മുതല്‍ മുടക്കുന്നവന്‍ ദുഷ്ടനും ക്രൂരനും ചൂഷകനുമാണോ? മതവിശ്വാസം പോലെ മലയാളിയുടെ മസ്തിഷ്‌ക്കത്തില്‍ ഇഴുകിച്ചേര്‍ന്നതാണ് സാമ്പത്തിക അന്ധവിശ്വാസവും – പ്രവീണ്‍ രവി എഴുതുന്നു


“നമ്മുടെ പൊതുബോധത്തില്‍ മുതല്‍ മുടക്കുന്നവന്‍ ചൂഷകന്‍ ആണ്. അവന്റെ ഉദ്ദേശ്യം ലാഭം മാത്രം ആണ്, ബാക്കി ആളുകളുടെയോ വെറും സാമൂഹ്യസേവനം എന്ന ലൈന്‍ ആണ്. അന്ധവിശ്വാസങ്ങളെ എത്രമാത്രം ഇന്‍സ്റ്റിട്യൂഷ്യനലൈസ് ചെയ്യാന്‍ മത പുസ്തകങ്ങള്‍ക്കു കഴിഞ്ഞോ അത് പോലെയാണ് ഈ സാമ്പത്തിക അന്ധവിശ്വാസം എന്ന പൊതുബോധത്തെ നിര്‍മ്മിച്ച് എടുക്കുന്നതില്‍ നമ്മുടെ സാഹിത്യവും സിനിമയും സംഭാവന ചെയ്തിട്ടുള്ളത്. നമ്മുടെ രാജ്യത്ത് ജോലിയും കൂലിയും ഇല്ലാതെ വിദേശങ്ങളില്‍ കുടിയേറിയവരും ഗള്‍ഫ് രാജ്യങ്ങളിലേക്ക് ചേക്കേറി ജീവിതം രക്ഷപെട്ടവരും എല്ലാം മുതലാളിത്ത വിമര്‍ശകര്‍ ആണ്, കോര്‍പ്പറേറ്റ് വിരുദ്ധരാണ്. അതിന് കാരണം ചെറുപ്പത്തില്‍ ഉറച്ചു പോയ ഈ സാമ്പത്തിക അന്ധവിശ്വാസമാണ്. ശാസ്ത്രം പഠിച്ചു, ശാസ്ത്രത്തിന്റെ ഗുണങ്ങള്‍ അനുഭവിച്ചു, ശാസ്ത്രം വിശ്വസിക്കാന്‍ കൊള്ളില്ല എന്ന് പറയുന്ന പോലെ തന്നെ. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കു ഇന്നും ഏറ്റവും തടസ്സം ആയി നില്‍ക്കുന്നത് ഈ അന്ധവിശ്വാസം ആണ്.”
സാമ്പത്തിക അന്ധവിശ്വാസം

നമ്മള്‍ സ്‌കൂളില്‍ സയന്‍സ് പഠിക്കുന്നു, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എല്ലാം പഠിക്കുന്നു. പക്ഷെ ജീവിതം അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ജീവിച്ചു തീര്‍ക്കുന്നു. പഠിച്ച സയന്‍സിനെ ജീവിതവുമായി ബന്ധിപ്പിക്കുന്ന ശാസ്ത്രീയ മനോവൃത്തി (സയന്റിഫിക് ടെമ്പര്‍) നമ്മുക്ക് നഷ്ടമായിരിക്കുന്നു. പരിണാമം സ്‌കൂളില്‍ പഠിച്ചു പരീക്ഷക്ക് എഴുതി മാര്‍ക്ക് വാങ്ങിയവനും ചോദിക്കുന്നത് കാഴ്ചബംഗ്ലാവിലെ കുരങ്ങന്‍ എന്താണ് മനുഷ്യന്‍ ആകാത്തത് എന്നാണ്. ഭൂരിപക്ഷം ആളുകളും ശാസ്ത്രം നല്‍കിയ എല്ലാ സുഖ സൗകര്യങ്ങളും ഉപയോഗിക്കുന്നു, പക്ഷെ ശാസ്ത്രം ഇന്നു പറഞ്ഞത് നാളെ മാറ്റി പറയും. അതുകൊണ്ട് വിശ്വസിക്കാന്‍ കൊള്ളില്ല എന്നാണ് പറയുന്നത്.

ഏതാണ്ട് ഇതേ പോലെയൊരു അന്ധവിശ്വാസം ആണ് സാമ്പത്തിക അന്ധവിശ്വാസവും. മുതല്‍ മുടക്കുന്നവന്‍ ദുഷ്ടനും ക്രൂരനും ആയിരിക്കും, എന്നും അവന്‍ അങ്ങനെയാകാനെ തരമുള്ളൂ എന്നുമുള്ള ചിന്ത മതവിശ്വാസം പോലെ മനുഷ്യനെ പിന്തുടരുന്നു. ഇന്ന് കാണുന്ന സകല സൗഭാഗ്യങ്ങളും മത്സരത്തില്‍ കൂടി എന്റര്‍പ്രെണര്‍ഷിപില്‍ കൂടി കൈവരിച്ച നേട്ടങ്ങള്‍ ആണ് എന്ന് മനുഷ്യന്‍ മറന്നു പോകുന്നു. വില്ലന്മാരായ നമ്മുടെ രാജ്യത്തെ പറ്റിച്ച, തൊഴിലാളികളെ ചൂഷണം ചെയ്ത ഓരോ മുതലാളിമാരെയും നമ്മുക്ക് അറിയാം, എന്നാല്‍ മുതലാളിമാരെ പറ്റിച്ചു മുങ്ങിയ, കള്ളപ്പണി എടുക്കുന്ന അഴിമതി ചെയ്യുന്ന എത്ര തൊഴിലാളികളെ പറ്റി നമുക്കറിയാം?

നമ്മുടെ പൊതുബോധത്തില്‍ മുതല്‍ മുടക്കുന്നവന്‍ ചൂഷകന്‍ ആണ്. അവന്റെ ഉദ്ദേശ്യം ലാഭം മാത്രം ആണ്, ബാക്കി ആളുകളുടെയോ വെറും സാമൂഹ്യ സേവനം എന്ന ലൈന്‍ ആണ്. അന്ധവിശ്വാസങ്ങളെ എത്രമാത്രം ഇന്‍സ്റ്റിട്യൂഷ്യനലൈസ് ചെയ്യാന്‍ മത പുസ്തകങ്ങള്‍ക്കു കഴിഞ്ഞോ അത് പോലെയാണ് ഈ സാമ്പത്തിക അന്ധവിശ്വാസം എന്ന പൊതുബോധത്തെ നിര്‍മ്മിച്ച് എടുക്കുന്നതില്‍ നമ്മുടെ സാഹിത്യവും സിനിമയും സംഭാവന ചെയ്തിട്ടുള്ളത്.

നമ്മുടെ രാജ്യത്ത് ജോലിയും കൂലിയും ഇല്ലാതെ വിദേശങ്ങളില്‍ കുടിയേറിയവരും ഗള്‍ഫ് രാജ്യങ്ങളിലേക്ക് ചേക്കേറി ജീവിതം രക്ഷപെട്ടവരും എല്ലാം മുതലാളിത്ത വിമര്‍ശകര്‍ ആണ്, കോര്‍പ്പറേറ്റ് വിരുദ്ധരാണ്. കാരണം ചെറുപ്പത്തില്‍ ഉറച്ചു പോയ ഈ സാമ്പത്തിക അന്ധവിശ്വാസം മൂലം സ്വന്തം ജീവിതം രക്ഷപ്പെടുത്തിയ സാമ്പത്തിക വ്യവസ്ഥയെകുറിച്ച് യാതൊരു ബോധ്യവും ഇല്ല. ശാസ്ത്രം പഠിച്ചു ശാസ്ത്രത്തിന്റെ ഗുണങ്ങള്‍ അനുഭവിച്ചു ശാസ്ത്രം വിശ്വസിക്കാന്‍ കൊള്ളില്ല എന്ന് പറയുന്ന പോലെ തന്നെ. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കു ഇന്നും ഏറ്റവും തടസ്സം ആയി നില്‍ക്കുന്നത് ഈ അന്ധവിശ്വാസം ആണ്.

നിങ്ങള്‍ കോര്‍പ്പറേറ്റ് വിരുദ്ധന്‍ ആണോ എന്നൊരാളോട് ചോദിച്ചാല്‍ ഉടനടി വരുന്ന മറുപടി ആണ് ‘ ഞങ്ങള്‍ കോര്‍പ്പറേറ്റ് വിരുദ്ധര്‍ ഒന്നുമല്ല പക്ഷെ ക്രോണി ക്യാപിറ്റലിസത്തിനു എതിരാണ്’. ക്രോണിയിസത്തിനു കാരണം നമ്മുടെ പൊളിറ്റിക്കല്‍ സിസ്റ്റം അല്ലെ. അത് പരിഹരിക്കാന്‍ അല്ലേ ജനാധിപത്യ രാജ്യത്ത് അയ്യഞ്ചു വര്‍ഷം കൂടുമ്പോള്‍ തെരഞ്ഞെടുപ്പ് നടത്തുന്നത്. നമ്മുടെ ഗവര്‍മെന്റ് ഇന്‍സ്റ്റിറ്റിയൂഷനെ എംപവര്‍ ചെയ്യിക്കുക ആണ് ക്രോണിയിസം ചെറുക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം. വീട്ടിലെ വാട്ടര്‍ കണക്ഷന് തൊട്ടു, ആശുപത്രിയില്‍ ക്യൂവില്‍ മുന്‍പില്‍ വരാന്‍ വരെ കൈക്കൂലി കൊടുക്കാന്‍ മനസുള്ള നമ്മള്‍ ഓരോരുത്തരും ആണ് ക്രോണിയിസത്തിനു കാരണം. നമ്മുടെ ഈ പൊതുബോധം തന്നെ ആണ് എല്ലാ മേഖലയിലും കാണാന്‍ സാധിക്കുക. ക്രോണിയിസം ഇല്ലാതെ ആകാന്‍ പൗരബോധം ഉള്ള ഒരു ജനത ഇവിടെ ഉണ്ടാവേണ്ടതുണ്ട്, ഈ ജനത തിരഞ്ഞെടുക്കുന്ന പ്രതിനിധികളും ക്രമേണ മേല്‍ പറഞ്ഞ പൗരബോധം ഉള്ളവരാകും അപ്പോള്‍ ക്രോണിയിസം കുറയും.

2007 ജൂണ്‍ 29 നു സ്റ്റീവ് ജോബ്‌സ് ആദ്യത്തെ സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു. അന്ന് തൊട്ടിന്നുവരെ നടന്ന മത്സരങ്ങള്‍ നമ്മക്ക് സമ്മാനിച്ചത് സ്വപ്ന തുല്യമായ ഫീച്ചറുകളോടെ ഉള്ള ഫോണുകള്‍ ആണ്, മാറാന്‍ തയ്യാറാകാതെ ഇരുന്ന കുത്തക ഭീമന്മാര്‍ മാര്‍ക്കറ്റില്‍ ദയനീയമായി പരാജയപ്പെട്ടു. മാറ്റത്തോട് മത്സരിച്ച മറ്റുള്ളവര്‍ വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കി. ഒരിക്കല്‍ കോടീശ്വരന്മാര്‍ മാത്രം സ്വന്തമാക്കിയിരുന്ന സ്മാര്‍ട്ട് ഫോണുകള്‍ ഏറ്റവും സാധാരണക്കാരന്റെ കയ്യില്‍ വരെ എത്തി.

2015 ഡിസംബര്‍ 27 ഇന്ത്യന്‍ കോര്‍പ്പറേറ്റ് ഭീമന്‍ മുകേഷ് അംബാനി തന്റെ പുതിയ ടെലികോം സര്‍വീസ് ആയ ജിയോ അവതരിപ്പിക്കുന്നു, കടുത്ത സ്‌പെക്ട്രം ഫീസ് കൊടുത്തു 3ജി സ്വന്തമാക്കിയ ഐഡിയ, വൊഡാഫോണ്‍, ബിഎസ്എന്‍എല്‍, എയര്‍ടെല്‍ തുടങ്ങിയവര്‍ സ്വന്തം നെറ്റ്വര്‍ക്ക് അപ്‌ഗ്രേഡ് ചെയ്യാതെ മാക്‌സിമം 3ജി സ്‌പെക്ട്രത്തിനു മുടക്കിയ പണം തിരിച്ചു പിടിക്കുന്നതിനു വേണ്ടി ജനങ്ങളെ പിഴിഞ്ഞുകൊണ്ടിരുന്ന സമയം. ഇപ്പോള്‍ ജിയോ ബഹിഷ്‌കരണം നടത്തുന്ന പല ആളുകളും 2ജി റേഞ്ച് കഷ്ടിച്ച് പിടിക്കുന്ന സമയം. അന്നത്തെ ഡാറ്റ ചാര്‍ജ് 1 ജിബി പ്രതിമാസം ലഭിക്കുന്നതിന് 225 രൂപ. ഇന്നിടുന്ന പോലെ നെടുനീളന്‍ പോസ്റ്റ് ഒരെണ്ണം ഇട്ടാല്‍ പിന്നെ ഇടണം എങ്കില്‍ ഒരുമാസം കാത്തിരിക്കണമായിരുന്നു. ജിയോ വന്നു, ഡാറ്റ വിപ്ലവം തന്നെ തീര്‍ത്തു. സകല തൊഴില്‍ രഹിതനും നെടുങ്കന്‍ ട്രോളുകള്‍ ഇടാനും അംബാനിയെ തെറി വിളിക്കാനും ആവശ്യത്തിന് ഡാറ്റ ആയി. മത്സരം മുറുകിയപ്പോള്‍ നേട്ടം കണ്‍സ്യൂമറിന്.

ജിയോ വന്നതും മാര്‍ക്കറ്റില്‍ നേട്ടം ഉണ്ടാക്കിയതും നിഷ്‌കളങ്കം ആണന്നു വിശ്വസിക്കുന്ന ആളല്ല ഞാന്‍. പക്ഷെ അധികാരം ജനങ്ങള്‍ക്ക് ഉള്ളിടത്തോളവും മാര്‍ക്കറ്റില്‍ മത്സര സാധ്യതയും അവസരങ്ങളും ഉള്ളിടത്തോളവും ഒരു കുത്തകയേം ഭയക്കേണ്ട ആവശ്യം ജനങ്ങള്‍ക്കില്ല.

കൈഫൂലീയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന പുസ്തകത്തില്‍ ഒരു സന്ദര്‍ഭം വിശദീകരിക്കുന്നുണ്ട്, ചെനീസ് കമ്മ്യൂണിസ്‌റ് പാര്‍ട്ടിയുടെ തലപ്പത്തു ഇരിക്കുന്ന വ്യക്തിയും ആയുള്ള അഭിമുഖത്തില്‍ നിന്നും.
ചോദ്യകര്‍ത്താവ്: “ചൈനയില്‍ ഏതാനും ചില കുത്തകകള്‍ വലിയ രീതീയില്‍ മാര്‍ക്കറ്റ് കയ്യടക്കുന്നു, പണം ഉണ്ടാക്കുന്നു താങ്കള്‍ ഇതിനെ എങ്ങനെ കാണുന്നു? “
നേതാവിന്റെ മറുപടി: “ചൈന പോലെ ഒരു രാജ്യത്തിന് വെല്‍ത്ത് ജനറേറ്റ് ചെയ്യുന്ന ചില ആളുകളെ അഴിച്ചു വിടേണ്ടതായുണ്ട്. അവര്‍ നേടുന്ന വെല്‍ത്ത് അവര്‍ക്കു തിരിച്ചു ഈ രാജ്യത്ത് തന്നെ നിക്ഷേപിക്കാന്‍ ഉള്ള സാഹചര്യം ആണ് നാം ഒരുക്കേണ്ടത്, അത് തുടര്‍ മത്സരങ്ങളിലേക്കു വിപണിയെ നയിക്കും.”

അതുപോലെ തന്നെ സംഭവിച്ചു. ജാക് മായും കൂട്ടരും ചൈനയിലേക്ക് വമ്പന്‍ നിക്ഷേപങ്ങള്‍ കൊണ്ട് വന്നു, അവരുണ്ടാക്കിയ മൂലധനത്തില്‍ നിന്നും ആയിരക്കണക്കിന് ലക്ഷക്കണക്കിന് കമ്പനികള്‍ ആണ് ചൈനയില്‍ പിന്നീട് ഉണ്ടായത്.

ബുദ്ധിയുള്ള മനുഷ്യന്‍ എന്താണ് ചെയ്യുക. വിജയിച്ച മോഡലുകള്‍ പഠിക്കും, അത് കൂടുതല്‍ പരിഷ്‌കരിച്ചു സ്വന്തം നിലയില്‍ നടപ്പിലാക്കും. എന്നാല്‍ സ്വപ്നലോകത്തു ജീവിക്കുന്ന സാമ്പത്തിക അന്ധവിശ്വാസി സ്വന്തം ജീവിത സാഹചര്യങ്ങളില്‍ ഉണ്ടാക്കിയ നേട്ടങ്ങളെ പോലും അവഗണിച്ചുകൊണ്ട് തന്റെ സാമ്പത്തിക അന്ധവിശ്വാസത്തിന് വേണ്ട ഇന്ധനം നിറച്ചു കൊണ്ടിരിക്കും.


Leave a Reply

Your email address will not be published. Required fields are marked *