”ഫെമിനിസം സപ്പോര്‍ട്ട് ചെയ്യുന്ന ആളുകള്‍ നിര്‍ദേശിക്കുന്നത് തുല്യ വേതനം നിര്‍ബന്ധിതമായി നടപ്പാക്കുക എന്നതാണ്. എന്താണ് തുല്യ വേതനം കൊണ്ട് ഉണ്ടാകുന്ന മാറ്റങ്ങള്‍? യഥാര്‍ത്ഥത്തില്‍ അത് സ്ത്രീകളെ ശാക്തീകരിക്കാന്‍ സഹായിക്കുമോ? ഇല്ല എന്നതാണ് ഉത്തരം. സ്ത്രീ പക്ഷം എന്ന് നമ്മള്‍ കരുതുന്ന ഇത്തരം തീരുമാനങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്ത്രീ വിരുദ്ധം ആകുകയാണ് ചെയ്യുന്നത്.”- വിഷ്ണു അജിത്ത് എഴുതുന്നു. |
തുല്യ വേതനവും ഫെമിനിസവും
തൊഴില്‍ മേഖലകളില്‍, പ്രത്യേകിച്ച് സിനിമ മേഖലയില്‍ ഇടയ്ക്കിടെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വിഷയം ആണ് വേതനത്തില്‍ ഉള്ള തുല്യത എന്നത്. റിമ, പാര്‍വതി, അനിഖ, എന്നിവരെ കൂടാതെ ഈ അടുത്ത് ദേശീയ അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളിയും ഈ ആവശ്യവുമായി രംഗത്ത് വരുന്നത് കണ്ടു. ഫെമിനിസ്റ്റ് എന്ന് സ്വയം ഐഡന്റിഫൈ ചെയ്യുന്ന ഒരുപാട് ആളുകള്‍ ഈ ആവശ്യം ശക്തമായി ഉന്നയിക്കുന്നുണ്ട്.
തുല്യമായി ജോലി ചെയ്യുന്ന ആളുകള്‍ക്കു ഇടയില്‍ പക്ഷപാതം പാടില്ല, സ്ത്രീ ശാക്തീകരണത്തിന് ഇങ്ങനെ ഉള്ള ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുക എന്നത് അത്യാവശ്യം ആണ് എന്ന് അവര്‍ വാദിക്കുന്നു. ഈ വാദത്തിന്റെ ഉദ്ദേശശുദ്ധി നല്ലത് ആണെങ്കിലും, ഈ ഒരു വാദം യഥാര്‍ത്ഥത്തില്‍ ഒരു നല്ല ഫലം സ്ത്രീകളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നുണ്ടോ എന്ന് അധികം ആരും അന്വേഷിക്കാന്‍ പോകാറില്ല.
ഒരു ജോലിക്ക് ആളെ എടുക്കുന്നത് എങ്ങനെ?
ഒരു ജോലിക്ക് ആരെ എടുക്കണം, എത്ര പ്രതിഫലം കൊടുക്കണം എന്ന് ഒരു നിര്‍മ്മാതാവ് കണക്കാക്കുന്നത്. ആ ജോലി ചെയ്താല്‍ നിര്‍മ്മാതാവിന് ലാഭം ഉണ്ടാക്കാന്‍ സാധിക്കും എന്ന് തോന്നുമ്പോള്‍ ആണ്. അഭിനേതാക്കള്‍ ആയാലും മറ്റു ടെക്‌നീഷ്യന്‍സ് ആയാലും ഇത് തന്നെ ആണ് വലിയ ഘടകം. നിങ്ങളുടെ കഴിവുകള്‍ റീപ്ലേസബിള്‍ ആണ് എന്നുണ്ടെങ്കില്‍, അല്ലെങ്കില്‍ നിങ്ങളുടെ പ്രകടനം കൊണ്ട് ലാഭം ഉണ്ടാക്കാന്‍ കഴിയുന്നില്ല എന്ന് തോന്നുക ആണെങ്കില്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന പ്രതിഫലം തരാന്‍ ആളുകള്‍ തയ്യാറാകില്ല. ഇനി ഈ ‘തോന്നല്‍’ എന്നതില്‍ നിര്‍മ്മാതാക്കളുടെ പല തരത്തില്‍ ഉള്ള ബയാസ് സ്വാധീനിക്കുന്നുണ്ടാകും.
സമൂഹത്തില്‍ നില നില്‍ക്കുന്ന പാട്രിയാര്‍ക്കി കാരണം സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാളും കഴിവ് കുറവാണ്, അവര്‍ക്ക് ജോലി ചെയ്യുന്നതില്‍ കാര്യക്ഷമത ഉണ്ടാകില്ല, കാലങ്ങള്‍ ആയി പുരുഷന്മാര്‍ ചെയ്തുകൊണ്ടിരുന്ന ജോലികള്‍ അവര്‍ ചെയ്താല്‍ ശരി ആകില്ല എന്ന തരത്തില്‍ ഉള്ള നിരവധി മുന്‍വിധികള്‍ നിലനില്‍ക്കുന്നു. അതുകൊണ്ട് സമൂഹത്തിന്റെ ആ പ്രതിഫലനം ഇവിടെയും ഉണ്ടാകാന്‍ ഉള്ള സാധ്യത വളരെ അധികം ആണ്. പുരുഷന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി എന്ന മുന്‍വിധിയോടെ അപേക്ഷകള്‍ സ്വീകരിച്ചിരുന്ന ഒരു കാലത്ത്, സ്ത്രീ ആണെന്ന കാരണത്താല്‍ സ്വന്തം കഴിവുകള്‍ തെളിയിക്കാന്‍ അവസരം നിഷേധിക്കരുത് എന്ന് സാക്ഷാല്‍ ആര്‍ജെഡി ടാറ്റ യ്ക്കു നേരിട്ട് കത്തെഴുതി ടെല്‍ക്കോയിലെ ആദ്യ വനിതാ എഞ്ചിനീയര്‍ ആയി സുധ മൂര്‍ത്തി മാറിയപ്പോള്‍ അവര്‍ക്ക് തരണം ചെയ്യേണ്ടി വന്നത് ഇതുപോലെ ഉള്ള നിരവധി നാട്ടു നടപ്പുകളും മുന്‍വിധികളും കൂടി ആയിരുന്നു.
എന്നാല്‍ ഇതിന്റെ പരിഹാരം ആയി ഫെമിനിസം സപ്പോര്‍ട്ട് ചെയ്യുന്ന ആളുകള്‍ നിര്‍ദേശിക്കുന്നത് തുല്യ വേതനം നിര്‍ബന്ധിതമായി നടപ്പാക്കുക എന്നതാണ്. എന്താണ് തുല്യ വേതനം കൊണ്ട് ഉണ്ടാകുന്ന മാറ്റങ്ങള്‍? യഥാര്‍ത്ഥത്തില്‍ അത് സ്ത്രീകളെ ശാക്തീകരിക്കാന്‍ സഹായിക്കുമോ? ഇല്ല എന്നതാണ് ഉത്തരം. സ്ത്രീ പക്ഷം എന്ന് നമ്മള്‍ കരുതുന്ന ഇത്തരം തീരുമാനങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്ത്രീ വിരുദ്ധം ആകുകയാണ് ചെയ്യുന്നത്.
മില്‍ട്ടണ്‍ ഫ്രിഡ്മാന്‍ പറയുന്നു
നോബല്‍ സമ്മാന ജേതാവ് ആയ മില്‍ട്ടണ്‍ ഫ്രിഡ്മാന്‍ നമ്മുടെ ഇക്കണോമിയില്‍ ഇതിന്റെ അനന്തരഫലങ്ങള്‍ എന്തായിരിക്കും എന്ന് കൃത്യമായി വിശദീകരിക്കുന്നുണ്ട്.
ഒരു ജോലി സ്ത്രീകളെക്കാള്‍ നല്ല പോലെ ചെയ്യാന്‍ കഴിയുക പുരുഷന്മാര്‍ക്ക് ആണ് എന്ന് ആളുകള്‍ക്ക് തോന്നുന്നതിനു രണ്ടു തരത്തില്‍ ഉള്ള കാരണങ്ങള്‍ ഉണ്ടാകാം. ഒന്നുകില്‍ യഥാര്‍ത്ഥത്തില്‍ അങ്ങിനെ ഒരു സികില്ലിന്റെ അഭാവം സ്ത്രീകള്‍ക്ക് ഉണ്ടാകാം (due to various reasons), അല്ലെങ്കില്‍ ആളുകളുടെ തെറ്റായ മുന്‍വിധികള്‍ കാരണം അങ്ങിനെ സംഭവിക്കാം. ഇങ്ങനെ ഏതെങ്കിലും ഒരു മേഖലയില്‍ എന്തെങ്കിലും കാരണത്താല്‍ സ്ത്രീകളെക്കാള്‍ പുരുഷന്മാര്‍ ആണ് ഈ ജോലിയില്‍ നല്ലത് എന്ന് ആര്‍ക്കെങ്കിലും തോന്നുകയാണെങ്കില്‍, അതിനു എതിരെ സ്ത്രീകള്‍ക്ക് ഉള്ള ഏക നേട്ടം എന്നത് കുറഞ്ഞ വേതനത്തില്‍ ആ ജോലി ചെയ്യുക എന്നുള്ളത് ആണ് (തിരിച്ചു സ്ത്രീകളെ പ്രിഫര്‍ ചെയ്യുന്ന ജോലികളില്‍ പുരുഷന്മാര്‍ക്കും).
തുല്യ വേതനം ഉറപ്പാക്കുന്നതിലൂടെ അങ്ങിനെ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യാനുള്ള അവസരം നിങ്ങള്‍ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. കാരണം ഇവിടെ സ്ത്രീകളെ discriminate ചെയ്യുന്ന ഒരു വ്യക്തിക്ക് തന്റെ തെറ്റായ മുന്‍ വിധികള്‍ക്ക് ഒരു വിലയും കൊടുക്കേണ്ട കാര്യം ഇല്ല. അയാള്‍ പുരുഷന്മാരെ വെച്ചാലും സ്ത്രീകളെ വെച്ചാലും ഒരേ വേതനം ആണ് കൊടുക്കേണ്ടത്, അങ്ങനെ വരുമ്പോള്‍ അയാക്ക്് തന്റെ വിവേചനം കൂടുതല്‍ കാണിക്കുന്നതിലൂടെ ഒരു നഷ്ടവും സംഭവിക്കുന്നില്ല. മാത്രവുമല്ല, കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യം ഉള്ള സ്ത്രീകള്‍ക്ക് ലഭിക്കേണ്ടിയിരുന്ന അവസരങ്ങള്‍ കൂടെ ഇവിടെ നഷ്ടം ആകുകയാണ്.
യഥാര്‍ത്ഥത്തില്‍ ഏതെങ്കിലും മേഖലയില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കഴിവ് കുറവാണെന്നിരിക്കട്ടെ, അങ്ങിനെ ഉള്ള സന്ദര്‍ഭങ്ങളില്‍ ഇങ്ങനെ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യാന്‍ അവസരം ലഭിക്കുന്ന സ്ത്രീകള്‍ക്ക് അത് വഴി തങ്ങളുടെ കഴിവുകളും അറിവും മെച്ചപ്പെടുത്താനും അതുവഴി കൂടുതല്‍ മെച്ചപ്പെട്ട വേതനം സ്വന്തം ആക്കാനും കഴിയും. ഇതാണ് സ്വാഭാവികമായി ഒരാള്‍ക്ക് ഉയര്‍ന്നു വരുവാന്‍ ഉള്ള വഴി. തുല്യ വേതനം നിര്‍ബന്ധം ആക്കിയാല്‍ സ്ത്രീകളുടെ ഈ അവസരവും കൂടെ ആണ് ഇല്ലാതെ ആകുന്നത്.
ഗുണത്തേക്കള്‍ ഏറെ ദോഷം
ലളിതമായി മനസിലാക്കാന്‍ വേണ്ടി, ഒരു നിര്‍മാതാവിന് തന്റെ സിനിമയില്‍ ഒരു സിനിമോട്ടുാഗ്രാഫര്‍ ആവശ്യമുണ്ടെന്ന് എന്നും, സ്ത്രീകള്‍ക്ക് കഴിവ് ഈ മേഖലയില്‍ അല്‍പ്പം കുറവാണ് എന്നും സങ്കല്‍പ്പിക്കുക. തുല്യ വേതനം ആണ് അവിടെ ഉള്ളത് എങ്കില്‍, ആ ജോലി സ്വാഭാവികമായും തന്റെ സിനിമ വിജയിപ്പിക്കാന്‍ ആരെ നിയമിച്ചാല്‍ ആണ് കൂടുതല്‍ സാധ്യത എന്ന് നിര്‍മാതാവിന് തോന്നുന്നോ, അയാളിലേക്ക് ആ ജോലി പോകും. സ്വാഭാവികമായും ഇത് കഴിവ് കൂടുതല്‍ ഉള്ള പുരുഷന്മാരിലേക്ക് ആവും പോകുന്നത്. ഇനി കഴിവ് കുറഞ്ഞ സ്ത്രീകള്‍ക്ക് ഉയര്‍ന്ന വേതനം നിര്‍ബന്ധം ആയും കൊടുക്കേണ്ടി വരുമ്പോള്‍ നിര്‍മ്മാതാക്കള്‍ക്ക് അവര്‍ കരുതുന്നതിനേക്കാള്‍ ഉയര്‍ന്ന തുക കൊടുക്കേണ്ടി വരും. അതുകൊണ്ട് തന്നെ തങ്ങളുടെ മുടക്കുമുതല്‍ തിരിച്ചു കിട്ടും എന്ന വിശ്വാസം താരതമ്യേന അവര്‍ക്ക് കുറവ് ആയിരിക്കും. ഇതിന്റെ ഫലമായി സിനിമയില്‍ മുതല്‍ മുടക്കുന്നവരുടെ എണ്ണം കുറഞ്ഞു വരും. ഇതെല്ലം കഴിഞ്ഞു ബാക്കി വരുന്ന അവസരങ്ങള്‍ മാത്രമേ സ്ത്രീകള്‍ക്ക് തുല്യ വേതനം നടപ്പാക്കപ്പെടുമ്പോള്‍ അവിടെ ലഭിക്കുന്നുള്ളൂ.
ഇത് കൂടുതല്‍ കഴിവ് നേടാനും അവര്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു. നോക്കൂ, ഇവിടെ നമ്മള്‍ എന്താണോ ലക്ഷ്യം വെച്ചത്, അതിന്റെ വിപരീത ഫലം ആണുണ്ടായത്. ഇനി തുല്യമായ കഴിവുകള്‍ അല്ലെങ്കില്‍ കൂടുതല്‍ കഴിവുകള്‍ ഉണ്ടായിട്ടും മുന്‍വിധികള്‍ മൂലം അവരെ ഒഴിവാക്കുകയാണ് എന്നിരിക്കട്ടെ. തുല്യ വേതനം നിര്‍ബന്ധം അല്ലാത്ത സാഹചര്യത്തില്‍ സ്ത്രീകളെ ഒഴിവാക്കുന്നത് മൂലം സെക്‌സിറ്റ് ആയ ആളുകള്‍ക്ക് കൂടുതല്‍ ചെലവ് വഹിക്കേണ്ടി വരുന്നു. അതായത് ഒരേ കഴിവുണ്ടായിട്ടും പുരുഷന്‍ ഉയര്‍ന്ന തുകയ്ക്ക് സ്ത്രീ കുറഞ്ഞ തുകയ്ക്ക് ആണ് ജോലി ചെയ്യാന്‍ തയ്യാറാകുന്നത്. അപ്പോള്‍ തന്റെ മുന്‍വിധി കാരണം പുരുഷനെ നിയമിക്കാന്‍ അവര്‍ക്ക് കൂടുതല്‍ തുക മുടക്കേണ്ടി വരുന്നു. തന്റെ അനാവശ്യ മുന്‍ വിധികള്‍ മൂലം കൂടുതല്‍ ചെലവ് വഹിക്കേണ്ടി വരും എന്ന തിരിച്ചറിയുന്ന ആളുകള്‍ പതിയെ അത് മാറ്റി വെക്കാന്‍ നിര്‍ബന്ധിതര്‍ ആകും. അല്ലാത്ത പക്ഷം അയാളുടെ ബിസിനിനെ ആ മുന്‍വിധി ഇല്ലാതാക്കും. കൂടാതെ, കഴിവ് ഉള്ള സ്ത്രീകള്‍ക്ക് തങ്ങളുടെ കഴിവ് തെളിയിക്കാന്‍ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്നത് കൂടുതല്‍ അവസരവും ഒരുക്കുന്നു. അങ്ങനെ അവരുടെ കഴിവ് തെളിയിക്കപ്പെടുന്നതും അവര്‍ക്ക് അര്‍ഹതപ്പെട്ട വേതനം ലഭിക്കാന്‍ സഹായകം ആകുന്നു.
അനന്തര ഫലങ്ങളെക്കുറിച്ച് ഒട്ടും ചിന്തിക്കാന്‍ ശ്രമിക്കാതെ ഉദ്ദേശശുദ്ധി കൊണ്ട് മാത്രം ഇത്തരം ആവശ്യങ്ങളെ പരിഗണിക്കുന്നത് കൊണ്ടാണ് സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കികൊണ്ടു മുന്നോട്ടു വെക്കപ്പെടുന്ന ഇത്തരം വാദങ്ങള്‍ സ്ത്രീ വിരുദ്ധം ആയി പരിണമിക്കുന്നത്. തെറ്റായ കാരണങ്ങള്‍ കൊണ്ട് വിവേചനം കാണിക്കുന്ന ആളുകള്‍ക്ക് അത് ചെയ്യുന്നത് കൊണ്ട് നഷ്ടം ഉണ്ടാവേണ്ടതുണ്ട്. അല്ലെങ്കില്‍ അത് ആവര്‍ത്തിക്കപ്പെടാന്‍ അവര്‍ക്ക് പ്രേരണ ആകുകയാണ് ചെയ്യുക. എന്നാല്‍ തുല്യ വേതനം നിര്‍ബന്ധം ആക്കുന്നതിലൂടെ ആ നഷ്ടം അവര്‍ക്ക് വഹിക്കേണ്ട ആവശ്യം ഇല്ലാതെ ആകുന്നു. അതുകൊണ്ട് തന്നെ സ്ത്രീകള്‍ക്ക് വേണ്ടി എന്ന് കരുതി ഉയര്‍ത്തുന്ന ഇത്തരം വാദങ്ങള്‍ അവരെ പുറകോട്ടടിപ്പിക്കുന്നതിനു ആക്കം കൂട്ടുക മാത്രമേ ചെയ്യുന്നുള്ളൂ.
സാമ്പത്തിക ശാസ്ത്രത്തിനു വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ മില്‍ട്ടണ്‍ ഫ്രിഡ്മാന്‍ന്റെ 110ാം ജന്മദിനമാണ് കടന്നുപോയത്. 1978 ലെ തന്റെ പ്രസംഗത്തില്‍ ഇത് വിശദീകരിച്ചപ്പോള്‍ എതിര്‍ത്ത ഒരുഫെമിനിസ്റ്റിനോട് മില്‍ട്ടണ്‍ ഫ്രിഡ്മാന്‍ പറഞ്ഞു, I am on your side. But, you are not. ഇന്നത്തെ കാലത്തും വളരെ പ്രസക്തം ആയി ഈ വാക്കുകള്‍ നില നില്‍ക്കുന്നു.