മാനവരാശി ഇന്നത്തെ ജീവിതനിലവാരത്തിൽ എത്തിച്ചേർന്നത് കാലങ്ങളായി ഉരുത്തിരിഞ്ഞ ക്യാപിറ്റലിസത്തിലൂടെ; ഹരിദാസൻ പി ബി എഴുതുന്നു


“മാനവരാശി വളർന്ന് ഇന്ന് നമ്മൾ അനുഭവിക്കുന്ന ജീവിത നിലവാരത്തിൽ എത്തിച്ചേർന്നത് സയൻസും ടെക്‌നോളജിയും കൊണ്ട് മാത്രമല്ല. കോർപറേറ്റുകൾ എന്ന് വിളിക്കുന്ന, നിങ്ങൾ നാഴികക്ക് നാല്പതുവട്ടവും പ്രസംഗിച്ചു് അവഹേളിക്കുന്ന, കോർപറേറ്റുകൾ എന്ന ആണിക്കല്ലുകൾ, ക്രോഡീകരിക്കപ്പെട്ട്, സാമ്പത്തിക വ്യവസ്ഥയുടെ അടിത്തറയായി പാകി കിടക്കുന്നതുകൊണ്ടുകൂടിയാണ്, അതിനു മുകളിലാണ് മനുഷ്യരാശിയുടെ പുരോഗതി കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്.” – ഹരിദാസൻ പി ബി
എന്താണീ കോർപറേറ്റ്?

പ്രൊഫസ്സറൻമാരെ പഠിപ്പിക്കാം പഠിപ്പിക്കേണ്ടിയിരിക്കുന്നു. എന്താണീ കോർപറേറ്റ്. അവരുടെ കോർപറേറ്റ് ഫോബിയകൾ ഉച്ഛാടനം ചെയ്യപ്പെടേണ്ടതുണ്ട്. അവർ അവരുടെ വിദ്യാർത്ഥി പ്രക്ഷോഭകാലത്തു പഠിച്ചുവെച്ച ചില ധാരണകളെ അപ്ഡേറ്റ് ചെയ്യാതെ അതുതന്നെ അവരുടെ വയസ്സാൻ കാലത്തും കോർപറേറ്റ്കൾ മുതലാളിത്തത്തിന്റെ സൃഷ്ടി, ചൂഷകർ ജനദ്രോഹികൾ ലാഭമോഹികൾ എന്നിങ്ങനെ ധ്വനിപ്പിക്കുന്ന അർത്ഥത്തിൽ മധുര മനോജ്ഞ മലയാളത്തിൽ പ്രസംഗിച്ചുനടക്കുന്നു. അവരുടെ പദവിയിൽ നിന്നുകൊണ്ട് യുവാക്കളെ തെറ്റിദ്ധരിപ്പിച്ചു് പ്രസംഗിച്ചു് നടക്കുന്നു. നമുക്ക് പ്രൊഫസ്സറൻമാരെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. അവരെ അപ്ഡേറ്റ് ചെയ്ത് ചെയ്തുകൊടുക്കാം.

പ്രൊഫസ്സറൻമാരെ, കോർപറേറ്റുകൾ എന്നാൽ കുറെ മുതലാളിമാർ ചേർന്ന് അവർക്കനുകൂലമായി ചൂഷണോപാധികൾക്കായി വികസിപ്പിച്ചെടുത്ത ഇൻസ്റ്റിട്യൂഷനുകളല്ല, സ്ഥാപനങ്ങളല്ല. കോർപറേറ്റുകൾ എന്നാൽ മാനവരാശിയുടെ സാമ്പത്തിക വളർച്ചയിൽ ആ വളർച്ചകളുടെ ഒരു കാലഘട്ടത്തിൻറെ അവസ്ഥയിൽ, ഇനി ആ വളർച്ച മുന്നോട്ടുപോകണമെങ്കിൽ നിലനിൽക്കുന്ന സാമ്പത്തിക വ്യവസ്ഥകൾ, നിയമങ്ങൾ മതിയാവുകയില്ല എന്ന സ്ഥിതിയിൽ കാലഘട്ടം ഉരുത്തിരിയിച്ചെടുത്ത, ഒരു സാമ്പത്തിക അടിത്തറയുടെ നിർമിതിയാണ് കോർപറേറ്റുകൾ. ആ അടിത്തറക്ക് മുകളിലാണ് മാനവരാശി വളർന്ന് ഇന്നത്തെ നിലയിൽ എത്തിയത്, നിലനിൽക്കുന്നത്. ഇനി മുന്നോട്ടുപോകാനും ഈ അടിത്തറയുടെ ആവശ്യമുണ്ട്.

മാനവരാശി വളർന്ന് ഇന്ന് നമ്മൾ അനുഭവിക്കുന്ന ജീവിത നിലവാരത്തിൽ എത്തിച്ചേർന്നത് സയൻസും ടെക്‌നോളജിയും കൊണ്ട് മാത്രമല്ല. കോർപറേറ്റുകൾ എന്ന് വിളിക്കുന്ന, നിങ്ങൾ നാഴികക്ക് നാല്പതുവട്ടവും പ്രസംഗിച്ചു് അവഹേളിക്കുന്ന, കോർപറേറ്റുകൾ എന്ന ആണിക്കല്ലുകൾ, ക്രോഡീകരിക്കപ്പെട്ട്, സാമ്പത്തിക വ്യവസ്ഥയുടെ അടിത്തറയായി പാകി കിടക്കുന്നതുകൊണ്ടുകൂടിയാണ്, അതിനു മുകളിലാണ് മനുഷ്യരാശിയുടെ പുരോഗതി കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്.

ആ വ്യവസ്ഥിതിക്ക് കുറവുകളും കുറ്റങ്ങളും ഏറെ ഉണ്ടാകാം. മാനവരാശിയുടെ എല്ലാ പദ്ധതികളെയും പോലെ ഈ വ്യവസ്ഥക്കും കുറവുകൾ കുറ്റങ്ങൾ ഏറെ ഉണ്ട്, ഉണ്ടാകും. അന്യൂനമൊന്നുമല്ല, ആകുകയുമില്ല. പക്ഷെ ആ കുറവുകൾ വിലയിരുത്തപ്പെടേണ്ടത് ആ സിസ്റ്റം ഉണ്ടാക്കിയെടുത്ത ഗുണവശങ്ങളുമായി തട്ടിച്ചുനോക്കുകൊണ്ടായിരിക്കണം. അതിൻറെ dimension, വ്യാപ്തി മനസ്സിലാക്കികൊണ്ടു കൂടിയായിരിക്കണം. അല്ലാതെ അതിൽ കാണുന്ന ദൂഷ്യങ്ങളെ പ്രസംഗിച്ചുനടന്നുകൊണ്ടല്ല. ഇവിടെ പ്രശ്‍നം എന്താണെന്നുവെച്ചാൽ കോർപറേറ്റ് എന്ന പില്ലറുകളിൽ മാനവരാശി കെട്ടിപ്പടുത്ത അഭിവൃദ്ധി, അതിൻ്റെ വ്യാപ്തി, കോർപറേറ്റുകൾക്ക് അതിലുള്ള പങ്ക് കാണാനുള്ള ഉൾക്കൊള്ളാനുള്ള ധീഷണ പ്രൊഫസ്സർമാരിൽ ഇല്ല എന്നുള്ളതാണ്. പ്ലീസ്സ് അപ്ഡേറ്റ്.

തീപ്പെട്ടി കമ്പനികളും തുണിമില്ലുകളും കാളവണ്ടികളുടെയും കാലത്തെ ഫണ്ടമെന്റൽസ്, പ്രമാണങ്ങൾ, ധിഷണയിൽ വെച്ചുകൊണ്ട് ആധുനിക കാലങ്ങളിലെ പ്രൊജെക്ടുകളിലെ പോരായ്മകൾ പ്രസംഗിച്ചുനടക്കരുത്. ചർക്കയിൽ നൂൽനൂറ്റുകൊണ്ട്, നെല്ലും വിളയിച്ചു പശുവിനെയും കറന്ന് ജീവിക്കുന്ന ഒരു ജീവിത വ്യവസ്ഥയിൽ, സാമ്പത്തിക വ്യവസ്ഥയിൽ ജീവിച്ചുകൊണ്ട് ചൊവ്വയിൽ കുടിപാർക്കാൻ കഴിയില്ല, SpaceX Inspiration4 mission നടക്കുകയില്ല, ബ്രെയിൻ കെമിസ്ട്രി പഠിക്കാൻ കഴിയില്ല. അതിനൊക്കെ അതി ബൃഹത്തായ വെൽത്ത്‌ ക്രിയേഷൻ ആവശ്യമാണ്. Big Money ആവശ്യമാണ്. Big Money ഉണ്ടാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രയോജന പെടുത്തുന്നതിനും മാനവരാശി വളർത്തിയെടുത്ത സ്ഥാപനങ്ങളാണ് കോർപറേറ്റുകൾ. ബിഗ് മണിയും ബിഗ് പ്രോജക്ടുകളും മാനേജ് ചെയ്യാൻ ഉരുത്തിരിഞ്ഞുവന്ന, ക്രോഡീകരിക്കപ്പെട്ട, ജനാധിപത്യ നിയമ സംവിധാനത്തിൻറെ മൂർത്തി രൂപമാണ് കോർപറേറ്റ്സ്. അവ ആധുനിക സാമ്പത്തിക ക്രമങ്ങളുടെ, ആധുനിക മനുഷ്യരാശി എത്തിച്ചേർന്നിരിക്കുന്ന പുരോഗമനത്തിന്റെ അടിത്തറയാകുന്നു ആണിക്കല്ലുകളാകുന്നു.

അമേരിക്ക vs ഇൻഡ്യ

ഇവിടെ ഇനിയൊരു കാര്യമെന്താണെന്നുവെച്ചാൽ കോർപറേറ്റുകളെയും ക്യാപിറ്റലിസത്തെയും ബൽസിക്കാൻ പല പ്രൊഫസ്സർമാരും, “ക്യാപിറ്റലിസം മനസ്സിലായി, പക്ഷെ” ബുദ്ദിജീവികളും, ആധുനിക ക്യാപിറ്റലിസ സിസ്റ്റത്തെ വിമർശിക്കാൻ ആശയങ്ങൾ കൊണ്ടുവരുന്നത് കുറെ അമേരിക്കൻ യൂട്യൂബുകളിൽ നിന്നും ചില അമേരിക്കൻ കോർപറേറ്റ്സ് ബാഷിങ് ചിന്തകരുടെ ആശയങ്ങൾ കടമെടുത്തിട്ടും ആണ്. മഹാനുഭാവന്മാരെ, അമേരിക്കയല്ല ഇന്ത്യ. അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധികൾ ഒരു പോസ്റ്റ് ഡവലപ്പ്ഡ് ഇക്കണോമിയുടേതും, ഒരു ഓവർ സ്‌ട്രെച്ചഡ് എമ്പയറിന്റെ ജിയോ പൊളിറ്റിക്കൽ ഇടപെടലുകളുമായി കുഴ മറിഞ്ഞു കിടക്കുന്നവയുമാണ്. ആ കുഴ മറിച്ചിലുകളുമായി ബന്ധപ്പെട്ട്‌ അവിടെ സാമ്പത്തിക പ്രതിസന്ധികളുണ്ട്. അവിടത്തെ ജനജീവിതത്തിൽ പലമേഖലകളിൽ അവ പ്രതിഫലിക്കുന്നുണ്ട്. അതിനെ ക്യാപിറ്റലിസവുമായി ബന്ധപ്പെടുത്തി കൺഫ്യൂസ് ചെയ്യരുത്. അവരുടെ വിദഗ്ധന്മാർ പറയുന്നത് ഇന്ത്യയിലേക്ക് കൊണ്ടുവന്ന് സുപ്പറിമ്പോസ്‌ ചെയ്ത് കാണരുത്.

ഇന്ത്യയുടെ സാഹചര്യങ്ങൾ അടിസ്ഥാന ആവശ്യങ്ങൾ തികച്ചും വ്യത്യസ്തമാണ്. ഇത് 135 കോടി ജനങ്ങൾ തിങ്ങി പാർക്കുന്ന ഇടമാണ്. വർഷം തോറും വീണ്ടും വീണ്ടും പെറ്റുപെരുകി വളർന്നുകൊണ്ടിരിക്കുന്ന മനുഷ്യരാശി കേന്ദ്രീകരിക്കപ്പെട്ടുകിടക്കുന്ന ഇടമാണ്. ഈ ജനതതിയെ നിലനിർത്താൻ ക്ഷാമങ്ങളും ദൗർലഭ്യങ്ങളുമില്ലാതെ, പട്ടിണിമരണങ്ങളില്ലാതെ, എത്തിനിൽക്കുന്ന ജീവിതനിലവാരം നിലനിർത്തികൊണ്ട്, ജീവിക്കാൻ ഉത്പാദനപ്രക്രിയകൾ അനസ്യൂതം തടസ്സങ്ങളില്ലാതെ നടന്നുകൊണ്ടിരിക്കേണ്ടതുണ്ട്. ആ ഉത്പാദന പ്രക്രിയകൾ അനസ്യൂതം തുടർന്നു കൊണ്ടുപോകണമെങ്കിൽ ആ പ്രക്രിയകളെ നിലനിർത്താൻ കോർപറേറ്റുകൾ എന്ന വൻകിട പില്ലറുകളുടെ അടിത്തറയിൽ നിന്ന് കൊണ്ടുമാത്രമേ കഴിയൂ.

ഉദാഹരണമായി ഒരു സിമെൻറ് മാനുഫാക്ച്ചറിംഗ് കോർപറേറ്റ്, അല്ലെങ്കിൽ ഒരു ഇരുമ്പുത്പാദന കോർപറേറ്റ്, അല്ലെങ്കിൽ ഒരു ട്രക്ക് ഉൽപാദന കോർപറേറ്റ് – ഇവയുടെ അടിത്തറയിൽ നിന്നുകൊണ്ടുമാത്രമേ മറ്റ് സാമ്പത്തിക ഉൽപാദന മേഖലകൾ ഉത്തേജിപ്പിക്കപെടുകയുള്ളു. വസ്തുതകളെ ഗ്രൗണ്ട് ലെവലിൽ നിന്ന് നോക്കി അറിഞ്ഞു നിങ്ങളുടെ അഭിപ്രായങ്ങൾ കണ്ടെത്തുക. നിങ്ങൾ ആശയലോകത്ത് കിടന്ന് ചുറ്റി കാര്യങ്ങളെ കാണരുത്. അമേരിക്കൻ യൂട്യൂബ് ചർച്ചകളെ വെച്ച് ക്യാപിറ്റലിസവും കോർപറേറ്റുകളും ഇവിടെയും ദുഷ്ടമാണ് അഭികാമ്യമല്ല എന്ന നിലപാട് എടുക്കരുത്. നിങ്ങളുടെ ആശയങ്ങൾക്ക് അമേരിക്കൻ യൂട്യൂബുകളിൽ ചർച്ചകളിൽ നിന്ന്, ചർച്ചാ വിദഗ്ധന്മാരിൽ നിന്ന്, സാധുത തിരഞ്ഞു കൊണ്ടുവരരുത്. നിങ്ങൾ എടുത്തിരിക്കുന്ന പൊസിഷനുകൾക്കനുസൃതമായി അവയെ സാധൂകരിക്കുന്ന ആശയങ്ങൾ തിരഞ്ഞെടുത്ത് കൊണ്ടുവരരുത്. ജനതതിയെ അടിത്തട്ടിൽ കണ്ടുകൊണ്ട് ചിന്തിക്കുക.

മേല്പറഞ്ഞ കോർപറേറ്റുകൾ എന്ന വേൾഡ് ഇക്കോണമി പില്ലറുകളുടെ നിർമ്മിതി ക്രമേണ നടന്ന, മാനവരാശിയുടെ സാമ്പത്തിക വളർച്ചക്കൊപ്പം ആവശ്യം ആവശ്യമായി വന്നപ്പോൾ ഉരുത്തിരിഞ്ഞ നിർമ്മിതികളാകുന്നു. അവ ഉരുത്തിരിഞ്ഞു വന്ന വഴികളിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്താം.

അതിനുമുൻപ്‌ ആവർത്തിച്ചു ഉറപ്പിക്കേണ്ട ഇനിയൊരു കാര്യം ഇന്നത്തെ ലോകത്തെ നമ്മുടെ ജീവിതത്തിലെ സകലമാന ജീവിത വ്യവഹാരങ്ങളും “ഉപ്പുതൊട്ട് കർപ്പൂരം വരെ” കമ്പനികളാൽ കൊണ്ടുനടക്കപെടുന്നതാണ്. അവ തൊടാത്തതൊന്നും, ആവർത്തിക്കുന്നു – അവ മാനേജ് ചെയ്യാത്തതൊന്നും നമ്മുടെ ദൈനംദിന ജീവിതത്തിൽ ഇല്ല. ആവർത്തന വിരസത കൊണ്ട് ഇവിടെ പട്ടിക നിരത്തുന്നില്ല. ഒരു പക്ഷെ മുറ്റത്തെ ചക്കയോ നെല്ലിക്കയോ കമ്പനികളാൾ കൈകാര്യം ചെയ്യപ്പെടാത്തതായി നിങ്ങൾക്ക് പറയാൻ കഴിഞ്ഞേക്കും, അത്രമാത്രം.

കോർപറേറ്റുകൾ ഉണ്ടാകുന്നത്

മാനവരാശിയുടെ പുരോഗതിയുടെ, ഇന്നെത്തിനിൽക്കുന്ന വളർച്ചയുടെ Modern Man നിർമ്മിതി, ആധുനിക മാനവരാശി നിർമ്മിതി, ബ്രിട്ടിഷുകാർ അവകാശപെടുന്നതുപോലെ, ബ്രിട്ടുഷുകാരുടെ സംഭാവനയാണ്. യൂറോപ്പ്യൻമാരും പിന്നീട് പുതിയ നാട് അമേരിക്കയുടെയും സംഭാവനയും കൂടെ ഉണ്ടായിരുന്നു. ജനാധിപത്യ മൂല്യങ്ങളാകട്ടെ നിയമവ്യവസ്ഥയിലുറച്ച ജൂറിസ്പ്രൂഡൻസ്‌ ആകട്ടെ, സയൻസിന്റെ, ടെക്‌നോളജിയുടെ വളർച്ചയിലൂടെ ഉണ്ടായ നേട്ടങ്ങളാകട്ടെ, വ്യവസായവൽക്കരണം, ഇൻഡസ്ട്രിയൽ റെവലൂഷൻ, സ്റ്റീo എൻജിൻ, മോഴ്സ് കോഡ്, ടെലിഫോൺ, മറീൻ നാവിഗേഷൻ, പെൻസിൻലിൻ എന്നിങ്ങനെ ആധുനികതയിലേക്കുള്ള മനുഷ്യപുരോഗതിയിൽ, ലോകത്തിലെ ചെറിയൊരു രാജ്യമായ ബ്രിട്ടൻ വളരെ വളരെ സംഭാവനകൾ ചെയ്തു. ഇവയൊക്കെ നമ്മൾ പഠിച്ചതാണ് പറയാറുള്ളതാണ്. എന്നാൽ ആധുനിക മനുഷ്യ നിർമ്മിതിയിൽ, Modern Man നിർമ്മിതിയിൽ, വ്യവസായവൽക്കരണം നടക്കുന്നതിനൊപ്പം അതിപ്രധാനമായ വേറൊരു അടിത്തറ നിർമ്മിക്കപെടുന്നുണ്ടായിരുന്നു. അതാണ് ലിമിറ്റഡ് ലയബിലിറ്റി കമ്പനി (Limited Liability Company) എന്ന ആശയത്തിന്റെ ക്രോഡീകരണം. കേരളത്തിൽ ഈ ആശയത്തിന്റെ പ്രാധാന്യം എവിടെയും ചർച്ച ചെയ്യപ്പെട്ടുകണ്ടിട്ടില്ല. യുവാക്കളെ ആരും ഇതിൻറെ പ്രാധാന്യം ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത് കണ്ടിട്ടില്ല. ബിസിനസ്സ് എന്നാൽ കുറെ മുതലാളികളുടെ ദുർവൃത്തി ആണെന്നും ലാഭമെന്നാൽ ചൂഷണമാണ് എന്നൊക്കെയുള്ള അന്ധതകളിൽ പ്രൊഫസ്സറൻമാർവരെ ജീവിക്കുന്ന ഒരു മിലിയൂ (milieu) വിൽ അങ്ങനെയേ സംഭവിക്കുകയുള്ളൂ.

ലിമിറ്റഡ് ലയബിലിറ്റി കമ്പനി എന്ന ആശയത്തിന്റെ, നിയമ വ്യവസ്ഥകളുടെ, ക്രോഡീകരണം മാനവചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാകുന്നു. ബ്രിട്ടീഷ് നവോത്ഥാന പ്രസ്ഥാനത്തോടൊപ്പം ഉരുത്തിരിഞ്ഞു വന്ന ലിമിറ്റഡ് ലയബിലിറ്റി എന്ന ആശയത്തിന്റെ ക്രോഡീകരണമാണ്, ശക്തിയാണ്, മാനവരാശിയുടെ പുരോഗതിയെ ഫാസ്റ്റ് ട്രാക്കിലേക്ക് കയറ്റിവിട്ടത്. ഏകദേശം 250 വർഷത്തെ സാമ്പത്തിക കാര്യങ്ങളുടെ ഗതിവിഗതികൾ ഈ ആശയത്തിന്റെ ഉരുത്തിരിയലിൽ പ്രവർത്തിച്ചിട്ടുണ്ട്. അതിൻ്റെ നാൾവഴികൾ വിശദീകരിക്കാൻ നമ്മൾ കമ്പനി എന്ന് വിളിക്കുന്ന Joint Stock company എന്താണെന്ന് അല്പം വിശദീകരിക്കേണ്ടിയിരിക്കുന്നു.

ജോയിന്റ് സ്റ്റോക്ക് കമ്പനി (Joint Stock Company)

കമ്പനി എന്ന് നമ്മൾ പറയുമ്പോൾ Joint Stock company എന്ന് മുഴുവൻ പേര്. Stock എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സ്റ്റോക്ക് സർട്ടിഫിക്കറ്റ് എന്നർത്ഥത്തിലാണ്. ഉടമസ്ഥാവകാശം പലതായി വിതരണം ചെയ്യപെട്ടുകിടക്കുന്ന ഒരു ബിസിനസ്സ് ഉദ്യമം എന്നർത്ഥം പറയാം. ഒരു ബിസിനസ്സ് ഉദ്യമത്തിലെ ഉടമസ്ഥാവകാശം (Stock Certificate) പല അംശങ്ങളായി വിതരണം ചെയ്യപ്പെട്ടിരിക്കുന്ന കമ്പനി. ഒരു ബിസിനസ്സ് ഉദ്യമം വളരെ ഏറെ മുതൽമുടക്ക് ആവശ്യമുള്ളതായിരിക്കുകയും ആ ബിസിനസ്സ് ലാഭം ഉണ്ടാക്കുമോ ഇല്ലയോ എന്ന ആശങ്ക നിലനിൽക്കുകയും, നഷ്‌ടസാധ്യത ഉള്ളതു കൊണ്ടും, ആ മുതൽമുടക്കിനെ പലതായി വീതിച്ചു് ലാഭ നഷ്ടങ്ങളെ പങ്കിടാൻ തയ്യാറുള്ളവരുടെ ഒരു കൂട്ടായ്മ. റിസ്ക് റിവാർഡ് റേഷിയോ സ്വയമേവ വിലയിരുത്തി ആ ഉദ്യമത്തിൽ പങ്കുചേരാൻ തീരുമാനിച്ചവരുടെ ഒരു കൂട്ടായ്മ. അതാണ് ഒരു Company. ലാറ്റിൻ വാക്ക് companio – എന്ന് വെച്ചാൽ “one who eats bread with you”. കൂടെ ചേർന്ന് ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നവരുടെ ഒരു കൂട്ടായ്മ.

Company എന്ന വാക്കിന് അമേരിക്കക്കാരൻ ഉപയോഗിക്കുന്ന അർത്ഥവും ബ്രിട്ടുഷുകാരൻ പറയുമ്പോഴും അർത്ഥങ്ങൾക്കു വ്യത്യാസങ്ങളുണ്ട്. അമേരിക്കക്കാരൻ കമ്പനി എന്ന് പ്രയോഗിക്കുമ്പോൾ അതൊരു Partnership ആകാം, Corporation ആകാം Joint Stock Company ആകാം, ചില ബിസിനസ്സ് അസ്സോസിയേഷനുകളാവാം, അല്ലെങ്കിൽ ബിസിനസ്സ് ട്രസ്റ്റുകളാകാം. എന്നാൽ ബ്രിട്ടിഷുകാരാവട്ടെ ഷെയർ ക്യാപിറ്റലുകളുള്ള, രജിസ്റ്റർ ചെയ്തിട്ടുള്ള ലിമിറ്റഡ് അല്ലെങ്കിൽ അൺലിമിറ്റഡ് പ്രൈവറ്റ് അല്ലെങ്കിൽ പബ്ലിക് ലിമിറ്റഡ് സ്ഥാപനങ്ങളെ മാത്രമേ Company എന്ന് പ്രയോഗിക്കാറുള്ളു. നമ്മുടെ നാട്ടിലേക്ക് വന്നാൽ മിക്കവർക്കും വലിയ പിടിപാടൊന്നുമില്ല. മകന് വലിയ കമ്പനിയിലാണ് ജോലി അത്രമാത്രം. അവനൊരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു എന്ന് പറഞ്ഞാൽ ചെറുതോ വലുതോ ആയ ഒരു കച്ചവട സ്ഥാപനത്തിൽ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്നു എന്നാണ് ഉദ്ദേശിക്കുന്നത്.

ഇന്ത്യൻ നിയമങ്ങളിലേക്ക് വന്നാൽ ഇവയൊക്കെ വ്യതിരിക്തമായി Proprietorship Firm, Partnership Firm, Private Limited co, Public Ltd co, Limited liability partnership എന്നൊക്കെ പ്രത്യേകം പ്രത്യേകം നിയമങ്ങൾക്കകത്ത് പ്രവർത്തിക്കുന്നു. നമ്മുടെ പ്രൊഫസർമാർ കോർപറേറ്റുകൾ എന്നുപറയുമ്പോൾ അവർ ഉദ്ദേശിക്കുന്നത് വൻകിട ലിമിറ്റഡ് ലയബിലിറ്റി കമ്പനികളെയാണ് എന്ന് തോന്നുന്നു. ഇന്ത്യയിൽ 13,44,857 ലിമിറ്റഡ് ലയബിലിറ്റി കമ്പനികൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട് (31-03-2021 -ലെ കണക്കു പ്രകാരം). ആ വർഷം 7,58,350 കമ്പനികൾ പൂട്ടുകയോ പ്രവർത്തനം നിർത്തിവെക്കപെടുകയും ഉണ്ടായി. കോർപറേറ്റുകൾ ചൂഷകർ, ക്രോണിസം എന്നൊക്കെ ധ്വനിയിൽ പ്രസംഗിക്കുമ്പോൾ ഈ 13 ലക്ഷം വരുന്ന കമ്പനികളിൽ ഏതിനെയൊക്കെ ഉദ്ദേശിച്ചാണ് അല്ലെങ്കിൽ എല്ലാവരെയും ഉദ്ദേശിച്ചാണോ എന്ന് വ്യക്തമല്ല. (പലർക്കും അദാനി, അംബാനി, ടാറ്റ ബിർള, പിന്നെ കുറച്ചെണ്ണം കൂടി കഴിഞ്ഞാൽ ബാക്കി വരുന്നവയെ കുറിച്ചൊന്നും ഒരു പിടിയുമില്ലെന്ന് തോന്നുന്നു. ബാക്കിയുള്ളവയെ ഭൽസിക്കാൻ അറിഞ്ഞുകൂടെന്നു തോന്നുന്നു).

നിയമങ്ങൾ ഉണ്ടാകുന്നത്

ഇംഗ്ലണ്ടിൽ Joint Stock Companies Act 1844 ലും The Limited Liability Act of 1855 -മാണ് പാസ്സാക്കപ്പെട്ടത്. അതിനോട് അടുത്ത കാലങ്ങളിലായി യൂറോപ്പിലും അമേരിക്കയിലുമൊക്കെയായി സമാനമായ നിയമ നിർമ്മിതികൾ നടന്നു. പിന്നീട് -“In 1886 a landmark decision by a US court recognized the Corporation as a ‘natural person’ under law”. ഇതൊക്കെ കൂടിയാണ് കമ്പനികൾ സ്വയം നിലനിൽപ്പുള്ള entity കൾ ആയി മാറിയത്. ഇങ്ങനെയുള്ള പടിപടിയായുള്ള പല നിയമ ക്രോഡീകരണങ്ങളിലൂടെയാണ് നമ്മൾ ഇന്ന് പറയുന്ന കോർപറേറ്റുകൾ എന്ന് വിളിക്കുന്ന ലിമിറ്റഡ് ലയബിലിറ്റി കമ്പനികൾ എന്ന ലോക സാമ്പത്തിക വ്യവസ്ഥയിലെ പില്ലറുകൾ നിലവിൽ വന്നത്.

അതായത് കമ്പനി ഷെയറിൽ മുതൽ മുടക്കിയവരുടെ ജനനമരണവുമായി ബന്ധമില്ലാതെ തന്നെ സ്വയം നിലനിൽക്കുന്ന entity കളായി കമ്പനികൾ മാറി. സ്വന്തമായി സ്വത്ത് കൈവശം വെക്കാൻ, കോടതികളെ സമീപിക്കാൻ, മാത്രമല്ല perpetuity, കമ്പനി പ്രമോട്ടർ ഷെയർ ഉടമ മരണപെട്ടാലും കമ്പനി നിലനിൽക്കും മുന്നോട്ടുപോകാം എന്നിങ്ങനെയുള്ള അവകാശങ്ങളുള്ള ‘natural person’ പദവി നിലവിൽ വന്നു. ഇക്കാര്യം കുറച്ചുകൂടി വിശദമായി ചർച്ചചെയ്യേണ്ടിയിരിക്കുന്നു. അതിലേക്കൊക്കെ പിന്നീട് വരാം.

ഇവിടെ പ്രധാന കാര്യം എന്താണെന്ന് വെച്ചാൽ ഈ നിയമങ്ങളുടെ ക്രോഡീകരണത്തിനു ശേഷം മാനവരാശി പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല. മനുഷ്യ പുരോഗതിയുടെ മാറ്റങ്ങളാണ് പിന്നീട് ഓരോ ദശാബ്ദങ്ങളിലും എഴുതപ്പെട്ടത്. കഴിഞ്ഞ ദശാബ്ദത്തിൽ നിന്ന് അവിശ്വസനീമായ പുതിയ പല മാറ്റങ്ങൾ അടുത്ത ദശാബ്ദത്തിൽ എന്നിങ്ങനെ പിന്നീടുള്ള ഓരോ തലമുറയും ജീവിച്ചു. റെയിൽ റോഡുകൾ, ബസുകൾ, കാറുകൾ, വിമാന കമ്പനികൾ അന്തർ ദേശീയ യാത്രകൾ Empire State Building കൾ കഴിഞ്ഞ ദശാബ്ദത്തിൽ നിന്ന് തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ മാറിയ പുതിയ പട്ടണങ്ങൾ എന്നിങ്ങനെ നിരന്തര മാറ്റങ്ങളിലൂടെയാണ് പിന്നീടുള്ള എല്ലാ തലമുറകളും ജീവിച്ചത്.

സയൻസിന്റെ, ടെക്‌നോളജിയുടെ വികാസങ്ങൾ, അവ മേല്പറഞ്ഞ ലിമിറ്റഡ് ലിയബിലിറ്റി കമ്പനികളിലൂടെ പ്രായോഗിക തലത്തിൽ ഉപയോഗിക്കപ്പെടുന്നു. ക്യാപിറ്റലിസത്തിലെ മറ്റ് അവയവങ്ങൾ ചേർന്ന് ബാങ്കിങ്, സ്റ്റോക്ക് മാർക്കറ്റ് എന്നിവ ചേർന്ന്, ആ ഉപയോഗിക്കപ്പെടലിന്‌ ആവശ്യമായ ഫണ്ടിംഗ്, റിസോഴ്സ്സ് നൽകുന്നു. ഈ സംയുക്ത കൂട്ടുകെട്ടിലൂടെയാണ് മാനവരാശി പുരോഗമിച്ചു് ഇവിടെ എത്തിയത്. നാൾക്കുനാൾ പുതിയ പുരോഗമനങ്ങളുമായി മുന്നോട്ടുപോയികൊണ്ടിരിക്കുന്നത്. വഴിയിൽ കാണുന്ന പ്രൊഫസർമാരെ ഇക്കാര്യങ്ങൾ വടി ചൂണ്ടി പഠിപ്പിക്കുക.

മുകളിൽ പറഞ്ഞ നിയമങ്ങൾ The Limited Liability Act, Joint Stock Companies Act പാസ്സാക്കപ്പെട്ടതിന് ഒരാവശ്യം ഉണ്ട്. An idea has come, വരൂ… നമുക്ക് ഈ നിയമം പാസ്സാക്കി എടുക്കാം -എന്നിങ്ങനെ നിലവിൽ വന്നതല്ല. അന്നത്തെ കുറെ ചൂഷക മുതലാളിമാർ കൂടിച്ചേർന്ന് രാജകുടുംബാoഗങ്ങളെ സ്വാധീനിച്ചു് പാസ്സാക്കിയെടുത്ത നിയമങ്ങളുമല്ല. ഈ നിയമങ്ങൾ AD 1600 കൾ മുതലെങ്കിലും നടന്ന പല സാമ്പത്തിക കാര്യങ്ങളുടെ ഗതിവിഗതികളിലൂടെ ഉയർന്നു പൊങ്ങിവന്ന് ക്രോഡീകരിക്കപ്പെട്ടു അവസാനം പാസ്സാക്കപ്പെട്ട നിയമങ്ങളാണ്. അവയുടെ ഗതിവിഗതികൾ തന്നെ ഒരു പുതിയ പുസ്തകത്തിനുള്ള വിഷയമാണ്. അത്രക്ക് വിശാലമാണ്.

നേരത്തെ പറഞ്ഞ companio വ്യക്തികളുടെ കൂട്ടായ്മ, കൈയിലൊതുങ്ങാത്ത ബിസിനസ്സ് സംരംഭങ്ങൾ ഒന്നിച്ചുചേർന്ന് നടത്തുന്ന രീതി, മനുഷ്യ ചരിത്രത്തിൻറെ തുടക്കം മുതൽ തന്നെ ഉള്ളതാണ്. റോമിലെ വൻ aqueduct-കൾ, റോമൻ റോഡുകൾ, പാലങ്ങൾ ഇവയിലെ പലതും ഇങ്ങനെയുള്ള കൂട്ടായ്മകളാൽ നടത്തപെട്ടവയാണ്. അവക്കുമേൽ ടോൾ പിരിക്കാൻ റോമൻ നിയമങ്ങളുടെ പരിരക്ഷയും ഉണ്ടായിരുന്നു. പതിനാറാം നൂറ്റാണ്ടിൻറെ അവസാനം ആകുമ്പോഴേക്ക് ഇംഗ്ലണ്ടിലും യൂറോപ്പിലും പല ബിസിനസ്സ് സംരംഭങ്ങളും കമ്പനി എന്ന സംജ്ഞയിൽ, വ്യക്തികൂട്ടായ്മകളുടെ വാണിജ്യ കച്ചവട സംരംഭങ്ങൾ നിലവിൽ വന്നിരുന്നു. അതിൽ നമുക്ക് പരിചിതമായ ലോകചരിത്രത്തെ വളരെ സ്വാധീനിച്ച കമ്പനികളാണ് ബ്രിട്ടീഷുകാരുടെ ഈസ്റ്റ് ഇന്ത്യ കമ്പനി എന്ന് വിളിക്കുന്ന, The Company of Merchants of London Trading into the East Indies”. ഇന്ന് നമ്മളറിയുന്ന പിന്നീട് നാമകരണം ചെയ്യപ്പെട്ട English East India Company. രണ്ടാമത്തെത് പ്രശസ്തമായ ഡച്ചുകാരുടെ Dutch East India Company (VOC).

ഈ കാലത്തെ കമ്പനികളും മുകളിൽ പറഞ്ഞ നിയമം നിലവിൽ വന്നതിനുശേഷമുള്ള കമ്പനികളിലേക്കുമുള്ള വികാസവും വ്യത്യാസങ്ങളും വിശദീകരിച്ചാൽ എന്താണ് ഈ കോർപറേറ്റ്സ് എന്നുമനസ്സിലാക്കാം. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങൾ മുതൽ പല കമ്പനികളും നിലവിൽ വന്നു തുടങ്ങി. ആ കാലഘട്ടങ്ങളിൽ ഒരു കമ്പനി തുടങ്ങുന്നത് Royal Charter പ്രകാരമാണ്. അതായത് രാജകൊട്ടാരം പറയുന്ന വ്യവസ്ഥകൾക്കും ഉദ്ദേശങ്ങൾക്കും ആവശ്യങ്ങൾക്കും അനുസൃതമായ സംരംഭങ്ങൾക്ക് കൊട്ടാരം കൊടുത്ത അധികാര പത്ര പ്രകാരം നടത്തുന്ന ബിസിനസ്സ്. ഇംഗ്ലണ്ടിൽ അന്നും വലിയ ബ്യുറോക്രസി, കച്ചേരിക്കോയ്മകൾ ഉണ്ടായിരുന്നു. അവയെ തരണം ചെയ്തുവേണം നിങ്ങൾ ബിസിനസ്സ് തുടങ്ങാൻ. ആദ്യകാലങ്ങളിൽ സുഗന്ധ ദ്രവ്യങ്ങളുടെ കച്ചവടം നേടുക പുതിയ ഭൂപ്രദേശങ്ങൾ കൈയടക്കുക വെട്ടിപിടിക്കുക ഇങ്ങനെ രാജ്യത്തിനുവേണ്ടിയും കൊട്ടാരത്തിനു വേണ്ടിയുമൊക്കെയായിരുന്നു പല കമ്പനികളും ചാർട്ടർ ചെയ്യപ്പെട്ടത്. അതിന് ഉദാഹരണമാണ് എല്ലാവരും ഉദ്ധരിക്കുന്ന ഉദാഹരണമാണ് ഈസ്റ്റ് ഇന്ത്യ കമ്പനി.

എന്നാൽ ഈസ്റ്റ് ഇന്ത്യ കമ്പനി പോലുള്ള പല കമ്പനികളും അന്ന് ഇംഗ്ലണ്ടിലും യൂറോപ്പിലും ഉണ്ടായിരുന്നു. ചില ഉദാഹരണങ്ങൾ പറയാം. യൂറോപ്പ്യൻ പോർട്ടുകളിൽ കച്ചവടം ചെയ്യാൻ ചാർട്ടർ ചെയ്യപ്പെട്ട, 1407 ൽ ചാർട്ടർ ചെയ്യപ്പെട്ട Company of Merchant Adventurers of London; പുതിയ ട്രേഡ് റൂട്ടുകൾക്കായി സ്‌പൈസ് ട്രേഡ് നായി 1553 ൽ ചാർട്ടർ ചെയ്യപ്പെട്ട Company of Merchant Adventurers to New Lands (ഇത് പിന്നീട് Muscovy Company എന്ന് നാമകരണം ചെയ്യപ്പെട്ടു), 1577 ൽ Spanish Company, 1579 ൽ Eastland Company, 1581 Turkey Company, 1583 Venice Company, 1592 Levant Company, 1600 East India Company. (ഈസ്റ്റ് ഇന്ത്യ കമ്പനി മാത്രമല്ല പലതരം കമ്പനികൾ ചാർട്ടർ ചെയ്യപ്പെട്ട് അക്കാലങ്ങളിൽ പ്രവർത്തിച്ചിരുന്നു എന്ന് കാണിക്കാനാണ് അവയുടെ പേരുകൾ സെലക്ട് ചെയ്ത് ഇവിടെ നിരത്തിയത്).

1600 -കളിൽ മൂലധനം subscribe ചെയ്തുകൊണ്ടാണ് കമ്പനികൾ തുടങ്ങിയിരുന്നത്. പിന്നീട് ഈ സബ്‌സ്‌ക്രിപ്‌ഷൻ ആ കമ്പനികളിലെ ഷെയറുകളായി മാറ്റപ്പെടുകയും ലണ്ടനിൽ സജീവമായ ഒരു ഷെയർ മാർക്കറ്റ് രൂപപ്പെടുകയും ചെയ്തു. 1700 കൾ ആകുമ്പോഴേക്ക് തന്നെ ഇന്നത്തെ പോലെ ആക്റ്റീവ് ആയ ഷെയറുകൾ വില്പന വാങ്ങലുകൾ നടത്തുന്ന, ഊഹാപോഹങ്ങൾ നിർമ്മിച്ച് ഷെയർ വിലയിൽ കച്ചവടങ്ങൾ നടത്തുന്ന, ഷെയർ മാർക്കറ്റ്കൾ ലണ്ടനിൽ, ആംസ്റ്റർഡാമിൽ, യൂറോപ്പിൽ ഉരുത്തിരിയുകയും ചെയ്തിരുന്നു.

അപ്പോഴും ലിമിറ്റഡ് ലയബിലിറ്റി എന്ന ആശയം ബ്രിട്ടണിൽ നിലവിൽ വന്നിരുന്നില്ല. “Until 1793 the word limited liability in the sense of company was not used” (Cambridge University Press). ഇവിടെ ലിമിറ്റഡ് ലയബിലിറ്റി എന്ന ആശയത്തെ കുറച്ചു് സാധാരണ വായനക്കാരനുവേണ്ടി ഒന്ന് വിശദീകരിക്കേണ്ടിയിരിക്കുന്നു. നിങ്ങൾ പല കമ്പനികളുടെയും പേരിനവസാനം Limited എന്നതിന്റെ ചുരുക്കപ്പേരായ Ltd. (ക്ലിപ്‌തം) എന്നൊരു പദം എല്ലാവരും ശ്രദ്ധിച്ചിരിക്കും. ഉദാഹരണം V -Guard Industries Ltd., Dhanlaxmi Bank Ltd., Bharat electronics Ltd. എന്നൊക്കെ. അതിനർത്ഥം അംഗങ്ങളുടെ ബാധ്യത പരിമിതപ്പെട്ടിരിക്കുന്നു (Liability of the members are limited) എന്നാണ്. അതായത് ആ കമ്പനിക്ക് വൻ നഷ്ടങ്ങളുണ്ടാകുകയാണെങ്കിൽ ആ നഷ്ടത്തിന് ആ കമ്പനിയുടെ ഉടമകൾ, ഷെയർ ഉടമകളുടെ ലയബിലിറ്റി, ബാധ്യതകൾ, പരിമിതമാണ്, പരിമിതപ്പെടുത്തിയിട്ടുണ്ട് എന്നർത്ഥം. എത്രക്ക് പരിമിതം. ആ കമ്പനിയിൽ അവർ മുടക്കിയിരിക്കുന്ന അംശ ഷെയർ എത്ര തുകക്കുള്ളതാണോ അത്രയ്ക്ക് മാത്രമാണ് അവർ ഉത്തരവാദികൾ. അതിന് മുകളിൽ ഋണബാദ്ധ്യതകളോ മറ്റ് ബാദ്ധ്യതകളോ ഉണ്ടായാൽ അവർ ബാധ്യസ്ഥരല്ല എന്നർത്ഥം. ഒന്നുകൂടി വിശദീകരിച്ചാൽ കോവിഡ് നായി ജനങ്ങൾ വാക്സിൻ എടുക്കുകയും കുറെ പേര് അതുമൂലം മരണപ്പെടാൻ ഇടയായാൽ കമ്പനിയുടെ ആസ്തികൾക്ക് മുകളിൽ അല്ലാതെ കമ്പനി ഉടമകളുടെ വ്യക്തിഗത ആസ്തികൾക്ക് മേൽ ബാധ്യതകൾ നടത്തിയെടുക്കാൻ പറ്റില്ല എന്നർത്ഥം. ഇങ്ങനെ പരിമിതപ്പെടുത്തുന്ന നിയമ വ്യവസ്ഥ നിലവിൽ ഇല്ലെങ്കിലോ? ഇതുപോലെ റിസ്ക് എടുത്ത് മരുന്നുകൾ കണ്ടുപിടിക്കാൻ, വിമാനങ്ങൾ പറത്താൻ ആരും മുന്നോട്ടുവരില്ല.

പബ്ലിക് ലിമിറ്റഡ് കമ്പനി

ഒരു പബ്ലിക് നോട്ടീസ് ആണ് കമ്പനിയുടെ പേരിനവസാനം ഈ Ltd എന്ന പ്രയോഗത്തിന് അർത്ഥം. ചില ഉദാഹരണങ്ങളിലൂടെ ഇത് കൂടുതൽ വിശദമാക്കാം. നിങ്ങൾ തനിച്ച് ഒരു സംരംഭം ഒരു proprietorship firm ബിസിനസ്സ് നടത്തുകയാണെന്ന് വെക്കുക. നിങ്ങളുടെ സംരംഭം വളരെ വികസിച്ചു് മുന്നോട്ടുപോകുന്നു. അവിടെയുണ്ടാകുന്ന എല്ലാ ഗുണവശങ്ങളും ലാഭനഷ്ടങ്ങളും നിങ്ങളുടേതാണ്. നിങ്ങളുടെ ഉത്തരവാദിത്തം ഷോപ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമങ്ങൾ പാലിക്കുക ടാക്‌സുകൾ യഥാവിധി കൊടുക്കുക എന്നത് മാത്രമാണ്. നിങ്ങളുടെ സംരംഭം നഷ്ടത്തിലേക്ക് കൂപ്പുകുത്തിയാൽ നിങ്ങളുടെ കുടുംബം കുളംതോണ്ടിയാലും എല്ലാം വിറ്റുപെറുക്കി നിങ്ങളുടെ ബാധ്യതകൾ നിങ്ങൾ പാലിക്കണം. ഒത്തില്ലെങ്കിൽ നിങ്ങൾ Debtors Prison ലേക്ക് പോകും. ബ്രിട്ടനിൽ നിങ്ങളൊരു കടക്കാരനാണെങ്കിൽ പ്രത്യേകിച്ച് അക്കാലങ്ങളിൽ Debtors Prison ജയിൽ ശിക്ഷ ഉറപ്പാണ്, പതിവാണ്.

ഇനി കുറച്ചു വലിയൊരു സംരംഭം, നിങ്ങൾ നിങ്ങളുടെ പരിചയക്കാരെ ചേർത്ത് ഒരു Partnership Firm ആണ്‌ തുടങ്ങിയത് എന്നുവെക്കുക. ആ സംരംഭമാണ് കുറച്ചു കാലങ്ങൾക്കുശേഷം നഷ്ടത്തിലേക്ക് പോകുന്നതെന്ന് സങ്കൽപ്പിക്കുക. ആ സംരംഭം വൻ നഷ്ടം വരുത്തിവെക്കുന്നു. കടക്കാർ ആ പാർട്ടണർഷിപ്പിനെതിരെ കടം നടത്തിയെടുക്കാൻ ശ്രമിക്കുന്നു. കൂട്ട് പാർട്ടണർമാരുടെ കൈവശം ആസ്തികൾ ഒന്നും ഇല്ല എന്ന് കരുതുക. ഒരു പാർട്ണർ പറഞ്ഞു അദ്ദേഹത്തിൻ്റെ സ്വത്തുക്കൾ അച്ഛന്റെ പേരിലാണ് ഭാഗം വെച്ചിട്ടില്ല. ഇനിയൊരു പാർട്ണർ പറഞ്ഞു എൻ്റെ വീട് നേരത്തെ വിറ്റതാണ്. ഇനിയൊരു പാർട്ണർ ബിസിനസ്സ് കാര്യങ്ങളുടെ അറിവുകൊണ്ട് മാനേജ് ചെയ്യാൻ നിങ്ങൾ കൂടെ കൂട്ടിയതാണ്. അദ്ദേഹത്തിന് ശമ്പളമില്ലാതെ ആസ്തികൾ ഒന്നുമില്ല. ഇങ്ങനെ ഒരവസ്ഥയിൽ കടക്കാർ നിങ്ങളുടെ പുറകെ മുഴുവൻ ബാധ്യതക്കുമേൽ വന്നാൽ നിങ്ങളുടെ ബംഗ്ലാവ് വിറ്റു മുഴുവൻ കടം വീടുകയല്ലാതെ നിങ്ങൾക്ക് നിവൃത്തിയില്ല. നിങ്ങൾക്ക് പറയാൻ പറ്റില്ല ഞാനെൻറെ ഭാഗം കടം 1/4 തരാം, ബാക്കി മറ്റു പാർട്ണർമാരോട് വാങ്ങിച്ചുകൊള്ളൂ -എന്നു പറഞ്ഞാൽ അതു നിൽക്കില്ല. നിങ്ങളുടെ ബാധ്യത unlimited ആകുന്നു. കടക്കാർക്ക് കൊടുക്കാനുള്ളത് മുഴുവൻ നിങ്ങൾഒരാളുടെ ആസ്തിയിൽ നിന്ന് മാത്രം നടത്തിയെടുക്കാൻ കടക്കാർക്ക് കഴിയും. നിങ്ങളുടെ ബാധ്യത അപരിമിതമാണ്. ഇങ്ങനെയുള്ള ഭയത്തിൽ നിന്ന് Adar Poonawalla മാരെ ഷീൽഡ് ചെയ്യേണ്ടിയിരുന്നതുകൊണ്ടാണ് ലിമിറ്റഡ് ലയബിലിറ്റി കമ്പനി എന്ന ആശയം സുസ്ഥാപിതമാകുന്നത്.

ക്ലിപ്തം (Limited) ഉണ്ടായതെങ്ങനെ?

ലിമിറ്റഡ് ലയബിലിറ്റി കമ്പനികളിലെ Ltd (ക്ലിപ്‌തം) എന്താണെന്ന് വിശദീകരിച്ചു. ഇനി ഈ ആശയം ഉരുത്തിരിഞ്ഞ നാൾവഴികൾ പരിശോധിക്കാം. ഈ ആശയം ഉരുത്തിരിഞ്ഞു വന്നത് Debtors Prison അല്ലെങ്കിൽ സംരംഭകൻറെ കുടുംബം കുളംതൊണ്ടും, അവരെ പ്രൊട്ടക്ട് ചെയ്യേണ്ടതുണ്ട്, മുകളിൽ പറഞ്ഞ വാക്സിൻ ഉടമയെ പ്രൊട്ടക്ട് ചെയ്യേണ്ടതുണ്ട്, എന്നീ ആകാംക്ഷകളിൽ നിന്നും അല്ല ഉരുത്തിരിഞ്ഞത്. സംരംഭങ്ങൾക്ക് വലിപ്പം വെച്ചുകൊണ്ടേയിരുന്നു. വ്യവസായ വൽക്കരണം, വികസനം വലിയ തോതിൽ നടക്കുന്നു. വൻ പദ്ധതികൾ, ഒരു വ്യക്തിയെ കൊണ്ട് നടത്തിക്കൊണ്ടുപോകാൻ പറ്റാത്തവ ചുറ്റും നിരവധി നിരവധിയാണ്, സംരംഭകർക്ക് പരിരക്ഷ കൊടുക്കേണ്ടതുണ്ട് എന്നീ ആകാംക്ഷകളിൽ നിന്നും അല്ല ഉണ്ടായത്. ഇങ്ങനെയൊക്കെയുള്ള അത്യാവശ്യ സാഹചര്യം ഉണ്ട് അതിനനുകൂലമായ നിയമം പാസ്സാക്കാം എന്ന പൊതു ധാരണകളിൽ നിന്നല്ല ലിമിറ്റഡ് ലയബിലിറ്റി പ്രൊട്ടക്ഷൻ ഉണ്ടായത്. (ഞാൻ ഈ ലേഖനത്തിൽ ഉരുത്തിരിയുക, ഉരുത്തിരിഞ്ഞതാണ് എന്നീ പദങ്ങൾ ആവർത്തിച്ചു് ആവർത്തന വിരസതയോടെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് അത് മാനവരാശിയുടെ സാമ്പത്തിക വികാസത്തിൽ ഉണ്ടായിവന്നതാണ് എന്ന ആശയം ബലപ്പെടുത്താൻ വേണ്ടിയാണ്).

ലിമിറ്റഡ് ലയബിലിറ്റി കമ്പനികളുടെ ഉരുത്തിരിയൽ പഠിക്കുമ്പോൾ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പറഞ്ഞുകൊണ്ടുതന്നെ തുടങ്ങണം. ഈസ്റ്റ് ഇന്ത്യ കമ്പനി അക്കാര്യത്തിലെ വേർസ്റ്റ് ആൻഡ് ബെസ്ററ് ഉദാഹരണമാണെന്നതു ശരിതന്നെ. ഈസ്റ്റ് ഇന്ത്യ കമ്പനിയെ കുറിച്ച് നേരത്തെ ഒരദ്ധ്യായത്തിൽ ഏറെ പരാമശിച്ചതുകൊണ്ട് ഇവിടെ ആവർത്തിക്കുന്നില്ല. വിഷയ സംബന്ധിയായ കാര്യങ്ങൾ മാത്രം വിശദീകരിച്ചു് മുന്നോട്ടുപോകാം. ഇന്നത്തെ joint-stock കമ്പനികളെ പോലെ ഒരു separate entity ആയി perpetual continuity ഉള്ള അതായത് ഉടമ മരിച്ചുപോയാലും കമ്പനിക്ക് സ്വന്തമായി ഒരു അസ്തിത്വമുള്ള, വളരെ നീണ്ടകാലം നിലനിന്ന സ്വന്തമായി പേരിൽ ഭൂമി വാങ്ങിക്കാൻ അവകാശമുള്ള, കോടതിയിൽ പോകാനും ഇവ നടത്തിയെടുക്കാനും അവകാശമുള്ള, ഒരു കമ്പനി ആയിരുന്നു ഈസ്റ്റ് ഇന്ത്യ കമ്പനി. ഈ സൗകര്യങ്ങൾ നിയമങ്ങളായി നിലവിൽ വരുന്നത് 250 വർഷങ്ങൾക്കുശേഷം Joint Stock Companies Act 1844, The Limited Liability Act of 1855 എന്നീ നിയമങ്ങൾ പാസ്സാക്കപ്പെട്ടതിനു ശേഷമാണ്. എന്നുവെച്ചാൽ ഇത്തരം നിയമങ്ങൾ കമ്പനികൾക്കായി പ്രാബല്യത്തിൽ വരുന്നതിനും 250 വർഷങ്ങൾക്ക് മുൻപുതന്നെ ഈ ആശയങ്ങൾ പ്രായോഗികമാക്കേണ്ടിവന്നു എന്നുകൂടി അർത്ഥം.

ഇനിയൊരു കാര്യം പതിനാറാം നൂറ്റാണ്ടിൽ കമ്പനികൾ രൂപാന്തരപ്പെടുമ്പോൾ ബാങ്കുകളോ ബോണ്ട് മാർക്കറ്റോ ഉണ്ടായിരുന്നില്ല. അവയിൽ നിന്നൊക്കെ കടമെടുത്തിട്ടല്ല സംരംഭം മുന്നോട്ടുപോകുന്നത്. അവിടെ മറ്റു ബാധ്യതകൾ തീർക്കുക എന്ന നിയമ വശം വരുന്നില്ല. നഷ്ടമുണ്ടായാൽ കടക്കാർ ബാധ്യതകൾ നടത്തിയെടുക്കാൻ വരുന്ന സാഹചര്യങ്ങൾ ആദ്യകാലങ്ങളിൽ ഇല്ലായിരുന്നു. മുതൽ മുടക്കിയവരുടെ മുടക്കുമുതൽ നഷ്ടമാകുന്നു അത്രതന്നെ. ഇക്കാലഘട്ടത്തിനുശേഷം ബ്രിട്ടൻറെ വ്യാവസായിക വളർച്ചക്കൊപ്പം വേറേയും ധാരാളം കമ്പനികൾ ചാർട്ടർ ചെയ്യപ്പെട്ടു.

The Bank of England 1694 – പൊതുജനങ്ങളുടെ subscription നിലൂടെയാണ് ഈ ബാങ്ക് നിലവിൽ വന്നത്. പതിനേഴാം നൂറ്റാണ്ടിൽ വ്യവസായവൽക്കരണത്തിന്റെ ഭാഗമായി പ്രധാനമായും ഇൻഡസ്‌ട്രിയൽ ട്രാൻസ്‌പോർട് ആവശ്യങ്ങൾക്കായി ഇൻലാൻഡ് വാട്ടർ കനാലുകൾ പലതും നിലവിൽ വരികയുണ്ടായി. അവയിൽ മിക്കതും ഓരോ കമ്പനികളായിരുന്നു. ഏകദേശം 120 ഓളം കമ്പനികൾ ഇക്കാലത്ത് ഇൻലാൻഡ് വാട്ടർ കനാലുകൾ വേണ്ടി രൂപപെടുകയുണ്ടായി. ഇവയൊക്കെ റോയൽ ചാർട്ടർ കൊണ്ട് തുടങ്ങിയവയായിരുന്നതിനാൽ “…. owing to Parliament’s protection of the privileges and advantages മുതൽമുടക്കിയ ഷെയർഉടമകളുടെ ലയബിലിറ്റി, ബാധ്യതകൾ പരിമിതപ്പെട്ടതായിരുന്നു. മുടക്കിയ ഷെയർ നഷ്ടപ്പെടും അത്രതന്നെ.

ഇക്കാലഘട്ടത്തിൽ കൊട്ടാരത്തെ മറികടന്നുകൊണ്ട് അന്നു നിലനിന്നിരുന്ന ലീഗൽ വശങ്ങളെ ഉപയോഗപെടുത്തികൊണ്ടു unincorporated associations എന്ന വകുപ്പിൽ വേറെയും പല കമ്പനികൾ ബ്രിട്ടനിൽ നിലവിൽ വന്നു. …many businesses came to be operated as unincorporated associations with possibly thousands of members. അതായത് കൊട്ടാരത്തിൽ പോയി ചാർട്ടർ വാങ്ങിക്കാനുള്ള തടസ്സങ്ങളെ തരണം ചെയ്തുകൊണ്ട് unincorporated associations എന്ന നിലയിൽ കുറെ കമ്പനികൾ നിലവിൽ വന്നു. ഇവയിൽ ചിലത് പാപ്പരായപ്പോഴും ഷെയർ ഉടമകളുടെ വ്യക്തിഗത ആസ്തി നടത്തിയെടുക്കുക എന്ന അവസ്ഥ പ്രാബല്യത്തിൽ ഉണ്ടായിരുന്നില്ല. അതിലെ ആയിരക്കണക്കിന് ഷെയർ ഉടമകളെ കണ്ടുപിടിച്ചു് അവരുടെ ആസ്തികൾക്ക് മേൽ കേസ് കൊടുക്കുക എന്നത് വലിയ കടമ്പയായി മാറി.

ഇങ്ങനെയുള്ള 250 വർഷങ്ങൾ നീണ്ടുനിന്ന കുഴമറിച്ചിലുകൾക്ക് ശേഷമാണ് Joint Stock Companies Act 1844, and the Limited Liability Act of 1855, The Companies Act 1862 എന്നീ നിയമങ്ങൾ ക്രോഡീകരിക്കപ്പെട്ടത്. പിന്നീട് “1886 a landmark decision by a US court” കമ്പനികൾ a ‘natural person’ under law ആകുന്നു എന്ന് വിധിച്ചു. ഈ നിയമങ്ങളിലെ പ്രധാന പോയിന്റുകൾ കുറച്ചു് വിശദീകരിക്കാം.

ഒന്ന് : Joint Stock Companies Act 1844 ലെ പ്രധാന മാറ്റം എന്തെന്നുവെച്ചാൽ Registrar of Joint Stock Companies നിലവിൽ വന്നു. അതായത് ഇനി മുതൽ ഒരു കമ്പനി ഉണ്ടാകണമെങ്കിൽ കൊട്ടാരത്തിൽ പോയി ചാർട്ടർ തരപ്പെടുത്തേണ്ട ആവശ്യം ഇല്ലാതെയായി. രജിസ്ട്രാർ ഓഫിസിൽ പോയി അവിടത്തെ മാൻഡേറ്റുകൾക്കാവശ്യമായവ പാലിച്ചുകൊണ്ട്‌ ആർക്കും കമ്പനികൾ തുടങ്ങാം. ഒരു കമ്പനി തുടങ്ങി ബിസിനസ്സ് നടത്താനാഗ്രഹിക്കുന്ന ഏഴുപേർ ചേർന്ന് ഒരു സിമ്പിൾ നടപടിക്രമത്തിലൂടെ ആർക്കും ഇനി മുതൽ ഒരു കമ്പനി തുടങ്ങാം എന്നതാണ് ഈ ആക്ട് ൻ്റെ പ്രധാന നേട്ടം.

രണ്ട് : 1856 ലെ നിയമത്തോടുകൂടി “shareholders were awarded limited liability: their personal assets were protected from the consequences of their corporate behaviour.” (ഷെയറുടമകൾക്ക് പരിമിതപ്പെടുത്തിയ ബാധ്യത മാത്രം. കോർപറേറ്റ് കമ്പനിയുടെ പ്രവർത്തനങ്ങളിലെ പരിണിത ഫലങ്ങളിൽ നിന്ന് ഷെയർ ഉടമകളുടെ ആസ്തികൾക്ക് സംരക്ഷണം). ഓരോ പൗരന്മാർക്കും ഉഭയസമ്മത കരാറുകളിൽ, ഉടമ്പടികളിൽ ഏർപ്പെടാനുള്ള സ്വാതന്ത്യം നൽകുന്നതോടൊപ്പം അവർക്കു ബിസിനസ്സ് ലെ പ്രവർത്തനങ്ങളിൽ പരിമിതപ്പെടുത്തിയ ബാധ്യതകൾ ഈ Act ഉറപ്പാക്കുന്നു. ഒരു ഷെയർ ഉടമ ഉദ്ദേശിക്കുന്നതെന്തെന്നാൽ ഞങ്ങൾ ഒരു സംരംഭം തുടങ്ങുന്നു ആ സംരംഭത്തിനു നാളെ എന്ത് സംഭവിക്കുമെന്ന് പറയാനാവില്ല. ഞങ്ങളുടെ എല്ലാ ആസ്തികളും അതിൽ ചേതപ്പെടരുത്. ഇത്തരം ഒരു share holder shielding ആണ് 1856 ലെ നിയമത്തിൻറെ കാതൽ.

മൂന്ന് : ഒരു കമ്പനി, നിയമത്തിനു മുൻപിൽ a ‘natural person’ under law… ഒരു വ്യക്തിക്ക് ലഭിക്കുന്ന അവകാശങ്ങൾ കമ്പനികൾക്കും ലഭ്യമാണ്. കമ്പനിക്ക് ഭൂമി വാങ്ങാം, കടക്കാർക്കെതിരെ കോടതിയിൽ പോകാം, സ്വന്തം പേരിൽ ലിറ്റിഗേഷൻ നടത്താം…… “with a discrete legal personality, perpetual succession, and a common seal. Except for some senior positions, companies remain unaffected by the death, insanity, or insolvency of an individual member “ (idea Well known..here used from Wiki ). ഇതോടുകൂടി നിയമത്തിൻ്റെ മുന്നിൽ കമ്പനിയെ ഒരു വിഭിന്നനായ വ്യക്തിയായി കണക്കാക്കപ്പെടും. ഒരു കമ്പനിക്ക് പിന്തുടർച്ച ഉണ്ടായിരിക്കും. ആ കമ്പനി തുടങ്ങിയ വ്യക്തികളുടെ, ഉടമകളുടെ മരണം അല്ലെങ്കിൽ insanity, or insolvency ഈ കമ്പനിയെ ബാധിക്കുന്നില്ല. കമ്പനി നിലനിൽക്കും തുടർന്ന് പ്രവർത്തിക്കും. ആ കമ്പനി അധികാരപ്പെടുത്തിയ മാനേജർ അല്ലെങ്കിൽ അധിപതി ആ കമ്പനിയുടെ സീല് ഉപയോഗിച്ചു നടത്തിയ എല്ലാ ഇടപാടുകളും ഉടമ്പടികളും നിയമ കൈമാറ്റങ്ങളായി കണക്കാക്കപ്പെടും.

മാത്രമല്ല A corporation can be prosecuted for essentially all of the same crimes as individuals and have a criminal penalty imposed upon it. (Well known … used random Google search). ഒരു വ്യക്തിയെ ക്രിമിനൽ പ്രോസിക്യൂഷന് വിധേയമാകുന്നത് പോലെ ഒരു കമ്പനിയെയും പോസിക്യൂട്ട് ചെയ്യാം ക്രിമിനൽ പിഴകൾ ചുമത്താവുന്നതുമാണ്. ഇവിടെ ഒരു പ്രധാന വൈരുധ്യം തോന്നാവുന്നതാണ്. ഒരു കമ്പനി പാപ്പരായാൽ കമ്പനിയുടെ ബാധ്യതകൾക്ക് മേൽ ഷെയർ ഉടമകളുടെ ആസ്തികൾ ലഭ്യമല്ല. ലിമിറ്റഡ് ലയബിലിറ്റി. എങ്കിൽ ആ കമ്പനിയുമായി ഞാൻ നടത്തിയ ബിസിനസ്സ് ലെ എനിക്കുവരേണ്ട തുകകൾക്ക് ആര് ഉത്തരവാദിത്വം എടുക്കും. ഞാൻ അല്ലെങ്കിൽ എൻ്റെ കമ്പനി നിരന്തരമായി വലിയ തുകക്കുള്ള കൊടുക്കൽ വാങ്ങലുകൾ ആ കമ്പനിയുമായി നടത്തുന്നു. മേൽ പറഞ്ഞ കമ്പനി എൻ്റെ ബാധ്യതകൾ കണക്കുകൾ തീർക്കുന്നില്ല ആ കമ്പനി പാപ്പരായി. അപ്പോൾ എനിക്കുവരേണ്ട തുകകൾക്ക് ആർ ഉത്തരവാദിത്വം എടുക്കും.

ഉത്തരവാദിത്വം എന്റേതാണ്/നിങ്ങളുടേതാണ്. ഒരു Ltd. ലയബിലിറ്റി കമ്പനിയുമായി ഇടപാടുകൾ നടത്തുമ്പോൾ നിങ്ങൾ അറിഞ്ഞിരിക്കണം, നിങ്ങൾക്ക് ധാരണ ഉണ്ടായിരിക്കണം നിങ്ങൾ ആരുമായാണ് ഇടപാടുകൾ നടത്തുന്നത് എന്ന്. അത് മനസ്സിലാക്കി വേണം നിങ്ങൾ ഇടപാടുകൾ നടത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ, നിങ്ങളുടെ ഇടപാടുകളുമായി മുന്നോട്ടുപോകാൻ. എത്ര തുകക്കുള്ളത് ആകാം എത്രക്കുമേൽ പോകരുത് എന്നിങ്ങനെ അറിഞ്ഞു മാത്രം നിങ്ങൾ അത്തരം കമ്പനികളുമായി ബിസിനെസ്സിൽ ഏർപ്പെടേണ്ടതാണ്. ഇതൊരുവലിയ കെണിയാണല്ലോ എന്ന് ഒറ്റനോട്ടത്തിൽ ആദ്യ അറിവിൽ തോന്നാം.

എന്നാൽ മേൽ പറഞ്ഞ Companies Act നിയമങ്ങളും പിന്നീട് കാലങ്ങളിൽ ഉണ്ടായ ഭേദഗതികളും എല്ലാം ചേർന്ന് കമ്പനികൾക്ക് മേൽ നിർദ്ദേശങ്ങളുടെ മാൻഡേറ്റുകളുടെ നിയമങ്ങളുടെ ഒരു വലിയ സമാഹാരം നിരന്തരം പാലിക്കപെടാനായി അത്തരം കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നു. കമ്പനി എന്ത് ചെയ്യാനുദ്ദേശിക്കുന്നു, ഏതു മേഖലയിൽ പ്രവർത്തിക്കാനുദ്ദേശിക്കുന്നു എന്നൊക്കെ പൊതുജനസമക്ഷം വെക്കണം. എവിടെ തുടങ്ങുന്നു എന്നറിയിച്ചിരിക്കണം. ഇടപാടുകൾ നടത്താൻ ആരെ സമീപിക്കണം, എത്രയാണ് മൂലധനം, ആരൊക്കെയാണ് കമ്പനി കൊണ്ടുനടക്കുന്നത്, അവരുടെ അധികാരപരിധികൾ എന്തൊക്കെ എത്രയൊക്കെ (Memoarndum and Articles of Association), എന്നുതുടങ്ങി ഓരോ ക്വാർട്ടറിലും വിറ്റുവരവെത്ര, ലാഭമോ നഷ്ടമോ എത്ര, ഉത്പാദനമെത്ര, ഇതെല്ലാം ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിനെ വെച്ച് ഓഡിറ്റ് നടത്തിയിരിക്കണം. ഓഡിറ്റ് നടത്തിയ ലാഭനഷ്ടകണക്കുകൾ പൊതുജന സമക്ഷം വെച്ചിരിക്കണം. അതായത് റെജിസ്ട്രാർ ഓഫ് കമ്പനിയിൽ ഫയൽ ചെയ്തിരിക്കണം. അതൊക്കെ ആർക്കുവേണമെങ്കിലും രജിസ്ട്രാർ ഓഫ് കമ്പനിയിൽ ചെന്ന് നോക്കാവുന്നതാണ്. കമ്പനി ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയാണെങ്കിൽ അത് പത്രങ്ങളിൽ പരസ്യം ചെയ്യണം. എന്നിങ്ങനെ ടൺ കണക്കിന് നിർദ്ദേശങ്ങൾ ഉത്തരവാദിത്തങ്ങൾ കമ്പനികൾ പാലിക്കേണ്ടിയിരിക്കുന്നു.

ഇതിനൊക്കെ പുറമെ ഒരു ബ്രഹ്‌മാസ്‌ത്രവും കൂടി ക്രെഡിറ്റേഴ്സിനായി കമ്പനി ആക്ട് കൊടുത്തിട്ടുണ്ട്. കമ്പനിയുടെ ഒരു ക്രെഡിറ്റർക്ക് തൻ്റെ കടം നടത്തിച്ചെടുക്കാൻ കമ്പനിയെ ലിക്വിഡേറ്റു ചെയ്ത് കമ്പനിയുടെ ആസ്തികൾ വിറ്റു തൻ്റെ കടം നടത്തിയെടുത്ത് തരണമെന്ന് കമ്പനിക്കെതിരെ കോടതിയിൽ ക്രെഡിറ്റർക്ക് സമീപിക്കാം. എന്നുവെച്ചാൽ ഷെയർ ഉടമകൾ ഉദ്ദേശിക്കുന്നില്ലെങ്കിലും നിങ്ങൾക്ക് കമ്പനിയെ പൂട്ടിപ്പിക്കാം എന്നുകൂടി അർത്ഥം. ഇതിനുപുറമെ ഇന്ത്യയിലാണെങ്കിൽ കമ്പനി ലോ ബോർഡ്, NCLAT (National Company Law Appellate Tribunal) എന്നിവയെ സമീപിക്കാം. അവർ 90 ദിവസത്തിനകം നടപടി തുടങ്ങിയിരിക്കും. 180 ദിവസത്തിനകം ഇൻസോൾവെൻസി ആപ്ലികേഷനു മേലുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചിരിക്കും. The Company Law Board (CLB), Competition Commission of India (CCI), SEBI, മുതലായ വേറെയും. നിരവധി ക്വാസി ഗവണ്മെന്റ് കൺട്രോളിങ് ഏജൻസി കൾകമ്പനികളെയും മാർകെറ്റിനെയും നിയന്ത്രിക്കാനായുണ്ട്.

പ്രധാനമായും മേൽവിവരിച്ച നിയമവശങ്ങളാണ് അവയുടെ ക്രോഡീകരണമാണ് ഇന്നു കാണുന്ന കോർപറേറ്റുകളുടെ അടിത്തറ നിയമങ്ങൾ. എന്നുവെച്ചാൽ മാനവരാശിയുടെ സാമ്പത്തിക കാര്യങ്ങളുടെ പുരോഗതി ഒരു പ്രത്യേക അവസ്ഥയിലേക്ക് വളരുകയും സുസ്ഥാപിത മാകുകയും ചെയ്തപ്പോൾ ഈ അവസ്ഥയുടെ നിലനിൽപ്പിനും മുന്നോട്ടുള്ള പുരോഗതിക്കും ഇത്തരത്തിലുള്ള നിയമങ്ങൾ ആവശ്യം ആവശ്യമാണെന്ന നിലയിൽ ഉരുത്തിരിയപെട്ട നിയമങ്ങളാണ് Companies Act മുതലായ നിയമങ്ങൾ.. അവ മാനവരാശിയുടെ എല്ലാവിധ പുരോഗതിയുടെയും ആണിക്കല്ലുകളാകുന്നു. മുകളിൽ പറഞ്ഞതുപോലെ മാനവരാശി പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല. ദശാബ്ദങ്ങളിൽ നിന്ന് ദശാബ്ദങ്ങളിലേക്ക് പാരഡ്യം മാറ്റങ്ങളിലൂടെയാണ് മാനവരാശി പിന്നീട് മുന്നോട്ടുപോയത്.

പ്രൊഫസ്സർമാർ പലരും ഫ്രീ മാർക്കറ്റ് ക്യാപിറ്റലിസം എന്നാൽ എല്ലാം ഫ്രീ ആയി നടക്കുന്നു, തോന്നിയവർക്ക് തോന്നിയ പോലെ, Laissez-faire എന്നൊക്കെയാണ് പ്രസംഗിച്ചുനടക്കുന്നത്. പലരെയും സംബന്ധിച്ചിടത്തോളം ഫ്രീ മാർക്കറ്റ് ക്യാപിറ്റലിസം എന്നുവെച്ചാൽ കുറെ ഉല്പന്നങ്ങൾ ആർക്കും ഉണ്ടാക്കി നിയന്ത്രണങ്ങളൊന്നും ഇല്ലാതെ എവിടെയെങ്കിലും തോന്നിയ പടി തോന്നിയ വിലക്ക് വിൽക്കാനുള്ള അവകാശമാണ് എന്നൊക്കെയുള്ള ധ്വനിയിലാണ് പ്രസംഗിച്ചുനടക്കുന്നത്. അജ്ഞതയാണ് കാരണം. പ്രൊഫസർമാരേ ഫ്രീ മാർക്കറ്റ് എന്നാൽ കുറെ ഉല്പന്നങ്ങൾ ഉണ്ടാക്കി നിയന്ത്രണങ്ങളില്ലാതെ എങ്ങോട്ടും എവിടെയും കൊണ്ടുവിൽക്കാനുള്ള അവകാശമല്ല. ആധുനിക ക്യാപിറ്റലിസം പ്രവർത്തിക്കുന്നത് നിയമങ്ങളാൽ, മാൻഡേറ്റുകളാൽ, ആയിരകണക്കിന് നിർദ്ദേശങ്ങളാൽ വരിഞ്ഞു മുറുക്കികെട്ടി മാത്രം ആണ് കമ്പനികളെ പ്രവർത്തിക്കാൻ വിട്ടിരിക്കുന്നത്. ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ അലമാരയിൽ ഇരിക്കുന്ന മാന്വലുകൾ മുഴുവൻ ക്യാപിറ്റലിസത്തെ നിയന്ത്രിക്കുന്ന നിർദ്ദേശങ്ങളുടെയും നിയമങ്ങളുടേതുമാണ്. കോര്പറേറ്റ് ലോ പ്രാക്ടീസ് ചെയ്യുന്ന വക്കീലിന്റെ അലമാരക്കാകാത്തിരിക്കുന്ന തടിച്ച പുസ്തകങ്ങൾ നിറയെ കോർപറേറ്റുകൾ പാലിക്കേണ്ട നിയമസംഹിതകളുടെ സമാഹാരമാണ്. Laissez-faire, നിയന്ത്രണങ്ങൾ ഇല്ലാത്ത ക്യാപിറ്റലിസം ലോകത്തെവിടെയും നടക്കുന്നില്ല. പുതിയ പുതിയ സാഹചര്യങ്ങൾക്കനുസൃതമായി പുതിയ പുതിയ ടെക്നൊളജികൾ വളരുന്നതനുസരിച്ചു് പുതിയ പുതിയ നിയമങ്ങളും നിർദ്ദേശങ്ങളും മാർക്കറ്റിൽ നിരന്തരം വന്നുകൊണ്ടേയിരിക്കുന്നുണ്ട്.

ആരോപണങ്ങൾ

അപ്പോൾ കമ്പനികളും കോർപറേറ്റുകളും വളരെ സത്യസന്ധരാണെന്നാണോ. അല്ല. ലിമിറ്റഡ് കമ്പനി എന്ന ബോർഡും വെച്ച് സാധാരണക്കാരെ കബളിപ്പിച്ചു് മുങ്ങുന്ന കമ്പനികളും പലതുണ്ട്. ഫ്‌ളാറ്റുകൾ കെട്ടിത്തരാം എന്ന് ഫ്ളക്സ് വെച്ച് പാതിവഴിക്ക് ഇട്ടോടുന്ന, മാഞ്ചിയം കൃഷിചെയ്ത് കോടിപതിയാക്കാം എന്നിങ്ങനെ വാഗ്ദാനം ചെയ്ത് മുങ്ങുന്ന, കമ്പനികളും പലതുണ്ട്. ഒരു ജനസമൂഹത്തിൽ കാണുന്ന തിന്മകളുടെയും അധികാരത്തിന്റയും ബാഡ് ആപ്പിളുകളുടെയും അളവെത്രയാണോ കോർപറേറ്റ് സമൂഹത്തിലും അതൊക്കെകാണും. Nothing more Nothing less. പണവും അധികാരവും എവിടെയൊക്കെ കൂടുന്നുവോ അവിടെയൊക്കെ തിന്മകളും അപ്രിയ സത്യങ്ങളും ഉണ്ടാകും.

കോർപറേറ്റുകൾക്കെതിരെയുള്ള ഇനിയൊരു ആരോപണമാണ് കോർപറേറ്റുകൾ ജനാധിപത്യ പ്രക്രിയകളിൽ ഇടപെടുന്നു, ജനാധിപത്യത്തെ മലീമസമാക്കുന്നു. ഇവിടെ വ്യക്തിപരമായ എൻ്റെ അഭിപ്രായം എന്തെന്നുവെച്ചാൽ ഇന്ത്യയിൽ കോർപറേറ്റുകളെ ഇപ്പോൾ നയിക്കുന്ന മിക്കവരും ഇന്ത്യൻ മിഡിൽ ക്ലാസ്സിൽ നിന്ന് ഉയർന്നുവന്നവരാണ്. ജനാധിപത്യത്തെ ബഹുമാനിച്ചുകൊണ്ട് പ്രവർത്തിക്കുന്നവരാണ്. മിക്കവരും നിയമങ്ങൾ പാലിക്കാൻ ഒരു പടി കൂടുതലായി തന്നെ തത്രപ്പെടുന്നവരാണ്. ഇന്ത്യയിലെ മതങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിൽ എത്രക്ക് ഇടപെടുന്നുവോ മലീമസമാക്കുന്നുവോ അതിൻ്റെ പത്തിലൊന്നു തോതിൽ പോലും ഇന്ത്യൻ കോർപറേറ്റുകളെ ഭയക്കേണ്ടതില്ല -ഇതെൻറെ വ്യക്തിപരമായ നിരീക്ഷണം.

ക്യാപിറ്റലിസം vs കമ്യുണിസം

ഇവിടെ വിഷയങ്ങളിൽ നിന്ന് മാറി അക്കാലത്ത് രൂപാന്തരപ്പെട്ട വേറൊരു ചിന്താപദ്ധതിയുമായി നമുക്ക് കാര്യങ്ങൾ തട്ടിച്ചുനോക്കാം. ഈ നിയമങ്ങൾ പാസ്സാക്കപ്പെട്ട (1844) കാലഘട്ടത്തിലാണ് വിധ്വംസക പൊട്ടെൻഷ്യയലുമായി നമ്മുടെ പ്രശസ്തമായ പുസ്തകം The Communist Manifesto 1848 ൽ പ്രസിദ്ധീകരിക്കപ്പെട്ടത് എന്ന് ഓർക്കാവുന്നതാണ്. ജനാധിപത്യത്തിന്റെ സുഖം, സന്തുഷ്ടി അറിഞ്ഞ നിങ്ങൾ അതിലെ ചില വരികൾ ഒന്നുകൂടി വായിക്കുക-
“Of course, in the beginning, this cannot be effected except by means of despotic inroads on the rights of property”,
“Confiscation of the property of all emigrants and rebels.”
“Centralisation of the means of communication and transport.”
കമ്മ്യൂണിക്കേഷനും ട്രാൻസ്‌പോർട് ഉം, ആശയവിനിമയ ഉപാധികളും യാത്രാ ഉപാധികളും, കേന്ദീകരിക്കപ്പെട്ട ഒരു സമൂഹം എവിടെയായിരിക്കും എത്തിപ്പെടുക. Despotic inroads ൽ എവിടെയാണ് ജനാധിപത്യ മര്യാദകൾ നിലനിൽക്കുക. തുടക്കത്തിൽ തന്നെ, കൺസെപ്ച്വൽ സ്റ്റേജിൽ തന്നെ, ജനാധിപത്യ മര്യാദകളെ തുരങ്കം വെക്കാം എന്ന് അനുവദിക്കുന്ന ഒരു ആശയം അതിൻ്റെ സ്വാഭാവിക പരിണാമത്തിൽ എത്തിയതാണ് നാം ചരിത്രത്തിൽ കണ്ടത്. അല്ലാതെ പ്രശ്നം അപ്പോളജിസ്റ്റുകൾ പറയുന്നതുപോലെ “യഥാർത്ഥ കമ്മ്യൂണിസം” നടപ്പിൽ വന്നില്ല എന്നതല്ല. “യഥാർത്ഥ കമ്മ്യൂണിസ”ത്തിൻറെ ആശയ അടിത്തറയിൽ തന്നെയാണ് വളവ്, ആർകിടെക്ട് ൻ്റെ ധിഷണയുടെ കുറവ്, എന്ന് മുകളിലെ വരികൾ ഉറപ്പിക്കുന്നു. ഈ ലേഖനം വളരെ നീണ്ടുപോയതുകൊണ്ടും ഈ ലേഖനം മുഴുവനായി വായിക്കുന്ന ഒരു വായനക്കാരൻ മേൽ ഉദ്ധരിച്ച വരികൾ സ്വയം വിലയിരുത്താൻ കഴിവുള്ളവരായതുകൊണ്ടും ഇവിടെ നിർത്തുന്നു.

(NB : “ക്യാപിറ്റലിസം ഇതൊരു ദുർഭൂതമല്ല” എന്ന എൻ്റെ പുസ്തകം ഞാൻ re-work ചെയ്തുകൊണ്ടിരിക്കുകയാണ്. അതിലെ ഒരദ്ധ്യായം അല്പം മാറ്റി എഴുതിയതാണ് ഈ ലേഖനം).


Leave a Reply

Your email address will not be published. Required fields are marked *