“മാര്‍ക്‌സ് ടൈം ട്രാവല്‍ നടത്തി 2022 ല്‍ തിരുവനന്തപുരം നഗരത്തില്‍ എത്തി എന്ന് കരുതുക. കേരളം ഭരിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി ആന്നെന്ന് അറിയുമ്പോള്‍ അദ്ദേഹം സന്തോഷിക്കും. പക്ഷേ പിന്നീട് കാണുന്ന കാഴ്ചകള്‍ കണ്ട് മാര്‍ക്‌സ് ബോധം കെട്ടു വീഴും. പണം ഇല്ലാതായില്ല എന്ന് മാത്രമല്ല, പണത്തിന്റെ സമ്പൂര്‍ണ സ്വാധീനം കണ്ട് അയാള്‍ക്ക് തല കറങ്ങും.”- അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു. |
മാര്‍ക്‌സിസം എന്ന അന്ധവിശ്വാസം!
വേട്ടയാടി ഭക്ഷിച്ചിരുന്ന കാലത്തിന് (primitive communism) ശേഷം, മനുഷ്യന്റെ ചരിത്രം മുഴുവന്‍ ചൂഷകരും ചൂഷിതരും തമ്മിലുള്ള പോരാട്ടമായാണ് മാര്‍ക്‌സ് കണ്ടത്. മാര്‍ക്‌സിന്റെ അഭിപ്രായത്തില്‍ ആ ചൂഷണ പരമ്പരയിലെ അവസാനത്തെ കണ്ണിയാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ വ്യവസായിക വിപ്ലവ കാലത്തെ ബൂര്‍ഷ്വാസികളും തൊഴിലാളികളും.
ആരാണ് ഈ ബൂര്‍ഷ്വാ (ക്യാപിറ്റലിസ്റ്റ് )? മാര്‍ക്‌സ് വിശദീകരിക്കുന്നു. – ഫ്യൂഡലിസത്തിന് ശേഷം നിലവില്‍ വന്ന പുതിയ വ്യവസായ ലോകത്തെ വ്യവസായികള്‍ ആണ് ബൂര്‍ഷ്വ. അത് വരെ നിലവില്‍ ഉണ്ടായിരുന്ന എല്ലാ മത, ഫ്യൂഡല്‍ ചൂഷണങ്ങളും ബൂര്‍ഷ്വാസീസ് അവസാനിപ്പിച്ചെങ്കിലും പകരം കൂടുതല്‍ നീചമായ, ഇത് വരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ഉള്ള ചൂഷണം ആണ് അവര്‍ നടത്തുന്നത്. (naked, shameless, direct, brutal exploitation). എല്ലാ മൂലധനവും (Capital) ന്യൂനപക്ഷമായ ബൂര്‍ഷ്വകളുടെ കയ്യിലേക്ക് ചുരുങ്ങുന്നു. അത് കൊണ്ട് തന്നെ സ്റ്റേറ്റും രാക്ഷ്ട്രീയ ശക്തിയും ബൂര്‍ഷ്വകളുടെ നിയന്ത്രണത്തില്‍ ആകുന്നു.
ബൂര്‍ഷ്വകളുടെ ക്രൂരതകള്‍
മാര്‍ക്‌സ് കണ്ടെത്തിയ ബൂര്‍ഷ്വാസീസ് ക്രൂരതകള്‍ എന്തെല്ലാം എന്ന് നോക്കാം.
(1) കവിയും ശാസ്ത്രജ്ഞനും പുരോഹിതനും തുടങ്ങി എല്ലാവിധ തൊഴിലുകളും ക്യാപിറ്റലിസറ്റ് വ്യവസ്ഥയില്‍ ശമ്പളം വാങ്ങുന്ന തൊഴിലുകള്‍ ആയി മാറുന്നു.
(2) ഉത്പാദന രീതികള്‍ ക്യാപിറ്റലിസ്റ്റ് വ്യവസ്ഥയില്‍ നിരന്തരം മാറ്റത്തിന് വിധേയമാകുന്നു.
(3) രാജ്യത്ത് നിലനിന്നിരുന്ന വ്യവസായങ്ങളെ നശിപ്പിക്കുകയും പകരം പുതിയ വ്യവസായങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു
(4) ബാര്‍ബറിയന്‍സ് ആയി ജീവിച്ചിരുന്ന ജനതകളെ നാഗരികതയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു.
(5) ഗ്രാമങ്ങള്‍ നഗരങ്ങളായും , ചെറിയ നഗരങ്ങള്‍ വലിയ നഗരങ്ങള്‍ ആയും മാറ്റപ്പെടുന്നു.
(6) മുന്‍പ് കണ്ടിട്ടില്ലാത്ത തരത്തില്‍ സാങ്കേതിക വിദ്യ (Technology) വളരെ വേഗം വളരുന്നു.
യഥാര്‍ത്ഥത്തില്‍ നമ്മള്‍ ഇന്നീ കാണുന്ന പുരോഗതിയുടെയും തുടക്കമാണ് ആണ് മുകളില്‍ വിശദീകരിച്ചത്. പക്ഷേ അത് മനസ്സിലാക്കാനുള്ള ദീര്‍ഘവീക്ഷണം മാക്‌സിന് ഇല്ലാതായിപ്പോയി എന്നുമാത്രമല്ല, എന്തോ വലിയ രാക്ഷസ സമാനമായ നാശത്തിലേക്കുള്ള വഴിയാണ് മാര്‍ക്‌സ് ക്യാപിറ്റലിസത്തിന്റെ തുടക്കത്തെ കണ്ടത്. വിലക്കുറവും, സ്വതന്ത്ര വിപണിയും തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ച് നിലനിന്ന എല്ലാ വ്യവസ്ഥകളും ക്യാപിറ്റലിസം തച്ചുടക്കുന്നതായി ആണ് മാര്‍ക്‌സ് മനസിലാക്കിയത്.
മാര്‍ക്‌സിസത്തില്‍ അടിമുടി പിശകുകള്‍
മാര്‍ക്‌സിനെ ധാരണ പിശകുകള്‍ അവിടെ കൊണ്ട് തീരുന്നില്ല. ക്യാപിറ്റലിസ്റ്റുകളുടെ വിജയം അധികനാള്‍ നീണ്ടു നില്‍ക്കില്ല എന്ന് മാര്‍ക്‌സ് പ്രവചിക്കുന്നു. അതിവേഗത്തില്‍ വളരുന്ന ക്യാപിറ്റലിസ്റ്റ് വ്യവസ്ഥയും അതിന്റെ ഫലമായുണ്ടായ നാഗരികതയും വ്യവസ്ഥയുടെ തന്നെ ആന്തരിക പ്രശ്‌നങ്ങളാല്‍ തകരുമെന്ന് മാര്‍ക്‌സ് പ്രവചിക്കന്നു. അമിത ഉല്‍പ്പാദനമാണ് ആണ് ഈ നാശത്തിനു കാരണമായി മാര്‍ക്‌സ് ചൂണ്ടിക്കാട്ടുന്നത്. ഒടുവില്‍ അത് ക്യാപിറ്റലിസ്റ്റുകളുടെ തന്നെ നാശത്തിനു കാരണമാകുന്നു. ഒപ്പം തൊഴിലാളി വര്‍ഗ്ഗത്തിനും നാശം സംഭവിക്കുന്നു.
