ഋഷി, പ്ലീസ്!

Ravichandran C

കോവിഡ് വ്യാപനത്തിനെതിരെ പത്തു ദിവസമായി ലോക്ക് ഡൗണ്‍ ചെയ്ത് വീട്ടിലിരിക്കുന്ന 136 കോടി മനുഷ്യരുടെ അതിജീവന പോരാട്ടത്തിന് വീര്യംപകരാന്‍ കുറച്ചുനേരം വെളിച്ചംതെളിക്കുന്നത് ന്യായം. ഇതൊക്കെ ഇങ്ങനെ ഓവറാക്കി ചളമാക്കണോ എന്നതിനെക്കാള്‍ ‘മോട്ടിവേഷന്‍ മാത്രമേ ഉള്ളോ’എന്ന ചോദ്യമാണ് ഇപ്പോള്‍ കൂടുതലും കേള്‍ക്കുന്നത്. എന്തായാലും പാട്ടകൊട്ടലില്‍ സംഭവിച്ചത് ആവര്‍ത്തിക്കാതിരിക്കട്ടെ. ഏപ്രില്‍ 5 ന് രാത്രി 9 മണിക്ക് ദീപംതെളിയിക്കുന്നതിന് പ്രചരിപ്പിക്കപ്പെടുന്ന വിശദീകരണം അന്യായം. എന്താണിത്? പ്രചോദനതന്ത്രമോ അന്ധവിശ്വാസപ്രചരണമോ? അന്ധവിശ്വാസിയായ ഒരാള്‍ക്ക് ഏപ്രില്‍ 5 ന് രാത്രി 9pm-9.09pm വരെ 9 മിനിറ്റ് വിളക്കുകൊളുത്തണം എന്ന ദിവ്യവിളി ഉണ്ടാകണമെങ്കില്‍ ആരോ കാര്യമായി കൊളുത്തികൊടുത്തിട്ടുണ്ട്. ചുമ്മാതൊന്നും മോദി പറയില്ല എന്ന ആധുനിക ഋഷിമാരുടെ വിശകലനം തെറ്റാകാനിടയില്ല. അതാണ് ഈ രംഗത്തെ മോദിയുടെ ട്രാക്ക്‌റെക്കോഡ്.

അന്ധവിശ്വാസങ്ങളില്‍ ഏറ്റവും ജീര്‍ണ്ണിച്ചത് എന്നു പറയാവുന്ന ജ്യോതിഷമാണ് ഇവിടെ പയറ്റുന്നത്. 9-9-9 !! ഏറ്റവും കഴമ്പില്ലാത്ത് ആയതുകൊണ്ടുതന്നെ ജ്ഞാനപ്രഭുക്കളുടയും വരേണ്യവിപ്ലവകാരികളുടെയും ഇഷ്ടയിനമാണ്. പറഞ്ഞുവെക്കുന്നത് ഘോരപ്രചണ്ഡശാസ്ത്രമാണ്. സൂര്യന്‍ നീങ്ങുന്നു, ബുധന്‍ തെന്നുന്നു, ശുക്രന്‍ തുള്ളുന്നു, 9 ഗ്രഹങ്ങള്‍, 9 രത്‌നങ്ങള്‍, 9 മാങ്ങാത്തൊലീസ് ആന്‍ഡ് 9 തേങ്ങാക്കൊലാസ്…..കേള്‍ക്കുന്നവര്‍ അമ്പരക്കും. ആകെമൊത്തം ആകാശഗോളങ്ങളുടെ വിഭ്രമ ചലനങ്ങള്‍! മനുഷ്യരുടെ കോഴിക്കാലുമുതല്‍ കുഞ്ഞിക്കാല് വരെയുള്ള ആഗ്രഹങ്ങളും ആശങ്കകളും നിയന്ത്രിക്കുന്ന ചലനങ്ങള്‍! മുഖക്കുരു തൊട്ട് മൂലക്കുരുവരെ പരിഹരിക്കുന്ന ചലനങ്ങള്‍! നീലതിമിംഗലം മുതല്‍ വൈറസുകളുടെ വരെ ജീവിതചക്രം സ്വാധീനിക്കുന്ന ചലനങ്ങള്‍! ആ ചലനങ്ങളുടെ ഗുണഫലം ചുരണ്ടിയെടുത്താണത്രെ മോദി ദീപംതെളിക്കാന്‍ മുഹൂര്‍ത്തം കുറിച്ചിരിക്കുന്നത്!

9-9-9 ന്റെ ‘ശാസ്ത്രീയ വിശദീകരണം’വാരിവിതറുന്നത്് മോദിയല്ലെങ്കിലും അദ്ദേഹത്തിന്റെ ശാസ്ത്രീയ അഭിരുചി ഒട്ടും ഭിന്നമല്ല. റാഫേല്‍ വിമാനത്തിന്റെ ചക്രങ്ങള്‍ക്ക് കീഴില്‍ ചെറുനാരങ്ങ വെച്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെ പരസ്യമായി പരിഹസിച്ചത് ഇതേ പ്രധാനമന്ത്രിയാണെന്ന് ഓര്‍ക്കുക. ആയുഷ് ചികിത്സകള്‍ കൊണ്ട് പ്രതിരോധശേഷി ‘വര്‍ദ്ധിപ്പിച്ച്’ കൊറോണയെ നേരിടാം എന്നതാണ് ലേറ്റസ്റ്റ് വെടി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 എ (എച്ച്) തങ്ങള്‍ക്ക് ബാധകമല്ലെന്ന് വാദിക്കുന്ന ഭരണാധികാരികള്‍ രാജ്യത്തെ നൂറ്റാണ്ടുകള്‍ പിറകോട്ടടിക്കും.

ഈ 9-9-9 ഡിങ്കോലാഫി സത്യമാണെന്ന് വെറുതെ സങ്കല്‍പ്പിക്കുക. അങ്ങനെയെങ്കില്‍ ആ ‘ശാസ്ത്രീയ വിശദീകരണം’ ഒന്നു മാന്തിനോക്കുന്നതില്‍ തെറ്റില്ല. സമയം(time) വെച്ചാണല്ലോ കളി! ആദ്യം മനസ്സിലാക്കേണ്ട കാര്യം ലോകത്തെങ്ങും ഒറ്റ സമയമല്ല എന്നതാണ്. 9.09pm എന്ന സമയം ലോകത്ത് ഒരുസമയം ഒരു രേഖാശത്തില്‍ മാത്രമേ ഉണ്ടാവൂ. ബാക്കി ഭൂമിയിലെ കോടിക്കണക്കിന് സമയങ്ങള്‍ വ്യത്യസ്തമായിരിക്കും. ഏപ്രില്‍ 5, 9.09 pm ന് ഇന്ത്യയില്‍ ദീപംതെളിക്കുമ്പോള്‍ ജപ്പാനില്‍ ആസമയം ഏപ്രില്‍ 6 ആയിരിക്കും. There is no universal time, only local and sub local times.

സമയം നിര്‍ണ്ണയിക്കുന്നത് എന്തിനാണ്? നമ്മുടെ സൗകര്യത്തിന് വേണ്ടി എന്നാണുത്തരം. ഭൗമഭ്രമണമാണ് അതിന്റെ ആധാരം. ഭൂമിക്ക് 360 ഡിഗ്രി സ്വയംകറക്കം പൂര്‍ത്തിയാക്കാന്‍ വേണ്ടത് 24 മണിക്കൂര്‍. മൊത്തം 360 ഡിഗ്രി രേഖാംശങ്ങളായി ഭൂമിയെ ലംബമായി വിഭജിച്ചിരിക്കുന്നു. ഗ്രീന്‍വിച്ച് രേഖാംശം പൂജ്യം ഡിഗ്രി(പ്രൈംമെറിഡിയന്‍). ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈമിന്റെ ആധാരം യു.പി യിലെ മിര്‍സപൂര്‍വഴി കടന്നുപോകുന്ന രേഖാശരേഖ(82.5 ഡിഗ്രി കിഴക്ക്). ഗ്രീന്‍വിച്ചില്‍ നിന്ന് 15 ഡിഗ്രി കിഴക്കോട്ട് പോയാല്‍ ഒരു മണിക്കൂര്‍ മുമ്പിലാകും, പടിഞ്ഞാറോട്ട് പോയാല്‍ ഒരു മണിക്കൂര്‍ പിന്നില്‍. 15 ഡിഗ്രിക്ക് ഒരു മണിക്കൂറിന്റെ വ്യത്യാസം, ഒരു ഡിഗ്രിക്ക് 4 മിനിട്ടിന്റെ. ഇന്ത്യന്‍ സമയം (IST) ഗ്രീന്‍വിച്ച് സമയത്തിന് (GST) 5.30 മണിക്കൂര്‍ മുന്നിലാണ്… ഇതൊക്കെ സ്‌കൂളില്‍ പഠിച്ച കാര്യങ്ങള്‍.

കിഴക്ക് അരുണാചല്‍ പ്രദേശ് മുതല്‍ പടിഞ്ഞാറ് ഗുജറാത്ത് തീരംവരെ ഏകദേശം 30 ഡിഗ്രിയുടെ വ്യത്യാസം(രണ്ട് മണിക്കൂര്‍) ഉണ്ടെങ്കിലും ഇന്ത്യയില്‍ ഇന്ത്യ മുഴുവന്‍ ഒരു സമയമേഖലയേ ഉള്ളൂ. അതാണ് 1947 ല്‍ നിലവില്‍ വന്ന ഇപ്പോഴത്തെ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം. സ്വാതന്ത്രലബ്ധിക്കു മുമ്പും ശേഷവും കുറെക്കാലം ബോംബെസമയവും കല്‍ക്കട്ടസമയവും ഉപയോഗത്തിലുണ്ടായിരുന്നു. നിലവില്‍ IST ആണ് നമ്മുടെ വാച്ചിലെ സമയം. വാച്ച് നോക്കി 9 pm ന് വെളിച്ചംതെളിക്കാനാണ് മോദി പറയുന്നത്. പക്ഷെ വാച്ചിലെ സമയം അല്ല ജ്യോതിഷം പറയുന്ന സമയം. വാച്ചില്‍ ലോകത്തെ ഏത് സമയവും സെറ്റ് ചെയ്തുവെക്കാം. നമ്മുടെ സൗകര്യമനുസരിച്ചാണത് ചെയ്യുന്നത്. ആകാശഗോളങ്ങളുടെ ചലനം അനുസരിച്ചല്ല. ഉദാഹരണമായി 180 രേഖാംശം കടന്നു ഒരിഞ്ച് കിഴക്കോട്ട് പോയാല്‍ ഒരു ദിവസം നഷ്ടപെടും. പടിഞ്ഞാറോട്ട് നീങ്ങിയാല്‍ ഒരു ദിവസം ലാഭിക്കാം! യഥാര്‍ത്ഥത്തില്‍ ഇവിടെ കാര്യമായ സമയവ്യത്യാസംപോലും ഉണ്ടാകുന്നില്ല. നമ്മുടെ സൗകര്യത്തിന് അങ്ങനെ ക്രമീകരിച്ചിരിക്കുന്നു എന്നുമാത്രം.

ജ്യോതിഷപ്രഭുക്കള്‍ ആകാശംനീരീക്ഷിച്ച് കണ്ടെത്തിയെന്ന് പറയുന്ന ഗോളചലനങ്ങളാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ വാച്ചിലെ സമയം കൊണ്ട് കാര്യമില്ല. വാച്ചില്‍നോക്കി രാത്രി 9 മണിക്കും 9.09 നും ഇടയ്ക്ക് ദീപംതെളിച്ചാല്‍ രാജ്യത്തെ ഭൂരിപക്ഷം സ്ഥലങ്ങളിലും വൈറസ് നശിക്കില്ല! കേരളത്തില്‍ തീരെയില്ല. IST രേഖാശം 82.5° E ആണ്. കേരളത്തിലെ ഒരു സ്ഥലം എടുക്കുക. ഉദാഹരണമായി 76.68° E ല്‍ സ്ഥിതിചെയ്യുന്ന കൊല്ലംജില്ലയിലെ പവിത്രേശ്വരം. മിര്‍സാപൂരം(IST) പവിത്രേശ്വരവും തമ്മില്‍ 6 ഡിഗ്രിയിലധികം അകലമുണ്ട്. എന്നുവെച്ചാല്‍ 6×4=24 മിനിറ്റ് സമയവ്യത്യാസം.

IST വാച്ചുകളില്‍ രാത്രി 9 മണി ആകുമ്പോള്‍ പവിത്രേശ്വരത്ത് യഥാര്‍ത്ഥ സമയം 8.36 pm ആയിരിക്കും. പവിത്രേശ്വരത്തുകാര്‍ 8.36 ആകുമ്പോള്‍ 9 മണി ആയെന്ന് സങ്കല്‍പ്പിച്ച് ദീപുവുംദീപയുമാകും. പക്ഷെ ഋഷിപ്രവചനം അനുസരിച്ചുള്ള ‘സമയത്തിന്റെ ഗുണം’ കിട്ടില്ല. സമയംതെറ്റി ചെയ്തിട്ട് പ്രയോജനമില്ലല്ലോ! ആകാശഗോളങ്ങളുടെ ചലനമനുസരിച്ച് കൃത്യസമയത്ത് മാത്രം നശിക്കാമെന്ന് സമ്മതിച്ചിട്ടുള്ള കൊറോണ വൈറസുകളാകട്ടെ രാജ്യത്തിന് മൊത്തം ഒരുസമയം കൊടുത്തതിന് മോദിയോട് നന്ദിപറയും. രാജ്യംമുഴുവന്‍ വൈറസിനെ നശിപ്പിക്കാനാണ് ഉദ്ദേശമെങ്കില്‍ IST 8pm-10pm വരെ വിവിധ സ്ഥലങ്ങളില്‍ ആകാശസമയം അനുസരിച്ച് ദീപംതെളിക്കണം. നിലവില്‍ മിര്‍സാപൂരിന് 2 ഡിഗ്രി പടിഞ്ഞാറുള്ള സ്ഥലങ്ങളില്‍ മാത്രമേ 9pm-9.00-9.09pm ന്റെ പ്രശ്‌നം കൊറോണയ്ക്ക് നേരിടേണ്ടിവരൂ. ഋഷിമാര്‍ ഈ പുണ്യമുഹൂര്‍ത്തമൊക്ക സെറ്റ് ചെയ്തത് IST നോക്കിയല്ലെന്നെങ്കിലും ആധുനിക ഋഷിമാര്‍ മനസ്സിലാക്കണം. അന്ധവിശ്വാസങ്ങള്‍ ആയാലും ചെയ്യുന്ന കാര്യത്തില്‍ സത്യസന്ധത വേണം. ഒട്ടകത്തെ അറുക്കണമെന്ന് പറഞ്ഞാല്‍ ഒട്ടകത്തെ തന്നെ അറുക്കണം, അല്ലാതെ ഒച്ചിന് അറുത്ത് ഈശ്വറിനെ കളിപ്പിക്കരുത്.