ലോക്ക്ഡൗണ്‍ ഇല്ലാതെ തന്നെ പൊതുശുചിത്വവും നല്ല ശീലങ്ങളും വഴി ജപ്പാന്‍ കോവിഡിനെ നിയന്ത്രിച്ചു എന്നവകാശപ്പെടുന്ന കുറെ വാട്‌സ് ആപ്പ് ഫോര്‍വാര്‍ഡുകള്‍ രാവിലെ കിട്ടുകയുണ്ടായി. എന്റെ ഫേസ് ബുക്ക് പോസ്റ്റിന് കീഴിലും കുറെ കമന്റുകള്‍ കണ്ടു. മാസ്‌ക് ധരിക്കുന്നതും ഹസ്തദാനംചെയ്യാത്തതുമൊക്കെ രോഗപ്രതിരോധത്തെ സഹായിക്കുന്നുണ്ട്. എന്നുകരുതി ജപ്പാന്റെ സാംസ്‌കാരിക പാരമ്പര്യം ഏറ്റവും മികച്ചത് മറ്റുള്ളതെല്ലാം മോശം എന്നു നമുക്ക് പറയാനാവില്ലല്ലോ. ഓരോരോ സാഹചര്യങ്ങളില്‍ ഓരോരോ കള്‍ച്ചറല്‍ പാറ്റേണുകള്‍ക്ക് മുന്‍തൂക്കം ലഭിക്കാം. കേരളത്തില്‍ പണ്ട് നിലവിലിരുന്ന അയിത്തം എന്ന സാമൂഹ്യമാലിന്യത്തിന് കൊറോണബാധയെ ചെറുക്കാനുള്ള കഴിവുണ്ടെന്ന് വാദിച്ചാല്‍ എങ്ങനെയുണ്ടാവും?! അമേരിക്കയിലെ അമീഷ് ജനതയുടെ ഒറ്റപ്പെട്ട തീവ്രമതാത്മക ജീവിത ശൈലിയും പകര്‍ച്ചവ്യാധിവിരുദ്ധ സമീപനമായി വേണമെങ്കില്‍ വിലയിരുത്താം.
അതുകൊണ്ടുമാത്രം അത്തരം സാംസ്‌കാരിക മാതൃകകള്‍ മികച്ചതാണ് എന്നാരെങ്കിലും പറയുമെന്ന് തോന്നുന്നില്ല. ഏറ്റവും മികച്ച പൊതുശുചിത്വമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യത്തെ 15 ല്‍ വരാത്ത രാജ്യമാണ് ജപ്പാന്‍ എന്നുകൂടി മനസ്സിലാക്കണം(https://www.countriestoday.com/clean-hygienic-countries/). അവരെക്കാള്‍ മികച്ച ശുചിത്വനിലവാരമുള്ള പല ജനതകളും കൊറോണമൂലം നന്നായി കഷ്ടപെടുന്നുണ്ട്. ജപ്പാന്റെ പല ശീലങ്ങളും ലോക്ക്ഡൗണിന്റെ ഗുണം ചെയ്യുന്നുണ്ടാവാം. അപ്പോഴും ലോക്ക് ഡൗണിന്റെ പ്രസക്തി വര്‍ദ്ധിക്കുകയാണ്, വിശേഷിച്ചും ഇന്ത്യയില്‍. ജപ്പാനീസ് ജനത സ്വാഭാവികമായി ചെയ്യുന്ന കാര്യങ്ങളില്‍ചിലവ നാം ലോക്ക്ഡൗണിലൂടെ ചെയ്യുന്നു, അത്രമാത്രം. എല്ലാക്കാലവും ലോക്ക്ഡൗണില്‍ ജീവിക്കാന്‍ ലക്ഷ്യമിടാത്തതുകൊണ്ട് ജപ്പാനീസ് സംസ്‌കാരരീതികളെ അപ്പടി അനുകരിക്കേണ്ട കാര്യമില്ല. വേണ്ടതെടുക്കുക, അല്ലാത്തവ നിലനിര്‍ത്തുക, സദാ പരിഷ്‌കരിക്കുക.
ലോകാരോഗ്യ സംഘടനയും ലോകമെമ്പാടും ലോക്ക്ഡൗണിന്റെ പ്രാധാന്യം എടുത്തുപറയുമ്പോഴും വിരുദ്ധ അഭിപ്രായങ്ങള്‍ ഇല്ലെന്നില്ല. അതിലൊരാളാണ് ഇസ്രായേലിലെ ടെല്‍ അവീവ് യൂണിവേഴ്‌സിറ്റിയിലെ ഇന്‍ഡസട്രിയല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട് മെന്റില്‍ ജോലി ചെയ്യുന്ന ഡോ ഡാന്‍ യാമിന്‍*. ഇസ്രയേലി ഇംഗ്ലിഷ് ദിനപത്രമായ ഹാരറ്റ്‌സിന് യാമിന്‍ നല്‍കിയ അഭിമുഖം സംബന്ധിച്ച ഒരു ലേഖനം കഴിഞ്ഞയാഴ്ച വായിച്ചത് ഓര്‍ക്കുന്നു(v(https://www.haaretz.com/…/.premium.MAGAZINE-israeli-expert-…) എബോള വൈറസിന്റെ ആക്രമണം(2014-16) ഉണ്ടായപ്പോള്‍ അതിന്റെ വ്യാപനം നിയന്ത്രിക്കാന്‍ സഹായകരമായ മോഡല്‍ മുന്നോട്ടുവെച്ചതിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഇദ്ദേഹം. പകര്‍ച്ചവ്യാധിയുടെ സാമൂഹികവ്യാപനം പല വിഷയങ്ങളിലുള്ള പ്രാഗത്ഭ്യം ആവശ്യപെടുന്ന ബഹുവിഷയസംബന്ധിയായ മേഖലയാണ്. ഭിഷഗ്വരന്‍മാര്‍ക്കോ ബ്യൂറോക്രസിക്കോ മാത്രമായി അവിടെ തീരുമാനമെടുക്കാന്‍ സാധിക്കില്ല.
അഭിമുഖത്തില്‍ ഡോ യാമിന്‍ പറയുന്ന ചില കാര്യങ്ങള്‍ പകര്‍ച്ചവ്യാധികളുടെ സാമൂഹികവ്യാപനം സംബന്ധിച്ച പരമ്പരഗത ധാരണകള്‍ക്ക് വിരുദ്ധമാണ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമന്‍ നെതന്യാഹു കോറോണ വൈറസ് ജാമ്യതീയ പ്രോഗ്രഷനിലാണ് പകരുന്ന കാര്യം ഒരു പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒരാള്‍ രണ്ട് പേര്‍ക്ക്, രണ്ടുപേരില്‍ നിന്നും നാല് പേര്‍ക്ക്, നാലില്‍ നിന്നും 8 പേര്‍ക്ക്… അങ്ങനെ വരുമ്പോള്‍ ഇസ്രായേല്‍പോലൊരു രാജ്യത്തെ 90 ലക്ഷം ജനങ്ങള്‍ക്കും രോഗംപകരാന്‍ അധികസമയം വേണ്ടവരില്ല. എന്നാല്‍ ഒരു സമൂഹത്തില്‍ പരമാവധി 50 ശതമാനംപേര്‍ക്ക് മാത്രമേ കൊറോണബാധയുണ്ടാകൂ എന്നാണ് യാമിന്റെ അഭിപ്രായം. എഴുപത് ശതമാനംപേര്‍ക്ക് വരെ ജര്‍മ്മനിയില്‍ കോവിഡ് പകര്‍ന്നേക്കാം
എന്ന ജര്‍മ്മന്‍ ചാന്‍സ്‌ലര്‍ ആംഗല മെര്‍ക്കലിന്റെ പ്രസ്താവനയും ഇതിനോടൊപ്പം കൂട്ടിവായിക്കാം.
കൊറോണബാധ സംബന്ധിച്ച മിക്ക മോഡലുകളും ഏറ്റവും മോശം സാധ്യതയെന്ന നിലയില്‍ അവതരിപ്പിക്കുന്നത് 50-70 ശതമാനം വ്യാപനമാണ്. ഇസ്രായേലില്‍ എന്നല്ല ലോകത്ത് ഒരു രാജ്യത്തും മുഴുവന്‍ ജനതയ്ക്കും വൈറസ് ബാധിക്കില്ലെന്നുറപ്പാണ്. എന്തുകൊണ്ട്? ഒന്നാമതായി, നാം കണങ്ങള്‍പോലെ എല്ലായിടത്തും ഒഴുകി നടക്കുന്നവരല്ല. മിക്കവരുടെയും കാര്യത്തില്‍ ഇന്നലെ സമ്പര്‍ക്കത്തിലുണ്ടായിരുന്നവരുമായ ആള്‍ക്കാരുമായി തന്നെയാണ് ഏറെക്കുറെ ഇന്നും നേരിട്ട് ബന്ധപെടുന്നത്. നാം അങ്ങനെ ഓടി നടന്ന് പുതിയ സമ്പര്‍ക്കങ്ങള്‍ ഉണ്ടാക്കുകയോ രോഗംപരത്തുകയോ ചെയ്യുന്നില്ല. സമ്പര്‍ക്കവൃത്തത്തില്‍ പുതിയ ആള്‍ക്കാര്‍ വരുന്നത് താരതമ്യേന കുറവായിരിക്കും. അതുകൊണ്ട് തന്നെ ജാമ്യതീയ പ്രോഗ്രഷനിലുള്ള ഇരട്ടിക്കല്‍ അസംഭവ്യമാണ്. 50 ശതമാനം രോഗബാധയുണ്ടായി കഴിഞ്ഞാല്‍ സമൂഹത്തിലെ രോഗവ്യാപനം ക്രമേണ കുറയുകയും കൂടുതല്‍പേര്‍ പ്രതിരോധം നേടുകയും വൈറസ് വന്ന അതേ വേഗതിയില്‍ അരങ്ങൊഴിയുകയും ചെയ്യുമെന്നാണ് യാമിന്റെ അഭിപ്രായം.
WHO യുടെ കണക്കനുസരിച്ച് ഇന്ന് ലോകത്ത് കോവിഡ് രോഗബാധിതരില്‍ 3.4% പേരാണ് മരിക്കുന്നത്. ഇറ്റലിയിലും സ്‌പെയിനിലുമൊക്കെ ഇത് ഏഴും എട്ടും ശതമാനമാണ്. അതേസമയം ദക്ഷിണകൊറിയ പോലുള്ള രാജ്യങ്ങളില്‍ 0.9% മാത്രമാണ്. അമേരിക്കയില്‍ 1% ല്‍ കൂടാനിടയില്ല എന്ന് ട്രമ്പ് പറയുന്നത് ശരിയാകാനാണ് സാധ്യത എന്ന് യാമിന്‍ പറയുന്നുണ്ട്. അമേരിക്കയില്‍ 1.65 ലക്ഷം രോഗബാധിതരായപ്പോള്‍ 3173 പേരാണ് ഇതിനകം മരിച്ചത്. അതായത് 1.93%. യാമിന്റെ കണക്ക് തെറ്റാണോ? അദ്ദേഹം പറയുന്ന ന്യായം വേറെയാണ്. രോഗബാധിതര്‍ എത്രയുണ്ടെന്നത് സംബന്ധിച്ച കണക്ക് എപ്പോഴും കുറച്ച് മാത്രമേ(under reporting) നമുക്ക് ലഭ്യമാകൂ. രോഗവാഹകരായ നല്ലൊരു പങ്കും അതില്‍ ഉള്‍പ്പെടില്ല. കാരണം എല്ലാവരെയും ടെസ്റ്റ് ചെയ്യാനുള്ള ശേഷി ഒരു രാജ്യത്തിനുമില്ല. ടെസ്റ്റ് ചെയ്തു സ്ഥിരീകരിച്ചാലേ രോഗബാധിതരാണോ അല്ലയോ എന്നറിയാനാവൂ. അതായത് രോഗബാധിതരുടെ എണ്ണം ഉള്ളതിലും കുറവായി കിട്ടുമ്പോള്‍ മരണസംഖ്യ അങ്ങനെ ഒളിച്ചുവെക്കാനാവില്ല. മാത്രമല്ല, കോവിഡ് കാലത്തെ കൊറോണമൂലം അല്ലാത്ത മരണങ്ങളും കോവിഡ് മരണപട്ടികയില്‍ കയറിവരും.
രോഗബാധിതരുടെ എണ്ണംകുറച്ചും മരിച്ചവരുടെ എണ്ണംകൂടിയുമാണ് (over reporting) പുറത്തുവരിക എന്ന് സാരം. ടെസ്റ്റിംഗിന്റെ കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ദക്ഷിണകൊറിയയില്‍പോലും എല്ലാവരെയും പരിശോധിക്കുന്നില്ല. അതുകൊണ്ടുതന്നെ അവരുടെ മരണനിരക്ക് 0.9% ലും കുറവായിരിക്കുമെന്ന് ഡോ യാമിന്‍ അനുമാനിക്കുന്നു. ദക്ഷണികൊറിയയിലെ രോഗബാധിതരുടെ എണ്ണം നാമറിയുന്നതിന്റെ ഇരട്ടിയെങ്കിലും ഉണ്ടാവും. അങ്ങനെയെങ്കില്‍ മരണനിരക്ക് 0.45% മാത്രം. മിക്ക രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണം ഇപ്പോഴുള്ളതിന്റെ പല മടങ്ങുകള്‍ ഉണ്ടാവും എന്നു സാരം. മരണനിരക്കും അതനുസരിച്ച് കുറയും. അദ്ദേഹത്തിന്റെ കണക്കനുസരിച്ച് ഇസ്രയേലില്‍ കൊറോണമൂലം പരമാവധി 13000 പേര്‍ മരിക്കാം. പേടിക്കേണ്ടതില്ല, അതിലും കുറയാനാണ് എല്ലാ സാധ്യതയും. ദക്ഷിണകൊറിയക്ക് 0.45 % മരണനിരക്ക് കല്‍പ്പിക്കുമ്പോഴും 0.3% നിരക്കാണ് അദ്ദേഹം ഇസ്രേയേലിന് നല്‍കുന്നത്. ദക്ഷിണകൊറിയയില്‍ മുതിര്‍ന്നപൗരന്‍മാരുടെ എണ്ണം ഇസ്രായേലിനെ അപേക്ഷിച്ച് വളരെ കൂടുതലാണ് എന്നതാണ് കാരണം. 65 വയസ്സിന് മുകളില്‍ 8 ദശലക്ഷം (15.5%) പേരാണ് ദ.കൊറിയയില്‍ ഉള്ളത്. ഇസ്രായേലിലാകട്ടെ അഞ്ചര ലക്ഷംപേരും(11.3%).
പകര്‍ച്ചവ്യാധി വിദഗ്ധര്‍ പ്രാധാന്യം നല്‍കുന്ന ഒരു കാര്യമാണ് ഒരു രോഗബാധിതന്‍ ശരാശരി എത്രപേരിലേക്ക് രോഗംപരത്തുന്നു എന്നത് സംബന്ധിച്ച കണക്ക്. Basic reproductive ratio (or R0 or “R nought”) എന്നാണ് ഇതറിയപ്പെടുന്നത്. മീസില്‍സിന്റെ R0 പന്ത്രണ്ടു പേരാണ്. അതായത് മീസില്‍സ് ബാധിച്ച ഒരാള്‍ ശരാശരി 12 പേരിലേക്ക് അത് പടര്‍ത്തും. ഈ കണക്ക് അനുസരിച്ച് ഒരു രാജ്യം മുഴുവന്‍ മീസില്‍സിന് അടിപ്പെടാന്‍ അധികം സമയംവേണ്ട. എന്നാല്‍ അങ്ങനെ ഒരിക്കലും സംഭവിക്കാറില്ല. മൊത്തം ജനസംഖ്യയുടെ ശരാശരി 5% (or less) പേര്‍ക്ക് മാത്രമേ സാധാരണ മീസില്‍സ് പിടിപെടാറുള്ളൂ. മിക്കവര്‍ക്കും മീസില്‍സിനെതിരെ സ്വാഭാവികമായ പ്രതിരോധശേഷിയുണ്ട് എന്നതാണ് പ്രധാന കാരണം. പുതിയ കൊറോണവൈറസിനെ സംബന്ധിച്ചിടത്തോളം അത്തരമൊരു പ്രതിരോധം ഏതെങ്കിലും ജനതയ്ക്ക് ഉള്ളതായി റിപ്പോര്‍ട്ടുകളില്ല. പുതിയ കൊറോണവൈറസിന്റെ R0 രണ്ടാണെങ്കില്‍ ഒരു രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 50% വരെ രോഗബാധിതരാകാം. തുടര്‍ന്ന് R0 യുടെ മൂല്യം കുറഞ്ഞ് ഒന്നോ അതില്‍കുറവോ ആകുന്നതോടെ രോഗംപിന്‍മാറാന്‍ തുടങ്ങും. പിന്‍മാറ്റം വരവ് പോലെ വളരെ വേഗത്തിലായിരിക്കും എന്നാണ് യാമിന്റെ നിഗമനം.
രോഗവിമുക്തിനേടിയ കോവിഡ് 19 രോഗികള്‍ക്ക് വീണ്ടും രോഗംവരുമോ? പൊതുവില്‍ വൈറസ് ബാധയെ അതിജീവിച്ചവര്‍ക്ക് അതേ വൈറസിനെതിരെ സ്വാഭാവികമായ പ്രതിരോധം ഉണ്ടാവും. വൈറസ് വീണ്ടുംവന്നാല്‍ ശരീരം പഴയ ആക്രമണം ഓര്‍ത്ത് വെച്ച് പ്രതികരിച്ചുകൊള്ളും. That is a molecular memory. പക്ഷെ സാധാരണ ഇന്‍ഫ്‌ളുന്‍സ വൈറസിന്റെ കാര്യത്തില്‍ ഇങ്ങനെ സംഭവിക്കാറില്ല. എല്ലാവര്‍ഷവും നമുക്ക് ഇന്‍ഫ്‌ളുന്‍സ(വൈറല്‍ പനി, ജലദോഷം) പിടിപെടാറുണ്ട്. ഇന്‍ഫ്‌ളുന്‍സ ഉണ്ടാക്കുന്ന വൈറസില്‍ നടക്കുന്ന ദ്രുതഗതിയിലുള്ള മ്യൂട്ടേഷന്‍ കാരണം ഈ വര്‍ഷത്തെ വൈറസാവില്ല അടുത്തവര്‍ഷം വരിക. കഴിഞ്ഞവര്‍ഷം മാത്രമായി 17 മ്യൂട്ടേഷനുകളാണ് ഇന്‍ഫ്‌ളുന്‍സ വൈറസിന് ഉണ്ടായിട്ടുള്ളത്.
കോറോണയുടെ കാര്യത്തില്‍ അങ്ങനെ പെട്ടെന്ന് മ്യൂട്ടേഷനുകള്‍ ഉണ്ടാകുന്നില്ല. അവസാനമായി നാമതിനെ കുറിച്ച് കേള്‍ക്കുന്നത് 2002 ല്‍ സാര്‍സ് രോഗവുമായി ബന്ധപെടുത്തിയാണ്. സാര്‍സ് ബാധിച്ച പലരെയും ഇപ്പോള്‍ പുതിയ കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്. കാരണം പുതിയ വൈറസ് പഴയ സാര്‍സ് കൊറോണ വൈറസ് അല്ല. കൊറോണവൈറസിന്റെയും ഫ്‌ളുവൈറസിന്റെയും ഉല്‍പ്പരിവര്‍ത്തന ആവൃത്തി(mutation frequency) വ്യത്യസ്തമാണ്. നാമറിയുന്നതനുസരിച്ച് കൊറോണ വൈറസിന്റെ മ്യൂട്ടേഷന്‍ കൂടുതലും നടക്കുന്നത് പക്ഷി-മൃഗശരീരങ്ങളിലാണ്, വിശേഷിച്ചും വവ്വാലുകളില്‍. വവ്വാലുകളുടെ സാമൂഹിക സമ്പര്‍ക്ക നിരക്ക് കൂടുതലാണെങ്കിലും അവയുടെ പ്രതിരോധശേഷി അമ്പരപ്പിക്കുന്ന തോതില്‍ ദുര്‍ബലമാണ്. ചുരുക്കത്തില്‍ പുതിയ കൊറോണ വൈറസ് ബാധിച്ചവര്‍ക്കാര്‍ക്കും അതേ വൈറസ് വീണ്ടും രോഗം ഉണ്ടാക്കില്ല. വീണ്ടും വവ്വാലുകളുമായി ബന്ധപെട്ട് കൊറോണ വൈറസിന്റെ പുതിയ രൂപം മനുഷ്യര്‍ സ്വന്തമാക്കാനുള്ള സാധ്യതയും കുറവാണ്.
ലോക്ക്ഡൗണുകള്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കാനിടയുള്ള മരണനിരക്ക് കുറയ്ക്കും എന്ന അഭിപ്രായം ഡോ യാമിന്‍ പങ്കുവെക്കുന്നില്ല. അനിവാര്യമായ മരണങ്ങള്‍ നീട്ടിവെക്കും (delaying the inevitable)-അത്രമാത്രം. ലോക്ക്ഡൗണ്‍ മൂലം കുറെക്കാലം R0 ഒന്നോ അതില്‍ താഴെയോ ആയി നിലകൊള്ളാം. പക്ഷെ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ R0 ക്രമേണ രണ്ടിലേക്ക് തിരിച്ചുവരും. അല്ലെങ്കില്‍ ആ കാലഘട്ടത്തിനിടയ്ക്ക് വൈറസ് ആ രാജ്യത്ത് നിന്ന് പൂര്‍ണ്ണമായും അപ്രത്യക്ഷമായിട്ടുണ്ടാവണം. 2009 ലെ മെക്‌സിക്കന്‍ ഫ്‌ളൂ ആണ് യാമിന്‍ തന്റെ വാദത്തിന്റെ സാധൂകരണമായി ചൂണ്ടിക്കാട്ടുന്നത്. അന്ന് ഫ്‌ളൂ ഇസ്രായേലില്‍ എത്തുമ്പോള്‍ ജൂതമതാഘോഷങ്ങള്‍ നടക്കുന്ന കാലമാണ്. സ്വാഭാവികമായും ആളുകള്‍ പുറത്തിറങ്ങാതെ മുറിയടച്ചിരുന്നു. ആ ഘട്ടത്തില്‍ വൈറസിന് ഇസ്രായേലില്‍ അധികമൊന്നും ചെയ്യാനായില്ല. അതേസമയം ആ സമയത്ത്(2009-10) അമേരിക്കയില്‍ കനത്തതോതില്‍ രോഗബാധയുണ്ടായി. എന്നാല്‍ അമേരിക്കയില്‍ ഫ്‌ളൂവന്നുപോയതിന് ശേഷമാണ് ഇസ്രയേലില്‍ ആക്രണം കനത്തത്(2009-10, 2010-11). അവസാനം രോഗവ്യാപനവും മരണനിരക്കുമൊക്കെ നോക്കുമ്പോള്‍ രണ്ടു രാജ്യങ്ങള്‍ക്കും നഷ്ടം ഏറെക്കുറെ സമാനമായിരുന്നു. കനത്ത തോതില്‍ വൈറസ് ആക്രമണം ഉണ്ടാകുന്ന സമൂഹങ്ങള്‍ക്ക് മെച്ചപെട്ട പ്രതിരോധം ഉണ്ടാകും എന്നു സാരം.
5-19 വയസ്സുകാര്‍ക്ക് വൈറസ് ബാധ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെങ്കിലും അത്തരക്കാര്‍ക്ക് രോഗംവരുന്നത് രോഗവ്യാപനം വര്‍ദ്ധിപ്പിക്കും. കാരണം വൃദ്ധജനതയുമായി താരമത്യപെടുത്തുമ്പോള്‍ അവര്‍ ഒരിടത്ത് ഇരിക്കുന്ന കൂട്ടരല്ല. അവരെ കാണാനും അവര്‍ക്ക് കാണാനും ഏറെപ്പേരുണ്ട്. ഹസ്തദാനം, ആലിംഗനം, ചുംബനം തുടങ്ങിയ കാര്യങ്ങളിലും മുതര്‍ന്നവരുടെ ദാരിദ്ര്യം അവര്‍ക്കില്ല. മുതിര്‍ന്നവരുമായും അവരിത് ചെയ്യാറുണ്ട്. മാത്രമല്ല പലപ്പോഴും അവര്‍ മുതിര്‍ന്നവരെ സഹായിക്കാന്‍ എത്തുന്നു. സ്വന്തമായി രോഗത്തെ വിജയകരമായി നേരിടുമ്പോഴും സ്വന്തം മുത്തശ്ശനോ മുത്തശ്ശിക്കോ മരണവാറണ്ട് കൈമാറാന്‍ ഈ പ്രായത്തില്‍പെട്ട രോഗികള്‍ക്ക് കഴിയും. അതേസമയം വൃദ്ധരാകട്ടെ സ്വന്തം നിലയില്‍ കഷ്ടപെട്ടാലും രോഗവ്യാപനം ഏറെ നടത്തുന്നില്ല. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ പരത്തുന്നതില്‍ എപ്പോഴും ചെറുപ്പക്കാരായ രോഗികള്‍ മുന്‍പന്തിയാലാണ് എന്നത് വസ്തുതയാണ്. ചുരുക്കത്തില്‍ ലോക്കഡൗണിന് ശേഷവും അയവുകളോടെ അതെങ്ങനെ പരമാവധി തുടര്‍ന്നുകൊണ്ടുപോകാം എന്നാണ് നാം ആലോചിക്കേണ്ടത്. Lock down തീരുന്ന ദിവസം വൈകുന്നേരം പാട്ടകൊട്ടി ആഘോഷിക്കരുത്, ചിലപ്പോള്‍ പാള കീറും. It is only a temporary break down, the engine could get started again.