ഐന്‍സ്റ്റൈന്‍ വിശ്വസിക്കാത്ത തമോഗര്‍ത്തങ്ങള്‍


തമോഗര്‍ത്തങ്ങളെ പറ്റിയുള്ള പഠനങ്ങള്‍ക്കാണ് ഈ വര്‍ഷത്തെ (2020) ഊര്‍ജ്ജതന്ത്ര നോബല്‍ സമ്മാനങ്ങള്‍ നല്കപ്പെട്ടത്. (https://www.nobelprize.org/prizes/physics/2020/summary/) പുരസ്കാരത്തിന്‍റെ പകുതി തുക ലഭിച്ചത് ഇംഗ്ളീഷ് ശാസ്ത്രജ്ഞനായ റോജര്‍ പെന്‍ റോസിനാണ്. ഐന്‍സ്റ്റൈന്‍റെ പൊതു ആപേക്ഷികതാ സിദ്ധാന്തം (General Theory of Relativity) അനുസരിച്ച്, തമോഗര്‍ത്തങ്ങള്‍ ഒഴിച്ചുകൂടാനാവാത്ത യാഥാര്‍ത്ഥ്യമാണെന്ന കണ്ടെത്തലാണ് അദ്ദേഹത്തെ നോബല്‍ സമ്മാന ജേതാവാക്കിയത്. 1915 ല്‍ പൊതു ആപേക്ഷികതാസിദ്ധാന്തം അവതരിപ്പിച്ച ഐന്‍സ്റ്റൈന്‍, തമോഗര്‍ത്തങ്ങളുണ്ടെന്ന് കരുതിയിരുന്നില്ല എന്നതാണ് കൗതുകകരമായ മറ്റൊരു വസ്തുത.

ഉയര്‍ന്ന പിണ്ഢമുള്ള വസ്തുക്കള്‍ space – time നെ വളക്കുമെന്നും, ഇത്, ആ വഴി കടന്നു പോകുന്ന പ്രകാശ രശ്മികള്‍ക്കുവരെ ബാധകമാകുമെന്നും ഐന്‍സ്റ്റീന്‍റെ ആപേക്ഷികതാ സിദ്ധാന്തം പറയുന്നു. ആപേക്ഷികതാ സിദ്ധാന്തം, മൂന്നു നൂറ്റാണ്ട് വിജയകരമായി തുടര്‍ന്ന, ന്യൂട്ടന്‍റെ സിദ്ധാന്തങ്ങളുടെ തിരുത്തല്‍ ആയിരുന്നു. ന്യൂട്ടന്‍റെ സിദ്ധാന്തങ്ങള്‍ക്ക്, gravitational field ലെ പ്രകാശരശ്മികളുടെ വളവ് വിശദീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. (പ്രകാശ കണികകളുടെ പിണ്ഢം പൂജ്യമായതിനാല്‍, ന്യൂട്ടന്‍റെ force equations അനുസരിച്ച്, ഗുരുത്വബലം പ്രകാശരശ്മികളെ ബാധിക്കില്ല).

ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ സമയം – ഇംഗ്ളീഷുകാരനായ ന്യൂട്ടന്‍ ആണോ ജര്‍മ്മന്‍ കാരനായ ഐന്‍സ്റ്റീനാണോ ശരിയെന്നു പരീക്ഷിച്ചറിയാന്‍ മുന്നിട്ടിറങ്ങിയത്, ഇംഗ്ളീഷ് ശാസ്ത്രജ്ഞനായ സര്‍ ആര്‍തര്‍ എഡ്ഡിങ്ടണ്‍ ആയിരുന്നു. 1919 മെയ് 29 നു നടന്ന സൂര്യഗ്രഹണ സമയത്ത്, ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരത്തുള്ള പ്രിന്‍സൈപ് എന്ന ദ്വീപില്‍ വച്ച്, മറ്റു നക്ഷത്രങ്ങളുടെ ചിത്രമെടുത്താണ് അദ്ദേഹം പരീക്ഷണം നടത്തിയത്. പരീക്ഷണത്തില്‍ ഈ നക്ഷത്രങ്ങളില്‍ നിന്നു വരുന്ന പ്രകാശരശ്മികള്‍ സൂര്യന്‍റെ പിണ്ഢം മൂലം വളയുന്നതായി കണ്ടെത്തി. നക്ഷത്രങ്ങളുടെ യഥാർത്ഥ സ്ഥാനവും, കാണപ്പെടുന്ന സ്ഥാനവും തമ്മിലുള്ള വ്യത്യാസം അളന്നാണ് ഇതു നിജപ്പെടുത്തിയത്. അങ്ങനെ, ഇംഗ്ളീഷുകാരനായ എഡ്ഡിംങ്ടണ്‍, ജര്‍മ്മന്‍കാരനായ ഐന്‍സ്റ്റീന്‍റെയും ആപേക്ഷിക സിദ്ധാന്തത്തിന്‍റെയും പ്രചാരകനായി.

പിണ്ഢം മൂലം Space-time ന് ഉണ്ടാകുന്ന ഈ വളവ് വളരെ കൂടുകയും, പ്രകാശത്തിന് അതില്‍ നിന്നു പുറത്തു കടക്കാനാവാതെ വരികയും ചെയ്താല്‍ എന്താവും ഫലം? അപ്പോഴാണ് തമോഗര്‍ത്തങ്ങള്‍ (black holes) ഉണ്ടാവുന്നത്. ഈ പ്രതിഭാസം പ്രപഞ്ചത്തിലെ ഒഴിച്ചുകൂടാനാവാത്ത യാഥാര്‍ത്ഥ്യമാണെന്നും, matter distribution-ന്‍റെ spherical symmetry പോലുള്ള നിബന്ധനകള്‍ ഇല്ലെങ്കിലും നിലനില്ക്കുന്നതാണെന്നും, പെന്‍ റോസ് 60 കളില്‍ തന്നെ തെളിയിച്ചതാണ്. എന്നാല്‍, Experimental proof, നോബല്‍ സമ്മാനം ലഭിക്കാന്‍ അവശ്യം വേണ്ട ഒന്നാണ്. എന്തായാലും, ഈ വര്‍ഷം അദ്ദേഹത്തിന് അര്‍ഹിച്ച പുരസ്കാരം ലഭിച്ചു. അങ്ങനെ ഐന്‍സ്റ്റൈന്‍ വിശ്വസിക്കാത്ത തമോഗര്‍ത്തങ്ങളെ, അദ്ദേഹത്തിന്‍റെ തന്നെ സിദ്ധാന്തം ഉപയോഗിച്ചു തെളിയിച്ച പെന്‍ റോസ്, അതേ സിദ്ധാന്തത്തിന്‍റെ പേരില്‍ ഐന്‍സ്റ്റൈന് പോലും ലഭിക്കാതിരുന്ന നോബല്‍ പുരസ്കാരത്തിന് അര്‍ഹനായി.

NB:
1) ഐന്‍സ്റ്റൈന് നോബല്‍ സമ്മാനം ലഭിച്ചത് ‘ഫോട്ടോ ഇലക്ട്രിക് എഫക്ട്’ വിവരിച്ചതിനാണ്. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പേരിലല്ല.

2) ആപേക്ഷികതാ സിദ്ധാന്തവും തമോഗര്‍ത്തങ്ങളും ലളിതമായി വിവരിക്കുന്ന, ലേഖകൻ അവതരിപ്പിച്ച പ്രഭാഷണങ്ങൾ (Time Machine Series) എസ്സെൻസ് ഗ്ലോബലിന്റെ യൂട്യൂബ് ചാനലുകളിൽ കാണാം. ലിങ്കുകൾ താഴെ-

Part 1- https://youtu.be/UNrdbUu1xPY
Part 2- https://youtu.be/kHjVtDrx8zU
Part 3- https://youtu.be/MA-AnPOs4qM
Part 4- https://youtu.be/ge6N9kldm-w

ഗുരുത്വം – https://youtu.be/mfOZ8lnEgeY


Leave a Reply

Your email address will not be published. Required fields are marked *