍ മുസ്ലിംവിരുദ്ധത ഇളക്കിവിട്ട് മുസ്ലിംഫോബിയ ഉണ്ടാക്കി വെച്ച്, സ്വന്തം പേര് പോലും ഉറക്കെ പറയാന്‍ പറ്റാത്ത അവസ്ഥയിലേക്ക് ഇവിടത്തെ സാധാരണ ജനജീവിതം എത്തിക്കുന്നതിനെ ഏതുവിധേനയും ജനാധിപത്യ രീതിയില്‍ തന്നെ എതിര്‍ക്കുവാന്‍ ഈ രാജ്യത്തിന്റെ കാവലാള്‍ ആയി സ്വാതന്ത്രചിന്തകര്‍ ഇവിടെ ഉണ്ടാകും.

നിഷ്പക്ഷരായ ജനങ്ങളെ ധ്രുവീകരിക്കാനുള്ള ശ്രമങ്ങള്‍ നഖശിഖാന്തം എതിര്‍ക്കപെടും. അതാണ് യഥാര്‍ത്ഥ രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തനമായി എന്നും ഗണിക്കപ്പെടുക.


About Arif Hussain Theruvath, BHMS (FORMER HOMEOPATHIC CONSULTANT)

View all posts by Arif Hussain Theruvath, BHMS (FORMER HOMEOPATHIC CONSULTANT) →

Leave a Reply

Your email address will not be published. Required fields are marked *