സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങളുടെയും മൂലകാരണം സാമ്പത്തിക അസമത്വമാണോ?


”ഇന്നത്തെ ശതകോടിശ്വരന്‍മാരില്‍ ഒരാളായ ഫെയ്‌സ്ബുക് സ്ഥാപകന്‍ ആദ്യത്തെ Forbes 400 ലിസ്റ്റ് പ്രസിദ്ധീകരിച്ച 1982ല്‍ ജനിച്ചിട്ട് കൂടിയില്ല.ഇന്നത്തെ ലോക സമ്പന്നര്‍മാരുടെ ലിസ്റ്റ് നോക്കിയാല്‍ ആദ്യ പത്തില്‍ ഒന്‍പത് പേരും self made entrepreneurs ആണ്. ഇനി അമേരിക്കയിലെ മില്യനേഴ്‌സിന്റെ ഇടയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് 80 ശതമാനം ആളുകളും self made entrepreneurs ആണെന്നാണ്. പാരമ്പര്യമായ സ്വത്ത് സാമ്പത്തിക അസമത്വത്തില്‍ ഒരു പ്രധാന ഫാക്റ്റര്‍ അല്ല എന്നര്‍ത്ഥം.”- അഭിലാഷ് കൃഷ്ണനും രാകേഷ് ഉണ്ണികൃഷ്ണനും എഴുതുന്നു.
സമ്പത്ത് ഉണ്ടാക്കുന്നര്‍ വെറുക്കപ്പെട്ടവരോ?

സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങളുടെയും മൂല കാരണമായി സാമ്പത്തിക അസമത്വത്തെ കാണുന്നവരുണ്ട്. ഈ ലോകത്തിലെ സമ്പത്ത് സ്ഥിരം ആണെന്നും, അത് കൊണ്ട് തന്നെ ഒരാള്‍ പണമുണ്ടാക്കിയാല്‍ അത് മറ്റൊരാളെ ചൂഷണം ചെയ്തത് കൊണ്ട് മാത്രം ആയിരിക്കും എന്ന തെറ്റായ പൊതുബോധം ആണ് ഇതിന് കാരണം.

മനുഷ്യര്‍ എന്ത് കൊണ്ടാണ് Wealth inequality ഏറ്റവും കൂടിയ അമേരിക്കയും യൂറോപ്പിലെയും പല രാജ്യങ്ങളിലേക്ക് പലപ്പോഴും സ്വന്തം ജീവന്‍ വരെ പണയം വച്ച് കുടിയേറുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? എന്തെന്നാല്‍ അത്തരം രാജ്യങ്ങളില്‍ ആണ് freedom of opportunities ഉള്ളത് എന്നും തങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തണം എങ്കില്‍ അവിടേക്ക് കുടിയേറിയാല്‍ മാത്രമേ സാധിക്കൂ എന്നുള്ള ബോധ്യം ആണ്. സാമ്പത്തിക അസമത്വം കുറഞ്ഞിരിക്കുന്ന രാജ്യങ്ങളില്‍ സ്വാഭാവികമായും അവസരങ്ങള്‍ കുറവായിരിക്കും. എല്ലാവരും മിഡില്‍ക്ലാസ്/ ദരിദ്രര്‍ ആയി ഇരിക്കുന്ന ഇടത്തേക്ക് ആരെങ്കിലും കുടിയേറുമോ?

പണം ആരും കട്ടിലിനടിയില്‍ സൂക്ഷിക്കുന്നില്ല

”I demand that the children of the rich cannot inherit their parent’s wealth.’, എന്നത് അരുന്ധതി റോയ് പറഞ്ഞ ഒരു വാചകം ആണ്. പാരമ്പര്യത്തിലൂടെ ധാരാളം പണം കൈവന്ന്, അതെന്ത് ചെയ്യണം എന്നറിയാത്ത ആരെയെങ്കിലും സങ്കല്‍പ്പിക്കൂ. X എന്ന് അയാളെ വിളിക്കാം. തനിക്ക് പാരമ്പര്യമായി ആയി കിട്ടിയ പണം ആരും ഇന്ന് കട്ടിലിന്റെ അടിയില്‍ സൂക്ഷിച്ചു വയ്ക്കാന്‍ തരമില്ല. ഫ്യുഡല്‍ കാലഘട്ടത്തില്‍ മാത്രം ആണ് ആര്‍ക്കും പ്രയോജനം ഇല്ലാതെ ആളുകള്‍ പണം വീട്ടില്‍ സൂക്ഷിച്ചിരുന്നത്. ആ പണം ബാങ്കില്‍ കൊണ്ടിടുമ്പോള്‍ അത് ടെക്‌നിക്കലി, തന്റെ പണം ആണെങ്കിലും ആ പണത്തിന് ഒരുപാട് പേര്‍ക്ക് അപ്പോള്‍ തന്നെ ആക്‌സസ് കിട്ടുകയാണ്. ആ പണം ഉടനെ തന്നെ ബിസിനസ് ലോണ്‍ ആയും സ്റ്റുഡന്റ് ലോണ്‍ ആയും കാര്‍ ലോണ്‍ ആയും മാറുന്നു. അങ്ങനെ മറ്റു മനുഷ്യരുടെ ജീവിതം മെച്ചപ്പെടുന്നു.

ഇനി ബാങ്കില്‍ ഇട്ടാല്‍ പലിശ കുറവാണ് കിട്ടുന്നത് എന്ന് വിചാരിച്ചു, X ആ പണം സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിച്ചാല്‍ ഒരുപാട് കമ്പനികള്‍ക്ക് അവരുടെ കമ്പനി മെച്ചപ്പെടുത്താന്‍ വേണ്ടുന്ന മൂലധനം കൈവരികയാണ്. അതിലൂടെ ആ കമ്പനിയില്‍ പണി എടുക്കുന്ന ജീവനക്കാര്‍ക്കും ഗുണമുണ്ടാവുകയാണ്. ഇനി കൂടുതല്‍ റിട്ടേണ്‍സിന്‌വേണ്ടി തന്റെ പണം, X, venture capitalen ല്‍ നിക്ഷേപിച്ചാല്‍, വളര്‍ന്നു വരുന്ന ഒരു സ്റ്റര്‍ട്ടപ്പ് കമ്പനിക്ക് ഉയരാന്‍ ഉള്ള അവസരം കിട്ടുകയാണ്. ആ കമ്പനി ഭാവിയില്‍ ഒരു ആമസോണ്‍/ ഫേസ്ബുക്ക് /നെറ്റ്ഫ്‌ളിക്‌സ് പോലെ ആവില്ല എന്നാരു കണ്ടു.

എന്നാല്‍ മറ്റൊരു വസ്തുത, X നിക്ഷേപിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി പൊളിയാനും സാധ്യത ഉണ്ട് എന്നതാണ്. Bill Rasmussen, ESPN എന്ന സ്‌പോര്‍ട്‌സ് ചാനല്‍ തുടങ്ങിയ കാലത്തു അതില്‍ സംപ്രേക്ഷണം ചെയ്തു കൊണ്ടിരുന്നത് ഫെന്‍സിങ്ങ്/ വുമന്‍സ് ഹോക്കി പോലെ ഉള്ളവ ആയിരുന്നു. എന്തെന്നാല്‍ കൂടുതല്‍ കാണികള്‍ ഉള്ള സ്‌പോര്‍ക്‌സ് ഇനങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവരുടെ കയ്യില്‍ പണമില്ലായിരുന്നു. ആ ഇടയ്ക്കാണ് Jean Paul Getty എന്ന ബ്രിട്ടീഷ് petrolem industrialists ന്റെ (Getty oil company) മരണ ശേഷം വലിയ ധനം അയാളുടെ ബന്ധുക്കള്‍ക്ക് കിട്ടുന്നത്. അവര്‍ അതില്‍ നിന്ന് 10 മില്യണ്‍ ഡോളര്‍ ESPNനില്‍ നിക്ഷേപിച്ചു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 10 മില്യണ്‍ ഡോളര്‍ Getty കുടുംബത്തിന് ഒരു വലിയ തുകയേ അല്ല. അത് നഷ്ട്ടപെട്ടു പോയാലും അവര്‍ക്കൊന്നും സംഭവിക്കില്ല. അതായത് നഷ്ട്ടം ഉണ്ടായാല്‍ അത് സഹിക്കാന്‍ കഴിവുള്ളവര്‍ മാത്രം ആണ് ഇത്തരം സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപണം നടത്തുക. കയ്യില്‍ അധികം പണമില്ലാത്തവര്‍ ഇന്‍വസ്റ്റ് ചെയ്തു നഷ്ട്ടം വന്നാല്‍ അവര്‍ പാപ്പരാകും. Wealth inequality കൂടി ഇരിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ ഇത്തരത്തില്‍ ഉള്ള innovations സാധ്യമാകൂ.

ക്രിയേറ്റീവ് ഡിസ്ട്രക്ഷന്‍ അനിവാര്യം

ഒരു സ്വതന്ത വിപണിയില്‍ സമ്പത്തിന്റെ അന്തരം സൂചിപ്പിക്കുന്നത് ഒരു കാലത്ത് സമ്പന്നര്‍ മാത്രം ഉപയോഗിച്ചിരുന്ന ഉത്പന്ന സേവനങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കുന്നു എന്നതാണ്. ദൗര്‍ലഭ്യതയെ സമൃദ്ധിയിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന വ്യവസ്ഥയാണ് ക്യാപിറ്റലിസം. ഒരു കാലത്ത് സമ്പന്നര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ സാധിക്കുമായിരുന്ന മൊബൈല്‍ ഫോണ്‍ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ പ്രാപ്തമാക്കി എന്നതിന്റെ പരിണിത ഫലമാണ് സ്റ്റീവ് ജോബ്‌സ് ഉണ്ടാക്കിയ കോടക്കണക്കിന് ഡോളര്‍. 2000ത്തില്‍ ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ആ കോളേജില്‍ ആകെ മൂന്ന് പേര്‍ക്ക് മാത്രമേ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുള്ളു. Alcatel/ Ericsosn മൊബൈല്‍ ഫോണും service provider’s ആയി BPL/ Escotel സര്‍വീസുകളും ആയിരുന്നു ഉണ്ടായിരുന്നത്. ഇന്‍കമിങ് കോളുകള്‍ക്ക് മിനുട്ടില്‍ പത്തു രൂപയും ഔട്ട്‌ഗോയിംഗ് കോളുകള്‍ക്ക് മിനുട്ടില്‍ ഇരുപത് രൂപയും ആയിരുന്നു ചാര്‍ജ്. പണക്കാര്‍ക്ക് മാത്രം താങ്ങാനാവുന്ന ഒരു ഉല്‍പ്പന്നം ആയിരുന്നു അന്ന് മൊബൈല്‍ ഫോണ്‍. 2002ല്‍ റിലയന്‍സ്് മാസം 500 രൂപ ഇന്‍സ്റ്റാള്‍മെന്റില്‍ CDMA ഫോണുകള്‍ ഇറക്കിയതോടെ മൊബൈല്‍ എന്നത് ഒരു വിധം ആളുകള്‍ക്ക് ഉപയോഗിക്കാവുന്ന ഒരുല്‍പ്പന്നമായി മാറി. സ്വാഭാവികമായും കോമ്പറ്റീഷന്‍ നേരിടാന്‍ മറ്റു മൊബൈല്‍ സര്‍വീസ് ദാതാക്കള്‍ ചാര്‍ജുകള്‍ കുത്തനെ താഴ്ത്തുകയും ഒരു വിധം മലയാളികള്‍ എല്ലാം മൊബൈല്‍ ഫോണ്‍ ഉടമകള്‍ ആയി മാറി. മൊബൈല്‍ ഫോണുകളുടെ എണ്ണം കൂടിയതോടെ എസ്.ടി.-ഡി ബൂത്ത് നടത്തിയിരുന്നവര്‍ പയ്യെ പയ്യെ മറ്റു തൊഴിലുകളിലേക്ക് ചേക്കേറേണ്ടി വന്നു. ക്രിയേറ്റീവ് ഡിസ്ട്രക്ഷന്‍ എന്നത് വികസനത്തിന്റെ പാതയിലൂടെ മുന്നോട്ട് പോകുന്ന എക്കണോമികളുടെ ഒരു അവിഭാജ്യ ഘടകം ആണ്.

അരുന്ധതി റോയ് ‘Tax the rich!’ എന്ന് പറയുമ്പോള്‍, you are not actually harming the rich. Instead, you are harming the dreamers who have innovative ideas, but no capital & those who could access the money of the rich. ഫ്രീ മാര്‍ക്കറ്റില്‍ bad innovative ideas നിലനില്‍ക്കില്ല, ആ പ്രസ്ഥാനങ്ങള്‍ പെട്ടന്ന് തന്നെ സ്വാഭാവിക മരണത്തിന് വിധേയരാകും. പണമുള്ളവരുടെ വെല്‍ത്ത് സ്‌റ്റേറ്റ് പിടിച്ചെടുത്തു അത് പൊതുമേഖലയില്‍ നിക്ഷേപിച്ചാല്‍ ആ പ്രസ്ഥാനങ്ങള്‍ പരാജയപ്പെട്ടാലും സ്‌റ്റേറ്റ് അതിനേ നഷ്ട്ടങ്ങളോട് കൂടി തന്നെ നിലനിര്‍ത്തും. Bad ideas of politicians stay. ഫ്രീ മാര്‍ക്കറ്റില്‍ ഇത് സംഭവിക്കില്ല. യാതൊരു innovationനും കോമ്പറ്റീഷനിലും പങ്കെടുക്കാതെ ഔട്ട്‌ഡേഡ് ആയ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പല പൊതുമേഖലാ സ്ഥാപനങ്ങളെ സര്‍ക്കാര്‍ നിലനിര്‍ത്തുന്നത് ക്രിയേറ്റീവ് ഡിസ്ട്രക്ഷന് വിരുദ്ധമാണ്. മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാവാത്ത ഒരു രാജ്യവും സമൂഹവും പ്രസ്ഥാനവും കാലത്തെ അതിജീവിച്ചിട്ടില്ല.

അവര്‍ സെല്‍ഫ്‌മേഡ് മില്യനേഴ്‌സ്

കേവലം ഒരു ശതമാനം വരുന്ന സമ്പന്നര്‍ സുഷ്ടിക്കുന്ന സമ്പത്ത് ആണ് സമുഹത്തിന്റെ മുഴുവന്‍ ജീവിത നിലവാരം ഉയര്‍ത്തുന്നത്. ഈ സമ്പന്നരുടെ ലിസ്റ്റ് നോക്കിയാല്‍ ഇരുപത് കൊല്ലം മുന്‍പ് ഉണ്ടായിരുന്നവര്‍ ആയിരിക്കില്ല ഇപ്പോള്‍. സമ്പത്ത് സൃഷ്ടിക്കുന്ന ഈ ചെറിയ കൂട്ടത്തിലേക്ക് എപ്പോഴും പുതിയ ആളുകള്‍ വന്നു ചേരും.

ഇന്നത്തെ ശതകോടിശ്വരന്‍മാരില്‍ ഒരാളായ ഫെയ്‌സ്ബുക് സ്ഥാപകന്‍ ആദ്യത്തെ Forbes 400 ലിസ്റ്റ് പ്രസിദ്ധീകരിച്ച 1982ല്‍ ജനിച്ചിട്ട് കൂടിയില്ല.ഇന്നത്തെ ലോക സമ്പന്നര്‍മാരുടെ ലിസ്റ്റ് നോക്കിയാല്‍ ആദ്യ പത്തില്‍ ഒന്‍പത് പേരും self made entrepreneurs ആണ്. ഇനി അമേരിക്കയിലെ മില്യനേഴ്‌സിന്റെ ഇടയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് 80 ശതമാനം ആളുകളും self made entrepreneurs ആണെന്നാണ്. പാരമ്പര്യമായ സ്വത്ത് സാമ്പത്തിക അസമത്വത്തില്‍ ഒരു പ്രധാന ഫാക്റ്റര്‍ അല്ല എന്നര്‍ത്ഥം. Whatsapp സ്ഥാപകരില്‍ ഒരാളായ Jan Koum തന്റെ പതിനാറാം വയസില്‍ ഉക്രയിനില്‍ നിന്ന് അവന്റെ അമ്മയോടൊപ്പം അമേരിക്കയില്‍ എത്തിയപ്പോള്‍ ഭക്ഷണത്തിന് വേണ്ടി ഗവര്‍ണ്‍മന്റ് സ്‌കീമുകള്‍ ആശ്രയിക്കേണ്ട അവസ്ഥ ആയിരുന്നു. Whatsapp കോടി കണക്കിന് രൂപയ്ക്ക് വാങ്ങിയ സുക്കര്‍ബര്‍ഗ് കോളേജില്‍ പഠിക്കുമ്പോള്‍ ആണ് ലോകത്തെ മുഴുവന്‍ മാറ്റിയ സോഷ്യല്‍ മീഡിയ വിപ്ലവം ആരംഭിക്കുന്നത്. Oracle സ്ഥാപകനായ Larry Elliosn ഉം ഒരു ദരിദ്ര കുടുംബത്തില്‍ ആണ് വളര്‍ന്നത്. അദ്ദേഹത്തിന്റെ അമ്മ അവിവാഹിതയായ ഒരു ജൂത ആയിരുന്നു.

സമ്പത്ത് കുറച്ചു പേരിലേക്ക് ചുരുങ്ങുന്നു എന്ന് പരാതിപ്പെടുന്നതിലും ശ്രദ്ധിക്കേണ്ടത് സമ്പന്നന്‍ ആകാനുള്ള അവസരം (Soscial mobility) ഉണ്ടോ എന്ന് പരിശോധിക്കല്‍ ആണ്. സ്വാതന്ത്ര്യം കൂടുതല്‍ ഉള്ള സമൂഹങ്ങളില്‍ ഈ സോഷ്യല്‍ മൊബിലിറ്റി കൂടുതലായി കാണാന്‍ കഴിയും.മറ്റൊന്ന് പുതിയ ആശയങ്ങളില്‍ പരീക്ഷണം നടത്താന്‍ ഈ അധിക സമ്പത്ത് സഹായിക്കുന്നു എന്നതാണ്. പലപ്പോഴും വലിയ മുതല്‍ മുടക്ക് വേണ്ട എന്നാല്‍ റിസ്‌ക്ക് ഫാക്ടര്‍ ഒരുപാടുള്ള സംരഭങ്ങളില്‍ ഏര്‍പ്പെടാന്‍ അതി സമ്പന്നര്‍ക്ക് കഴിയുന്നു. പല ശതകോടീശ്വരന്‍മാരും അവരുടെ സമ്പത്ത് തിരിച്ച് പുതിയ സംരഭകരുടെ സ്ഥാപനങ്ങളില്‍ ആണ് ഇന്‍വെസ്റ്റ് ചെയ്യുന്നത്.

ലോകത്തിന് മുഴുവന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അവസരമൊരുക്കിയ ബില്‍ ഗേറ്റ്‌സ്, ഒരു കാലത്ത് കുറച്ചു പേര്‍ക്ക് മാത്രം കാണാന്‍ കഴിഞ്ഞിരുന്ന സിനിമ ഇന്ന് ഏത് കുഗ്രാമത്തില്‍ ഇരുന്നും കാണാന്‍ അവസരമൊരുക്കിയ നെറ്റ്ഫ്‌ളിക്‌സ് സ്ഥാപകന്‍, ഹാരിപ്പോട്ടര്‍ എഴുതി കോടി കണക്കിന് ആളുകള്‍ക്ക് സന്തോഷം നല്‍കിയ എഴുത്തുകാരി, ഇവരൊക്കെ സ്വയം സൃഷ്ടിച്ച സമ്പത്ത്, അവര്‍ ലോകത്തിന് നല്‍കിയ മൂല്യത്തിന് കിട്ടിയ പ്രതിഫലമാണ്. സമൂഹത്തെ മുഴുവന്‍ മെച്ചപ്പെട്ട ജീവിതത്തിലേക്ക് നയിക്കുന്ന ഇവരെ വെറുക്കേണ്ട കാര്യമെന്ത്?


Leave a Reply

Your email address will not be published. Required fields are marked *