ഹോമോ ദിയൂസ് | യുവാൽ നോവാ ഹാരാരി


പ്രശസ്ത ഇസ്രയേലി ചരിത്രകാരനായ യുവാൽ നോവാ ഹരാരിയുടെ സാപിയൻസ് എന്ന വിഖ്യാതമായ പുസ്തകത്തിനു ശേഷമിറങ്ങിയ രചനയാണ് ‘ഹോമോ ദിയൂസ്’. മനുഷ്യരാശിയുടെ പൂർവകാല ചരിത്രവും, സംസ്ക്കാരവും, മൂല്യങ്ങളും ഉണ്ടായതിനെക്കുറിച്ച് വിവരിച്ച സാപിയൻസ്, ആധുനിക വർത്തമാനകാലത്തെത്തി അവസാനിക്കുന്നു. സാപിയൻസ് അവസാനിച്ചടുത്തു നിന്നുമാണ് ദിയൂസ് ആരംഭിക്കുന്നത്. മനുഷ്യൻ എന്ന സ്പീഷിസിന്റെ ഭാവി എന്താകും എന്ന നിഗമനവും അതോടൊപ്പം ആശങ്കയും ദിയൂസ് പങ്കുവയ്ക്കുന്നു.

പതിനൊന്ന് അദ്ധ്യായങ്ങളും അവയുടെ പഠനവിവരങ്ങളും ഉൾപ്പടെ 535 പേജുകളുള്ള വലിയ പുസ്തകമാണ് ഹോമോ ദിയൂസ്.

• യുദ്ധങ്ങൾ കാലഹരണപ്പെട്ടിരിക്കുന്നു.
• നിങ്ങൾ യുദ്ധത്തിൽ കൊല്ലപ്പെടുന്നതിലും സാധ്യത ആത്മഹത്യ ചെയ്യാനാണ്.
• ഭക്ഷ്യക്ഷാമം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.
• വിശപ്പിനേക്കാളും നിങ്ങൾ പേടിക്കേണ്ടത് പൊണ്ണത്തടിയെ ആണ്.
• മരണം എന്നത് ഒരു സാങ്കേതിക പ്രശ്നം മാത്രമാണ്.
• സമത്വം ഇല്ലാതാകുന്നു, പകരം അമരത്വം കടന്നു വരുന്നു.
• എന്തായിരിക്കും നമ്മുടെ ഭാവി?
• അടുത്ത ഘട്ടത്തിലേക്കുള്ള പരിണാമത്തിലാണ് നമ്മൾ…

ഒന്നാം അദ്ധ്യായത്തിൽ മനുഷ്യൻ നേടിയ ശാസ്ത്രീയമായ വിപ്ലവ നേട്ടങ്ങളെ കുറിച്ചാണ് പറയുന്നത്. ക്ഷാമം, രോഗം, ദാരിദ്ര്യം, യുദ്ധങ്ങൾ എന്നിവയെ എങ്ങിനെയാണ് അതിജീവിച്ചതെന്നും ഭാവിയിൽ അവയെ നേരിടാൻ ശാസ്ത്രം എങ്ങിനെയാണ് പ്രതിവിധികൾ കണ്ടെത്തിയെ തെന്നും ഹരാരി വിവരിക്കുന്നു.

രണ്ടാം അദ്ധ്യായത്തിൽ മനുഷ്യൻ പ്രകൃതിയിൽ നടത്തിയ ക്രൂരമായ ചില കൈയ്യേറ്റത്തെ കുറിച്ചും സസ്യജന്തുജാലങ്ങളുടെ മേൽ നേടിയ മേൽക്കൈയ്യേക്കുറിച്ചും സൂചിപ്പിക്കുന്നു.

മൂന്നാം അദ്ധ്യായം പറയുന്നത് മതം, ദൈവം- ഇവയുടെ പരിണാമത്തെ കുറിച്ചാണ്. ചാൾസ് ഡാർവ്വിനെ കുറിച്ചും പരിണാമത്തെ കുറിച്ചും ലഘുവായ തോതിൽ പറഞ്ഞു പോകുന്നുണ്ട്. അൽപം നീണ്ട അദ്ധ്യായത്തിൽ ശാസ്ത്രലോകത്ത് നടത്തിയ സ്വത്വം സംബന്ധിച്ച പരീക്ഷണങ്ങളും അവയെ തുടർന്നുള്ള ചർച്ചകളും, രാഷ്ട്രീയവും ചർച്ച ചെയ്യുന്നുണ്ട്.

കഥ പറയുന്നവർ എന്നു പേരിട്ടിരിക്കുന്ന നാലാം അദ്ധ്യായം ഭാഗം രണ്ടിലാണ് വരുന്നത്. മനുഷ്യന്റെ, കഥ പറയാനും അതു കേട്ട് അതിൽ വിശ്വസിക്കാനുമുള്ള കഴിവിനെ കുറിച്ചാണ് ഈ അദ്ധ്യായം പറയുന്നത്. മതഗ്രന്ഥങ്ങളെ കുറിച്ചും പേപ്പറുകളിൽ എഴുതിയ ഔദ്യോഗിക രേഖകളിലുള്ള വിശ്വാസത്തെക്കുറിച്ചും ഈ ഭാഗത്ത് ചർച്ച ചെയ്യുന്നു.

അഞ്ചാം അദ്ധ്യായം മതത്തിലെ പൊള്ളത്തരങ്ങളും ദൈവം എന്ന കള്ളനാണയവും നമുക്കു മുന്നിൽ അനാവൃതമാക്കുന്നു. ഒപ്പം മതം മുന്നോട്ടു വയ്ക്കുന്ന ധാർമ്മികതയെ വിമർശനബുദ്ധിയാൽ പരിശോധിക്കുകയും ചെയ്യുന്നു.

ആറാമതായി സാമ്പത്തിക ശാസ്ത്രം – കമ്പോള വ്യവസ്ഥ മനുഷ്യനെ മാറ്റിത്തീർത്തത് തുടങ്ങിയ കാര്യങ്ങൾ വിവരിക്കുന്നു.

ഏഴാം അദ്ധ്യായം പുതിയ മതത്തിന്റെ ഉദയത്തെ കുറിച്ച് പറയുന്നു. മാനവികത എന്നാണ് ആ മതത്തിന്റെ പേര്. സൗന്ദര്യം കാഴ്ച്ചക്കാരന്റെ കണ്ണിലാണെന്ന് മാനവികത നമ്മെ പഠിപ്പിക്കുന്നു. ജനാധിപത്യമാണ് അതിന്റെ ഉൽപന്നം. എല്ലാത്തരം ജെൻഡറുകളേയും അംഗീകരിക്കുക, അവനവനെ കുറിച്ചും ലോകത്തെ കുറിച്ചും ചിന്തിക്കുക, ജനാധിപത്യപരമായ സമീപനം വച്ചു പുലർത്തുക തുടങ്ങി ചരിത്രത്തിലെ വളരെ കൗതുകകരമായ പല വസ്തുതകളും ഈ അദ്ധ്യായം പങ്കിടുന്നുണ്ട്. വളരെ നീണ്ട ഏഴാം അദ്ധ്യായത്തോടെ ഭാഗം രണ്ട് അവസാനിക്കുന്നു.

മൂന്നാം ഭാഗത്തിൽ എട്ടാം അദ്ധ്യായം പറയുന്നത് മനുഷ്യന്റെ ഇച്ഛാശക്തിയെക്കുറിച്ചും സ്വത്വബോധത്തെക്കുറിച്ചും ശാസ്ത്രം നടത്തിയ പരീക്ഷണങ്ങളെകുറിച്ചുമാണ്. ലിബറലിസത്തെ പിൻതാങ്ങുന്ന സ്വതന്ത്രചിന്തകരെ കുറിച്ചും ഈ ഭാഗത്ത് പറയുന്നുണ്ട്.

ഒമ്പതാം അദ്ധ്യായം ആരംഭിക്കുന്നതു തന്നെ മനുഷ്യനു നേരേ വരാൻ പോകുന്ന ഭീഷണികളെക്കുറിച്ചു പറഞ്ഞുകൊണ്ടാണ്. യന്ത്രവൽക്കരണത്തിന്റെ ആധിക്യം മനുഷ്യൻ ഒരു വ്യക്തിയെന്ന നിലയിൽ വിലയില്ലാത്തവനാകാൻ കാരണമാകും എന്ന് ഗ്രന്ഥകർത്താവ് ആശങ്കപ്പെടുന്നു. വ്യവസ്ഥിതി ചില പ്രത്യേക വ്യക്തിതളിൽ കേന്ദ്രീകരിക്കപ്പെടും, അവർ അതിമാനുഷരായിരിക്കും. അവർ ഒരിക്കലും ഭൂരിപക്ഷമാകില്ല. ബോധമില്ലാത്ത അൽഗോരിതങ്ങൾ ഭരിക്കുന്ന ലോകത്തെക്കുറിച്ച് ഭീതിജനകമായ വിവരണങ്ങൾ ഈ ഭാഗത്ത് പറയുന്നു.

ബോധസാഗരം എന്ന പത്താം അദ്ധ്യായത്തിൽ ടെക്നോ മാനവികത എന്ന പുതിയ ആശയം ഹരാരി പങ്കുവയ്ക്കുന്നു.

പതിനൊന്നാമത്തേതും അവസാനത്തേതുമായ അദ്ധ്യായം പറയുന്നത് ഡേറ്റാമതത്തേ കുറിച്ചാണ്. അതിന്റെ ആരാധനാമൂർത്തി മനുഷ്യനും ദൈവവും അല്ല, ഡാറ്റ അഥവ വിവരസഞ്ചയമാണ്. വരാൻ പോകുന്ന ലോകം ഡേറ്റായിസം കീഴടക്കുകയും അൽഗോരിതം ലോകം ഭരിക്കുകയും ചെയ്യും.

പുസ്തകം അവസാനിക്കുമ്പോൾ വായനക്കാരോട് തന്റെ ആശങ്കകളിൽ നിന്ന് മൂന്ന് ചോദ്യങ്ങൾ ഹരാരി ഉന്നയിക്കുന്നുണ്ട്.

1. ജീവി വർഗ്ഗങ്ങളെല്ലാം യഥാർത്ഥത്തിൽ അൽഗോരിതങ്ങൾ മാത്രമാണോ, ജീവിതം വെറും വിവരവിശകലനവും?
2. ഏതാണ് കൂടുതൽ വിലപിടിച്ചത് ? ബുദ്ധിയോ സ്വബോധമോ?
3. ബോധമെന്നൊന്നില്ലാത്ത, എന്നാൽ അതിബുദ്ധിയുള്ള അൽഗോരിതങ്ങൾ നാം സ്വയം മനസ്സിലാക്കുന്നതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ നമ്മെ മനസ്സിലാക്കിക്കഴിയുമ്പോൾ സമൂഹത്തിനും രാഷ്ട്രീയത്തിനും നിത്യജീവിതത്തിനും എന്താണ് സംഭവിക്കുക?

ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച ഹോമോ ദിയുസിന് പരിഭാഷ ചെയ്തിരിക്കുന്നത് പ്രസന്ന കെ. വർമ്മയാണ്. മനുഷ്യന്റെ ഭാവിയെ കുറിച്ചുള്ള പുസ്തകമാണെങ്കിലും വളരെയധികം ചരിത്ര വസ്തുതകൾ ഗ്രന്ഥകാരൻ നമുക്ക് പരിചയപ്പെടുത്തുന്നുണ്ട്. നമ്മുടെ ലോകം കടന്നുവന്ന വിവിധ കാലഘട്ടത്തിലെ അറിവുകൾ വളരെ ലളിതമായ ഭാഷയിൽ വിവരിക്കുന്ന ഈ ഗ്രന്ഥം ഓരോ വ്യക്തിയും തൻറെ ജീവിതകാലത്ത് തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ്.

ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍ നിന്നും ഹോമോ ദിയൂസ് വാങ്ങാം


About Suran Nooranattukara

Suran Nooranattukara is a painting artist by profession. He is a free thinker. Hobbies: Book Reading, Cinema

View all posts by Suran Nooranattukara →

Leave a Reply

Your email address will not be published. Required fields are marked *