സ്വതന്ത്രചിന്തകര്‍ക്ക് വിലക്കപ്പെട്ട സ്ഥലങ്ങളോ ഹറാമായ മനുഷ്യരോ ഇല്ല; എന്തു പറയുന്നു എന്നതാണ് പ്രധാനം; സി രവിചന്ദ്രന്‍ എഴുതുന്നു


”കട്ട വിശ്വാസികളോട് കലര്‍പ്പില്ലാതെ നിരീശ്വരവാദം കനിവോടെ പറയാമെങ്കില്‍ ഒരു സ്വതന്ത്രചിന്തകന് ആര്‍എസ്എസ്, മുസ്‌ലീംലീഗ്, എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി, കാസ, കമ്യൂണിസ്റ്റ് വേദികളില്‍പോയി വെളുക്കുവോളം അതേ കാര്യംപറയാം. മതവെറിയരുമായി അഭിമുഖം നടത്തി വീഡിയോ കണ്ടന്റ് ഉണ്ടാക്കാം, ഭിന്ന അഭിപ്രായക്കാരുമായി സംവദിക്കാം. അവരും പ്രതിലോമ വിശ്വാസങ്ങളുടെ ഇരകളാണ്. അവരുടെ വിശ്വാസവൈകല്യങ്ങള്‍ കഴിയുന്നത്ര ദുര്‍ബലപ്പെടട്ടെ.”- സി രവിചന്ദ്രന്‍ എഴുതുന്നു
ഗംഗയും ശ്രീദേവിയും

”വിശ്വാസികളെ വഴിതെറ്റിക്കാന്‍ നാസ്തികസംഘം സംഘടിതശ്രമം നടത്തുകയാണെന്ന് തൃശൂര്‍ അതിരൂപത (Thrissur Archdiocese) മെത്രാപ്പൊലീത്ത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് (Mar Andrews Thazhath). ഇത് മൂലം സഭ ഉപേക്ഷിക്കുന്നുവരുടെ എണ്ണം കൂടിയെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസമില്ലാത്തവരെ ഒന്നിച്ചുകൂട്ടുന്ന സംഘം സജീവമാണ്? അവര്‍ വിശ്വാസമുള്ളവരെയും കൂടെകൂട്ടുന്നു. പെണ്‍കുട്ടികളും അതില്‍ പെട്ടുപോയിട്ടുണ്ട്'(https://malayalam.news18.com/…/atheist-influence…). ബിഷപ്പിന്റെ ആകുലത അതിശയോക്തിപരമാണ്. സൂചിപ്പിക്കപ്പെടുന്ന നാസ്തികസംഘം ഏതാണെന്നും അറിയില്ല. ആരെങ്കിലുമാകട്ടെ, വാര്‍ത്ത ശരിയാണെങ്കില്‍ വിശ്വാസികള്‍ അവിശ്വാസികളെ കൂടെ കൂട്ടാന്‍ പാടില്ലെന്നും അവര്‍ പരസ്പരം ഒഴിവാക്കണമെന്നും ഈ പുരോഹിതന്‍ ആഴത്തില്‍ വിശ്വസിക്കുന്നുണ്ട്.

വിശ്വാസികളായ പെണ്‍കുട്ടികള്‍ നാസ്തികരുമായി ഇടപഴകുന്നത് ‘പരമാവധി പാപ’മായി ഇദ്ദേഹം വിലയിരുത്തുന്നു. ഗോത്രീയസങ്കുചിതത്വം ഭരിക്കുന്ന ലോകവീക്ഷണമാണിത്. പുരഷന്‍മാരെക്കാള്‍ പെണ്‍കുട്ടികളെ കുറിച്ചുള്ള ഈ അമിതആധി പുരുഷാധിപത്യ-സദാചാരവാദത്തിന്റെ പുളിച്ചുതേട്ടല്‍ തന്നെ. നാസ്തികത വര്‍ജ്യമാണ് എന്നദ്ദേഹം പറഞ്ഞാല്‍ അതിനെ ആശയപോരാട്ടത്തിലെ കരുതലായി കാണാം. എന്നാല്‍ മനുഷ്യര്‍ തമ്മില്‍ അകലണമെന്നും ഇടകലരുതെന്നും പറയണമെങ്കില്‍ മതാന്ധ്യം മാത്രമല്ല ദുസ്സഹമായ ഗോത്രബോധവും ടിയാനെ തളര്‍ത്തുന്നുണ്ട്. മതസംരക്ഷകരും സ്വത്വവാദികളും ആശയസമരം അവഗണിക്കും, പകരം മനുഷ്യര്‍ക്കെതിരെ തിരിയും. അതേസമയം, തിരിച്ച്, തങ്ങളുടെ ആശയത്തിനെതിരെ (ie their chakkara beliefs) സംസാരിക്കുന്നവരെല്ലാം പ്രസ്തുത ആശയംപേറുന്ന മനുഷ്യര്‍ക്കെതിരെയാണെന്ന് സ്ഥാപിക്കും. ഈ ഈയാഗോപ്പണി ഒരു പരമ്പരാഗത മതവിനോദമാണ്.

(3) ഉദാഹരണമായി, ഇസ്ളാം ഇല്ലാതെ മുസ്ളിം ഉണ്ടോ, ഇസ്ളാമിനെ വിമര്‍ശിക്കുമ്പോള്‍ മുസ്ളിങ്ങള്‍ക്ക് നോവില്ലേ എന്നൊക്കെയുള്ള മതാകുലതകള്‍ ചോദ്യ രൂപത്തില്‍ പറത്തി വിടുന്നവരുണ്ട്. എല്ലാത്തരം വിമര്‍ശനങ്ങളില്‍നിന്നും പരിഷ്‌കരണത്തില്‍നിന്നും സ്വമതത്തെ സംരക്ഷിച്ചുകൊള്ളാം എന്ന കരാര്‍ രഹസ്യമായി ഏറ്റെടുത്തവരാണവര്‍. രോഗമില്ലാതെ രോഗിയുണ്ടോ, ലഹരി വിരുദ്ധചികിത്സ ലഹരിയടിമകളെ വേദനിപ്പിക്കില്ലേ എന്നൊക്കെ അവര്‍ അന്വേഷിക്കാറുണ്ടോ? ഇല്ല. നുമ്മ ചക്കരമതം കല്‍പ്പാന്തകാലം പരിഷ്‌കരണരഹിതമായി തുടരണം എന്ന അത്യാഗ്രഹം മാത്രമണവരുടെ കരുത്ത്.

സമസ്ത പുരോഹിതന്‍ പെണ്‍കുട്ടിയെ പൊതുവേദിയില്‍ വെച്ച് അപമാനിക്കുമ്പോള്‍ പ്രസ്തുത മതപ്പണിക്കാരനെ വ്യക്തിപരമായി വേട്ടയാടി ഇസ്ളാം എന്ന സോഫ്റ്റ് വെയറിനെ ഭദ്രമാക്കുന്നതും ഒരുവന്‍ മതപ്രചോദിതമായി നായയെ കെട്ടിവലിക്കുമ്പോള്‍ കെട്ടിവലിക്കുന്നവന്റെ മണ്ടയ്ക്ക് കയറി മതസാഹിത്യത്തിലെ മാലിന്യവാദത്തെ സംരക്ഷിക്കുന്നതും ലക്ഷണമൊത്ത മതപ്പണി തന്നെ. മതസാഹിത്യവിമര്‍ശനം വിശ്വാസികളായ മനുഷ്യര്‍ക്ക് എതിരെയുള്ള നീക്കമാണ് എന്ന വാദം ആംബുലന്‍സില്‍ മയക്കുമരുന്ന് കടത്താന്‍ വെമ്പുന്നവന്റെ കുടിലവാദമാണ്. സോഫ്റ്റ് വെയറില്‍ നായവിരോധം എന്ന പ്രോഗ്രാം ഇല്ലേ? ഉണ്ട്, പക്ഷെ ‘എല്ലല്ലല്ലല്ലാവരും’ അത് പിന്തുടരുന്നില്ലല്ലോ. ഉണ്ടെന്ന് ആരും പറയുന്നില്ലല്ലോ. ടിക് ബോക്സിലെ മുഴുവന്‍ കോളങ്ങളും നിറയ്ക്കാതെ, മൊത്തം ഫയലുകളും ഇന്‍സ്റ്റാള്‍ ചെയ്യാതെ, അവശ്യം വേണ്ടവ മാത്രം ഉപയോഗിക്കുന്ന ഉപഭോക്താക്കളില്ലേ? അപ്പോള്‍ ഒരു ടോക്സിക് സോഫ് റ്റ് വെയറിന് എതിരായ വിമര്‍ശനം അതുപയോഗിക്കുന്ന ‘എല്ലാവര്‍ക്കും’ എതിരായുള്ള വിമര്‍ശനം ആകുന്നതെങ്ങനെയാണ്? ആക്കുന്നതെന്തിനാണ്?

