വ്യവസായ സൗഹൃദവും ‘ന്യായമായ’ കൂലിയും; വിഷ്ണു അജിത്ത് എഴുതുന്നു


“കേരളത്തിന്റെ പൊതു ബോധം എന്നത് , തൊഴിലാളികള്‍ക്ക് മാന്യമായി ജീവിക്കുവാന്‍ ഉള്ള വേതനം എത്രയാണോ അതാണ്  ന്യായമായ വേതനം എന്നും, അത് കൊടുക്കുവാന്‍ സംരംഭകന്‍ ബാധ്യസ്ഥനാണ് എന്നുമാണ്. സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പോലും ലംഘിക്കുന്ന ഈ ഒരു പൊതു ബോധം ആണ് യൂണിയന്‍ നേതാക്കള്‍ക്ക് എന്ത് തോന്നിവാസം കാണിക്കുവാൻ ഉള്ള ധൈര്യം കൊടുക്കുന്നത്.” – വിഷ്ണു അജിത്ത് എഴുതുന്നു.

മിനിമം വേജ് പാരയാവുന്നത് തൊഴിലാളിക്കുതന്നെ!

1. കേരളത്തിലെ വ്യവസായ അന്തരീക്ഷം സംരംഭക സൗഹൃദം അല്ല എന്നതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്ക് കാണുവാന്‍ കഴിയും. അതിന്റെ മറ്റൊരു ഉദാഹരണം ആണ് ഈയിടെ വെട്ടികുളങ്ങര ബസ്സിന്റെ ഉടമയും സിഐടിയുമായി ആയി നടന്ന പ്രശ്‌നം. ഹൈക്കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍, ബസിന്റെ മുന്നില്‍ നാട്ടിയ കൊടി മാറ്റി സര്‍വീസ് തുടങ്ങാന്‍ നോക്കിയ സംരംഭകനെ സിഐടിയു നേതാവ് പോലീസിനെ പോലും കാഴ്ചക്കാര്‍ ആക്കി കൊലവിളി നടത്തി മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ നമ്മള്‍ കണ്ടു.

2.ന്യായമായ കൂലി കൊടുക്കുന്നില്ല എന്നും, മറ്റുള്ളവര്‍ക്ക് കൂടുതല്‍ കൂലി കൊടുത്ത് കൊണ്ട് സിഐടിയു ആയതിനാല്‍ വിവേചനം കാണിക്കുന്നു എന്നും ആണ് സിപിഎം അനുഭാവികള്‍ ആരോപിക്കുന്നത്. എന്നാല്‍ ഈ ആരോപണം തെറ്റാണ് എന്നും ഈ പ്രശ്‌നം ഉണ്ടാക്കിയ തൊഴിലാളികള്‍ കളക്ഷന്‍ കുറഞ്ഞ ബസ്സില്‍ ആണ് ജോലി ചെയ്തത് എന്നും, കൊടി കുത്തിയ ബസ്സില്‍ ഒരു ദിവസം പോലും ജോലി ചെയ്തിരുന്നില്ല എന്നും ആണ് സംരംഭകന്‍ പറയുന്നത്. എന്ത് തന്നെ ആയാലും സംരംഭകരെ വര്‍ഗശത്രു ആയി കാണുന്ന തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യം എന്ന മനുഷ്യവിരുദ്ധ പ്രത്യയ ശാസ്ത്ര തിമിരം മൂലം ഉടലെടുക്കുന്ന ഇത്തരം ഗുണ്ടായിസങ്ങള്‍ കേരളത്തില്‍ സംരംഭം തുടങ്ങണോ വേണ്ടയോ എന്ന് ഒരു പത്ത് തവണ എങ്കിലും ചിന്തിക്കാന്‍ ഏതൊരു സംരംഭകനെയും ഇടയാക്കും എന്നതില്‍ സംശയമില്ല.

3. തങ്ങളുടെ പാര്‍ട്ടി ആണ് അധികാരത്തില്‍ ഉള്ളത് എന്ന ധാര്‍ഷ്ട്യത്തില്‍ കോടതി വിധിയെ പോലും പുല്ല് വില കല്‍പ്പിക്കുന്ന രീതിയില്‍ പെരുമാറുന്ന യൂണിയന്‍ നേതാക്കളോട് ഈ സംഭവം വീക്ഷിച്ച ഭൂരിഭാഗം ആളുകള്‍ക്കും അമര്‍ഷം ഉണ്ടായിക്കാണും. എന്നിരുന്നാലും ഈ സംഭവത്തിലെ മര്‍ദ്ദനം മാറ്റി നിര്‍ത്തിയാല്‍ പോലും നമ്മുടെ നാട്ടില്‍ സംരംഭകര്‍ക്ക് അനുകൂലമായ ഒരു പരിതസ്ഥിതി അല്ല ഉള്ളത് എന്നത് ആണ് വാസ്തവം. അതിന്റെ കാരണം, അറിഞ്ഞും അറിയാതെയും നമ്മുടെ ഉള്ളില്‍ ഉറച്ച പോയ നിരവധി തെറ്റായ പൊതുബോധങ്ങള്‍ ആണ്.

4. കേരളത്തിന്റെ കാര്യം എടുത്ത് നോക്കുകയാണെങ്കില്‍ ഇവിടെ ഉള്ള ഒരു പൊതു ബോധം എന്നത് തൊഴിലാളികള്‍ക്ക് മാന്യമായി ജീവിക്കുവാന്‍ ഉള്ള വേതനം എത്രയാണോ അതാണ് ന്യായമായ വേതനം എന്നും, അത് കൊടുക്കുവാന്‍ സംരംഭകന്‍ ബാധ്യസ്ഥനാണ് എന്നുമാണ്. അതുകൊണ്ട് തന്നെ യൂണിയന്‍ മര്‍ദ്ദിച്ചത് തെറ്റാണ് എങ്കിലും സംരംഭകന്‍ എല്ലാവര്‍ക്കും ഉയര്‍ന്ന കൂലി തന്നെ നല്‍കുവാന്‍ ബാധ്യസ്ഥനാണ് എന്ന ഒരു ചിന്ത പലരിലും ഉണ്ട്. അവിടെ സംരംഭകന് ലാഭം കിട്ടുന്നുണ്ടോ നഷ്ടം സഹിക്കേണ്ടി വരുകയാണോ എന്നൊന്നും ആരും ചിന്തിക്കാന്‍ ശ്രമിക്കാറില്ല. സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പോലും ലംഘിക്കുന്ന ഈ ഒരു പൊതു ബോധം ആണ് യൂണിയന്‍ നേതാക്കള്‍ക്ക് എന്ത് തോന്നിവാസം കാണിക്കുവാനും ഉള്ള ധൈര്യം കൊടുക്കുന്നത്.

5. എന്താണ് വ്യവസായ സൗഹൃദം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്? വ്യവസായ സൗഹൃദം ആകാന്‍ അടിസ്ഥാനപരമായി വേണ്ടത് സ്വാതന്ത്ര്യം ആണ്. ഒരു സംരംഭകന് തന്റെ സംരംഭം എവിടെ തുടങ്ങണം, എത്ര തൊഴിലാളികളെ എടുക്കണം, ഏത് തൊഴിലാളികളെ നിയമിക്കണം, എത്ര വേതനം കൊടുക്കണം, ഉണ്ടാക്കുന്ന സാധന സേവനങ്ങള്‍ എവിടെ എല്ലാം കച്ചവടം ചെയ്യാന്‍ പറ്റണം, എത്ര വില ഈടാക്കണം എന്നെല്ലാം നിശ്ചയിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഉള്ള സ്ഥലങ്ങളില്‍ മാത്രമേ പുതിയ ആശയങ്ങളും കൂടുതല്‍ സംരംഭങ്ങളും വളരുകയുള്ളൂ. അങ്ങിനെ സംരംഭങ്ങള്‍ തുടങ്ങാന്‍ ആളുകള്‍ക്ക് ധൈര്യം വരുമ്പോള്‍ മാത്രമേ സമ്പത്ത് ക്രിയേറ്റ് ചെയ്യപ്പെടൂ. തൊഴിലുകള്‍ ഉണ്ടാകുകയുള്ളൂ.

6. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇതിനൊന്നും ഉള്ള ഒരു സ്വാതന്ത്ര്യം സംരംഭകര്‍ക്ക് ഇല്ല. ഇവിടെ യൂണിയന്‍ നേതാക്കളും അധികാരികളും എല്ലാം കൂടെ നിശ്ചയിക്കുന്ന വേതനം കൊടുക്കാന്‍ നിര്‍ബന്ധിതരായി മാറുകയാണ് സംരംഭകര്‍. അതിനു പറയുന്ന ന്യായം സംരംഭകര്‍ തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ സാധ്യത ഉണ്ട്, അത് കൊണ്ട് ‘ന്യായമായ’ വേതനം എന്താണെന്ന് നിശ്ചയിക്കാന്‍ സര്‍ക്കാരിനും തൊഴിലാളി യൂണയനുകള്‍ക്കും ഒക്കെ മാത്രമേ സാധിക്കുക ഉള്ളൂ എന്ന വികലമായ വാദം ആണ്. വേതനം കുറയുന്നത് തൊഴിലാളികളെ സംരംഭകര്‍ ചൂഷണം ചെയ്യുന്നത് കൊണ്ടാണ് എന്ന തെറ്റിദ്ധാരണ ഉള്ള പൊതുജനങ്ങളും ഈ വാദം അംഗീകരിക്കുന്നു.

7. എത്രയാണ് ന്യായമായ വേതനം? ഒരു സംരംഭം നടത്തുന്നതിന്റെ റിസ്‌കോ പ്രശ്‌നങ്ങളോ ഒന്നും യാതൊരു തരത്തിലും ബാധിക്കാത്ത ആളുകള്‍ക്ക് ന്യായം ആയ വേതനം എത്രയാണ് എന്ന് എങ്ങിനെ ആണ് നിശ്ചയിക്കാന്‍ കഴിയുക? തന്റെ സംരംഭത്തിന്റെ എല്ലാ വിധ റിസ്‌കുകളും പ്രശ്‌നങ്ങളും മനസ്സിലാകുന്നത് അതാത് സംരംഭകര്‍ക്ക് മാത്രം ആണ്. ന്യായം കണ്ടെത്താന്‍ ശ്രമിക്കുന്ന ഈ നേതാക്കന്മാര്‍ക്ക് അതിന്റെ യാതൊരു വിധ കാര്യങ്ങളിലും ധാരണ ഉണ്ടാകില്ല. അത് കൊണ്ട് തന്നെ സംരംഭകന്റെ പ്രശ്‌നങ്ങള്‍ അവിടെ ചര്‍ച്ച ചെയ്യപ്പെടില്ല.

8. മറ്റൊരു പ്രശ്‌നം വേതനത്തില്‍ ഉള്ള വിവേചനം ആണ്. യൂണിയന്‍ നിശ്ചയിക്കുന്ന ശമ്പളം കൊടുത്താല്‍ മാത്രം പോരാ, എല്ലാ തൊഴിലാളികള്‍ക്കും ഒരേ പോലെ ശമ്പളം കൊടുക്കണം എന്നത് ആണ് വാദം. ഒരേ തൊഴില്‍ ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഒരേ കൂലി ലഭിക്കണം എന്ന് കേള്‍ക്കുമ്പോള്‍ ഒറ്റ നോട്ടത്തില്‍ നല്ല ഒരു തീരുമാനം ആണ് എന്ന് തോന്നും എങ്കിലും ഇത്തരം വാദങ്ങളില്‍ യാതൊരു ന്യായവും ഇല്ല എന്നത് ആണ് വസ്തുത.

9. ഒരു സംരംഭകന്‍ ഒരു തൊഴിലാളിക്ക് ജോലി കൊടുക്കുമ്പോള്‍ അതിന്റെ വേതനം എത്ര ആയിരിക്കണം എന്ന് നിശ്ചയിക്കേണ്ടത് സംരംഭകനും തൊഴിലാളിയും തമ്മില്‍ ഉള്ള പരസ്പര ധാരണയില്‍ ആണ്. സംരംഭകന്‍ പറയുന്ന തുകയില്‍ ജോലി ചെയ്യാന്‍ സാധിക്കില്ല എങ്കില്‍ ആ ജോലി വേണ്ട എന്ന് വെക്കുവാന്‍ ഉള്ള പൂര്‍ണമായ സ്വാതന്ത്ര്യം തൊഴിലാളിക്ക് ഉണ്ട്. അത് പോലെ തന്നെ തൊഴിലാളി ആവശ്യപ്പെടുന്ന വേതനം കൂടുതല്‍ ആണ് എന്ന് തോന്നുന്നു എങ്കില്‍ ആ തൊഴിലാളിയെ നിയമിക്കേണ്ട, പകരം തനിക്ക് സമ്മതം ആകുന്ന വേതനത്തില്‍ ജോലി ചെയ്യുവാന്‍ താല്‍പര്യം ഉള്ള ആളുകളെ നിയമിക്കാന്‍ ഉള്ള സ്വാതന്ത്ര്യം സംരംഭകനും ഉണ്ടാകണം. അങ്ങിനെ സ്വാതന്ത്ര്യം രണ്ടു കൂട്ടര്‍ക്കും ഉണ്ടാകുമ്പോള്‍ ആണ് രണ്ടു പേര്‍ക്കും ഉപകാരം ഉണ്ടാകുന്ന രീതിയില്‍ ഉള്ള വേതനം നിശ്ചയിക്കപ്പെടുന്നത്. ഈ വേതനം എത്ര തന്നെ ആയിരുന്നാലും അത് ആണ് അവിടെ ന്യായം ആയ വേതനം. കാരണം ഇവിടെ യാതൊരു ബല പ്രയോഗവും നടന്നിട്ട് അല്ല വേതനം തീരുമാനിക്കപ്പെട്ടത് മറിച്ച് രണ്ടു കൂട്ടരും സ്വമേധയാ തീരുമാനിച്ച് ആണ്.

ഇത് നമുക്ക് ജീവിക്കാന്‍ ഉള്ളതിലും വളരെ കുറവാണ് എന്ന് പറഞ്ഞാല്‍, അതിന്റെ അര്‍ത്ഥം ആ തൊഴില്‍ ആ തുച്ഛമായ വേതനത്തില്‍ ചെയ്യുവാന്‍ വളരെ അധികം ആളുകള്‍ സ്വമേധയാ തയ്യാറായി വരുന്നു എന്നും, അത്തരം തൊഴിലുകള്‍ കൊണ്ട് സംരംഭകനോ പൊതുജനങ്ങള്‍ക്കോ ഉപകാരം ഉണ്ടാകുന്നില്ല എന്നും ആണ്. സംരംഭകന് ലാഭം ഉണ്ടാകുന്നില്ല എന്നാല്‍ ആളുകള്‍ സ്വന്തം പണം മുടക്കി ഈ തൊഴിലിന്റെ സേവനം വാങ്ങുവാന്‍ തയ്യാറാകുന്നില്ല എന്നാണ് അര്‍ത്ഥം. അത്‌കൊണ്ട് തന്നെ ഈ സാഹചര്യത്തില്‍ ഉയര്‍ന്ന വേതനം കൊടുക്കുവാന്‍ സംരംഭകന് കഴിഞ്ഞു എന്ന് വരില്ല. അത് കൊണ്ട് തന്നെ കുറഞ്ഞ വേതനം എന്നത് ആ തൊഴില്‍ കാലഹരണപ്പെട്ടു എന്ന സിഗ്‌നല്‍ ആണ്. അത് കൊണ്ട് വേതനം കുറവ് എന്ന് തോന്നുന്നവര്‍ മറ്റു തൊഴില്‍ കണ്ടെത്താന്‍ ശ്രമിക്കുക, കൂടുതല്‍ തൊഴില്‍ ഉണ്ടാകാന്‍ ഉള്ള സാഹചര്യം ഉണ്ടാകുക എന്നത് മാത്രമേ പ്രതിവിധി ഉള്ളൂ.

10. ഒരു ബസ്സ് വ്യവസായത്തിന്റെ കാര്യം തന്നെ എടുത്താല്‍ എല്ലായിപ്പോഴും ബസ്സിനു കളക്ഷന്‍ വിചാരിച്ച പോലെ ഉണ്ടാകണം എന്നില്ല. ഒരു സംരംഭത്തിന് ഉണ്ടാകുന്ന നിരവധി റിസ്‌കുകള്‍ കൂടതെ, ടിക്കറ്റ് വില നിയന്ത്രണം, കളര്‍ കോഡ്, സൗജന്യ പാസ് തുടങ്ങിയ സര്‍ക്കാരിന്റെ അനാവശ്യമായ പല നിയന്ത്രണങ്ങളും ഉള്ള ഒരു ഇന്‍ഡസ്ട്രി ആണ് കേരളത്തിലെ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഡസ്ട്രി. ഇതിനെല്ലാം പുറമെ ഇന്ധനത്തിലും വാഹനത്തിലും ചുമത്തുന്ന അതി ഭീമമായ ടാക്‌സും കൂടെ ആകുമ്പോള്‍ ആ വ്യവസായം ലാഭകരമായി കൊണ്ട് നടക്കുക എന്നത് ഏതൊരു സംരംഭകനും വളരെ അധികം വെല്ലുവിളി നിറഞ്ഞത് ആണ്. ഇത്തരം വലിയ പ്രതിസന്ധികള്‍ നേരിടുന്നത് കൊണ്ടാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളത്തിലെ സ്വകാര്യ ബസ്സുകളുടെ എണ്ണത്തില്‍ 60 ശതമാനത്തോളം കുറവ് വന്നത്. ഇതിന് പുറമെ ആണ് ബസ്സിലെ കളക്ഷന്‍ പോലും നോക്കാതെ എല്ലാ തൊഴിലാളികള്‍ക്കും മിനിമം വേതനം വേണമെന്നും വേതനത്തില്‍ വിവേചനം പാടില്ല എന്നും പറഞ്ഞു വരുന്നത്.

