സ്ത്രീകള്‍ നോവല്‍ വായിക്കുന്നത് തൊട്ട് സ്വയംഭോഗം ചെയ്യുന്നതുവരെ ഭ്രാന്തിന്റെ ലക്ഷണമായ കാലം; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു


“നോവല്‍ വായിക്കുക, സ്വയംഭോഗം ചെയ്യുക, ആര്‍ത്തവം ക്രമംതെറ്റുക, തൊട്ട് അമിതമായി ഇംഗ്ലീഷ് പ്ലം കേക്ക് കഴിക്കുന്നത് പോലും സ്ത്രീകള്‍ക്ക് മാനസിക രോഗത്തിന്റെ ലക്ഷണങ്ങള്‍ ആയിട്ട് പൊതുസമൂഹം വിചാരിച്ചിരുന്ന ഒരു കാലമായിരുന്നു അത്. പബ്ലിക് ഹിയറിങ്ങോ, സമ്മതമോ ഇല്ലാതെ നിയമപരമായി തന്നെ ഭാര്യയെ മാനസികരോഗകേന്ദ്രത്തില്‍ ആക്കാന്‍ ഭര്‍ത്താവിന് രണ്ടു സാക്ഷികളുടെ ആവശ്യം മാത്രമേ ഉള്ളു. അതിന് അറുതിവരുത്തിയത് ഒരു സ്ത്രീയുടെ പോരാട്ടമാണ്.” – രാകേഷ് ഉണ്ണികൃഷ്ന്‍ എഴുതുന്നു
എലിസബത്ത് പക്കാര്‍ഡിന്റെ ഐതിഹാസിക പോരാട്ടം!

“Pray for her. She is a very sick person.” അമേരിക്കയുടെ ഹൗസ് ഓഫ് റെപ്രസെന്ററ്റീവസ് സ്പീക്കര്‍ നാന്‍സി പെലോസിയെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2019ല്‍ പറഞ്ഞതാണ്. ഇത് പോലെത്തെ വാചകങ്ങള്‍ പൊതുസമൂഹം 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റൊരു സ്ത്രീയെ കുറിച്ചും നിരന്തരമായി പറഞ്ഞു കൊണ്ടിരുന്നു. അവരുടെ പേര് എലിസബത്ത് പക്കാര്‍ഡ് എന്നായിരുന്നു.’The woman they could not silence’ by Kate Moor 2021ല്‍ ഇറങ്ങിയ പുസ്തകം പറയുന്നത് അതേക്കുറിച്ചാണ്.

1816ല്‍ ജനിച്ച എലിസബത്ത് തന്നെക്കാള്‍ 14 വയസ്സ് കൂടുതല്‍ ഉള്ള തിയോഫിലസ് പക്കാര്‍ഡിനെ വിവാഹം കഴിച്ചു. അവര്‍ക്ക് 6 മക്കളുണ്ടായി. തിയോഫിലസ് ഒരു കാല്‍വിനിസ്‌റ് പാതിരി ആയിരുന്നു. കടുത്ത വിശ്വാസി ആയിരുന്ന തിയോഫിലസുമായി എലിസബത്ത് മതകാര്യങ്ങളില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയപ്പോള്‍ ആണ് ഇവര്‍ തമ്മില്‍ ഉള്ള സ്വരച്ചേര്‍ച്ചയില്ലായ്മ രൂക്ഷമായത്. എലിസബത്തും ഒരു വിശ്വാസി ആയിരുന്നെങ്കിലും അവരുടെ പല ചോദ്യങ്ങള്‍ക്കും ഭര്‍ത്താവിന് ഉത്തരമില്ലായിരുന്നു. കൂടാതെ പള്ളിയില്‍ വരുന്ന മറ്റു വിശ്വാസികളുമായി എലിസബത്ത് തന്റെ ആശയങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തതോടെ അവരുടെ ആശയങ്ങള്‍ ശരിയാണല്ലോ എന്ന് പലര്‍ക്കും തോന്നി
തുടങ്ങി. തന്നെക്കാള്‍ അറിവുള്ള ഭാര്യയുടെ മുന്നില്‍ മറ്റു വിശ്വാസികള്‍ക്കിടയില്‍ തന്റെ സ്ഥാനം ഇടിയുമോ എന്നും അവര്‍ക്ക് തന്നോടുള്ള ബഹുമാനം കുറയുമോ എന്നും തിയോഫിലസ് ഭയന്നു.

ഭാര്യയുടെ നിശബ്ദത ആവശ്യപ്പെട്ടെങ്കിലും എലിസബത്ത് കൂട്ടാക്കിയില്ല. മാത്രമല്ല മറ്റു വിഷയങ്ങളിലും അവരുടെ അഭിപ്രായവ്യത്യാസം മുഴച്ചു നിന്നു. അടിമത്തം നിര്‍ത്തലാക്കാന്‍ പ്രയത്‌നിക്കുന്ന ജോണ്‍ ബ്രൗണിനെ, എലിസബത്ത് പിന്തുണച്ചത് ഒരിക്കലും അംഗീകരിക്കാന്‍ തിയോഫിലസിനു കഴിഞ്ഞില്ല. അങ്ങനെ എലിസബത്തിനെ എന്നെന്നേക്കുമായി തന്റെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ അയാള്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചു. എലിസബത്തിനെ ഒരു മാനസിക രോഗാശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുക.

കേക്ക് കഴിക്കുന്നതുപോലും മനോരോഗലക്ഷണങ്ങള്‍, നോവല്‍ വായിക്കുക, സ്വയംഭോഗം ചെയ്യുക, മാസം ഉള്ള ആര്‍ത്തവം ക്രമംതെറ്റുക ആവുക, ഔട്ട് സപോക്കണ്‍ എന്ന് തോന്നിക്കുന്ന രീതിയില്‍ സംസാരിക്കുക, എന്തിന് അമിതമായി ഇംഗ്ലീഷ് പ്ലം കേക്ക് കഴിക്കുന്നത് പോലും സ്ത്രീകള്‍ക്ക് മാനസിക രോഗത്തിന്റെ ലക്ഷണങ്ങള്‍ ആയിട്ട് പൊതുസമൂഹം വിചാരിച്ചിരുന്ന ഒരു കാലമായിരുന്നു അത്. പബ്ലിക് ഹിയറിങ്ങോ സമ്മതമോ ഇല്ലാതെ നിയമപരമായി തന്നെ ഭാര്യയെ മാനസികരോഗകേന്ദ്രത്തില്‍ ആക്കാന്‍ ഭര്‍ത്താവിന് രണ്ടു സാക്ഷികളുടെ ആവശ്യം മാത്രമേ ഉള്ളു. തിയോഫിലസ്സിനെ പോലെ ഒരാള്‍ക്ക് അത് എളുപ്പത്തില്‍ സാധ്യമായിരുന്നു.

അങ്ങനെ 1860ല്‍ എലിസബത്തിനെ ജാക്‌സണ്‍വില്ലി മാനസികാരോഗ്യ കേന്ദ്രത്തില്‍ അഡ്മിറ്റ് ചെയ്യുന്നു. സുഹൃത്തുക്കള്‍ പ്രതിഷേധിച്ചെങ്കിലും നിയമപരമായി നടക്കുന്ന ഒരു നടപടി ആയതു കൊണ്ട് തന്നെ അവര്‍ക്ക് ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചില്ല. ഡോ. ആന്‍ഡ്രൂ മക്ഫര്‍ലാന്‍ഡ് ആയിരുന്നു ഹോസ്പിറ്റലിന്റെ തലവന്‍. വാര്‍ഡ് ഏഴില്‍ പ്രവേശിപ്പിക്കപ്പെട്ട എലിസബത്ത് വാര്‍ഡിലെ മറ്റു അംഗങ്ങളുമായി ഒത്തു പോന്നു. ഡോക്ടര്‍ ദയാലുവാണെന്നും എലിസബത്തിന് തോന്നി. എലിസബത്ത് തന്റെ അനുഭവങ്ങളെ കുറിച്ച് ഒരു പുസ്തകം എഴുതിത്തുടങ്ങുകയും അത് ഡോ. ആന്‍ഡ്രു പ്രസിദ്ധീകരിക്കാന്‍ സഹായിക്കാം എന്നും ഉറപ്പ് കൊടുത്തു.

തനിക്ക് മാനസിക രോഗം ഇല്ല എന്ന് ഡോക്ടര്‍ മനസ്സിലാക്കിയതായും തന്നെ അധികം വൈകാതെ തന്നെ പുറത്തു വിടുമെന്നും എലിസബത്ത് കരുതി. പക്ഷെ തന്നെ അവിടെ നിന്ന് പുറത്തിറക്കാം എന്ന് ഉറപ്പു കൊടുത്ത സുഹൃത്തുക്കള്‍ക്ക് അയക്കുന്ന കത്തുകള്‍ക്കും തന്റെ മക്കള്‍ക്കയക്കുന്ന കത്തുകള്‍ക്കും മറുപടികള്‍ കിട്ടാതായതോടെ എലിസബത്തിന് ആന്‍ഡ്രുവിനെ സംശയം ആയി തുടങ്ങി. എന്നാല്‍ പോകെ പോകെ മറ്റു തടവുകാരില്‍ നിന്നും ചില ജീവനക്കാരില്‍ നിന്നും മറ്റു വാര്‍ഡുകളിലെ രോഗികളുടെ അവസ്ഥ വളരെ പരിതാപകരമാണ് എന്ന് എലിസബത്ത് മനസ്സിലാക്കുകയും അതിന് എതിരെ പ്രതികരിക്കാന്‍ തുടക്കിയതോടെ ഡോ. ആന്‍ഡ്രു അവരെ വളരെ മോശമായ വാര്‍ഡ് എട്ടിലേക്ക് മാറ്റി.

അവിടെ ചെന്ന എലിസബത്ത് ഞെട്ടി പോയി. മാസങ്ങളായി കുളിച്ചിട്ടില്ലാത്ത സ്ത്രീകള്‍. അവരെ ഓരോരുത്തരെയും കുളിപ്പിക്കുന്നതില്‍ തുടങ്ങി എലിസബത്തിന്റെ പോരാട്ടം. ചില ജീവനക്കാര്‍ രഹസ്യമായി പേപ്പറും പെന്‍സിലും എത്തിച്ചു കൊടുത്തതിലൂടെ എഴുത്തു തുടര്‍ന്നു. ഡോ. ആന്‍ഡ്രു, എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കില്‍ അത് പിടിച്ചെടുക്കാനായി എലിസബത്തിന്റെ മുറി പലപ്പോഴായി പരിശോധിച്ചെങ്കിലും, അതൊക്കെ ഒളിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഡോ. ആന്‍ഡ്രുവിന്റെ സമ്മതമില്ലാതെ തനിക്ക് മോചനം ലഭിക്കില്ല എന്ന് മനസ്സിലാക്കിയ എലിസബത്ത്, അയാളുമായി രമ്യതയില്‍ ആയതായി അഭിനയിച്ചു. വൈകാതെ ഹോസ്പിറ്റലിന്റെ ട്രസ്റ്റികളുടെ മുന്നില്‍ തനിക്ക് മാനസികരോഗം ഇല്ല എന്ന് തെളിയിക്കാനായി വാദിക്കാന്‍ എലിസബത്തിന് അവസരം കിട്ടി.

അടിമകള്‍ക്കും സ്വാതന്ത്ര്യം കിട്ടുന്നു

തന്റെ വാദം ഭംഗിയായി അവതരിപ്പിച്ച എലിസബത്തിന് എന്നാല്‍ വിടുതല്‍ കിട്ടിയില്ല. കുറച്ചു കാലത്തിന് ശേഷം പെട്ടന്ന് തന്നെ ഡോ. ആന്‍ഡ്രു എലിസബത്തിനെ മോചിപ്പിച്ചു. അമേരിക്കന്‍ ആഭ്യന്തര യുദ്ധം നടക്കുന്ന കാലമായിരുന്നു അത്. അടിമകള്‍ക്ക് സ്വാതന്ത്ര്യം നല്‍കി കൊണ്ട് അബ്രഹാം ലിങ്കണ്‍ ‘The Emancipation Proclamation’, ജനുവരി ഒന്നാം തിയതി 1863ല്‍ പ്രഖ്യാപിച്ചു. അതേ വര്‍ഷം ജൂണില്‍ എലിസബത്തിന് വിടുതല്‍ കിട്ടി.

എലിസബത്തിന്റെ കുറിപ്പുകള്‍ ഡോ. ആന്‍ഡ്രു മറ്റു പലരെയും കാണിച്ചിരുന്നു. എലിസബത്ത് ഇങ്ങനെ എഴുതിയിരുന്നു:

“Are not women citizens?
Are their rights not worth protecting?
Put woman into your ballot-boxes, your legislatures, your senates, your Congress, your Presidents chair.”

എലിസബത്തിന്റെ കുറിപ്പുകള്‍ വായിച്ച ഡോ. ആന്‍ഡ്രുവിന് അവര്‍ മാനസിക രോഗിയാണെന്നുള്ള തോന്നല്‍ ശക്തിപ്പെടുകയാണ് ചെയ്തത്. അത് കൊണ്ട് ഇനി ഇതിന് ചികിത്സ ഇല്ല എന്ന് വിധിയെഴുതിയാണ് ആന്‍ഡ്രു എലിസബത്തിനെ മോചിപ്പിച്ചത്.

തിരിച്ചു വീട്ടില്‍ എത്തിയ എലിസബത്തിനെ വൈകാതെ ഭര്‍ത്താവ് പൂട്ടി ഇടുന്നു. അവരെ മറ്റൊരു മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനായിരുന്നു പരിപാടി. അത് മുന്നില്‍ കണ്ട എലിസബത്ത് അവരുടെ സുഹൃത്തുക്കളെ കൊണ്ട് ഹേബിയസ് കോര്‍പ്പസ് ഹര്‍ജ്ജി കോടതിയില്‍ ഫയല്‍ ചെയ്യിക്കുന്നു. അങ്ങനെ കേസ് കോടതിയില്‍ എത്തുകയും താന്‍ മാനസികരോഗി അല്ല എന്ന് തെളിയിക്കാന്‍ എലിസബത്തിന് അവസരം ലഭിക്കുകയും ചെയ്യുന്നു. ശക്തമായ വാദപ്രതിവാദങ്ങള്‍ ആണ് കോടതിയില്‍ അരങ്ങേറിയത്. എലിസബത്തിന് അനൂകൂലമായി സാക്ഷി പറയാന്‍ എത്തിയ അലക്‌സാണ്ടര്‍ ഡങ്കന്‍സണ്‍ ഇങ്ങനെ മൊഴി കൊടുത്തു:

“I do disagree with Mrs. Elizabeth Packard on many things. But I do not call people insane because they differ from me, nor from a majority, even of people. Many persons called Swedenborg insane. That is true, but he had the largest brain of any person during the age in which he lived; and no one now dares call him insane. You might with as much propriety call Christ insane, because he taught the people many new and strange things; or Galileo; or Newton; or Luther; or Robert Fulton; or Morse, who electrified the world; or Watts or a thousand others I might name. Morse’s best friends for a long time thought him mad; yet there was a magnificent mind, the embodiment of health and vigor. I pronounce her a sane woman and wish we had a nation of such women.’

മാനസികാരോഗ്യ കേന്ദ്രത്തില്‍ വച്ച് എലിസബത്ത് ഇങ്ങനെ കുറിച്ചിരുന്നു: ‘It has always been my fortune… or rather misfortune… to be a pioneer, just about twenty-five years in advance of my contemporaries. Therefore I am called crazy, or insane, by those so far in my rear, that they cannot see the reasonableness of the positions and opinions I assume to advocate and defend.’

അഞ്ച് ദിവസത്തെ വിചാരണക്കുശേഷം എലിസബത്ത് മാനസികരോഗി അല്ല എന്ന് ജൂറി വിധിയെഴുതി. ആ സന്തോഷം ഏതാനും നിമിഷം മാത്രമേ നീണ്ടു നിന്നുള്ളൂ. വിധി വരുന്നതിന്റെ തലേ ദിവസം തന്റെ ഭര്‍ത്താവ് കുട്ടികളെയും കൊണ്ട് നാട് വിട്ടതായി എലിസബത്ത് മനസ്സിലാക്കി. അതോടൊപ്പം തനിക്ക് സമ്പാദ്യം ഒന്നുമില്ല, വീടില്ല, സംരക്ഷകര്‍ ഇല്ല എന്നും ഒരു ഞെട്ടലോടെ മനസ്സിലാവുന്നു.

എലിസബത്തിന്റെ അഭിഭാഷകന്‍ ഇങ്ങനെ പറഞ്ഞു: ‘On the principle of common law, whatever is yours is his – your property is his – your earnings are his – your children are his – and you are his. You have no legal right to your own children, unless you get a divorce’.

എന്നാല്‍ ഒരു പ്രശ്‌നം ഡിവോഴ്‌സ് ചെയ്താല്‍ പോലും കുട്ടികളെ വിട്ടുകിട്ടും എന്ന് യാതൊരു ഉറപ്പുമില്ല. അപ്പോള്‍ എലിസബത്ത് മറ്റൊരു കാര്യം തീരുമാനിക്കുക ആണ്. താന്‍ സ്വന്തം കുട്ടികളുടെ അമ്മ മാത്രം അല്ല. മാനസികരോഗിയെന്ന് മുദ്രകുത്തപെട്ടു പുറംലോകം ഒരിക്കലും കാണാന്‍ കഴിയാത്ത വിധം തടങ്കലില്‍ ആക്കപെട്ട എല്ലാ സ്ത്രീകളുടെയും അമ്മയാണ്. അവരെ പുറത്തെത്തിക്കുകയും ഇനി ഒരു സ്ത്രീയെയും കൃത്യമായ psychological evaluation ഇല്ലാതെ മനസികാരോഗ്യകേന്ദ്രത്തില്‍ അഡ്മിറ്റ് ചെയ്യാതിരിക്കാനും ഉള്ള നടപടികള്‍ ഉണ്ടാവണം.

ഡോ. ആന്‍ഡ്രൂ മക്ഫര്‍ലാന്‍ഡും തിയോഫിലസും കൂടാതെ, ഒരുപാട് യാഥാസ്ഥിതിക പത്രങ്ങളും എലിസബത്തിനെ cancel culture ചെയ്തു കൊണ്ടും അവരുടെ അനുഭവങ്ങള്‍ വെറും മിഥ്യാഭ്രമങ്ങള്‍ മാത്രം ആണ് എന്ന് ആരോപിച്ചു കൊണ്ടും ധാരാളം ലേഖനങ്ങള്‍ എഴുതി. എങ്കിലും എലിസബത്ത് താമസിച്ച മനസികാരോഗ്യകേന്ദ്രത്തില്‍ കോടതി പരിശോധനകള്‍ക്കായി ഒരു സമിതിയെ നിയോഗിക്കുകയും
ധാരാളം ക്രമക്കേടുകള്‍ സമിതി കണ്ടെത്തുകയും ചെയ്തു. സമിതി ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തു: ‘Regarding the question of whether any patients had been unjustly placed in the asylum, the answer must be in the affirmative. Of the 205 patients in the Jacksonville asylum who’d been admitted, only 57 had regular and complete paper work. A massive 148 had been admitted without any legal evidence for their insanity.’

എലിസബത്ത് ബില്‍ പാസാകുന്നു

1867ല്‍ സ്റ്റേറ്റ് സെനറ്റിന് മുന്നില്‍ എലിസബത്തിന്റെ ബില്ല് അവതരിപ്പിക്കപ്പെടുന്നു. വോട്ടിനിട്ട് ബില്ല് സെനറ്റ് പാസ്സ് ആക്കുന്നു. വിവാഹിതയോ അല്ലാത്തതായതോ ആയ ഒരു സ്ത്രീയും ഇനി മേലില്‍ വിചാരണ കൂടാതെ മാനസികാരോഗ്യ കേന്ദ്രത്തില്‍ അഡ്മിറ്റ് ചെയ്യാന്‍ പാടുള്ളതല്ല എന്ന നിയമം പാസ്സായി. ഇതിനോടകം അതിപ്രശസ്തയായി തീര്‍ന്ന എലിസബത്ത്, പുസ്തകങ്ങള്‍ എഴുതുകയും ആ വരുമാനം കൊണ്ട് രണ്ടു വീടുകള്‍ ഇല്ലിയനോസില്‍ വാങ്ങുകയും ചെയ്തു. Marital Power Exemplified, or Three Years Imprisonment for Religious Belief (1864), Great Disclosure of Spiritual Wickedness in High Places (1865), The Mystic Key or the Asylum Secret Unlocked (1866), The Prisoners Hidden Life, Or Insane Asylums Unveiled (1868)

Illinois and Massachusetts legislatures, എലിസബത്തിന്റെ പെറ്റിഷന്‍ പരിഗണിച്ചു 1869ല്‍ വിവാഹിതയായ എല്ലാ സ്ത്രീകള്‍ക്കും തുല്യമായ സ്വത്തവകാശവും കുട്ടികളുടെ കസ്റ്റഡിയും വിട്ടു കൊടുത്തു. 1863ല്‍ എലിസബത്ത് അവരുടെ മകള്‍ക്ക് ഇങ്ങനെ എഴുതി: ‘There is not a girl in America who has so capable a mother as you have, and the world will know it soon.’ ആ വാക്കുകള്‍ സത്യമായി തീര്‍ന്നു.

2017ല്‍ മാത്രം ആണ് സൗദി അറേബ്യ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ ആദ്യമായി അനുമതി കൊടുത്തത്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്ത ശേഷം Vice ന്യൂസിന് വേണ്ടി സ്ത്രീയായ ജേര്‍ണലിസ്‌റ് ഹിന്ദ് ഹസ്സന്‍ താലിബാന്‍ പോരാളികളുമായി നടത്തിയ ഒരു ഇന്റര്‍വ്യൂ വൈറല്‍ ആയിരുന്നു. പുതിയ ഭരണകൂടത്തില്‍ സ്ത്രീകളായ രാഷ്ട്രീയക്കാര്‍ക്ക് പ്രാധിനിത്യം ലഭിക്കുമോ എന്ന് ചോദിച്ചപ്പോള്‍ താലിബാന്റെ കമാന്‍ഡര്‍ ഖത്തബും കൂട്ടാളികളും പൊട്ടിച്ചിരിക്കുകയാണ്. എന്തൊരു വിഡ്ഡി ചോദ്യം എന്നതായിരുന്നു ആ ചിരിയുടെ അര്‍ത്ഥം.

എലിസബത്തിന് നേരിടേണ്ടി വന്ന പോലത്തെ യാഥാസ്ഥിതിക വിമര്‍ശനങ്ങള്‍ 150 വര്‍ഷങ്ങള്‍ക്ക് ശേഷവും പല സ്ത്രീകള്‍ക്ക് ഇന്ന് നേരിടേണ്ടി വരുന്നുണ്ട്. ഇന്നും നൂറ്റാണ്ടുകള്‍ പഴയ ഗോത്രീയ മത മനസ്സുമായി ജീവിക്കുന്ന മനുഷ്യര്‍ ഉള്ള ലോകമാണ്. സ്ത്രീകള്‍ക്ക് തുല്യാവകാശം എന്നത് കേട്ടിട്ട് പോലും ഇല്ലാത്ത സ്ഥലങ്ങള്‍ ഉണ്ട്. അത് കൊണ്ട് തന്നെ ഇന്നും എലിസബത്ത് പക്കാര്‍ഡിന്റെ ഐതിഹാസികമായ പോരാട്ടത്തിന് പ്രസക്തിയുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *