“അധ്യാപകരില്‍ നിന്നുംമറ്റും ഉണ്ടാവുന്ന അസഹനീയമായ പീഡനങ്ങള്‍ കേള്‍ക്കാന്‍ പോലും മതത്തിന്റെയും പുരോഹിത വര്‍ഗ്ഗത്തിന്റെയും കൈകളില്‍ അമര്‍ന്നു പോയ രക്ഷിതാക്കള്‍ തയ്യാറല്ല എന്ന് പറയുന്നതാണ് ശരി. അവസാനം മനം മടുത്തു നാട് വിട്ടു പോകുന്നവര്‍, ഒളിച്ചോടുന്നവര്‍, ആത്മഹത്യക്ക് പോലും ശ്രമിക്കുന്നവര്‍, അങ്ങനെ ഒത്തിരി ഒത്തിരി…. എന്റെ ഒരു സീനിയര്‍ രക്ഷപെടാന്‍ വേണ്ടി ഫസ്റ്റ് ഫ്‌ളോറില്‍നിന്ന് ചാടിയിട്ട് പോലുമുണ്ട്.” – അസ്‌ക്കര്‍ അലി എഴുതുന്നു |
കുട്ടികളെ മതത്തിന് വില്‍ക്കരുതേ!
‘അറ്റുപോകാത്ത ഓര്‍മ്മകള്‍’ എന്ന ജോസഫ് മാഷിന്റെ ആത്മകഥക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയ അതെ ദിവസം തന്നെയാണ് ഒരു 11 വയസ്സുകാരന്റെ ജീവിതവും അറ്റുപോയത്. അവന്റെ ആത്മകുറിപ്പുകള്‍ ഇനി ആരെഴുതാന്‍…..?
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, കാടപ്പടി (എന്റെ നാട്ടുകാരന്‍) സ്വദേശി മൊയ്ദീന്‍ സ്വാലിഹ് എന്ന ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ ഒരു ഖുര്‍ആന്‍ പഠന സ്ഥാപനത്തില്‍ ചേര്‍ക്കപ്പെട്ട 11 വയസ്സുകാരനാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണങ്ങള്‍ അറിയതെ പ്രതികരിക്കുന്നത് ഉചിതമല്ല എന്നറിയുന്നത് കൊണ്ട് കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുക മാത്രം ചെയ്യുന്നു.
ഈ അവസരത്തില്‍ ചില സത്യങ്ങള്‍ കൂടെ ഇവിടെ എഴുതണം എന്ന് തോന്നി, നിങ്ങള്‍ക്ക് സ്വീകരിക്കാം, അല്ലെങ്കില്‍ തള്ളിക്കളയാം. ഇനിയും നിങ്ങളുടെ ചെവികളും ചിന്തകളും അടച്ചു പിടിക്കാം. ഒരു പതിനൊന്നു വയസുകാരന്‍ തൂങ്ങി മരിച്ചിട്ടുണ്ടെങ്കില്‍ അവന്‍ സാമ്പത്തികമായി വലിഞ്ഞു മുറുകിക്കാണും എന്ന് വിശ്വസിക്കാന്‍ കഴിയില്ല. മറിച്ചു ശാരീരികവും മാനസികവുമായ മറ്റു സംഘര്‍ഷങ്ങളായിരിക്കും അവനെ കൊണ്ട് ഈ ഒരു തീരുമാനം എടുപ്പിച്ചിട്ടുണ്ടാകുക.
എന്നെ 11 ാം വയസ്സില്‍ മതപഠനത്തിനായി ചെമ്മാട് നിലകൊള്ളുന്ന ദാറുല്‍ഹുദ ഇസ്‌ലാമിക്ക് യൂണിവേഴ്‌സിറ്റയില്‍ കൊണ്ടിടുമ്പോള്‍ എന്റെ ബാച്ചിലും ഉണ്ടായിരുന്നു ഇതുപോലെയുള്ള ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ 8ാം വയസ്സില്‍ അവിടെ എത്തിച്ചേര്‍ന്ന ചില വിദ്യാര്‍ഥികള്‍. അവര്‍ അവരുടെ സ്‌കൂള്‍ വിദ്യാഭ്യാസം രണ്ട് മൂന്ന് ക്ലാസ്സുകളില്‍ നിന്നും വെട്ടികൊണ്ടുവരപ്പെട്ടവര്‍ ആണ്. ആദ്യമെല്ലാം ഇത്തിരി സീനിയോരിറ്റി കാണിച്ചെങ്കിലും പിന്നീട് അവരെ അടുത്തറിഞ്ഞു. സത്യത്തില്‍ പിന്നീട് അങ്ങോട്ടുള്ള നീണ്ട മതപഠന കാലത്തില്‍ ഞങ്ങള്‍ അനുഭവിക്കുന്നത് തന്നെയായിരുന്നു അവര്‍ നേരത്തെ അനുഭവിച്ചിരുന്നത്. പക്ഷെ അസഹനീയമായി മര്‍ദിക്കുന്ന പുതിയ താരോദയങ്ങള്‍ ഓരോ വര്‍ഷവും പ്രത്യക്ഷപ്പെടുമ്പോഴും ഇവര്‍ ഇടയ്ക്കിടയ്ക്ക് അവരുടെ ഹിഫ്‌സ് കാലം ഓര്‍മിപ്പിക്കുമായിരുന്നു. അത്രയും കഠിനമാണ് ആ കാലം എന്ന് പറയാന്‍.
ഒരു 8 വയസുകാരന്‍ സ്വന്തം കുടുംബത്തില്‍ നിന്നും സുഹൃത്തുകളില്‍ നിന്നും മാറി, എല്ലാം സ്വന്തമായി ചെയ്തു തുടങ്ങുന്നു. ബാല്യകാലത്തിന്റെ സന്തോഷങ്ങള്‍ വെടിഞ്ഞു ഒരു തടവുകാരന്റെ ജീവിതം ആരംഭിക്കുന്നു. സ്വന്തം വസ്ത്രങ്ങള്‍ അലക്കി വ്യത്തിയാക്കുന്നതു മാത്രമല്ല ഇടക്കിടക്ക് തന്റെ അധ്യാപകന്റെ വസ്ത്രങ്ങള്‍ കൂടെ അലക്കാന്‍ ആ പാവങ്ങള്‍ നിര്‍ബന്ധിതരാകുന്നു.
ഒന്നാം ക്ലാസ്സില്‍ (11 വയസ്സ് ) ഇരിക്കുമ്പോയാണ് ഒരധ്യാപകന്‍ ക്ലാസ്സില്‍ വന്നിട്ട് ഗെ സെക്‌സിനെ കുറിച്ച് വല്ലാതെ സംസാരിച്ചത് (സെക്‌സ് എഡുക്കേഷന്‍ എല്ലാം അവിടെ ഉണ്ട് മോനെ) പുള്ളിക്കാരന്‍ ഇടക്കിടക്കിടക്ക് ഞങ്ങളുടെ ക്ലാസ്സിലെ ഈ കുട്ടികളുടെ പേര് വിളിച്ചുകൊണ്ട് അവര്‍ക്ക് മുന്നറിയിപ്പ് കൊടുക്കുന്നുണ്ടായിരുന്നു. അന്ന് പക്ഷെ എന്തിനാണ് ഇവരുടെ പേരുകള്‍ വിളിക്കുന്നത് എന്ന് പോലും മനസ്സില്‍ ആയില്ല. പക്ഷെ പിന്നീട് ക്ലാസുകള്‍ മാറി വന്നപ്പോഴാണ് ആ ചെറിയ പ്രായത്തില്‍ അവരുടെ ശരീരങ്ങള്‍ ചില അധ്യാപകരാല്‍ ചൂഷണം ചെയ്യപ്പെട്ടിരുന്നു എന്ന സത്യം അവര്‍ തുറന്നു പറയുന്നത്. പക്ഷെ അപ്പോയേക്കും നമ്മളും ആ കാമ്പസ് ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ടാകും എന്നതാണ് സത്യം.
മാനസികമായും ശാരീരികമായും അധ്യാപകരില്‍ നിന്നും ലഭിക്കുന്ന അസഹനീയമായ പീഡനങ്ങള്‍ കേള്‍ക്കാന്‍ പോലും മതത്തിന്റെയും പുരോഹിത വര്‍ഗ്ഗത്തിന്റെയും കൈകളില്‍ അമര്‍ന്നു പോയ രക്ഷിതാക്കള്‍ തയ്യാറല്ല എന്ന് പറയുന്നതാണ് ശരി. അവസാനം മനം മടുത്തു നാട് വിട്ടു പോകുന്നവര്‍, ഒളിച്ചോടുന്നവര്‍, ആത്മഹത്യക്ക് പോലും ശ്രമിക്കുന്നവര്‍, അങ്ങനെ ഒത്തിരി ഒത്തിരി….എന്റെ ഒരു സീനിയര്‍ രക്ഷപെടാന്‍ വേണ്ടി ഫസ്റ്റ് ഫ്‌ളോറില്‍നിന്ന് ചാടിയിട്ട് പോലുമുണ്ട്.
അസ്സഹനീയമായ ഒറ്റപ്പെടല്‍, അല്ലെകില്‍ ശരീരികവും മാനസീകവുമായ പീഡനം ഇതായിരിക്കാം അവനെയും ഈ ഒരു തീരുമാനത്തിലേക്ക് എത്തിച്ചത്. രക്ഷിതാക്കളോട്, ഒരു കാര്യം തുറന്നു പറയാം…. ക്വാളിറ്റി എജുക്കേഷന്‍ നിഷേധിച്ചുകൊണ്ടു ഈ രീതിയില്‍ നിങ്ങള്‍ കുട്ടികളെ വളര്‍ത്തുന്നത്, മതത്തിനു വേണ്ടി വില്‍ക്കുന്നത്, ആ കുഞ്ഞുങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാകും, ഇനിയുള്ള കാലത്തില്‍ പ്രത്യേകിച്ചും.