പച്ചമരുന്നിന്റെ വിഷാംശം ചൂണ്ടിക്കാട്ടി; മലയാളി ഡോക്ടര്‍ക്കെതിരെ പ്രതികാര നടപടിയുമായി ആയുഷ്

esSENSE Reporter

രാജഗിരി ആശുപത്രിയിലെ കരള്‍രോഗ വിദഗ്ധനായ ഡോ ആബി ഫിലിപ്‌സ് ചികിത്സക്ക് വന്ന നൂറില്‍പ്പരം കരള്‍ രോഗികളെ പഠിച്ചാണ് പച്ചമരുന്നുകള്‍ കരള്‍ രോഗം ഉണ്ടാക്കുന്നുവെന്ന നിഗമനത്തില്‍ എത്തിയത്.

ന്യൂദല്‍ഹി: പച്ചമരുന്നിന്റെ വിഷാംശങ്ങളെക്കുറിച്ചും ആയുര്‍വേദത്തിലെ ആശാസ്ത്രീയതകളെക്കുറിച്ചും സംസാരിച്ചതിന് മലയാളി ഡോക്ടര്‍ക്കെതിരെ ഭീഷണിയുമായി ആയുഷ് മന്ത്രാലയം. ശാസ്ത്ര പ്രഭാഷകനും സ്വതന്ത്രചിന്തകനുമായ ഡോ. സിറിയക് അബി ഫിലിപ്സിനെതിരെ മാനഹാനി നടപടിയെടുക്കുമെന്നാണ് ഭീഷണി. യൂട്യൂബ് വീഡിയോയില്‍ ആയുര്‍വേദത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് ആരോപണം.

കൊച്ചിയിലെ ഹെപ്പറ്റോളജിസ്റ്റായ ഡോ അബി ഫിലിപ്‌സ് കരളിനെ കാര്‍ന്നു തിന്നുന്ന പച്ചമരുന്നുകളെ കുറിച്ച് ശാസ്ത്ര ചാനലായ ‘ലൂസിയില്‍’ സംസാരിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. ഡോക്ടര്‍ക്കെതിരെ ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയവയുടെ പ്രതിച്ഛായ ഇദ്ദേഹം നശിപ്പിച്ചെന്ന് ആരോപിച്ച് രാജ്യമെമ്പാടുമുള്ള മെഡിക്കല്‍ അസോസിയേഷനുകള്‍ക്ക് മന്ത്രാലയം കത്ത് അയച്ചിരിക്കയാണ്. ഈ കത്ത് ഡോ ആബി തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്.

പച്ച മരുന്നിന്റെ വിഷാംശങ്ങളെക്കുറിച്ചും മെഡിക്കല്‍ സമ്പ്രദായങ്ങളെക്കുറിച്ചും സംസാരിക്കരുതെന്ന് വൈദ്യശാസ്ത്ര സംവിധാനങ്ങളുടെ കാവല്‍ക്കാരനായ ആയുഷ് മന്ത്രാലയം തനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നായിരുന്നു സിറിയക്കിന്റെ ട്വീറ്റ്. ഈ വര്‍ഷം ജൂണില്‍ ലൂസി യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചില സസ്യങ്ങളുടെ ഉപയോഗത്തിലൂടെ കരളിന് ഉണ്ടാവുന്ന ഹാനികരമായ കാര്യങ്ങളെക്കുറിച്ച് ഡോക്ടര്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതാണ് ആയുഷിന് പ്രശ്‌നമായത്. വീഡിയോ നീക്കം ചെയ്തില്ലെങ്കില്‍ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കത്തിലുണ്ട്.

എന്നാല്‍ താന്‍ തീര്‍ത്തും ശാസ്ത്രീയമായ കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞതെന്നും, അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നുമാണ് ഡോ അബിയുടെ പ്രതികരണം. കൊച്ചി രാജഗിരി ആശുപത്രിയിലെ കരള്‍ രോഗ വിദഗ്ധനായ ഡോ ആബി ഫിലിപ്‌സ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി, ആയുര്‍വേദ മരുന്നുകളുടെ അശാസ്ത്രീയതയുമായി ബന്ധപ്പെട്ട പഠനങ്ങളിലാണ്. തന്റെ അടുത്ത് ചികിത്സക്ക് വന്ന നൂറില്‍പ്പരം കരള്‍ രോഗികളെ പഠിച്ചാണ് അദ്ദേഹം ആയുര്‍വേദ പച്ചമരുന്നുകള്‍ കരള്‍ രോഗം ഉണ്ടാക്കുന്നുവെന്ന നിഗമനത്തില്‍ എത്തിയത്. ഇതോടെ അദ്ദേഹം ഇതുസംബന്ധിച്ച നിരവധി പേപ്പറുകള്‍ പ്രസിദ്ധീകരിച്ചു. ഈ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഡോ ആബി സോഷ്യല്‍ മീഡിയയിലും പ്രചാരണം തുടങ്ങിയത്.

ഡോ ആബി ഫിലിപ്‌സ് പങ്കെടുത്ത വിവാദ വീഡിയോ-


Leave a Reply

Your email address will not be published. Required fields are marked *