ഇസ്രായേല്‍, ഇന്ത്യ, ഇംഗ്ലണ്ട്; പരീക്ഷിക്കപ്പെട്ട എല്ലാ രാജ്യങ്ങളിലും സോഷ്യലിസം പരാജയമാണ്; പ്രമോദ് കുമാര്‍ എഴുതുന്നു


‘സോഷ്യലിസം ഒരിക്കലും പരാജയപ്പെട്ടിട്ടില്ലെന്ന് പറയാന്‍ ആഗ്രഹിക്കുന്നവര്‍ കാരണമായി ചൂണ്ടികാണിക്കുന്നത് അത് ഒരിക്കലും പരീക്ഷിക്കപ്പെട്ടിട്ടില്ലെന്നാണ്. എന്നാല്‍ സത്യത്തില്‍, സോഷ്യലിസം പരീക്ഷിക്കപ്പെട്ട എല്ലാ രാജ്യങ്ങളിലും പരാജയപ്പെട്ടു എന്നതാണ് യാഥാര്‍ഥ്യം. ഒരു നൂറ്റാണ്ട് മുമ്പ് സോഷ്യലിസം പരീക്ഷിച്ച സോവിയറ്റ് യൂണിയന്‍ മുതല്‍ മൂന്ന് ആധുനിക ജനാധിപത്യരാജ്യങ്ങളായ, ഇസ്രായേല്‍, ഇന്ത്യ, ഇംഗ്ലണ്ട് വരെ എല്ലാ രാജ്യങ്ങളും അതിനെ തള്ളിക്കളഞ്ഞു. ചൈനയുടെ അനുഭവവും സമാനമാണ്.’- പ്രമോദ് കുമാര്‍ എഴുതുന്നു
സോഷ്യലിസം എന്ന സമ്പൂര്‍ണ്ണ പരാജയം

അമേരിക്കയിലെ പ്രമുഖ ചരിത്രകാരനും ഇരുപത്തഞ്ചോളം പുസ്തകങ്ങളുടെ രചയിതാവും എഡിറ്ററുമായ ലീ എഡ്വേര്‍ഡ്‌സ് എഴുതി, നാഷണല്‍ റിവ്യൂവില്‍ പ്രസിദ്ധീകരിച്ച ‘സോഷ്യലിസത്തെ പരീക്ഷിക്കുകയും നിരസിക്കുകയും ചെയ്ത മൂന്ന് രാഷ്ട്രങ്ങള്‍’ എന്ന ലേഖനം ഇക്കാലത്തും ഏറെ പ്രസക്തമാണ്. സോഷ്യലിസം ഒരിക്കലും പരാജയപ്പെട്ടിട്ടില്ലെന്ന് പറയാന്‍ ആഗ്രഹിക്കുന്നവര്‍ കാരണമായി ചൂണ്ടികാണിക്കുന്നത് അത് ഒരിക്കലും പരീക്ഷിക്കപ്പെട്ടിട്ടില്ലെന്നാണ്. എന്നാല്‍ സത്യത്തില്‍, സോഷ്യലിസം പരീക്ഷിക്കപ്പെട്ട എല്ലാ രാജ്യങ്ങളിലും പരാജയപ്പെട്ടു എന്നതാണ് യാഥാര്‍ഥ്യം. ഒരു നൂറ്റാണ്ട് മുമ്പ് സോഷ്യലിസം പരീക്ഷിച്ച സോവിയറ്റ് യൂണിയന്‍ മുതല്‍ മൂന്ന് ആധുനിക ജനാധിപത്യരാജ്യങ്ങളായ, ഇസ്രായേല്‍, ഇന്ത്യ, ഇംഗ്ലണ്ട് വരെ എല്ലാ രാജ്യങ്ങളും അതിനെ തള്ളിക്കളഞ്ഞു. ചൈനയുടെ അനുഭവവും സമാനമാണ്.

സോവിയറ്റ് യൂണിയനിലെ ഏകാധിപത്യ ഭരണവും ഇസ്രായേല്‍, ഇന്ത്യ, ഇംഗ്ലണ്ട് എന്നിവടങ്ങളിലെ ജനാധിപത്യ ഭരണവും തമ്മില്‍ വലിയ രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടെങ്കിലും, ഈ പറഞ്ഞ മൂന്ന് രാജ്യങ്ങളും സോഷ്യലിസ്റ്റ് തത്വങ്ങള്‍ പാലിച്ചുകൊണ്ട്, അവരുടെ പ്രധാന വ്യവസായങ്ങള്‍ ദേശസാല്‍ക്കരിക്കുകയും സാമ്പത്തിക തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ കൈകളില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

ഇതില്‍ സോവിയറ്റ് യൂണിയന്റെ പതനം ചരിത്രകാരന്മാര്‍ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. 1985-ല്‍ ജനറല്‍ സെക്രട്ടറി മിഖായേല്‍ ഗോര്‍ബച്ചേവ്, തകര്‍ന്ന് പാപ്പരായി തീര്‍ന്ന സോവിയറ്റ് സാമ്രാജ്യത്തിന്റെ നേതൃത്വത്തില്‍ നിന്നും ഒഴിയുമ്പോള്‍, 70 വര്‍ഷത്തെ മാര്‍ക്സിസ്റ്റ് പരീക്ഷണത്തിന് ശേഷം, ഭക്ഷണംപോലുമില്ലാത്ത അവസ്ഥയില്‍ ആയിരുന്നു ആ നാട്. സോവിയറ്റ് ഫാമുകള്‍ക്ക് ആളുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുന്നില്ല. ഫാക്ടറികള്‍ അവരുടെ ക്വാട്ട നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു. ജനം മോസ്‌കോയിലും മറ്റ് നഗരങ്ങളിലും ബ്രെഡും മറ്റ് അവശ്യവസ്തുക്കളും വാങ്ങുന്നതിനായി ക്യു നില്‍ക്കുന്നു. ഇതോടൊപ്പം മറ്റൊരു കാഴച കൂടിയുണ്ട്. അഫ്ഗാനിസ്ഥാനിലെ അവസാനമില്ലാതെ നീണ്ട യുദ്ധക്കളത്തില്‍ നിന്നും യുവ സോവിയറ്റ് സൈനികരുടെ മൃതദേഹങ്ങള്‍ രാജ്യത്തേക്കുവരുന്നു.

ഇരുമ്പ് തിരശ്ശീലയ്ക്ക് പിന്നില്‍, സോവിയറ്റ് യൂണിയന്റെ കോളനി പോലെ പ്രവര്‍ത്തിച്ചതിനാല്‍, എല്ലാ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ സമ്പദ്വ്യവസ്ഥയും സമാനമായി ദുര്‍ബലമായിരുന്നു. മത്സരിക്കാനോ നവീകരിക്കാനോ യാതൊരു പ്രോത്സാഹനവുമില്ലാതെ, ‘ആദ്യകാല വ്യാവസായിക യുഗത്തിലെ മ്യൂസിയം’ പോലെ കിഴക്കന്‍, മധ്യ യൂറോപ്പിലെ രാജ്യങ്ങളിലെ വ്യാവസായിക മേഖല, ബ്യൂറോക്രാറ്റിക് കാര്യക്ഷമതയില്ലായ്മയുടെയും മാലിന്യങ്ങളുടെയും ഒരു സ്മാരകമായി മാറി. അക്കാലത്ത്ന്യൂയോര്‍ക്ക് ടൈംസ്ചൂണ്ടിക്കാണിച്ചതുപോലെ, 1987-ല്‍ 2 ദശലക്ഷം ജനങ്ങള്‍ മാത്രമുള്ള ഒരു ഏഷ്യന്‍ നഗര-രാജ്യമായ സിംഗപ്പൂര്‍, മൊത്തം കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ളതിനേക്കാള്‍ 20 ശതമാനം കൂടുതല്‍ യന്ത്രസാമഗ്രികള്‍ പടിഞ്ഞാറിലേക്ക് കയറ്റുമതി ചെയ്തു. എന്നിട്ടും, മുന്‍നിര പടിഞ്ഞാറന്‍ ബുദ്ധിജീവികളെയും രാഷ്ട്രീയക്കാരെയും സോഷ്യലിസം ആനന്ദിപ്പിച്ചു കൊണ്ടേയിരുന്നു. അത് സ്വകാര്യ സ്വത്തില്ലാത്ത ലോകമായിരുന്നതിനാല്‍ ‘കലഹങ്ങളില്ലാത്ത ലോകമെന്ന’ അതിന്റെ മുദ്രാവാക്യത്തെ ചെറുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച്, ജനങ്ങള്‍ക്ക് കഴിയുന്നതിനേക്കാള്‍ കൂടുതല്‍ കാര്യജ്ഞാനമുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ ഒരു ബ്യൂറോക്രസിക്ക് കഴിയുമെന്ന് അവര്‍ക്ക് വിശ്വാസമുണ്ടായിരുന്നു. അവര്‍ ജോണ്‍ മെയ്നാര്‍ഡ് കെയ്ന്‍സിനൊപ്പം, ‘ഭരണകൂടം വിവേകമുള്ളതും വിപണി വിവേകശൂന്യവുമാണ്’ എന്ന് വിശ്വസിച്ചു.

