അമേരിക്കന്‍ കോവിഡ്‌


മൂന്നാം ലോകയുദ്ധത്തില്‍ എല്ലാ രാജ്യങ്ങളും ഒരു ഭാഗത്താണ്. മറുവശത്തുള്ളതാകട്ടെ ഒരു കുഞ്ഞന്‍ വൈറസും! ഇപ്പോള്‍ ലോകത്ത് ഏറ്റവുമധികം കോവിഡ് ബാധിതര്‍ ഉള്ള രാജ്യം അമേരിക്കയാണ്. 1.24 ലക്ഷം രോഗികള്‍, മരണസംഖ്യ-2229. ന്യൂയോര്‍ക്കില്‍ മാത്രം അരലക്ഷത്തിലധികം രോഗികള്‍. ഇപ്പോഴത്തെ പെട്ടെന്നുള്ള വര്‍ദ്ധന രണ്ടാഴ്ച മുമ്പ് പടര്‍ന്നതിന്റെ ബാക്കിപത്രമാണെന്നും രണ്ടാഴ്ചകള്‍ക്കുള്ളില്‍ പുതിയ കേസുകള്‍ കുറയുമെന്നും വിലയിരുത്തലുണ്ട്. എങ്കിലും ഈ നിരക്കില്‍ ഒരു വമ്പന്‍ സംഖ്യയിലേക്കാണ് അമേരിക്ക കുതിക്കുന്നതെന്ന് നിസംശയം പറയാം. ന്യൂയോര്‍ക്കില്‍ വെന്റിലേറ്ററുകളുടെ ഷോര്‍ട്ടേജ് മൂലം ഒരെണ്ണം രണ്ട് പേര്‍ക്ക് ഉപയോഗിക്കാനാവുമോ എന്നാണവര്‍ പരീക്ഷിക്കുന്നത്! അപ്പോഴും വരുന്ന ഈസ്റ്ററിന് (ഏപ്രില്‍ 12 ഞായറാഴ്ച) രാജ്യം വീണ്ടും ജനജീവിതത്തിനായി തുറക്കണം എന്നാണ് യു.എസ് പ്രസിഡന്റിന്റെ ആഗ്രഹം. ട്രമ്പ് ശുഭപ്രതീക്ഷയിലാണ്. ഈസ്റ്റര്‍ തനിക്ക് വളരെ സവിശേഷമായ ദിനമാണ്, ഈസ്റ്റര്‍ദിനം ഞായറാഴ്ച അമേരിക്കയിലെമ്പാടും തിങ്ങി നിറഞ്ഞ പള്ളികള്‍ എത്ര മനോഹരമായ കാഴ്ചയായിരിക്കും എന്നൊക്കെയാണ് പുള്ളിക്കാരന്‍ തട്ടിവിടുന്നത്. ‘ബൈബിള്‍ ബെല്‍റ്റ് ‘എന്നറിയപ്പെടുന്ന അമേരിക്കയിലെ ദക്ഷിണ കിഴക്കന്‍ സംസ്ഥാനങ്ങളാണ് (Arkansas, Mississippi, Alabama, Tennessee, Georgia, South Carolina, Kentucky,North Carolina…) ട്രമ്പിന്റെയും റിപബ്ലിക്കന്‍ പാര്‍ട്ടിയുടെയും ശക്തികേന്ദ്രം. അറിയപ്പെടുന്ന എല്ലാത്തരം ക്രൈസ്തവ അന്ധവിശ്വാസങ്ങളിലും ചുരുക്കംചില അന്യമത അന്ധവിശ്വാസങ്ങളിലും ആഴത്തില്‍ വിശ്വസിക്കുന്ന ആളാണ് ട്രമ്പ്. ഭരണാധികാരിയുടെ മതബോധവും പിന്തിരിപ്പന്‍ ചിന്താഗതിയും രാഷ്ട്രത്തിനാകെ ആശങ്ക സമ്മാനിക്കുന്നതാണ് ഇന്ത്യയിലെന്നപോലെ അമേരിക്കയിലും ദൃശ്യമാകുന്നത്.

എല്ലാം ശരിയാകും, നമ്മള്‍ അതിജീവിക്കും എന്നു പറഞ്ഞുകൊണ്ടിരിക്കുന്ന ജോലി മാത്രമാണോ നേതാക്കള്‍ ഉള്ളത്? തീര്‍ച്ചയായും അല്ല. വൈകിയെങ്കിലും ട്രമ്പും കാര്യമായി പണിയെടുക്കുന്നുണ്ട്. മരണസംഖ്യ നാലക്കത്തിലെത്തിയതോടെ ശൈലിമാറ്റം ദൃശ്യമാണ്. രാജ്യത്തിന് ധൈര്യംപകരുന്ന നേതാവായി മാറാനാണ് ഇപ്പോഴത്തെ ശ്രമം. വീരവാദങ്ങളും യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രസ്താവനകളും കുറഞ്ഞു. ഇന്നലെ യു.എസ്. നേവല്‍ ആശുപത്രിയായ കംഫോര്‍ട്ട് എന്ന കപ്പലില്‍ വെച്ച് നാവികസേനാംഗങ്ങളെ അഭിസംബോധന ചെയ്ത നടത്തിയ 15 മിനിറ്റ് പ്രസംഗത്തിലുടനീളം അദ്ദേഹം സംസാരിച്ചത് കോവിഡ് രോഗബാധയ്‌ക്കെതിരെ അമേരിക്കന്‍സംസ്ഥാനങ്ങളും ഫെഡറല്‍ ഗവണ്‍മെന്റും സ്വീകരിച്ച അടിയന്തര നടപടികളെക്കുറിച്ചായിരുന്നു. ജനങ്ങള്‍ക്ക് ആശ്വാസമെന്നോണം നികുതി ദിനം ജൂലെയിലേക്ക് മാറ്റിവെക്കുകയും ചെയ്തു. പക്ഷെ മര്‍ക്കടമുഷ്ടിക്ക് മാത്രം ഒരു കുറവുമില്ല. രോഗഭീഷണി നേരിടാന്‍ വേണ്ടത് പ്രസിഡന്റ് ചെയ്യുന്നില്ലെന്നാണ് ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്രു കൂമോയെപ്പോലുള്ളവരുടെ പരാതി. പല സംസ്ഥാന ഗവര്‍ണ്ണമാരും ട്രമ്പുമായി പരസ്യമായ ശീതയുദ്ധത്തിലാണ്. രോഗപ്രതിരോധത്തിനായി സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന മിഷിഗണ്‍ ഗവര്‍ണ്ണറെ ഫോണില്‍ തിരിച്ചു വിളിക്കരുതെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെ താന്‍ താക്കീത് ചെയ്ത കാര്യം വരെ ട്രമ്പ് പരസ്യമായി വെച്ചലക്കുന്നുണ്ട്. തന്നോട് വേണ്ടത്ര മര്യാദയില്ലാതെ പെരുമാറുന്നവരോടും തിരിച്ചും അങ്ങനെയേ പറ്റൂ എന്നാണ് ട്രമ്പിന്റെ നിലപാട്. കോവിഡിന് എതിരെയുള്ള അമേരിക്കന്‍ പോരാട്ടത്തില്‍ ഈ സ്വരചേര്‍ച്ചയില്ലായ്മ വലിയ തിരിച്ചടിയാണ് അമേരിക്കയ്ക്ക് സമ്മാനിക്കുന്നത്. ഇന്ത്യപോലൊരു ഫെഡറല്‍ വ്യവസ്ഥ കണ്ണുംകാതും തുറന്ന് ശ്രദ്ധിക്കേണ്ട പലതും ഇവിടെയുണ്ട്.

ഈസ്റ്ററിനെകുറിച്ച് വികാരഭരിതനാകുന്നുവെങ്കിലും ട്രമ്പിന്റെ ലക്ഷ്യം അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ സംരക്ഷണമാണ്. യു.എസ് സമ്പദ് വ്യവസ്ഥ മുമ്പൊരിക്കലുമില്ലാത്തവിധം ശക്തമായിരുന്ന സമയത്താണ് വൈറസ് രംഗത്തുവന്നതെന്ന് പലപ്പോഴും ട്രമ്പ് സൂചിപ്പിക്കാറുണ്ട്. കഷ്ടപെട്ടുണ്ടാക്കിയ മണല്‍കൊട്ടാരം തിരകള്‍ അലങ്കോലപെടുത്തുന്നത് കണ്ട് നില്‍ക്കുന്ന കുട്ടിയുടെ നിരാശാബോധം ആ വാക്കുകളില്‍ വായിച്ചെടുക്കാം. വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള തന്റെ സാധ്യതയെ കൊറോണ എന്ന അദൃശ്യനായ കൊലയാളി തടസ്സപെടുത്തുമോ എന്ന ആശങ്ക പ്രകടമാണ്. എല്ലാ രാഷ്ട്രീയക്കാരെയുംപോലെ എന്തുചെയ്യുമ്പോഴും ട്രമ്പിന്റെ കണ്ണ് വോട്ടര്‍മാരിലാണ്. എതിര്‍ശബ്ദങ്ങള്‍ പുള്ളിക്കാരന്‍ ഗൗനിക്കുന്നില്ല. ശുഭപ്രതീക്ഷയും സമൃദ്ധിവാഗ്ദാനവും നിര്‍ലോഭം വാരിവിതറി ദിവസവുമുള്ള കൊറോണ പ്രസ് ബ്രീഫിംഗ് സ്വന്തം തെരഞ്ഞെടുപ്പ് പ്രചരണമായി മാറ്റുന്നതില്‍ ട്രമ്പ് വിജയിക്കുന്നുണ്ട്. പ്രസിഡന്റിന്റെ ജോബ് അപ്രൂവല്‍ റേറ്റിംഗ് മുമ്പെങ്ങുമില്ലാത്തവിധം ഉയര്‍ന്നു എന്നറിയുമ്പോള്‍ പലരും കോമാളിയായി കരുതുന്ന ട്രമ്പിന്റെ രാഷ്ട്രീയബുദ്ധി നിസ്സാരവല്‍ക്കരിക്കാനാവില്ലെന്ന് സാരം. മാധ്യമങ്ങള്‍ അതിരൂക്ഷമായി പ്രതികരിക്കുമ്പോഴും പ്രതിസന്ധി ഘട്ടങ്ങളില്‍ നേതാവിന്റെ മോശം വശങ്ങള്‍ മറന്നും നല്ല ഗുണങ്ങള്‍ വാഴ്ത്തിയും ഒറ്റക്കെട്ടായി അയാളുടെ പിന്നില്‍ അണിനിരക്കുന്ന പ്രവണത അമേരിക്കയിലും ദൃശ്യമാണ്. അവസാനം രണ്ടാംലോകയുദ്ധത്തിന് അവസാനം വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന് ബ്രിട്ടണില്‍ കിട്ടിയ അനുഭവം ട്രമ്പിനുണ്ടോകുമോ എന്ന ചോദ്യം ബാക്കി.

ഈസ്റ്ററിന് രോഗംമാറി ആരോഗ്യം വീണ്ടെടുത്ത് അമേരിക്കയാകെ അടിച്ചുപൊളിക്കണം എന്നു ട്രമ്പ് പറയുന്നതില്‍ മതപരമായും വൈകാരികമായും അമേരിക്കന്‍ ജനതയെ ആകര്‍ഷിക്കാനുള്ള ശ്രമമുണ്ട്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അന്ന് ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ദിവസമാണ്. അമേരിക്കന്‍ ഭരണഘടന മുറുകെ പിടിക്കുന്ന മതേതര ആശയങ്ങള്‍ക്ക് വിരുദ്ധമാണ് ഇത്തരം മതാത്മക വശീകരണങ്ങള്‍. ഈസ്റ്ററിന് പള്ളികള്‍ നിറഞ്ഞു കവിഞ്ഞില്ലെങ്കില്‍ അമേരിക്കന്‍ സമൂഹത്തിന് ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ലെന്ന് ട്രമ്പിനും അറിയാതിരിക്കില്ല. മതം പത്ത് പൈസ നികുതി കൊടുക്കാറില്ല; അമേരിക്കയിലെന്നല്ല ലോകത്തെവിടെയും. വര്‍ഷങ്ങളോളം അവ അടഞ്ഞുകിടന്നാല്‍ ആകെയുണ്ടാകിനിടയുള്ള നഷ്ടം അത്രയും സമ്പത്തുംസൗകര്യങ്ങളും ആര്‍ക്കും പ്രയോജനപെടാതെ പോകും എന്നതു മാത്രമാണ്.

രാജ്യത്തെ ഏത് സ്ഥാപനം അടഞ്ഞുകിടന്നാലും അത് സമൂഹത്തെ സാരമായി ബാധിക്കും. ആശുപത്രികള്‍, നിയമപാലകര്‍, ഉദ്പാദകര്‍, കച്ചവടക്കാര്‍, തൊഴിലാളികള്‍, പാചകക്കാര്‍, അദ്ധ്യാപകര്‍….ആ പട്ടിക നീളുന്നു. പക്ഷെ പുരോഹിതരും മതനേതാക്കളും എത്രമാത്രം തൊഴില്‍രഹിതരാകുന്നുവോ സമൂഹത്തിന് അത്രമാത്രം ഗുണകരമായിരിക്കും; മലയോളം ചൂഷണങ്ങളും പീഡനങ്ങളും ഇല്ലാതാകുകയുംചെയ്യും. തങ്ങളുടെ പ്രസക്തി ഉറപ്പു വരുത്താന്‍ കൊറോണകാലത്തും ഇക്കൂട്ടര്‍ പലതരം കോപ്രായങ്ങള്‍ തട്ടിക്കൂട്ടാറുണ്ട്. എല്ലാത്തിനെയും കയറി അനുഗ്രഹിക്കലാണ് ഒരു ഐറ്റം. ഹാന്‍ഡ് വാഷിംഗ് സാനിറ്റൈസര്‍ വരെ വെഞ്ചരിക്കുന്ന ടീമുകളുണ്ട്! പകര്‍ച്ചവ്യാധി ഒന്നൊഴിഞ്ഞ് കിട്ടാന്‍ കാത്തിരിക്കുകയാണ് പല മതവിരുതന്മാരും. അവകാശവാദങ്ങളുടെ പെരുമഴയായിരിക്കും വരാന്‍പോകുന്നത്! എന്റെ പ്രാര്‍ത്ഥന, എന്റെ പൂജ, എന്റെ വെഞ്ചരിപ്പ്, എന്റെ തുപ്പല്‍, എന്റെ കാഞ്ഞിരിക്കുറ്റി, …..അതാണ് രോഗത്തെ തുരത്തിയത്…!!! രോഗവും ക്ഷാമവും യുദ്ധവും വരുമ്പോള്‍ നാടുവിടുന്ന ദൈവങ്ങള്‍ സൗഖ്യവും സമൃദ്ധിയും വരുമ്പോള്‍ പങ്കുചോദിക്കാന്‍ കൈ നീട്ടിയെത്തും. വിശ്വാസികള്‍ ഉള്ളിടത്തോളംകാലം അവരെ പേടിപ്പിച്ചും കൊതിപ്പിച്ചും നുണയഭിഷേകം നടത്തി പുരോഹിതവര്‍ഗ്ഗവും മതരാഷ്ട്രീയക്കാരും വാണരുളും. മനുഷ്യരില്‍ ചിന്താപരമായ, മസ്തിഷ്‌കപരമായ മാറ്റം ഉണ്ടാകാതെ ഈ ദുരവസ്ഥ മാറില്ല. കാന്‍സറിന് കൈ കഴുകിയിട്ട് കാര്യമില്ലല്ലോ.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *