എന്‍ഡോസള്‍ഫാനും സുപ്രീം കോടതി വിധിയും വസ്തുതകളും; ഡോ കെ എം ശ്രീകുമാര്‍ എഴുതുന്നു


‘എന്‍ഡോസള്‍ഫാന്‍ പ്രശ്നം ഒരു വിശുദ്ധപശുവാകുന്നു. ഒരാളും തൊടാന്‍ ധൈര്യപ്പെടാത്ത വിശുദ്ധ പശു. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇത് കെട്ടുകഥയാണെന്ന് പറയാന്‍ ധൈര്യപ്പെട്ടിട്ടില്ല. ഏതു പത്രക്കാരനും എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തിന്റെ സത്യവസ്ഥ എഴുതാനിറങ്ങിയാല്‍ കൈവിറക്കും. അവരുടെ ജോലി തെറിക്കും. ഏകപക്ഷീയമായ വാദങ്ങള്‍ സമര്‍പ്പിക്കുകവഴി സുപ്രീം കോടതിയെപ്പോലും കബളിപ്പിച്ചാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത് ‘ – ഡോ കെ എം ശ്രീകുമാര്‍ എഴുതുന്നു
എന്‍ഡോസള്‍ഫാന്‍: കേരളം കണ്ട എറ്റവും വലിയ കെട്ടുകഥ!

എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ ഡി.വൈ.എഫ്.ഐ. കൊടുത്ത കേസില്‍ ഇരകളെന്നു പറയപ്പെടുന്നവര്‍ക്ക് അനുകൂലമായി 2016 ല്‍ തന്നെ സുപ്രിംകോടതി വിധിച്ചിരുന്നു. പീഡിതമുന്നണികള്‍ കൂടിച്ചേര്‍ന്ന് കൊടുത്ത കേസില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളായിരുന്നു എതിര്‍കക്ഷികള്‍. മാറിമാറി ഭരിച്ച സംസ്ഥാന സര്‍ക്കാരുകള്‍ക്കെല്ലാം തന്നെ ഈ വിഷയത്തില്‍ ഡി.വൈ.എഫ്.ഐയുടെ നിലപാടുതന്നെയായിരുന്നു. കൂടാതെ ഈ വിഷയത്തില്‍ ഒരു റിപ്പോര്‍ട്ടുണ്ടാക്കിയ അന്നത്തെ എന്‍ഡോസള്‍ഫാന്‍ സെല്‍ അസി-നോഡല്‍ ഓഫീസറായിരുന്ന ഡോ. അഷീലിന്റെയും ആരോഗ്യവകുപ്പിന്റെയും അഭിപ്രായം എന്‍ഡോസള്‍ഫാന്‍ തളി, ആയിരക്കണക്കിന് ജനങ്ങളില്‍ നൂറുകണക്കിന് രോഗങ്ങളുണ്ടാക്കി എന്നുതന്നെ ആയിരുന്നു.

എല്ലാം തെറ്റായ റിപ്പോര്‍ട്ടുകള്‍

കീടനാശിനികളെക്കുറിച്ച് കോടതിക്കും ഭരണാധികാരികള്‍ക്കും സര്‍വ്വോപരി പൊതുജനത്തിനും നിരവധി തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നതിനാല്‍, കീടങ്ങളെ നിയന്ത്രിക്കാനുള്ള ഗാഢതയില്‍ തളിച്ച ഒരു കീടനാശിനി നൂറുകണക്കിന് രോഗങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട് എന്ന മിഥ്യാധാരണ പ്രബലമായിരുന്നു. പ്രത്യേകിച്ചും വായുമാര്‍ഗ്ഗേണ തളിക്കുമ്പോള്‍. എതിര്‍ക്കാന്‍ എതിര്‍കക്ഷികള്‍ ഇല്ലാത്തതുകൊണ്ടുതന്നെ കോടതിയില്‍ ശക്തമായ എതിര്‍വാദങ്ങള്‍ ഉന്നയിക്കപ്പെടുകയോ ഈ പ്രശ്നം വേണ്ട രീതിയില്‍ ചര്‍ച്ചചെയ്യപ്പെടുകയോ ഉണ്ടായിട്ടില്ല.

ഡോ: അഷീലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതുമൂലമുണ്ടായ വിഷബാധ, കീടങ്ങള്‍ക്കും മറ്റു ജീവികള്‍ക്കും ഉണ്ടായ വിഷബാധ, മനുഷ്യകോശ കള്‍ച്ചറുകളിലെ മാറ്റം തുടങ്ങിയ നിരവധി അപ്രസക്ത വിവരങ്ങളാണ് സമര്‍പ്പിക്കപ്പെട്ടത്. വളരെ പ്രസക്തമായ എപ്പിഡെമിയോളജി പഠനങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല.

ആഫ്രിക്കയിലും ആസ്ട്രേലിയയിലും ജനവാസ പ്രദേശങ്ങളില്‍ വായുമാര്‍ഗ്ഗേണ തളിച്ചതിനു ശേഷമുള്ള പഠനങ്ങള്‍, സ്പെയിനിലും ഫിന്‍ലാന്‍ഡിലും സ്വീഡനിലും നടത്തിയ എപ്പിഡെമിയോളജി പഠനങ്ങള്‍, എന്‍ഡോസള്‍ഫാന്‍ ദീര്‍ഘകാലം ഉപയോഗിക്കാന്‍ അനുമതി നല്‍കിയ ആസ്ട്രേലിയന്‍ പെസ്റ്റിസൈഡ്സ് ആന്റ് വെറ്റിനറി മെഡിസില്‍ അതോറിറ്റി, ന്യൂസിലാന്‍ഡ്, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയിലെ കീടനാശിനി നിയന്ത്രണ അതോറിറ്റികള്‍ തുടങ്ങിയവയുടെ നിലപാടുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിരുന്നില്ല.

ഉഷ്ണമേഖലാ പ്രദേശത്ത് മണ്ണിലും വെള്ളത്തിലും വായുവിലും കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എന്‍ഡോസള്‍ഫാന്‍ വിഘടിച്ചു നിര്‍വീര്യമാകും എന്ന വസ്തുതയും ഒഴിവാക്കപ്പെട്ടു. എറ്റവും പ്രധാനമായി കീടനാശക ഗാഢത മനുഷ്യന് ഒരു സ്ഥിരമായ ആരോഗ്യപ്രശ്നവും ഉണ്ടാകാത്ത മാത്രയാണ് എന്ന അടിസ്ഥാനതത്വവും കോടതിയില്‍ ഹാജരാക്കപ്പെട്ടേയില്ല. ഇങ്ങനെ ഏകപക്ഷീയമായ വാദങ്ങള്‍ സമര്‍പ്പിക്കുകവഴി അത്യുന്നത കോടതിയെ കബളിപ്പിക്കുകയായിരുന്നു. ലോകത്തെങ്ങും 50-60 വര്‍ഷങ്ങളോളം ടണ്‍ കണക്കിന് ഉപയോഗിച്ചിട്ടുള്ള ഒരു കീടനാശിനി, അതും പഴങ്ങളിലും പച്ചക്കറികളിലും ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ഒരു കീടനാശിനി, വായുമാര്‍ഗേണ തളിക്കുക വഴി ഒരു ഉഷ്ണമേഖല പ്രദേശത്ത്, അതും ഒരു ഹെക്ടറില്‍ 30 കോടി ലിറ്റര്‍ മഴ പെയ്യുന്ന പ്രദേശത്ത് ആയിരക്കണക്കിന് പേര്‍ക്ക് നൂറുകണക്കിന് രോഗങ്ങളുണ്ടായി എന്ന കഥ കേവലം കെട്ടുകഥയാണെന്ന് സ്ഥാപിക്കാന്‍ നിരവധി തെളിവുകളുണ്ടായിട്ടും സംസ്ഥാന സര്‍ക്കാറിന്റെ അഭിഭാഷകര്‍ അതു കോടതിയില്‍ വേണ്ടതുപോലെ അവതരിപ്പിച്ചിട്ടില്ല എന്നതായിരിക്കാം ഇങ്ങനെ വിധിക്കുവാന്‍ കോടതിയെ പ്രേരിപ്പിച്ചത്.

എന്‍ഡോസള്‍ഫാന്‍ നിരവധി രാജ്യങ്ങള്‍ നിരോധിക്കാന്‍ കാരണം അതൊരു സ്ഥാവര കാര്‍ബണിക വിഷമാണ് എന്നത് കൊണ്ടാണെന്നും ലോകത്തു ഒരുസ്ഥലത്തുപോലും അത് ഉപയോഗിക്കുക വഴി സ്ഥിരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല കാസര്‍കോട്ടല്ലാതെ, എന്നതും ചര്‍ച്ച ചെയ്യപെട്ടിട്ടില്ല.

മൂലക്കുരുപോലും എന്‍ഡോസള്‍ഫാന്റെ പേരില്‍

മുട്ടുവേദനയും മൂലക്കുരുവുമടക്കം നൂറുകണക്കിന് രോഗങ്ങള്‍ എന്‍ഡോസള്‍ഫാന്റെ പേരിലാക്കിയ 2010 -2013 ലെ ആദ്യഘട്ട മെഡിക്കല്‍ ക്യാമ്പുകളില്‍, ഒരാളെ എന്‍ഡോസള്‍ഫാന്‍ രോഗിയാക്കുവാന്‍ യാതൊരുവിധ മാനദണ്ഡവും വിദഗ്ധ ഡോക്ടര്‍മാരെന്നു പറയപ്പെടുന്നവര്‍ പാലിച്ചിരുന്നില്ല എന്നത് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ബോധിപ്പിച്ചതേയില്ല. യഥാര്‍ത്ഥത്തില്‍ ആ ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ ഡോക്ടര്‍മാരെയും കോടതി കയറ്റേണ്ടതാണ്. മെഡിക്കല്‍ സയന്‍സിന്റെ ‘തെളിവധിഷ്ഠിതമായ കാര്യകാരണ ബന്ധം’ എന്ന അടിസ്ഥാന തത്വമാണ് അവര്‍ കാറ്റില്‍ പറത്തിയത്.

2013ല്‍ തട്ടിക്കൂട്ടിയ മാനദണ്ഡങ്ങളാകട്ടെ ജില്ലാതലത്തില്‍ മാത്രം ഉണ്ടാക്കിയതും അശാസ്ത്രീയവും സംസ്ഥാന സര്‍ക്കാറിന്റെ ഒരു വിദഗ്ദപാനല്‍ പോലും അംഗീകരിക്കാത്തതുമാണെന്ന വിവരവും കോടതിയില്‍ ബോധിപ്പിച്ചിട്ടില്ല. കേവലം ഒരെലിയെപോലും കൊല്ലാന്‍ തക്ക ഗാഢതയില്ലാത്ത എന്‍ഡോസള്‍ഫാന്‍ ലായനിയുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ വിഷബാധമൂലം 734 പേര്‍ മരണപ്പെട്ടു എന്ന ആരോഗ്യവകുപ്പിന്റെ നിലപാട് ടോക്സിക്കോളജി എന്ന ശാസ്ത്രശാഖയുടെ അടിസ്ഥാന തത്വങ്ങള്‍ക്കു തന്നെ എതിരാണ്. അത് ആരോഗ്യവകുപ്പിനു തീര്‍ത്താലും തീരാത്ത നാണക്കേടിനു വഴിയൊരുക്കി എന്നതും ചര്‍ച്ചചെയ്യപ്പെട്ടില്ല. മരിച്ച 734 പേരുടെയും രക്തമോ കൊഴുപ്പോ മറ്റെന്തെങ്കിലും സ്രവമോ പരിശോധിച്ച് എന്‍ഡോസള്‍ഫാന്റെ അവശിഷ്ട വീര്യം നിര്‍ണ്ണയിക്കുകയോ പോസ്റ്റുമോര്‍ട്ടം നടത്തുകയോ ചെയ്തിട്ടില്ല. മരണമെല്ലാം എന്‍ഡോസള്‍ഫാന്റെ ചെലവില്‍. എല്ലാം സര്‍ട്ടിഫൈ ചെയ്യാന്‍ ഒരു ലജ്ജയുമില്ലാത്ത ഡോക്ടര്‍മാരും.

