ഈയൊരു ചിത്രം കുറെ ദിവസങ്ങളായി ഫേസ് ബുക്ക് ഇന്‍ബോക്‌സില്‍ വന്നു വീഴുന്നുണ്ട്. ജാതി-സാമ്പത്തിക തൊഴില്‍സംവരണങ്ങളോട് പൊതുവെ അനുഭാവമില്ലാത്ത ഒരാള്‍ എന്ന നിലയില്‍ പുതിയതായി ഏര്‍പ്പെടുത്തിയ ജാതിസംവരണത്തിന്റെ ഭാഗമായി Economically Weaker Section (EWS) വിഭാഗത്തിന് ചില മത്സര പരീക്ഷകളില്‍ കുറഞ്ഞ കട്ട് ഓഫ് മാര്‍ക്ക് കിട്ടിയതിനെ കുറിച്ച് എന്തുപറയുന്നു എന്ന ചോദ്യമാണ് സന്ദേശങ്ങളുടെ ഉള്ളടക്കം. സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവരുടെ ലിസ്റ്റില്‍ മികവ് (merit) കുറഞ്ഞുപോയെന്നാണ് വിലാപം. സംവരണം, മാനദണ്ഡം, എന്തായിരുന്നാലും മികവിന്റെ മരണമാണ് (murder of merit) എന്ന് നിരന്തരം പറഞ്ഞുകൊണ്ടേയിരിക്കുന്ന ഒരാളോടാണ് ചോദ്യമെന്നതാണ് രസകരം.
മെരിറ്റ് മിത്താണെന്ന് പറഞ്ഞു നടന്നവര്‍ ഇന്ന് മെരിറ്റിനെ ഓര്‍ത്ത് വിലപിക്കുന്ന എന്ന പ്രതീക്ഷിത ഗതികേട് മാത്രമാണോ ഇവിടെയുള്ളത്? അല്ല. ജാതിവാദികളുടെ സാമൂഹികനിരീക്ഷണങ്ങളിലോ സംവരേണ്യസാഹിത്യത്തിലോ പത്തുപൈസയുടെ യുക്തിയോ യാഥാര്‍ത്ഥ്യബോധമോ വസ്തുതകളോ പൊതുവെ ഉണ്ടാകാറില്ല. കുറെ സ്വയംവീര്‍പ്പിക്കല്‍ മുദ്രാവാക്യങ്ങളും പരനിന്ദയും മാത്രമാണ് സാധാരണ അവിടെ കാണാനാവുക. അപ്പോള്‍ അതങ്ങനെയേ വരൂ. സംവരണം കൊടുത്തപ്പോള്‍ സോകോള്‍ഡ് ‘മുന്നാക്ക’കാരന്റെ മെരിറ്റ് കുറഞ്ഞുപോയതാണല്ലോ വിഷയം. എന്തായിരിക്കും കാരണം? ജാതിവാദികള്‍ അങ്കലാപ്പിലാണ്. ജാതിക്കുഴലിലൂടെ നോക്കുമ്പോള്‍ ഉത്തരം കിട്ടുന്നില്ല. സാധാരണ മനുഷ്യര്‍ക്ക് കാര്യം പെട്ടെന്ന് പിടികിട്ടും. സംവരണം മെരിറ്റിനെ ദുര്‍ബലപെടുത്തും. ‘പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്’ സംവരണം നല്‍കിയിട്ട് അവര്‍ ‘പിന്നാക്കം ആണെന്ന് വിളിച്ചു പറഞ്ഞ് ആക്ഷേപിക്കുന്നത് മോശം ഏര്‍പ്പാടാണ്.
‘മുന്നാക്കത്തില്‍ പിന്നാക്കമുണ്ടോ-പിന്നാക്കത്തില്‍ മുന്നാക്കമുണ്ടോ’ എന്നൊക്കെ ആകുലപെട്ടവര്‍ക്ക് കാലംതെറ്റാതെ സേവിക്കാനുള്ള ബോധരസായനം ഈ വാര്‍ത്തയിലുണ്ട്. മെരിറ്റിന്റെ കാര്യം നോക്കിയാല്‍, ‘മുന്നോക്ക’ജാതി ‘മുന്നോക്ക’സാഹചര്യം ‘പ്രിവിലേജ്’ തുടങ്ങിയ സംവരണസാഹിത്യ വിളിപ്പേരുകളൊന്നും പ്രസക്തമല്ല. ആരാണ് മുന്നാക്കം? എന്തുകൊണ്ട് മുന്നാക്കം? ഒക്കെ സംവരേണ്യചാര്‍ത്തുകളാണ്. അങ്ങനെയൊരു അപ്രമാദിത്വവും കുത്തകയും ആര്‍ക്കുമില്ല. ഉണ്ടെന്ന് പറഞ്ഞാല്‍ അത് ജാതിഡാഡിമാരുടെ ആസ്ഥാന ജാതിവംശീയവാദം മാത്രമാണ്. അതാകട്ടെ ജാതിസംവരണം വാങ്ങുന്നവരെയെല്ലാം അടച്ചാക്ഷേപിക്കുന്നതും. ജാതിവാദികള്‍ക്ക് എന്തും പറയാമല്ലോ എന്നാണെങ്കില്‍ വായന നിറുത്തുക; അങ്ങനെയല്ലെങ്കില്‍മാത്രം തുടരുക.
കുറഞ്ഞ മാര്‍ക്കുള്ള ‘മുന്നാക്കത്തിലെ പിന്നാക്കക്കാര്‍’ അലോസരപെടുത്തുന്നെങ്കില്‍ ഒരു നിമിഷം ചിന്തിക്കുക. എന്താണിതിന്റെ വിപരീതം? അവധാനതയോടെ ആലോചിക്കൂ. ‘കുറഞ്ഞമാര്‍ക്കുകാര്‍’ ‘കുറഞ്ഞവര്‍’ ആണെന്ന് നിങ്ങള്‍ ആത്മാര്‍ത്ഥമായും ചിന്തിക്കുന്നു എന്നുതന്നെയല്ലേ അവിടെ തെളിയുന്നത്?! ഇതുവരെ സംവരണസാഹിത്യം വിളമ്പി നുണ പറഞ്ഞുപരത്തി ജാതിനേട്ടം കൊയ്യുകയായിരുന്നു എന്നല്ലേ അതിനര്‍ത്ഥം? എല്ലാത്തരം സംവരണസാഹിത്യങ്ങളുടെയും അടപ്പിളകി എന്നു സാരം. മാര്‍ക്കു കുറഞ്ഞവരോട് കാട്ടുന്ന പരദയ ആണ് സംവരണം എന്നു കരുതി സ്വയംവീര്‍പ്പിച്ചു നടന്നു. ജാതിതാല്പര്യത്തിന് പുറത്തുള്ളവര്‍ക്ക് മാര്‍ക്ക് കുറഞ്ഞപ്പോള്‍ വാളെടുത്തു! മാര്‍ക്ക് എല്ലാവര്‍ക്കും കുറയാന്‍ പാടില്ല! മികവ് കുറഞ്ഞ എല്ലാവരെയും സ്വീകരിക്കാനാവില്ല. അവിടെ ജാതി നോക്കിയേ കാര്യവിചാരം നടത്താനാവൂ!!
നിലവിലുള്ള ജാതിസംവരണസാഹിത്യമനുസരിച്ച് ചിന്തിക്കാം. മാര്‍ക്ക് കുറഞ്ഞവന്‍ യഥാര്‍ത്ഥത്തില്‍ മെരിറ്റ് കുറഞ്ഞവനാണോ? ഒരിക്കലുമല്ല. അവന്‍ പിന്നാക്കവും പരുഷവുമായ ജാതിസാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ ഞെരിഞ്ഞമര്‍ന്ന് സ്വന്തം കഴിവോ ശേഷിയോ വേണ്ടത്ര ഉപയോഗിക്കാന്‍ അവസരമോ അവകാശമോ ഇല്ലാത്തവന്‍ മാത്രമാണ്. അതുകൊണ്ടാണ് അവന്‍ മോശം പ്രകടനം കാഴ്ചവെക്കുന്നത്. അതായത്, മാര്‍ക്ക് കുറഞ്ഞവരെല്ലാം മാര്‍ക്ക് കുറയേണ്ടവര്‍ അല്ല. നൂറ്റാണ്ടുകളായുള്ള സാഹചര്യങ്ങളാണ് അവരുടെ ക്രിയാശേഷി നനച്ചുകളയുന്നത്. അവര്‍ എല്ലാ നിലയിലും തുല്യരാണ്. ഇതേ ന്യായം സോകോള്‍ഡ് മുന്നാക്കത്തിലെ പിന്നാക്കക്കാരുടെ മാര്‍ക്കുകുറവിലും ആരോപിച്ച് നോക്കാമോ? ഇല്ല, അങ്ങനെ ചിന്തിച്ചാല്‍ അതിലൊരു ത്രില്‍ ഇല്ല.
ജാതിവേതാളങ്ങളുടെ മെരിറ്റ് ആകുലതയില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അവര്‍ സ്വന്തം കാലില്‍തന്നെയാണ് വെടിവെക്കുന്നത്. ഒന്നോരണ്ടോ അല്ല, ചറപറ. മിക്ക കാര്യങ്ങളിലുമെന്നപോലെ ഇവിടെയും ജാതിഡാഡിമാര്‍ 110 ശതമാനം തെറ്റാണ്. മെരിറ്റിന്റെ മരണത്തില്‍ ഞെട്ടി കുഴയാതെ അതിന്റെ കാരണം എന്താണെന്ന് മൊഴിയണം. പ്രധാനകാരണം മറ്റൊന്നുമല്ല-ജാതിസംവരണം. അല്ലെന്ന് മുഴുത്ത ജാതിപ്രഭുവിന് പോലും പറയാനാവില്ലല്ലോ. കാരണം ‘മുന്നാക്ക-പിന്നാക്ക’ക്കാരുടെ കാര്യത്തില്‍വരെ അങ്ങനെയാണല്ലോ തെളിഞ്ഞിരിക്കുന്നത്. അതാണല്ലോ പരാതി!
അയ്യേ, EWS സാമ്പത്തിക സംവരണമാണ്… മറ്റേത് നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപെട്ട ഹലാല്‍ജാതി വകുപ്പാണ്… ബ്ലാ ബ്ലാ… എന്നു തുടങ്ങാനാണ് ഭാവമെങ്കില്‍ ഇതുകൂടി ശ്രദ്ധിക്കുക: ഈ രാജ്യത്ത് ജാതിസംവരണം ഇല്ല-പട്ടികവിഭാഗങ്ങള്‍ക്കൊഴികെ. മതസംവരണം ഇല്ല-മുസ്‌ളിങ്ങള്‍ക്കൊഴികെ. എല്ലാം ജാതിസംവരണവും സാമ്പത്തിക സംവരണമാണ്. പട്ടികവിഭാഗങ്ങളുടെ കാര്യത്തിലും വൈകാതെ അതു തന്നെ സംഭവിക്കാനാണ് സാധ്യത. അല്ലെങ്കില്‍തന്നെ അവിടെയും സമ്പത്തുള്ളവനാണ് സംവരണാനുകൂല്യം കിട്ടികൊണ്ടിരിക്കുന്നത്-അതാണ് അലിഖിതനിയമം. ഇനി രാജ്യത്ത് സാമ്പത്തിക സംവരണമേ ഉള്ളൂ എന്ന് വാദിക്കുകയാണെങ്കില്‍ അവിടെയും പ്രശ്‌നമുണ്ട്. ഇന്ത്യയില്‍ നിലവിലുള്ള എല്ലാ സാമ്പത്തിക സംവരണങ്ങളെല്ലാം ജാതിസംവരണമാണ്! EWS സംവരണവും ജാതിസംവരണമാണ്. ജാതി നോക്കിയിട്ടാണ് സാമ്പത്തികം പരിശോധിക്കുന്നത്. ജാതി പറഞ്ഞില്ലെങ്കില്‍ സംവരണം ഇല്ല. ജാതിയുക്തിവാദികള്‍ക്ക് ജാതിസംവരണം കിട്ടുന്നതിന്റെയും ജാതിരഹിതമനുഷ്യര്‍ക്ക് കിട്ടാത്തതിന്റെയും കാരണമതാണ്. അതുപോലെതന്നെ മതംപറഞ്ഞില്ലെങ്കില്‍ ജാതിസംവരണം കിട്ടില്ല. അതായത് മതരഹിതരാണെങ്കില്‍ ജാതിയും സാമ്പത്തിക പിന്നാക്കവസ്ഥയും അനുകൂലമായാലും തൊഴില്‍സംവരണമില്ല. വൈരുദ്ധ്യം തോന്നുന്നുണ്ടോ. ആശങ്കയരുത്. ഇന്ത്യയിലെ ജാതിസംവരണമെല്ലാം സാമ്പത്തികസംവരണമാണ്; സാമ്പത്തികസംവരണമെല്ലാം ജാതി സംവരണമാണ്! ഹലാല്‍ജാതിയും ഹറാംജാതിയുമുള്ളത് സംവരേണ്യസാഹിത്യപ്രഭുക്കള്‍ക്ക് മാത്രമാണ്.
സംവരാണാര്‍ത്ഥികളുടെ (ഏത് ജാതിയില്‍പെട്ടവരായാലും) പ്രകടവും മാര്‍ക്കും താഴോട്ടുപോകും-സ്വാഭാവികം. സംരക്ഷണം ലഭിക്കുമ്പോള്‍ പൊതുവെ പ്രകടനം മോശമാകും. കഴിവോ ശേഷിയോ ഇല്ലാഞ്ഞിട്ടല്ല, മറിച്ച് അത് ഉപയോഗിക്കേണ്ട എന്നു വരുമ്പോള്‍ നിലവാരം കുറയുന്നു. കഴിവിന്റെയും പ്രതിഭയുടെയും കാര്യത്തില്‍, ചുരുക്കം ചില അപവാദങ്ങള്‍ ഒഴിച്ചാല്‍, എല്ലാവരും തുല്യരാണ്. അല്ലാതെ സംവരേണ്യസാഹിത്യകാരന്‍മാര്‍ വാദിക്കുന്നതുപോലെ ചില വിഭാഗങ്ങള്‍ സദാ പിന്നാക്കക്കാരും സംരക്ഷണവും ദയയും ആവശ്യവുമുള്ള കുറഞ്ഞ മനുഷ്യരല്ല. സംവരണവാദം എന്ന മനുഷ്യത്വവിരുദ്ധ വാദത്തിന്റെ അടിസ്ഥാനം തന്നെ മനുഷ്യരെ തുല്യരായി പരിഗണിക്കാനുള്ള വൈമനസ്യമാണ്. സമത്വം എന്ന ആശയത്തിന്റെ പുറംപൊതിപോലും വായിച്ചറിയാനുള്ള താല്പര്യരാഹിത്യമാണ്. അത് അധമമായ ജാതിപ്രഭുബോധമാണ്; സമത്വബോധമില്ലാത്ത രക്ഷകര്‍ത്യത്വമനോഭാവമാണ്. അവിടെ കപ്പലുടമയ്ക്കും കട്ട ചുമക്കുന്നവനും മാര്‍ക്കിടുന്നത് ജാതിയും മതവും മാത്രം നോക്കിയാണ്. സാമൂഹികമണ്ഡലത്തിലെ ഏറ്റവും വലിയ കള്ളനാണയങ്ങളായി സംവരേണ്യസാഹിത്യ പ്രഭുക്കള്‍ മാറുന്നത് അങ്ങനെയാണ്.
എന്തുകൊണ്ടാണ് ചില സംവരണവിഭാഗങ്ങള്‍ക്ക് (whether forward , backward or celestial) മാര്‍ക്ക് കുറയുന്നത്? അവര്‍ മോശക്കാരായതുകൊണ്ടാണോ? അല്ലേയല്ല. Necessity is the mother of invention and innovation എന്നൊക്കെ പറഞ്ഞു നിറുത്തരുത്. മാതാവ് മാത്രമല്ല ആദ്യനിര ബന്ധുക്കളെല്ലാം necessity തന്നെയാണ്. പിന്നാക്കപ്രകടനത്തിന്റെ മുഖ്യകാരണം മത്സരക്ഷമത കുറയുന്നതാണ്. വേട്ടപട്ടി പിന്തുടരുമ്പോള്‍ ആര്‍ജ്ജിക്കുന്ന വേഗത ചക്കിപൂച്ച പിന്നാലെ വന്നാല്‍ ഉണ്ടാകില്ല. മത്സരമില്ലെങ്കില്‍ അലസത കുറുകും. By default, man is a lazy animal for our brain prefers laziness. അദ്ധ്വാനിച്ചില്ലെങ്കിലും ഫലം ഉറപ്പെന്ന് വന്നാല്‍ അദ്ധ്വാനത്തോട് വിരതിയുണ്ടാവും, മികവ് താഴെപോകും. അതെ കുറഞ്ഞ മാര്‍ക്കുകാര്‍ കുറഞ്ഞവരല്ല, കുറഞ്ഞ മാര്‍ക്കുമതി എന്ന സാഹചര്യമാണ് അവരെ ‘കുറഞ്ഞ മാര്‍ക്കു’കാരാക്കുന്നത്.
സാഹചര്യം മാറ്റിയാല്‍ അവരുടെ മാര്‍ക്കും പ്രകടനവും ക്രമേണ ഉയരും. കിളി പറക്കുമോ എന്നറിയാല്‍ ഇരിക്കുന്ന കമ്പൊന്നു കുലുക്കിയാല്‍ മതി. എന്താണ് തെളിവ്? തെളിവേ ഉള്ളൂ. സംവരണസമുദായങ്ങളുടെ PSC കട്ട് ഓഫ് മാര്‍ക്കുകള്‍ പരിശോധിച്ചാല്‍ മതി. കഴിഞ്ഞ 50 വര്‍ഷമായി അത് ക്രമേണ വര്‍ദ്ധിക്കുകയാണ്. പലരുടെയും ജനറല്‍ ലിസ്റ്റിന്റെ കട്ട് ഓഫിന് അടുത്തുവന്നു കഴിഞ്ഞു. എന്താണ് കാരണം? ഓരോ സംവരണജാതിയും രണ്ട് മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഒന്ന് അവരവരുടോ ജാതിക്കാരുമായുള്ള മത്സരം. രണ്ട് ജനറല്‍ ലിസ്റ്റിലേക്കുള്ള മത്സരം. രണ്ടിലും മത്സരം മൂര്‍ച്ഛിക്കുന്നതിനാല്‍ മികവ് ഉയരുന്നു. സ്വഭാവികമായും കട്ട് ഓഫ് മാര്‍ക്ക് ഉയരുന്നു. ജാതിസംവരണ കട്ട് ഓഫ് മാര്‍ക്കുകള്‍ ജനറല്‍ കട്ട് ഓഫിനോട് അടുക്കുകയോ തുല്യമാകുകയോ ചെയ്താല്‍ അതിന്റെ അര്‍ത്ഥമെന്താണ്? അഭിനയിച്ചുകാണിക്കുന്ന അവശത അയഥാര്‍ത്ഥം ആയിരുന്നു എന്നു തന്നെ. Evidence is too compelling; There is no other way.
‘മുന്നാക്കജാതി’കള്‍ക്ക് മികവിന്റെ കാര്യത്തില്‍ കുത്തകയുണ്ടോ? മികവിന്റെ കാര്യത്തിലെന്നല്ല, ഒന്നിലുമില്ല. ‘മുന്നാക്കജാതി’യും ‘പിന്നാക്കജാതി’യുമില്ല. കാരണം ജാതി തന്നെയില്ല! അത് വ്യാപകമായി പ്രചരിപ്പിക്കപെടുകയും ആസൂത്രിതമായി സംരക്ഷിക്കപെടുകയും ചെയ്യപെടുന്ന ഒരു അന്ധവിശ്വാസം മാത്രമാണ്. സാമ്പത്തിക പിന്നാക്കവസ്ഥയുള്ള സോകോള്‍ഡ് മുന്നാക്കക്കാര്‍ക്ക് ചില തൊഴില്‍ മത്സരങ്ങളില്‍ സംവരണസമുദായങ്ങളെക്കാളും കുറഞ്ഞ മാര്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ടോ? തീര്‍ച്ചയായും സാധ്യത ഉണ്ട്. എന്തുകൊണ്ട്? ഉത്തരമിതാണ്: സംവരണരഹിതസമുദായങ്ങളില്‍ ഉള്ളവര്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയാലേ രക്ഷയുള്ളൂ എന്ന നിലയിലാണ്. 50 ശതമാനംവരുന്ന (ഇപ്പോള്‍ 40 ശതമാനം) ജനറല്‍ സീറ്റുകള്‍ നേടാനാണ് അവര്‍ മത്സരിക്കുക.
ജനറല്‍ ലിസ്റ്റില്‍ കയറാന്‍ വേണ്ട മാര്‍ക്ക് നേടാമെന്ന് ഉറപ്പില്ലാത്ത സംവരണരഹിതര്‍ പരീക്ഷകളില്‍ തങ്ങള്‍ക്ക് സാധ്യതയില്ല എന്ന ചിന്തയ്ക്കടിപെടാന്‍ സാധ്യത ചെറുതല്ല. പരീക്ഷയെ ഗൗരവമായിപോലും കാണാന്‍ അവര്‍ വിസമ്മതിക്കും. സ്വഭാവികമായും ഇക്കൂട്ടരുടെ മത്സരക്ഷമതയും കാര്യക്ഷമതയും കുറയും. അദ്ധ്വാനിച്ചില്ലെങ്കിലും കിട്ടും, അദ്ധ്വാനിച്ചാലും കിട്ടില്ല-ഈ രണ്ട് അവസ്ഥയുടെയും ഫലം ഒന്നുതന്നെ-അലസത, മത്സരവിരോധം, മികവിനോടുള്ള അലര്‍ജി. അപ്പോള്‍ ചോദ്യമുയരും? നല്ല മികവ് പ്രകടിപ്പിക്കുന്ന ‘പിന്നാക്കമായ മുന്നോക്കക്കാര്‍’ ഉണ്ടായിക്കൂടേ? തീര്‍ച്ചയായും ഉണ്ടാവും. എല്ലാ ലിസ്റ്റുകളും പരിശോധിച്ചാല്‍ നിരവധി ഉദാഹരണങ്ങളുണ്ടാവും. പക്ഷെ പൊതുവില്‍ അവരുടെ പ്രകടനം പിന്നാക്കംപോകാന്‍ സാധ്യതയുണ്ട്. എത്ര കാലം? അധികമൊന്നുമില്ല. ആ വിഭാഗത്തിലെ മത്സരം മൂര്‍ച്ഛിക്കുന്നതനുസരിച്ച് മികവും വര്‍ദ്ധിക്കും, മാര്‍ക്കും വര്‍ദ്ധിക്കും. ‘മുന്നാക്കക്കാരിലെ പിന്നാക്കം’ എന്ന കലാപരിപാടി ആദ്യമാണ്. ആദ്യമായി റൂട്ടില്‍ വണ്ടിയോടുമ്പോള്‍ കളക്ഷന്‍ കുറയും, ഓടിതെളിയുമ്പോള്‍ കഥ മാറും.
‘സാമ്പത്തിക പിന്നാക്കാവസ്ഥ’ എന്ന മാനദണ്ഡം ഇതുവരെ തൊഴിലിന് വേണ്ടിയുള്ള മത്സരങ്ങളില്‍ പ്രസക്തമല്ലാതിരുന്നതിനാല്‍ ഈ വിഭാഗത്തില്‍പെട്ട സോകോള്‍ഡ് മുന്നാക്കക്കാര്‍ കാര്യമായ അദ്ധ്വാനം നടത്തുന്നതിനോട് ഉത്സാഹം കുറഞ്ഞവരാകാന്‍ സാധ്യതയുണ്ട്. എഴുതിയാലും കിട്ടില്ല- പഠിച്ചാലും ഗുണമില്ല, പിന്നെന്തിന് പഠിക്കണം എന്ന നെഗറ്റീവ് നിലപാടിന് അവിടെ സാധ്യതയുണ്ട്. ആദ്യമായി EWS Reservation വരുമ്പോള്‍ അവരില്‍ താഴ്ന്ന പ്രകടനം നടത്തുന്നവര്‍ക്ക് വരെ ആദ്യഘട്ടത്തില്‍ അവസരം ലഭിച്ചേക്കാം. അവരുടെ ക്വാളിഫെയിംഗ് മാര്‍ക്കുകള്‍ മോശമാകാനും സാധ്യതയുണ്ട്. ഏത് തരത്തിലുള്ള ജാതിസംവരണമായാലും എല്ലാ സംവരണാര്‍ത്ഥികളും സ്വന്തം കൂട്ടത്തോടാണ് മത്സരിക്കുന്നത്. സ്വാഭാവികമായും മുന്നാക്കക്കാരുടെ സാമ്പത്തിക സംവരണം സ്ഥാപനവല്‍ക്കരിക്കപെടുന്നതോടെ ആ വിഭാഗത്തിലെ മത്സരം തീവ്രമാകുകയും കട്ട് ഓഫ് മാര്‍ക്കുകള്‍ ക്രമേണ ഉയരുകയും ചെയ്യും. എങ്ങനെ പറയാനാവും? ഇതാണ് മറ്റ് സംവരണസമുദായങ്ങളുടെ കാര്യത്തില്‍ ചരിത്രപരമായി തന്നെ സംഭവിച്ചിട്ടുള്ളത്. കാരണം ശാരീരിക-ബൗദ്ധിക വിഷമതകള്‍ ഉള്ളവരെ ഒഴിച്ചുനിറുത്തിയാല്‍ എല്ലാവര്‍ക്കും ശേഷിയുണ്ട്, പ്രതിഭയുണ്ട്, കഴിവുണ്ട്. അതൊന്നും ആരുടെയും കുത്തകയല്ല. അക്കാര്യത്തില്‍ ജാതിപരമായ വേര്‍തിരിവ് ഒട്ടുമില്ല. മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും ചരിത്രത്തിന്റെയും പേര് പറഞ്ഞ് സംവരണംപറ്റി ജീവിക്കാന്‍ പ്രേരിപ്പിക്കുകയും മെരിറ്റ് നോക്കി മിത്തെന്ന് വിളിക്കുകയും ചെയ്യുന്നവരുടെ മണ്ടയ്ക്കാണ് ഇവിടെ കോടാലി വീഴുന്നത്.
സംവരണം ലഭിച്ച സോകോള്‍ഡ് ‘പിന്നാക്ക-മുന്നാക്ക ജാതി’ക്കാര്‍ക്ക് മെരിറ്റ് കുറഞ്ഞാല്‍ എന്തു ചെയ്യും? പ്രശ്‌നപരിഹാരത്തിന് അവിടെ ജാതിഡാഡിമാരുടെ മുന്നില്‍ മൂന്നു മാര്‍ഗ്ഗങ്ങളുണ്ട്:
- സംവരേണ്യ ജാതിഡാഡിമാരുടെ ആസ്ഥാനവാദമനുസരിച്ച് സംവരണക്കാരന്റെ മാര്‍ക്ക് കുറഞ്ഞത് അവര്‍ ‘പിന്നാക്കജീവിതസാഹചര്യങ്ങളില്‍’ പെട്ടുപോയതു കൊണ്ടു മാത്രമാണ്, അല്ലാതെ മികവ് ഇല്ലാത്തതുകൊണ്ടല്ല. ജീവിതസാഹചര്യം-സാമൂഹികസാഹചര്യം-അത്രയേ ഉള്ളൂ. Disparity means Caste discrimination! ജാതിറഡാറില്‍ വേറൊന്നും പതിയില്ല. മികവ് മിഥ്യ-ജാതിസത്യം എന്നാണല്ലോ! അപ്പോള്‍ അവര്‍ക്ക് ലേശം മെരിറ്റ് കുറഞ്ഞാലും കുഴപ്പമില്ല എന്നല്ലേ പറയേണ്ടത്?! അല്ലെങ്കില്‍തന്നെ ഈ മെരിറ്റൊക്കെ ആരാണ് തീരുമാനിക്കുന്നത്?.. എന്നു തുടങ്ങുന്ന സംവരേണ്യരാഗം ആലപിക്കാം. എന്നാല്‍ ഹലാല്‍ ആയ ജാതികളും ഹറാമായ ജാതികളുമുണ്ടെന്ന് വിശ്വസിക്കുന്നവര്‍ക്ക് ഈ വിശകലനം അരുചികരമായി തോന്നും.
- അതല്ലെങ്കില്‍ അവര്‍ക്ക് മാര്‍ക്ക് കുറഞ്ഞത് അവര്‍ സാമ്പത്തികമായി (economically) പിന്നാക്കമായതുകൊണ്ട്, മികവ് വികസിപ്പിക്കാന്‍ വേണ്ട സാഹചര്യമില്ലാതെ പോയതുകൊണ്ടാണ് എന്നു വാദിക്കാം. പക്ഷെ അത് സമ്മതിച്ചാല്‍ ‘സാമ്പത്തികസംവരണം’ ന്യായീകരിക്കുന്നു എന്നുവരും. ജാതിസത്യം ജഗദ്മിഥ്യ എന്ന വാദമുന്നയിച്ച് കുത്തിമറിയുന്നവര്‍ക്ക് അതൊരു ക്ഷീണമായി തോന്നും. അവിടെയും കുഴപ്പമില്ല. രാജ്യത്തെ രാഷ്ട്രീയകക്ഷികളെല്ലാം പിന്തുണയ്ക്കുന്ന കാര്യമാണല്ലോ. അതുമല്ലെങ്കില്‍ ‘സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാരുടെ’ സംവരണം ദരിദ്രരെ സഹായിക്കുന്നല്ലോ എന്നുകരുതി ആശ്വസിക്കാം, മാനവികതാവാദമാണന്ന് ജനം തെറ്റിദ്ധരിച്ചുകൊള്ളും.
- ‘മുന്നാക്ക-പിന്നാക്ക’ ടീമുകള്‍ ജാതീയമായിതന്നെ പ്രതിഭാദാരിദ്ര്യവും മികവില്ലായ്മവും ഉള്ളവരാണെന്ന് വാദിക്കുക. ഇതാകട്ടെ, കടുത്ത വംശീയ അധിക്ഷേപവും ക്രിമിനല്‍ കുറ്റവുമാണ്. പക്ഷെ വെള്ളകീറുന്ന സമയം മുതല്‍ ഇരുട്ടു പരക്കുന്നവരെ മനുഷ്യരെ ജാതിപരമായി അധിക്ഷേപിച്ചും ജാതിപ്പേര് കൂട്ടി തെറിവിളിച്ചും അര്‍മാദിക്കുന്ന ജാതിഡാഡിമാര്‍ക്ക് ഇതൊരു പ്രശ്‌നമാകേണ്ടതില്ല. അല്ലാത്ത മനുഷ്യര്‍ക്ക് ഇതൊരു മോശം വഴിയാണ്. എന്തായാലും ഈ മൂന്ന് രീതിയിലും ‘മുന്നാക്കക്കാരിലെ മെരിറ്റ് കുറവിനെ’ കുറിച്ച് സംവരേണ്യ സാഹിത്യക്കാര്‍ക്ക് മിണ്ടാനാവില്ല. മെരിറ്റ് കുറഞ്ഞെങ്കില്‍ വെച്ചനത്തുക. എന്തോന്ന് മെരിറ്റ്? ജാതി സത്യം, മെരിറ്റ് മിഥ്യ! Go to your classes.
ജാതിസംവരണത്തിന്റെ കാര്യത്തില്‍, ഏതൊരു ജാതിസമൂഹത്തെ എടുത്താലും പിന്നാക്കം നില്‍ക്കുന്നവര്‍ക്കോ പാര്‍ശ്വവല്‍ക്കരിക്കപെട്ടവര്‍ക്കോ പാപ്പം കിട്ടാനുള്ള സാധ്യത നിസ്സാരമാണ്. അതാത് ജാതികളിലെ പ്രഭുവര്‍ഗ്ഗത്തിന്റെ പോക്കറ്റില്‍ അത് കൃത്യമായി ചെന്നു വീഴാനുള്ള സാധ്യത സമൃദ്ധവും. അതായത് ജാതിസംവരണം പിന്നാക്ക-പാര്‍ശ്വവല്‍കൃത-അടിച്ചമര്‍ത്തപെട്ട തുടങ്ങിയ ഹെവി വിശേഷണങ്ങളെ മാനിക്കുന്ന ഒരു സംഗതിയല്ല. നേരെ തിരിച്ചാണ് അതിന്റെ സ്വഭാവം. അത് പിന്നാക്കവിരുദ്ധമാണ്, പാര്‍ശ്വവല്‍ക്കരിക്കപെട്ടവര്‍ക്ക് എതിരാണ്, വരേണ്യമാണ്, ഓരോ ജാതിയിലേയും പ്രഭൂവര്‍ഗ്ഗത്തെ മാത്രം തുണയ്ക്കുന്നതാണ്.
മേല്‍പ്പറഞ്ഞത് ജാതിസംവരണത്തിന്റെ പ്രശ്നമാണോ എന്ന ചോദ്യംവരാം. അതെ എന്നാണ് ഉത്തരം. നൂറ് സംവരണം കയ്യില്‍ കൊടുത്താല്‍ ജാതിസംവരണം ഒഴിച്ച് ബാക്കിയെല്ലാം മനുഷ്യത്വവിരുദ്ധമാണെന്ന് പറഞ്ഞ് തട്ടിയെറിയുന്നവര്‍ മറ്റൊന്നുകൂടി മനസ്സിലാക്കണം. സംവരണം ഗോത്രനീതിയാണ്. വ്യക്തിദോഷത്തെ കൂട്ടത്തിന് മുകളില്‍ ചാര്‍ത്തുന്നതിനെ എതിര്‍ക്കുന്ന, കൂട്ടത്തിന്റെ ഗുണത്തെ വ്യക്തിയില്‍ ആരോപിക്കുന്നതിനെ എതിര്‍ക്കുന്ന ‘ഉദ്ധരിക്കപെട്ട മനുഷ്യര്‍’ തന്നെയാണ് പലപ്പോഴും ജാതിഭജന നടത്തി മൂര്‍ച്ഛിച്ച് വീഴുന്നത്. ഗോത്രനീതിയുടെ പ്രശ്നം എന്തെന്നാല്‍ അത് എല്ലായ്‌പ്പോഴും പ്രഭുവര്‍ഗ്ഗത്തിന് അനുകൂലമായി തീരുന്നു എന്നതാണ്. അത് സംവരണത്തില്‍ മാത്രമല്ല, സംവരണത്തിന് പകരം നല്‍കുന്ന സംവരണക്വാട്ടയിലും വ്യക്തമാണ്. ഉദാഹരണം പറയാം- സംവരണരഹിതരുടെ ഒരു സ്ഥാപനത്തില്‍ ഒരു സംവരണരഹിതന് ഗോത്രീയ-ജാതി പരിഗണനയുടെ അടിസ്ഥാനത്തില്‍ ജോലി കിട്ടുന്ന സാഹചര്യം ഉണ്ടെന്നിരിക്കട്ടെ. അവിടെ ആര്‍ക്കാര്‍ക്കായിരിക്കും നേട്ടമുണ്ടാക്കാന്‍ സാധിക്കുക?
സാമ്പത്തികശേഷിയും സമ്മര്‍ദ്ദശേഷിയും പ്രഹരശേഷിയും മെച്ചപെട്ട സാമൂഹിക പദവിയുമുള്ള ജാതിജീവികള്‍ക്ക്! ഇവയൊന്നുമില്ലാത്തവന് അവിടെയും പണി കിട്ടില്ല. മികവ് മാത്രംപോര;പണവും സമ്മര്‍ദ്ദശേഷിയും പ്രഹരശേഷിയും വേണം. പാര്‍ശ്വവല്‍ക്കരിക്കപെട്ടവനും പിന്നാക്കക്കാരനും അവിടെപോലും സ്ഥാനമില്ല. പിന്നെയല്ലേ കട്ട ജാതിസംവരണത്തിന്റെ കാര്യത്തില്‍! മതചിഹ്നങ്ങളെയും ആചാരങ്ങളെയും ഇകഴ്ത്തരുത് എന്ന് എല്ലാ മതക്കാരും ഒരുപോലെ അലമുറയിട്ട് പറയുന്നത് എന്തിനാണെന്ന് അറിയാമോ? ഉത്തരമറിയാമെങ്കില്‍ ജാതിസംവരണത്തിന് വേണ്ടി ജാതിയില്ലെന്ന് അവകാശപെടുന്നവര്‍ വരെ നടത്തുന്ന ചവിട്ടിക്കുഴയ്ക്കലിന്റെ ഗുട്ടൻസ് പെട്ടെന്ന് പിടികിട്ടും.
‘മുന്നാക്ക-പിന്നാക്ക ജാതിക്കാര്‍ക്ക് സംവരണം കൊടുക്കാന്‍ റാംവിലാസ് പസ്വാനും മായവതിയും മുതല്‍ രാഹുല്‍ഗാന്ധി വരെ കയ്യടിച്ചപ്പോള്‍ കേരളത്തില്‍ സി.പി.എം പോലുള്ള കക്ഷികള്‍ അത് തങ്ങള്‍ക്ക് ജനിക്കാതെപോയ കുട്ടിയാല്‍ ആത്മരോദനം നടത്തി. ആര്‍ക്കും എതിര്‍പ്പില്ല! ഹലാല്‍ജാതി-ഹറാംജാതി വാദംപോലും പുരോഗമനവാദികള്‍ ഉന്നയിക്കുന്നില്ല! പക്ഷെ കേരളത്തിലെ സംവരണമാസ് പോരാളികള്‍ക്കും പാര്‍ലമെന്റിലെ ജിഹാദിപാര്‍ട്ടികള്‍ക്കും ഭയങ്കരമായ പ്രാദേശിക എതിര്‍പ്പ്! എതിര്‍പ്പ് പ്രാദേശികമാണ്, ദേശീയമല്ല. പ്രാദേശികമാകാന്‍ കാരണം വ്യക്തമാണ്. ഇന്ത്യ മുഴുവന്‍ എതിര്‍പ്പ് കാണിച്ചാല്‍ അത് സ്വന്തം കഞ്ഞിയില്‍ പാറ്റയിടലാവും. പുതിയ EWS- 10% ‘മുന്നാക്ക-പിന്നാക്ക സംവരണം’ ഏറ്റവുമധികം നേട്ടമുണ്ടാകുന്നത് ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കാണ്. ഏതാണ്ട് എട്ട് കോടിയിലധികം മുസ്ലിങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തപെടുന്നത്. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് 2019 ജനുവരി വരെ സംവരണം ഉണ്ടായിരുന്നില്ല. മുസ്ലിങ്ങളിലെ പിന്നാക്കജാതികള്‍ക്ക് മാത്രമാണ് ഇതുവരെ ജാതിസംവരണം ഉണ്ടായിരുന്നത്. മുന്നാക്കമുസ്ലിം സംവരണരഹിതനായിരുന്നു. ജാതികള്‍ക്ക് മാത്രമാണല്ലോ ജാതിസംവരണം ഉണ്ടായിരുന്നത്! പക്ഷെ 1936 മുതല്‍ ഭരണഘടനാവിരുദ്ധമായ മതസംവരണം വാങ്ങിവരുന്ന കേരളത്തിലെ സര്‍വജാതിമുസ്ലിങ്ങള്‍ക്കും ഈ പുതിയ EWS സംവരണഗഡു കൊണ്ട് വിശേഷിച്ച് ഗുണമില്ല. കഴിഞ്ഞ 85 വര്‍ഷമായി കിട്ടിവരുന്ന ഒന്ന് രാജ്യത്തെ മറ്റ് മുസ്ലിങ്ങള്‍ക്ക് കൂടി കിട്ടുന്നതില്‍ അതൃപ്തിയുണ്ടെന്നും പറയാനാവില്ലല്ലോ. പക്ഷെ ഇവിടെയാകുമ്പോള്‍ ‘ദളിതര്‍ക്കായി ഇഞ്ചിഞ്ചായി ദഹിക്കാം’ എന്ന മുതലരാഗത്തില്‍ ഹമാസ് മാതൃകയില്‍ ഒരു സംവരണമാസ് സൃഷ്ടിക്കാം!
എല്ലാ സംവരണവും സമത്വവിരുദ്ധമാണ്. ഇന്ന് സര്‍വജാതി സംവരണമാണ് നിലവിലുള്ളത്. എന്താണ് അടുത്ത ഘട്ടം? ജാതിവാദം ഈ സമൂഹത്തെ നൂറ്റാണ്ടുകളോളം പിന്നോട്ടടിക്കും. ജാതി അടിസ്ഥാനത്തില്‍ നുള്ളിക്കീറി കൊടുക്കുന്ന ഏര്‍പ്പാട് ഒരു രാഷ്ട്രീയപരിഹാരം പോലുമല്ല. ഇപ്പോള്‍ ജനറല്‍ കാറ്റഗറി 40 ശതമാനമായി ചുരുങ്ങി. പക്ഷെ ഇതിവിടെ നില്‍ക്കുമെന്ന് തോന്നുന്നുണ്ടോ? പല ജാതിസംവരണ പ്രക്ഷോഭങ്ങളെയും (ഉദാഹരണമായി ജാട്ട്, പട്ടിദര്‍, കാപ്പു, പട്ടേല്‍ തുടങ്ങിയ വിഭാഗങ്ങള്‍ നടത്തിവരുന്ന അക്രമസമരങ്ങള്‍) ഭാഗികമായി ദുര്‍ബലപെടുത്താന്‍ പുതിയ വീതംവെപ്പിന് സാധിച്ചിട്ടുണ്ടാവാം. ഫീസ് സൗജന്യം, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്, വീടിന്റെ വിസ്തീര്‍ണ്ണം, വരുമാനം തുടങ്ങിയ കാര്യങ്ങളില്‍ മറ്റ് സംവരണവിഭാഗങ്ങള്‍ക്ക് ഉള്ള മുഴുവന്‍ ആനുകൂല്യങ്ങളും തങ്ങള്‍ക്കും വേണമെന്നാവശ്യപെട്ട് EWS Arakshan Manch നടത്തിയ പ്രക്ഷോഭം തുടക്കം മാത്രമായി കാണണം. എല്ലാ സംവരണവിഭാഗങ്ങള്‍ക്കും തുല്യമായ മാനദണ്ഡങ്ങളും പരിഗണനകളും നല്‍കുമെന്ന് കേന്ദ്ര സാമൂഹികനീതി-ശാക്തീകരണ മന്ത്രി തവാര്‍ ചന്ദ് ഗലോട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ജാതികള്‍ക്കും സംവരണം ആയ സ്ഥിതിക്ക് ജാതിഡാഡിമാരെ സന്തോഷിപ്പിക്കുന്ന പുതിയ പോരാട്ടങ്ങള്‍ വരാനിരിക്കുന്നു. അതില്‍ പ്രധാനം തലയെണ്ണി സംവരണവിഹിതം വര്‍ദ്ധിപ്പിക്കലാണ്.
കേരളത്തിലെ പട്ടികജാതിക്കാര്‍ ദശകള്‍ക്ക് മുമ്പ് തന്നെ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നേടിക്കഴിഞ്ഞുവെന്ന് പ്രചരിപ്പിക്കുന്ന ജാതിഡാഡിമാര്‍പോലും കേരളത്തിലെ മുസ്ലീം പ്രാതിനിധ്യം അവരുടെ ജനസംഖ്യയെക്കാള്‍ കുറവാണെന്ന കാര്യം പറയാറില്ല. പക്ഷെ I love you more than him എന്നൊക്കെ സദാ പിഴിഞ്ഞൊഴിക്കും. കേരളത്തിലെ ഈഴവ സംവരണം ജനസംഖ്യാനുപാതികമായി കുറയ്ക്കണമെന്നും പറയാറില്ല. പക്ഷെ മുസ്ലിം സമുദായം ഇതുവരെ രഹസ്യമായി പറഞ്ഞത് ഇനി പരസ്യമായി പറഞ്ഞേക്കും. കാരണം മുന്നാക്ക-പിന്നാക്ക സംവരണം വരുന്നതുവരെ ഭരണഘടനാവിരുദ്ധമായ മതസംവരണമാണ് കേരളത്തിലെ മുസ്‌ളിങ്ങള്‍ വാങ്ങികൊണ്ടിരുന്നത്. നൂറ്റാണ്ടുകളായി അടിച്ചമര്‍പ്പെട്ട… എന്നു തുടങ്ങുന്ന ജാതിസാഹിത്യമൊന്നും അവര്‍ക്ക് ബാധകമായിരുന്നില്ല.
സര്‍വജാതിസംവരണം ആയ സ്ഥിതിക്ക് ഇനിയിപ്പോള്‍ അതൊന്നും പറയാനാവില്ല. (സംവരണം) ഉള്ളവരും-ഇല്ലാത്തവരും എന്ന മാര്‍ക്‌സിയന്‍ ബൈനറിപ്പായസം പുളിച്ചൊലിച്ചുപോയി. കേരളത്തില്‍ പിന്നാക്ക സംവരണത്തില്‍ തങ്ങളുടെ ക്വാട്ട പുനര്‍നിര്‍ണ്ണയിക്കാന്‍ മുസ്ലിങ്ങള്‍ക്ക് ആവശ്യമുന്നയിക്കാം. സംവരണം കിട്ടുമെങ്കില്‍ ‘പിന്നാക്കം’ എന്ന സ്റ്റിക്കറിന്റെ ആവശ്യമുണ്ടോ എന്നും പലരും ചിന്തിക്കും. Holy എന്നൊക്കെ വിശേഷണമായി ചേര്‍ക്കുന്നതുപോലെ ഒരു ഗുമ്മില്ല ഈ പിന്നാക്കം എന്നൊക്കെ പറയുന്നതില്‍;മതംമാറ്റചരിത്രംപോലും ജാതികുഴച്ച് പറയുന്നവര്‍ക്ക് പ്രത്യേകിച്ചും! കേരളജനസംഖ്യയുടെ 27 ശതമാനം ഉള്ള തങ്ങള്‍ക്ക് 12 ശതമാനവും 21 ശതമാനം മാത്രമുള്ള ഈഴവര്‍ക്ക് 14 ശതമാനവും സംവരണം നല്‍കുന്നതെന്തുകൊണ്ട് എന്ന ചോദ്യം ഉന്നയിക്കാം. മറ്റ് പല ജാതികള്‍ക്കും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം കുറവാണെന്ന് വാദവുമായി തെരുവിലിറങ്ങാം. അതോടെ പഴയ സംവരണമുന്നണിയൊക്കെ തോട്ടില്‍ വീഴും. പുതിയ മുന്നണികള്‍ വരും.
‘പ്രാതിനിധ്യം മാത്രമാണ് ചോദിക്കുന്നത്’ എന്നൊക്കെ പൊള്ളസാഹിത്യം ചമയ്ക്കുന്നവര്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിലെ ദളിത് വിഭാഗങ്ങള്‍ക്ക് കുരിശായിമാറും. കാരണം മതിയായ(adequate representation) പ്രാതിനിധ്യമായാലും ജനസംഖ്യാപരമായ പ്രാതിനിധ്യമാണെങ്കിലും പട്ടികജാതിക്കാര്‍ക്ക് അര്‍ഹമായതിലും കൂടുതല്‍ ദശകങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ കിട്ടിക്കഴിഞ്ഞു എന്ന് ജാതിഡാഡിമാര്‍ ഗവേഷണം ചെയ്ത് കണ്ടുപിടിച്ച് അറിയിച്ചിട്ടുണ്ട്! വാളെടുത്തവന്‍ വാളുവെക്കും എന്നു കേട്ടിട്ടില്ലേ?! ആ പരുവത്തിലാണ് ജാതിഡാഡിഘൃതം പുറത്തിറങ്ങുന്നത്. കര കടലെടുക്കുന്നതുപോലെ ഇപ്പോഴുള്ള 40 ശതമാനം ജനറല്‍ കാറ്റഗറി അമ്പിളിക്കലയാവും. പിന്നെയങ്ങോട്ട് അമാവാസിയാണ്. ജാതിഡാഡിമാര്‍ കൊതിക്കുന്ന ആദിമമായ ഇരുട്ട്! ജാതികാലുഷ്യവും വിഭജനസമവാക്യങ്ങളും ഹിംസയും നിര്‍ബാധം ഓരിയിടുന്ന ആ ഇരുട്ടിലും ജാതിഡാഡിമാര്‍ പൊട്ടിച്ചിരിക്കും. പരസ്പരം കാണാനാവില്ലെങ്കിലും സംവരണം അണ്ണാക്കുവരെ എന്ന മുദ്രാവാക്യം മുഴക്കി കര്‍ണ്ണപുടസേവ നടത്തും.