മോശം ജനാധിപത്യത്തിന്റെ ബദൽ എന്ത്?


കഴിഞ്ഞ ദിവസങ്ങളിൽ പ്രശസ്ത നടനായ വിജയ് ദേവരകൊണ്ട പങ്കെടുത്ത ഒരു അഭിമുഖത്തില്‍  ജനാധിപത്യത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് പങ്കുവയ്ക്കുകയുണ്ടായി. നിലവിലെ തെരഞ്ഞെടുപ്പ് രീതിയോടുള്ള എതിര്‍പ്പ് വ്യക്തമാക്കിയ വിജയ് പണവും വില കുറഞ്ഞ മദ്യവുമൊത്തെ കൊടുത്താണ് ഇവിടെ ആളുകളുടെ വോട്ട് പിടിക്കുന്നത് എന്നും രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നും സ്വേച്ഛാധിപത്യത്തിന് മാത്രമേ സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ സാധിക്കൂ എന്നൊക്കെ അദ്ദേഹം അഭിമുഖത്തില്‍ അഭിപ്രായപ്പെടുകയുണ്ടായി.

സ്വേച്ഛാധിപത്യത്തിനെക്കുറിച്ചു അടിസ്ഥാനപരമായ ധാരണ ഇല്ലാത്തവർക്ക് മാത്രമേ ഇത്തരത്തിൽ ഒരു അഭിപ്രായപ്രകടനം നടത്താൻ പറ്റൂ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അതുകൊണ്ട് തന്നെ ഞാൻ മാവോയെ കുറിച്ച് ഈ അടുത്ത് നടത്തിയ ഒരു പ്രസേൻറ്റേഷൻ, അതിലൂടെ ഏകാധിപത്യം എന്ന ആശയത്തെ കുറിച്ചും പറയാൻ ശ്രമിച്ചത് ഇപ്പോഴും പ്രസക്തമാണ് എന്ന് കരുതുന്നു. (വിഷയം – മാവോ: ചൈനയുടെ ചക്രവർത്തി! ഒരു ചരിത്രാന്വേഷണം) Full video link: https://www.youtube.com/watch?v=pXq81zuAb70

കഴിഞ്ഞ വർഷം ഒരു വീട്ടിൽ പോയപ്പോൾ ഉമ്മറത്തു മാവോയുടെയും, സ്റ്റാലിന്റെയും ഒക്കെ പടം ചില്ലിട്ട് വച്ചിരിക്കുന്നത് കണ്ടപ്പോൾ ഞാൻ അതിശയിച്ചത് ഇന്നും ഇവർക്കൊക്കെ ആരാധകരുണ്ടോ എന്നായിരുന്നു. ഒരുപക്ഷേ ഈ ആരാധകരുടെ യൗവ്വനകാലത്ത് മാവോയുടെയും സ്റ്റാലിന്റെയും വീരകൃത്യങ്ങളെ കുറിച്ച് വായിച്ചു ആരാധിച്ചു തുടങ്ങൊയതാവാം. ഈ ഏകാധിപതിമാർ ചെയ്ത ക്രൂരകൃത്യങ്ങൾ പിന്നീട് വാർത്തകളിൽ ഒക്കെ വന്നത് ഒരു പക്ഷെ അറിഞ്ഞിട്ടു പോലും ഉണ്ടാവില്ല. വിദ്യാഭ്യാസം/ഗവേഷണം എന്നത് ഒരു വ്യക്തി മരണം വരെയും തുടരേണ്ട ഒരു പ്രക്രിയ ആണ്. കാരണം നമ്മൾ മനസ്സിലാക്കിയതിൽ നിന്നും അപ്ഡേറ്റഡ് ആയി വസ്തുതാപരമായ വിവരങ്ങൾ വന്നു കൊണ്ടേയിരിക്കും. അതിനനുസൃതമായി നമ്മുടെ നിലപാടുകൾ പലതും പുതുക്കേണ്ടി വരും.

“The illiterate of the 21st century will not be those who cannot read and write, but those who cannot learn, unlearn, and relearn.” ― Alvin Toffler

ഏതാണ്ട് മൂന്ന് പതിറ്റാണ്ട് ചൈനയുടെ ഏകാധിപതി ആയിരുന്നു മാവോ. അന്ന് ലോകത്തിലെ നാലിൽ ഒന്ന് ജനതയുടെ ഭാഗധേയം നിർണ്ണയിക്കത്തക്ക രീതിയിലുള്ള അധികാരം കൈവശം വച്ചിരുന്ന ആൾ. അതോടൊപ്പം ഏതാണ്ട് എഴുപത് ദശലക്ഷം മനുഷ്യരുടെ മരണത്തിന് നേരിട്ടോ അല്ലാതെയോ കാരണക്കാരൻ കൂടിയായിരുന്നു മാവോ.

ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും സ്വാധീനം ഉണ്ടായിരുന്ന നാഷണലിസ്റ്റ് പാർട്ടിയുടെ അഴിമതി ജനങ്ങളെ ആകെ വലച്ചിരുന്നു. ഈ അവസ്ഥ മുതലെടുത്തു ഒരു കമ്മ്യൂണിസ്റ്റ് സ്വർഗം വാഗ്ദാനം ചെയ്തു കൊണ്ടാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (CCP) വരവ്. കേവലം ഒരു പാർട്ടി മെമ്പർ മാത്രമായിരുന്ന മാവോ സി സി പിയുടെ നേതൃസ്ഥാനത്ത് എത്തിപ്പെടുന്നത് തന്നെ കൂട്ടത്തിൽ ഉള്ള സഖാക്കളേ കാര്യമായി തന്നെ പാരവെച്ചിട്ടാണ്. പിടിച്ചെടുക്കുന്ന സ്ഥലങ്ങളിൽ ഭൂമി പുനർവിതരണം നടത്തുക, ബൂർഷകളെ വധശിക്ഷക്ക് വിധിക്കുക എന്ന തരത്തിൽ ആയിരുന്നു ആദ്യകാല പ്രവർത്തനം. പിന്നീടങ്ങോട്ട് നാഷണലിസ്റ്റ് പാർട്ടിയുമായും ലോക്കൽ യുദ്ധപ്രഭുക്കന്മാരുമായും നിരന്തരമായ സായുധ പോരാട്ടമായിരുന്നു സി സി പി നടത്തിയത്. എന്തായാലും 1949ൽ മാവോ ഐക്യ ചൈനയുടെ ജനനം പ്രഖ്യാപിക്കുന്നു.

സാമ്പത്തികശാസ്ത്രത്തിന്റെ അടിസ്ഥാന അറിവുകളോ ശാസ്ത്രീയ മനോവൃത്തിയോ ഉണ്ടായിരുന്ന ആളല്ല മാവോ. എത്രയും പെട്ടന്ന് ആഗോള ശക്‌തിയായി മാറണം എന്ന് തീരുമാനിച്ച മാവോ The Great leap forward (1953-61) എന്ന പദ്ധതി പ്രഖ്യാപിക്കുന്നു. ഇത്ര പ്രൊജക്റ്റ് തീർക്കാൻ ഇത്ര പണം വേണം. അത് കാർഷികവിളകളുടെ വിദേശത്തേക്കുള്ള കയറ്റുമതിയുടെ  നേടണം എന്നതായിരുന്നു ഒരാഹ്വാനം.  ഈ പണം സാധാരണയായി വിളവെടുക്കുന്ന ഔട്ട്പുട്ടിന് വളരെ മേലെ ആയിരുന്നു. എന്നാൽ മാവോ ഭരണകൂടം കാർഷിക മേഖലയുടെ ഉയർച്ചക്ക് വേണ്ടി ഒരു തരത്തിലുമുള്ള മുതൽമുടക്ക് നടത്തിയതുമില്ല. എല്ലാ വിളയും കർഷകരിൽ നിന്ന് പിടിച്ചെടുത്തു സെൻട്രൽ സിസ്റ്റത്തിൽ കൊണ്ട് വന്നു അവിടെ നിന്ന് വിദേശത്തേക്കുള്ള കയറ്റുമതിക്ക് ശേഷം ബാക്കി വരുന്നത് റേഷൻ ആയി ജനങ്ങൾക്ക് ഭക്ഷണത്തിനായി കൊടുക്കാൻ ആയിരുന്നു ഓർഡർ. വിളകൾ പിടിച്ചെടുക്കാൻ ഉള്ള വലിയ ടാർഗറ്റ് തികയ്ക്കാൻ പറ്റാതിരുന്ന നിരവധി ലോക്കൽ പാർട്ടി കേഡറുകൾ ടാർഗറ്റ് നേടിയതായി കള്ള കണക്ക് കൊടുത്തു. ചുരുക്കത്തിൽ ജനങ്ങൾ പട്ടിണി കിടന്നു മരിച്ചു വീഴാൻ തുടങ്ങി.

ഒരൊറ്റ ഉദാഹരണം മാത്രം പറയുകയാണെങ്കിൽ വിളകൾ കൊത്തിത്തിന്നുന്ന കുരുവികളെ കൊല്ലാൻ ആഹ്വാനം ചെയ്തുകൊണ്ടൊരു പ്രചാരണം (Kill the sparrows campaign 1953-56) മാവോ പ്രഖ്യാപിച്ചു. ജനങ്ങളുടെ പണി രാവിലെ മുതൽ കുരുവികളെ വലവച്ചും, പാട്ട കൊട്ടിയും, എറിഞ്ഞിട്ടും കൊല്ലുക. ഏതാനും മാസങ്ങൾക്ക് ശേഷം കുരുവികൾ പാടേ അപ്രത്യക്ഷമായി. എന്നാൽ കുരുവികൾ വിളകൾ മാത്രം അല്ലല്ലോ തിന്നുന്നത്, അത് കീടങ്ങളെയും ഒക്കെ തിന്നും. കുരുവികൾ ഇല്ലാതായതോടെ കീടങ്ങൾ പെറ്റുപെരുകി ഭൂരിപക്ഷം കൃഷിയും നശിച്ചു. ലക്ഷക്കണക്കിന് മനുഷ്യർ ഇതോടെ പട്ടിണി കിടന്നു മരിച്ചു. അവസാനം മാവോ രണ്ടു ലക്ഷം കുരുവികളെ അയച്ചു തരണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് സോവിയറ്റ് യൂണിയനിലേക്ക് കത്തെഴുതി. ഏതാണ്ട് 38 ദശലക്ഷം മനുഷ്യർ പട്ടിണി കിടന്നും ജോലി കൂടുതൽ കൊണ്ടും ഈ കാലയളവിൽ കൊല്ലപ്പെട്ടു എന്നാണ് ഒരു കണക്ക്. ഇതൊന്നും റിപ്പോർട്ട് ചെയ്യാൻ സ്വതന്ത്രമായി പ്രവർത്തിക്കുന്ന പത്രസ്ഥാപനങ്ങൾ ചൈനയിൽ ഇല്ലാതിരുന്നത് കൊണ്ട് ഈ ദുരന്തം ഒന്നും പുറംലോകം അറിഞ്ഞില്ല.

സ്റ്റാലിന്റെ മരണത്തോടെ അധികാരത്തിൽ എത്തിയ നികിത ക്രുഷോവ്, സ്റ്റാലിൻ ഒരു ഏകാധിപതി ആണെന്ന് പ്രഖ്യാപിച്ചു കൊണ്ട് പല നയങ്ങളും തിരുത്തി (De-Stalinization). ഭാവിയിൽ തനിക്കും ഈ അവസ്ഥ വരുമോ എന്ന് മാവോ ഭയന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ വിമർശനങ്ങൾ സ്വീകരിക്കുന്നു എന്ന് മാവോ പ്രഖ്യാപിച്ചു (The hundred flowers campaign 1957-58). യഥാർത്ഥത്തിൽ ആരൊക്കെയാകും തന്റെ വിമർശകർ എന്നറിയാൻ ഉള്ള മാവോയുടെ തന്ത്രമായിരുന്നു ഇത്. ഇത് മനസ്സിലാക്കാതെ ഏകാധിപത്യരീതിയെയും, നീതിനിർവഹണ സംവിധാനത്തെയും, ഭരണഘടനയെയും, സാമ്പത്തികനയത്തെയും, വിദേശനയത്തെയും ഒക്കെ വിമർശിച്ചുകൊണ്ട് ധാരാളം കത്തുകളും, ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. വിമർശകർ ആരൊക്കെയാണ് എന്ന് മനസ്സിലായതോടെ പതുക്കെ മാവോ ഇവർക്കെതിരെ നീങ്ങി. ഇവരിൽ പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിക്കപ്പെട്ടു. അവരെല്ലാം വിചാരണ നേരിട്ട് ശിക്ഷിക്കപ്പെട്ടു. ഏതാണ്ട് അഞ്ചുലക്ഷം വിമർശകരാണ് കൊല്ലപ്പെട്ടത്.

എം പി നാരായണപിള്ള എഴുതിയ പരിണാമം എന്ന നോവലിൽ ഇങ്ങനെ പറയുന്നു: “വിപ്ലവപ്രസ്ഥാനങ്ങളുടെ ചരിത്രം പഠിപ്പിക്കുന്ന പാഠം, നേതൃത്വമെപ്പൊഴും ചെന്ന് നിൽക്കുന്നത് ഹൃദയമില്ലാത്ത ക്രൂരന്മാരിലായിരിക്കും എന്നതാണ്. അത്യന്തികമായ നേതൃത്വം എപ്പോഴും ചെന്നു നിൽക്കുന്നത് ആദർശവാദികളുടെയോ നിസ്വാർത്ഥ സേവകരുടെയോ വികാരജീവികളുടെയോ കയ്യിലായിരിക്കില്ല. അധികാരത്തിനുള്ള മത്സരത്തിൽ വെറും കരുക്കളാകാനേ അത്തരക്കാർക്കു പറ്റൂ. മറിച്ച് ലളിതവൽക്കരിച്ച ചിന്താശീലവും കറകളഞ്ഞ ക്രൂരതയും കൈമുതലായ ചില അപൂർവ മനുഷ്യരുണ്ട്. സ്വന്തം സംഘത്തിനകത്തെ എതിർപ്പുകളെ ചവിട്ടിയരയ്ക്കാനുള്ള നിർദയത്വം മാത്രമല്ല; ഭ്രാന്ത്‌ പോലെ അയുക്തികമായതും അപ്രതീക്ഷിതവുമായ തീരുമാനങ്ങളെടുക്കാനുള്ള കഴിവും അവരിൽ കാണും. ചുറ്റുമുള്ള വൈതാളികർ ആ നേതാവിന്റെ ക്രൂരതകളെ പുറംലോകത്തിനു വേണ്ടി ദൈവവൽക്കരിക്കാനാകും ശ്രമിക്കുക.”

ഏകാധിപത്യ പ്രവണത ഇന്നും നമുക്ക് ലോകത്തിന്റെ പല ഭാഗത്തും കാണാം, ഇന്ത്യ ഉൾപ്പടെ. ഏകാധിപത്യത്തിലേക്ക് പോകാതിരിക്കാൻ ക്രിയാത്മക പ്രതിപക്ഷം ഉണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിലേയ്ക്ക് നേർത്തതെങ്കിലും തന്നാലാവുന്ന പങ്ക് നൽകുക എന്നത് ഭാവി തലമുറയോട് ഒരു പൗരന് ഉണ്ടാവേണ്ട ധാർമ്മിക ഉത്തരവാദിത്വം കൂടിയാണ്. മോശം ജനാധിപത്യത്തിന്റെ ബദൽ കൂടുതൽ മെച്ചപ്പെട്ട ആധുനികതയിൽ ഊന്നിയ ജനാധിപത്യമാണ്. അല്ലാതെ ഏകാധിപത്യമോ, മതാധിഷ്ഠിത ഭരണമോ, രാജഭരണമോ, പട്ടാള ഭരണമോ, അശാസ്ത്രീയമായ പ്രത്യയശാസ്ത്രങ്ങളോ അല്ല. ജനാധിപത്യത്തിന് മറ്റൊരു പ്രത്യയശാസ്ത്രബദൽ ഇല്ല. എല്ലാത്തരം സർവ്വാധിപത്യങ്ങൾക്കും ഗോത്രീയതകൾക്കും എതിരേ ആവണം ഓരോ സ്വാതന്ത്രചിന്തകരുടെയും പ്രവർത്തനം. ചരിത്രം നമ്മൾ പഠിക്കേണ്ടതിന്റെ ആവശ്യം ആ ചരിത്രം പലപ്പോഴും ആവർത്തിക്കാതിരിക്കാൻ കൂടി ആണ്.


One Comment on “മോശം ജനാധിപത്യത്തിന്റെ ബദൽ എന്ത്?”

Leave a Reply

Your email address will not be published. Required fields are marked *