പുടിന്‍ എന്ന ഭാസ്‌ക്കരപട്ടേലരുടെ തൊമ്മിയായി ഇന്ത്യന്‍ പ്രധാനമന്ത്രി തരംതാഴുന്നു; സജീവ് ആല എഴുതുന്നു


“ക്രെംലിനിലെ വേട്ടക്കാരന്‍ യുക്രെയിനെ ആക്രമിച്ചപ്പോള്‍ ഒരക്ഷരം മിണ്ടാതെ പഴയ റഷ്യന്‍ അടിമയുടെ വേഷത്തില്‍ കുമ്പിട്ട് നില്ക്കുകയാണ് വീരാദിവീരന്‍ മോദിജി. ഒരു ഉളുപ്പുമില്ലാതെ ഇവിടുത്തെ ഇടതുപക്ഷവും വലതുപക്ഷവും പുടിന്റെ കുശിനിക്കാരാവാന്‍ മത്സരിക്കുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ഒന്നായി റഷ്യന്‍ ഫാസിസത്തിന്റെ ഫാന്‍സായി മാറിയ ലോകത്തിലെ ഏക ജനാധിപത്യരാജ്യം എന്ന ബഹുമതി കരസ്ഥമാക്കിയതില്‍ നമുക്ക് അഭിമാനം കൊള്ളാം.”- സജീവ് ആല എഴുതുന്നു
പുടിനെ കാണുമ്പോള്‍ മുട്ടിടിക്കുന്ന മോദിജി!

പുടിന്‍ എന്ന ഭാസ്‌ക്കരപട്ടേലരുടെ തൊമ്മിയായി നമ്മുടെ പ്രധാനമന്ത്രി തരംതാണിരിക്കുന്നു.കടുത്ത നെഹ്‌റുവിരോധിയാണെങ്കിലും പണ്ഡിറ്റ്ജിയുടെ ബാധ നരേന്ദ്രമോദിയില്‍ ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നു. ഉദാത്ത ജനാധിപത്യമൂല്യങ്ങളുടെ ഉടല്‍രൂപമായിരിക്കുമ്പോള്‍ തന്നെ സോവിയറ്റ് ഇരുമ്പുമറ സോഷ്യലിസത്തിന്റെ കടുത്ത ആരാധകനും കൂടിയായിരുന്നു നമ്മുടെ ആദ്യപ്രധാനമന്ത്രി. കൊടുംക്രൂരന്‍ സ്റ്റാലിന്‍ റഷ്യയില്‍ നടത്തുന്ന നരനായാട്ടും അയാള്‍ അയല്‍രാജ്യങ്ങളെ ബലംപ്രയോഗിച്ച് സോവിയറ്റ് യൂണിയന്റെ ഭാഗമാക്കിയതുമൊന്നും നെഹ്‌റുവിന്റെ സോവിയറ്റ് പ്രണയത്തിന് തടസ്സമായില്ല.

ശീതയുദ്ധ മൂര്‍ധന്യകാലത്ത് സോവിയറ്റ് സഖ്യകക്ഷിയായി മാറിയ ഇന്ത്യയോട് അമേരിക്ക സ്വാഭാവികമായും അകന്നു. റഷ്യയുടെ ഏറ്റവും വലിയ ആയുധവിപണിയായി ഇന്ത്യ മാറിയപ്പോള്‍ അമേരിക്ക പാകിസ്താനെ അവരുടെ കൂട്ടുകക്ഷിയാക്കി.

Non Alignment Movement (NAM) ഇതുപോലെ ഇന്ത്യയ്ക്ക് ദോഷം ചെയ്ത മറ്റൊരു സംഘടനയില്ല. ശീതയുദ്ധക്കാലത്ത് അമേരിക്കയുടെയോ സോവിയറ്റ് യൂണിയന്റെയോ പക്ഷം ചേരാതെ സ്വതന്തമായി നിലകൊള്ളുന്ന നിഷ്പക്ഷരാജ്യങ്ങളുടെ കൂട്ടായ്മയാണ് NAM എന്നായിരുന്നു പ്രചരണം. യൂഗ്‌ളസോവ്യന്‍ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതി മാര്‍ഷല്‍ ടിറ്റോയും, ഈജിപ്ഷ്യന്‍ ഏകാധിപതി നാസറും, ക്യൂബന്‍ ഫിഡല്‍ കാസ്‌ട്രോയും, സിംബാബ്വെ ഓട്ടോക്രാറ്റ് മുഗാബെയും ഒക്കെയായിരുന്നു മുഖ്യ ചേരിചേരാ നടന്മാര്‍.

വിയോജിക്കുന്നവരെയും വിമതരെയും നെഞ്ചോട് ചേര്‍ത്തു നിര്‍ത്തിയിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഏഴയലത്ത് നില്‍ക്കാനുള്ള യോഗ്യത ടിറ്റോയ്ക്കും നാസറിനും ഉണ്ടായിരുന്നില്ല. ലോകമെമ്പാടും നെഹ്‌റുവിനുണ്ടായിരുന്ന സ്വീകാര്യതയും അംഗീകാരവും മുതലെടുത്ത് ഒരു പറ്റം ജനാധിപത്യവിരുദ്ധര്‍ തല്ലിക്കൂട്ടിയ സോവിയറ്റ് പക്ഷപാതികളുടെ സംഘം മാത്രമായിരുന്നു ചേരിചേരായ്മക്കൂട്ടം.

സോഷ്യലിസം എന്ന ആശയത്തോട് നെഹ്‌റുവിന് ഉണ്ടായിരുന്ന ആരാധനയും പ്രതിപത്തിയും മുതലെടുത്ത സാമ്യവാദവേഷക്കാര്‍ അദ്ദേഹത്തെ മുന്നില്‍ നിര്‍ത്തി ചേരിചേരായ്മ കളിച്ച് കളം നിറഞ്ഞാടി. ചാച്ചാജിയെ പോലുള്ള ഒരു ബഹുസ്വര ജനാധിപത്യ തീവ്രവാദി ഒരുതരത്തിലും യോജിക്കാനോ സഹകരിക്കാനോ പോലും പാടില്ലാത്ത സോവിയറ്റ് സ്റ്റാലിനിസ്റ്റ് ഇരുമ്പുമറയുടെ സ്വാഭാവിക സഖ്യകക്ഷിയായി ഇന്ത്യ മാറി.

ഭാരതം സോവിയറ്റ് പക്ഷത്തേക്ക് പോയപ്പോള്‍ പാകിസ്താനെ അമേരിക്ക കൂടെ കൂട്ടി. അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യത്തിന്റെ എതിര്‍ചേരിയിലായി മാറി. ആധുനികതയുടെ സയന്‍സിന്റെ സാങ്കേതികവിദ്യയുടെ സര്‍വോപരി ജനാധിപത്യ മൂല്യങ്ങളുടെ ഹെഡ്ക്വാര്‍ട്ടറാണ് യു.എസ്.എ. യൂറോപ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് അവരുടെ സ്വാഭാവിക സഖ്യരാജ്യമായി കൂട്ടിയത് അമേരിക്കയെയാണ്.

1991ല്‍ നരസിംഹറാവു തുടക്കമിട്ട സാമ്പത്തിക ഉദാരവല്‍ക്കരണ വിപ്ലവം നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റ് ഡോഗ്മയില്‍ നിന്നുള്ള വിമോചനത്തിന്റെ തുടക്കമായിരുന്നു. തുറന്നവിപണിയുടെ രസതന്ത്രം ഇന്ത്യയെ വീണ്ടും ജനാധിപത്യചേരിയുടെ സഹയാത്രികനാക്കി മാറ്റിയിരുന്നു.

ജ്ഞാനത്തിന്റെ, വിജ്ഞാനത്തിന്റെ, സ്വതന്ത്ര ചിന്തയുടെ വിശാലാകാശമായ അമേരിക്കയുമായുള്ള സാമ്പത്തിക-സൈനിക സഹകരണത്തിന്റെ മൂല്യം തിരിച്ചറിഞ്ഞാണ് സ്വന്തം സര്‍ക്കാരിനെ തന്നെ ബലികൊടുത്ത് ഡോ. മന്മോഹന്‍ സിംഗ് സിവില്‍ ന്യൂക്ലിയര്‍ ഡീല്‍ ഒപ്പുവെച്ചത്. അതായിരുന്നു ഇന്‍ഡോ-അമേരിക്കന്‍ ബന്ധത്തിലെ ടേണിംഗ് പോയിന്റ്.

ക്രെംലിനിലെ വേട്ടക്കാരന്‍ യുക്രെയിനെ ആക്രമിച്ചപ്പോള്‍ ഒരക്ഷരം മിണ്ടാതെ പഴയ റഷ്യന്‍അടിമയുടെ വേഷത്തില്‍ കുമ്പിട്ട് നില്ക്കുകയാണ് വീരാദിവീരന്‍ മോദിജി. ബലാറസിലെ ഏകാധിപതി, ചൈനീസ് സേച്ഛാധിപതി ഷീ പിംഗ് ഇവരുടെ നെറികെട്ട ഗ്രൂപ്പില്‍ ഭാരതത്തെ കൊണ്ടുകെട്ടി രാജ്യത്തിന്റെ അന്തസ്സും അഭിമാനവും കളഞ്ഞുകുളിച്ചിരിക്കുന്നു. ഒരു ഉളുപ്പുമില്ലാതെ ഇവിടുത്തെ ഇടതുപക്ഷവും വലതുപക്ഷവും പുടിന്റെ കുശിനിക്കാരാവാന്‍ മത്സരിക്കുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ഒന്നായി റഷ്യന്‍ ഫാസിസത്തിന്റെ ഫാന്‍സായി മാറിയ ലോകത്തിലെ ഏകജനാധിപത്യരാജ്യം എന്ന ബഹുമതി കരസ്ഥമാക്കിയതില്‍ നമുക്ക് അഭിമാനം കൊള്ളാം.


Leave a Reply

Your email address will not be published. Required fields are marked *