ഫോണ്‍ പോക്കറ്റില്‍, ടവര്‍ കാട്ടില്‍; സി രവിചന്ദ്രന്‍ എഴുതുന്നു


‘ഫോണ്‍ പോക്കറ്റില്‍, ടവര്‍ കാട്ടില്‍- ഇതാണ് എല്ലാ മൊബൈല്‍ ടവര്‍ സമരനേതാക്കളുടെയും പൊതുനിലപാട്. പിന്നീട് വസ്തുതകള്‍ മനസ്സിലാകുന്നതോടെ ടവര്‍സമരങ്ങള്‍ സ്വയം ദുര്‍ബലപെടുന്നതായി കാണാറുണ്ട്. പക്ഷെ ഇത്തരം ആവര്‍ത്തനങ്ങള്‍ പ്രിയങ്കരങ്ങളാണ്. ദുര്‍മന്ത്രവാദം നടത്തി മനുഷ്യരെ കൊന്നാല്‍പോലും ഇതുപോലെ കൊടിപിടിച്ച് പ്രതിഷേധം ആ നാട്ടില്‍ ഉണ്ടാകാനിടയില്ല. മാറ്റത്തെ പ്രതിരോധിക്കുന്നവരുടെ ഇഷ്ട ആയുധമാണ് ശാസ്ത്രവിരുദ്ധത.’- സി രവിചന്ദ്രന്‍ എഴുതുന്നു
മനുഷ്യ നാഗരികതയുടെ ശത്രുക്കള്‍!

എന്താണ് ശാസ്ത്രവിരുദ്ധത? ഒരു മതപ്രചാരകനോ കപടചികിത്സകനോ വന്ന് അപഹാസ്യമായ ചില കെട്ടുകഥകളും യാഥാര്‍ത്ഥ്യവിരുദ്ധവുമായ കാര്യങ്ങളും ആകര്‍ഷകമായ ഭാഷയില്‍ സദസ്സിനോട് പറയുന്നു. ഒറ്റനോട്ടത്തില്‍ യുക്തിരഹിതം, പരിഹാസ്യം. പക്ഷെ ആരും മറുത്തൊന്നും പറയുന്നില്ല. പ്രതിഷേധമില്ല, പ്രകോപനമില്ല. എല്ലാവരും വല്ലാതെ മയപെടുന്നു.

ചിലപ്പോള്‍ ശരിയായിരിക്കാം, ഒന്നുമില്ലാതെ പണ്ടത്തെ ആള്‍ക്കാര്‍ സ്വീകരിക്കില്ലല്ലോ, പല വലിയ വ്യക്തികളും ഇതൊക്കെ വിശ്വസിക്കുന്നല്ലോ, ഇന്ന് കണ്ടെത്താനാവാത്തത് ഭാവിയില്‍ തിരിച്ചറിയില്ലെന്ന് എങ്ങനെ ഉറപ്പിക്കാനാവും?, പ്രാണവായു കണ്ടുപിടിക്കുന്നതിന് മുമ്പും നാം ശ്വസിച്ചിരുന്നല്ലോ… സദസ്സ് തരളിതമായി താളംചവിട്ടും. എന്നാല്‍ ശാസ്ത്ര സംബന്ധിയായ, പരിഷ്‌കരണ സംബന്ധിയായ ഒരു കാര്യം അവതരിപ്പിച്ച് നോക്കൂ. കേള്‍ക്കുമ്പോഴേ സംശയം. ഇതെങ്ങനെ ശരിയാകും?, ഇതില്‍ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്ന് എന്താണുറപ്പ്?, പ്രത്യക്ഷത്തില്‍ പ്രശ്നമില്ലെങ്കിലും പാര്‍ശ്വഫലം ഉണ്ടാകില്ലേ?, പലരും പലതും പറയുന്നുണ്ടല്ലോ, ഒരു പ്രശ്നവുമില്ലെങ്കില്‍ ഇത്രയധികം പേര്‍ പ്രതിഷേധമുയര്‍ത്തുമോ?-എന്ന പ്രാരംഭനിലപാട് പെട്ടെന്ന് രൂപപെടുന്നു.

ഗൂഡാലോചനാ സിദ്ധാന്തങ്ങള്‍ ഉരുത്തിരിയുന്നു, അഭ്യൂഹങ്ങളും ഭീതിവ്യാപാരവും കനക്കുന്നു. വസ്തുനിഷ്ഠമായി, ശാസ്ത്രീയമായ തെളിവുകള്‍ ഉന്നയിച്ച് വിശദീകരിക്കാന്‍ ശ്രമിച്ചാല്‍ ഓരോ പോയന്റിലും സംശയവും തടസ്സവാദവും വരുന്നു. എല്ലാറ്റിനെയും സംശയിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതും ആഴത്തില്‍ അന്വേഷിക്കുന്നതും അനിവാര്യമായും ചെയ്യേണ്ട കാര്യങ്ങള്‍ തന്നെ. മൊബൈല്‍ ടവറിന്റെ കാര്യത്തിലും അതുണ്ടാകണം. പക്ഷെ തെളിവുകള്‍ അനുസരിച്ച് നിലപാടില്‍ മാറ്റം വരുത്താന്‍ സന്നദ്ധമായിരിക്കണം. പക്ഷെ പ്രസ്തുത നിലപാട് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സ്ഥലത്ത് പൂര്‍ണ്ണമായും ഉപേക്ഷിക്കുകയും സ്ഥിരീകരിക്കപെട്ട കാര്യങ്ങളില്‍ യുക്തിരഹിതമായി അലമ്പുണ്ടാക്കുകയും ചെയ്യുന്നു എന്നതാണ് പ്രശ്നം. ഇതാണ് സമൂഹത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ശാസ്ത്രവിരുദ്ധതയുടെയും മാനവികവിരുദ്ധതയുടെയും അടിസ്ഥാന സ്വഭാവം. മതവും അന്ധവിശ്വാസങ്ങളും ചൂഷണം ചെയ്യുന്നത് പാല്‍പ്പായസം.

പക്ഷെ അമേരിക്കയും മുതലാളിമാരും രക്ഷപെട്ടുപോകാന്‍ അനുവദിക്കില്ല. ഫോണ്‍ പോക്കറ്റില്‍, ടവര്‍ കാട്ടില്‍- ഇതാണ് എല്ലാ മൊബൈല്‍ ടവര്‍ സമരനേതാക്കളുടെയും പൊതുനിലപാട്. പിന്നീട് വസ്തുതകള്‍ മനസ്സിലാകുന്നതോടെ ടവര്‍സമരങ്ങള്‍ സ്വയം ദുര്‍ബലപെടുന്നതായി കാണാറുണ്ട്. പക്ഷെ ഇത്തരം ആവര്‍ത്തനങ്ങള്‍ പ്രിയങ്കരങ്ങളാണ്. ദുര്‍മന്ത്രവാദം നടത്തി മനുഷ്യരെ കൊന്നാല്‍പോലും ഇതുപോലെ കൊടിപിടിച്ച് പ്രതിഷേധം ആ നാട്ടില്‍ ഉണ്ടാകാനിടയില്ല. മാറ്റത്തെ പ്രതിരോധിക്കുന്നവരുടെ ഇഷ്ട ആയുധമാണ് ശാസ്ത്രവിരുദ്ധത. സയന്‍സിനോടും വസ്തുതകളോടും സദാ കലഹിക്കുകയും ശാസ്ത്രബോധവും പരിഷ്‌കരണത്വരയും ആവശ്യമില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നവരാണ് മനുഷ്യ നാഗരികതയുടെ ശത്രുക്കള്‍. They are the enemies of civilization.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *