സ്വതന്ത്ര ഇന്ത്യാചരിത്രത്തിലെ നിര്‍ണ്ണായക ദിനങ്ങളാണ് കടന്നുവരുന്നത്. യുദ്ധവും ലോക്ക് ഡൗണുമൊക്കെ കേവലം വാര്‍ത്തകളായിരുന്ന നാം അവയുമായി നേരിട്ട് ഹസ്തദാനം നടത്തി തുടങ്ങി. കാശ്മീരില്‍ ഇന്റര്‍നെറ്റ് പോലുമില്ലാതെ ഏഴ് മാസമായി സമാനമായ സാഹചര്യത്തില്‍ കഴിയുന്ന ഒരു ജനതയെ ഓര്‍ക്കുക. 21 ദിവസം ലോക്ക് ഡൗണ്‍ ചെയ്താല്‍ തീരുന്ന പ്രശ്‌നമാണോ ഇപ്പോഴുള്ളത്? കുറച്ച് മുമ്പേ ആകാമായിരുന്നില്ലേ?.. തുടങ്ങിയ ചോദ്യങ്ങള്‍ക്ക് തല്‍ക്കാലം അവധി. ഇന്നുവരെ ഒരു രാജ്യവും കോവിഡ് ബാധയില്‍ നിന്നും പൂര്‍ണ്ണമായും മോചിതരായിട്ടില്ല. ചൈനയിലും ദക്ഷിണകൊറിയയിലും രോഗവ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചു എന്നത് നേരാണ്. അതിനവരെ സഹായിച്ച തന്ത്രങ്ങള്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ പ്രയോഗിക്കുന്നു. സാമൂഹികവ്യാപനം തടയുക-രോഗവ്യാപ്തി കുറയ്ക്കുക-അതാണ് ആ തന്ത്രം. 21 ദിവസം എന്നത് ഈ വൈറസ്ബാധയുടെ സംക്രമണഘട്ടം സംബന്ധിച്ച് നിര്‍ണ്ണായക സമയപരിധിയാണെന്ന് ചില വിദഗ്ധര്‍ അഭിപ്രായപെടുന്നു. അതല്ലാതെ ഇരുപത്തിയൊന്നാം ദിവസം വൈകിട്ട് കൂട്ടംകൂടി ആഹ്ലാദപ്രകടനവും പാട്ടകൊട്ടലും നടത്തണം എന്നല്ല.
4.25 ലക്ഷം പേരെ ബാധിച്ച കോവിഡ് 19 ഇതിനകം പത്തൊമ്പതിനായിരംപേരുടെ മരണത്തിന് കാരണമായി. കോവിഡ് ബാധ മൂലമുണ്ടാകുന്ന മരണങ്ങളെല്ലാം കൊറോണ വൈറസ് ബാധയേറ്റ് മൂലമാകണമെന്നില്ല. ഇറ്റലിയില്‍ മറ്റ് രോഗങ്ങള്‍ കൊണ്ട് കഷ്ടപെടുന്നവരുടെ വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ എടുത്തു മാറ്റിയ സംഭവങ്ങള്‍ വിവരിക്കുന്ന ക്ലിപ്പുകള്‍ കണ്ടുംകേട്ടും ദ്രവീകരിക്കപെട്ട അവസ്ഥയിലാണ് നാം. DOSE MAKES POISON എന്നു പറയുന്നത് പോലെയാണ് കാര്യങ്ങള്‍. കോവിഡ് രോഗികളുടെ എണ്ണം പെരുകിയാല്‍ ആരോഗ്യസംവിധാനങ്ങള്‍ തകര്‍ന്നടിയും. ചികിത്സകര്‍ നിസ്സഹായരായിത്തീരും. കോവിഡ് ബാധിച്ചവര്‍ക്ക് മാത്രമല്ല മറ്റ് രോഗങ്ങള്‍ കൊണ്ട് കഷ്ടപെടുന്ന ആര്‍ക്കും ആശുപത്രിയില്‍ പോകാനോ പോയാല്‍ ചികിത്സ ലഭിക്കാനോ ഉള്ള സാഹചര്യം ഇല്ലാതാകും. അപകടങ്ങള്‍ മൂലമുണ്ടാകുന്ന ഗുരുതരമായ അവസ്ഥകള്‍ നേരിടുന്ന കാഷ്വാലിറ്റികളില്‍പോലും ഈ സമ്മര്‍ദ്ദം പ്രതിഫലിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായാലുള്ള സാഹചര്യം പറയുകയുംവേണ്ട. അത്തരമൊരു സാഹചര്യത്തില്‍ നിസ്സാരമായി ചികിത്സിച്ച് ഭേദമാക്കാവുന്ന നിരവധി രോഗാവസ്ഥകള്‍ മൂര്‍ച്ഛിക്കാനും അപരിഹാര്യമായ നഷ്ടം സംഭവിക്കാനും സാധ്യതയുണ്ട്. സാധാരണഗതിയില്‍ ഇത്തരം രോഗികളെ അതിജീവിക്കാന്‍ സഹായിച്ചികൊണ്ടിരിക്കുന്ന ചികിത്സാ സംവിധാനങ്ങളാണ് കോവിഡ് ബാധയുടെ സമ്മര്‍ദ്ദം കാരണം അവര്‍ക്ക് ലഭിക്കാതെ പോകുന്നത്. സ്വാഭാവികമായും അത്തരം മരണങ്ങളും കോവിഡ് മരണങ്ങള്‍ തന്നെ. കോവിഡ് 19 ന്റെ അഭാവത്തില്‍ അവരൊക്കെ ഈ ലോകത്ത് തുടരുമായിരുന്നു എന്നുവേണം കരുതാന്‍. പ്രത്യക്ഷനാശത്തെക്കാള്‍ പരോക്ഷകെടുതികളുണ്ടാക്കാന്‍ പകര്‍ച്ചവ്യാധികള്‍ കാരണമാകും എന്നര്‍ത്ഥം.
കൊറോണ വൈറസ് വന്നുപോകും, പ്രശ്‌നങ്ങളൊക്കെ തീരും എന്നാണ് നാം ആശ്വസിക്കുന്നത്. എങ്ങനെയാണ് വൈറസ് വന്നുപോകുക? ഒന്നുകില്‍ വാക്‌സിന്‍/ഔഷധം കണ്ടെത്തണം. അല്ലെങ്കില്‍ മനുഷ്യര്‍ക്ക് സ്വാഭാവികമായ പ്രതിരോധശേഷി സിദ്ധിക്കണം. പരിണാമം തുടങ്ങിയത് മുതല്‍ നിരവധി സൂക്ഷ്മാണുക്കളെ നേരിട്ട് അവയ്‌ക്കെതിരെ പ്രതിരോധ ശേഷി ആര്‍ജ്ജിച്ചാണ് മനുഷ്യശരീരം ഇന്നിവിടംവരെ എത്തിയത്. 1918-20 കാലത്ത് സ്പാനിഷ് ഫ്‌ളൂ ലോകമെമ്പാടും 5 കോടി മനുഷ്യരെ കൊന്നൊടുക്കിയപ്പോള്‍ മരിച്ചവരില്‍ ഭൂരിപക്ഷവും 40 വയസ്സിന് താഴെയുള്ളവര്‍ ആയിരുന്നു. മുതിര്‍ന്നവരില്‍ പലര്‍ക്കും മുമ്പു സമാനമായ വൈറസുകളെ നേരിട്ട് പരാജയപ്പെടുത്തിയ ശരീരചരിത്രം ഉണ്ടായിരുന്നു. അവര്‍ സ്പാനിഷ് ഫ്‌ളൂവിനെതിരെയും മെച്ചപെട്ട പ്രകടനം കാഴ്ചവെച്ചു. നേരെ വിപരീതമാണ് കൊറോണ വൈറസിന്റെ കാര്യം. അത് പ്രായമായവരെയാണ് കൂടുതലും മരണത്തിലേക്ക് നയിക്കുന്നത്. കാരണം? പുതിയ കൊറോണ വൈറസിനെതിരെ പയറ്റി വിജയിച്ച ശരീരചരിത്രം പ്രായമായവര്‍ ഉള്‍പ്പടെ ആര്‍ക്കുമില്ല. പ്രായമായവര്‍ സാധാരണഗതിയില്‍ പലതരം അസുഖങ്ങള്‍കൊണ്ട് കഷ്ടപെടുന്നവരായിരിക്കും. അവരുടെ പ്രതിരോധശേഷിയും താരതമ്യേന കുറവായിരിക്കും. ഉല്‍പ്പരിവര്‍ത്തനം സംഭവിച്ച ഒരു പുതിയ വൈറസ് വരുമ്പോള്‍ അതിനെതിരെ പ്രതിരോധം നിര്‍മ്മിക്കുന്നതില്‍ പ്രായംകുറഞ്ഞവരുടെ ശരീരത്തിന് കൂടുതല്‍ സാധ്യതകള്‍ ഉണ്ട് എന്ന് സാരം. പുതിയ കൊറോണ വൈറസ് 21 ദിവസംകഴിഞ്ഞ് കലിയടങ്ങി പോകും എന്നു കരുതാനാവുമോ?! ഇല്ല. ചൈനയുടെ കാര്യംതന്നെ എടുക്കുക. അവര്‍ രോഗവിവരം ഒളിച്ചുവെച്ച് സ്വയം ശിക്ഷിച്ചു, ലോകത്തെ ശിക്ഷിച്ചു. ലോകമെമ്പാടും കോവിഡ് കയറ്റുമതി ചെയ്തു. ഇന്ന് വുഹാനിലടക്കം രോഗം നിയന്ത്രണവിധേയമാണ്. ചൈന ഇപ്പോള്‍ ഭയക്കുന്നത് ലോകം അങ്ങോട്ട് കയറ്റുമതി ചെയ്യുന്ന കോവിഡ് രോഗത്തെയാണ്. വിദേശികളുടെ വരവ് തങ്ങളുടെ രാജ്യത്ത് രോഗംപടര്‍ത്താന്‍ കാരണമാകുന്നു എന്നതാണ് ഇപ്പോള്‍ ചൈനയുടെ ആശങ്ക.
സാമൂഹികവ്യാപനത്തിന് തടയിട്ട് ആവശ്യത്തിന് ഒറ്റപെടുത്തല്‍ കേന്ദ്രങ്ങളുമായി സുവ്യക്തമായ ഒരു വ്യവസ്ഥയുണ്ടാക്കിയാല്‍ കേരളത്തിന് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനാവും. വ്യക്തിശുചിത്വവും സുരക്ഷയും സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. അപ്പോഴേക്ക് പുതിയ മരുന്നോ വാക്‌സിനോ എത്തിയേക്കും. പുതിയ കൊറോണ വൈറസ് മ്യൂട്ടേറ്റ് ചെയ്തു രൂപം മാറും എന്ന് പ്രതീക്ഷിക്കാമോ? മാറാം മാറാതിരിക്കാം-അതാണ് പരിണാമസമവാക്യം. അതുകൊണ്ടുമാത്രം കോവിഡ് 19 ന്റെ കാര്യത്തില്‍ തീര്‍പ്പുണ്ടാകില്ല. ഒരു ജീവിയുടെ പോപ്പുലേഷനും ഒറ്റയടിക്ക് അടപടലം മ്യൂട്ടേറ്റ് ചെയ്യില്ല. ഒരു വിഭാഗം മാത്രമായിരിക്കും സ്വാഭാവികമായ നിര്‍ധാരണം അടിസ്ഥാനമാക്കി ഉല്‍പരിവര്‍ത്തനത്തിന് വിധേയമാകുന്നത്. ഇപ്പോള്‍ കൂടുതല്‍ സക്രിയമായി വിലയിരുത്തപെടുന്നത് കൊറോണ വൈറസിന്റെ ‘L’ രൂപമാണ്. അതൊരു മ്യൂട്ടേറ്റഡ് പതിപ്പാണ്. കുറേക്കൂടി പുരാതനമായ ‘S’ രൂപം ഇപ്പോഴും രോഗംപരത്തുന്നുണ്ട്. ഭാവിയില്‍ പുതിയ രൂപങ്ങള്‍ ഉണ്ടായാലും പഴയവ നിലനില്‍ക്കും എന്നു സാരം. അങ്ങനെയാണ് നാം ബാക്ടീരിയയില്‍ നിന്നും ഇന്നത്തെ സങ്കീര്‍ണ്ണമായ ജീവിലോകത്ത് എത്തിച്ചേര്‍ന്നത്. കോവിഡ് 19 ന്റെ കാര്യത്തില്‍ സ്വിച്ചിട്ടതുപോലെ ഒരു അവസാനം പ്രതീക്ഷിക്കാനാവില്ല. ഇപ്പോഴും വ്യാപനത്തിന്റെ ഉന്നതിയില്‍(peak) നാം എത്തിയിട്ടില്ല. വരുംദിവസങ്ങളില്‍ രോഗബാധ വര്‍ദ്ധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കണം. രോഗബാധ ഉന്നതിയില്‍ എത്തി മന്ദീഭവിച്ച് (stagnate) താഴേക്ക് പോകണം. അതാണ് ചൈനയിലും ദക്ഷിണകൊറിയയിലും കണ്ടത്. അവിടേക്ക് എത്താനുള്ള ദൗത്യത്തിനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നേതൃത്വം നല്‍കുന്നത്. നാമിത് ചെയ്യുന്നത് നമുക്ക് വേണ്ടിയാണ് എന്നതിനാല്‍ വിശേഷിച്ച് ആരെങ്കിലും ആഹ്വാനംചെയ്യണം, ഉപദേശിക്കണം എന്ന ശാഠ്യം തന്നെ ആവശ്യമില്ല.
ലോക്ക് ഡൗണ്‍ രാജ്യത്തിന്റെ സമസ്ത സാധ്യതകളെയും ബാധിക്കും. വീട്ടിലിരുന്ന് അതിജീവിക്കുന്നവര്‍ക്ക് പോലും പിന്നീടങ്ങോട്ട് സുഖകരമായിരിക്കില്ല. ഒരു സാമ്പത്തിക അടിയന്തരാവസ്ഥയുടെ (ആര്‍ട്ടിക്കിള്‍ 360) മണം അടിക്കുന്നതായി ചില സാമ്പത്തികവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്തായാലും നിലവിലുള്ള സാമ്പത്തികബന്ധങ്ങളും കരാറുകളും കോവിഡ് സമവാക്യങ്ങള്‍ ഉള്‍പെടുത്തി പുനര്‍നിര്‍ണ്ണയം ചെയ്യേണ്ടതുണ്ട്. സര്‍ക്കാരുകളും വ്യക്തികളും സംഘടനകളും ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയണം. എറണാകുളത്ത് ലുലു മാളില്‍ മുറികള്‍ വാടകയ്‌ക്കെടുത്തവര്‍ക്ക് ഒരു മാസത്തെ വാടക ഇളവ് ചെയ്തുകൊടുത്തതായി വായിച്ചു. അനുകരണീയമായ കാര്യമാണിത്. എത്രനാള്‍ ഇങ്ങനെ ചെയ്യാനാവും എന്നത് തല്‍ക്കാലം വിട്ടേക്കൂ. ബാങ്കുകള്‍ ലോണ്‍ തിരിച്ചടവിന്റെ കാര്യത്തിലും ധനകാര്യസ്ഥാപനങ്ങള്‍ പലിശ വാങ്ങുന്നതിലും ഇളവുകള്‍ പ്രഖ്യാപിക്കണം. ബസ്സുകള്‍ നിരത്തിലിറങ്ങാത്ത, ടാക്‌സികള്‍ ചലിക്കാത്ത, നിര്‍മ്മാണവും കച്ചവടവും നടക്കാത്ത കാലമാണ്. മധ്യവര്‍ഗ്ഗത്തിന് പോലും പിടിച്ചു നില്‍ക്കാനാവാത്ത അവസ്ഥ. ഒന്നിച്ചുനിന്ന് പരസ്പരം സഹായിക്കുകയേ മാര്‍ഗ്ഗമുള്ളൂ.
21 ദിവസം കഴിഞ്ഞും രോഗശമനം ഉണ്ടായില്ലെങ്കില്‍ ലോക്ക് ഡൗണ്‍ തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി സൂചിപ്പിക്കുന്നുണ്ട്. 137 കോടി ജനങ്ങളെ 21 ദിവസം വീട്ടിനുള്ളില്‍ തളയ്ക്കുക സാധ്യമാണോ? പ്രത്യക്ഷത്തില്‍ അസാധ്യമെന്ന് തോന്നുന്ന ഈ ദൗത്യം വിജയിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ കഴിവിന് അപ്പുറമുള്ള പ്രകടനം തന്നെ കാഴ്ചവെക്കേണ്ടി വരും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു സര്‍ക്കാരുകളും ഇങ്ങനെയൊരു സ്ഥിതിവിശേഷം നേരിട്ടിട്ടില്ല. തുടര്‍ച്ചയായി 21 ദിവസം വീട്ടിലടച്ചിരിക്കാന്‍ വേണ്ട തയ്യാറെടുപ്പുമായല്ല ഭൂരിപക്ഷവും ലോക്ക് ഡൗണിലേക്ക് പോകുന്നത്. തയ്യാറെടുപ്പ് നടത്തിയവരില്‍പോലും നല്ലൊരു ശതമാനത്തിന് 21 ദിവസം അവരുടെ ഭക്ഷണ-ദൗനംദിന ആവശ്യങ്ങള്‍ വീട്ടിലിരുന്ന് നിറവേറ്റാനാവില്ല. കേരളസര്‍ക്കാര്‍ മാര്‍ച്ച് 31 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ അതനുസരിച്ച് സാധന-സാമഗ്രികള്‍ ശേഖരിച്ചവരാണ് ബഹുഭൂരിപക്ഷവും. ആവശ്യങ്ങള്‍ പുറത്തുനിന്നും നിറവേറ്റപെട്ടില്ലെങ്കില്‍ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. ഉത്തരേന്ത്യയില്‍ പലയിടത്തും അവശ്യ വസ്തുക്കള്‍ക്കുംവേണ്ടി കൊള്ളയുംഅക്രമങ്ങളും അരങ്ങേറാനുളള സാധ്യത തള്ളിക്കളയാനാവില്ല.. ലോക്ക്ഡൗണ്‍ കാലം മോഷണങ്ങള്‍ക്ക് പറ്റിയ കാലമായി കാണുന്നവര്‍ക്കെതിരെയും സവിശേഷ ജാഗ്രത ആവശ്യമുണ്ട്.
വൈറസ് പോലുള്ള മൈക്രോ-ഓര്‍ഗനിസങ്ങള്‍ പൊതുവെ ചൂടിനോട് പ്രതികരിക്കുന്നവയാണ്. കൊറോണ വൈറസിന്റെ കാര്യത്തില്‍ അത് എത്രയാണ് എന്ന കാര്യത്തില്‍ ഇനിയും ശാസ്ത്രീയമായ സ്ഥിരീകരണം ആയിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് പ്രഖ്യാപിച്ചത് വേനല്‍ക്കാലമാകുന്നതോടെ കൊറോണ കെട്ടടങ്ങുമെന്ന് തന്നോട് ചൈനീസ് പ്രസിഡന്റ് പറഞ്ഞു എന്നായിരുന്നു. പഴയ ഫ്‌ളൂ ആക്രമണത്തിന്റെ ഓര്‍മ്മയിലാവും അദ്ദഹേം അത് പറഞ്ഞത്. പക്ഷെ അന്ന് ഏപ്രില്‍-മേയില്‍ കെട്ടടങ്ങിയ പകര്‍ച്ചവ്യാധി സെപ്തംബര്‍-ഒക്‌ടോബറില്‍ അമേരിക്കയില്‍ തിരിച്ചുവരികയുണ്ടായി. ക്ഷണിക്കപെടാത്ത അതിഥിയെപ്പോലെ വൈറസ് വന്നു-നിന്നു-പോകും എന്ന ധാരണ ആപത്താണ്. അങ്ങനെയൊരു ദൗത്യമോ ഉദ്ദേശലക്ഷ്യമോ വൈറസിന് ഉള്ളതായി ഭാവനയില്‍ കാണരുത്. വന്ന വൈറസ് എന്തിന് പോകണം? ഇടയ്ക്കിടെ വരുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്‌നം? 21 ദിവസത്തെ വീട്ടിലിരിപ്പ് സുദീര്‍ഘമായ ഒരു പോരാട്ടത്തിന്റെ തുടക്കം മാത്രമാണെന്ന് തിരിച്ചറിയണം.
21 ദിവസം അടച്ചിരിപ്പ് ആധുനിക മലയാളിക്ക് അപരിചിതമായ ഒരു യാത്രയായിരിക്കും. പതിവുപോലെ ബേബി ബ്ലൂം, വിവാഹമോചന നിരക്കിലെ വര്‍ദ്ധനവ്, തടിവെക്കല്‍, വ്യക്തിശുചിത്വവും വായനയും വര്‍ദ്ധിക്കല്‍.. തുടങ്ങി നിരവധി സാമൂഹിക-ശാരീരിക മാറ്റങ്ങളെ കുറിച്ചുള്ള പ്രബന്ധങ്ങളും വാര്‍ത്തകളും കടന്നുവരും. പലരും കുടുംബ ബന്ധങ്ങള്‍ നിലനിറുത്തിയിരുന്നതുപോലും പങ്കാളിയില്‍ നിന്ന് ഒളിച്ചോടിയും അകലംപാലിച്ചും ആയിരിക്കും. ചിലരുടെ കാര്യത്തില്‍ വേണ്ടത്ര ഒരുമിച്ച് ജീവിക്കാനാവുന്നില്ല എന്നതായിരിക്കും പ്രശ്‌നഹേതു. ഇരുകൂട്ടര്‍ക്കും പരീക്ഷണ കാലഘട്ടമാണ് വരുന്നത്. സന്തോഷം അകലെ ഉണ്ടാക്കേണ്ട ഒന്നല്ല. നിങ്ങള്‍ എവിടെയാണോ അവിടെയത് നിര്‍മ്മിക്കപ്പെടണം. ഒരു കെട്ടുവള്ളത്തില്‍ യാത്ര ചെയ്യുന്നതായി സങ്കല്‍പ്പിക്കുക. യാത്ര ലേശം നീണ്ടതാണ്. തീരത്തണയുന്നതുവരെ ചുറ്റുമുള്ള കാഴ്ചകള്‍ കാണുക. പരസ്പരം സംവദിക്കുക, സഹിക്കുക, സഹായിക്കുക, സ്‌നേഹിക്കുക. പറയാന്‍ എളുപ്പമാണ് എന്നാണോ?. ചെയ്തു നോക്കൂ, അതിലും എളുപ്പമാണ്. കുടുംബത്തില്‍ നിന്നും സമൂഹത്തിലേക്ക്, രാജ്യത്തേക്ക്, ലോകത്തേക്ക്…