‘ബ്രൂണോയുടെ മുതുമുത്തച്ഛന്റെ മുത്തച്ഛന് ജനിക്കുന്നതിനു മുന്‍പ് ഗോളാകൃതിയിലുള്ള ഭൂമി സുപരിചിതമായ കാര്യമായിരുന്നു. ഭൂമി പരന്നിട്ടാണ് എന്ന് കത്തോലിക്കാസഭ വിശ്വസിച്ചിരുന്നില്ല. കത്തോലിക്കാ സഭക്ക് എന്നല്ല, പുരാതനകാലം മുതല്‍ തന്നെ കടല്‍ യാത്ര നടത്തിയിരുന്ന ആളുകള്‍ക്കെല്ലാം ഭൂമി ഒരു ഗോളമാണെന്ന കാര്യം അറിയാമായിരുന്നു. സഭ ഈ പീഡനം നടത്തി എന്ന് പറയപ്പെടുന്ന കാലത്തും സഭ പരന്ന ഭൂമിയുമായി നടന്നിട്ടില്ല എന്നുമാത്രമല്ല, പുരോഹിതര്‍ തന്നെ ഗോളാകൃതിയിലുള്ള ഭൂമിയെക്കുറിച്ച് അറിവുള്ളവരായിരുന്നു. ഫ്ളാറ്റ് എര്‍ത്ത് വിശ്വാസം താരതമ്യേനെ പുതിയ ഒന്നാണെന്ന് പലര്‍ക്കും അറിയില്ല.’- ഡോ മനോജ് ബ്രൈറ്റ് എഴുതുന്നു |
ഉരുണ്ട ഭൂമിയും ബ്രൂണോയും!
ആഴ്ചക്ക് ഒന്ന് വച്ച് ഫെയ്സ് ബുക്കില്‍ കാണുന്ന കാര്യമാണ്, ഭൂമി ഉരുണ്ടതാണെന്ന് ആളുകള്‍ക്ക് മനസ്സിലായത് ഈ അടുത്ത കാലത്താണ്, ഭൂമി പരന്നിട്ടല്ല എന്ന് പറഞ്ഞതിന് ബ്രൂണോയെ കത്തോലിക്കാ സഭ കൊന്നുകളഞ്ഞു എന്നൊക്കെ പരിതപിച്ചു കൊണ്ടുള്ള ”യുക്തിവാദ”പോസ്റ്റുകള്‍. പറഞ്ഞു പറഞ്ഞു മടുത്ത കാര്യമാണ്. എന്നാലും അവസാനമായി ഒന്നുകൂടി പറയാം. ഭൂമി പരന്നിട്ടാണ് എന്ന് കത്തോലിക്കാസഭ വിശ്വസിച്ചിരുന്നില്ല. കത്തോലിക്കാ സഭക്ക് എന്നല്ല, പുരാതനകാലം മുതല്‍ തന്നെ കടല്‍ യാത്ര നടത്തിയിരുന്ന ആളുകള്‍ക്കെല്ലാം ഭൂമി ഒരു ഗോളമാണെന്ന കാര്യം അറിയാമായിരുന്നു.
ആ ഒരു ധാരണയില്ലാതെ കടല്‍ യാത്ര ഏറെക്കുറെ അസാധ്യമാണ്. ഭൂമി വലിയൊരു ഗോളമാണ് എന്ന ബോധ്യമില്ലെങ്കില്‍ ദൂരയാത്രകളില്‍ നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി കടലില്‍ സ്വന്തം സ്ഥാനം നിര്‍ണയിക്കുന്നത് അസാധ്യമാകും. ‘പരന്ന’ ഭൂമിയുടെ മാപ്പുകള്‍ക്ക് കൃത്യതയുണ്ടാകില്ല. കൂടുതല്‍ അകലേക്ക് പോകും തോറും മാപ്പുകളുടെ കൃത്യത കുറഞ്ഞു വരും. അവരൊന്നും കടലില്‍ യാത്ര ചെയ്ത് ലോകത്തിന്റെ പല ഭാഗത്തും എത്തുമായിരുന്നില്ല. ഫ്ളാറ്റ് എര്‍ത്ത് വിശ്വാസം താരതമ്യേനെ പുതിയ ഒന്നാണെന്ന് പലര്‍ക്കും അറിയില്ല. പത്തൊന്‍പതാം നൂറ്റാണ്ടിലെ അമേരിക്കയിലെ ചില പ്രൊട്ടസ്റ്റന്റ് ഗ്രൂപ്പുകളാണ് ഇതിന്റെ പ്രചാരകര്‍. ബൈബിള്‍ വാച്യാര്‍ത്ഥ വാദികളായ, പത്തൊന്‍പതാം നൂറ്റാണ്ടിലെ അമേരിക്കന്‍ പ്രൊട്ടസ്റ്റന്റ് യാഥാസ്ഥികരുടെ അഭിപ്രായം മധ്യകാലഘട്ടത്തിലെ യൂറോപ്പിലെ കത്തോലിക്കാ സഭയുടെ പിരടിക്ക് വച്ച് കെട്ടുന്നത് അല്‍പ്പം പരിഹാസ്യമല്ലേ? (പല ബൈബിള്‍ ഭാഗങ്ങളും സിംബോളിക് ആണെന്നാണ് ആദ്യം മുതല്ക്കു തന്നെ കത്തോലിക്കാ വിശ്വാസം.)
ഇരാറ്റോസ്തനീസ് 250 BCE യില്‍ തന്നെ ഭൂഗോളത്തിന്റെ വലുപ്പം ഏറെക്കുറെ കൃത്യമായി അളക്കുകയും ചെയ്തിരുന്നു. ക്രേറ്റസ് (Crates of Mallus) 250 BCE ല്‍ ഭൂമിയുടെ ത്രിമാന മാത്രകയായ ഗ്ലോബ് ആദ്യമായി ഉണ്ടാക്കി എന്നാണ് ചരിത്രം. (ആ ഗ്ലോബ് നഷ്ടപ്പെട്ടു പോയിരിക്കുന്നു.) ഇപ്പോള്‍ ഏറ്റവും പഴക്കമുള്ള ഗ്ലോബ്, ചിത്രത്തില്‍ കാണുന്ന, മാര്ട്ടിന് ബെഹിം 1492 ല്‍ നിര്‍മ്മിച്ച Erdapfel എന്ന ഗ്ലോബാണ്. അതായത്, ഈ പറയുന്ന ബ്രൂണോയുടെ മുതുമുത്തച്ഛന്റെ മുത്തച്ഛന് ജനിക്കുന്നതിനു മുന്‍പ് ഗോളാകൃതിയിലുള്ള ഭൂമി എല്ലാവര്ക്കും സുപരിചിതമായ കാര്യമായിരുന്നു. ബെഹിം ഈ ഗ്ലോബുണ്ടാക്കുന്നതു തന്നെ പോപ്പ് സിക്സ്റ്റസ് നാലാമന്റെ ആശയ സാക്ഷാത്ക്കാരം എന്ന നിലക്കും.
നമുക്ക് മധ്യകാല കേരളത്തിലേക്ക് വരാം. ഇറ്റലിക്കാരനായ ഫാദര്‍ ഫെനിസിയോ (1558-1632) 1584 മുതല്‍ അദ്ദേഹത്തിന്റെ മരണം വരെ കേരളത്തില്‍ ജീവിച്ചിരുന്ന വ്യക്തിയാണ്. ഗലീലിയോയുടെ നാട്ടുകാരനും, സമകാലികനുമായിരുന്ന അദ്ദേഹം നന്നായി മലയാളം സംസാരിക്കുമായിരുന്നു. 1600 ന്റെ ആദ്യ വര്‍ഷങ്ങളില്‍ അദ്ദേഹം അന്നത്തെ സാമൂതിരിയുടെ ഇഷ്ടക്കാരനായി കോഴിക്കോട്ട് താമസിച്ചിരുന്നു. ജ്യോതിശാസ്ത്രത്തില്‍ പണ്ഡിതനായിരുന്ന അദ്ദേഹത്തിന്റെ പ്രധാന ഹോബി സാമൂതിരിയുടെ സദസ്സിലെ ബ്രാഹ്മണ പണ്ഡിതരെ വെള്ളം കുടിപ്പിക്കുക എന്നതായിരുന്നു.
1602 ല്‍ ഫാദര്‍ ഫെനിസിയോ സാമൂതിരിയുടെ സാന്നിദ്ധ്യത്തില്‍ അദ്ദേഹത്തിന്റെ സദസ്യര്‍ക്ക് ഭൂഗോളത്തെ പരിചയപ്പെടുത്തിയ കാര്യം വിവരിക്കുന്നുണ്ട്. (അതായത് ഭൂമി ഉരുണ്ടിട്ടാണ് എന്ന് പറഞ്ഞതിന് ബ്രൂണോയെ കത്തോലിക്കാ സഭ ”വധിച്ചിട്ട്” വെറും രണ്ടു വര്‍ഷത്തിനു ശേഷം നടന്ന സംഭവമാണ്.)
‘ഞാന്‍ രാജാവിന്റെ സാന്നിദ്ധ്യത്തില്‍ അവര്‍ക്ക് പ്രപഞ്ച ഗോളം കാണിച്ചു കൊടുത്തു. ഗോളങ്ങള്‍ ഉപയോഗിച്ച് മനസ്സിലാക്കേണ്ടുന്ന സൂര്യചന്ദ്രന്മാരുടെ സഞ്ചാര പഥത്തെ കുറിച്ചും, ഗ്രഹങ്ങള്‍ സ്ഥിരമായി സ്ഥിരതയില്ലാതെ സഞ്ചരിക്കുന്നതിനെക്കുറിച്ചും ഞാനവര്‍ക്ക് വിശദീകരിച്ചു കൊടുത്തു. ധ്രുവങ്ങളോടടുക്കുമ്പോള് രാവും, പകലും വ്യതാസപ്പെടുന്നതിനെക്കുറിച്ചും ഞാന്‍ പറഞ്ഞു. ഭൂഗോളത്തിന്റെ ഒരു മാതൃക മിനുസമുള്ള കടലാസുകൊണ്ടു പൊതിഞ്ഞ് അതില്‍ ഇന്ത്യയിലെ കോഴിക്കോട്, മെക്ക, പോര്‍ട്ടുഗല്‍ തുടങ്ങിയ സ്ഥലങ്ങള്‍ അടയാളപ്പെടുത്തി കാണിച്ചു കൊടുത്തു. ഞാനിത് വിശദീകരിക്കുമ്പോള്‍ ബ്രാഹ്മണരടക്കം ധാരാളം പേര് സന്നിതരായിരുന്നു. ഞാന്‍ മുഴുമിക്കുന്നതു മുന്‍പുതന്നെ പിതാവിനോളം അറിവുള്ളവര്‍ വേറെ ആരുമില്ല എന്ന് സമ്മതിച്ച് അവര്‍ ഒഴിവായി.” (quoted from Jesuits in Malabar by Domenico Ferroli സ്വന്തം വിവര്‍ത്തനം)
കണ്ടല്ലോ, ഭൂമി ഒരു ഗോളമാണ് എന്നത് അന്നത്തെ സാമാന്യ ജ്ഞാനമായിരുന്നു. ദൂരത്തേക്ക് കടല്‍ യാത്ര ചെയ്യാത്ത നമുക്ക് അത് അറിയില്ലായിരുന്നു എന്നു മാത്രം. കോഴിക്കോട്ടുള്ള അന്നത്തെ ഒരു സാധാ ക്രിസ്തുമത സുവിശേഷകനു പോലും അറിയുന്ന കാര്യമായിരുന്നു കത്തോലിക്കാ സഭ കഠിനമായി എതിര്‍ത്തിരുന്നു എന്ന് ചിലര്‍ പ്രചരിപ്പിക്കുന്ന ഭൂമിയുടെ ഗോളാകൃതി.
Celestial globe അഥവാ ബ്രഹ്മാണ്ഡം, പ്രപഞ്ചം ഗോളാകൃതിയിലാണ് എന്ന സങ്കല്പം നമുക്ക് അറിയാമായിരുന്നു എന്ന് പാതിരി സൂചിപ്പിക്കുന്നുണ്ട്. ”ഞാനൊരു ഗോളം അദ്ദേഹത്തെ കാണിച്ചു. അതെന്താണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അദ്ദേഹം ഉടനെ രാശി ചക്രങ്ങളെക്കുറിച്ച് സംസ്കൃതത്തില്‍ വിവരിക്കാന്‍ തുടങ്ങി. അവരുടെ ലാറ്റിനാണ് ആ ഭാഷ. മലബാറിലുടനീളം ഈ പാഷാണ്ഡ മതക്കാര്‍ നമ്മുടെ അതേ പന്ത്രണ്ട് രാശി ചിഹ്നങ്ങളും, പന്ത്രണ്ട് മാസങ്ങളും തന്നെയാണ് ഉപയോഗിക്കുന്നത് എന്നത് അത്ഭുതം ഉണ്ടാക്കുന്നതാണ്. ആഗസ്ററ് മാസത്തെ ചിങ്ങമാസം, അതായത് സിംഹത്തിന്റെ മാസം എന്നും, സെപ്റ്റംബറിനെ കന്നിമാസം, അതായത് കന്യകയുടെ മാസം എന്നാണ് വിളിക്കുന്നത്. അങ്ങിനെ മറ്റു മാസങ്ങളെയും.
അതുപോലെ ആഴ്ചയിലെ ദിവസങ്ങളെയും ലാറ്റിനിലെപ്പോലെ ഏഴു ഗ്രഹണങ്ങളുടെ പേരിലാണ് വിളിക്കുന്നത്. ഞായറാഴ്ചയെ സൂര്യന്റെ ദിവസം, തിങ്കളാഴ്ചയെ ചന്ദ്രന്റെ ദിവസം എന്നിങ്ങനെ. എല്ലാം അവരുടെ സംസ്കൃത ഭാഷയിലാണെന്നു മാത്രം. ആഴ്ചയിലെ ദിവസങ്ങള്‍ എണ്ണുന്ന ക്രമത്തിലല്ല ആകാശത്ത് ഈ ഗ്രഹങ്ങള്‍ കാണപ്പെടുന്നത് എന്നും അവര്‍ പറയുന്നുണ്ട്. ഈ ബ്രാഹ്മണര്‍ക്ക് ഏഴ് ആകാശങ്ങളേക്കാള്‍ കൂടുതല്‍ അറിയില്ല”.
പക്ഷേ ഭൂമി സൂര്യനെയാണ് ചുറ്റുന്നത് എന്ന കാര്യം നമ്മുടെ ഫാദര്‍ ഫെനിസിയോക്കും അറിയില്ല. സൂര്യന് ഭൂമിക്കുചുറ്റും കറങ്ങുകയാണ് എന്നുതന്നെയാണ് ഫാദര്‍ ഫെനിസിയോയും കരുതുന്നത്. (അക്കാലത്ത് കോപ്പര്‍നിക്കസ്സ് ഒരു അഭിപ്രായം എന്ന നിലയില്‍ അത് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ഗലീലിയോ അത് പ്രചരിപ്പിക്കാന്‍ തുടങ്ങിയിട്ടില്ല. 1609 ലാണ് അദ്ദേഹം സൂര്യകേന്ദ്ര സിദ്ധാന്തം പ്രചരിപ്പിക്കാന്‍ തുടങ്ങുന്നത്.)
ഫെനിസിയോ തുടരുന്നു…..
”അതുപോലെ ഗണിത ശാസ്ത്രത്തില്‍ ഈ മലബാറികള്‍ മാത്രമല്ല, ഇന്ത്യയിലെ എല്ലാം തത്വചിന്തകര്‍ക്കും വളരെ തെറ്റിദ്ധാരണകളുണ്ട്. സൂര്യന് antipodes ചുറ്റും കറങ്ങുകയാണ് എന്നവര്‍ വിശ്വസിക്കുന്നില്ല. അസ്തമയമാകുമ്പോള്‍ സൂര്യന് വടക്കുള്ള, ആകാശം മുട്ടുന്ന വലിയ മലകള്‍ക്കു പുറകില്‍ മറയുകയും, ഉദയത്തില്‍ വീണ്ടും തിരിച്ചു വരികയുമാണ് എന്നാണ് അവര്‍ കരുതുന്നത്… (quoted from Jesuits in Malabar by Domenico Ferroli സ്വന്തം വിവര്‍ത്തനം)
പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെക്കുറിച്ച് അദ്ദേഹം 1602 ല്‍ റോമിലേക്ക് എഴുതിയ ഒരു കത്തില്‍ നിന്ന്…
‘ഭൂമി വൃത്താകൃതിയില്‍ പരന്നിട്ടാണ് എന്നാണ് അവര്‍ കരുതുന്നത്. നമ്മള് കണ്ണുകൊണ്ടു കാണുന്നപോലെതന്നെ. ഒരു കാളയുടെ കൊമ്പിലാണ് ഭൂമി താങ്ങി നിര്‍ത്തിയിരിക്കുന്നത് എന്നവര്‍ക്ക് ഏതാണ്ട് ഉറപ്പാണ്. അത് ക്ഷീണിക്കുമ്പോള്‍ ഒരു കൊമ്പില്‍ നിന്ന് മറ്റേ കൊമ്പിലേക്ക് ഭൂമിയെ മാറ്റുമ്പോളാണ് ഭൂമികുലുക്കം ഉണ്ടാകുന്നത്. ഹോ, അവരുടെ അനുമാനത്തിന്റെ തുടക്കത്തില്‍ തന്നെ എത്രമാത്രം യുക്തി വിരുദ്ധതകള്‍….. ഭൂമിയെ കാള കൊമ്പില്‍ താങ്ങി നിര്‍ത്തുന്ന കഥയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട് എന്നൊരു ബ്രാഹ്മണന് എന്നോട് പറയുകയുണ്ടായി. ചിലര്‍ പറയുന്നത് കാളയുടെ കൊമ്പിലാണ് ഭൂമി സ്ഥിതി ചെയ്യുന്നത് എന്നാണ്. ചിലര്‍ പറയുന്നത് (ഇവര്‍ക്കാണ് കൂടുതല്‍ പിന്തുണയുള്ളത്) അനന്തന് എന്ന പാമ്പിന്റെ പുറത്താണ് അത് സ്ഥിതി ചെയ്യുന്നത് എന്നാണ്. ഞാന്‍ ചോദിച്ചു, ”ശരി, ഈ അനന്തന് എന്ന സര്‍പ്പം എവിടെയാണ് നില്‍ക്കുന്നത്?” അദ്ദേഹം പറഞ്ഞു, ”ഒരു ആമയുടെ പുറത്ത്.” എന്നാല്‍ ആ ആമ എവിടെയാണ് നില്‍ക്കുന്നതെന്ന് ദയവായി പറഞ്ഞാലും”. ”എട്ട് ആനകളുടെ പുറത്ത്”. അദ്ദേഹം പറഞ്ഞു. ”അപ്പോള്‍ ആ ആനകളോ?” അദ്ദേഹം പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു. ”ഇനി എന്നോട് ചോദിക്കണ്ട. അതെനിക്കറിയില്ല”. (quoted from Terrestrial Lessons: The Conquest of the World as Globe By Sumathi Ramaswamy സ്വന്തം വിവര്‍ത്തനം)
പേരില്ലാത്ത ആ കോഴിക്കോട്ടുകാരന് പറഞ്ഞ ഈ കഥ പിന്നീട് യൂറോപ്പ് മുഴുവന്‍ പ്രശസ്തമായി. തത്വചിന്തകനായ ജോണ്‍ ലോക്കെ അടക്കം ഭൂമിയെ താങ്ങുന്ന ആമയുടെ കഥ പിന്നീട് ആവര്‍ത്തിക്കുന്നുണ്ട്. സ്റ്റീഫന്‍ ഹോക്കിങ്ങും അദ്ദേഹത്തിന്റെ അ brief history of time ൽ ഈ കഥയുടെ വേറൊരു വേര്‍ഷന്‍ പറയുന്നുണ്ട്.
ഫാദര്‍ ഫെനിസിയോ കോഴിക്കോട്ടെ ബ്രാഹ്മണരെ മലര്‍ത്തിയടിക്കുന്ന ഒരു രംഗം ആ കാലത്തെ ഒരു ദൃക്സാക്ഷി ഇങ്ങനെ വിവരിക്കുന്നു. (ഈ സംഭവം ഒരു വൈകുന്നേരം അന്നത്തെ മാനാഞ്ചിറ മൈതാനത്തോ മറ്റോ നടക്കുന്നതായാണ് ഞാന്‍ സങ്കല്‍പ്പിക്കുന്നത്.) ‘തനിക്കെല്ലാം അറിയാം എന്ന് നടിക്കുന്ന ഒരുത്തനുണ്ടായിരുന്നു. പ്രപഞ്ചസൃഷ്ടിയെക്കുറിച്ചു വിവരിക്കുന്ന പുസ്തകങ്ങളെല്ലാം തന്റെ കൈയ്യിലുണ്ട് എന്നായിരുന്നു അവകാശവാദം. ഫാദര്‍ അയാളോട് ആ പുസ്തകങ്ങള്‍ കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു. അത് ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്താമല്ലോ. ആ മണ്ടശിരോമണി പുസ്തകങ്ങള്‍ കൊണ്ടുവന്ന് അവയിലെ കാര്യങ്ങള്‍ പാട്ടുപോലെ ഉറക്കെ ചൊല്ലാന്‍ തുടങ്ങി (അവരുടെ രീതി അതാണ്) ആദ്യം ഒന്നും ഇല്ലായിരുന്നു. ദൈവം സ്വയം ഒരു അണ്ഡമായി മാറി, അത് പൊട്ടി ഒരു ഭാഗം ഭൂമിയും കടലും, നദികളും, മലകളും, ജീവജാലങ്ങളും, മുകള്ഭാഗം ആകാശവുമായി മാറിയതും, ദൈവം പ്രപഞ്ചത്തെ ഒരു കാളയുടെ കൊമ്പില്‍ പ്രതിഷ്ഠിച്ചതും, കാള കൊമ്പു കുലുക്കിയപ്പോള്‍ പ്രപഞ്ചം വീഴാന്‍ ഭാവിച്ചതും, ദൈവം ഒരു വലിയ കല്ലെടുത്ത് തട വച്ചു. ഇങ്ങനെയുള്ള കാര്യങ്ങളാണ് പുസ്തകത്തില്‍ വിവരിച്ചിരുന്നത്. ”ദൈവത്തിന് ആ കല്ല് എവിടെനിന്നു കിട്ടി, ഈ കല്ലും, കാളയും നില്‍ക്കുന്നതെവിടെയാണ്” എന്നീ ചോദ്യങ്ങള്‍ കൊണ്ട് ഈ അസംബന്ധ കഥകള്‍ ഫാദര്‍ നിഷ്പ്രയാസം പൊളിച്ചു കൊടുത്തു.” (Charpentier 1923)
ഹിന്ദു വിശ്വാസിയുടെ പുരാണങ്ങള്‍ക്ക് മറുപടിയായി ഫെനിസിയോ തന്റെ വേദപുസ്തകം ഉദ്ധരിക്കുന്നില്ല എന്ന കാര്യം ശ്രദ്ധിക്കുക. ഫെനിസിയോ ഹിന്ദു വിശ്വാസിയുടെ നേര്‍ക്ക് തൊടുക്കുന്ന വാദങ്ങള്‍ തന്റെ വേദപുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന കഥകള്‍ക്കും ബാധകമാണ് എന്ന് കാണിച്ചുകൊടുക്കാന്‍ നിര്‍ഭാഗ്യവശാല്‍ ആ കോഴിക്കോടുകാരന് കഴിഞ്ഞില്ല.
ഇനി ഗലീലിയോവിനെ പീഡിപ്പിച്ചു എന്ന് പറയപ്പെടുന്നതിനു ഏതാനും പതിറ്റാണ്ടുകള്‍ക്കു ശേഷം നടന്ന ഒരു സംഭവം കൂടി പറയാം.1689 ല്‍ മധുര ഭരിച്ചിരുന്ന റാണി മങ്കമ്മാളിന് ഒരു ഫ്രഞ്ച് ജെസ്യൂട്ട് പുരോഹിതനായ ജീന്‍ വെനന്റിയസ്സ് ബൗഷെ (jean venantius bouchet) രണ്ടടി വ്യാസമുള്ള ഒരു ഭൂഗോളം സമ്മാനിച്ചതായി പറയുന്നു. ആ ഭൂഗോള മാതൃകയില്‍ സ്ഥലങ്ങളും മറ്റും തമിഴില്‍ രേഖപ്പെടുത്തിയിരുന്നത്രെ. കൂടാതെ ഒന്പതിഞ്ചു വ്യാസമുള്ള മറ്റൊരു സ്ഫടിക ഭൂഗോളവും അദ്ദേഹം സമ്മാനിച്ചിരുന്നു. സമ്മാനത്തില്‍ വളരെ പ്രീതിപ്പെട്ട രാജ്യത്തെ പ്രധാനമന്ത്രി തിരക്കുമൂലം തനിക്ക് ”ഭൂഗോളത്തില്‍ വളരെ കലാപരമായി വരച്ചു ചേര്‍ത്ത കാര്യങ്ങള്‍” പഠിക്കാന്‍ വളരെ ആഗ്രഹമുണ്ടെങ്കിലും, സമയമില്ലാത്തതിനാല്‍ തന്നെപോലെ ഒരു ബ്രാഹ്മണനായ രാജ്യത്തെ പ്രധാന ജ്യോത്സ്യനെ ബൗഷെയുമായി ചര്‍ച്ച ചെയ്ത് ”ഈ അത്ഭുതകരമായ യന്ത്രത്തിന്റെ ഉപയോഗം പഠിക്കാന്‍” ഏര്‍പ്പാട് ചെയ്തു. (Terrestrial Lessons: The Conquest of the World as Globe By Sumathi Ramaswamy)രാജ്ഞിക്ക് സമ്മാനിച്ച ആ ഗ്ലോബുകള്‍ ഇപ്പോള്‍ എവിടെയാണാവോ?
അപ്പോള്‍ പറഞ്ഞുവരുന്നത് എന്തെന്നാല്‍ ഗോളാകൃതിയിലുള്ള ഭൂമി ഈ അടുത്ത കാലത്ത് കണ്ടുപിടിച്ച സംഗതിയല്ല. സഭ ഈ പീഡനം നടത്തി എന്ന് പറയപ്പെടുന്ന കാലത്തും സഭ പരന്ന ഭൂമിയുമായി നടന്നിട്ടില്ല എന്നുമാത്രമല്ല, പുരോഹിതര്‍ തന്നെ ഗോളാകൃതിയിലുള്ള ഭൂമിയെക്കുറിച്ച് അറിവുള്ളവരായിരുന്നു. ഈ ഫാദര്‍ ഫെനിസിയോ ഒരു രസികന്‍ കഥാപാത്രമാണ്. അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പിന്നീട്.