“2010-ല്‍ ഡോ മന്‍മോഹന്‍ സിംഗ് തുടങ്ങിവെച്ച കാര്യം പൂര്‍ത്തീകരിക്കണം. സര്‍ക്കാര്‍തല എണ്ണവിലനിയന്ത്രണം പൂര്‍ണ്ണമായും എടുത്ത് കളയണം. അതിനുള്ള അധികാരം പൂര്‍ണ്ണമായും കമ്പനികള്‍ക്ക് വിട്ടുകൊടുക്കണം. ‘എണ്ണനികുതി കൊണ്ട് സര്‍വതും നടത്തികൊണ്ടുപോകാം’എന്നു കരുതുന്നവര്‍ക്ക് ഈ നീതിക്രമം സ്വീകാര്യമായിരിക്കില്ല. കാലാകാലങ്ങളായി രാജ്യം നേരിടുന്ന എണ്ണവില പ്രശ്നങ്ങളുടെ കാതലായ കാരണവും മറ്റൊന്നല്ല'”- സി രവിചന്ദ്രന്‍ എഴുതുന്നു |
സമ്പദ്കടലും നികുതി കപ്പലും
എണ്ണവില നിയന്ത്രണം കമ്പനികള്‍ക്ക് കൊടുക്കാന്‍ ഡോ മന്‍മോഹന്‍ സിംഗ് തീരുമാനിച്ചതാണ് ഇന്നത്തെ എണ്ണവില വര്‍ദ്ധനവിന്റെ കാരണം എന്ന സാമ്പത്തിക അന്ധവിശ്വാസം മെല്ലെയെങ്കിലും കളമൊഴിഞ്ഞു തുടങ്ങിയിട്ടുണ്ട്. നിയന്ത്രണം വിട്ടുകൊടുത്തതല്ല, പൂര്‍ണ്ണമായും വിട്ടുകൊടുക്കാതിരുന്നതാണ് പ്രശ്നമെന്ന് കടുത്ത സാമ്പത്തിക അന്ധവിശ്വാസികള്‍ക്ക് പോലും ബോധ്യമായി വരുന്നു. ഇനി ചെയ്യാനുള്ളത്, 2010 ല്‍ ഡോ മന്‍മോഹന്‍ സിംഗ് തുടങ്ങിവെച്ച കാര്യം പൂര്‍ത്തീകരിക്കണം എന്നതാണ്. സര്‍ക്കാര്‍തല എണ്ണവിലനിയന്ത്രണം പൂര്‍ണ്ണമായും എടുത്ത് കളയണം. അതിനുള്ള അധികാരം പൂര്‍ണ്ണമായും കമ്പനികള്‍ക്ക് വിട്ടുകൊടുക്കണം. ലോകത്തെ മുഴുവന്‍ ക്രൂഡ് ബ്രാന്റുകളുടെയും അതാത് ദിവസത്തെ വില ഇന്റര്‍നെറ്റില്‍ ലഭ്യമാണ്-സുതാര്യം, കൃത്യം. ഇന്ത്യയിലെ എണ്ണകമ്പനികള്‍ ഇറക്കുമതി ചെയ്യുന്ന ക്രൂഡിന്റെ സ്രോതസ്സും അളവും നിരക്കും നികുതിയും മറ്റ് ചെലവുകളും വ്യക്തമാക്കുന്ന പട്ടിക ഉണ്ടാക്കി അവരുടെ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കട്ടെ. സൈറ്റുകള്‍ ദിനംപ്രതി അപ്ഡേറ്റ് ചെയ്യപെടണം.
ക്രൂഡിന് വില കൂടുന്നതനുസരിച്ച് ആഭ്യന്തര മാര്‍ക്കറ്റില്‍ എങ്ങനെ വില മാറുമെന്ന് കാണിക്കുന്ന ഒരു ‘FIND’ സൗകര്യംകൂടി വെബ്സൈറ്റിലുണ്ടാവണം. അതായത് ഇപ്പോള്‍ ക്രൂഡ് വില 85 ഡോളര്‍/1 ബാരല്‍ ആണെങ്കില്‍ അത് 100 ഡോളര്‍ ആയാല്‍ എത്രയാകും, അല്ലെങ്കില്‍ 70 ആയാല്‍ എത്രയാകും എന്നൊക്കെ ഒരു ക്ലിക്കിലൂടെ അറിയാനാവണം. അതനുസരിച്ച് മാത്രം കമ്പനികള്‍ വിലയിടുക. ദിവസവും വില പ്രഖ്യാപിക്കേണ്ട കാര്യമില്ല, സൈറ്റ് അപ്ഡേറ്റ് ചെയ്തുകൊണ്ടിരുന്നാല്‍ മതി. അതനുസരിച്ച് ഡീലര്‍മാര്‍ക്കും വിപണനകേന്ദ്രങ്ങള്‍ക്കും വെബ്സൈറ്റ് നടത്താം. പ്രാദേശിക ചരക്കുകൂലി, ദൂരം ഇതൊക്കെ കാണിച്ച് അവര്‍ക്കും വിലനിര്‍ണ്ണയ സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ച് അപ്ലോഡ് ചെയ്യാം, അപ്ഡേറ്റ് ചെയ്യാം. പെട്രോളിന് നല്‍കുന്ന ബില്ലില്‍ വെബ് അഡ്രസ്സ് ഉണ്ടായിരിക്കണം, അല്ലെങ്കില്‍ ക്യൂആര്‍ കോഡ്.
ജനാധിപത്യക്രമത്തില്‍ സ്വകാര്യ-പൊതുമേഖലാ കമ്പനികള്‍ അന്യായം/ചൂഷണം കാണിച്ചാല്‍ തിരുത്താന്‍ താരതമ്യേന എളുപ്പമാണ്. നിയമം നടപ്പിലാക്കാനുള്ള കരുത്തും സേനയുമുള്ള സര്‍ക്കാരിനെ നേരിടേണ്ടിവരുമ്പോഴുള്ള നിസ്സഹായവസ്ഥ അവിടെയില്ല. നിങ്ങളുടെ അതേ നിയമപരിരക്ഷയേ സ്വകാര്യവ്യക്തികള്‍ക്കുള്ളൂ. സര്‍ക്കാര്‍ അങ്ങനെയല്ല, അവര്‍ നിയമം ഉണ്ടാക്കി നടപ്പിലാക്കുന്ന ഏജന്‍സികളാണ്. സ്വകാര്യകമ്പനികള്‍ക്കു അങ്ങനെയൊരു പ്രിവിലേജ് ഇല്ല. പക്ഷെ വിലനിര്‍ണ്ണയം എണ്ണകമ്പനികള്‍ക്ക് വിട്ടുകൊടുത്ത ശേഷം സര്‍ക്കാര്‍ ‘സഹശയനം’ നടത്തരുത്,കമ്പനികളുമായി ഒത്തുകളിക്കരുത്, നികുതി കൂട്ടിയും വില നിയന്ത്രിച്ചും മാനിപുലേറ്റ് ചെയ്യരുത്. കുറവുണ്ടായാലും കൂടുതലുണ്ടായാലും ഉപഭോക്താവിന് കൈമാറണം. അസഹനീയമായ രീതിയില്‍ കൂടിയാല്‍ മാത്രം നിയമം നിര്‍മ്മിച്ച് ഇടപെടുക. എമര്‍ജന്‍സി സാഹചര്യം മാറുമ്പോള്‍ പിന്‍മാറുക, തത്സ്ഥിതി പുന:സ്ഥാപിക്കുക.
ഇതെങ്ങനെ? കേന്ദ്ര-സംസ്ഥാന നികുതികള്‍ എണ്ണവിലയുമായി ബന്ധപെടുത്തി ഒരു നികുതി ബാന്‍ഡ് (Tax band) ഉണ്ടാക്കുക. അതായത്, കുറഞ്ഞ വിലയുള്ളപ്പോഴും കൂടിയ വിലയുള്ളപ്പോഴും ഒരേ നിരക്കില്‍ നികുതി ഈടാക്കാതിരിക്കുക. തുക സ്ഥിരമാകണം, നിരക്ക് വ്യതിയാനപെടണം. കാരണം, ആവര്‍ത്തിക്കട്ടെ, നിരക്കല്ല, തുകയാണ് പ്രസക്തം. അങ്ങനെ വരുമ്പോള്‍ സര്‍ക്കാരിന് സ്ഥിരവരുമാനം ലഭിക്കും, നികുതി കൂട്ടിയെന്ന പരാതി ഉണ്ടാവില്ല. അതിനായി ആദ്യം ചെയ്യേണ്ടത് എണ്ണനികുതി ശതമാനകണക്കില്‍ ആക്കുക എന്നതാണ്. ഇപ്പോള്‍ കേന്ദ്രനികുതി രൂപ കണക്കില്‍ നിശ്ചിത തുകയാണ്(ie Rs.27.90 /one litre of petrol), സംസ്ഥാന വാറ്റ് നിശ്ചിത ശതമാനവും(ആവറേജ് 3038%). ഇവിടെ വലിയ പൊരുത്തക്കേടുണ്ട്. എണ്ണവില കൂടുമ്പോള്‍ നിശ്ചിത നിരക്ക് (fixed amount) ഏര്‍പ്പെടുത്തിയ സര്‍ക്കാരിന് വരുമാനം കുറയും(നാണ്യപെരുപ്പം, മൂല്യശോഷണം), നിശ്ചിത ശതമാനം ഏര്‍പ്പെടുത്തിയ സര്‍ക്കാരിന് വരുമാനം വര്‍ദ്ധിക്കും. എണ്ണവില കുറഞ്ഞാല്‍ ശതമാനകണക്കില്‍ നികുതി ഏര്‍പ്പെടുത്തിയ സര്‍ക്കാരിന് നഷ്ടംവരും.
തങ്ങള്‍ക്ക് വരുമാനം കൂടുമ്പോഴും നികുതി കൂട്ടുന്നില്ലെന്ന പ്രചരണം നടത്താന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുമ്പോള്‍ നികുതിദായകന്‍ കൂടുതല്‍ അപമാനിക്കപെടും. നികുതി 15 രൂപയില്‍ നിന്ന് 30 രൂപ ആകുമ്പോഴും ശതമാനകണക്കില്‍ നികുതിനിരക്ക് മാറിയിട്ടില്ല എന്ന പ്രചരണം കറുത്ത ഫലിതമാണ്. അതൊഴിവാക്കണം, കാര്യങ്ങള്‍ പരസ്പരം പറഞ്ഞും ജനങ്ങളെ ബോധ്യപെടുത്തിയും മുന്നോട്ടുപോകണം. അതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എണ്ണയുടെ കാര്യത്തില്‍ ഒരു നികുതി ബാന്‍ഡിലേക്ക് മാറുന്നത് സഹായകരമാകും.
