“ഈ കോട്ടയെ കുറിച്ചാരെങ്കിലുമൊന്നു മിണ്ടിയാല്‍ കോട്ടക്കാര്‍ അവരെ തേടിവരും എന്നതുമാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. കോട്ടയ്ക്കുള്ളില്‍ ആര്‍ക്കും എപ്പോള്‍വേണമെങ്കിലും പ്രവേശിക്കാമെങ്കിലും, ഒരുവട്ടം അതില്‍ കയറിയവന് പിന്നീടൊരിക്കലും പുറത്തിറങ്ങാന്‍ പാടില്ല. ഈ കാടന്‍ നിയമങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട്, കോട്ടയെ കുറിച്ചും കോട്ടക്കുള്ളിലെ രഹസ്യങ്ങളെ കുറിച്ചും മറ്റുള്ളവര്‍ക്ക് അത്ര അറിയാനും കഴിഞ്ഞില്ല” – അസ്‌ക്കര്‍ അലി എഴുതിയ കഥ വായിക്കാം. |
കോട്ട
ഗുരൂ…
ഇതെന്റെ മഠത്തിലെ അവസാനത്തെ രാത്രിയാണ്. നീണ്ട ഇരുപത്തിനാലു വര്‍ഷത്തെ അങ്ങയുമൊത്തുള്ള എന്റെ ദിനരാത്രികള്‍ നാളെ പുലരിയോടെ അവസാനിക്കുകയാണ്. ഇനിയൊരു പുതിയ ജീവിതത്തിലേക്ക് ഞാന്‍ കാലെടുത്തു വെക്കുകയാണ്. അങ്ങയുടെ സംസാരവും പ്രവര്‍ത്തിയും മൗനവുമല്ലാതെ മറ്റൊന്നും എനിക്കറിയില്ല. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ അങ്ങ് തന്നെയാണ് ഈ ഞാനും.
ഈ അവസാനത്തെ രാത്രിയില്‍ എന്നോടെന്തെങ്കിലും പങ്കുവെക്കാനുണ്ടോ ഗുരൂ …?
ശിഷ്യാ…
നീണ്ട ഇരുപത്തിനാലുവര്ഷം കൊണ്ട് ഞാന്‍ എന്താണോ അത് തന്നെയാണ് നീയും എന്ന് നീ പറഞ്ഞല്ലോ. അത് തീര്‍ത്തും വാസ്തവ വിരുദ്ധമാണ്. കാരണം എന്റെ ജീവിതത്തില്‍ വെറും ഏഴു വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. അതില്‍ നിന്നും നിന്നില്‍ മാത്രമാണ് എനിക്ക് സംതൃപ്തിയടയാന്‍ കഴിഞ്ഞത് …!
ചോദ്യങ്ങളെയെല്ലാം ഭയന്ന്, ചോദ്യകര്‍ത്താക്കളെയെല്ലാം ശത്രുവായി കണ്ട് , കര്‍ക്കശക്കാരനായി ജീവിച്ച എന്നെ, നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചു വേട്ടയാടി, പുതിയ വ്യക്തിത്വമായി മാറ്റിയെടുത്തതില്‍ നിനക്ക് വലിയ പങ്കുണ്ട്. എന്നില്‍ നിന്ന് പഠിക്കുന്നതിലും കൂടുതല്‍ നീ നിന്റെ ചുറ്റുപാടുകളില്‍ നിന്നും, പ്രകൃതിയില്‍ നിന്നും നിരീക്ഷണങ്ങളില്‍ നിന്നും പഠിച്ചിരുന്നു എന്നതാണ് വാസ്തവം.
ഒരേ ഗുരുവില്‍ നിന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് ആ ഗുരുവിന്റെ എല്ലാ സ്വഭാവങ്ങളും കിട്ടുമെന്നും, ആ ഗുരു ഒരു ചീത്ത സ്വഭാവക്കാരാണെങ്കില്‍ അത് അവന് അപകടം ചെയ്യുമെന്നും ഇനി സത്യസന്ധനും നിഷ്‌കളങ്കനുമാണെങ്കില്‍, അവനെ പുറത്തുനിന്നുള്ള ചീത്ത സ്വഭാവക്കാര്‍ക്ക് പെട്ടെന്ന് ചൂഷണം ചെയ്യാമെന്നും, അതിനാല്‍ വിത്യസ്ത ഗുരുക്കളില്‍ നിന്ന് പഠിക്കുകയും, സത്യം സ്വന്തമായി കണ്ടെത്തുകയുമാണ് യഥാര്‍ത്ഥത്തില്‍ ഒരു വിദ്യാര്‍ത്ഥി ചെയ്യേണ്ടതെന്നും നീ എന്നോടൊരിക്കല്‍ പങ്കുവെച്ചത് ഓര്‍ക്കുന്നില്ലേ…?
അന്ന് തന്നെ നിന്റെ ഈ ഉയര്‍ന്ന ചിന്താഗതികള്‍ എന്നെ നിന്നിലേക്ക് അടുപ്പിച്ചിരുന്നു. സത്യത്തില്‍ ഞാന്‍ നിന്റെയല്ല, നീയാണ് എന്റെ ഗുരു …!
ഗുരൂ…
അഹങ്കാരിയും കര്‍ക്കശക്കാരനും അല്‍പ്പജ്ഞാനിയുമായിരുന്ന എന്നെ, വിനയവും സത്യസന്ധതയും, സ്‌നേഹവും മാനവികതയമെല്ലാം പഠിപ്പിച്ചത് അങ്ങുതന്നെയാണ്. മനുഷ്യരെല്ലാം അടിസ്ഥാനപരമായി നന്മ ചെയ്യുന്നവരും, അതിനെ ഇഷ്ടപ്പെടുന്നവരും ആണെന്നും, അതിനാല്‍ പഴയകാല മനുഷ്യന്റെ മതമൂല്യങ്ങളും സ്വത്വബോധങ്ങളുമെല്ലാം അവര്‍ വലിച്ചെറിഞ്ഞ് സ്‌നേഹത്തിന്റെയും പുരോഗമനത്തിന്റെയും വഴികളിലേക്ക് അവര്‍ നടന്നുകയറുമെന്നുമുള്ള അങ്ങയുടെ ദീര്‍ഘവീക്ഷണം, അങ്ങയുടെ ഹൃദയത്തിന്റെ തെളിമ കാണിക്കുക മാത്രമല്ല, അങ്ങയുടെ വിജ്ഞാനങ്ങള്‍ സമഗ്രമായി കോര്‍ത്തിണക്കുന്നതില്‍ അങ്ങ് വിജയിച്ചുയെന്നു എനിക്ക് ബോധ്യപ്പെടുത്തിത്തരുന്ന ഒന്നായിരുന്നു.
എല്ലാവരിലും പരിമിതികളുണ്ട്, ഈ എന്നിലും അതെ… അതുകൊണ്ടു അന്വേഷണത്വര അതാണ് മനുഷ്യന്റെ യഥാര്‍ത്ഥ ഗുരു എന്ന് അങ്ങെന്നോടു പറഞ്ഞത് എന്നെ ഒരു ശാസ്ത്ര വിദ്യാര്‍ത്ഥിയാക്കുന്നതിനു വേണ്ടിയാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് .
പറയൂ ഗുരൂ ഇനിയെന്തെങ്കിലും ബാക്കിവെച്ചിട്ടുണ്ടോ എന്നോട് പറയാന്‍ …?
ശിഷ്യാ…
അറിവിനോടുള്ള നിന്റെയീ അടങ്ങാത്ത ദാഹം സത്യത്തില്‍ എന്നെ അഭിമാനിതനാക്കുന്നു. നീണ്ട ഇരുപത്തിനാലുവര്‍ഷത്തെ കാലയളവില്‍ ഒരിക്കല്‍പോലും നിനക്ക് ഞാന്‍ പറഞ്ഞുതന്നിട്ടില്ലാത്ത ഒരു കഥ ഞാന്‍ നീയുമായി പങ്കുവെക്കാം..
ഈ കഥ 68 വര്‍ഷങ്ങള്‍ക്കുമുമ്പ്, ഈ മഠത്തിലേക്ക് ഞാന്‍ യാത്ര തിരിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള രാത്രി മുത്തശ്ശി എന്നോട് പറഞ്ഞുതന്നതാണ്. അമ്മയെയും വീട്ടുകാരെയും വിട്ടുപിരിഞ്ഞു പോകുന്ന സങ്കടത്തില്‍ ദുഃഖിച്ചിരുന്ന എന്നെ, ഉറക്കാന്‍വേണ്ടി പറഞ്ഞുതന്ന വെറും ഒരു കെട്ടുകഥ മാത്രമായിരിക്കും അതെന്നു ഒരുപാടുനാള്‍ ഞാന്‍ തെറ്റിദ്ധരിച്ചു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്നെ ഉറക്കുന്ന ഒന്നല്ല മറിച്ചു ഉറക്കുകളില്‍നിന്നും ഉണര്‍ത്തുന്ന ഒരു ഭീതിപ്പെടുത്തുന്ന കഥയാണതെന്നു പിന്നീടാണ് എനിക്ക് ബോധ്യപ്പെട്ടത്.