പുകവലിയെ ഇകഴ്ത്തുമ്പോള്‍ പുകവലിക്കാര്‍ക്ക് പൊള്ളുമോ? മദ്യത്തിന്റെ ദൂഷ്യവശത്തെ കുറിച്ച് പറഞ്ഞാല്‍ മദ്യപര്‍ തലകറങ്ങി വീഴുമോ? മയക്കുമരുന്നുകള്‍ക്കെതിരെ സംസാരിച്ചാല്‍ ലഹരി അടിമകളുടെ രോഷഗ്രന്ഥികള്‍ തിളച്ചു പൊന്തുമോ? ഉത്തരം അതേ എന്നാണെങ്കില്‍ അത്തരം ലഹരികളോട് നിങ്ങള്‍ അഗാധമായ വിധേയത്വം സൂക്ഷിക്കുന്നു എന്ന വിലക്ഷണ യാഥാര്‍ത്ഥ്യം തിരിച്ചറിയേണ്ടതുണ്ട്. നായയെ കെട്ടിവലിക്കുമ്പോള്‍ കെട്ടിവലിക്കുന്നവനെതിരെയും പെണ്‍കുട്ടിയെ അപമാനിക്കുമ്പോള്‍ പുരോഹിതനെതിരയും ആക്രോശിക്കുന്നവര്‍ ‘ഗംഗ’യല്ല ‘ശ്രീദേവി’യാണ് രോഗിയെന്ന് സ്ഥാപിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ചവരാണ്. If the clergy is bad, they are their DAD!

ആശയപോരാട്ടത്തെ വ്യക്തിനിഷ്ഠമാക്കി, ദുഷിച്ച ആശയങ്ങളെ സംരക്ഷിക്കാനുളള കുടിലതന്ത്രം നിങ്ങള്‍ കരുതുന്നതിലും സുതാര്യമാണ്. നിങ്ങളൊഴികെ എല്ലാവര്‍ക്കും അത് കാണാനാവുന്നുണ്ട്. പന്തിനടിക്കാതെ കാലിനടിക്കാനും സംസാരിച്ച് തീര്‍ക്കാതെ കഴുത്തിന് പിടിക്കാനുമാണ് നിങ്ങള്‍ക്ക് താല്പര്യം. മതവിശ്വാസികള്‍പോലും ഈ ഹീന തന്ത്രം ഒഴിവാക്കും. ‘ഇസ്ലാമിന് എതിരെയുള്ള വിമര്‍ശനം മുസ്ളിങ്ങള്‍ക്കെതിരെ ആണെന്ന് വരുത്തി തീര്‍ക്കുന്നത് ‘കിടയറ്റ ദാവാ പ്രവര്‍ത്തനമായി കാണാം. ആശയവിമര്‍ശനം മതവിശ്വാസികള്‍ക്കെതിരെയുള്ള നീക്കമായി വ്യാഖ്യാനിച്ച് അവരെ വൈകാരികമായി പ്രകോപിക്കാനും കുത്തിതിരിപ്പുണ്ടാക്കാനും ശ്രമിക്കുമ്പോള്‍ ഭൂരിപക്ഷം വിശ്വാസികളും അത്തരം കുതന്ത്രങ്ങള്‍ക്ക് കീഴടങ്ങാത്തതില്‍ നിങ്ങള്‍ക്ക് കുണ്ഠിതമുണ്ടോ? വിശ്വാസികളെ വിലയിടിച്ചു കാണുന്നതിന് ലഭിക്കുന്ന ശിക്ഷയായി കണ്ട് സ്വയം സമാശ്വസിക്കുക. പുരോഗതിയോ പരിഷ്‌കരണമോ ഇല്ലാതെ, ആന്ധ്യങ്ങള്‍ ദുര്‍ബലപെടാതെ, വെറി കുറയാതെ ചക്കരമതം എക്കാലവും ബര്‍ത്ത്ഡേ സ്യൂട്ടില്‍ നിലകൊള്ളണം എന്ന നിങ്ങളുടെ ചീഞ്ഞ കുടിലതയുമുണ്ടല്ലോ അതിന്റെ വില സിംബാബെ ഡോളറില്‍ മാത്രം കണക്കാക്കപെടേണ്ടതാണ്.