11. എല്ലാ തൊഴിലാളികളും ഒരു പോലെ മികച്ചവര്‍ അല്ല. ഒരേ തൊഴില്‍ ആയാലും മികച്ച രീതിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും അല്ലാത്തവര്‍ക്കും ഒരേ വേതനം കൊടുക്കണം എന്ന് വാശി പിടിക്കുന്നത് സംരംഭം മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ട് പോകുവാന്‍ ഉള്ള തൊഴിലാളികളുടെ ഇന്‍സന്റീവ് ഇല്ലാതെ ആക്കുന്ന ഏര്‍പ്പാട് ആണ്. അത്‌കൊണ്ട് തന്നെ സംരംഭകന് അയാള്‍ക്ക് തോന്നുന്ന പോലെ തൊഴിലാളികളുടെയും ബസ്സിന്റെയും പ്രകടനം അനുസരിച്ച് കൂലിയില്‍ മാറ്റം വരുത്താന്‍ സാധിക്കണം. തൊഴിലാളികള്‍ക്ക് അത് അംഗീകരിക്കുവാന്‍ ആവില്ല എങ്കില്‍ കൂടുതല്‍ വേതനം കിട്ടുന്ന മറ്റു തൊഴില്‍ തേടി പോകുവാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. അത് പോലെ ഇഷ്ടം ഉള്ള ആളുകളെ ഇഷ്ടം ഉള്ള തുകയ്ക്ക് ജോലിക്ക് വെക്കുവാന്‍ മുതലാളിക്ക് കൂടെ സ്വാതന്ത്ര്യം ഉണ്ടാകണം. അങ്ങിനെ വരുമ്പോള്‍ ആണ് കൂടുതല്‍ സംരംഭകര്‍ ഈ രംഗത്തേക്ക് വരുക. അപ്പോളാണ് തൊഴിലാളികള്‍ക്ക് കൂടുതല്‍ ചോയ്‌സ് ഉണ്ടാകുക. ഇരു കൂട്ടര്‍ക്കും കൂടാതെ ഉപഭോക്താക്കള്‍ക്കും മെച്ചപ്പെട്ട അവസ്ഥ അങ്ങിനെ ആണ് ഉണ്ടാകുക.

അത് സാധിക്കാത്ത പക്ഷം വ്യവസായങ്ങള്‍ കുറയും. തൊഴിലും കുറയും. സംരംഭകന്‍ നിശ്ചയിക്കുന്ന കൂലി സമ്മതം അല്ലെങ്കില്‍ ജീവനക്കാരന് വേറെ എവിടെ എങ്കിലും ജോലി നോക്കാം. ആ വേതനത്തില്‍ വരാന്‍ താല്‍പര്യം ഉളളവര്‍ വരട്ടെ എന്ന് മാത്രമേ ഉള്ളൂ. അത്തരം തീരുമാനങ്ങള്‍ കൊണ്ട് ഉള്ള ലാഭവും നഷ്ടവും എല്ലാം ആ സംരംഭകന്‍ തന്നെ സഹിച്ചാല്‍ മതി. അത് കൊണ്ട് തന്നെ യാതൊരു അനീതിയും ഇല്ല.

12. ഇപ്പൊള്‍ ഉയരാവുന്ന മറ്റൊരു ചോദ്യം സംരംഭകന്‍ തന്റെ ജാതി – മത – രാഷ്ട്രീയ ചായ്‌വുകള്‍ വെച്ച് കൊണ്ട് സ്വന്തം ഇഷ്ടക്കാരെ മാത്രം തിരഞ്ഞെടുക്കാന്‍ ഇത് ഇടയാക്കില്ലെ എന്നത് ആണ്. ഈ ബസ്സ് തര്‍ക്കത്തിലും ഉടമയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെട്ടല്ലോ. എന്നാല്‍ അത്തരം വിവേചനങ്ങള്‍ നടത്തി കൊണ്ട് പോകുമ്പോള്‍ തന്നെ ആ സംരംഭകന്‍ അതിനുള്ള വില കൊടുക്കേണ്ടി വരും. ഉദാഹരണത്തിന് ഈ സംരംഭകന്‍ നല്ല കഴിവ് ഉള്ള ഒരു തൊഴിലാളിയെ മാറ്റി നിര്‍ത്തി കൊണ്ട് കഴിവ് കുറഞ്ഞ തന്റെ ഇഷ്ടക്കാരനെ ജോലിക്ക് നിര്‍ത്തി ഉയര്‍ന്ന ശമ്പളം കൊടുക്കുന്നു എന്ന് കരുതുക. അപ്പൊള്‍ അത്തരം തൊഴിലാളികളെകൊണ്ട് ആ സംരംഭത്തിന് എങ്ങിനെ വന്നാലും മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ കഴിയില്ല. കാരണം തൊഴിലാളി കഴിവില്ലാത്ത സ്വന്തക്കാരന്‍ ആണല്ലോ. ഇനി നല്ല രീതിയില്‍ മുന്നോട്ട് പോയാല്‍ അയാള് നിയമിച്ച തൊഴിലാളി നല്ല കഴിവുള്ളവന്‍ ആണ് എന്നും, അയാൾ വിവേചനം കാണിച്ചിട്ടില്ല എന്നും മനസ്സിലാക്കാം. വീണ്ടും അത്തരം തീരുമാനങ്ങള്‍ കൊണ്ടുള്ള ലാഭ നഷ്ടങ്ങള്‍ സംരംഭകന്‍ തന്നെ വഹിക്കേണ്ടി വരുന്നതിനാല്‍ വിവേചനങ്ങള്‍ ഏറ്റവും കുറവ് ആകുകയും സംരംഭകന് സ്വാതന്ത്ര്യം കൂടുതല്‍ ഉള്ളപ്പോള്‍ ആയിരിക്കും.

13. നേരെ മറിച്ച് തൊഴിലാളി യൂണിയനുകളും സര്‍ക്കാരുകളും സംരംഭകരോട് ആരെ നിയമിക്കണം എന്ന് പറയുകയാണെങ്കിൽ അവിടെയാണ് കൂടുതല്‍ വിവേചനങ്ങള്‍ വരുന്നത്. അത് കൊണ്ടാണ് സര്‍ക്കാര്‍ നിയമനങ്ങളില്‍ സ്വന്തക്കാരെ കയറ്റുന്നതും കൂലി കുറച്ച് കൊടുക്കുന്നതും തെറ്റാണ് എന്ന് നമ്മള്‍ പറയുന്നത്. അവിടെ നഷ്ടം വഹിക്കുന്നത് സ്വന്തം ബയാസുകള്‍ കൊണ്ട് ഇഷ്ടക്കാരെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന യൂണിയന്‍ നേതാക്കളോ രാഷ്ട്രീയക്കാരോ അധികാരികളോ അല്ല. മറിച്ച് നമ്മള്‍ പൊതുജനങ്ങള്‍ ആണ്. യൂണിയന്‍ നേതാക്കള്‍ തീരുമാനിക്കുന്ന ആളിനെ സംരംഭകന്‍ നിയമിക്കാന്‍ നിര്‍ബന്ധിതരായി മാറുമ്പോളും ഇത്തരം നേതാക്കള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. മറിച്ച് ജോലി തരപ്പെടുത്തിയ ആളിന്റെ കൈയ്യില്‍ നിന്ന് കൈക്കൂലി വാങ്ങുകയും ചെയ്യാം. ഇപ്പൊ ഭരണത്തില്‍ ഇരിക്കുന്നത് കൊണ്ട് സര്‍ക്കാര്‍ കരാറുകളും താത്കാലിക നിയയ്മനങ്ങളും പോലും സ്വന്തക്കാര്‍ക്ക് കൊടുക്കുന്ന നിരവധി വാര്‍ത്തകള്‍ നമ്മള്‍ കാണുന്നതിന്റെ കാരണവും ഇത്തരം ഇന്‍സെന്റീവ് ഇല്ലായ്മ മൂലം ആണ്. സിഐടിയു, ബിഎംഎസ് അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ തൊഴിലാളികളുടെ ക്ഷേമത്തിന് എന്ന് പറഞ്ഞു കൊണ്ട് സംരംഭകരുടെ ഇഷ്ടത്തിന് വിപരീതം ആയി ചില തൊഴിലാളികള്‍ക്ക് തൊഴില്‍ കൊടുക്കുമ്പോള്‍ അവിടെ സംഭവിക്കുന്നത് നീതി നടപ്പാക്കല്‍ അല്ല, മറിച്ച് അവരുടെ ഇഷ്ടക്കാരെ നിയമിക്കല്‍ ആണ്. അത് മൂലം ജോലി നഷ്ടം ആകുന്നത് അവരുടെ ഗുഡ് ബുക്കില്‍ ഇല്ലാത്ത ആളുകള്‍ക്ക് ആണ്. ഇത് കൂടാതെ ഇവരെ പേടിച്ച് സംരംഭം നിര്‍ത്തുന്നത് മൂലം ഇല്ലാതെ ആകുന്ന ആയിരക്കണക്കിന് തൊഴില്‍ ലഭിച്ചേക്കാവുന്നത് പാവങ്ങൾക്കാണ് .

14. അതാണ് ചൂഷണവും വിവേചനവും അനീതിയും എല്ലാം. നീതി വേണം എന്ന് നിങ്ങൾ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു എങ്കില്‍ ഇത്തരം കടന്നു കയറ്റങ്ങള്‍ക്ക് എതിരെ പറയുക. ഇവിടെ ബസ്സ് മുതലാളി ഒരാള്‍ക്ക് കൂലി കുറച്ചു എന്ന് പറയുന്നതില്‍ യാതൊരു അനീതിയും ഇല്ല.

15. ഇനി മിനിമം കൂലി കൊടുക്കണം എന്നും അങ്ങിനെ മിനിമം കൂലി തൊഴിലാളികള്‍ക്ക് കിട്ടുവാന്‍ കാരണം ഇത്തരം യൂണിയനുകള്‍ ആണ് എന്നും ഉള്ള അവകാശവാദത്തിന്റെ പൊള്ളത്തരങ്ങള്‍ കൂടെ പറഞ്ഞു കൊണ്ട് അവസാനിപ്പിക്കാം. ഒരു തൊഴിലിന്റെ കൂലി എന്നത് ആ തൊഴിലിന് വിപണിയില്‍ ഉള്ള ഡിമന്റിനെയും സപ്ലെയെയും അനുസരിച്ച് ആണ് നിശ്ചയിക്കപ്പെടുന്നത്. അല്ലാതെ ഇത്തരം എട്ടുകാലി മമ്മൂഞ്ഞ്മാരുടെ അവകാശ വാദത്തിനു യാതൊരു കഴമ്പും ഇല്ല. സംരംഭകനും തൊഴിലാളിക്കും സ്വാതന്ത്ര്യം ഉള്ളിടത്തോളം കാലം ഒരു തൊഴിലാളിയെ ജോലിക്ക് വെക്കുന്നത് കൊണ്ട് അമിത ലാഭം സംരംഭകന് ചൂഷണം ചെയ്ത് എടുക്കുവാന്‍ സാധിക്കില്ല. അതിനു കാരണം വിപണിയില്‍ ഉണ്ടാകുന്ന മത്സരം ആണ്.

16. ഉദാഹരണത്തിന് 100 രൂപ കൂലി മാത്രം കൊടുത്ത് തൊഴിലാളിയെ പണി എടുപ്പിച്ചു ഒരു സംരംഭകന് 1000 രൂപ ലാഭം ഉണ്ടാകുന്നു എങ്കില്‍ ആ ഒരു സംരഭത്തിലേക്ക് കടന്ന് വരുവാന്‍ കൂടുതല്‍ ആളുകള്‍ തയ്യാറാകും. അങ്ങിനെ കൂടുതല്‍ ആളുകള്‍ തൊഴില്‍ നല്‍കാന്‍ വരുമ്പോള്‍ തൊഴിലാളികളുടെ ഡിമാന്‍ഡ് കൂടും. മറ്റു സംരംഭകരുടെ അടുത്തേക്ക് പോകാന്‍ തൊഴിലാളികള്‍ക്കും സ്വാതന്ത്ര്യം ഉള്ളത് കൊണ്ട് കൂടുതല്‍ കൂലി കൊടുത്താല്‍ മാത്രമേ തൊഴിലാളികളെ സംരംഭകര്‍ക്ക് നിലനിര്‍ത്തുവാന്‍ കഴിയുല്ലൂ. അങ്ങിനെ 100 രൂപയില്‍ നിന്ന് 200, 300, 400 എന്നിങ്ങനെ വേതനം കൂടിക്കൊണ്ടെ ഇരിക്കും. മുതലാളി എടുക്കുന്ന റിസ്‌ക്കിന് കിട്ടുന്ന ലാഭം കഴിച്ച് ബാക്കി ലാഭം എത്ര ആണോ അത് വരെ കൂലി കൂടും.

അതിലും കൂടി തുടങ്ങിയാല്‍ ആ സംരംഭം നഷ്ടം ആണ് എന്ന് കണ്ട് ആളുകള്‍ പിന്തിരിയാനും തുടങ്ങും. അങ്ങിനെ ഒരു നിശ്ചിത പോയിന്റില്‍ ഇത് ഒരു സന്തുലിതാവസ്ഥയില് എത്തും. അങ്ങിനെ ആണ് കൂലി നിശ്ചയിക്കപ്പെടുന്നത്. അല്ലാതെ കുറഞ്ഞ കൂലിയില്‍ എല്ലാവരും പണി എടുക്കേണ്ട അവസ്ഥ അല്ല ഉണ്ടാകുക. സംരംഭകനും തൊഴിലാളിക്കും സ്വാതന്ത്ര്യം ഉള്ള കാലത്തോളം രണ്ടു കൂട്ടരേയും ചൂഷണം ചെയ്യാന്‍ പറ്റില്ല. അത് കൊണ്ടാണ് സംരംഭകര്‍ക്ക് സ്വാതന്ത്യം കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ പുരോഗതിയില്‍ എത്തുന്നത്. ഇതില്‍ ഒരാള്‍ക്ക് മാത്രം സ്വാതന്ത്ര്യം ഉണ്ടാകുകയും മറ്റൊരു കൂട്ടര്‍ക്ക് ഇല്ലാതെ ആകുകയും ചെയ്യുമ്പോള്‍ അവിടെ ചൂഷണം നടക്കും. അടിമത്ത വ്യവസ്ഥയില്‍ തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെട്ടതും, നേരെ മറിച്ച് ഇപ്പൊള്‍ നടന്ന പോലെ യൂണിയന്‍ ഗുണ്ടായിസം നടക്കുമ്പോള്‍ സംരംഭകര്‍ ചൂഷണം ചെയ്യപ്പെടുന്നതും അത് കൊണ്ടാണ്. സ്വതന്ത്ര വിപണിയാണ് ഇത്തരം ചൂഷണങ്ങള്‍ ഇല്ലാതെ ആക്കി ഏതൊരു പൗരനും അവന്റെ ആഗ്രഹങ്ങള്‍ അനുസരിച്ച് ഉയരാനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത്.

17. ഇത് എത്രത്തോളം ശരിയാണ് എന്ന് അറിയാന്‍ ഇങ്ങനെ കൂലി കൂട്ടി വെക്കുന്ന സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ ആണോ അതോ കൂടുതല്‍ സ്വാതന്ത്ര്യം കൊടുക്കുന്ന രാജ്യങ്ങളില്‍ ആണോ തൊഴിലാളികള്‍ മെച്ചപ്പെട്ട കൂലി ലഭിക്കുന്നത് എന്ന് നോക്കിയാല്‍ മാത്രം മതി. അത് പോലെ തന്നെ ഒരു അവസരം കിട്ടിയാല്‍ എന്ത് കൊണ്ട് ക്യൂബയിലെക്ക് പോകാതെ കടുത്ത സഖാക്കള്‍ പോലും അമേരിക്കയിലേക്ക് കുടിയേറാന്‍ വേണ്ടിയും ചികിത്സക്ക് വേണ്ടിയും പോകുന്നത് എന്നും ചിന്തിച്ചാല്‍ മതി.

18. അതുകൊണ്ട് തന്നെ അവിടെ കൊടി പിടിച്ച് സമരം ചെയ്യാന്‍ സിഐടിയുവിന് എന്നല്ല ആര്‍ക്കും അവകാശം ഇല്ല. തൊഴിലാളിയെ തിരഞ്ഞെടുക്കാനും കൂലി നിശ്ചയിക്കാനും ഉള്ള സ്വാതന്ത്ര്യം സംരംഭകര്‍ക്ക് ഉണ്ടാകുമ്പോള്‍ ആണ് വ്യവസായ സൗഹൃദ അന്തരീക്ഷം ഉണ്ടാകുന്നത്. അത് കൊണ്ട് തന്നെ ഏതെങ്കിലും ലേബര്‍ യുനിയനോ സര്‍ക്കാരോ സംഘടനകളോ പറയുന്ന കൂലി അല്ല, മറിച്ച് സംരംഭകന്‍ നിശ്ചയിക്കുന്ന കൂലി ആണ് കൊടുക്കേണ്ടത്. എങ്കില്‍ മാത്രമേ വ്യവസായ സൗഹൃദം എന്ന് പറയാന്‍ കഴിയൂ. തങ്ങള്‍ക്ക് പറയുന്ന കൂലി തന്നില്ലെങ്കില്‍ വ്യവസായം നടത്തി കൊണ്ട് പോകാന്‍ പറ്റില്ല എന്ന് പറയുന്നത് വെറും ഗുണ്ടായിസം ആണ്.

19. ചൂഷണം എന്ന പേര് പറഞ്ഞു കൊണ്ട് യൂണിയന്‍ കൈയൂക്ക് ഉപയോഗിച്ചും നിയമം ഉപയോഗിച്ചും ഒക്കെ കൂലി കൂട്ടി വെച്ച് കൊണ്ട് ഓരോ തൊഴിലിനും എത്ര വേതനം കൊടുക്കണം എന്നും ആരെ നിയമിക്കണം എന്നും നിശ്ചയിക്കാന്‍ സംരംഭകന് സ്വാതന്ത്ര്യം കൊടുക്കാതെ ഇരിക്കുന്ന അവസ്ഥ നിലവില്‍ വരുമ്പോള്‍, അത് എത്ര മാത്രം പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നും ആളുകളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് എത്രത്തോളം തടസ്സങ്ങള്‍ സൃഷ്ടിക്കും എന്നും ആണ് ഇതുവരെ ഇവിടെ വിശദീകരിച്ചത്.

20. ഇക്കാര്യത്തില്‍ പൊതുവായി ആളുകള്‍ക്ക് ഉണ്ടായേക്കാവുന്ന ചില സംശയങ്ങള്‍
നോക്കാം. അതിലൊന്ന് ഇഷ്ടം ഉള്ള കൂലി സംരംഭകന്‍ നിശ്ചയിക്കുന്നത് അടിമത്തം ആണെന്ന് പലരും പറയുന്നുണ്ട്.

21. അടിമത്ത സമ്പ്രദായത്തില്‍ നിങ്ങള്‍ക്ക് ആ കുറഞ്ഞ കൂലിയില്‍ ജോലി ചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍, വേണ്ട എന്ന് വെക്കാനുള്ള സ്വാതന്ത്ര്യം ഇല്ല. ഉടമ പറയുന്നത് എന്ത് തന്നെ ആയാലും അത് അനുസരിക്കുവാന്‍ അടിമ ബാധ്യസ്ഥനാണ്. അവിടെ ഉടമ അടിമയോട് കാണിക്കുന്നത് ബല പ്രയോഗം ആണ്. പക്ഷേ സ്വതന്ത്ര വിപണി എന്നും വ്യവസായ സൗഹൃദം എന്നും പറയുന്നത് അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. അവിടെ സംരംഭകന്‍ ആയാലും തൊഴിലാളി ആയാലും രണ്ടു കൂട്ടര്‍ക്കും സ്വാതന്ത്രം ഉണ്ട്. അത് കൊണ്ട് തന്നെ തൊഴില്‍ കൊടുക്കുന്നത് സംരംഭകനും തൊഴില്‍ ചെയ്യുന്നത് തൊഴിലാളിക്കും ഗുണം കിട്ടുന്നു എങ്കില്‍ മാത്രമേ രണ്ട് കൂട്ടരും അതിനു സ്വമേധയാ തയ്യാര്‍ ആകുക ഉള്ളൂ.

22. കൂലി എന്ന് പറയുന്നത് മറ്റേതൊരു സാധനത്തിന്റെ വിലയും പോലെ ആണ്. വാങ്ങുന്ന ആളിനും വില്‍കുന്ന ആളിനും സമ്മതം ഉള്ള വില എന്താണോ അതാണ് വില. അത് പോലെ തന്നെ സംരംഭകനും തൊഴിലാളിക്കും സ്വകാര്യമായ ആയ ഒരു കൂലി ആണ് കൂലി. ഇവിടെ പറഞ്ഞ 800 രൂപ സ്വീകാര്യമല്ലെങ്കില്‍, അയാള്‍ അതിലും കൂടുതല്‍ കിട്ടുന്ന മറ്റു സ്ഥലങ്ങളില്‍ ജോലിക്ക് പോകട്ടെ എന്നത് ആണ് ന്യായം. 800 രൂപയ്ക്ക് ജോലി ചെയ്യാന്‍ താല്‍പര്യം ഉള്ള മറ്റൊരാള്‍ ആ ജോലി ചെയ്‌തോളും. പക്ഷേ ഇവിടെ യൂണിയന്‍ പറയുന്നത് ഈ തൊഴിലാളിക്ക് 1075 കൊടുത്തിട്ടില്ല എങ്കില്‍ ബസ്സ് തന്നെ നടത്തണ്ട എന്നാണ്. അതായത് വേറെ ആരെയും ജോലി ചെയ്യാന്‍ സമ്മതിക്കണ്ട എന്ന്. അത് 800 രൂപയ്ക്ക് ജോലി ചെയ്യാന്‍ സമ്മതം ആയി വരുന്ന ആളിനോടു കൂടെ ചെയ്യുന്ന അനീതി ആണ്.

23. നിങ്ങള്‍ കച്ചവടം ചെയ്യുമ്പോള്‍ 100 രൂപയ്ക്ക് വില്‍ക്കുന്ന സാധനം ഞാന്‍ 80 രൂപയ്ക്ക് തരാന്‍ ആവശ്യപ്പെട്ടു എന്ന് കരുതുക. നിങ്ങള്‍ സമ്മതം അല്ല എന്ന് പറഞ്ഞാല്‍ ഞാന്‍ വേറെ കടയില്‍ പോകണം. മറിച്ച് 80 രൂപയ്ക്ക് എനിക്ക് തന്നില്ല എങ്കില്‍ അത് വില്‍ക്കാനേ പാടില്ല എന്ന് ഞാന്‍ പറഞ്ഞാല്‍, അത് ആണ് ഗുണ്ടായിസം. അടിമത്തത്തില്‍ ഉടമ ബലപ്രയോഗം നടത്തുന്ന പോലെ, ഇവിടെ ബലപ്രയോഗം നടത്തുന്നത് യൂണിയന്‍ ആണ്.

24. ‘ഒരു തൊഴിലാളി ജോലി ചെയ്താല്‍ അവനു basic necessities നടത്തി കൊണ്ട് പോകാന്‍ സാധിക്കണം. അല്ലാത്ത പക്ഷം അത് ചൂഷണം ആണ്.’- ഇങ്ങനെയും ഒരു സംശയം പലര്‍ക്കും ഉണ്ട്. ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്ന ആളുകളുടെ ഉദ്ദേശ്യം നല്ലതായിരിക്കും. എന്നാല്‍ അത് കൊണ്ട് മാത്രം ഒരു പോളിസിയെ ജഡ്ജ് ചെയ്യുന്നത് വലിയ ഒരു അബദ്ധം ആണ്. ഇവിടെ വാദം തൊഴിലാളിക്ക് ബേസിക്ക് കാര്യങ്ങള്‍ ചെയ്തു കൊടുക്കുവാന്‍ ഉള്ള ഉത്തരവാദിത്വം സംരംഭകന് മാത്രം ആണ് എന്നത് ആണ്. അയാള്‍ക്ക് നഷ്ടം ആണോ ലാഭം ആണോ എന്നത് ഒരു വിഷയം അല്ല. തൊഴിലാളിക്ക് തുച്ഛം ആയ ശമ്പളം എന്ത് സാഹചര്യം കൊണ്ട് കൊടുക്കേണ്ടി വന്നാലും അത് ചൂഷണം ആണ് എന്നാണ് ഈ വാദത്തിന്റെ അന്തസത്ത. എല്ലാവര്‍ക്കും മിനിമം കൂലി വേണം എന്ന നിങ്ങളുടെ ഉദ്ദേശ്യം നല്ലതാണ്. പക്ഷേ അത് നടപ്പാക്കുമ്പോള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നത് പാവപ്പെട്ടവന്‍ തന്നെ ആണ്.

25. നിങ്ങൾ 1000 മിനിമം കൂലി വെച്ചാല്‍ സംഭവിക്കുക സംരംഭകര്‍ 1000 രൂപ എങ്കിലും അവര്‍ക്ക് തിരിച്ച് തരുവാന്‍ തക്ക കഴിവുള്ള ജോലിക്കാരെ മാത്രമേ നിയമിക്കുക ഉള്ളൂ. അല്ലെങ്കില്‍ നഷ്ടം സഹിച്ച് മുന്നോട്ട് കൊണ്ടു പോവുക വളരെ ബുദ്ധിമുട്ട് ആണ്. അതിലും താഴെ മാത്രം Productivity/കഴിവ് ഉള്ള ആളുകളെ ആരും സാധാരണ ഗതിയില്‍ എടുക്കില്ല. ഇത്തരം ചെറിയ വേതനത്തില്‍ ജോലി ചെയ്യാന്‍ തയ്യാര്‍ ആകുന്ന ആളുകള്‍ അധികവും മിക്കവാറും ഏറ്റവും പാവപ്പെട്ടവരും underprivileged ആയവരും ആയിരിക്കും. അവര്‍ക്ക് സ്‌കില്‍ കുറഞ്ഞത് കൊണ്ട് തന്നെ തങ്ങളേക്കാള്‍ കൂടിയ സ്‌കില്‍ ഉള്ള ആളുകളും ആയി മത്സരിക്കുവാന്‍ അവരുടെ കൈയില്‍ ആകെ ഉള്ളത് കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുക എന്ന ഓപ്ഷന്‍ ആണ്. അത് ഇല്ലാതെ ആക്കുക ആണ് മിനിമം വേതനം കൊണ്ട് ഉണ്ടാകുക.

26. അതായത് 1000 രൂപ നേടി തരുവാന്‍ കഴിവ് ഉള്ള ആളിന് 500 രൂപ മാത്രം നേടി തരുവാന്‍ കഴിവ് ഉള്ള പാവപെട്ട ആളിന്റെ മത്സരം ഒഴിവായി കിട്ടും. മിനിമം wage law ഇല്ല എങ്കില്‍ ഒരു സംരംഭകന് ഇവിടെ 2 ഓപഷ്ന്‍ ഉണ്ട്. 1000 productivity ഉള്ള ആളിനെ എടുക്കാം, അല്ല എങ്കില്‍ 500 productivity ഉള്ള പാവപെട്ട ആളിനെ എടുക്കാം (ചിലവ് കുറയും). പക്ഷേ അവിടെ നിയമം കര്‍ശനം ആക്കുമ്പോള്‍ രണ്ടാമത്തെ ഓപ്ഷന്‍ illegal ആയി മാറും. അത് ചൂഷണം ആയി കണക്കാക്കും. അതിനാല്‍ തന്നെ 1000 productivity ഉള്ള കഴിവ് കൂടിയ ആളിനെ മാത്രം അവര്‍ ജോലിക്ക് വെക്കും.

27. ചുരുക്കത്തില്‍ മിഡില്‍ ക്ലാസിനും പാവപെട്ട ആളുകളുടെ അടുത്ത് നിന്നുള്ള മത്സരം ഒഴിവാക്കി കൊടുക്കുക ആണ് മിനിമം വേതനം. മാത്രവുമല്ല 500 രൂപയുടെ productivity ഉള്ള ആ പാവപെട്ട വ്യക്തി ജോലിയില്‍ കയറി ഉണ്ടാകുന്ന എക്‌സ്പീരിയന്‍സ് വെച്ച് അയാളുടെ സ്‌കില്‍ അപ്‌ഗ്രേഡ് ചെയ്യുവാനും productivity കൂട്ടുവാനും ഉള്ള അവസരം കൂടെ ആണ് ഇല്ലാതെ ആകുന്നത്. അതിന്റെ ഫലമോ വീണ്ടും ഉയര്‍ന്ന സാമ്പത്തിക അസമത്വം. ഈ കാരണങ്ങള്‍ കൊണ്ട് ആണ് മിനിമം വേജ് നിര്‍ബന്ധം ആക്കുമ്പോള്‍ Low skilled workers ന്റെയും കൗമാരക്കാരുടെയും തൊഴിലില്ലായ്മ വര്‍ധിക്കുന്നത്.

28. നിങ്ങള്‍ ഇത് ആവശ്യപെടുന്നത് പാവപ്പെട്ടവരെ സഹായിക്കാന്‍ അല്ലേ? പക്ഷേ നോക്കൂ, അവസാനം അത് പാവപെട്ട ആളുകളെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളി വിടുകയാണ്. ഇനി ഇതേ ലോജിക്ക് സംരംഭകൻ അപ്ലൈ ചെയ്താലോ? ഒട്ടുമിക്ക സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നവരും മാസങ്ങളോളം അല്ലെങ്കില്‍ വര്‍ഷങ്ങളോളം നഷ്ടം സഹിച്ച് കൊണ്ട് തന്നെ ആയിരിക്കും മുന്നോട്ട് പോകുന്നത്. അവര്‍ക്ക് നഷ്ടം വരുമ്പോളും എല്ലാം അടിസ്ഥാന സൗകര്യം നടത്തുവാന്‍ അയാള്‍ക്ക് ശമ്പളം കൊടുക്കണോ?

29. ഇങ്ങനെ വാദിക്കുന്നവര്‍ സ്വയം കരുതുന്നത് അവര്‍ മാനുഷികമായി കരുണ ഉളളവര്‍ ആണ് എന്നാണ്. എന്നാല്‍ നിങ്ങളുടെ ഉദ്ദേശ്യം നല്ലത് ആണെങ്കില്‍ കൂടെ അറിഞ്ഞോ അറിയാതെയോ നിങ്ങള്‍ ഉന്നയിക്കുന്ന ഇത്തരം Moral Superiority arguments വളരെ ചീപ്പായ ഒരു അവകാശവാദം മാത്രം ആണ്. ഇവിടെ അവശത അനുഭവിക്കുന്ന ഒരു വ്യക്തിയെ നിങ്ങള്‍ക്ക് സഹായിക്കണം. പക്ഷേ അതിന് നിങ്ങള്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗം എന്നത് മറ്റൊരു വ്യക്തിയോട് നഷ്ടം സഹിച്ചും സഹായിക്കുവാന്‍ നിര്‍ബന്ധം പിടിക്കുക എന്നത് ആണ്. നിങ്ങള്‍ക്ക് അവിടെ യാതൊരു ചിലവും ഇല്ല, ചുളുവില്‍ മനുഷ്യ സ്‌നേഹി എന്ന ടാഗ് വാങ്ങി പോക്കറ്റില്‍ വെക്കുകയും ചെയ്യാം. അതിന്റെ നഷ്ടം നിങള്‍ അനുഭവിക്കേണ്ട അവസ്ഥ ഇല്ലാതെ ഇരിക്കുമ്പോള്‍ മറ്റുള്ളവനോട് നഷ്ടം സഹിക്കാന്‍ പറയുന്നത് അല്‍പത്തരം ആണ്.
കൂലി എത്രയായിരുന്നാലും, നല്ല പണിക്കാരെ ആണ് എല്ലാവരും നിയമിക്കുക. പിന്നെ unskilled മേഖലകളില്‍ വേണ്ട മിനിമം skill, കൂടുതല്‍ ആളുകള്‍ക്കും പ്രാപ്യമായത് ആണ്.

30. എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റുന്നത് ആകുമ്പോള്‍ അതിനു സ്വാഭാവികം ആയും വേതനം കുറയും. അതിന്റെ അര്‍ത്ഥം അത്രയും പണം കൊടുക്കാന്‍ മാത്രമേ ആളുകള്‍ക്ക് കഴിയുള്ളൂ എന്നാണ്. എത്ര അണ്‍സ്‌കില്‍ഡ് മേഖല ആയാലും പണി അറിയുന്നവനും അറിയാത്ത ആളും, കഴിവുള്ളവനും ഇല്ലാത്തവനും ആരോഗ്യം ഉള്ളവനും ഇല്ലാത്തവനും എല്ലാം കാണും.

31. ഒരു അണ്‍സ്‌കില്‍ഡ് ലേബര്‍ക്ക് രണ്ട് തൊഴിലാളികള്‍ ഉണ്ടെന്ന് സങ്കല്‍പ്പിക്കുക. ഒന്ന് ആരോഗ്യവാന്‍, മറ്റൊന്ന് ആരോഗ്യം കുറഞ്ഞ ഒരാള്‍. മിനിമം1000 കൊടുക്കണം എന്ന് നിര്‍ബന്ധം ആക്കിയാല്‍ നിങള്‍ ആരെ എടുക്കും എന്ന് ആലോചിച്ച് നോക്കുക. നേരെ മറിച്ച് മിനിമം വേതനം എന്ന റൂള്‍ ഇല്ല എങ്കില്‍ ആരോഗ്യം കുറഞ്ഞ ആളിനെ 500 രൂപയ്ക്ക് വെക്കുവാന്‍ നിങ്ങള്‍ തയ്യാര്‍ ആയേക്കും. നിയമം മൂലം ആ ഒരു അവസരം അവര്‍ക്ക് ഇല്ലാതെ ആകും എന്നത് മാത്രമേ സംഭവിക്കുക ഉള്ളൂ. അല്ലാതെ അവര്‍ക്ക് 1000 കിട്ടില്ല. കാരണം കുറച്ച് ജോലിയും ഒരുപാട് പേര് ആ തൊഴില്‍ ചെയ്യാന്‍ തയ്യാറായും നില്‍ക്കുന്നുണ്ട്.

35. മറ്റൊരു സംശയം ഇങ്ങനെയാണ്. ഡിമാന്റ് സപ്ലൈ അനുസരിച്ച് വിട്ടു കൊടുത്താല്‍ ചൂഷണം ഉണ്ടാകും. 1000 productivity ഉള്ള ആളും 500 ന് തന്നെ ജോലി ചെയ്യേണ്ടി വരും. 500 productivity ഉള്ളവന്‍ 250 ചെയ്യേണ്ടി വരും. അങ്ങനെ കൂലി താഴോട്ട് പോയ്‌കൊണ്ടിരിക്കും. 1 രൂപ മാത്രം കൂലി ആയാല്‍ എന്ത് ചെയ്യും?

വിപണി അങ്ങിനെ അല്ല വര്‍ക്ക് ചെയ്യുന്നത്. അത് മുകളില്‍ വിശദീകരിച്ചത്  പോലെ ആണ്. മിനിമം വേജ് ഇല്ല എങ്കില്‍ 1000 രൂപ കഴിവ് ഉള്ളവന്‍ 500ന് ജോലി ചെയ്യാന്‍ നിര്‍ബന്ധിതനായി മാറും എന്നതില്‍ യാതൊരു അടിസ്ഥാനവും ഇല്ല. ആ ലോജിക്ക്‌വെച്ച്  1 ലക്ഷം ഉള്ളവനും 50k, 25k അവസാനം 500ല്‍ എത്തുമല്ലോ. അങ്ങനെ ആണോ ഇവിടെ സംഭവിക്കുന്നത്? യാതൊരു മിനിമം വേജും ഇല്ല എങ്കിലും പല ജോലികള്‍ക്കും വളരെ ഉയര്‍ന്ന കൂലി വരുന്നത് എങ്ങിനെ ആണ് എന്ന് ആലോചിച്ച് നോക്കുക.

36. പിന്നെ കൂലി 1 രൂപ ആയാലോ എന്ന ചോദ്യം. അങ്ങിനെ ആയ നിരവധി കാര്യങ്ങല്‍ ഉണ്ട്. ഉദാഹരത്തിന് യന്ത്രം ഉപയോഗിച്ച് ലോഡ് ഇറക്കുവാന്‍ പറ്റുമെങ്കില്‍ ആളുകള്‍ ചുമട്ടു തൊഴിലാളികളെ വാടക്കെടുക്കില്ല. കുറഞ്ഞ ചിലവില്‍ അവര്‍ക്ക് യന്ത്രം ഉപയോഗിച്ച് ചെയ്യാം. അതിന്റെ അര്‍ത്ഥം ആ ജോലി obsolete ആയി എന്നാണ്. നേരെ മറിച്ച് പുതിയ ജോലികള്‍ ആ യന്ത്രത്തിന്റെ operation ആയി ബന്ധപ്പെട്ട് ഉണ്ടായി വരുകയും ചെയ്യുന്നു. അപ്പൊള്‍ ചുമട്ടു തൊഴിലാളികള്‍ ആവശ്യത്തില്‍ അധികം ആയതിനാല്‍ അവര്‍ക്ക് 1 രൂപ കൊടുത്ത് പോലും ആ സേവനം വേണ്ട എന്ന് ആളുകള്‍ തീരുമാനിച്ചു എന്ന് വരാം.

37. അതിന്റെ അര്‍ത്ഥം ചൂഷണം അല്ല. ആളുകള്‍ക്ക് അവരെ ജോലിക്ക് വെക്കാന്‍ താല്‍പര്യം ഇല്ല. അവര്‍ അവരുടെ സ്‌കില്‍ മച്ചപ്പെടുത്തി യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ ഉള്ള പരിശീലനം നേടണം എന്നാണ്. അവിടെ മിനിമം വേജ് നിങ്ങള്‍ നടപ്പിലാക്കിയത് കൊണ്ട് ഒന്നും അവര്‍ക്ക് 1000 കിട്ടില്ല. മറിച്ച് അവര്‍ ഗുണ്ടായിസം കാണിച്ച് 1000 വാങ്ങുവാന്‍ ശ്രമിച്ചാല്‍ ആളുകള്‍ മെഷീന്‍ ഉപയോഗിച്ച് പോലും ലോഡ് ഇറക്കുവാന്‍ പറ്റാതെ ആകും. ആളുകള്‍ക്ക് ആവശ്യം ഇല്ലാത്ത ഒരു തൊഴില്‍ നില നിര്‍ത്തുവാന്‍ ഉള്ള ചുമട്ടു തൊഴിലാളി യൂണിയന്റെ സ്വാര്‍ഥ നിലപാട് മറ്റു പല ജോലി സാധ്യതകളും ഇവിടെ ഇല്ലാതെ ആക്കും. അങ്ങിനെ ആണ് ഇവിടെ പല പ്രശ്‌നങ്ങളും ഉണ്ടാകുന്നത്.

38. ഇതേ കാര്യം എത്ര സ്‌കില്‍ ഉള്ള മേഖലയിലും സംഭവിക്കാം. ഇന്ന്  1cr സാലറി ലഭിക്കുന്ന ഒരു ജോലിക്ക് ഒരു 5 വര്‍ഷം കഴിഞ്ഞാല്‍ 1 രൂപ പോലും കിട്ടാതെ ആകുന്ന അവസ്ഥയും വരാം. എന്നാല്‍ അതെ സമയം മാര്‍ക്കറ്റില്‍ അതിനേക്കാള്‍ കൂടുതല്‍ മറ്റു സാധ്യതകള്‍ തുറന്നു വരും. അത് explore ചെയ്ത് അതിന്റെ പരിശീലനം നേടി മുന്നേറുക എന്നത് ആണ് പ്രായോഗികം.

39. ഈ മനോഭാവം കാരണം ആണ് സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ ദരിദ്രം ആകുന്നതും സംരംഭകര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം കൊടുക്കുന്ന രാജ്യങ്ങള്‍ നേട്ടം ഉണ്ടാക്കുന്നതും. അവിടെ ഒക്കെ മിനിമംവേജ് ഉണ്ടെങ്കിലും അതും അവിടെ ഉള്ള ആളുകളെ hurt ചെയ്യുന്നുണ്ട്. എങ്കിലും അവിടെ നിയന്ത്രണങ്ങള്‍ കുറഞ്ഞ സമയത്തെ മത്സരങ്ങള്‍ അവിടെ productivity ഉയര്‍ത്തി, അങ്ങനെ അവിടെ ഉള്ള മാര്‍ക്കറ്റ് വേതനവും നല്ല പോലെ ഉയര്‍ന്നു. മാര്‍ക്കറ്റ് വേതനവും മിനിമം കൂലി ആക്ട് പ്രകാരം ഉള്ള വേതനവും തമ്മില്‍ അധികം അന്തരം ഇല്ല എങ്കില്‍ ഉണ്ടാകുന്ന negative impact കുറവ് ആയിരിക്കും എന്നെ ഉള്ളൂ. Still there will be negative impact. ആ രാജ്യങ്ങളിലും ആ മിനിമം കൂലിയുടെ ഉത്പാദനക്ഷമത (Productivity) ഇല്ലാത്ത ആളുകള്‍ ഈ നിയമം മൂലം കഷ്ടത അനുഭവിക്കുന്നു.

40. അടുത്ത ചോദ്യം, എല്ലാ രാജ്യങ്ങളിലും മിനിമം വേജ് ഉണ്ട്. അത് കൊണ്ട് അത് bargaining power കുറഞ്ഞ പാവപെട്ട ആളുകളെ സഹായിക്കുന്നു. എല്ലാ രാജ്യങ്ങളിലും നടപ്പാക്കുന്നു എന്നത് കൊണ്ട് മിനിമം വേജ് പാവപ്പെട്ടവരെ സഹായിക്കുന്നു എന്ന് പറയുന്നതില്‍ എന്ത് ലോജിക്കാണു ഉള്ളത്? മിനിമം വേജ് ഒരു നല്ല പോളിസി ആകണം എങ്കില്‍ അതിന്റെ സ്വന്തം നിലയ്ക്ക് തന്നെ ആവണം. നേരെ മറിച്ച് മിനിമം വേജ് നിയമങ്ങൾ എല്ലാം സ്ട്രിക്റ്റ് ആക്കുകയും മാര്‍ക്കറ്റ് വേജും, മിനിമം വേജും തമ്മില്‍ ഉള്ള വ്യത്യാസം കൂടുതല്‍ ഉള്ള കടുത്ത സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ പോലും അതിന്റെ ഭീകരമായ consequences അനുഭവിക്കുന്നുമുണ്ട്.

41. Bargaining power കുറയുന്നത് പ്രധാനം ആയും രണ്ട് കാരണങ്ങള്‍ കൊണ്ടാണ്. ഒന്ന്, കൂടുതല്‍ ആളുകള്‍ സംരംഭം ചെയ്യാന്‍ കടന്നു വരാത്തത്. രണ്ടു, ജോലികള്‍ obsolete ആകുന്നത്. ഈ രണ്ട് പ്രശ്‌നങ്ങളെയും മിനിമം വേജ് അഡ്രസ് ചെയ്യുന്നില്ല. മറിച്ച് കൂടുതല്‍ വഷളാക്കി മാറ്റുകയാണ്.

42. നിങ്ങള്‍ക്ക് ഒരു പനി വന്നാല്‍ അത് മാറ്റുവാന്‍ ഉള്ള മരുന്ന് കഴിക്കാതെ അതിന്റെ തെര്‍മോമീറ്റര്‍ റീഡിങ് മാറ്റി ബോഡി ടെമ്പറേച്ചര്‍ കുറക്കുന്ന പോലെ ആണ് മിനിമം വേജ് വെക്കുമ്പോള്‍ സംഭവിക്കുന്നത്. കൂലി കുറയുന്നത്, മാര്‍ക്കറ്റില്‍ ആളുകള്‍ ആ തൊഴിലിന് മൂല്യം കല്പിക്കുന്നില്ല എന്ന ഒരു സിഗ്‌നല്‍ മാത്രം ആണ്. ആ സിഗ്‌നലിന്റെ റീഡിങ്ങ് മാറ്റിയത് കൊണ്ട് പ്രശ്‌നം തീരില്ല. മറിച്ച് യഥാര്‍ത്ഥ പ്രശ്‌നം അഡ്ര്‌സ് ചെയ്യപ്പെടാതെ കൂടുതൽ വഷളാകുകയെ ഉള്ളൂ.

43.ചോദ്യം: Pro Capitalist രാജ്യങ്ങളില്‍ പോലും മിനിമം വേജ് ഉണ്ട്. അത് അവര്‍ നിശ്ചയിച്ചത് പഠനങ്ങള്‍ നടത്തി ആയിരിക്കും. അത് കൊണ്ട് തന്നെ അതിനു എന്തെങ്കിലും ഗുണം ഉണ്ടാകും. വ്യവസായങ്ങള്‍ തടയുക എന്ന ഉദ്ദേശ്യത്തില്‍ അല്ല മിനിമം വേജ് നടപ്പാക്കുന്നത്. രാജ്യങ്ങള്‍ മിനിമം വേജ് നടപ്പാക്കിയത് പഠനങ്ങള്‍ നടത്തി ആണ് അത്‌കൊണ്ട് അത് ശെരി എന്ന വാദം Appeal to authority ആണ്. ഇനി മിനിമം വേജ് അല്ലാതെ മറ്റു പല സോഷ്യലിസ്റ്റ് പോളിസികളും Pro capitalist രാജ്യങ്ങളില്‍ അടക്കം ഇപ്പോളും ഉണ്ട്. അത്‌കൊണ്ട് ആ തീരുമാനങ്ങള്‍ ശരി എന്ന് പറയാന്‍ കഴിയില്ല. കാരണം മിനിമം വേജ് പോലെ ഉള്ള നിയമങ്ങള്‍ ഒരു പോപ്പുലിസ്റ്റ് ടുള്‍ ആണ്. ഒറ്റ നോട്ടത്തില്‍ കേള്‍ക്കുമ്പോള്‍ വളരെ ആകര്‍ഷകം ആയ ഒരു പോളിസി. അത് കൊണ്ട് തന്നെ കൂടുതല്‍ ആളുകള്‍ ഇത്തരം വാഗ്ദാനങ്ങളില്‍ വീഴും. അത് Pro Capitalist രാജ്യം ആയാലും Pro socialist രാജ്യം ആയാലും അങ്ങനെ തന്നെ ആണ്. അത് അധികാരികളെ വോട്ട് നേടുവാനും യൂണിയന്‍ നേതാക്കളെ കൂടുതല്‍ പവര്‍ഫുള്‍ ആക്കുവാനും ഉപകരിക്കും. അതിനാല്‍ തന്നെ ഇവര്‍ക്ക് ഇത്തരം നിയമങ്ങള്‍ നടപ്പാക്കുവാന്‍ അധികാരികള്‍ക്ക് നല്ല incentives ഉണ്ട്.

44. പോരാത്തതിന് മുമ്പേ പറഞ്ഞ കാരണങ്ങള്‍ കൊണ്ട് തന്നെ ഇത് പാവങ്ങളെ ആണ് കൂടുതല്‍ കുഴപ്പത്തില്‍ ആക്കുക. എന്നാല്‍ ഇത്തരം നിയമങ്ങള്‍ ആണ് തങ്ങള്‍ക്ക് വിലങ്ങ് തടി ആകുന്നത് എന്ന് മനസ്സിലാക്കുവാന്‍ പോലും അവര്‍ക്ക് കഴിയില്ല. മറിച്ച് ഒറ്റ നോട്ടത്തില്‍ നല്ലത് എന്ന് തോന്നിപ്പിക്കുന്ന populist tool ആയതിനാല്‍ അവര്‍ പിന്തുണക്കുകകയും ചെയ്യുന്നു. അത് കൊണ്ട് ആണ് ഇത്തരം തീരുമാനങ്ങള്‍ പല രാജ്യങ്ങളിലും നടപ്പില്‍ ആകുന്നത്. അവര്‍ നടപ്പാക്കി, അത് കൊണ്ട് ശരി ആകും എന്ന വാദം മണ്ടത്തരം ആണ്.

45. പിന്നെ നിങ്ങൾ പറയുന്നു മിനിമം വേജ് , വ്യവസായങ്ങള്‍ വരുന്നത് തടയാന്‍ ഉള്ള നിയമം അല്ല എന്ന്. ഇതും ദുര്‍ബല വാദമാണ്. ആരും വ്യവസായം തടയണം എന്ന ഉദ്ദേശ്യത്തില്‍ അല്ല ഇത് നടപ്പാക്കുന്നത്. ഇത്തരം short sighted policies കൊണ്ട് സംഭവിക്കുന്ന long term unintended consequences ഒന്ന് ആണ് വ്യവസായങ്ങള്‍ വരുന്നത് തടയപ്പെടുന്നു എന്നത്. അതിനു നിരവധി ആയ ഉദാഹരണങ്ങള്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും നമുക്ക് കാണുവാന്‍ കഴിയുകയും ചെയ്യും.

46. കര്‍ണാടകയില്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ്സ് യാത്ര, ആം ആദ്മി സര്‍ക്കാറിന്റെ മറ്റു പല freebies കൊടുക്കുന്നതും ഇതും ഒക്കെ നടപ്പില്‍ ആക്കുന്നത് populist idea (ജനകീയമായ) ആണ് എന്ന കാരണം കൊണ്ട് മാത്രം ആണ്. അല്ലാതെ അത് ജനങ്ങള്‍ക്ക് ഗുണം ഉണ്ടാകും എന്നത് കൊണ്ട് അല്ല. അത് ജനാധിപത്യത്തിന്റെ പോരായ്മ ആണ്. കൂടുതല്‍ ജനങ്ങള്‍ ഇതിനെ പറ്റി ബോധവാന്മാര്‍ ആകുക എന്നത് മാത്രമേ ഇത്തരം പോളിസികള്‍ അധികാരികള്‍ തിരഞ്ഞെടുക്കാതെ ഇരിക്കുവാന്‍ ഉള്ള മാര്‍ഗം ആയി ഉള്ളൂ.

Minimum wage laws are about as clear a case as one can find of a measure the effects of which are precisely the opposite of those intended by the men of good will who support it. – MIlton Friedman


Leave a Reply

Your email address will not be published. Required fields are marked *