ഗുരൂ…
എന്തായിരുന്നു ആ കഥ…?
ജീവിതാനുഭവങ്ങളും, വലിയ ആശയങ്ങളും, ശാസ്ത്രീയ അറിവുകളും, ലോകത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുമെല്ലാം അടുക്കിവെച്ചിട്ടുള്ള അങ്ങയുടെ മസ്തിഷ്‌കത്തില്‍, ഒരു കഥക്ക് ഇത്രയേറെ പ്രാധാന്ന്യമുണ്ടെങ്കില്‍ അത് വെറുമൊരു കഥയല്ല എന്ന് എനിക്ക് ഊഹിക്കാവുന്നതേയൊള്ളു.
പറയൂ ഗുരൂ … എന്താണ് ആ കഥയുടെ പേര്, ആരാണ് ആ കഥയിലെ നായകന്മാര്‍, എന്താണ് അതിനു ഇത്രയും വലിയ പ്രത്യേകത …?
ശിഷ്യാ …
അന്ന് ആ രാത്രിക്കു പതിവിലും കൂടുതല്‍ ഇരുട്ട് തോന്നിച്ചിരുന്നു. അച്ഛന്റെ പിടിവാശിക്കിരയായി നാളെ മുതല്‍ എനിക്ക് നഷ്ടപ്പെടാന്‍ പോകുന്ന എന്റെ കളിമൈതാനവും, ബന്ധുക്കളും സുഹൃത്തുക്കളുമൊത്തുള്ള കളിതമാശകളുമെല്ലാമൊര്‍ത്തു എന്റെ മനസ്സിന് വല്ലാത്ത ഭാരം തോന്നിയ രാത്രിയായിരുന്നു അത്. അന്നും പതിവുപോലെ മുത്തശ്ശി എന്റെ അരികിലേക്ക് വന്നു.
വാര്‍ധക്യത്തിന്റെ ചുക്കിചുളിവുകളും ജീവിതാനുഭവത്തിന്റെ മുദ്രകളും ആ മുഖത്തു തെളിഞ്ഞു കാണാമായിരുന്നുവെങ്കിലും, അവര്‍ അപ്പോഴും പ്രസന്നമായിത്തന്നെയിരുന്നു. അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട, അല്ലെങ്കില്‍ ആ വീട്ടില്‍ അവര്‍ക്കുള്ള ഒരേയൊരു പ്രേക്ഷകന് നാളെ മുതല്‍ ഇല്ലല്ലോ എന്നുള്ള സങ്കടം കടിച്ചുപിടിക്കാനും അത് മുഖത്തു തെളിയാതിരിക്കുവാനുമുള്ള കഴിവ് ഈ നാളുകള്‍ കൊണ്ടത്രയും അവര്‍ പരിശീലിച്ചു കാണണം.
സങ്കടം കൊണ്ട് മുഖം വാടിനിക്കുന്ന എന്റെ മുഖത്തുനോക്കി അവരൊന്ന് ചിരിച്ചു. എന്നിട്ട് തലമുടികളിലൂടെ വളരെ മൃദുവായി കൈവിരലുകള്‍ ചലിപ്പിച്ചുകൊണ്ട് അവര്‍ എന്നെ വിളിച്ചു
കണ്ണാ …
ഞാന്‍: ഉം
മുത്തശ്ശി: നീ പിണക്കമാണോ എന്നോട് …?
ഞാന്‍: ഉം
മുത്തശ്ശി: എന്ത് പറയാനാ …ചെറിയ മക്കളെ, മാതാപിതാക്കളില്‍ നിന്നും അകത്തിമാറ്റി കൊടുക്കുന്ന വിദ്യാഭാസമെല്ലാം പിന്നീട് അവര്‍ക്കു ദോഷം ചെയ്യുമെന്ന് ആവുന്നതും നിന്റെ അച്ഛനോട് ഞാന്‍ പറഞ്ഞു നോക്കി. പക്ഷെ, കടുപ്പമില്ലാത്ത വിശ്വാസിയെ തേടി കല്യാണം കഴിച്ച നിരീശ്വരവാദിയായ നിന്റെ അമ്മക്ക് തെറ്റുപറ്റി. കാലങ്ങള്‍ കൊണ്ട് അയാള്‍ കടുത്ത വിശ്വാസിയായി, അങ്ങോട്ട് പറയുന്നതൊന്നും അയാള്‍ കേള്‍ക്കാതെയും ആയി. അയാള്‍ വളരുന്ന സാഹചര്യം പഴയതില്‍ നിന്നും തീര്‍ത്തും മാറിയിരുന്നു എന്ന് പറയുന്നതാകും ശരി. ജോലിയില്ലാത്ത നിന്റെ അമ്മയ്ക്കും മുത്തശ്ശിക്കും അയാളെ കേള്‍ക്കുകയല്ലാതെ മറ്റുവഴികളൊന്നും ഇല്ലാതെയായി.
പാവം എന്റെ കൊച്ചു
കണ്ണാ …
ഉം
നിനക്കിന്നു അമ്മാമ ഒരു പുതിയ കഥ പറഞ്ഞുതരാം. ഇതുവരെ മുത്തശ്ശി പറഞ്ഞതില്‍ വെച്ചേറ്റവും ഭയപ്പെടുത്തുന്നതും ഇതുവരെ ഞാന്‍ ആര്‍ക്കും പറഞ്ഞുകൊടുത്തിട്ടില്ലാത്തതുമായ ഒരു കഥ. ഒരു കോട്ടയുടെ കഥ. അത് കെട്ടുകഴിയുമ്പോയേക്കും നീ ഉറങ്ങുമായിരിക്കും
ഞാന്‍: ഉം, പക്ഷെ അമ്മാമയെന്തെ ഇത്രയുംനാള്‍ ഇത്രയും ഭീകരവും ഭയപ്പെടുത്തുന്നതുമായ ഒരു കഥ എന്നോട് പറയാതിരുന്നേ …? ഈ കഥ മാത്രമെന്തേ ഇത്രയുംനാള്‍ മുത്തശ്ശി ആര്‍ക്കും പറഞ്ഞുകൊടുക്കാതെ സൂക്ഷിച്ചുവെച്ചേ …?
മുത്തശ്ശി: അത് പിന്നെ കണ്ണാ …
ഈ കഥ പറയാന്‍ പോലും പലരും ധൈര്യം കാണിക്കാറില്ല, കാരണം ഈ കഥ പറഞ്ഞതില്‍ പിന്നെ പലരും ഇവിടെ ജീവിച്ചിരിപ്പില്ല.
ഞാന്‍: അതെന്താ അങ്ങനെ …?
മുത്തശ്ശി : അതുപിന്നെ… ഈ കഥ പറഞ്ഞവരെയൊക്കെ, ഈ കൊട്ടക്കാര്‍ തേടിവരും, എന്നിട്ടു തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും അവസരം കിട്ടിയാല്‍ തല്ലികൊല്ലുകപോലും ചെയ്യും.
ഞാന്‍: അപ്പൊ ഈ കോട്ടയും കോട്ടക്കാരും എല്ലാം ശരിക്കുള്ളതാണോ …?
മുത്തശ്ശി: അതെ
ഞാന്‍: അപ്പൊ പിന്നെയെന്തിനാ അമ്മാമ ഇപ്പൊ ഈ കഥ പറയുന്നേ …? അമ്മാമക്ക് ഭയമില്ലേ…?
മുത്തശ്ശി: ഇത്രയും പ്രായമായ എന്നെയൊക്കെ അന്വേഷിച്ചു ഇനി ആര് വരാനാണ് …? ഇനി ആരെങ്കിലും വന്നാല്‍ എന്താണ് …?
പക്ഷെ ഈ കഥ പറയണമെങ്കില്‍ മുത്തശ്ശിക്ക് കണ്ണന്‍ ഒരു വാക്കുതരണം
ഞാന്‍: എന്താണത് ?
മുത്തശ്ശി: കണ്ണന്‍ ഈ കഥ ജീവിതത്തില്‍ ഏറ്റവും ഇഷ്ട്ടപെട്ട വിശ്വസ്തനായ ഒരാള്‍ക്ക് അയാള്‍ നിന്നെ വിട്ടുപിരിഞ്ഞു പോകുമ്പോള്‍ മാത്രമേ പറഞ്ഞു കൊടുക്കാവൂ
ഞാന്‍: അതെന്താ അങ്ങിനെ
മുത്തശ്ശി: എനിക്ക് നിന്നെ ഒത്തിരി ഇഷ്ടം ആയതുകൊണ്ട്.
ഞാന്‍: ശരി, സമ്മതിച്ചു
മുത്തശ്ശി: എത്രതരം കോട്ടയറിയാം കണ്ണന് ? പഴയകാല രാജാക്കന്മാര്‍ അവരുടെ ഭരണം നിലനിര്‍ത്താന്‍ പ്രജകളുടെ കൈകളില്‍നിന്നും കപ്പം വാങ്ങി നിര്‍മിച്ച ഭയപ്പെടുത്തുന്നതും ആഡംബര പൂര്‍ണ്ണവുമായ കോട്ടയെ കുറിച്ചറിയുമോ കണ്ണന് …?
ഞാന്‍: ഉം
മുത്തശ്ശി: തങ്ങളുടെ കൃഷി തോട്ടങ്ങളിലേക്കു കൂട്ടം കൂട്ടമായി ഇടയ്ക്കിടെ അതിക്രമിച്ചു കയറിയിരുന്ന നാടോടികളായ ജനതകളില്‍ നിന്ന് രക്ഷനേടാന്‍ വേണ്ടി സഹികെട്ടു തന്റെ പ്രദേശം മുഴുവന്‍ അടച്ചുറപ്പുള്ളതാക്കാന്‍ വലിയ മതിലുകള്‍ കെട്ടിയ ചൈനക്കാരുടെ കോട്ടയെ കുറിച്ചറിയുമോ കണ്ണന് …?
ഞാന്‍: ഉം
മുത്തശ്ശി: എന്നാല്‍ ഈ കോട്ട ഇതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമാണ്. ഈ കോട്ട ഇതുവരെ ആരും കണ്ടിട്ടില്ല. എന്നാല്‍ കോട്ടയെ കുറിച്ചാരെങ്കിലുമൊന്നു മിണ്ടിയാല്‍ കോട്ടക്കാര്‍ അവരെ തേടിവരും എന്നതുമാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. കോട്ടയ്ക്കുള്ളില്‍ ആര്‍ക്കും എപ്പോള്‍വേണമെങ്കിലും പ്രവേശിക്കാമെങ്കിലും, ഒരുവട്ടം അതില്‍ കയറിയവന് പിന്നീടൊരിക്കലും പുറത്തിറങ്ങാന്‍ പാടില്ല. ഈ കാടന്‍ നിയമങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട്, കോട്ടയെ കുറിച്ചും കോട്ടക്കുള്ളിലെ രഹസ്യങ്ങളെ കുറിച്ചും മറ്റുള്ളവര്‍ക്ക് അത്ര അറിയാനും കഴിഞ്ഞില്ല.
തുടക്കത്തില്‍ കോട്ട വളരെ ചെറുതായിരുന്നു. എങ്കിലും കോട്ടയ്ക്കുള്ളില്‍ പെറ്റുപെരുകിയ കുട്ടികള്‍ക്ക് കോട്ടയില്‍ നിന്ന് പുറത്തുവരാനുള്ള സ്വാതന്ത്ര്യം ഇല്ലാത്തതിനാലും, കോട്ടയ്ക്കുള്ളില്‍ തന്നെയുള്ളവര്‍ മറ്റു ജനങ്ങളെ കോട്ടയിലേക്ക് ക്ഷണിച്ചും വലിച്ചും പ്രണയിച്ചും കൊണ്ടുവന്നു എന്നതിനാലും, കോട്ടയില്‍ വ്യത്യസ്ത ഭാഷക്കാരും രാഷ്ട്രക്കാരും സംസ്‌ക്കാരക്കാരും വര്‍ണ്ണക്കാരുമെല്ലാമായി കോട്ട വളര്‍ന്നു പന്തലിച്ചു.
കോട്ടക്കാരുടെ എണ്ണം വളരെ തുച്ഛമായ പ്രദേശത്തു കോട്ടക്ക് വെളിയിലുള്ളവര്‍ അവരെ നന്നായി പരിചരിച്ചു എന്നതും, എന്നാല്‍ കോട്ടക്കാര്‍ കൂടുതലുള്ള പ്രദേശത്തു മറ്റുള്ളവരെ അവര്‍ അതുപോലെ നോക്കികണ്ടില്ലാ എന്നതും കോട്ടയുടെ വലുപ്പം കാലാനുസരണം വളരാന്‍ കാരണമായി. കോട്ടയ്ക്കുള്ളില്‍ ഒരുപാടു നിയമങ്ങള്‍ ഉണ്ടായിരുന്നു, അതെല്ലാം കൃത്യമായി പാലിക്കാന്‍ അംഗങ്ങള്‍ നിര്ബന്ധിതരാണെന്നും ഇല്ലങ്കില്‍ വ്യത്യസ്ഥ രീതിയിലുള്ള ശിക്ഷാമുറകള്‍ അവര്‍ നേരിടേണ്ടി വരുമെന്നതിനാല്‍ കോട്ടയുടെ നിയമങ്ങള്‍ മിക്കാവാറും തുടര്‍ന്നു പോന്നു.
കോട്ടയ്ക്കുള്ളില്‍ വ്യത്യസ്ത രാജ്യക്കാരും ഭാഷക്കാരും വര്‍ണക്കാരും എല്ലാമുണ്ടായിരുന്നു എന്ന് സൂചിപ്പിച്ചല്ലോ …അതിനാല്‍ തന്നെ അവര്‍ക്കിടയില്‍ വ്യത്യസ്ത ഗ്രൂപ്പുകള്‍ വളര്‍ന്നുവരാന്‍ അധികം നാളുകള്‍ വേണ്ടിവന്നില്ല. ഒരോ ഗ്രൂപ്പുകാരും അല്ലങ്കില്‍ ഗോത്രക്കാരും അവരാണ് യഥാര്‍ത്ഥ കോട്ടക്കാര്‍ എന്ന് അവകാശപെട്ടുകൊണ്ടേയിരുന്നു. ഓരോ ഗോത്രങ്ങള്‍ക്കും വ്യത്യസ്തമായ രീതിയിലുള്ള അവരുടേതായ നിയമങ്ങളും മാനദണ്ഡങ്ങളും അവിടെയുണ്ടായിരുന്നു.
ഓരോരോ ഗ്രൂപ്പുകളില്‍ പെട്ടവര്‍ മറ്റുള്ളവര്‍ക്ക് മേലെ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു എന്നതിനാല്‍ കോട്ടയ്ക്കുള്ളില്‍ പെട്ടവര്‍തന്നെ പരസ്പ്പരം അങ്ങോട്ടുമിങ്ങോട്ടും എന്നും കലഹിച്ചും തര്‍ക്കിച്ചും സമയം ചിലവഴിച്ചു എന്നതാണ് വാസ്തവം. ഒരു പ്രാവശ്യം ഏതെങ്കിലുമൊരു ഗ്രൂപ്പിന് ഈ കോട്ടയുടെ വല്ല പ്രദേശത്തും ആധിപത്യം ലഭിച്ചാല്‍, മറ്റൊരു ഗ്രൂപ്പ് അവിടെ സമാനമായ ശക്തിയായി വളരുന്നതുവരെ അവരുടെ ഗോത്രത്തില്‍ പെടാത്തവരെയെല്ലാം അവര്‍ ഒറ്റയായും തെറ്റയായും അക്രമിച്ചുകൊണ്ടേയിരുന്നു.
ഗോത്രങ്ങള്‍ക്കു ഇത്രയേറെ പ്രാധാന്യം ഉള്ളതിനാല്‍ ഓരോരോ ഗോത്രനേതാക്കന്മാര്‍ക്കും കോട്ടയ്ക്കുള്ളില്‍ വലിയ പ്രാധാന്യം ഉണ്ടായിരുന്നു. അവരെല്ലാം എക്കാലത്തും ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്ത രീതിയിലേക്ക് വളരുകയും അവരെ ചോദ്യം ചെയ്യല്‍ പാപമാണെന്നു വിശ്വസിപ്പിക്കുകയും ചെയ്തതിനാല്‍ ഓരോ ഗോത്ര നേതാവിനെയും ആദരിക്കലും ബഹുമാനിക്കലും ആ ഗോത്രത്തിലെ ആളുകളുടെ ബാധ്യതയായി മാറി എന്നുവേണം പറയാന്‍. കോട്ടയ്ക്കുള്ളില്‍ അവര്‍ പരസ്പ്പരം തര്‍ക്കിച്ചും ശണ്ഠകൂടിയും സമയം കളഞ്ഞെങ്കിലും, കോട്ടക്ക് പുറത്തുനിന്നുവരുന്ന ആക്രമണത്തെയും കോട്ടയുടെ മൂല നിയമങ്ങളെ ചോദ്യം ചെയ്യുന്നവരെയും അവര്‍ ഒറ്റകെട്ടായി നേരിട്ടു. ഇതുകൊണ്ടൊക്കെ കോട്ടയെ കുറിച്ച് പറയാനും അതില്‍ നിന്ന് പുറത്തിറങ്ങാനും ആളുകള്‍ ഭയന്നു.
കാലം പിന്നെയും ഒരു പാട് മുന്നോട്ടു പോയി … കോട്ടയ്ക്കുള്ളില്‍ അവര്‍ കൊന്നിട്ട ആടിന്റേയും പോത്തിന്റെയും ഇഴജന്തുക്കളുടെയും പല്ലികളുടേയും ശവങ്ങളും, ആര്‍ത്തവ രക്തത്തിന്റെയും മനുഷ്യ രക്തത്തിന്റെയും ദുര്‍ഗന്ധവും അപ്പോഴേക്കും അവിടെയാകെ പരന്നിരുന്നു. സഹിക്കവയ്യാതെ കോട്ടയ്ക്കുള്ളില്‍ നിന്ന് ‘ഇതെല്ലാം തൂത്തു വൃത്തിയാക്കണ്ടേ്’ എന്ന് ചോദിച്ചവരോട് ഇതാണ് യഥാര്‍ത്ഥ സുഗന്ധമെന്നും കോട്ടക്ക് പുറത്തുള്ള ഗന്ധമെല്ലാം ദുര്‍ഗന്ധമാണെന്നും മുഷ്ട്ടിച്ചുരുട്ടി കൊണ്ട് അവര്‍ പറഞ്ഞു കൊണ്ടേയിരുന്നു. മറ്റു കോട്ടക്കാര്‍ അവരുടെ കോട്ടകള്‍ വ്യര്‍ത്തിയാക്കുമ്പോഴും, കോട്ടനിര്‍മിച്ചവര്‍ കൊണ്ടുവന്ന നിയമങ്ങളെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും, അതിലാണ് കോട്ടയുടെ ഭംഗിയും ശക്തിയും കിടക്കുന്നതു എന്നും അവര്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു.
കോട്ടയുടെ നിയമങ്ങള്‍ കൂടുതല്‍ പഠിച്ചവര്‍ക്ക് മാത്രമാണ് കോട്ടയില്‍ വലിയ സ്ഥാനമാണളുള്ളത്. അതിനാല്‍ പുതിയ ചിന്താഗതിക്കാര്‍ക്കും കോട്ടയുടെ നിയമങ്ങള്‍ക്കപ്പുറം മറ്റുനിയമങ്ങള്‍ പഠിച്ചവര്‍ക്കും കോട്ടയില്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുന്നതില്‍ പരിമിതികളുണ്ടായിരുന്നു.
അങ്ങനെ കാലങ്ങള്‍കൊണ്ട് ഈ കോട്ട ഒരു രാക്ഷസ കോട്ടയെപ്പോലെ തോന്നിച്ചു. കോട്ടക്കുപുറത്തുള്ളവര്‍ എന്നും ഇതിനെ അതീവ നിഗൂഢമായും ഭീഷണിയായും നോക്കിക്കണ്ടു. ഇതുകണ്ട് ഭയന്നു മറ്റു ചില കോട്ടക്കാര്‍ അവരുടെ കോട്ടയും ശക്തിപ്പെടുത്തി.ചിലരെങ്കിലും ഈ കോട്ടക്കകത്തുനിന്നും രഹസ്യമായി പുറത്തിറങ്ങിയെങ്കിലും കോട്ടയെ കുറിച്ച് മിണ്ടാന്‍ അവരും ഒരുക്കമായിരുന്നില്ല.
കോട്ടക്കരികിലൂടെ നടന്നേവരെല്ലാം ദുര്‍ഗന്ധം കാരണം മൂക്ക് പൊത്തിപ്പിടിച്ചു നടന്നു. നായകളുടെയും പന്നികളുടെയും അടിമസ്ത്രീകളുടെയും കാമുകന്മാരുടെയും കാമുകിമാരുടെയും ആണ്‍കുഞ്ഞുങ്ങളുടെയും പെണ്‍കുഞ്ഞുങ്ങളുടെയും കന്യകമാരുടെയും വാവിട്ടുള്ള കരച്ചില്‍ കേട്ട് ചിലരെങ്കിലും കോട്ടവാതില്‍ മുട്ടിനോക്കി. അവരോടെല്ലാം നിങ്ങള്‍ നിങ്ങളുടെ കോട്ട നോക്കൂ എന്ന് പറഞ്ഞുകൊണ്ട് കണ്ണുരുട്ടി ബലമായി അവര്‍ കോട്ടയുടെ വാതിലുകള്‍ അടച്ചു. ചിലര്‍ ഇതൊന്നും കണ്ടതോ കേട്ടതോ ഇല്ലെന്നമട്ടില്‍ ഒഴിഞ്ഞു മാറി നടന്നു. മറ്റു ചിലരാകട്ടെ കോട്ടക്ക് വേണ്ടി കയ്യടിക്കുക പോലും ചെയ്തു. അതില്‍ അവര്‍ക്കു ചില നേട്ടങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ് സത്യം.
കണ്ണാ …
ഈ കഥ കേട്ടിട്ട് നിനക്ക് എന്ത് തോന്നുന്നു …?
ഭയം തോന്നുന്നു അമ്മാമേ… ഈ രാക്ഷസക്കോട്ട എവിടെയാണുള്ളത് …? എനിക്കൊന്നു കാണാന്‍ പറ്റുമോ …?
മുത്തശ്ശി: ഇല്ല
ഞാന്‍: അതെന്താ …?
മുത്തശ്ശി: ഞാന്‍ മുമ്പ് പറഞ്ഞല്ലോ ഈ കോട്ട എവിടെയുമില്ല, ആര്‍ക്കും കാണാനും കഴിയില്ല എന്നാലത് എല്ലായിടത്തുമുണ്ട് .അതാണ് അതിന്റെ ഏറ്റവും വലിയ പ്രതേകതയും. അതിലേറെ വലിയ തമാശയെന്തെന്നാല്‍ തങ്ങളെല്ലാം ഒരു വലിയ കോട്ടയ്ക്കുള്ളില്‍ ആണെന്ന് കോട്ടക്കാര്‍ അറിയുന്നുപോലുമില്ല എന്നതാണ്. അത് അറിഞ്ഞവരെല്ലാം കോട്ടയുടെ പിന്‍വാതിലുകളിലൂടെയും മുന്‍വാതിലുകളിലൂടെയും ഇറങ്ങി തുടങ്ങി.
ഞാന്‍: അപ്പോള്‍ അമ്മാമക്ക് ഈ നിഗൂഢ കോട്ടയുടെ കഥ ആര് പറഞ്ഞു തന്നതാ …?
മുത്തശ്ശി: ആഹാ ,അതോ … ഞാനും പണ്ടൊരിക്കല്‍ കൊട്ടക്കാരന്‍ ആയിരുന്നില്ലേ …?
ഞാന്‍: അപ്പൊ അമ്മാമയെ തേടി അവരാരും വന്നില്ലേ ഇതുവരെ ..?
മുത്തശ്ശി: ഇല്ല …ഇനി വരുമായിരിക്കും,മിണ്ടിത്തുടങ്ങോയില്ലേ
ശിഷ്യാ… ഈ കഥ കേട്ടിട്ട് നിനക്കെന്തു തോന്നുന്നു …?
ഗുരൂ… അങ്ങ് നല്ലൊരു കാഥികന്‍ ആണെന്ന്.
പിന്നെ എന്ത് തോന്നുന്നു …?
ഓരോരോ സ്ത്രീകളും ഒരുപാട് രഹസ്യങ്ങളുടെ കലവറയാണെന്നു.
മിടുക്കന്‍ പിന്നെ …?
ഗുരൂ അങ്ങേക്കും ജീവിതം മടുത്തു തുടങ്ങിയെന്നു
ബുദ്ധിമാന്‍! ഇനി നമുക്ക് പിരിയാം