ആയുരാരോഗ്യസൗഖ്യ ഒറ്റമൂലി: നാരായണീയം! – മനോജ് നൈരോബി എഴുതുന്നു


“നാരായണീയം ഇന്ന് വെറുമൊരു ആത്മീയ ഗ്രന്ഥമല്ല, മറിച്ച് ആഗോളതലത്തിൽ വിജയകരമായി വിപണനം ചെയ്യപ്പെടുന്ന ഒരു വലിയ ബ്രാൻഡാണ്. മുതൽമുടക്കില്ലാതെ പാരിതോഷികങ്ങൾ വാരിക്കൂട്ടാൻ കഴിയുന്ന ഏറ്റവും ലാഭകരമായ ഒരു ബിസിനസ് മോഡലായി ഇത് മാറിയിരിക്കുന്നു.”

പകൽസമയങ്ങളിലെ മന്ത്രോച്ചാരണങ്ങൾ

കേരളത്തിലെ മധ്യവർഗ്ഗ ഹിന്ദു കുടുംബങ്ങളിൽ പകൽസമയങ്ങളിൽ ഇന്ന് മുഴങ്ങിക്കേൾക്കുന്നത് സീരിയലുകളോ സിനിമകളോ വാർത്തകളോ അല്ല. പകരം, സ്ത്രീകളുടെ ഒരു പ്രത്യേക താളത്തിലുള്ള മന്ത്രോച്ചാരണങ്ങളും അതിന്റെ അക്കമിട്ടുള്ള വ്യാഖ്യാനങ്ങളുമാണ് വീടുകളിൽ അലയടിക്കുന്നത്. മധ്യവയസ്കരായ അമ്മമാരുടെ പുതിയ ‘നെറ്റ്ഫ്ലിക്സ്’ ആയ ‘നാരായണീയം’ യുഗത്തിലേക്ക് സ്വാഗതം!

പതിനാറാം നൂറ്റാണ്ടിലെ ഈ കൃതി ഇന്ന് മലയാളി അമ്മമാരുടെ ആത്മീയ ഇൻഷുറൻസ് പോളിസി ആയി മാറിക്കഴിഞ്ഞു. ഭക്തർക്കിത് ഒരു ‘ഡിവൈൻ വെൻഡിംഗ് മെഷീൻ’ തന്നെയാണ്. വിസ, കല്യാണം, രോഗശാന്തി, ജോലി, വന്ധ്യത, മക്കളുടെ ഭാവി, ശത്രുസംഹാരം, സമ്പന്നത, പ്രശസ്തി, മോക്ഷം എല്ലാം ഒരേ കൗണ്ടറിൽ! ഈ ‘കൃപാസന’ മോഡൽ ഭക്തി വ്യാപിപ്പിക്കാൻ സൈബർ ഇടങ്ങളിലെ വ്യാഖ്യാനക്കുലപതികൾ അതീവ തൽപ്പരരുമാണ്.

നാരായണീയത്തിന്റെ ആത്മീയ മാർക്കറ്റിങ്ങ്

നാരായണീയത്തിന്റെ ചരിത്രം പരിശോധിച്ചാൽ, ലോകത്തിലെ ആദ്യത്തെ പദ്യാധിഷ്ഠിത ‘റിമോട്ട് തെറാപ്പി’ ഇതാണെന്ന് തോന്നിപ്പോകും. ഗുരുവിന്റെ വാതരോഗം സ്വന്തം ശരീരത്തിലേക്ക് ഏറ്റുവാങ്ങിയ മേൽപത്തൂർ ഭട്ടതിരിപ്പാട്, 18,000 ശ്ലോകങ്ങളുള്ള ഭാഗവതത്തെ 1,034 ശ്ലോകങ്ങളാക്കി ചുരുക്കി ‘റീഡേഴ്സ് ഡൈജസ്റ്റ്’ പതിപ്പാക്കി. വൃശ്ചികം 28-ന് തന്റെ ‘വാതം’ മാറി അദ്ദേഹം പൂർണ്ണ ആരോഗ്യവാനായി എന്ന ഐതിഹ്യം ഇന്നും ആത്മീയ മാർക്കറ്റിംഗിന്റെ മെയിൻ അസറ്റാണ്.