എന്തായിരിക്കണം ആ നികുതി ബാന്‍ഡിന്റെ സ്വഭാവം? സമ്പദ് വ്യവസ്ഥ കടല്‍ പോലെ, ചലനാത്മകം, പ്രവചനാതീതം. എങ്കിലും അതിനൊരു പൊതുസ്വഭാവമുണ്ട്, അതു സംബന്ധിച്ച് കുറെയേറെ തീര്‍ച്ചകളും ബോധ്യങ്ങളും നമുക്കുണ്ട്. എന്തായിരിക്കണം പുതിയ നികുതി ബാന്‍ഡിന്റെ സ്വഭാവം. അത് ആനുപാതികവും ഇലാസ്തികവും(proportional and elastic) ആയിരിക്കണം. എണ്ണവില കൂടുന്നതനുസരിച്ച് നികുതിനിരക്ക് കുറയണം, തിരിച്ചും. ക്രൂഡ് വില, കമ്മീഷന്‍, ശുദ്ധീകരണ ചാര്‍ജ് എന്നിവ ചേര്‍ന്നാണല്ലോ എണ്ണവില നിശ്ചയിക്കപെടുന്നത്. എണ്ണവിലയുടെ ആഗോളചരിത്രം പരിശോധിച്ച് ഒരു ശരാശരി വിലയും ശരാശരി നികുതിയും അടങ്ങുന്ന ഒരു സ്റ്റോന്‍ഡേര്‍ഡ് ലെവല്‍ പ്രഖ്യാപിക്കണം. അത് 40 രൂപയാണ് എന്നിരിക്കട്ടെ. 30 ശതമാനം(12 രൂപ) അടിസ്ഥാന നികുതി ഏര്‍പ്പെടുത്തുക. വിലയനുസരിച്ച് മാറികൊണ്ടിരിക്കുന്ന ഒരു നികുതിഘടന കൊണ്ടുവരിക. അടിസ്ഥാനവില 40 ല്‍ കൂടിയാല്‍ അതനുസരിച്ച് അടിസ്ഥാന നികുതി താഴണം. വിലയില്‍ കൂടുന്ന ഓരോ പൈസയ്ക്കും അനുസരണമായി നികുതി നിരക്ക് കുറയണം. അതായത് എണ്ണവില 40.001 രൂപ ആകുമ്പോള്‍ നികുതി നിരക്ക് 29.999% ആകണം, 39.999 രൂപ ആയാല്‍ 30.001% ആകണം. ഇങ്ങനെ നികുതിഘടനയ്ക്ക് ഉയര്‍ന്ന പരിധിയും താഴ്ന്ന പരിധിയും ഏര്‍പ്പെടുത്തുക, വിലയ്ക്കൊപ്പം നീങ്ങാന്‍ നികുതിനിരക്കിനെ അനുവദിക്കുക.
സര്‍ക്കാരിന് സ്ഥിരുമാനം, ഉപഭോക്താവിന്റെ മേല്‍ അമിതഭാരമോ ചൂഷണമോ ഇല്ല. ആര്‍ക്കും പരാതിയില്ലാത്ത അവസ്ഥയുണ്ടാകുന്നു. ജലനിരപ്പ് അനുസരിച്ച് കപ്പല്‍ ഉയരുകയും താഴുകയും ചെയ്യുന്ന കപ്പല്‍ സുരക്ഷിതമായി മുന്നോട്ടു സഞ്ചരിക്കുന്നു. നിലവില്‍ എണ്ണവില സംബന്ധിച്ച മറ്റ് ഘടകങ്ങളെല്ലാം (ക്രൂഡിന്റെ വില, വിനിമയനിരക്ക്, ചരക്ക കൂലി, ശുദ്ധീകരണ ചാര്‍ജ്, കമ്മീഷന്‍..) ചരങ്ങളാണ്(variables). അതുകൊണ്ടുതന്നെ നികുതിയും ചലനാത്മകവും ഇലാസ്തികമായിരിക്കണം. അപ്പോള്‍പിന്നെ പരാതിപെടാനുള്ളത് ലോകവിപണിയില്‍ എണ്ണവില കൂടുന്നതിനെ കുറിച്ച് മാത്രമായിരിക്കും. അതായത് കടലിന്റെ സ്വഭാവം മാറുമ്പോഴുള്ള അസ്വസ്ഥത. അത് നമ്മുടെ മാത്രം നിയന്ത്രണത്തില്‍ നില്‍ക്കുന്ന കാര്യമല്ല, നേരിട്ടേ മതിയാകൂ. അതേസമയം, ലോകവിപണിയില്‍ എണ്ണവില കുറഞ്ഞാല്‍ അതിന്റെ നേട്ടം അപ്പടി ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയും ചെയ്യുന്നു.
അങ്ങനെയെങ്കില്‍ നികുതി നിരക്ക് ശതമാനകണക്കില്‍ ഏര്‍പ്പെടുത്തി എന്തിന് ആശയക്കുഴപ്പം ഉണ്ടാക്കുന്നു, ഒരു നിശ്ചിത തുക (ഉദാ- ഒരു ലിറ്റര്‍ പെട്രോളിന് 12 രൂപ) ഏര്‍പ്പെടുത്തിയാല്‍ പോരേ എന്ന ചോദ്യമുയരാം. സ്ഥിരതുക സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളെ കാലോചിതമായി ഉള്‍കൊള്ളില്ല എന്നാണ് ഉത്തരം. ഒരു കപ്പ് ചായക്ക് 2015 ലും 2021 ലും പത്തു രൂപ എന്നു പറയുമ്പോള്‍ സ്വാഭാവികമായ, സാധാരണ നിരക്കിലുള്ള നാണ്യപെരുപ്പവും വിലക്കയറ്റവുമുള്ള രാജ്യത്ത് പോലും കച്ചവടക്കാരന് നഷ്ടമായിരിക്കും. അതുണ്ടാകാന്‍ പാടില്ല. ഇവിടെ നികുതി നിരക്കില്‍ കാലോചിതമായ മാറ്റംവരുത്താന്‍ (നാണ്യപെരുപ്പം, മൂല്യശോഷണം തുടങ്ങിയവ എന്നിവ മൂലം) വരുത്താന്‍ സര്‍ക്കാരുകള്‍ക്ക് അവകാശം ഉണ്ടായിരിക്കണം. അതായത് അടിസ്ഥാന നികുതി നിരക്കില്‍ ചെറിയ തോതിലുള്ള ക്രമീകരണങ്ങള്‍ വരുത്താനാവണം. ഇത് നയപരമായ തീരുമാനം ആയിരിക്കണം, നിയമനിര്‍മ്മാണം ആയിരിക്കണം. അടിസ്ഥാന നികുതി നിരക്കിലെ മാറ്റം കൃത്യമായ ഡേറ്റയുടെ പിന്‍ബലത്തോടെ ആയിരിക്കണം (ie, Rate of inflation, CPI, Exchange rate etc)
ഇതിലൂടെ കാലാനുസൃതമായി എണ്ണയില്‍ നിന്ന് സ്ഥിരവരുമാനം സര്‍ക്കാരുകള്‍ക്ക് ലഭിക്കും, നാണ്യപെരുപ്പം ഉണ്ടാകുമ്പോള്‍ അതനുസരിച്ച് വരുമാനം വര്‍ദ്ധിക്കും, പക്ഷെ അമിതവരുമാനമോ അമിതനേട്ടമോ ഉണ്ടാകില്ല, അതുപോലെതന്നെ അമിതനികുതി ഭാരം ഉപഭോക്താവിനും ഉണ്ടാകില്ല. ലോകവിപണിയിലെ വിലക്കുറവിന്റെ ഗുണം അപ്പപ്പോള്‍ ലഭിക്കുകയും ചെയ്യും. എല്ലാ കാര്യങ്ങള്‍ക്കും തീര്‍ച്ചയുണ്ടാവും, സുതാര്യതയുണ്ടാവും, അനീതിയും അമിതചൂഷണവും ഒഴിവാകും. കപ്പല്‍ ജലനിരപ്പിന് അനുസൃതമായി പൊങ്ങിയും താണും സഞ്ചരിക്കട്ടെ, സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കട്ടെ. പക്ഷെ ഒരു കാര്യം പറയാതിരിക്കാനാവില്ല, ‘എണ്ണനികുതി കൊണ്ട് സര്‍വതും നടത്തികൊണ്ടുപോകാം’എന്നു കരുതുന്നവര്‍ക്ക് ഈ നീതിക്രമം സ്വീകാര്യമായിരിക്കില്ല. കാലാകാലങ്ങളായി രാജ്യം നേരിടുന്ന എണ്ണവില പ്രശ്നങ്ങളുടെ കാതലായ കാരണവും മറ്റൊന്നല്ല.