നാസ്തികര്‍ മതപരവും മതേതരവുമായ എല്ലാത്തരം ഡോഗ്മകളില്‍നിന്നും മോചിതരാകണം. വീക്ഷണം വസ്തുനിഷ്ഠവും, ചിന്ത സ്വതന്ത്രവും, തെളിവുകള്‍ പ്രധാനവും ആയിരിക്കണം. നാസ്തികത ആശയപരമാണ്. Atheism എന്ന വാക്കിലെ a കളഞ്ഞാല്‍ അത് theism ആയി. അതായത് നാസ്തികത മതവിപരീതമാണ്, മതവിരുദ്ധമാണ്. എപ്പോഴൊക്കെ നാസ്തികതയ്ക്ക് എതിരാകുന്നുവോ അപ്പോഴെല്ലാം നിങ്ങള്‍ മതത്തിന് വേണ്ടി ബാറ്റ് ചെയ്യുകയാണ്. നാസ്തികതയെ എതിര്‍ക്കാന്‍ നിങ്ങള്‍ നാസ്തികരെ ആക്രമിക്കുന്നുവെങ്കില്‍ നിങ്ങള്‍ പൗരോഹിത്യത്തിന്റെ വാലാണ്. നാസ്തികത മതാന്ധ്യങ്ങളുടെ വിമര്‍ശനപദ്ധതിയാണ്. അത് വിശ്വാസികളെ മതത്തിന്റെ ഇരകളായി മാത്രം കാണുന്നു. ഏതൊരു മതവിശ്വാസിയും അതാത് മത സോഫ്റ്റ് വെയറിന്റെ ഇരകളാണ് എന്ന് പ്രസംഗിക്കാന്‍ തുടങ്ങിയട്ട് വര്‍ഷം പത്ത് കഴിഞ്ഞു. 2016 ലെ ‘ഇസ്ലാമോഫോബിയ’എന്ന പ്രഭാഷണത്തില്‍ ഇസ്ലാമിന്റെ ഇരകളാണ് മുസ്ലിങ്ങള്‍ എന്ന കാര്യം ആവര്‍ത്തിക്കുന്നുണ്ട്. പക്ഷെ ഇസ്ലാം വിമര്‍ശനം മുസ്ളിങ്ങള്‍ക്കെതിരെയാണ് എന്ന് സ്ഥാപിക്കന്‍ കുത്തിതിരിപ്പ് ജന്മങ്ങള്‍ അന്നുമിന്നും ശ്രമിക്കുന്നുണ്ട്. It is an incurable disea-se.

ഈ എരിവ് കയറ്റല്‍ സംഘത്തിന്റെ ഇരട്ടത്താപ്പ് കൂടുതല്‍ പ്രകടമാകുന്നത് ‘ഹിന്ദുത്വവിമര്‍ശനം’ ഹിന്ദുമതവിശ്വാസത്തിനെതിരെ അല്ലെന്ന് വാദിച്ച് കുത്തിമറിയുമ്പോഴാണ്. ഹിന്ദുത്വയും ഹിന്ദുമതവിശ്വാസവും രണ്ടാണത്രെ! ഇസ്ലാമും പൊളിറ്റിക്കല്‍ ഇസ്ലാമും രണ്ടാണെന്ന വാദിക്കുന്ന പോലെയാണിത്. Islam is political. പൊളിറ്റിക്കല്‍ ഇസ്ലാം എന്ന പ്രയോഗം പഞ്ചസാര (മധുരമുള്ളത്) എന്ന പ്രയോഗത്തിന്റെ അനുകരണംമാത്രം. ‘ഹിന്ദുത്വവിമര്‍ശനം’ ഹിന്ദുമത വിശ്വാസവിമര്‍ശനം തന്നെ. ശിവലിംഗത്തെയും ഗോസംരക്ഷണത്തെയും ചാണകമഹത്വത്തെയും കളിയാക്കുമ്പോള്‍ നിങ്ങള്‍ കയറി അടിക്കുന്നത് ഹിന്ദുക്കളുടെ ചക്കര വിശ്വാസങ്ങളെ തന്നെയാണ്. ഹിന്ദുമതവിശ്വാസങ്ങള്‍ മിക്കതും അന്ധവിശ്വാസജഡിലങ്ങളാണ്. അവ ഉപാധികളില്ലാതെ വിമര്‍ശിക്കപ്പെടണം, പരിഷ്‌കരിക്കപെടണം. പക്ഷെ അങ്ങനെ ചെയ്യുമ്പോള്‍ അത് ‘ഹിന്ദുക്കള്‍ക്ക് എതിരെയുള്ള നീക്ക’മായി ആരെങ്കിലും വ്യാഖ്യാനിച്ചാല്‍ അവരെ മതപ്പണിക്കാരെന്ന് അക്ഷരം തെറ്റാതെ വിളിക്കണം. ഹിന്ദുക്കള്‍ പരിഷ്‌കരിക്കപെടരുത് എന്ന് അന്യായമായി ആഗ്രഹിക്കുന്നവരാണവര്‍. They want to see this society become darker than their mindsets are.

മനുഷ്യരെ വെറുത്തും ഒഴിവാക്കിയും ഊരുവിലക്കിയും ബഹിഷ്‌കരിച്ചും പറയുന്ന ഏതൊരു ആദര്‍ശവും കെട്ടതാണ്. They are inhuman and toxic. ഉപാധികളില്ലാതെ മനുഷ്യരെ കൂടെ കൂട്ടണം. മനുഷ്യരുള്ളിടത്തെല്ലാം, നിയമം അനുവദിക്കുന്നിടത്തോളം, പോകണം, ഇടകലരണം, കൊടുക്കണം-വാങ്ങണം. ആര്‍എസ്എസ്‌കാരും എസ്ഡിപിഐക്കാരും കാസക്കാരും യുക്തിവാദികളുംകൂടി കേള്‍ക്കാന്‍ വേണ്ടിയാവണം സ്വതന്ത്രചിന്തകന്‍ സംസാരിക്കേണ്ടത്. സത്യത്തില്‍ അവരാണ് ശ്രദ്ധിക്കേണ്ടത്. എക്കോ ചേമ്പറുകളിലെ കസര്‍ത്തുകള്‍ക്ക് വമ്പന്‍ പരിമിതികളുണ്ട്. പുറത്തേക്ക് ഒഴുകണം. മനുഷ്യര്‍ക്കിടയില്‍ മാലാഖമാരും പിശാചുക്കളും ഇല്ലെന്ന് തിരിച്ചറിയണം. സ്വതന്ത്രചിന്തകരായ നാസ്തികര്‍ക്ക് വിലക്കപെട്ട സ്ഥലങ്ങളോ ഹറാമായ മനുഷ്യരോ ഇല്ല. പള്ളിയിലും അമ്പലത്തിലും മോസ്‌കിലും ചന്തയിലും ബഹിരാകാശത്തും കടന്നുചെല്ലാം. ഇഷ്ടപെട്ട ഏതാഹാരവും കഴിക്കാം, ഏത് വസ്ത്രവും ധരിക്കാം. എവിടെ ചെന്നാലും എന്തു ചെയ്യുന്നു-എന്തു പറയുന്നു എന്നതാണ് വിഷയം. വിപ്ലവ ലഹരിക്കടിപെട്ട് ക്ഷേത്രക്കമ്മറ്റിയിലേക്ക് ഇരച്ചുകയറി എട്ടുനിലയില്‍ കുറിയിട്ട് പുറത്തുചാടുന്ന നാലാംമതക്കാരനെ അനുകരിക്കാതിരുന്നാല്‍ മതിയാകും.

നമ്മുടെ സമൂഹം ഏറെ മാറേണ്ടതുണ്ട്. പാര്‍ട്ടി ഗ്രാമങ്ങളിലെ അവസ്ഥ വ്യാപിക്കുന്നതിനോട് യോജിപ്പില്ല. അവനോട് മിണ്ടരുത്, വീട്ടില്‍പോകരുത്, ജോലി സ്വീകരിക്കരുത്, കല്യാണം കഴിക്കരുത്, കാണുമ്പോള്‍ തുറിച്ച് നോക്കണം, ചെയ്യുന്നതിനെയെല്ലാം താറടിക്കണം….ഇത്യാദി ഗോത്രീയ വ്യായാമങ്ങള്‍ക്കൊന്നും ഹ്യുമനിസത്തില്‍ സ്ഥാനമില്ല. അവിടെ മനുഷ്യനാണ് പ്രധാനം. സ്വതന്ത്രചിന്തകര്‍ക്ക് ഫത്വകള്‍ ഹറാമാണ്. എല്ലാത്തരം പുരോഹിതരെയും കേശുവമ്മാവന്‍മാരെയും മൊത്തമായും ചില്ലറയായും നിരാകരിക്കുന്ന ചിന്താരീതിയാണത്. വ്യക്തിയുടെ പരമാധികാരം ആഘോഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം തീട്ടൂരങ്ങളും വാറോലകളും അപ്രസക്തമാണ്. കട്ട വിശ്വാസികളോട് കലര്‍പ്പില്ലാതെ നിരീശ്വരവാദം കനിവോടെ പറയാമെങ്കില്‍ ഒരു സ്വതന്ത്രചിന്തകന് ആര്‍എസ്എസ്, മുസ്‌ലീംലീഗ്, എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി, കാസ, കമ്യൂണിസ്റ്റ് വേദികളില്‍പോയി വെളുക്കുവോളം അതേ കാര്യംപറയാം. മതവെറിയരുമായി അഭിമുഖം നടത്തി വീഡിയോ കണ്ടന്റ് ഉണ്ടാക്കാം, ഭിന്ന അഭിപ്രായക്കാരുമായി സംവദിക്കാം. അവരും പ്രതിലോമ വിശ്വാസങ്ങളുടെ ഇരകളാണ്. അവരുടെ വിശ്വാസവൈകല്യങ്ങള്‍ കഴിയുന്നത്ര ദുര്‍ബലപ്പെടട്ടെ. ആര്‍എസ്എസ് കാരനും ലീഗുകാരനും നാലാംമതക്കരാനും സ്വതന്ത്രചിന്തകാനാകാന്‍ വിലക്കില്ല, അതുകൊണ്ടുതന്നെ അവരോട് സംസാരിക്കാനും മടിക്കേണ്ടതില്ല. ലക്ഷ്യം ഗംഗയുടെ രോഗശമനമാണ്, ശ്രീദേവിയുടെ ബന്ധനമല്ല. ഗംഗയെ ചികിത്സിക്കുക, ശ്രീദേവിയെ തുറന്നുവിടുക.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *