പ്രശ്‌നം സയന്‍സിന്റെതല്ല; ആറ്റംബോബിനെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത നേതാക്കളുടെത് ആയിരുന്നു; ഡോ മനോജ്‌ബ്രൈറ്റ് എഴുതുന്നു


“ആറ്റം ബോംബ് എത്രമാത്രം ശക്തമായിരിക്കും എന്നോ, അതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നോ, ഒന്നും മാന്‍ഹട്ടല്‍ പ്രൊജക്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒരു ധാരണയും ഉണ്ടായിരുന്നില്ല. അണുബോംബ് പ്രയോഗിച്ചതിനെക്കുറിച്ച് ‘സയന്‍സ് ബാഷിംഗ്’ നടത്തുന്ന ലിബറല്‍ ബുദ്ധിജീവികള്‍ മനസ്സിലാക്കേണ്ടത് യഥാര്‍ത്ഥ പ്രശ്‌നം സയസിസിന്റെതല്ല, മറിച്ച് തീരുമാനങ്ങളെടുക്കാനുള്ള അവകാശം ശാസ്ത്രജ്ഞരുടെ കൈയില്‍നിന്ന് ഇതിന്റെ ശക്തിയക്കുറിച്ച് ഒരു ധാരണയുമില്ലാത്ത നേതാക്കളുടെയും ബ്യൂറോക്രാറ്റുകളുടെയും കൈയിലെത്തിയതാണ് എന്നതാണ്.”- ഡോ മനോജ് ബ്രൈറ്റ് എഴുതുന്നു
ആറ്റം ബോംബിന്റെ കഥ

കഥ തുടങ്ങുന്നത് ലിയൊ സിലാര്‍ഡ് (Leo Szilard) എന്ന ഹംഗേറിയന്‍ ജൂതനായ ശാസ്ത്രജ്ഞനില്‍ നിന്നാണ്. വര്‍ഷം1933. തൊട്ടുമുന്‍പ് ആറ്റം വിഭജിച്ച് അതിപ്രശസ്തനായി വിരാജിക്കുന്ന റൂഥര്‍ ഫോര്‍ഡിന്റെ ഒരു അഭിപ്രായം ദി ടൈംസ്- ല്‍ അച്ചടിച്ചുവന്നു. ”ആറ്റങ്ങളില്‍ മാറ്റമുണ്ടാക്കി അതില്‍ നിന്ന് ഊര്‍ജ്ജം ഉല്‍പാദിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ മണ്ടത്തരമാണ്പറയുന്നത്.”പത്രം വായിച്ച സിലാര്‍ഡിന് ഇത് കണ്ടപ്പോള്‍ ”ചൊറിഞ്ഞു വന്നു”’. ഒരു ജൂത അഭയാര്‍ത്ഥിയായി ലണ്ടനിലെത്തി ആരാലും തിരിച്ചറിയപ്പെടാതെ കഴിഞ്ഞുകൂടേണ്ടിവരുന്ന ഒരു തൊഴില്‍രഹിത ശാസ്ത്രജ്ഞന് അന്നത്തെ സൂപ്പര്‍ സ്റ്റാറായ റൂഥര്‍ ഫോര്‍ഡിനോട് അല്‍പ്പം കലിപ്പ് തോന്നിയത് സ്വാഭാവികം.

”ലണ്ടനിലെ തെരുവുകളിലൂടെ നടക്കുമ്പോള്‍ ഇതെന്റെ ചിന്തയിലെത്തി. സൗത്ത് ആംപ്റ്റണ്‍ റോവിലെ കവലയില്‍ ചുവന്ന സിഗ്‌നലില്‍ ഞാന്‍ കാത്തു നിന്നതായി ഓര്‍ക്കുന്നുണ്ട്. ലോര്‍ഡ് റൂഥര്‍ഫോര്‍ഡിന് തെറ്റു പറ്റി എന്നു തെളിയിക്കാനാകുമോ എന്നാലോചിക്കുകയായിരുന്നു ഞാന്‍. ആല്‍ഫാ കണങ്ങളില്‍ നിന്ന് വ്യത്യസ്തമായി ന്യൂട്രോണുകള്‍ക്ക് അയോണീകരണം സംഭവിക്കില്ല. അതായത് അവ കടന്നു പോകുന്ന വസ്തുക്കളില്‍ വൈദ്യുത പ്രവര്‍ത്തനം ഉണ്ടാകില്ല. അതിനാല്‍ ന്യൂക്ലിയസ്സില്‍ ഇടിച്ച്,ഒരുപക്ഷെ അതുമായി പ്രതിപ്രവര്‍ത്തിക്കുന്നതു വരെ അതിന് തടസ്സങ്ങളൊന്നുമുണ്ടാകില്ല.പച്ച വെളിച്ചം കത്തി, ഞാന്‍ റോഡ് മുറിച്ചു കടക്കവേ, പെട്ടെന്ന് അതെന്റെ മനസ്സിലേക്കു വന്നു. ന്യൂട്രോണുകള്‍ ഉപയോഗിച്ച് വിഭജിക്കാനും, അതിന്റെ ഫലമായി ഒരു ന്യൂട്രോണ്‍ ആഗിരണംചെയ്തുകൊണ്ട് രണ്ടു ന്യൂട്രോണുകള്‍ പുറത്തു വിടാനും കഴിയുന്ന ഒരു മൂലകം കണ്ടെത്തണമെങ്കില്‍, അത്തരമൊരു മൂലകം ആവശ്യമായ അളവില്‍ സംഭരിച്ചാല്‍ ഒരു ചാക്രിക പ്രവര്‍ത്തനം ഇടതടവില്ലാതെ നടത്താം. വ്യാവസായിക അളവില്‍ ഊര്‍ജ്ജം പുറത്തുവിടാം, ആറ്റം ബോംബുകള്‍ ഉണ്ടാക്കാം.”സിലാര്‍ഡ് പറയുന്നു.

ലോകം മാറ്റിമറിച്ച ഒരു ആശയം

സിലാര്‍ഡ് റോഡ് മുറിച്ചുകടന്ന് നടത്തം തുടര്‍ന്നു.അദ്ദേഹത്തിന് പുറകില്‍ ലൈറ്റ് വീണ്ടും ചുവപ്പായി.ദി മേക്കിങ് ഓഫ് ദി അറ്റം ബോംബ് എന്ന പുസ്തകത്തില്‍ റിച്ചാര്‍ഡ് റോഡ്‌സ് ആ നിര്‍ണ്ണായക നിമിഷങ്ങള്‍ വിവരിക്കുന്നത് ഇങ്ങനെയാണ്.

”ലണ്ടനില്‍ ബ്ലൂംസ്‌ബെറിയിലെ ബ്രിട്ടീഷ് മ്യൂസിയത്തിന് എതിരെ സൗത്ത് ആംപ്റ്റണ്‍ റോ റസ്സല്‍ സ്‌ക്വയറിനെ കടന്ന് പോകുന്നിടത്ത് ഒരു നരച്ച ഉന്മേഷ രഹിതമായ രാവിലെ അക്ഷമനായി ലൈറ്റ് മാറുന്നതും കാത്തു നില്‍ക്കുകയായിരുന്നു ലിയോ സിലാര്‍ഡ്. തലേന്ന് രാത്രി ചെറുതായി മഴ ചാറിയിരുന്നു. 1933 സെപ്റ്റംബര്‍ 12 ചൊവ്വാഴ്ച പുലര്‍ന്നത് തണുത്ത, ഈര്‍പ്പമുള്ള, മൂടിക്കെട്ടിയ ദിവസത്തേക്കാണ്. ഉച്ച തിരിയുമ്പോളേക്കും വീണ്ടും മഴ ചാറാന്‍ തുടങ്ങും. സിലാര്‍ഡ് പിന്നീട് ഈ കഥ പറയുമ്പോള്‍ അന്നു രാവിലെ താന്‍ എവിടെ പോകുകയായിരുന്നു എന്ന് പറഞ്ഞിട്ടില്ല. ചിലപ്പോള്‍ അങ്ങനെ പോകാന്‍ ഒരിടവും ഉണ്ടായിരുന്നിരിക്കില്ല. അദ്ദേഹം പലപ്പോളും ആലോചിക്കാനായി നടക്കുമായിരുന്നു. എന്തായാലും മറ്റൊരു ഉദ്ദിഷ്ടസ്ഥാനം ഇടയില്‍ കയറി. ലൈറ്റ് പച്ച കത്തി. സിലാര്‍ഡ് റോഡിലേക്കിറങ്ങി. അദ്ദേഹം തെരുവ് മുറിച്ചു കടക്കവേ സമയം ആദ്ദേഹത്തിന്റെ മുന്നില്‍ തുറക്കപ്പെടും, ഭാവിയിലേക്ക് ഒരു വഴിയും,ലോകത്തിന് മരണവും, നമ്മുടെയെല്ലാം ദുഃഖ കാരണവും, ഇനി സംഭവിക്കാനിരിക്കുന്നത് എന്തായിരിക്കുമെന്നും അദ്ദേഹം മുന്നില്‍ കണ്ടു.”(The making of the atom bomb-Richard rhodes)

അങ്ങിനെ അന്ന് ആ തെരുവില്‍ സിഗ്‌നല്‍ കാത്തുനില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ തലയിലുദിച്ച ന്യൂട്രോണ്‍ ചെയിന്‍ റിയാക്ഷന്‍ എന്ന ഈ ആശയം ലോകം മുഴുവന്‍ മാറ്റിമറിച്ചു. ലോകം ഇനിയൊരിക്കലും പഴയതുപോലെയാകില്ല. ഈ ആശയവുമായി അദ്ദേഹം പല ബ്രിട്ടീഷ് ശാസ്ത്രജ്ഞന്മാരെയും സമീപിച്ചു. ആരും ഈ ”മണ്ടന്‍” ആശയത്തിന് വില കല്പിച്ചില്ല.റൂഥര്‍ ഫോര്‍ഡ് അസാധ്യമെന്ന് തീര്‍ത്തുപറഞ്ഞ കാര്യം. സാക്ഷാല്‍ റൂഥര്‍ ഫോര്‍ഡ് തന്നെ സിലാര്‍ഡിനെ തന്റെ ഓഫീസില്‍നിന്ന് പിടിച്ചു പുറത്താക്കുക പോലും ചെയ്തു എന്നാണ് കഥ. പിന്മാറാന്‍ കൂട്ടാക്കാത്ത സിലാര്‍ഡ്1934 ല്‍ ചെയിന്‍ റിയാക്ഷന്‍ എന്ന ആശയത്തിനു പേറ്റന്റ് എടുത്തുവെങ്കിലും ദുരുപയോഗത്തിന് എല്ലാ സാധ്യതയുമുണ്ട് എന്ന് ശരിക്കും തിരിച്ചറിഞ്ഞ അദ്ദേഹം തന്റെ പേറ്റന്റ് ആദ്യം രഹസ്യമായി സൂക്ഷിച്ചു. താമസിയാതെ അദേഹവും തന്റെ ആശയം റൂഥര്‍ ഫോര്‍ഡ് പറഞ്ഞപോലെ നടക്കാത്ത കാര്യമാണ് എന്ന് കരുതി എഴുതിത്തള്ളി മറ്റു കാര്യങ്ങളില്‍ വ്യാപൃതനായി.

ഐന്‍സ്റ്റീനല്ല ഉപജ്ഞാതാവ്

എന്നാല്‍ 1939 ഓടുകൂടി കഥ മാറി. ജര്‍മ്മന്‍കാരനായ ഓട്ടോ ഹാനും, ഫ്രിറ്റ്‌സ് സ്ട്രാസ്സ്മാനും യൂറേനിയം വിഘടനത്തിന് വിധേയമാക്കാം എന്നു കണ്ടുപിടിക്കുന്നു. യൂറേനിയത്തിനെ താന്‍ മനസ്സില്‍ കണ്ട ബോംബുണ്ടാക്കാന്‍ ഉപയോഗിക്കാം എന്ന് മനസ്സിലാക്കിയ സിലാര്‍ഡ് ശരിക്കും പേടിക്കുന്നു. ജര്‍മ്മനി എങ്ങാന്‍ ബോംബുണ്ടാക്കിയാല്‍? ഒരു ഹംഗേറിയന്‍ ജൂതനായ സിലാര്‍ഡ് ജര്‍മ്മനി ആറ്റം ബോംബുണ്ടാകുമോ എന്ന് പേടിച്ചതില്‍ അതിശയമില്ല. ചെയിന്‍ റിയാക്ഷന്‍ എന്ന ആശയത്തെക്കുറിച്ച് പരസ്യമായി സംസാരിക്കരുത് എന്ന് സിലാര്‍ഡ് സഹ ശാസ്ത്രജ്ഞന്മാരോട് അപേക്ഷിക്കുന്നു.

(തന്റെ തലയിലുദിച്ച ഒരു ആശയം ആരുടെയും ശ്രദ്ധിയില്‍ പെടാതിരിക്കണേ എന്ന് ആഗ്രഹിക്കുന്ന ഒരു ശാസ്ത്രജ്ഞന്‍….) എന്നാല്‍ അറിവ് അങ്ങനെ രഹസ്യമാക്കി വയ്ക്കാനാവില്ല എന്നായിരുന്നു റൂഥര്‍ ഫോര്‍ഡിന്റെ അഭിപ്രായം. (നേരത്തെ ഇതിനെ വങ്കത്തരം എന്നു വിളിച്ച പുള്ളിയാണ്.) എങ്കിലും ഇറ്റലിക്കാരനായ ഫെര്‍മി തന്റെ പരീക്ഷണഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വൈകിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ജര്‍മ്മനി യുറേനിയം ശേഖരിക്കുന്നുണ്ട് എന്ന വാര്‍ത്തയും പുറത്തുവന്നു. അങ്ങിനെയാണ് സീലാര്‍ഡിന്റെ നിര്‍ബന്ധപ്രകാരം ഐന്‍സ്‌റ്റൈന്‍ അമേരിക്ക അടിയന്തരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് റൂസ് വെല്‍റ്റിന് പ്രശസ്തമായ ആ കത്തെഴുതുന്നത്. (പൊതുജനത്തിനിടയില്‍ ഐന്‍സ്റ്റീനാണ് അണുബോംബിന്റെ ഉപജ്ഞാതാവ് എന്ന ധാരണ ഉണ്ടായത് ഇങ്ങനെയാണ്.) 1939 ആഗസ്റ്റ് രണ്ടിലെ ആ കത്ത് തുടങ്ങുന്നത് ഇപ്രകരമാണ്…

Sir:
”Some recent work by E. Fermi and L. Szilard, which has been communicated to me in manuscript, leads me to expect that the element uranium may be turned into a new and important source of energy in the immediate future. Certain aspects of the situation which has arisen seem to call for watchfulness and if necessary, quick action on the part of the Administration. I believe therefore that it is my duty to bring to your attention the following facts and recommendations.In the course of the last four months it has been made probable through the work of Joliot in France as well as Fermi and Szilard in America–that it may be possible to set up a nuclear chain reaction in a large mass of uranium, by which vast amounts of power and large quantities of new radium-like elements would be generated. Now it appears almost certain that this could be achieved in the immediate future.

This new phenomenon would also lead to the construction of bombs, and it is conceivable–though much less certain–that extremely powerful bombs of this type may thus be constructed. A single bomb of this type, carried by boat and exploded in a port, might very well destroy the whole port together with some of the surrounding territory.

I understand that Germany has actually stopped the sale of uranium from the Czechoslovakian mines which she has taken over. That she should have taken such early action might perhaps be understood on the ground that the son of the German Under-Secretary of State, von Weizsacker, is attached to the Kaiser-Wilhelm Institute in Berlin, where some of the American work on uranium is now being repeated.”

അണുബോംബ് പിറക്കുന്നു

അങ്ങനെ റൂസ് വെല്‍റ്റാണ് ജര്‍മ്മനി ആദ്യം അണുബോംബുണ്ടാക്കുമോ എന്ന് ന്യായമായും പേടിച്ച് അമേരിക്ക തന്നെ ആദ്യം ബോംബുണ്ടാക്കണം എന്ന് തീരുമാനിക്കുന്നത്. (ജര്‍മ്മനിക്ക് അതിനു കഴിയുമായിരുന്നില്ല എന്ന് യുദ്ധാനന്തരം വെളിപ്പെട്ടു.) ഈ തീരുമാനത്തിന് ശാസ്ത്രജ്ഞന്മാര്‍ ഉത്തരവാദികളല്ല എന്നും അദ്ദേഹം ഉറപ്പു നല്‍കി. അങ്ങനെ ആണവശാസ്ത്രത്തിന്റെ നിയന്ത്രണം പ്രസിഡന്റിന്റെ കീഴിലുള്ള ബ്യൂറോക്രാറ്റുകളുടെ കൈയ്യിലായി. ശാസ്ത്രജ്ഞര്‍ ഔട്ട്. അവര്‍ക്ക് ഒന്നുകില്‍ സഹകരിക്കാം അല്ലെങ്കില്‍ മാറിനില്‍ക്കാം.അതല്ലാതെ വരുംവരായ്കകകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനോ പ്രസിഡന്റിനെ ഉപദേശിക്കാനോ അവകാശമില്ലാതായി.

രണ്ടു വര്‍ഷത്തിനു ശേഷം 1941ല്‍ മാന്‍ഹാട്ടന്‍ പ്രോജക്റ്റിന് തുടക്കമായി. ഇതിന്റെ പ്രധാനിയായ റോബര്‍ട്ട് ഓപ്പണ്‍ ഹൈമറാണ് അണുബോംബിന്റെ പിതാവായി അറിയപ്പെടുന്നത്.1942ലെ രണ്ട് ബില്യണ്‍ ഇതിനായി ചെലവാക്കി എന്നാണ് കണക്ക്. മാന്‍ഹാട്ടന്‍ പ്രോജക്ടിന്റെ ഭാഗമായി മൂന്നു ബോംബുകളാണ് ഉണ്ടാക്കിയത്. പ്ലൂട്ടോണിയം അടിസ്ഥാനമാക്കിയുള്ള ഗാഡ്ജറ്റ്, യൂറേനിയം അടിസ്ഥാനമാക്കിയുള്ള ലിറ്റില്‍ ബോയ്, പ്ലൂട്ടോണിയം അടിസ്ഥാനമാക്കിയുള്ള ഫാറ്റ്‌ബോയ്.

ജൂലൈ 16 1945:… ബോംബ് റെഡിയായായിക്കഴിഞ്ഞ് ആദ്യത്തെ പരീക്ഷണം (Trinity test). പ്ലൂട്ടോണിയം അടിസ്ഥാനമാക്കിയുള്ള ഗാഡ്ജറ്റ് എന്ന ബോംബാണ് പരീക്ഷിച്ചത് (Plutonium implosion bomb). ഈ ബോംബിന്റെ പ്രകടനം കണ്ടിട്ടാണ് സംസ്‌കൃത പണ്ഡിതന്‍ കൂടിയായ ഓപ്പണ്‍ ഹൈമര്‍ ”ദിവി സൂര്യ സഹസ്രസ്യ ഭവേദ് യുഗപദ് ഉത്ഥിതാ യതി ഭാഃ സദൃശീ സാ സ്യാദ് ഭാസസ്തസ്യ മഹാത്മനഃ (ആ ശോഭ അനേകായിരം സൂര്യന്‍മാര്‍ ആകാശത്തില്‍ ഒരുമിച്ചുദിച്ചാലുണ്ടാകുന്ന പ്രകാശത്തിന് തുല്യമായിരുന്നു.) എന്ന ഭഗവദ് ഗീതയിലെ ശ്ലോകം ചൊല്ലിയത്. മറ്റൊരു ഗീതശ്ലോകം കൂടി ആ സമയത്ത് തന്റെ മനസ്സില്‍ വന്നതായി പില്‍കാലത്ത് ഓപ്പണ്‍ ഹൈമര്‍ പറഞ്ഞിട്ടുണ്ട്. ”കാലോസ്മി ലോകക്ഷയകൃത് പ്രവൃദ്ധോ ലോകാന്‌സമാഹര്‍തുമിഹ പ്രവൃത്താഃ ”(ഞാന്‍ ലോകത്തെ നശിപ്പിക്കുന്ന കാലനാകുന്നു.)

താനടക്കമുള്ള ശാസ്ത്രജ്ഞരാരും തങ്ങള്‍ ചെയ്തുവച്ച പണിയെക്കുറിച്ച് കൂടുതല്‍ ആലോചിച്ചു തലപുണ്ണാക്കിയില്ല എന്ന് ഫെയ്ന്‍മാന്‍ അദ്ദേഹത്തിന്റെ ”Surely You’re Joking, Mr. Feynman!” എന്ന പുസ്തകത്തില്‍ പറയുന്നു. നോക്കൂ, എനിക്കു സംഭവിച്ചത്, ബാക്കിയുള്ള എല്ലാവര്‍ക്കും സംഭവിച്ചത് ഇതായിരുന്നു. നമ്മള്‍ ഒരു നല്ല കാര്യത്തിനാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാവരും ഒരു ലക്ഷ്യം മുന്നില്‍ കണ്ട് കഠിനമായി അധ്വാനിക്കുന്നു. അത് വളരെ ആഹ്ലാദം നല്‍കുന്നു. ആവേശം നല്‍കുന്നു. അപ്പോള്‍ നിങ്ങളുടെ തിരിച്ചറിവ് നിലക്കുന്നു. നിങ്ങള്‍ക്കറിയാമോ, അതങ്ങു ചുമ്മാ ഇല്ലാതാകുന്നു.”

ആര്‍ക്കും കൃത്യമായി ഒന്നും പിടിയില്ല

ബുദ്ധി മരവിക്കാത്ത ആള്‍ അപ്പോളും സിലാര്‍ഡായിരുന്നു. സിലാര്‍ഡ് വീണ്ടും അഭിപ്രായം മാറ്റി.1945 മാര്‍ച്ചോടുകൂടി ജര്‍മ്മനിയുമായുള്ള യുദ്ധം താമസിയാതെ അവസാനിക്കും എന്നതിന്റെ സൂചനകള്‍ വന്നുതുടങ്ങിയിരുന്നു. ജൂതനായ സിലാര്‍ഡിന് ജര്‍മ്മനിക്ക് അണുബോംബ് ഉണ്ടാകുമോ എന്നുമാത്രമായിരുന്നു ഭയം. ജര്‍മ്മനിക്ക് ഇനി ബോംബുണ്ടാക്കാനാവില്ല എന്ന് ഏറെക്കുറെ ഉറപ്പായ സ്ഥിതിക്ക് അമേരിക്കയും ബോംബ് നിര്‍മാണം നിര്‍ത്തിവയ്ക്കണം എന്ന് അഭിപ്രായപ്പെട്ടുകൊണ്ടു സിലാര്‍ഡ് റൂസ്‌വെല്‍റ്റിന് കൊടുക്കാന്‍ ഒരു മെമ്മോറാണ്ടം തയ്യാറാക്കി. ശാസ്ത്രഞ്ജരും ബ്യൂറോക്രസിയും തമ്മില്‍ പരസ്പരം ആശയവിനിമയം നടക്കാത്തതിലുള്ള അദ്ദേഹത്തിന്റെ ആശങ്ക അദ്ദേഹം പങ്കുവയ്ച്ചു.

എത്രമാത്രം അലസമായാണ് ബ്യൂറോക്രസിയും മിലിട്ടറിയും കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് എന്ന് മാന്‍ഹാട്ടന്‍ പ്രോജക്റ്റില്‍ സഹകരിച്ച റിച്ചാര്‍ഡ് ഫെയ്ന്‍മാന്റെ ഈ വരികളില്‍നിന്ന് വായിക്കാം. ”അതായത് ഉയര്‍ന്ന ആളുകള്‍ക്കൊക്കെ തങ്ങള്‍ യുറേനിയം വേര്‍തിരിക്കുകയാണെന്ന് അറിയാമായിരുന്നു. പക്ഷെ ബോംബ് എത്രമാത്രം ശക്തമായിരിക്കും എന്നോ, അതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നോ, ഒന്നിനെയും കുറിച്ച് അവര്‍ക്ക് ധാരണയില്ലായിരുന്നു. താഴെയുള്ള ആളുകള്‍ക്ക് തങ്ങള്‍ എന്താണ് ചെയ്യുന്നതെന്നു തന്നെ അറിയില്ലായിരുന്നു. സേനക്ക് അതങ്ങിനെത്തന്നെ നിലനിര്‍ത്താനായിരുന്നു താല്‍പര്യവും. താഴെത്തട്ടിലുള്ളവരുമായി പരസ്പരമുള്ള ആശയവിനിമയം നടക്കുന്നുണ്ടായിരുന്നില്ല.”

പക്ഷേ മെയ് മാസത്തില്‍ റൂസ്‌വെല്‍റ്റ് മരിച്ചു. പുതിയ പ്രസിഡണ്ട് ട്രൂമാന്റെ സ്റ്റേറ്റ് സെക്രട്ടറി James Byrnes മായാണ് സിലാര്‍ഡിന് കൂടിക്കാഴ്ച തരപ്പെട്ടത്. തന്റെ മുന്‍ഗാമി രണ്ടു ബില്ല്യണിലധികം മുടക്കിയ ഒരു പ്രോജക്റ്റ് ഇനി ഉപേക്ഷിച്ചാല്‍ കോണ്‍ഗ്രസില്‍ എന്ത് മറുപടി പറയും എന്നാണ് അദ്ദേഹം ചോദിച്ചത്. ഒരു ടിപ്പിക്കല്‍ ബ്യൂറോക്രാറ്റിക് മറുപടി. ജനാധിപത്യത്തിന്റെ ശക്തിയും ദൗര്‍ബല്യവും കാണിക്കുന്ന ഒരു സംഭവമാണ് ഇത്. പൊതുമുതല്‍ ചെലവാക്കുന്നവര്‍ അതിനു മറുപടിയും പറയണം. ഒരു എകാധിപതിക്ക് വേണമെങ്കില്‍ ഈ കോടികള്‍ എഴുതിത്തള്ളാം. പക്ഷേ ഒരു ജനാധിപത്യ ഭരണത്തിന് അത് പറ്റില്ല. മറുപടി പറഞ്ഞേ ഒക്കൂ. ഒരു ശാസ്ത്രഞ്ജന്‍ പറഞ്ഞത് വിശ്വസിച്ച് രണ്ടു ബില്ല്യണ്‍ മുടക്കി.ഇപ്പൊ അയാള്‍ നിര്‍ത്താന്‍ പറഞ്ഞപ്പോള്‍ നിര്‍ത്തി എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ. (”If this weapon fizzles, each of you can look forward to a lifetime of testifying before congressional investigating committees.”General Groves to his staff, 24 December,1944.) അവസാന നിമിഷം വരെ ഈ സാധനം വര്‍ക്ക് ചെയ്യുമോ എന്ന് ഒരാള്‍ക്കും പിടിയുണ്ടായിരുന്നില്ല.

സിലാഡ് പുതിയ പ്രസിഡണ്ട് ട്രൂമാനുള്ള നിവേദനം തയ്യാറാക്കുന്ന പണിയിലായി പിന്നീട്. ബോംബ് ടെസ്റ്റ് ചെയ്യുന്നതിനുമുന്പ് തന്നെ സിലാര്‍ഡ് ഈ പെറ്റീഷന്‍ ഒപ്പുവയ്പ്പിക്കാന്‍ സഹ ശാസ്ത്രജ്ഞരെ സമീപിച്ചിരുന്നു. അറുപത്തേഴ് ശാസ്ത്രജ്ഞര്‍ ഒപ്പിട്ട ഈ പെറ്റീഷന്‍ എന്തായാലും ചുവപ്പുനാടയില്‍ കുരുങ്ങി ട്രൂമാന്റെ കൈയിലെത്തിയില്ല. (എത്തിയിരുന്നാലും പ്രയോജനമുണ്ടാകുമായിരുന്നോ എന്നത് വേറെ കാര്യം. ആര്‍ക്കും തടയാനാവാത്തവിധം ആ പ്രൊജക്റ്റ് മുന്നോട്ട് പോയിരുന്നു.) ഈ പെറ്റീഷന്‍ ഒപ്പിടാതിരുന്നവരില്‍ ഒരാള്‍ പില്‍ക്കാലത്ത് ഹൈഡ്രജന്‍ ബോംബിന്റെ പിതാവായി അറിയപ്പെട്ട എഡ്വേര്‍ഡ് റ്റെല്ലര്‍ ആയിരുന്നു. താന്‍ ഒപ്പിടാത്തതിന് കാരണം അദ്ദേഹം പറഞ്ഞത് ഇതാണ്.

”ആദ്യമായി എനിക്ക് പറയാനുള്ളത് എന്റെ മനസാക്ഷിയിലെ കളങ്കം മായ്ച്ചുകളയാന്‍ കഴിയുമെന്ന ഒരു പ്രതീക്ഷയും എനിക്കില്ല എന്നാണ്. ഞങ്ങള്‍ ഉണ്ടാകാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന സാധനങ്ങള്‍ അത്രയ്ക്ക് ഭയങ്കരങ്ങളാണ്, എന്തൊക്കെ തരത്തിലുള്ള പ്രതിഷേധം പ്രകടിപ്പിച്ചാലും,രാഷ്ട്രീയം കളിച്ചാലും അതൊന്നും ഞങ്ങളുടെ ആത്മാവിനെ രക്ഷിക്കാന്‍ പോകുന്നില്ല.”

ഈ സിലാര്‍ഡിന്റെ കാര്യം നല്ല രസമാണ്. ചെയിന്‍ റിയാക്ഷന്‍ എന്ന ആശയം കണ്ടുപിടിച്ച് പേറ്റന്റ് എടുത്തത് സീലാഡ്. എന്നിട്ട് പേടിച്ച് അതിന്റെ പേറ്റന്റ് രഹസ്യമാക്കി വച്ചതും സിലാഡ്. പിന്നീട് ബോംബുണ്ടാക്കാന്‍ ലോബിയിംഗ് നടത്തിയതും സിലാഡ്. അത് പ്രകാരം ബോംബുണ്ടാക്കിയപ്പോള്‍ അത് പ്രയോഗിക്കാതിരിക്കാന്‍ ഓടിനടന്നതും സിലാഡ്.

യഥാര്‍ത്ഥ പ്രശ്‌നം സയസിന്റെതല്ല

August 6 1945:… ഹിരോഷിമയില്‍ ആദ്യത്തെ ആറ്റം ബോംബ്. ലിറ്റില്‍ബോയ് എന്ന ഈ ബോംബ് യുറേനിയം (gun type fission) ഉപയോഗിച്ചുള്ള ഒരു ഡിസൈനായിരുന്നു. മുന്‍പ് ഒരിക്കലും ടെസ്റ്റ് ചെയ്തിട്ടില്ലാത്ത ഡിസൈന്‍. ആളൊഴിഞ്ഞ ഏതെങ്കിലും ദ്വീപില്‍ പൊട്ടിച്ചുകാണിച്ച് ജപ്പാന് വാണിംഗ് കൊടുത്താല്‍ മതിയോ എന്ന് ആദ്യം ആലോചിച്ചിരുന്നു. പക്ഷേ പൊട്ടുമെന്ന് ഒരു ഉറപ്പുമില്ലാത്ത ഈ സാധനം വലിയ പബ്ലിസിറ്റി കൊടുത്ത് പ്രയോഗിച്ചിട്ട് അത് പൊട്ടിയില്ലെങ്കില്‍? ഇനി ബോംബ് പൊട്ടിയാലും ജപ്പാന്‍ പിന്മാറാന്‍ കൂട്ടാക്കിയില്ലെങ്കില്‍? അങ്ങനെ അധികം യുറേനിയമൊന്നും കൈയിലില്ല താനും. തല്‍ക്കാലം ഒരു വെടിക്കുള്ള മരുന്നേ കൈയ്യില്‍ സ്റ്റോക്കുള്ളൂ.(ജപ്പാന്‍ തോല്‍വി സമ്മതിക്കാതിരിക്കുമോ എന്നത് അടിസ്ഥാനമില്ലാത്ത സംശയമായിരുന്നില്ല. ഹിരോഷിമയില്‍ ബോംബ് പൊട്ടിയപ്പോള്‍ പോലും ജപ്പാന്‍ ചക്രവര്‍ത്തി പിന്മാറാന്‍ കൂട്ടാക്കിയിരുന്നില്ല. അവസാനം നാഗസാക്കി കൂടി പോയപ്പോളാണ് ചക്രവര്‍ത്തി തോല്‍വി സമ്മതിച്ചത്.) ബോംബ് ചീറ്റിപ്പോയാല്‍ നാണക്കേട് പോട്ടെ എന്ന് വച്ചാലും പിന്നീട് യുദ്ധം കഴിഞ്ഞാല്‍ ജനങ്ങളോട് മറുപടി പറയണ്ടെ? ശാസ്ത്രജ്ഞരെ പിന്‍തള്ളി ബോംബുണ്ടാക്കാന്‍ ഉല്‍സാഹം കാണിച്ച നേതാക്കളും ബ്യൂറോക്രാറ്റുകളും അതിനു തയ്യാറാകുമോ?

August 9 1945:… നാഗസാക്കിയിലെ രണ്ടാമത്തെ അണുബോംബ്. ഫാറ്റ്മാന്‍ എന്ന ഈ ബോംബ് നേരത്തെ ഒരു തവണ പരീക്ഷിച്ച പ്ലൂട്ടോണിയം (Plutonium implosion type) ഉപയോഗിച്ചുള്ള ഒരു ഡിസൈനായിരുന്നു. അണുബോംബ് പ്രയോഗിച്ചതിനെക്കുറിച്ച് ‘സയന്‍സ് ബാഷിംഗ്’ നടത്തുന്ന ലിബറല്‍ ബുദ്ധിജീവികള്‍ മനസ്സിലാക്കാത്തത് യഥാര്‍ത്ഥ പ്രശ്‌നം സയസിന്റെതല്ല, മറിച്ച് തീരുമാനങ്ങളെടുക്കാനുള്ള അവകാശം ശാസ്ത്രജ്ഞരുടെ കൈയില്‍നിന്ന് ഇതിന്റെ ശക്തിയക്കുറിച്ച് ഒരു ധാരണയുമില്ലാത്ത നേതാക്കളുടെയും ബ്യൂറോക്രാറ്റുകളുടെയും കൈയിലെത്തി എന്നതാണ്.

”1941 മുതല്‍ 1945 വരെയുള്ള സമയത്തിനിടയില്‍ ഒരിക്കല്‍ പോലും പ്രസിഡണ്ടോ, അല്ലെങ്കില്‍ ഗവര്‍മെന്റിലെ ഉത്തരവാദിത്വമുള്ള ആരെങ്കിലുമോ ആണവശക്തി യുദ്ധത്തിനു വേണ്ടി ഉപയോഗിക്കാന്‍ പാടില്ല എന്നു പറയുന്നതായി ഞാന്‍ കേട്ടിട്ടില്ല.”( Henry Stimson, Secretary of War. 1940 1945)

Reference: THE MAKING OF THE ATOMIC BOMB- Richard Rhodes


Leave a Reply

Your email address will not be published. Required fields are marked *