രോഗ നിര്‍ണ്ണയം വെറും എം.ബി.ബി.എസില്‍ നിന്ന് തുടങ്ങൂ; നിഷാദ് കൈപ്പള്ളി എഴുതുന്നു


”ജനനം, മുതല്‍ മരണം വരെ ഒരു ശരാശരി മനുഷ്യന് സാധാരണ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്കും വേണ്ടി നമ്മള്‍ ആദ്യം കാണേണ്ടത് ഒരു GPയെ (General Physician) ആണ്. ശരീരത്തിന്റെ എല്ല ഭാഗങ്ങളെക്കുറിച്ചും ധാരണയുള്ള വ്യക്തിയാണ് GP. ചില ഗ്രാമീണ സര്‍ക്കാര്‍ ആശുപത്രികളില്‍, ഒരു ആഴ്ച തന്നെ ആയിരക്കണക്കിനു രോഗികളെ കാണുന്ന വ്യക്തി. പ്രദേശത്ത് ഉണ്ടാകാന്‍ സാദ്ധ്യതയുള്ള എല്ലാ പകര്‍ച്ചവ്യാധികളെ കുറിച്ചും ധാരണയുള്ള ആള്‍. ഈ അറിവിനെ മറികടന്നാണ് സ്‌പെഷ്യലിസ്റ്റിനെ കാണാന്‍ നാം തീരുമാനിക്കുന്നത്.”- നിഷാദ് കൈപ്പള്ളി എഴുതുന്നു.

‘വെറും’ MBBS!

ഏതാണ്ടു 16-18 വയസുവരെ എന്റെ ജലദോഷവും പനിയും, അക്രമങ്ങളുടെ ഫലമായി ഉണ്ടാവുന്ന ചില്ലറ മുറിവുകളും ഒക്കെ ചികിത്സിക്കാന്‍ ഉമ്മ എന്നെ അബുദാബിയില്‍ ഞങ്ങള്‍ താമസിച്ചിരുന്ന വീടിനടുത്തുള്ള ഡോ ജബ്ബാറിനെ കൊണ്ടുപോയി കാണിക്കുമായിരുന്നു. ആവശ്യമായ വിദഗ്ധ ചികിത്സകള്‍ക്ക് അദ്ദേഹത്തിന്റെ അറിവില്‍ ഉള്ള മറ്റ് വിദഗ്ധരെ ഫോണ്‍ ചെയ്ത് അപ്പോയിന്‍മെന്റ് എടുത്ത് അങ്ങോട്ട് വിടുമായിരുന്നു. ”വെറും” MBBS അയിരുന്ന അദ്ദേഹം.

മുട്ടുവേദനക്കും, നെഞ്ചെരിച്ചിലിനും ‘ഗൂഗിള്‍ യൂണിവേഴ്‌സിറ്റി’ നോക്കി Telangiectatic osteosarcoma ആണോ Arrhythmogenic right ventricular dysplasia ആണോ എന്ന് കിറുകൃത്യമായി ഉറപ്പിച്ച ശേഷം ഡോക്ടറെ കാണാന്‍ പോകുന്ന മലയാളി കാരണം ഇപ്പൊള്‍ GP (General Physician) ‘വെറും’ MBBS ആണ്. ഫാമിലി ഡോക്ടറിന് ഒരു മതിപ്പില്ല.

എന്തൊക്കെയാണ് ഒരു Family Doctor/General Practitioner ചെയ്യുന്ന സേവനങ്ങള്‍? പ്രധാനമായി
ഇവയാണ്.

1) General Checkups (Temperature, BP, Heart Rate, Eyes, Skin, Tonsils)

2) Immunizations (പ്രതിരോധ കുത്തിവെയ്പ്പുകള്‍)

3) Preventive screenings (ചില ജീവിത ശൈലി രോഗങ്ങള്‍ ഉണ്ടാകുന്നതിനും മുമ്പ് കാണപ്പെടുന്ന ലക്ഷണങ്ങള്‍ക്ക് വേണ്ടിയുള്ള സ്‌ക്രീനിങ്ങ്)

4) Initial diagnosis and referral to specialists. (പ്രാഥമിക രോഗ നിര്‍ണ്ണവും, വിദഗ്ധ ചികിത്സ ആവശ്യം വേണ്ടി വരും എന്ന കണ്ടെത്തല്‍)

5) Common medical complaints: നെഞ്ചെരിച്ചില്‍, ഗ്യാസ്, തലവേദന, വയറിളക്കം, ഛര്‍ദ്ദി, പ്രസവം (അതേ! പ്രസവം. ഇതിന് ചില വികസിത രാജ്യങ്ങളില്‍ ഡോക്ടര്‍ പോലും വേണ്ട). എന്നുവെച്ചാല്‍ ജനനം, മുതല്‍ മരണം വരെ, ഒരു ശരാശരി മനുഷ്യന് സാധാരണ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്കും, പ്രതിരോധ പരിചരണത്തിനും വേണ്ടി നമ്മള്‍ ആദ്യം കാണേണ്ടത് ഒരു GPയെ ആണ്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെക്കുറിച്ചും ധാരണയുള്ള വ്യക്തിയാണ് GP. ചില ഗ്രാമീണ സര്‍ക്കാര്‍ ആശുപത്രികളില്‍, ഒരു ആഴ്ച തന്നെ ആയിരക്കണക്കിനു രോഗികളെ കാണുന്ന വ്യക്തി. പ്രദേശത്ത് ഉണ്ടാകാന്‍ സാദ്ധ്യതയുള്ള എല്ലാ പകര്‍ച്ചവ്യാധികളെ കുറിച്ചും ധാരണയുള്ള ആള്‍. ഈ അറിവിനെ മറികടന്നാണ് നിങ്ങള്‍ സ്‌പെഷ്യലിസ്റ്റിനെ കാണാന്‍ തീരുമാനിക്കുന്നത്.

ഇതിന്റെ അര്‍ത്ഥം Organ specific ആയ വിദഗ്ധര്‍ ആവശ്യമില്ല എന്നല്ല. WHO നിര്‍ദ്ദേശിക്കുന്ന doctor:patient അനുപാതം 1:1000 ആണ്. ഇന്ത്യയില്‍ അത് 1:1456 (https://www.deccanherald.com/business/budget-2020/the-doctor-population-ratio-in-india-is-11456-against-who-recommendation-800034.html) സ്‌പെഷ്യലിസ്റ്റുകളുടെ (വില കൂടിയ) സമയവും പരിശീലനവും മുകളില്‍ പറഞ്ഞ ചീള് കേസുകള്‍ ചികിത്സിക്കാനുള്ളതല്ല. നിസ്സാര കേസുകള്‍ക്ക് പണം കൊടുത്ത് നിങ്ങള്‍ സമയം പാഴാക്കുമ്പോള്‍, വിദഗ്ധരുടെ സമയം ആവശ്യമുള്ള രോഗികള്‍ വെറുതെ കാത്തിരിക്കും.

National Health service/Mandatory insurance scheme ഒക്കെയുള്ള പല രാജ്യങ്ങളിലും GPയെ കാണാതെ specialists കാണാന്‍ കഴിയില്ല. ഒരോ ടെസ്റ്റിനും വിശദീകരണം ഉണ്ടായിരിക്കണം. ഈ സംവിധാനം കൊണ്ടുള്ള പ്രധാന ഉദ്ദേശം വിദഗ്ധരുടെ (അവയവങ്ങളെ കേന്ദ്രീകരിച്ച് ചികിത്സ ചെയ്യുന്ന ഡോക്ടര്‍മാരുടെ) വിലപ്പെട്ട സമയവും, ചികിത്സാ ചെലവും ലാഭിക്കാം എന്നത് തന്നെയാണ്. വിദഗ്ധ ചികിത്സക്ക് ചെലവും കൂടുതല്‍ ആണ് എന്ന് ഓര്‍ക്കണം. അതിന്റെ ചെലവ് വഹിക്കുന്നത് എല്ലാരും ആണ് (Tax payers).

സ്വന്തം ചെലവില്‍ ചികിത്സ നടത്താന്‍ നിര്‍ബന്ധിതരായ രാജ്യങ്ങളില്‍ GPയേ കാണണം എന്ന യാതൊരു നിര്‍ബന്ധവും ഇല്ല. എന്നു വെച്ചാല്‍ നെഞ്ചെരിച്ചില്‍ വന്നാല്‍ നേരെ Cardiology യില്‍ super speciality യുള്ള Electrophysiologistനെ വേണമെങ്കിലും കാണാം. ഒരു ecg, രണ്ട് ദിവസത്തെ halter test, പിന്നെ ഒരു TMT. ഇതെല്ലാം കഴിഞ്ഞ് അദ്ദേഹവും gelusil ഉം കുറച്ച് vitaminsഉം എഴുതി തരും. എല്ലാരും ഹാപ്പി.

‘If all you have is a hammer, everything looks like a nail’ എന്ന വരി ഓര്‍ക്കുക. ഒരു സ്‌പെഷ്യലിസ്റ്റ് ആദ്യം ശ്രദ്ധിക്കുന്നതു അദ്ദേഹത്തിന്റെ പരിശീലന മേഖലയുടെ വീക്ഷണത്തില്‍ കൂടെയായിരിക്കണം. ഇനി അദ്ദേഹം മറ്റ് രോഗങ്ങളുടെ സാധ്യത തള്ളിക്കളയണമെങ്കില്‍ പോലും അതിന് സമയവും പരിശോധനയും (നിങ്ങളുടെ പണവും) നടത്തി സമയം ചിലവിടണം. അതായത് ഒരു GP ചെയ്യേണ്ട പ്രാഥമിക പരിശോധന സ്‌പെഷ്യലിസ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിതനാകുന്നു. സമയ നഷ്ടവും, അധിക ചെലവും തെറ്റായ രോഗ നിര്‍ണ്ണയവും ഒഴിവാക്കാന്‍ എല്ലാ രോഗ നിര്‍ണ്ണയവും ”വെറും”എംബിബിഎസില്‍ നിന്ന് തുടങ്ങൂ.


Leave a Reply

Your email address will not be published. Required fields are marked *