രണ്ടാം ലോകമഹായുദ്ധത്തെത്തുടര്‍ന്ന് ഇസ്രായേല്‍, ഇന്ത്യ, ഇംഗ്ലണ്ട് എന്നിവയെല്ലാം സോഷ്യലിസത്തെ സാമ്പത്തിക മാതൃകയായി സ്വീകരിച്ചു. ഉദാഹരണത്തിന്, ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം തുടങ്ങുന്നത് ഇങ്ങനെയാണ് , ”ഞങ്ങള്‍, ഇന്ത്യയിലെ ജനങ്ങള്‍, ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് സെക്കുലര്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്കായി രൂപീകരിക്കാന്‍ ദൃഢനിശ്ചയം ചെയ്തു. ”. സോഷ്യലിസ്റ്റ് സമൂഹം അന്വേഷിക്കുകയും കെട്ടിപ്പടുക്കുകയും ചെയ്ത, കിഴക്കന്‍ യൂറോപ്യലെ ഇടതുപക്ഷ ജൂതന്മാരായിരുന്നു ഇസ്രായേലിലെ യഥാര്‍ത്ഥ കുടിയേറ്റക്കാര്‍. രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരവമൊടുങ്ങിയപ്പോള്‍, ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി എല്ലാ പ്രധാന വ്യവസായങ്ങളെയും ദേശസാല്‍ക്കരിക്കുകയും യൂണിയനുകളുടെ എല്ലാ സോഷ്യലിസ്റ്റ് ആവശ്യങ്ങളും അംഗീകരിക്കുകയും ചെയ്തു. വളരെ വ്യത്യസ്തമായ ഈ രാജ്യങ്ങളിലെല്ലാം ആദ്യം സോഷ്യലിസം പ്രവര്‍ത്തിക്കുന്നതായി തോന്നി. അത് നിലവില്‍ വന്ന ആദ്യ രണ്ട് ദശകങ്ങളില്‍, ഇസ്രായേലിന്റെ സമ്പദ്വ്യവസ്ഥ 10 ശതമാനത്തിലധികം വാര്‍ഷിക നിരക്കില്‍ വളര്‍ന്നു, ഇത് ഇസ്രായേലിനെ ‘സാമ്പത്തിക അത്ഭുതം’ എന്ന് വിളിക്കാന്‍ പലരെയും പ്രേരിപ്പിച്ചു. 1947-ല്‍ സ്ഥാപിതമായത് മുതല്‍ 1970-കള്‍ വരെയുള്ള ഇന്ത്യയുടെ ശരാശരി ജിഡിപി വളര്‍ച്ചാ നിരക്ക് 3.5 ശതമാനമായിരുന്നു, ഇത് ഇന്ത്യയെ കൂടുതല്‍ സമ്പന്നമായ വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍ ഉയര്‍ത്തി. ഗ്രേറ്റ് ബ്രിട്ടനിലെ ജിഡിപി വളര്‍ച്ച 1950 മുതല്‍ 1965 വരെ ശരാശരി 3 ശതമാനം ആയിരുന്നു, അതോടൊപ്പം ശരാശരി വേതനത്തില്‍ 40 ശതമാനം വര്‍ദ്ധനയുണ്ടായി, ഇത് ബ്രിട്ടനെ ലോകത്തിലെ കൂടുതല്‍ സമ്പന്ന രാജ്യങ്ങളിലൊന്നായി മാറാന്‍ പ്രാപ്തമാക്കി. എന്നാല്‍ വര്‍ധിച്ചുവരുന്ന ജനസംഖ്യയുടെയും വിദേശമത്സരത്തിന്റെയും മുന്നില്‍ സര്‍ക്കാര്‍ ആസൂത്രകര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല.

പതിറ്റാണ്ടുകളായി തളര്‍ന്നുകൊണ്ടിരുന്ന സാമ്പത്തിക വളര്‍ച്ചയ്ക്കും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മായും മൂലം, ഈ മൂന്ന് രാജ്യങ്ങളും സോഷ്യലിസം ഉപേക്ഷിച്ച് മുതലാളിത്തത്തിലേക്കും സ്വതന്ത്ര വിപണിയിലേക്കും തിരിഞ്ഞു. പിന്നീട്, ഇസ്രായേല്‍, ഇന്ത്യ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലുണ്ടായ അഭിവൃദ്ധി, വാഗ്ദാനം നിറവേറ്റുന്നതില്‍ അനിവാര്യമായും സോഷ്യലിസം പരാജയപ്പെടുമെന്ന് പ്രവചിച്ചിരുന്ന സ്വതന്ത്ര വിപണനക്കാരുടെ വാദത്തെ നീതീകരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ നിരീക്ഷിച്ചതുപോലെ, ‘സോഷ്യലിസത്തിന്റെ പ്രശ്‌നം, അത്യന്തികമായി, മറ്റുള്ളവരുടെ പണം നിങ്ങളുടെ കൈയില്‍ നിന്നും തീര്‍ന്നു പോകുമെന്നതാണ്.’

പൊളിഞ്ഞുപോയ ഇസ്രായേല്‍ സോഷ്യലിസം

സമാനതയില്ലാതെ കുറച്ചു കാലത്തേക്കെങ്കിലും സോഷ്യലിസം വിജയിച്ച, ഒരേയൊരു രാഷ്ട്രമായിരുന്നു ഇസ്രായേല്‍. ഇസ്രായേലി പ്രൊഫസര്‍ അവി കേയുടെ അഭിപ്രായത്തില്‍, യഥാര്‍ത്ഥ കുടിയേറ്റക്കാര്‍ ‘മുഴുവന്‍ സമൂഹത്തിന്റെയും പ്രയോജനത്തിനായി കമ്പോള ശക്തികളെ നിയന്ത്രിക്കുന്ന ഒരു സമ്പദ്വ്യവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിച്ചു’. പരാധീനതയുടെയും മുന്‍വിധിയുടെയും ഇരകളായ തങ്ങളുടെ ചരിത്രത്തെ ഉപേക്ഷിക്കാനുള്ള ആഗ്രഹത്താല്‍ നയിക്കപ്പെട്ട അവര്‍, സമത്വവും തൊഴിലാളി-അധിഷ്ഠിതവുമായ സോഷ്യലിസ്റ്റ് സമൂഹത്തെയാണ് അന്വേഷിച്ചിരുന്നത്.

തുടക്കത്തില്‍ ഒരു ദശലക്ഷത്തില്‍ താഴെയുള്ള, ഏകതാനമായ ജനങ്ങള്‍ മരുഭൂമിയെ ഹരിത മേച്ചില്‍പ്പുറങ്ങളാക്കി മാറ്റുന്നതിനുള്ള കേന്ദ്രീകൃത പദ്ധതികള്‍ ആവിഷ്‌കരിക്കുകയും കാര്യക്ഷമമായ സര്‍ക്കാര്‍ കമ്പനികള്‍ നിര്‍മ്മിക്കുകയും ചെയ്തു. അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ട് പണ്ഡിതനായ ജോസഫ് ലൈറ്റ് ചൂണ്ടിക്കാണിച്ചത് പോലെ, മിക്ക ആദ്യകാല കുടിയേറ്റക്കാരും, ഒന്നുകില്‍ കിബുട്ട്‌സിം എന്ന കൂട്ടായ ഫാമുകളിലോ അല്ലെങ്കില്‍ സര്‍ക്കാര്‍തല ജോലികളോ ചെയ്തിരുന്നു. ഭക്ഷണത്തിനും ബില്ലുകള്‍ അടയ്ക്കാനുള്ള പണത്തിനും വേണ്ടി ആളുകള്‍ ചെറു ജോലികള്‍ ചെയ്യുന്ന കര്‍ഷക കൂട്ടായ്മകളായിരുന്നു കിബുട്ട്‌സിം. അവിടെ സ്വകാര്യ സ്വത്തുണ്ടായിരുന്നില്ല, ആളുകള്‍ ഒന്നിച്ചു ഭക്ഷണം കഴിച്ചു, 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ അവിടെ മാതാപിതാക്കളോടൊപ്പമല്ലതെ ഒരുമിച്ച് താമസിച്ചു. അവര്‍ പുറത്ത് നിന്ന് സമ്പാദിക്കുന്ന പണം കിബുട്ട്‌സിന് നല്‍കിയിരുന്നു. മൂലധനം അധ്വാനത്തെ ചൂഷണം ചെയ്യുന്നുവെന്നും അത്തരം ”കൊള്ള” തടയാനുള്ള ഏക മാര്‍ഗം ഉല്‍പ്പാദനോപാധികളുടെ നിയന്ത്രണം ഭരണകൂടത്തിന് നല്‍കണമെന്നുള്ളതുമായിരുന്നു.

സോഷ്യലിസ്റ്റ് സിദ്ധാന്തത്തിന്റെ പ്രയോക്താക്കളായ ഹിസ്റ്റാഡ്രട്ട്, ജനറല്‍ ഫെഡറേഷന്‍ ഓഫ് ലേബര്‍ ആയിരുന്നു ഇസ്രായേലിന്റെ സോഷ്യലിസ്റ്റ് വല്‍ക്കരണത്തിലെ പ്രധാന പങ്ക് വഹിച്ചിരുന്നത്. മുന്നോട്ട് പോകുന്തോറും മിക്കവാറും എല്ലാ തൊഴിലാളികളെയും യൂണിയന്റെ കീഴിലാകാന്‍ തുടങ്ങിയതോടെ, കിബ്ബട്ട്‌സിം, പാര്‍പ്പിടം, ഗതാഗതം, ബാങ്കുകള്‍, സാമൂഹിക ക്ഷേമം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെ എല്ലാ സാമ്പത്തിക, സാമൂഹിക മേഖലകളുടെയും നിയന്ത്രണം ഹിസ്റ്റാഡ്രട്ടിന് ലഭിച്ചു. 1948-ല്‍ ഇസ്രായേല്‍ സ്ഥാപിതമായത് മുതല്‍ 1973 ലെ യോം കിപ്പൂര്‍ യുദ്ധവും വരെ ഇസ്രായേലിനെ ഫലപ്രദമായി ഭരിച്ചിരുന്ന ലേബര്‍ പാര്‍ട്ടിക്കായിരുന്നു രാജ്യത്തിന്റെ രാഷ്ട്രീയ സാരഥ്യം.

ആദ്യ വര്‍ഷങ്ങളില്‍ തന്നെ, ഗവണ്‍മെന്റിന്റെ ഇടപെടലില്‍ എന്തെങ്കിലും പരിധികള്‍ ഏര്‍പ്പെടുത്തണമോ എന്ന് കുറച്ച് പേര്‍ ചോദിച്ചിരുന്നു. എന്നാല്‍ ഇസ്രായേലിന്റെ സാമ്പത്തിക പ്രകടനം കെയ്ന്‍സിന്റെ അഭിപ്രായത്തെ സ്ഥിരീകരിക്കുന്നതായി തോന്നി. 1955 മുതല്‍ 1975 വരെയുള്ള യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച അമ്പരപ്പിക്കുന്ന 12.6 ശതമാനമായിരുന്നു, ഇത് ഏറ്റവും കുറഞ്ഞ വരുമാന വ്യത്യാസമുള്ള ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയുടെ പട്ടികയില്‍ ഇസ്രായേലിന് ഇടം നേടി കൊടുത്തു. എന്നിരുന്നാലും, ഈ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്കൊപ്പം തന്നെ സ്വകാര്യ ഉപഭോഗത്തിന്റെ തോതും വര്‍ദ്ധിച്ചു, കാലക്രമേണ, വര്‍ദ്ധിച്ചുവരുന്ന വരുമാന അസമത്വം സൃഷ്ടിക്കപെട്ടു. ഇതിനെ തുടര്‍ന്ന് സര്‍ക്കാരിന്റെ കേന്ദ്രീകൃത തീരുമാനങ്ങളില്‍ നിന്ന് സമ്പദ്വ്യവസ്ഥയെ മോചിപ്പിക്കുന്നതിനായി സാമ്പത്തിക പരിഷ്‌കരണത്തിനുള്ള മുറവിളിയും വര്‍ദ്ധിച്ചു. 1961-ല്‍, സാമ്പത്തിക ഉദാരവല്‍ക്കരണത്തെ പിന്തുണയ്ക്കുന്നവര്‍ ലിബറല്‍ പാര്‍ട്ടി രൂപീകരിച്ചു. കമ്പോള സമ്പദ്വ്യവസ്ഥയ്ക്ക് പ്രതിജ്ഞാബദ്ധമായ ആദ്യത്തെ രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു അത്. 1965-ല്‍ രാജ്യം അതിന്റെ ആദ്യത്തെ വലിയ മാന്ദ്യത്തിലൂടെ കടന്നുപോകുമ്പോള്‍ തന്നെ ഇസ്രായേലിന്റെ ‘സാമ്പത്തിക അത്ഭുതം’ എന്ന പ്രതിഭാസം ആവിയായിപ്പോയിരുന്നു.

സാമ്പത്തിക വളര്‍ച്ച നിലച്ചു, തൊഴിലില്ലായ്മ 1965 മുതല്‍ 1967 വരെ മൂന്നിരട്ടിയായി ഉയര്‍ന്നു. ഗവണ്‍മെന്റ് തിരുത്തല്‍ നടപടിക്ക് ശ്രമിക്കുന്നതിന് മുമ്പ് തന്നെ, ആറ് ദിവസത്തെ യുദ്ധം പൊട്ടിപ്പുറപ്പെട്ടു, ഇത് ഇസ്രായേലിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ ഭൂപടത്തെ മാറ്റിമറിച്ചു. വിരോധാഭാസമെന്നു പറയട്ടെ, വര്‍ധിച്ച സൈനിക ചെലവും പുതിയ പ്രദേശങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ വലിയ ഒഴുക്കും കാരണം യുദ്ധം ഇസ്രായേലിന് ഹ്രസ്വകാല അഭിവൃദ്ധി കൊണ്ടുവന്നു. എന്നാല്‍ ഗവണ്‍മെന്റിന്റെ നേതൃത്വത്തിലുള്ള സാമ്പത്തിക വളര്‍ച്ചയോടൊപ്പം തന്നെ പണപ്പെരുപ്പവുമുണ്ടായി. അത് 1971 മുതല്‍ 1973 വരെയുള്ള കാലയളവില്‍ വാര്‍ഷിക നിരക്കായ 17 ശതമാനത്തിലെത്തി.

അങ്ങനെ ആദ്യമായി സ്വതന്ത്ര-സംരംഭ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നവരും പരമ്പരാഗത സോഷ്യലിസ്റ്റ് വ്യവസ്ഥകളെ പിന്തുണയ്ക്കുന്നവരും തമ്മില്‍ ഒരു പൊതു സംവാദം നടന്നു. സ്വതന്ത്ര കമ്പോളത്തിന് വഴിയൊരുക്കിയത് പിന്നീട് നൊബേല്‍ സമ്മാന ജേതാവായ മില്‍ട്ടണ്‍ ഫ്രീഡ്മാനാണ്. അദ്ദേഹം ‘നിങ്ങളുടെ ജനങ്ങളെ സ്വതന്ത്രരാക്കാനും’ സമ്പദ്വ്യവസ്ഥയെ ഉദാരമാക്കാനും ഇസ്രായേലി നയരൂപീകരണക്കാരെ പ്രേരിപ്പിച്ചു. 1973-ലെ യുദ്ധവും അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും, ലേബര്‍ പാര്‍ട്ടിയുടെ സോഷ്യലിസ്റ്റ് മാതൃകയ്ക്ക് രാജ്യത്തിന്റെ വളര്‍ന്നുവരുന്ന സാമ്പത്തിക വെല്ലുവിളികളെ കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്ന പല ഇസ്രായേലികളുടെയും വികാരം ശക്തിപ്പെടുത്തി. 1977ലെ തിരഞ്ഞെടുപ്പില്‍, ഉറച്ച സ്വതന്ത്ര വിപണി അനുകൂല നിലപാടുള്ള ലിക്കുഡ് പാര്‍ട്ടിയുടെ വിജയത്തില്‍ കലാശിച്ചു, ലിക്കുഡ് അതിന്റെ സഖ്യകക്ഷികളില്‍ ഒരാളായി ലിബറല്‍ പാര്‍ട്ടിയെയാണ് തെരഞ്ഞെടുടുത്തത്.

ഇസ്രായേലില്‍ സോഷ്യലിസത്തിന്റെ വേരുകള്‍ വളരെ ആഴത്തിലുള്ളതായതിനാല്‍, യഥാര്‍ത്ഥ പരിഷ്‌കരണം വളരെ സാവധാനത്തിലാണ് മുന്നോട്ടുപോയത്. സോഷ്യലിസത്തില്‍ നിന്ന് ഒരു സ്വതന്ത്ര കമ്പോള സമ്പദ്വ്യവസ്ഥയിലേക്ക് ഇസ്രായേലിനെ മാറ്റുന്ന ഒരു പരിപാടി തയ്യാറാക്കാന്‍ ഫ്രീഡ്മാനോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പ്രധാന പരിഷ്‌കാരങ്ങള്‍, സര്‍ക്കാര്‍ പരിപാടികളുടെയും സര്‍ക്കാര്‍ ചെലവുകളുടെയും കുറയ്ക്കല്‍, സാമ്പത്തിക, വ്യാപാര, തൊഴില്‍ നയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് കുറയ്ക്കല്‍, ആദായനികുതി വെട്ടിക്കുറയ്ക്കല്‍, സ്വകാര്യവല്‍ക്കരണവും നടപ്പിലാക്കല്‍ എന്നിവയായിരുന്നു. ഇത് പരിഷ്‌കരണവാദികളും നിലവിലെ സ്ഥിതി തുടരണമെന്ന് പ്രത്യേക താല്‍പ്പര്യങ്ങളുമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഒരു വലിയ തര്‍ക്കം ഉടലെടുക്കുന്നതിന് കാരണമായി.

അതിനിടെ, സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ഗവണ്‍മെന്റ് കടം വാങ്ങുകയും ചിലവഴിക്കുകയും ചെയ്തു, പണപ്പെരുപ്പം വര്‍ധിപ്പിച്ചു, ഇത് 1978-79 ലെ ശരാശരി 77 ശതമാനവും 1984-85 ല്‍ 450 ശതമാനത്തിലെത്തി. സമ്പദ്വ്യവസ്ഥയില്‍ സര്‍ക്കാരിന്റെ പങ്ക് 76 ശതമാനമായി വളര്‍ന്നപ്പോള്‍ ധനക്കമ്മിയും ദേശീയ കടവും റോക്കറ്റ് കണക്കെ കുതിച്ചുയരുകയായിരുന്നു. ബാങ്ക് ഓഫ് ഇസ്രയേലില്‍ നിന്നുള്ള വായ്പകളിലൂടെ ഗവണ്‍മെന്റ് പണം അച്ചടിച്ചു, ഇത് വീണ്ടും പണപ്പെരുപ്പത്തിന് കാരണമായി. ഒടുവില്‍, 1983 ജനുവരിയില്‍, കുമിള പൊട്ടി. ആയിരക്കണക്കിന് സ്വകാര്യ പൗരന്മാരും ബിസിനസ്സുകളും അതുപോലെ സര്‍ക്കാര്‍ നടത്തുന്ന സംരംഭങ്ങളും പാപ്പരത്തത്തെ അഭിമുഖീകരിച്ചു. ഈ നിര്‍ണായക നിമിഷത്തില്‍, സഹാനുഭൂതിയോടെ യുഎസ് പ്രസിഡന്റ് റൊണാള്‍ഡ് റീഗനും അദ്ദേഹത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി ജോര്‍ജ്ജ് ഷള്‍ട്ട്‌സും സഹായത്തിനെത്തി. ഇസ്രായേല്‍ ഗവണ്‍മെന്റ് അതിന്റെ സോഷ്യലിസ്റ്റ് റൂള്‍ബുക്ക് ഉപേക്ഷിച്ച് അമേരിക്കന്‍-പരിശീലിത പ്രൊഫഷണലുകളെ ഉപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള യുഎസ് ശൈലിയിലുള്ള മുതലാളിത്തം സ്വീകരിക്കാന്‍ സമ്മതിച്ചാല്‍ അവര്‍ 1.5 ബില്യണ്‍ ഡോളര്‍ ഗ്രാന്റ് വാഗ്ദാനം ചെയ്തു.

ഇതിനെ ഹിസ്റ്റാഡ്രട്ട് ശക്തമായി എതിര്‍ക്കുകയും, പതിറ്റാണ്ടുകള്‍ പഴക്കമുള്ള തങ്ങളുടെ അധികാരം ഉപേക്ഷിക്കാനും ഇസ്രയേലിന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് സോഷ്യലിസമാണ് ഉത്തരവാദിയെന്ന് സമ്മതിക്കാനും അവര്‍ തയ്യാറായിരുന്നില്ല. എന്നിരുന്നാലും, കുതിച്ചുയരുന്ന പണപ്പെരുപ്പവും വളര്‍ച്ചയില്ലായ്മയും ജനങ്ങള്‍ക്ക് സഹികെട്ടിരുന്നു, ഹിസ്റ്റാഡ്രട്ടിന്റെ പ്രതിരോധ നയം അവര്‍ നിരസിച്ചു. എന്നിട്ടും, സാമ്പത്തിക പരിഷ്‌കരണത്തിനായി രാഷ്ട്രീയ ഇച്ഛാശക്തി ചെലവഴിക്കാന്‍ തയ്യാറാകാതെ ഇസ്രായേല്‍ സര്‍ക്കാര്‍ മടിച്ചു. സമ്പദ്വ്യവസ്ഥയെ സ്വതന്ത്രമാക്കാന്‍ തുടങ്ങിയില്ലെങ്കില്‍, രാജ്യത്തിലേക്കുള്ള ‘എല്ലാ പണ കൈമാറ്റങ്ങളും’ യുഎസ് മരവിപ്പിക്കുമെന്ന് പ്രകോപിതനായ സെക്രട്ടറി ഷുള്‍സ് ഇസ്രായേലിനെ അറിയിച്ചു. ഭീഷണി ഫലിച്ചു. സ്വതന്ത്ര മാര്‍ക്കറ്റ് ‘നിര്‍ദ്ദേശങ്ങള്‍’ മിക്കതും ഇസ്രായേല്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചു.

ഇസ്രായേല്‍ സാമ്പത്തിക നയത്തിലെ അടിസ്ഥാനപരമായ മാറ്റത്തിന്റെ ആഘാതം ഉടനടി വ്യാപകമായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍, പണപ്പെരുപ്പം 450 ശതമാനത്തില്‍ നിന്ന് വെറും 20 ശതമാനമായി കുറഞ്ഞു, ജിഡിപിയുടെ 15 ശതമാനത്തിന്റെ ബജറ്റ് കമ്മി പൂജ്യമായി ചുരുങ്ങി, ഹിസ്റ്റാഡ്രട്ടിന്റെ സാമ്പത്തിക, ബിസിനസ് സാമ്രാജ്യം അതിന്റെ രാഷ്ട്രീയ ആധിപത്യത്തോടൊപ്പം അപ്രത്യക്ഷമായി, ഇസ്രായേല്‍ സമ്പദ്വ്യവസ്ഥ ഇറക്കുമതിക്ക് തുറന്നുകൊടുത്തു.

മാറ്റം വന്നതില്‍ പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നതാണ് ഇസ്രായേലിലെ ഹൈടെക് വിപ്ലവം. ഇത് ഇസ്രായേലിലെ നിക്ഷേപത്തില്‍ 600 ശതമാനം വര്‍ദ്ധനവിന് കാരണമായി, രാജ്യത്തെ ഹൈടെക് ലോകത്തിലെ തന്നെ ഒരു പ്രധാന കളിക്കാരനായി മാറ്റി.

എന്നിരുന്നാലും ഇതിന് സാമൂഹിക അസമത്വം, ദാരിദ്ര്യം, സാമൂഹ്യനീതിയെക്കുറിച്ചുള്ള ആശങ്കകള്‍ തുടങ്ങിയ അസ്വസ്ഥജനകമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇസ്രായേലിലെവാഷിംഗ്ടണ്‍ പോസ്റ്റിന്റെ ലേഖകന്‍ ഗ്ലെന്‍ ഫ്രാങ്കെലിന്റെ അഭിപ്രായത്തില്‍, സോഷ്യലിസ്റ്റ് വാചാടോപങ്ങളും പ്രത്യയശാസ്ത്രവും, ‘ശാശ്വതമായി വിരമിച്ചു.’ കര്‍ക്കശമായ തൊഴില്‍ നിയമങ്ങള്‍, വ്യാജ ബുക്ക് കീപ്പിംഗ്, ഫേവറിറ്റിസം, കഴിവുകെട്ട മാനേജ്‌മെന്റ് എന്നിവയാല്‍ ദുഷിപ്പിക്കപ്പെട്ട പൊതു ഉടമസ്ഥതയിലുള്ള പല കമ്പനികളേയും സ്വകാര്യവല്‍ക്കരിക്കുന്നതിനും വിഭജിക്കുന്നതിനും സോഷ്യലിസ്റ്റ് ലേബര്‍ പാര്‍ട്ടി തയ്യാറായി.

1990-കളിലെ പരിമിതമായ വികസനത്തിന് ശേഷം, കുറഞ്ഞ പണപ്പെരുപ്പവും ഗവണ്‍മെന്റിന്റെ വലിപ്പക്കുറവും മൂലം 2000-കളില്‍ ഇസ്രായേലിന്റെ സാമ്പത്തിക വളര്‍ച്ച വികസ്വര രാജ്യങ്ങളില്‍ ഒന്നാമതെത്തി. തൊഴിലില്ലായ്മ അപ്പോഴും വളരെ ഉയര്‍ന്നതായിരുന്നു. ജിഡിപിയുടെ 40 ശതമാനവും നികുതികള്‍ നിന്നായിരുന്നു, ഇങ്ങനെ സംഭവിച്ചത് സൈന്യത്തിന് വേണ്ടി വലിയൊരു തുക ചിലവഴിക്കേണ്ടി വന്നതിനാലാണ് . എന്നിരുന്നാലും, ആദ്യ കാലങ്ങളിലെ സാമ്പത്തിക നയങ്ങളിലേക്ക് ഒരു തിരിച്ചുപോക്കില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ സമ്മതിക്കുന്നു – മറിച്ച് കൂടുതല്‍ വിപണി പരിഷ്‌കരണത്തിനെക്കുറിച്ചാണ് ചര്‍ച്ച. ‘സോഷ്യലിസത്തിലെ ലോകത്തിലെ ഏറ്റവും വിജയകരമായ പരീക്ഷണം മുതലാളിത്തത്തെ ദൃഢനിശ്ചയത്തോടെ പുല്‍കിയതായി തോന്നുന്നു’ എന്ന് ലൈറ്റ് പിന്നീട് ഇതിനെ കുറിച്ച് എഴുതി.

ഉദാരവത്ക്കരണം രക്ഷിച്ച ഇന്ത്യ

സ്വാതന്ത്ര്യത്തിന് വളരെ മുമ്പുതന്നെ ഇന്ത്യയില്‍ സോഷ്യലിസത്തിനുള്ള സ്വീകാര്യത ശക്തമായിരുന്നു. ബ്രിട്ടീഷ് കൊളോണിയലിസത്തിന് എതിരെയുള്ള സ്വാതന്ത്ര്യ സമരവും, 1921 ല്‍ സ്ഥാപിതമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഭൂ ഉടമകളായ നാട്ടുരാജ്യങ്ങള്‍ക്ക് (ജമീന്ദാര്‍മാര്‍) എതിരായ വ്യാപകമായ സമരങ്ങളുമായിരുന്നു അതിന് കാരണം. 1947-ല്‍ സ്വാതന്ത്ര്യാനന്തരം, ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായപ്പോള്‍ സോഷ്യലിസത്തെ ഭരണസിദ്ധാന്തമായി സ്വീകരിച്ചു. ഏകദേശം 30 വര്‍ഷം, ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു സോഷ്യലിസ്റ്റ് ലൈനില്‍ ഉറച്ചുനിന്നു. ഇറക്കുമതി പരിമിതപ്പെടുത്തി, നേരിട്ടുള്ള വിദേശ നിക്ഷേപം നിരോധിച്ചു, ചെറുകിട കമ്പനികളെ വന്‍കിട കോര്‍പ്പറേറ്റുകളില്‍ നിന്നുള്ള മത്സരത്തില്‍ നിന്ന് സംരക്ഷിച്ചു, സ്റ്റീല്‍, സിമന്റ്, വളം, പെട്രോളിയം ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങി വൈവിധ്യമാര്‍ന്ന വ്യവസായങ്ങളില്‍ വില നിയന്ത്രണം ഏര്‍പ്പെടുത്തി. ഏതൊരു നിര്‍മ്മാതാവും അവരുടെ ലൈസന്‍സ് ശേഷിയില്‍ കവിഞ്ഞ ഉത്പാദനമുണ്ടാക്കിയാല്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമായിരുന്നു.

ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ സ്വാമിനാഥന്‍ എസ്. അങ്കലേസാരിയ അയ്യര്‍ എഴുതിയതുപോലെ, ‘ഒരുപക്ഷേ, ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തുന്നത് ഒരു കുറ്റകൃത്യമായിരുന്ന ലോകത്തിലെ ഒരേയൊരു രാജ്യം ഇന്ത്യയായിരുന്നു. . . .’. സാമ്പത്തികമോ സാമൂഹികമോ ആയ നല്ലഫലങ്ങള്‍ ഉണ്ടാക്കാന്‍ കമ്പോളത്തെ ആശ്രയിക്കാന്‍ കഴിയില്ലെന്ന സോഷ്യലിസ്റ്റ് തത്വത്തിന്റെ കര്‍ശനമായ പ്രയോഗമായിരുന്നു അത്. സാമ്പത്തിക അസമത്വം നികുതികളിലൂടെ നിയന്ത്രിക്കപ്പെട്ടു; ഉയര്‍ന്ന വ്യക്തിഗത ആദായനികുതി നിരക്ക് 97.75 ശതമാനത്തില്‍ വരെ എത്തി. ഏകദേശം 14 പൊതു ബാങ്കുകള്‍ 1969-ല്‍ ദേശസാല്‍ക്കരിക്കപ്പെട്ടു. 1980-ല്‍ ആറ് ബാങ്കുകള്‍ കൂടി സര്‍ക്കാര്‍ ഏറ്റെടുത്തു. ‘സ്വാശ്രയത്വം’ എന്ന തത്വത്താല്‍ നയിക്കപ്പെടുന്നതിനാല്‍, ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന മിക്കവാറും ഒന്നും തന്നെ, വില എത്ര കുറവാണെങ്കിലും ഇറക്കുമതി ചെയ്യാന്‍ കഴിയുമായിരുന്നില്ല.

വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ എപ്പോഴും പരാജയപ്പെട്ട ഇന്ത്യന്‍ സോഷ്യലിസത്തിന്റെ ‘ഔന്നത്യം’ ആയിരുന്നു അത്. 1977-78 കാലഘട്ടത്തില്‍ ഇന്ത്യയുടെ പകുതിയിലധികം പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. ഈ കാലത്തെ കുറച്ചു, ഇന്ത്യന്‍-അമേരിക്കന്‍ സാമ്പത്തിക വിദഗ്ധന്‍ അരവിന്ദ് പനഗാരിയ അഭിപ്രായപ്പെടുന്നത്, 1962-ല്‍ ചൈനയുമായുള്ള യുദ്ധത്തിന്റെ ചുവടുപിടിച്ച് വന്ന 1965-ല്‍ പാകിസ്ഥാനുമായുള്ള യുദ്ധം ഉള്‍പ്പെടെ, ബാഹ്യ ആഘാതങ്ങളുടെ ഒരു പരമ്പര രാജ്യത്തെ നടുക്കി; 1971ല്‍ പാക്കിസ്ഥാനുമായി മറ്റൊരു യുദ്ധം; 1971-72 ലും 1972-73 ലും തുടര്‍ച്ചയായി വരള്‍ച്ചയും 1973 ഒക്ടോബറിലെ എണ്ണവില പ്രതിസന്ധിയും ഇന്ത്യയുടെ വിദേശ വ്യാപാരത്തില്‍ 40 ശതമാനം തകര്‍ച്ചയ്ക്ക് കാരണമായി.

1965 മുതല്‍ 1981 വരെയുള്ള സാമ്പത്തിക പ്രകടനം സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ മറ്റേതൊരു സമയത്തേക്കാളും മോശമായിരുന്നു. ഇസ്രായേലിലെന്നപോലെ സാമ്പത്തിക പരിഷ്‌കരണവും അനിവാര്യമായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്റെ നയരേഖ പരമാവധി ഇടത്തോട്ടേക്ക് അടുപ്പിക്കുകയാണുണ്ടായത്. 1980-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി, ഒടുവില്‍ കൂടുതല്‍ പ്രായോഗികവും പ്രത്യയശാസ്ത്രപരമല്ലാത്തതുമായ ഒരു മാര്‍ഗം ഇന്ദിരാഗാന്ധി സ്വീകരിക്കേണ്ടി വന്നു. എന്നാല്‍ ഇന്ത്യയിലെ മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ സാമ്പത്തിക പരിഷ്‌കരണവും വളരെ സാവധാനത്തിലാണ് മുന്നോട്ടുപോയത്.

പുതിയ വ്യാവസായിക-നയ രൂപം, 1975-ല്‍ ആരംഭിച്ച സോഷ്യലിസത്തില്‍ നിന്ന് കുറേശ്ശെയായി പിന്‍വാങ്ങല്‍ തുടങ്ങി, കമ്പനികളെ അവരുടെ ശേഷി വികസിപ്പിക്കാന്‍ അനുവദിച്ചു, വൈവിധ്യമാര്‍ന്ന വ്യവസായങ്ങളില്‍ നിക്ഷേപം പ്രോത്സാഹിപ്പിച്ചു, ടെലികമ്മ്യൂണിക്കേഷനില്‍ സ്വകാര്യമേഖല പങ്കാളിത്തം അനുവദിച്ചു. 1984-ല്‍ അമ്മയുടെ കൊലപാതകത്തെത്തുടര്‍ന്ന് അധികാരത്തിലെത്തിയ രാജീവ് ഗാന്ധിയുടെ കീഴില്‍ കൂടുതല്‍ ഉദാരവല്‍ക്കരണത്തിന് വലിയ ഉത്തേജനം ലഭിച്ചു. തല്‍ഫലമായി, ജിഡിപി വളര്‍ച്ച 5.5 ശതമാനത്തിലെത്തി. മുന്‍ തലമുറയുടെ സോഷ്യലിസ്റ്റ് ഭാണ്ഡക്കെട്ടില്‍ നിന്ന് മുക്തനായ രാജീവ് ഗാന്ധിയുടെ കീഴില്‍ സാമ്പത്തിക ശാസ്ത്രം പ്രത്യയശാസ്ത്രത്തെ കവച്ചു മുന്നോട്ട് പോയി. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ പി.വി. നരസിംഹ റാവു തിരഞ്ഞെടുത്ത മേഖലകളിലൊഴികെയുള്ള ലൈസന്‍സിംഗ് അവസാനിപ്പിക്കുകയും കൂടുതല്‍ വിപുലമായ വിദേശ നിക്ഷേപത്തിനുള്ള വാതില്‍ തുറക്കുകയും ചെയ്തു. ധനമന്ത്രി മന്‍മോഹന്‍ സിംഗ് താരിഫ് നിരക്ക് 355 ശതമാനത്തില്‍ നിന്ന് 65 ശതമാനമായി കുറച്ചു. അരവിന്ദ് പനഗരിയയുടെ അഭിപ്രായത്തില്‍, ‘ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഏകദേശം 6 ശതമാനം വളര്‍ച്ച നിലനിര്‍ത്തുന്നതിന് സമ്പദ്വ്യവസ്ഥയെ സജ്ജമാക്കുന്നതിന് ആവശ്യമായ ഉദാരവല്‍ക്കരണ നടപടികള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു.’

വാസ്തവത്തില്‍, ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 2005-8 ല്‍ 9 ശതമാനത്തിലധികം ഉയര്‍ന്ന നിലയിലെത്തി, തുടര്‍ന്ന് 2017-18 ല്‍ 7 ശതമാനത്തില്‍ താഴെയായി. സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഒരു പ്രധാന മാറ്റം ഇന്ത്യയുടെ മിഡില്‍ ക്ലാസ്സിന്റെ ശ്രദ്ധേയമായ വളര്‍ച്ചയായിരുന്നു.

ഇക്കണോമിസ്റ്റ്മാഗസിന്‍ ന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ മിഡില്‍-മിഡില്‍ ക്ലാസ്സ് അപ്പര്‍-മിഡില്‍ ക്ലാസ്സ് വിഭാഗത്തില്‍ 78 ദശലക്ഷം ജനങ്ങളുകളുണ്ട്. ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധരായ കൃഷ്ണനും ഹടേക്കറും കണക്കാക്കുന്നത്, ലോവര്‍-മിഡില്‍ ക്ലാസ്സ് ഉള്‍പ്പെടുത്തിയാല്‍, ഇന്ത്യയിലെ പുതിയ മിഡില്‍ ക്ലാസ്സ് 2004-5 ല്‍ 304.2 ദശലക്ഷത്തില്‍ നിന്ന് 2011-12 ല്‍ 606.3 ദശലക്ഷം എന്ന നിലയില്‍ അതിശയകരമായി വളര്‍ന്നു. മൊത്തം ഇന്ത്യന്‍ ജനസംഖ്യയുടെ ഏതാണ്ട് പകുതി വരുമിത്. ഇന്ത്യയിലെ മൂന്ന് ഇടത്തരക്കാരുടെ പ്രതിദിന വരുമാനം ഇങ്ങനെയാണ്, ലോവര്‍ മിഡില്‍ ക്ലാസ്സിന്റെ, $2-$4; മിഡില്‍ മിഡില്‍ ക്ലാസ്സിന്റെ, $4-$6; അപ്പര്‍ മിഡില്‍ ക്ലാസ്സിന്റെ, $6-$10.

യു.എസ് നിലവാരമായി നോക്കുമ്പോള്‍ വളരെ താഴ്ന്നതാണെങ്കിലും, പ്രതിശീര്‍ഷ വാര്‍ഷിക വരുമാനം ഏകദേശം 6,500 ഡോളറോളം വരുന്ന ഇന്ത്യയില്‍ ഒരു ഡോളര്‍ എന്നത് വളരെ ഉയര്‍ന്നതാണ്. ലോവര്‍-മിഡില്‍ ക്ലാസ്സിലെ പകുതിയോളം പേര്‍ അപ്പര്‍-മിഡില്‍ ക്ലാസ്സിലേക്കോ മിഡില്‍-മിഡില്‍ ക്ലാസ്സിന്റെലേക്കോ ഉയരുകയാണെങ്കില്‍, ഏകദേശം 350 ദശലക്ഷം ഇന്ത്യക്കാരുള്ള ഒരു ഇന്ത്യന്‍ മധ്യവര്‍ഗത്തെ സൃഷ്ടിക്കും -ഇക്കണോമിസ്റ്റിനും കൃഷ്ണ ഹതേക്കറിനും നിര്‍ണ്ണയിക്കുന്നതിനിടയിലുള്ള പോയിന്റിതാണ്. സാമ്പത്തിക സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ ഒരു ‘ഓപ്പണ്‍ മാര്‍ക്കറ്റ് എക്കണോമി’ ആയി വികസിച്ചുകൊണ്ടിരിക്കുന്നുവെന്ന ഹെറിറ്റേജ് ഫൗണ്ടേഷന്റെ കണ്ടെത്തലിനെ, ഇത്തരമൊരു വലിയ മിഡില്‍ ക്ലാസ് സ്ഥിരീകരിക്കുന്നു.

2017-ല്‍, ഇന്ത്യ ജര്‍മ്മനിയെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ വാഹന വിപണിയായി മാറി, 2020-ല്‍ ഇത് ജപ്പാനെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ വര്‍ഷം തന്നെ, സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ ഇന്ത്യ യുഎസിനെ പിന്തള്ളി ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയായി മാറുമെന്നും കരുതുന്നു. സാധാരണയായി കാര്‍ഷിക രാജ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ ഇന്ന് 31 ശതമാനം നഗരവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. 8.7 ട്രില്യണ്‍ ഡോളര്‍ വാര്‍ഷിക ജിഡിപിയുള്ള ഇന്ത്യ, അമേരിക്ക, ചൈന, ജപ്പാന്‍, ഗ്രേറ്റ് ബ്രിട്ടന്‍ എന്നിവയ്ക്ക് പിന്നില്‍ ലോകത്ത് അഞ്ചാം സ്ഥാനത്താണ്. രേഖപ്പെടുത്തിയ ചരിത്രത്തില്‍ മുമ്പൊരിക്കലും, ഇത്രയധികം ആളുകള്‍ ഇത്ര പെട്ടെന്ന് ഉയര്‍ന്നിട്ടില്ലെന്നാണ് ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ ഗുര്‍ചരണ്‍ ദാസ് ഈ വളര്‍ച്ചയെ കുറിച്ച് അഭിപ്രായപ്പെട്ടത്.

സോഷ്യലിസത്തിന്റെ കീഴില്‍ ഏകദേശം നാല് പതിറ്റാണ്ടോളം ചപലമായ പുരോഗതിക്കും അസമമായ അഭിവൃദ്ധിയ്ക്കും ശേഷം ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ മെച്ചപ്പെട്ട സാമ്പത്തിക വ്യവസ്ഥയായ സ്വതന്ത്ര കമ്പോളം കണ്ടെത്തുകയും സ്വീകരിക്കുകയും ചെയ്തതിനാലാണ് ഇതെല്ലാം സാധ്യമായത്.

താച്ചറിസത്തില്‍ കയറിവന്ന ബ്രിട്ടന്‍

‘യൂറോപ്പിലെ രോഗി’ എന്ന് പരക്കെ വിശേഷിപ്പിക്കപ്പെടുന്ന, സോഷ്യലിസത്തിന്റെ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം, യുണൈറ്റഡ് കിംഗ്ഡം 1970 കളിലും 1980 കളിലും ഒരു സാമ്പത്തിക വിപ്ലവത്തിന് വിധേയമായി, അതിന് പിന്നിലുണ്ടായത് ഒരു ശ്രദ്ധേയനായ വ്യക്തിയാണ് – പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍. ‘അവള്‍ക്ക് അത് തൂത്തെറിയാന്‍ കഴിയുമോ?’ എന്ന് ചില സന്ദേഹവാദികള്‍ സംശയിച്ചു. ഒരു കാലത്ത് സമ്പന്ന സ്വതന്ത്ര വിപണിയായ യുകെ പിന്നീട് അതിന്റെ നിഴല്‍ മാത്രമായി മാറിയിരുന്നു.

ഓട്ടോ, സ്റ്റീല്‍ തുടങ്ങിയ വ്യവസായങ്ങളിലെ ഏറ്റവും വലിയ നിര്‍മ്മാണ സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലായിരുന്നു. ഏറ്റവും ഉയര്‍ന്ന വ്യക്തിഗത നികുതി നിരക്കുകള്‍ ‘ആദായ വരുമാനത്തിന്’ 83 ശതമാനവും മൂലധനത്തില്‍ നിന്നുള്ള വരുമാനത്തിന്മേല്‍ 98 ശതമാനവും ആയിരുന്നു. സ്ഥാപനങ്ങള്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ഉടമയിലായിരുന്നു. പതിറ്റാണ്ടുകളായി, യുകെ യൂറോപ്പിലെ ഏറ്റവും മെല്ലെ വളരുന്ന സമ്പദ്വ്യവസ്ഥയായി മാറിയിരുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ ഇനി ‘ഗ്രേറ്റ്’ അല്ല, അതിന്റെ സ്ഥാനം സാമ്പത്തിക കുപ്പയിലേക്ക് നീങ്ങുന്നതായി തോന്നി.

1913 മുതല്‍, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി യൂണിയന്‍ ഫണ്ട് ചെലവഴിച്ച്, ലേബര്‍ പാര്‍ട്ടിയെ പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളെ നിയന്ത്രിക്കാന്‍ കഴിഞ്ഞ ട്രേഡ് യൂണിയനുകളാണ് സാമ്പത്തിക പരിഷ്‌കരണത്തിന് പ്രധാന തടസ്സമായി നിന്നത്. യൂണിയനുകള്‍ ഉല്‍പ്പാദനക്ഷമതയെ തടയുകയും നിക്ഷേപം നിരുത്സാഹപ്പെടുത്തുകയും ചെയ്തു. 1950 മുതല്‍ 1975 വരെ, യുകെയുടെ നിക്ഷേപത്തിന്റെയും ഉല്‍പ്പാദനക്ഷമതയുടെയും കണക്ക് ഏതൊരു പ്രമുഖ വ്യാവസായിക രാജ്യത്തേക്കാളും മോശമായിരുന്നു. പൊതുമേഖലയുടെയും പൊതുചെലവുകളുടെയും വലിപ്പം ജിഡിപിയുടെ 59 ശതമാനമായി ഉയര്‍ത്തുക എന്നതായിരുന്നു ട്രേഡ്-യൂണിയന്റെ ആവശ്യങ്ങള്‍. സംഘടിത തൊഴിലാളികളുടെ വേതനവും ആനുകൂല്യങ്ങളും ഉയര്‍ത്തുക എന്ന ആവശ്യമുന്നയിച്ച് തുടര്‍ച്ചയായി നടത്തിയ പണിമുടക്കുകള്‍ ഗതാഗത-ഉല്‍പാദന മേഖലയുടെ സ്തംഭനത്തിലേക്ക് നയിച്ചു.

1978-ല്‍, ലേബര്‍ പ്രധാനമന്ത്രി ജെയിംസ് കാലഗന്‍, ഉടനെ ഒരു തിരഞ്ഞെടുപ്പ് നടത്തുന്നതിനുപകരം, അടുത്ത വസന്തകാലത്ത് ‘പടയാളി’ ആകുവാന്‍ തീരുമാനിച്ചു. അതൊരു പരമ അബദ്ധമായിരുന്നു. 1979-ന്റെ ആദ്യ മാസങ്ങളില്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ഐതിഹാസികമായ ‘അതൃപ്തിയുടെ ശീതകാലം’ നേരിട്ടു. പൊതുമേഖലാ തൊഴിലാളികള്‍ ആഴ്ചകളോളം പണിമുടക്കി. നഗരങ്ങളില്‍ മാലിന്യമലകള്‍ കുന്നുകൂടി, മൃതദേഹങ്ങള്‍ കുഴിച്ചിടാതെ കിടക്കുകയും എലികള്‍ തെരുവില്‍ നിറയുകയും ചെയ്തു.

ഇതിനെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ യുണൈറ്റഡ് കിംഗ്ഡത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ മാര്‍ഗരറ്റ് താച്ചര്‍, തിരഞ്ഞെടുക്കപ്പെട്ടു. അവര്‍ തന്റെ പ്രധാന എതിരാളിയായി കണക്കാക്കിയ യൂണിയനുകളെ ശക്തമായി നേരിട്ടു. മറ്റൊരു സ്ഥലത്ത് പണിമുടക്കുന്ന തൊഴിലാളികളെ പിന്തുണയ്ക്കാന്‍ പോകുന്ന വ്യാവസായിക സംഘട്ടനത്തിന്റെ പോരാളികളായി അറിയപ്പെടുന്ന ‘ഫ്‌ലൈയിംഗ് പിക്കറ്റു’കളെ, അവര്‍ നിരോധിച്ചു. അവര്‍ക്ക് ഇനി ഫാക്ടറികളോ തുറമുഖങ്ങളോ ഉപരോധിക്കാന്‍ കഴിയില്ലെന്ന അവസ്ഥ വന്നു. പണിമുടക്ക് ബാലറ്റുകള്‍ നിര്‍ബന്ധമാക്കി. ജോലി ലഭിക്കാന്‍ തൊഴിലാളികള്‍ ഒരു യൂണിയനില്‍ ചേരാന്‍ കാരണമായ അവസ്ഥമാറി. സ്ഥാപനം അടച്ചു പൂട്ടുന്നത് നിയമവിരുദ്ധമാക്കി. യൂണിയന്‍ അംഗത്വം 1970-കളുടെ അവസാനത്തില്‍ 12 ദശലക്ഷത്തില്‍ നിന്ന് 1980-കളുടെ അവസാനത്തോടെ പകുതിയായി കുറഞ്ഞു. ‘നമ്മുടെ സാമ്പത്തിക നയങ്ങള്‍ക്ക് വേണ്ടി, ഇത് ഇപ്പോള്‍ അല്ലെങ്കില്‍ ഒരിക്കലുമില്ല,” താച്ചര്‍ പ്രഖ്യാപിച്ചു, ”നമുക്ക് നമ്മുടെ കടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കാം.” വ്യക്തിഗത ആദായനികുതിയുടെ ഉയര്‍ന്ന നിരക്ക് പകുതിയായി വെട്ടിക്കുറച്ചു, 45 ശതമാനമായി, വിനിമയ നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കി.

സ്വകാര്യവല്‍ക്കരണം താച്ചറിന്റെ ഒരു പ്രധാന പരിഷ്‌കാരമായിരുന്നു. സമ്പദ്വ്യവസ്ഥയുടെ പുരോഗതിക്ക് മാത്രമല്ല അത് അടിസ്ഥാനമായത്. ”സോഷ്യലിസത്തിന്റെ വിനാശകരവും ദുഷിച്ചതുമായ ഫലങ്ങള്‍ മാറ്റുന്നതിനുള്ള കേന്ദ്ര മാര്‍ഗങ്ങളിലൊന്നായിരുന്നു അത്,” അവര്‍ തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ എഴുതി. പൊതുജനങ്ങള്‍ക്ക് സാധ്യമായ വിശാലമായ ഉടമസ്ഥതയിലേക്ക് നയിക്കുന്ന സ്വകാര്യവല്‍ക്കരണത്തിലൂടെ, ‘ഭരണകൂടത്തിന്റെ അധികാരം കുറയുകയും ജനങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.’ സ്വകാര്യവല്‍ക്കരണം ‘സ്വാതന്ത്ര്യത്തിന്റെ പരിമിതി വീണ്ടെടുക്കുന്നതിനുള്ള ഏതൊരു പരിപാടിയുടെയും കേന്ദ്രമാണ്’. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ലൈനുകള്‍, എയര്‍പോര്‍ട്ടുകള്‍, യൂട്ടിലിറ്റികള്‍, ഫോണ്‍, സ്റ്റീല്‍, ഓയില്‍ കമ്പനികള്‍ എന്നിവ സ്വകാര്യവല്‍ക്കരിച്ചുകൊണ്ട് അവര്‍ തന്റെ വാക്ക് പാലിച്ചു .

1980 കളില്‍, ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥ സ്‌പെയിന്‍ ഒഴികെയുള്ള മറ്റേതൊരു യൂറോപ്യന്‍ സമ്പദ്വ്യവസ്ഥയേക്കാളും വേഗത്തില്‍ വളര്‍ന്നു. ജപ്പാന്‍ ഒഴികെയുള്ള മറ്റേതൊരു രാജ്യത്തേക്കാളും അതിവേഗത്തില്‍ യുകെ ബിസിനസ് നിക്ഷേപം വളര്‍ന്നു. ഉല്‍പ്പാദനക്ഷമത മറ്റേതൊരു വ്യാവസായിക സമ്പദ്വ്യവസ്ഥയെക്കാളും വേഗത്തില്‍ വളര്‍ന്നു. 1983 മാര്‍ച്ചിനും 1990 മാര്‍ച്ചിനും ഇടയില്‍ ഏകദേശം 3.3 ദശലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. പണപ്പെരുപ്പം 1975-ല്‍ 27 ശതമാനത്തില്‍ നിന്ന് 1986-ല്‍ 2.5 ശതമാനമായി കുറഞ്ഞു. 1981 മുതല്‍ 1989 വരെ, ഒരു കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റിന്റെ കീഴില്‍, യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച ശരാശരി 3.2 ശതമാനമായിരുന്നു.

താച്ചര്‍ സര്‍ക്കാറിന്റെ അവസാന കാലത്ത്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വ്യവസായ മേഖല 60 ശതമാനത്തോളം കുറഞ്ഞിരുന്നു. അവളുടെ ഓര്‍മ്മക്കുറിപ്പുകളില്‍ വിവരിച്ചതുപോലെ, ഇക്കാലയളവില്‍, ഏകദേശം നാലിലൊന്ന് ബ്രിട്ടീഷുകാര്‍ക്ക് ഓഹരി വിപണിയില്‍ നിക്ഷേപം ഉണ്ടായിരുന്നു. 600,000-ത്തിലധികം ജോലികള്‍ പൊതുമേഖലയില്‍ നിന്ന് സ്വകാര്യ മേഖലയിലേക്ക് മാറി. ‘യുകെ, ചെക്കോസ്ലോവാക്യ, ന്യൂസിലാന്‍ഡ് എന്നിങ്ങനെ വ്യത്യസ്തമായ രാജ്യങ്ങളില്‍ സ്വകാര്യവല്‍ക്കരണത്തിനുള്ള ഒരു ആഗോള പ്രവണത സൃഷ്ടിച്ചു.’ കെയ്നേഷ്യന്‍ മാനേജ്മെന്റില്‍ നിന്ന് പൂര്‍ണമായി മാറി, ഒരിക്കല്‍ യൂറോപ്പിലെ രോഗിയായ ആള്‍ ഇപ്പോള്‍ ശക്തമായ സാമ്പത്തിക ആരോഗ്യത്തോടെ ശോഭിച്ചു. മാര്‍ഗരറ്റ് താച്ചര്‍ ദേശീയവല്‍ക്കരണം അവസാനിപ്പിച്ചത്, പുനര്‍ദേശീയവല്‍ക്കരിക്കാന്‍ പിന്നീട് വന്ന ഒരു ബ്രിട്ടീഷ് ഗവണ്‍മെന്റും, ലേബറോ കണ്‍സര്‍വേറ്റീവോ ശ്രമിച്ചിട്ടില്ല.

ചൈനയുടെ പട്ടിണി മാറ്റിയ ഡെങ്

1980-കള്‍ മുതല്‍ ഇതുവരെ 8 മുതല്‍ 10 ശതമാനം വരെ വാര്‍ഷിക ജിഡിപി വളര്‍ച്ചയോടെ, നാലാമത്തെ പ്രധാന സമ്പദ്വ്യവസ്ഥയായ ചൈനയുടെ ശ്രദ്ധേയമായ സാമ്പത്തിക വിജയം എങ്ങനെ വിശദീകരിക്കും?

1949 മുതല്‍ 1976 വരെ, മാവോ സേതുങ്ങിന്റെ കീഴില്‍, ചൈനയുടെ സമ്പദ്വ്യവസ്ഥയെ വ്യക്തിപരമായി ദുരുപയോഗം ചെയ്തതിനാല്‍ ഒരു സാമ്പത്തിക ‘ബാസ്‌കറ്റ് കേസാ’യി മാറിയിരുന്നു. സോവിയറ്റ് ശൈലിയിലുള്ള സോഷ്യലിസത്തിനായുള്ള തന്റെ തീവ്രമായ പരിശ്രമത്തില്‍, മാവോ 1958-60 ലെ മഹത്തായ കുതിച്ചുചാട്ടം (Great Leap Forward) കൊണ്ടുവന്നു, ഇത് കുറഞ്ഞത് 30 ദശലക്ഷവും ഒരുപക്ഷേ 50 ദശലക്ഷവും ചൈനക്കാരുടെ മരണത്തിനും 1966-76 ലെ സാംസ്‌കാരിക വിപ്ലവം മൂലം 3 ദശലക്ഷം മുതല്‍ 5 ദശലക്ഷം വരെ പേരുടെ മരണത്തിനും കാരണമായി. മാവോ ചൈനയെ പിന്നോട്ടടിപ്പിച്ചു, ആഴത്തില്‍ വിഭജിച്ചു.

മാവോയുടെ പിന്‍ഗാമിയായ ഡെങ് സിയാവോപിംഗ്, ചൈനയെ മറ്റൊരു ദിശയിലേക്ക് തിരിച്ചുവിട്ടു. ക്യാപ്പിറ്റലിസവും സോഷ്യലിസവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിരീക്ഷണത്തില്‍ ശരിയായി കലര്‍ത്തി നിരന്തര ക്രമീകരണവും നടത്തുന്ന ഒരു സമ്മിശ്ര സമ്പദ്വ്യവസ്ഥ സൃഷ്ടിക്കാന്‍ അദ്ദേഹം ശ്രമിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി, ഇനിപ്പറയുന്ന കാരണങ്ങളാല്‍ ചൈന ലോകത്തിലെ സാമ്പത്തിക വിസ്മയമാണ്:

മാവോയുടെ പ്രത്യയശാസ്ത്രപരമായ ശാഠ്യം നിമിത്തം ഏതാണ്ട് ഭൂനിരപ്പിലേക്ക് വീണുകിടന്നിടത്തു നിന്നാണ് അതിന്റെ സാമ്പത്തിക വളര്‍ച്ച ആരംഭിച്ചത്. പതിറ്റാണ്ടുകളായി, പ്രത്യേകിച്ച് യുഎസില്‍ നിന്ന് ബൗദ്ധിക സ്വത്തിന്റെ ബോധപൂര്‍വം മോഷണം നടത്തിയും, ബൗദ്ധിക-സ്വത്ത് മോഷണം പോലുള്ള സമ്പ്രദായങ്ങള്‍ക്കെതിരെയുള്ള നിര്‍ദ്ദിഷ്ട നിയമങ്ങള്‍ അവഗണിച്ചുകൊണ്ടും ആഗോളവല്‍ക്കരണത്തിന്റെയും ലോകവ്യാപാര സംഘടനയിലെ അതിന്റെ അംഗത്വത്തിന്റെയും പൂര്‍ണ്ണമായ പ്രയോജനം അത് നേടി. യുഎസുമായും മറ്റ് എതിരാളികളുമായും വ്യാപാര നേട്ടങ്ങള്‍ നേടുന്നതിന് അത് താരിഫുകളും മറ്റ് സംരക്ഷണ നടപടികളും യഥേഷ്ടം ഉപയോഗിച്ചു.

ഇത് ഏകദേശം 300 ദശലക്ഷത്തോളം പേര്‍ വരുന്ന മധ്യവര്‍ഗത്തെ സൃഷ്ടിച്ചു, അവര്‍ മാന്യമായ ജീവിതം ആസ്വദിക്കുകയും അതേ സമയം ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമായി വലിയ ആഭ്യന്തര വിപണി സൃഷ്ടിക്കുകയും ചെയ്തു. വാള്‍മാര്‍ട്ടിലും മറ്റ് പാശ്ചാത്യ സ്റ്റോറുകളിലും വില്‍ക്കുന്ന വിലകുറഞ്ഞ ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ലാവോഗൈയുടെ (ലേബര്‍ ക്യാമ്പ് ) നിര്‍ബന്ധിത അധ്വാനം ഉപയോഗിക്കുന്നത് തുടരുന്നു. പാര്‍ട്ടി അംഗങ്ങള്‍ അതില്‍ നിന്ന് ലാഭം നേടുന്നതിനാല്‍ ഈ വലിയ കരിഞ്ചന്ത നിലനില്‍ക്കാന്‍ അനുവദിക്കുകയും ചെയ്തു.

ചൈനീസ് കമ്പനികളെ വാങ്ങാന്‍ വിദേശ നിക്ഷേപകരെ അനുവദിക്കുകയും, എന്നാല്‍ ഗവണ്‍മെന്റ്-അതായത്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി-എപ്പോഴും ഭൂരിപക്ഷ താല്‍പ്പര്യം സംരക്ഷിക്കുകയും ചെയ്തു കൊണ്ടിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 150,000 സംരംഭങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്, ദശലക്ഷക്കണക്കിന് ചൈനക്കാര്‍ക്ക് ജോലി ഉറപ്പുനല്‍കുകയും ചെയ്യുന്നു. അമേരിക്കക്കാര്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും സംരംഭകത്വമുള്ള ആളുകളുടെ ഊര്‍ജ്ജത്തെയും അനുഭവത്തെയും ഉപയോഗിച്ചു കൊണ്ടാണ് ഈ നേട്ടം കൈവരിക്കുന്നത്.

ചുരുക്കത്തില്‍, മാവോയുടെയും സോവിയറ്റ് സോഷ്യലിസത്തിന്റെയും കീഴിലുള്ള ആദ്യത്തെ മൂന്ന് ദശകങ്ങളില്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന ഒരു സാമ്പത്തിക പരാജയമായിരുന്നു. എഴുപതുകളുടെ അവസാനത്തില്‍ സോഷ്യലിസം ഉപേക്ഷിച്ച് ചൈനയുടെ സ്വഭാവസവിശേഷതകളുള്ള മുതലാളിത്തത്തില്‍ ഇതുവരെ വിജയിച്ച പരീക്ഷണം ആരംഭിച്ചതോടെ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി അത് ഉയരാന്‍ തുടങ്ങി.

അത്തരം വിജയം സ്വാഭാവികമായി ഉണ്ടാകുന്നതല്ല എന്നതിന്റെ വ്യക്തമായ സൂചന ലഭ്യമാണ്. സ്വേച്ഛാധിപത്യവും എന്നാല്‍ വിഭജിതവുമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ മുറുകെ പിടിക്കുന്ന, അടിസ്ഥാന മനുഷ്യാവകാശ നിയമങ്ങള്‍ക്ക് വേണ്ടി വ്യാപകമായ മുറവിളി നേരിടുന്ന, ഗുരുതരമായ അന്തരീക്ഷം മാലിനികരണം നേരിടുന്ന ഒരു മന്ദഗതിയില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാണ് ചൈന. ബീജിംഗ്, ടിയാനന്‍മെന്‍ സ്‌ക്വയറില്‍ ചെയ്തതും ഹോങ്കോങ്ങില്‍ ചെയ്യുന്നത് പോലെയും, പ്രതിസന്ധിയില്‍ അക്രമം നടത്തുന്ന ഏകകക്ഷി സ്വേച്ഛാധിപത്യ രാഷ്ട്രമല്ല, ജനങ്ങള്‍ ഭരിക്കുന്ന ഒരു ജനാധിപത്യ സര്‍ക്കാരിന് ഇത്തരം പ്രശ്നങ്ങള്‍ ഏറ്റവും നന്നായി പരിഹരിക്കാന്‍ കഴിയുമെന്ന് ചരിത്രം സൂചിപ്പിക്കുന്നു.

സോഷ്യലിസം എന്ന ഉട്ട്യോപ്യ

ഇസ്രായേല്‍, ഇന്ത്യ, യുണൈറ്റഡ് കിംഗ്ഡം എന്നിവയെക്കുറിച്ചുള്ള ഞങ്ങളുടെ പരിശോധനയില്‍ നിന്ന് നമ്മള്‍ കണ്ടതുപോലെ, ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തിക വ്യവസ്ഥ അതിന്റെ കേന്ദ്ര നിയന്ത്രണങ്ങളും ഉട്ടോപ്യന്‍ വാഗ്ദാനങ്ങളും ഉള്ള സോഷ്യലിസമല്ല, മറിച്ച് മത്സരത്തിനും സംരംഭകത്വത്തിനും ഊന്നല്‍ നല്‍കുന്ന സ്വതന്ത്ര വിപണി സംവിധാനമാണ്. മൂന്ന് രാജ്യങ്ങളും പതിറ്റാണ്ടുകളായി സോഷ്യലിസം പരീക്ഷിച്ചു, മൂന്ന് പേരും ഒടുവില്‍ ‘അത് പ്രവര്‍ത്തിക്കുന്നില്ല’ എന്ന ഏറ്റവും ലളിതമായ കാരണങ്ങളാല്‍ അത് ഉപേക്ഷിച്ചു.

സോഷ്യലിസത്തിന്റെ ഏറ്റവും വലിയ കുറ്റം വ്യക്തികള്‍ സ്വയം ഏടുക്കുന്ന തീരുമാനങ്ങളെക്കാള്‍ മെച്ചപ്പെട്ട തീരുമാനം അവര്‍ക്കു വേണ്ടി സിസ്റ്റത്തിന് എടുക്കാന്‍ കഴിയും എന്ന അഹംഭാവം ആണ്. പത്തൊന്‍പതാം നൂറ്റാണ്ടിലെ ഒരു പ്രവാചകന്റെ അന്തിമ വിധിയാണിത്. അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ (മധ്യവര്‍ഗത്തിന്റെ അനിവാര്യമായ തിരോധാനം പോലുള്ളവ) വീണ്ടും വീണ്ടും തെറ്റാണെന്ന് തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.

ലോകബാങ്ക് കണക്കനുസരിച്ച്, ”നമ്മുടെ കാലത്തെ ഏറ്റവും വലിയ മാനുഷിക നേട്ടങ്ങളിലൊന്ന്”, കഴിഞ്ഞ 25 വര്‍ഷത്തിനിടെ നൂറ് കോടിയിലധികം ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാനായി എന്നതാണ്. ആ ബില്യണില്‍ ഏകദേശം 731 ദശലക്ഷം ചൈനക്കാരും 168 ദശലക്ഷം ഇന്ത്യക്കാരുമാണ്. ദാരിദ്ര്യത്തില്‍ നിന്നുള്ള ഈ ഉയര്‍ച്ചയുടെ പ്രധാന ചാലകശക്തി അന്താരാഷ്ട്ര വ്യാപാര വ്യവസ്ഥയുടെ ആഗോളവല്‍ക്കരണമാണ്. യുഎസും ലോകത്തിന്റെ മറ്റു ഭാഗങ്ങളും വാഗ്ദാനം ചെയ്യുന്ന വ്യാപാര സ്വാതന്ത്ര്യമാണ് ചൈനയുടെ വിജയത്തിന്റെ ഭൂരിഭാഗവും കടപ്പെട്ടിരിക്കുന്നത്. ഹെറിറ്റേജ് ഫൗണ്ടേഷനില്‍ നിന്നുള്ള സാമ്പത്തിക സ്വാതന്ത്ര്യ സൂചികയുടെ ഏറ്റവും പുതിയ പതിപ്പ് പ്രകാരം, സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള ആഗോള പ്രവണത സ്ഥിരീകരിക്കുന്നു: ‘സ്വതന്ത്രം’ അല്ലെങ്കില്‍ ‘മിക്കവാറും സ്വതന്ത്രം’ എന്ന് റേറ്റുചെയ്ത സമ്പദ്വ്യവസ്ഥകള്‍, ഉത്തര കൊറിയ, വെനസ്വേല, ക്യൂബ പോലുള്ള ‘അടിച്ചമര്‍ത്തപ്പെട്ട സമ്പദ്വ്യവസ്ഥകളുടെ’ വരുമാനത്തേക്കാള്‍ അഞ്ചിരട്ടിയിലധികം വരുമാനം നേടുന്നുണ്ട്.

ഇസ്രായേലിന്റെ സോഷ്യലിസ്റ്റ് അത്ഭുതം ഒരു മരീചികയായി മാറി, ഇന്ത്യ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് കൂടുതല്‍ വിപണി കേന്ദ്രീകൃതമായ പാത തിരഞ്ഞെടുത്തു, യുണൈറ്റഡ് കിംഗ്ഡം സ്വകാര്യവല്‍ക്കരണത്തിലും നിയന്ത്രണങ്ങള്‍ നീക്കുന്നതിലും ഊന്നല്‍ നല്‍കി ലോകമെമ്പാടും മാതൃകയായി. നമ്മള്‍ സംസാരിക്കുന്നത് 1.3 ബില്യണ്‍ ജനസംഖ്യയുള്ള ഒരു കാര്‍ഷിക രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ, അല്ലെങ്കില്‍ വ്യാവസായിക വിപ്ലവത്തിന് തുടക്കമിട്ട രാഷ്ട്രത്തെക്കുറിച്ചോ, അല്ലെങ്കില്‍ ലോകത്തിലെ ഏറ്റവും മിടുക്കരായ ചില ആളുകള്‍ താമസിക്കുന്ന ഒരു ചെറിയ മിഡില്‍ ഈസ്റ്റേണ്‍ രാജ്യത്തെക്കുറിച്ചോ എന്തുമാകട്ടെ, ക്യാപ്പിറ്റലിസം എല്ലായിപ്പോഴും സോഷ്യലിസത്തിന് മുകളില്‍ നില്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *