ലക്ഷദ്വീപിന് വേണ്ടത് തികഞ്ഞ മതേതര കാഴ്ചപ്പാടുള്ള ഒരു ഭരണസംവിധാനമാണ്; സജീവ് ആല എഴുതുന്നു


‘കിട്ടിയ തക്കം നോക്കി ബീഫ് നിരോധിക്കാന്‍ ശ്രമിച്ച അഡ്മിനിസ്‌ട്രേറ്റര്‍ പട്ടേല്‍, തിയേറ്റര്‍ വിലക്കിയവരുടെ അതേ മനോഘടനയിലുള്ള മറ്റൊരു മതജീവി മാത്രമാണ്. ലക്ഷദ്വീപിനെ ഒരു മോഡേണ്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി മാറ്റാന്‍ ആഗ്രഹിക്കുന്ന ഒരു ഭരണാധികാരിയും അവിടുത്തെ ജനങ്ങളുടെ ഭക്ഷണശീലത്തില്‍ കൈകടത്താന്‍ ശ്രമിക്കില്ല.തീയേറ്ററുകളും പാര്‍ലറുകളും വൈവിധ്യമാര്‍ന്ന ബീഫ് വിഭവങ്ങള്‍ വിളമ്പുന്ന റസ്റ്റോറന്റുകളും എല്ലാം നിറഞ്ഞ കളര്‍ഫുള്‍ നാടായി ലക്ഷദ്വീപ് മാറണം’- സജീവ് ആല എഴുതുന്നു
ലക്ഷദ്വീപിനെ മാറ്റേണ്ടത് മോഡേണ്‍ ഐലന്റായി

സിനിമയെ പറ്റിയുള്ള ഒരു സിനിമയാണ് ലോകത്തെ ഏറ്റവും മനോഹരമായ സിനിമകളില്‍ ഒന്നായ ആ സിനിമ. സിനിമാ പാരഡീസോ.സിനിമയെ സ്‌നേഹിച്ചതീയേറ്ററിനെ സ്‌നേഹിച്ച തീയേറ്ററിലെ പ്രൊജക്ടറിനെ സ്‌നേഹിച്ച പ്രൊജക്ടര്‍ ഓപ്പറേറ്ററെ സ്‌നേഹിച്ച കുഞ്ഞി ടോട്ടോ. അവന്റെ എല്ലാമെല്ലാമായ ആല്‍ഫ്രഡോ.കരിങ്കല്ലുകളുടെ കണ്ണുകളെ പോലും ഈറനണിയിപ്പിച്ച ചലച്ചിത്രകാവ്യമായിരുന്നു സിനിമാ പാരഡീസോ. ഗൃഹാതുരതയുടെ റീലുകള്‍ ഓടുന്ന ഒരു ഓലത്തീയേറ്റര്‍ ഒരു സിനിമാ പാരഡീസോ എല്ലാ നാടിനും അങ്ങനെയൊരു അഭിമാനക്കൊട്ടക ഉണ്ടാവും.

തലമുറകളുടെ ജീവിതത്താളുകളെ ആദ്യം കറുപ്പിലും വെളുപ്പിലും പിന്നെ വര്‍ണ്ണങ്ങളാലും അലങ്കരിച്ച ചലിക്കുന്ന ചിത്രങ്ങള്‍ സമ്മാനിച്ച തീയേറ്ററുകള്‍. സാങ്കേതികവിദ്യയുടെ യന്ത്രവിരുതിലേക്ക് സര്‍വകലകളും സര്‍ഗാത്മകതയോടെ സമന്വയിച്ചപ്പോഴാണ് സിനിമ എന്ന നൂറ്റാണ്ടിന്റെ കലാരൂപം ഉദയം കൊണ്ടത്.

ഒരു നാടിന്റെ സാംസ്‌കാരിക ഗരിമയുടെ അടയാളപ്പെടുത്തല്‍ കൂടിയാണ് അവിടെയുള്ള സിനിമാശാലകള്‍. 65000 ജനങ്ങള്‍ വസിക്കുന്ന ലക്ഷദ്വീപില്‍ ഒരു സിനിമാക്കൊട്ടക പോലും ഇല്ലെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. നമ്മള്‍ മലയാളികളെ പോലെ തന്നെ സിനിമയും പാട്ടും മറ്റ് കലാരൂപങ്ങളും എല്ലാം ഇഷ്ടപ്പെടുന്ന സാധാരണ മനുഷ്യര്‍ തന്നെയാണ് ദ്വീപിലും താമസിക്കുന്നത്. ആയിരവും രണ്ടായിരവും ജനസംഖ്യയുള്ള കേരളത്തിലെ ചെറുപട്ടണങ്ങളില്‍ പോലും ഒന്നും രണ്ടും സിനിമാകൊട്ടകകള്‍ ഉള്ളപ്പോള്‍ ലക്ഷദ്വീപിനെ ഒരു തീയേറ്റര്‍ നിഷിദ്ധ മേഖലയാക്കി മാറ്റിയത് മതം തന്നെയാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

രാഷ്ട്രപിതാവിന്റെ പ്രതിമയ്ക്ക് പ്രവേശനമില്ലാത്ത ഇന്ത്യയിലെ ഏക കടല്‍ത്തുരുത്ത് എന്ന നാണക്കേടിലേക്ക് ലക്ഷദ്വീപിനെ തള്ളിയിട്ടിരിക്കുന്നതും മതം തന്നെയാണ്. നമ്മളൊന്ന് നമുക്കൊന്ന് എന്ന നിലയിലേക്ക് കേരളം മാറുമ്പോള്‍ ഒരു വീട്ടില്‍ കുറഞ്ഞത് ആറ് കുട്ടികള്‍ എന്ന അപമാനത്തിലേക്ക് ദ്വീപുവാസികളെ കുരുക്കിയിട്ടിരിക്കുന്നതും മതം തന്നെയാണ്. വീട്ടിലെയും നാട്ടിലെയും എല്ലാ പ്രശ്‌നങ്ങളിലും മഹല്‍കമ്മിറ്റി നയിക്കുന്ന മതപുരുഷന്മാര്‍ അന്തിമതീര്‍പ്പ് കല്പിക്കുന്ന ഒരു സമൂഹത്തിലും പരാതികള്‍ പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങില്ല.

ഏത് ആധുനിക സമൂഹത്തിലും പെറ്റീഷനും കേസും തര്‍ക്കവും എല്ലാമുണ്ടാകും. പോലീസും കോടതിയും ഒന്നും വേണ്ടാത്ത ഏത് നാടും ഗോത്രീയതയുടെ പിടിയിലായിരിക്കും. ലക്ഷദ്വീപിനെ ഒരു മോഡേണ്‍ ഐലന്റായി മാറ്റേണ്ടതുണ്ട്. അതിന് നേതൃത്വം നല്‌കേണ്ടത് തികഞ്ഞ മതേതര കാഴ്ചപ്പാടുള്ള ഒരു ഭരണസംവിധാനമാണ്. നാട്ടിലെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുമായി ചര്‍ച്ച ചെയ്താണ് പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കേണ്ടത്.

കിട്ടിയ തക്കം നോക്കി ബീഫ് നിരോധിക്കാന്‍ ശ്രമിച്ച അഡ്മിനിസ്‌ട്രേറ്റര്‍ പട്ടേല്‍, തിയേറ്റര്‍ വിലക്കിയവരുടെ അതേ മനോഘടനയിലുള്ള മറ്റൊരു മതജീവി മാത്രമാണ്. ലക്ഷദ്വീപിനെ ഒരു മോഡേണ്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി മാറ്റാന്‍ ആഗ്രഹിക്കുന്ന ഒരു ഭരണാധികാരിയും അവിടുത്തെ ജനങ്ങളുടെ ഭക്ഷണശീലത്തില്‍ കൈകടത്താന്‍ ശ്രമിക്കില്ല. തീയേറ്ററുകളും പാര്‍ലറുകളും വൈവിധ്യമാര്‍ന്ന ബീഫ് വിഭവങ്ങള്‍ വിളമ്പുന്ന റസ്റ്റോറന്റുകളും എല്ലാം നിറഞ്ഞ കളര്‍ഫുള്‍ നാടായി ലക്ഷദ്വീപ് മാറണം.

വിനോദവ്യവസായത്തിന്റെ മറ്റൊരു ഹെഡ് ക്വാര്‍ട്ടറായി കവരത്തി വളരണം. സേവ് ലക്ഷ്വദീപുകാരുടേയും ബീഫ് നിരോധനത്തെ ന്യായീകരിക്കാന്‍ തീയേറ്റര്‍ വിലക്കിനെ പറ്റി വാചാലരാകുന്നവരുടേയും അന്തര്‍ധാര ഒന്നുതന്നെയാണ് – മനുഷ്യന്‍ ശോഷിച്ചാലും മതം പോഷിക്കണം. അതാണല്ലോ വോട്ടുരാഷ്ട്രീയത്തിന്റെ അടിസ്ഥാന പ്രമാണം.


Leave a Reply

Your email address will not be published. Required fields are marked *