“ആയുരാരോഗ്യസൗഖ്യം” എന്ന വാക്കോടെ അവസാനിക്കുന്ന ഈ കൃതി ഇന്നത്തെ ഭക്തർക്കൊരു സർവ്വരോഗസംഹാരിയാണ്. ശ്ലോകം ചൊല്ലിയാൽ ശരീരം സുഖപ്പെടുമെന്ന അന്ധവിശ്വാസത്തിന് മുന്നിൽ മോഡേൺ മെഡിസിൻ പോലും വഴിമാറണം എന്നാണിവരുടെ ലൈൻ! വിഷ്ണുവിന്റെ സാഹസികതകളുടെ ഒരു ‘ഹൈലൈറ്റ് ആൽബം’ കൂടിയാണിത്. പുരാണങ്ങളിലെ ഭരണപരമായ ഭാഗങ്ങൾ എഡിറ്റ് ചെയ്ത് മാറ്റി നേരെ അസുരവധവും രാസലീലയുമായി ഒരു ‘സൗഖ്യ ആക്ഷൻ’ സിനിമയുടെ വേഗതയിൽ കഥ നീങ്ങുന്നു.

ഭട്ടതിരിപ്പാട് ഒരു മഹാ ഭാഷാ പണ്ഡിതനായിരുന്നു എന്നതിൽ തർക്കമില്ല. എന്നാൽ ഇന്ന് ഇത് ചൊല്ലുന്നവർക്ക് ഭാഷയല്ല പ്രധാനം; ‘വൈബ്രേഷൻ’ ആണ്! സംസ്കൃത വ്യാകരണം വിശദീകരിക്കാൻ കഴിയാത്ത ആധുനിക വ്യാഖ്യാനക്കാർ കണ്ടെത്തിയ ബഹുമുഖ കവചമാണ് ഈ ‘വൈബ്രേഷൻ തിയറി’. അർത്ഥമറിയാതിരുന്നാലും താളം കിട്ടിയാൽ പുണ്യം കിട്ടും എന്ന മലയാളിയുടെ ഷോർട്ട്‌കട്ട് ബുദ്ധി ഇവിടെയും വിജയിച്ചു.

ഇന്ന് നാരായണീയം വെറുമൊരു ഗ്രന്ഥമല്ല; ഒരു ആഗോള ബ്രാൻഡാണ്. കേരളത്തിലെ അമ്പലപ്പറമ്പുകളിൽ നിന്ന് ലണ്ടനിലെ ഹാളുകളിലേക്കും ന്യൂജേഴ്സിയിലെ വില്ലകളിലേക്കും, അവിടെനിന്ന് അമേരിക്കൻ ഭൂഖണ്ഡത്തിലുടനീളവും ഈ ‘ആത്മീയ ഉൽപ്പന്നം’ വിജയകരമായി കയറ്റുമതി ചെയ്യപ്പെട്ടു. പ്രവാസികൾക്ക് ഇത് ഗൃഹാതുരത്വമാണെങ്കിൽ, കുശാഗ്രബുദ്ധികളായ പ്രാസംഗികർക്ക് പാരിതോഷികങ്ങൾ വാരിക്കൂട്ടാൻ കഴിയുന്ന, നയാപൈസയുടെ മുതൽമുടക്കില്ലാത്ത ഏറ്റവും ലാഭകരമായ ഒരു ബിസിനസ് മോഡലാണ്.

ദശകം 1 മുതൽ 10 വരെ സൃഷ്ടിയും വിശ്വരൂപവും ഭഗവദ് മഹിമയും പ്രതിപാദിക്കുമ്പോൾ ഇന്നത് മനശാന്തിയുടെ ആദ്യ പാക്കേജായി വ്യാഖ്യാനിക്കപ്പെടുന്നു; ഇതിൽ സർവ്വ ഐശ്വര്യങ്ങൾക്കുമായി രണ്ടാം ദശകത്തിലെ നാലും അഞ്ചും ശ്ലോകങ്ങളും, മാറാരോഗങ്ങളിൽ നിന്നും കാൻസറിൽ നിന്നും രക്ഷനേടാൻ എട്ടാം ദശകത്തിലെ പതിമൂന്നാം ശ്ലോകവും (ശരണാഗതി മന്ത്രം) ആധുനിക ‘സ്പിരിച്വൽ ഫാർമസി’യുടെ ആദ്യ ഡോസായി നൽകപ്പെടുന്നു. 11 മുതൽ 20 വരെ വാമനാവതാരവും പ്രഹ്ലാദഭക്തിയും കുട്ടികളുടെ ഭാവിസുരക്ഷയായി വിപണനം ചെയ്യപ്പെടുമ്പോൾ, പ്രശസ്തിക്കായി പതിമൂന്നാം ദശകവും വന്ധ്യതാ നിവാരണത്തിനായി പതിനെട്ടാം ദശകവും (അദിതിയുടെ വ്രതം) പ്രത്യേകം എടുത്തു പറയേണ്ടതാണ്.

21 മുതൽ 30 വരെ കൃഷ്ണജനനവും ബാലലീലകളും കുടുംബസൗഖ്യത്തോടും വന്ധ്യതാനിവാരണത്തോടും ബന്ധിപ്പിക്കപ്പെടുന്നു; ഇവിടെ ശത്രുദോഷം അകറ്റാൻ ഇരുപത്തിയാറാം ദശകവും ആഗ്രഹസാഫല്യത്തിനായി ഇരുപത്തിയെട്ടാം ദശകവും ആചാര്യന്മാർ വിധിക്കുന്നു. 31 മുതൽ 40 വരെ പൂതനാവധം മുതൽ ഗോവർദ്ധനോദ്ധാരണം വരെ ശത്രുദോഷനിവാരണമായി അവതരിപ്പിക്കുമ്പോൾ, 41 മുതൽ 60 വരെ രാസലീലയും ആത്മീയാനുഭവങ്ങളും വിവാഹസൗഭാഗ്യവുമായി ചേർക്കപ്പെടുന്നു; ഇതിന്റെ ഭാഗമായാണ് അതിവേഗം വിവാഹം നടക്കാൻ അറുപതാം ദശകം നിർദ്ദേശിക്കപ്പെടുന്നത്.

61 മുതൽ 80 വരെ ധർമ്മവിജയം ജീവിതവിജയത്തിന്റെയും പ്രശസ്തിയുടെയും മാർഗമാക്കപ്പെടുമ്പോൾ, 81 മുതൽ 90 വരെ കുചേലോപാഖ്യാനം സമ്പത്തിന്റെയും പുരോഗതിയുടെയും പ്രതീകമാകുന്നു; ഇതിൽ ദാരിദ്ര്യശമനത്തിനായി എൺപത്തിയേഴാം ദശകം ഭക്തരുടെ ഹോട്ട് ഫേവറിറ്റാണ്. 91 മുതൽ 100 വരെ വിശ്വരൂപദർശനത്തോടൊപ്പം അവസാനിക്കുന്ന ഈ കൃതി, ആയുരാരോഗ്യസൗഖ്യത്തിന്റെ പൂർണ്ണതയ്ക്കായി നൂറാം ദശകം കൂടി എത്തുമ്പോൾ സകലരോഗസംഹാരിയായ ഒരു ആത്മീയ വിജ്ഞാനകോശമായി മാറുന്നു. ഇതിലെ ഓരോ ദശകവും ഓരോ ജീവിതപ്രശ്നത്തിനുള്ള സ്പിരിച്വൽ ടാബ്‌ലറ്റായിട്ടാണ് ആധുനിക വ്യാഖ്യാന ഫാക്ടറികൾ ഇന്ന് മാർക്കറ്റ് ചെയ്യുന്നത്.

നാരായണീയത്തിലെ സയൻസ്!

ഭട്ടതിരിപ്പാടിന്റെ ഈ സ്തുതിരത്നം ഇന്ന് ആയുരാരോഗ്യസൗഖ്യത്തിനായുള്ള വെറുമൊരു ദൈവിക ആസക്തി (Divine Addiction) ആയി പരിണമിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. സകലവിധ ലൗകിക പ്രശ്നങ്ങൾക്കും ഇതിൽ ഒറ്റമൂലിയുണ്ട്. അതിലുപരി ഇതിൽ സയൻസ് തിരയുന്ന മറ്റൊരു കൂട്ടം വ്യാഖ്യാന ശിരോമണികളുമുണ്ട്. അവർ എൻഡോമെട്രിയോസിസ്, മാഗ്നറ്റിക് ഫീൽഡ്, ക്വാണ്ടം എൻടാംഗിൾമെന്റ്, ന്യൂക്ലിയർ ഫിഷൻ തുടങ്ങി സകലമാന സാധനങ്ങളും ശ്ലോകങ്ങൾക്കിടയിൽ നിന്ന് കുഴിച്ചെടുക്കും. ശാസ്ത്രജ്ഞർ വിയർപ്പൊഴുക്കി എന്തെങ്കിലും കണ്ടുപിടിച്ചാൽ ഉടൻ വരും, ഇത് ഞങ്ങടെ പുസ്തകത്തിൽ പണ്ടേ ഉണ്ടായിരുന്നു എന്ന പ്രഖ്യാപനം. പണ്ടേ ഉണ്ടായിരുന്നു എങ്കിൽ പിന്നെന്തിനായിരുന്നു ഈ കാത്തിരിപ്പ്?

ഉദാഹരണത്തിന് ദശകം ഒന്നിലെ ഒന്നാം ശ്ലോകം തന്നെ എടുക്കാം. ഉദാഹരണത്തിന് ദശകം ഒന്നിലെ ഒന്നാം ശ്ലോകം തന്നെ എടുക്കാം. ഭട്ടതിരിപ്പാട് എഴുതിയ മൂലശ്ലോകത്തിൽ എവിടെയും ഇല്ലാത്തതും, എന്നാൽ പിൽക്കാലത്ത് വ്യാഖ്യാതാക്കൾ ഭഗവാന്റെ ‘ബ്രഹ്മതത്ത്വത്തെ’ വർണ്ണിക്കാൻ ഉപയോഗിച്ചതുമായ ‘നിഷ്കമ്പപ്രമിതാഭിരാമവികസിത്ജ്യോതിസ്വരൂപം വിഭോ’ എന്ന പദപ്രയോഗത്തെയാണ് ഈ ആധുനിക വ്യാഖ്യാന ഫാക്ടറികൾ തങ്ങളുടെ ആയുധമാക്കുന്നത്. അല്പം ഭാവനയും അല്പം ശാസ്ത്രീയ പദാവലികളും കൈവശമുണ്ടെങ്കിൽ, ആർക്കും ആധ്യാത്മിക അർത്ഥത്തിൽ പ്രയോഗിച്ച ഈ ഓരോ വാക്കിനെയും മൂന്നോ മുപ്പതിനായിരമോ ശാസ്ത്രസത്യങ്ങളുമായി എങ്ങനെ വിളക്കിച്ചേർക്കാം എന്ന് മൂന്ന് ഉദാഹരണങ്ങളിലൂടെ നമുക്കൊന്ന് നോക്കാം:

ഇതിനെ ഐൻസ്റ്റീന്റെ വിഖ്യാതമായ ദ്രവ്യമാന-ഊർജ്ജ സമത്വ സിദ്ധാന്തത്തോട് (E=mc^2) ഉപമിക്കാൻ എത്ര എളുപ്പമാണ്! ഇതിൽ ‘ജ്യോതിസ്വരൂപം’ എന്ന് പറയുന്നത് ഊർജ്ജത്തെയും (Energy), ‘വിഭോ’ എന്നത് പ്രപഞ്ചത്തിലെ പദാർത്ഥത്തെയുമാണ് (Matter) സൂചിപ്പിക്കുന്നതെന്നും, പ്രകാശവേഗത്തിന്റെ വർഗ്ഗത്തെ (Square) ഭട്ടതിരിപ്പാട് ‘അഭിരാമ’ അഥവാ ‘ഏറ്റവും മനോഹരമായ/പൂർണ്ണമായ’ എന്ന വാക്കിനാൽ വിശേഷിപ്പിച്ചതാണെന്നും സമർത്ഥിച്ചാൽ പദാർത്ഥം ഊർജ്ജമായി മാറുന്ന ആ സങ്കീർണ്ണ പ്രക്രിയയെ ഇത്ര ലളിതമായി നമുക്ക് വ്യാഖ്യാനിച്ചെടുക്കാം.

ഇതേ ശ്ലോകം ഉപയോഗിച്ച് തന്നെ നമുക്ക് ജനിതകശാസ്ത്രത്തിലെ ഡി.എൻ.എ (DNA) ഘടനയെയും നിർവചിക്കാം. ഇതിലെ ‘നിഷ്കമ്പ’ എന്നത് ഡി.എൻ.എ-യുടെ സുസ്ഥിരമായ ഘടനയെയും (Stable Structure), ‘അഭിരാമ’ എന്നത് അതിന്റെ സുന്ദരമായ ഇരട്ടപ്പിരി (Double Helix) രൂപത്തെയുമാണ് സൂചിപ്പിക്കുന്നത്. ഇതിലെ ‘പ്രമിത’ എന്ന വാക്കിനെ ഓരോ ജീവിയുടെയും ജനിതക കോഡുകൾ (Genetic Coding) കൃത്യമായി അളക്കപ്പെട്ടതാണ് എന്ന അർത്ഥത്തിൽ വിളക്കിച്ചേർത്താൽ, ഓരോ ജീവിതവും നേരത്തെ തന്നെ ഡിസൈൻ ചെയ്യപ്പെട്ട ജനിതക രഹസ്യങ്ങളാണെന്ന് നമുക്ക് നിസ്സംശയം നിരൂപിക്കാം.

ഡാർവിന്റെ പരിണാമ സിദ്ധാന്തം പോലും ഈ ഒരൊറ്റ ശ്ലോകത്തിന്റെ വ്യാഖ്യാനക്കരുത്തിൽ നമുക്ക് കൂട്ടിച്ചേർക്കാവുന്നതേയുള്ളൂ. ഇതിലെ ‘നിഷ്കമ്പ’ എന്നത് പരിണാമത്തിന് മുൻപുള്ള ജീവന്റെ നിശ്ചലാവസ്ഥയെയും ‘വികസിത്’ എന്നത് കോടിക്കണക്കിന് വർഷങ്ങൾ കൊണ്ട് നടക്കുന്ന പരിണാമത്തെയും (Evolution) സൂചിപ്പിക്കുന്നു എന്നും, ‘അഭിരാമ’ എന്ന പ്രയോഗത്തിലൂടെ ഡാർവിന്റെ ‘Survival of the Fittest’ അഥവാ പ്രകൃതിക്ക് ഏറ്റവും അനുയോജ്യമായവ അതിജീവിക്കുന്നു എന്ന തത്വമാണ് വിവരിച്ചിരിക്കുന്നതെന്നും കൂടി ചേർക്കുമ്പോൾ അതും പൂർണ്ണമായി.

എംപ്റ്റി നെസ്റ്റ് സിൻഡ്രോം

പരിണാമം ശരിക്കും സംഭവിച്ചത് മനുഷ്യന്റെ ചിന്താശേഷിക്കാണോ അതോ ശ്ലോകങ്ങൾ വ്യാഖ്യാനിക്കാനുള്ള ഇവരുടെ വൈദഗ്ധ്യത്തിനാണോ എന്ന് ശ്രോതാക്കൾക്ക് സംശയം തോന്നാറുമില്ല. ചുരുക്കത്തിൽ, അല്പമൊരു ശാസ്ത്രീയ അറിവും അത് ശ്ലോകങ്ങളിൽ എങ്ങനെയെങ്കിലും തുന്നിച്ചേർക്കാനുള്ള വ്യാഖ്യാന വൈഭവവും ഉണ്ടെങ്കിൽ, ആധുനിക ശാസ്ത്രം വിയർപ്പൊഴുക്കി കണ്ടെത്തുന്ന എന്തിനെയും ഏതൊരു ശ്ലോകത്തിന്റെ വാലിലും കൊരുത്തിടാം എന്നുള്ളതാണ് ആധുനിക കാലത്തെ ഈ ‘മത-ശാസ്ത്ര’ കോമഡി!

മക്കൾ വിദേശത്തേക്ക് ചേക്കേറുമ്പോൾ ഉണ്ടാകുന്ന ‘എംപ്റ്റി നെസ്റ്റ് സിൻഡ്രോം’ ആണ് ഈ ഭ്രമത്തിന്റെ പ്രധാന സാമൂഹിക കാരണം. നാരായണീയം ഇവിടെ ഒരു സോഷ്യൽ നെറ്റ്‌വർക്ക് കൂടിയാണ്. ഒരു ദശകം മനഃപാഠമാക്കുന്നത് കരാട്ടെയിലെ ബ്ലാക്ക് ബെൽറ്റ് കിട്ടുന്ന പോലെയുള്ള ഒരു സ്റ്റാറ്റസ് സിംബലായി മാറിയിരിക്കുന്നു. വലിയ വ്രതങ്ങളോ ചിലവുകളോ ഇല്ലാതെ വീട്ടിലിരുന്ന് തന്നെ എപ്പോൾ വേണമെങ്കിലും ചൊല്ലി സ്വർഗ്ഗത്തിലേക്ക് ഒരു സീറ്റ് ബുക്ക് ചെയ്യാം എന്നതാണ് ഇതിന്റെ പ്രധാന ആകർഷണവും വിൽപ്പന ഘടകവും.

ഭട്ടതിരിപ്പാട് ഒരു മികച്ച കവിയും കൃഷ്ണ ഭക്തനുമായിരുന്നു എന്നത് ഒരു തർക്കവിഷയമേ അല്ല. തന്റെ കവിതകൾ ഇന്ന് മെഡിക്കൽ സയൻസിന് പകരമായും, ലൗകിക സുഖങ്ങൾ ലഭിക്കാനുള്ള ആത്മീയ കൈക്കൂലിയായും ഉപയോഗിക്കപ്പെടുന്നത് കണ്ടാൽ അദ്ദേഹം തന്നെ അമ്പരക്കും. സകലരോഗ സംഹാരിയായ ഈ ‘അത്ഭുത മന്ത്രങ്ങൾ’ കൊടികുത്തി വാണിരുന്ന കാലത്തെ ശരാശരി മനുഷ്യായുസ്സ് വെറും 30 വയസ്സോ അതിൽ താഴയോ എന്നത് ചരിത്രപരമായ തമാശയാണ്! ആധുനിക വൈദ്യശാസ്ത്രം ആയുർദൈർഘ്യം 75 കളിലേക്ക് എത്തിച്ച ഇക്കാലത്തിരുന്ന്, പഴയ ഈ പാഴ്മന്ത്രങ്ങളിൽ രോഗശാന്തി തിരയുന്നത് ശുദ്ധ അസംബന്ധമാണ്.

അന്ധവിശ്വാസങ്ങളിൽ നിന്ന് യുക്തിചിന്തയിലേക്ക്

സ്വാമിമാർ നിങ്ങളുടെ ‘അടുത്ത ജന്മത്തെ’ ഭയപ്പെടുത്തി അവരുടെ ഈ ജന്മത്തിലെ സാമ്പത്തിക ഭദ്രത ഊട്ടി ഉറപ്പിക്കുമ്പോൾ ഭക്തർ ആമാനുഷിക അത്ഭുതത്തിലും വിശ്വാസത്തിലും മുങ്ങിക്കിടക്കുന്നു. ആയിരം പ്രാവശ്യം ഒരു ഗ്രന്ഥം ഉരുവിടുന്നതോ, അതോ ആയിരം വ്യത്യസ്ത ഗ്രന്ഥങ്ങൾ ഒരിക്കൽ യുക്തിയോടെ വായിക്കുന്നതോ അറിവിലേക്കുള്ള വഴി? സാങ്കൽപ്പിക ഭ്രമങ്ങളിൽ നിന്ന് മോചിതരായി അറിവിന്റെ ലോകത്തേക്ക് പറക്കാൻ ശ്രമിക്കൂ. അന്ധവിശ്വാസങ്ങൾ ആവർത്തിച്ച് സംരക്ഷിക്കുന്നതിലല്ല, മറിച്ച് യുക്തിചിന്തയും സാമൂഹിക ഉത്തരവാദിത്തവും കൈകോർക്കുമ്പോഴാണ് സത്യസന്ധനായ ഒരു പൗരൻ ജനിക്കുന്നത്.

ചോദ്യങ്ങൾ ചോദിക്കാൻ ധൈര്യം കാണിക്കൂ, കാരണം ചിന്തിക്കുന്നവനാണ് യഥാർത്ഥ മനുഷ്യൻ. അതല്ലേ ഒരു പൗരന്റെ യഥാർത്ഥ സാമൂഹിക പ്രതിബദ്ധത? ഭക്തിയിൽ രമിച്ച് നാം നേടിയ യഥാർത്ഥ മാനവിക നാഗരിക നേട്ടങ്ങൾ എന്താണെന്ന് ഒന്നു കണ്ണുതുറന്നു നോക്കൂ; ശാസ്ത്രീയ ബോധത്തേക്കാൾ പാഴ്മന്ത്രങ്ങൾക്കും, ചിന്താശേഷിയേക്കാൾ ആത്മീയ അടിമത്തത്തിനും നാം നൽകുന്ന ഈ അമിതപ്രാധാന്യം നമ്മെ നയിക്കുന്നത് പ്രകാശത്തിലേക്കോ അതോ അന്ധകാരത്തിലേക്കോ എന്ന് സ്വയം ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!

Loading