2016 ല്‍ വിജിലന്‍സ് വകുപ്പിന്റെ കേവലം പ്രാഥമികമായ പരിശോധന തന്നെ നിരവധി അനര്‍ഹരെ പുറത്ത്കൊണ്ടുവന്നുവെന്നും ഇനിയും അനര്‍ഹരുണ്ടാകുമെന്നും (യഥാര്‍ത്ഥ അര്‍ഹര്‍ ആരും തന്നെയില്ലല്ലോ) അതുകൊണ്ട് ഒരു പുനഃപരിശോധന ക്യാമ്പ് നടത്തണമെന്നും സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ പറഞ്ഞേയില്ല. കാസര്‍ഗോഡ് മുന്‍ ജില്ലാ കലക്ടര്‍ ഡോ: സജിത്ത്ബാബു നടത്തിയ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ധനസഹായം വന്‍തോതില്‍ ദുരുപയോഗപ്പെടുത്തുന്നുവെന്നും സംസ്ഥാന ആരോഗ്യവകുപ്പും മംഗലാപുരത്തെ ചില സ്വകാര്യ ആശുപത്രികളും തമ്മില്‍ ഒരു അവിശുദ്ധ ബന്ധം ഉണ്ട് എന്ന് കാണിക്കുന്ന ചില സൂചനകളുണ്ടെന്നും, മരിച്ച ആള്‍ക്കാര്‍ പിന്നീട് നടത്തിയ മെഡിക്കല്‍ ക്യാമ്പുകളില്‍ ഹാജരായി എന്നൊക്കെയുള്ള അത്ഭുതങ്ങള്‍ നടന്നിട്ടുണ്ടെന്നും (കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളില്‍ ഇത് ഓരോ തെരഞ്ഞെടുപ്പിലും പതിവുള്ളതാണ് എന്നതിനാല്‍ വലിയ അത്ഭുതമൊന്നുമില്ല) ആകയാല്‍ ദുരിതബാധിതരെന്നു പറയപ്പെടുന്നവരെ സമൂലം പരിശോധനയ്ക്ക് വിധേയരാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചില്ല. ഇതൊക്കെ കാണിച്ചുകൊണ്ട് സര്‍ക്കാര്‍ ഒരു റിവ്യൂ പെറ്റീഷന്‍ കൊടുക്കുവാന്‍ ആലോചിച്ചിരുന്നു. പക്ഷെ പിന്നീട് വേണ്ടെന്നു വെക്കുകയാണുണ്ടായത്. പാവപ്പെട്ട നികുതിദായകന്റെ പൈസ എടുത്ത് സര്‍വ്വാണി സദ്യ വിളമ്പിയാല്‍ വോട്ടുകിട്ടുമെങ്കില്‍ അതാകാമല്ലോ. ( സര്‍ക്കാരിന്റെ അഞ്ചുപൈസപോലും ദുരുപയോഗം ചെയ്യരുത് എന്ന കാര്യത്തില്‍ ജാഗ്രത പുലര്‍ത്തിയ ആ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് എവിടെയോ പൊടിപിടിച്ചു കിടക്കുന്നുണ്ടാകും)

മണ്ണാര്‍ക്കാട്ട് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല

2014-15 കാലത്ത് സര്‍ക്കാര്‍ തന്നെ സംസ്ഥാനത്തെ ഓരോ വാര്‍ഡിലുമുള്ള 22 തരം മാനസിക-ശാരീരിക രോഗങ്ങളുള്ളവരുടെ സമഗ്ര സര്‍വ്വേ നടത്തി എണ്ണം ശേഖരിച്ചിരുന്നു. ഡിസബിലിറ്റി സെന്‍സസ് 2015 എന്ന പേരില്‍ ഇതിന്റെ റിപ്പോര്‍ട്ട് സാമൂഹ്യ നീതി വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. (https://www.scribd.com/document/528623385/Disability-Census-Kerala-2015-Report)

ഈ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ 7,11 227 കുടുംബങ്ങളിലായി 7,75,723 അംഗപരിമിതരെ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളില്‍ ഈ 22 തരം രോഗങ്ങളുടെയും, പൊതുവേ എന്‍ഡോസള്‍ഫാന്‍ പ്രദര്‍ശന സമരപന്തലുകളില്‍ കാണിക്കുന്ന എല്ലാത്തരം രോഗങ്ങളുടെയും, പ്രാബല്യത്തില്‍ വ്യത്യാസമില്ല എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിട്ടേയില്ല. ഈ റിപ്പോര്‍ട്ടിലെ ഡാറ്റ അപഗ്രഥിച്ചുകൊണ്ട് എന്‍ഡോസള്‍ഫാന്‍ തളിക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ കശുമാവിന്‍ തോട്ടങ്ങള്‍ക്കു സമീപമുള്ള 48 വാര്‍ഡുകളിലും അകലെയുള്ള 115 വാര്‍ഡുകളിലും 17 തരം ശാരീരിക-മാനസിക വൈകല്യങ്ങളുടെ പ്രാബല്യം ഒരേ പോലെയാണ് എന്ന് കാണിക്കുന്ന എക്കണോമിക്ക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ വന്ന (ഇ.പി. ഡബ്ലു ഒക്ടോബര്‍ 9, 2021) ഗവേഷണ പ്രബന്ധം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിട്ടേയില്ല. (https://www.scribd.com/document/557575760/K-M-Sreekumar-and-KD-Prathapan-An-evidence-based-inquiry-in-to-endosulfan-tragedy-kerala)

അതു സമര്‍പ്പിച്ചാല്‍ സംസ്ഥാന സര്‍ക്കാറിന്റെ ഇതേവരേയുള്ള സകല വാദങ്ങളും പൊളിയുമല്ലോ. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ മണ്ണാര്‍ക്കാട് എസ്റ്റേറ്റില്‍ 15 കൊല്ലം വായുമാര്‍ഗ്ഗേണ എന്‍ഡോസള്‍ഫാന്‍ തളിച്ചിരുന്നു. അവിടെ അസാധാരണ ആരോഗ്യ പ്രശ്നങ്ങളില്ല. കൃഷിവകുപ്പിന്റെ മള്‍ട്ടിസ്റ്റേറ്റ് കാഷ്യൂ പ്രൊജക്ടില്‍ എന്‍ഡോസള്‍ഫാന്‍ പത്തുകൊല്ലം (1979-88) കേരളത്തിലെ വീട്ടുപറമ്പുകളിലുള്ള കശുമാവുകളിലടക്കം തളിച്ചിരുന്നു. എന്നിട്ട് ഒരു ആരോഗ്യപ്രശ്നം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടേയില്ല.

എന്‍ഡോസള്‍ഫാന്‍ എന്ന വിശുദ്ധപശു

എന്‍ഡോസള്‍ഫാന്‍ പ്രശ്നം ഒരു വിശുദ്ധപശുവാകുന്നു. ഒരാളും തൊടാന്‍ ധൈര്യപ്പെടാത്ത വിശുദ്ധ പശു. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇത് കെട്ടുകഥയാണെന്ന് പറയാന്‍ ധൈര്യപ്പെട്ടിട്ടില്ല. ഏതു പത്രക്കാരനും എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തിന്റെ സത്യവസ്ഥ എഴുതാനിറങ്ങിയാല്‍ കൈവിറക്കും. അവരുടെ ജോലി തെറിക്കും. മാനസിക-ശാരീരികവൈകല്യമുള്ള കുട്ടികളായ രോഗികളെയും വെയിലത്തിരുത്തി പ്രദര്‍ശന സമരം നടത്തുന്ന പീഡിതമുന്നണി നേതാക്കന്മാരെ കണ്ടാല്‍ ബാലാവകാശ കമ്മീഷന് മുട്ട് വിറക്കും. അവരുടെ മൂക്കിന് തൊട്ടു താഴെയാണല്ലോ പണ്ടൊക്കെ ഉത്സവ പറമ്പില്‍ ഭിക്ഷാടന മാഫിയ കൊണ്ടിരുത്തിയ പോലെ ഈ കുട്ടികളെ കൊണ്ടിരുത്തി എത്രയോ തവണ പീഡിത മുന്നണിക്കാര്‍ പ്രദര്‍ശന സമരം നടത്തിയത്. ഭിന്നശേഷിയുള്ള കുട്ടികളെ കാണിച്ചുകൊണ്ട് വൈകാരികമായി ഭീഷണിപ്പെടുത്തി സംസ്ഥാന സര്‍ക്കാരിന്റെ കയ്യില്‍ നിന്നും മോചനദ്രവ്യം പിടുങ്ങലായിരുന്നു ഓരോ സമരവും. അതേ ഭിന്നശേഷിയുള്ള കുട്ടികള്‍ കേരളമെങ്ങുമുണ്ടെന്നു സ്ഥിതി വിവരക്കണക്കുകള്‍ കാണിച്ചാലും, കണ്മുന്നില്‍ കാണിക്കുന്ന ഇമേജുകള്‍ക്ക് ജനങ്ങളെ വൈകാരികമായി സ്വാധീനിക്കുവാന്‍ കഴിയുമെന്ന് പീഡിത മുന്നണി നേതാക്കള്‍ക്ക് നന്നായി അറിയാം. മറ്റു ജില്ലക്കാരാരുംതന്നെ ഇങ്ങനെ പ്രദര്‍ശന സമരം നടത്താന്‍ തുനിയുകയില്ലെന്നും അവര്‍ക്കറിയാം.

സ്വന്തം റിപ്പോര്‍ട്ടിങ് തെളിവധിഷ്ഠിതമാകുക, കഥയുടെ മറുവശം കൂടി ജനങ്ങളിലേക്കെത്തിക്കുക എന്നീ മിനിമം മാധ്യമ ധാര്‍മ്മികത പോലുമില്ലാത്ത മാധ്യമങ്ങളും വൈദ്യനൈതികതയും ഗവേഷണ നൈതികതയും പ്രൊഫഷണലിസവുമില്ലാത്ത ഡോക്ടര്‍മാരും അതി വൈകാരികത മാത്രമറിയാവുന്ന സാഹിത്യകാരന്‍മാരും വളര്‍ത്തി വലുതാക്കിയ ഒരു വിശുദ്ധപശുവാണ് എന്‍ഡോസള്‍ഫാന്‍.

പാവപ്പെട്ട ഇരകള്‍ക്ക് ലക്ഷക്കണക്കിന് രൂപ സുപ്രിംകോടതി വിധിപ്രകാരം കിട്ടിയെന്ന് ആശ്വസിക്കുവര്‍ അറിയേണ്ടുന്ന ഒരു പാട് കാര്യങ്ങളുണ്ട്. കൃത്യമായ തെളിവുകളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലല്ലാതെ കൊടുക്കുന്ന ധനസഹായം ഗുണത്തിലധികം ദോഷമാണുചെയ്യുക. അത് സമൂഹത്തില്‍ അസമത്വം വളര്‍ത്തും. മുട്ടുവേദനയും രക്തസമ്മര്‍ദ്ദവും പോലുള്ള രോഗങ്ങളുള്ള എന്‍ഡോസള്‍ഫാന്‍ രോഗികളെക്കാള്‍ എത്രയോ ഗൗരവമായ രോഗങ്ങളുള്ള, അതേ സമയം തീരെ പാവപ്പെട്ടവരായ രോഗികള്‍ ഈ സംസ്ഥാനത്തുണ്ട്!. ചികിത്സ നടത്തി കുത്തുപാള എടുത്തവര്‍. അംഗപരിമിത സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം പ്രതിമാസം മൂവായിരം രൂപയ്ക്കു മുകളില്‍ പ്രതിശീര്‍ഷ ചെലവുള്ള അംഗപരിമിത കുടുംബങ്ങള്‍ കേരളത്തില്‍ 46,989 എണ്ണം ഉണ്ട് അവര്‍ക്കെല്ലാം വളരെ ചെറിയ സഹായം മാത്രം. എന്‍ഡോസള്‍ഫാന്‍ ബാധിതമെന്നു വിധിയെഴുതിയ പഞ്ചായത്തിലെ ഒരു മുട്ടുവേദനരോഗിക്ക് സൗജന്യവിദഗ്ധ ചികില്‍സയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പോകാന്‍ ആംബുലന്‍സ് സൗകര്യവും, സൗജന്യറേഷനും ഓണസമ്മാനവും മറ്റ് സൗജന്യങ്ങളും ലഭിക്കുമ്പോള്‍ തൊട്ടപ്പുറത്തുള്ള പഞ്ചായത്തിലെ ഒരു പാവപ്പെട്ട ഹൃദ്രോഗിക്കോ വൃക്കരോഗിക്കോ ഇതൊന്നും സര്‍ക്കാര്‍ ലഭ്യമാക്കുന്നില്ല.

രോഗപ്രതിരോധ ചികിത്സയും കമ്മ്യൂണിറ്റി മെഡിസിനും ശക്തിപ്പെടുത്തി രോഗാതുരത കുറയ്ക്കുവാന്‍ ചെലവു ചെയ്യുന്നതിന് പകരം അനര്‍ഹരായ കുറച്ച്പേര്‍ക്ക് വലിയ തുക കൊടുക്കുക വഴി സമൂഹത്തിലെ രോഗാതുരത നിലനിര്‍ത്തപ്പെടുകയാണ്. 2007- 10 കാലത്ത് രോഗികള്‍ക്ക് സൗജന്യ മരുന്ന് കൊടുത്തുകൊണ്ടിരുന്നപ്പോള്‍ രോഗബാധിത പട്ടികയില്‍ കയറിക്കൂടാന്‍ ഒരു തിടുക്കവുമുണ്ടായിരുന്നില്ല. അന്ന് പീഡിതമുന്നണികള്‍ പ്രദര്‍ശന സമരങ്ങള്‍ നടത്തിയിരുന്നില്ല. അതില്‍ കമ്മീഷന്‍ കിട്ടാന്‍ സാധ്യതയില്ലല്ലോ. എന്നാല്‍ പിന്നീട് രോഗികള്‍ക്ക് ധനസഹായം കിട്ടും എന്ന സ്ഥിതി വന്നപ്പോഴാണ് പട്ടികയില്‍ കയറാന്‍ ഭിക്ഷാടന മാഫിയ മാതൃകയില്‍ പ്രദര്‍ശന സമരങ്ങള്‍ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കലും സെക്രട്ടറിയേറ്റ് പടിക്കലും കലക്ട്രേറ്റ് പടിക്കലും തുടങ്ങിയത്.

വിശദമായ ഒരു എപ്പിഡെമിയോളജി പഠനം നടത്താതെ, തങ്ങളെ ഏല്പിച്ച വിഷയത്തില്‍ കൃത്യമായ തെളിവുകളോടുകൂടി കൃത്യമായ നിലപാടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത അച്ചുതന്‍ കമ്മീഷനും , ഈ വിഷയം ആളിക്കത്തിച്ചു മുതലെടുപ്പുനടത്തിയ തണല്‍ എന്ന സര്‍ക്കാരിതര സന്നദ്ധ സംഘടനയും ഇക്കാര്യത്തില്‍ ഉത്തരവാദികള്‍ തന്നെയാണ്. ജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച് പഠിക്കുവാനും അവയുടെ കാരണങ്ങളെക്കുറിച് മനസ്സിലാക്കുവാനും ഒരു വൈദഗ്ധ്യവുമില്ലാത്ത ‘തണല്‍’ കാസറക്കോട്ട് പഠനം നടത്തി റോട്ടര്‍ഡാമില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് ഇവിടെ കാണാം (https://www.scribd.com/document/577431913/Thanal-Rotterdam-Presentation)

എത്രകോടികള്‍ കൊടുത്താലും എന്‍ഡോസള്‍ഫാന്‍ പ്രശ്നം അവസാനിക്കാന്‍ പോകുന്നില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയും മാധ്യമവും ബുദ്ധിജീവിയും ഈ വിഷയത്തില്‍ എതിര്‍ക്കില്ല എന്നറിയുന്ന ഒരു ഗൂഢസംഘം അതിവൈകാരികതയുടെ വലയില്‍ അധികാരികളെ കുടുക്കി ഇനിയും ധനസഹായം സംഘടിപ്പിക്കും. അവരുടെ അടുത്ത നടപടിക്കായി കാത്തിരിക്കുക.

എന്‍ഡോസള്‍ഫാന്‍ സെല്‍ അടച്ചു പൂട്ടണം

സുപ്രീം കോടതി ഉത്തരവ് പ്രകാരം ഉള്ള ധന സഹായ വിതരണത്തോടു കൂടി കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ അടച്ചു പൂട്ടണം. രോഗികളെ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ഭിക്ഷാടന സമരങ്ങള്‍ വഴി മോചനദ്രവ്യം പിടുങ്ങന്നതു അവസാനിപ്പിക്കണം. ഈ എന്‍ഡോസള്‍ഫാന്‍ വിഷബാധയൊക്കെ സത്യമാണെന്നു കരുതി ദുരിതബാധിതരെന്നു പറയുന്നവരെ വിദേശ രാജ്യങ്ങളിലെയും ഇന്ത്യയിലെ നഗരങ്ങളിലെയും എത്രയോ മനുഷ്യസ്‌നേഹികള്‍ കോടിക്കണക്കിനു രൂപ കൈയയച്ചു സഹായിച്ചിട്ടുണ്ട്. അതൊന്നും കൂടാതെയാണ് സര്‍ക്കാരിന്റെ ലക്ഷക്കണക്കിന് രൂപ ധനസഹായം ഇവര്‍ക്ക് ലഭിക്കുന്നത്. കാസറകോട്ടെ ഈ പത്തു പഞ്ചായത്തുകളില്‍ മാത്രമല്ല അംഗപരിമിതര്‍ ഉള്ളത് എന്ന് ഭരണാധികാരികള്‍ മനസ്സിലാക്കണം.

കേരളത്തിലെ 7,75,723 അംഗപരിമിതര്‍ നിങ്ങളുടെ മുന്നിലുണ്ട്. സഹായത്തിനായി അവര്‍ നിങ്ങളുടെ മുഖത്തേക്കാണ് ഉറ്റു നോക്കുന്നത്. കൂടെ, ഞാന്‍ മരിച്ചാല്‍ എന്റെ മക്കളുടെ ഗതിയെന്താകും എന്ന് ചിന്തിക്കുന്ന അവരുടെ അമ്മമാരും.

ഞാന്‍ ഇതു വീണ്ടും വീണ്ടും എന്തിനെഴുതുന്നു എന്ന് എന്റെ സുഹൃത്തുക്കള്‍ ചിന്തിക്കുന്നുണ്ടാകും. കീട -രോഗ നിയന്ത്രണത്തിനായി കാര്‍ഷിക മേഖലയില്‍ ചില അവസരങ്ങളില്‍ കീടനാശിനികള്‍ ഉപയോഗിക്കാം എന്ന് കാര്‍ഷിക വിദ്യാര്‍ത്ഥികളെയും കൃഷിവകുപ്പ് ഉദ്യോഗസ്ഥരെയും കൃഷിക്കാരെയും എന്റെ ജോലിയുടെ ഭാഗമായി പഠിപ്പിക്കുന്ന ഒരാളാണ് ഞാന്‍. നിര്‍ദ്ദേശിച്ച അളവില്‍ ഉപയോഗിച്ചാല്‍ ഒരു കാരണവശാലും സ്ഥിരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ -പ്രത്യേകിച്ചും ജനിതക പ്രശ്‌നങ്ങള്‍ പൊതുജനത്തിന് വരില്ലെന്ന് ഇതു സംബന്ധിച്ച എത്രയോ ഗവേഷണ പ്രബന്ധങ്ങളില്‍ നിന്നും നന്നായി മനസ്സിലാക്കിയ ഒരാള്‍. ടോക്‌സിക്കോളജി എന്ന ശാസ്ത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരാള്‍. ആ നിലയ്ക്ക് വസ്തുതകള്‍ തുറന്നു കാട്ടുക എന്നത് എന്റെ ജോലിയുടെ ഭാഗം തന്നെയാണെന്ന് ഞാന്‍ കരുതുന്നു. ശാസ്ത്രത്തിന്റെ മേഖലയില്‍ സുപ്രീം കോടതി വിധി പോലും തെളിവായി സ്വീകരിക്കപ്പെടുകയില്ല എന്നും അടിവരയിട്ടു പറയേണ്ടിയിരിക്കുന്നു. ലോകമെങ്ങും ആഞ്ഞടിക്കുന്ന രാസഭീതിയ്ക്കു (Chemophobia) എണ്ണ പകര്‍ന്ന ഒരു പ്രമുഖ സംഭവമാണ് എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം. അത് തുറന്നു കാണിക്കാതെ കൃഷിശാസ്ത്രത്തിനു മുന്നോട്ടു പോകാനാകില്ല തന്നെ. അപ്രിയ സത്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കണമല്ലോ.

(ശ്രീകുമാര്‍ കെ.എം, പ്രൊഫസര്‍, കേരള കാര്‍ഷിക സര്‍വകലാശാല, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്)


Leave a Reply

Your email address will not be published. Required fields are marked *