സാമ്പത്തിക ശാസ്ത്രം വേണ്ട രീതിയില്‍ മനസിലാക്കാന്‍ കഴിയാത്തതിനാലാണ് മാര്‍ക്‌സ് ഇങ്ങനെ ഒരു പ്രവചനം നടത്തുന്നത്. ലാഭക്കൊതി മാത്രമാണ് ക്യാപിറ്റലസത്തെ മുന്നോട്ട് നയിക്കുന്നത് എന്ന് മാര്‍ക്‌സ് തെറ്റിദ്ധരിച്ചു. ലാഭം പോലെ തന്നെ പ്രധാനമായ കാര്യം ആണ് നഷ്ടം. അത് പോലെ തന്നെ സപ്ലൈ ആന്‍ഡ് ഡിമാന്‍ഡ്. മനുഷ്യന്റെ ആവശ്യങ്ങള്‍ മാര്‍ക്‌സ് വിചാരിച്ചത് പോലെ പരിമിതമല്ല. അത് പോലെ തന്നെ ഉത്പാദന സേവനങ്ങളും കാലത്തിന് അനുസരിച്ച് മാറിക്കൊണ്ടിരിക്കും.
മാര്‍ക്‌സ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതുന്ന സമയത്ത് ഓട്ടോമൊബൈല്‍ ഇന്‍സസ്ട്രി പോലും നിലവില്‍ ഇല്ല. സാങ്കേതിക വിദ്യ കുതിക്കുന്നു എന്നൊക്കെ അദ്ദേഹം പരാതിപ്പെടുന്നെങ്കിലും ഇന്നത്തെ അപേക്ഷിച്ച് എത്ര മാത്രം ശുഷ്‌കിച്ച അവസ്ഥ ആയിരുന്ന് അന്നത്തെ കാലത്ത് ടെക്ക്‌നോളജി എന്ന് നമുക്കറിയാം. അമിത ഉത്പാദനത്തിനത്തിലൂടെ നശിക്കുന്നതിന് പകരം സ്വയം പരിവര്‍ത്തനം നടത്തി പുതിയ ഉത്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കാന്‍ ക്യാപിറ്റലസത്തിന് കഴിഞ്ഞു.
ചൂഷണം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്ന ചിത്രം കുറഞ്ഞ കൂലിക്ക് അധികസമയം ജോലി ചെയ്യുന്ന തൊഴിലാളിയാണ്. എന്നാല്‍ മാര്‍ക്‌സ് പറയുന്നത് ക്യാപിറ്റല്‍ കയ്യിലുള്ള ബൂര്‍ഷ്വാസിയുടെ കീഴില്‍ തൊഴില്‍ എടുക്കുന്നത് പോലും ചൂഷണമാണെന്നാണ്.
മുതലാളിത്തത്തില്‍ തൊഴിലാളിക്ക് അവന്റെ ചേതന നഷ്ടപ്പെട്ടിരിക്കുന്നു എന്ന് മാര്‍ക്‌സ് അപലപിക്കുന്നു. ഒരു ഉല്‍പ്പന്നത്തിന്റെ വില എന്ന് പറയുന്നത് അധ്വാനത്തിന്റെ വില മാത്രമാണ്. വിലകൂട്ടി ലാഭം നേടുക വഴി തൊഴിലാളിയുടെ അധ്വാനത്തിനെ മുതലാളി ചൂഷണം ചെയ്യുന്നു. അങ്ങനെ വരുമ്പോള്‍ ലാഭം നേടുന്ന മുതലാളിയുടെ കീഴില്‍ മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങള്‍ ഉണ്ടെങ്കിലും ഉയര്‍ന്ന കൂലി ഉണ്ടെങ്കിലും അവന്റെ അധ്യാനത്തിന്റെ ഒരു പങ്ക് മുതലാളി നേടുന്നതിനാല്‍ അത് ചൂഷണമായി മാറും.
മെച്ചപ്പെട്ട സാങ്കേതിക വിദ്യ, ഡിവിഷന്‍ ഓഫ് ലേബര്‍ ഒക്കെ തന്നെയും സമ്പദ് വ്യവസ്ഥയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമെങ്കിലും, പക്ഷേ അത് തൊഴിലാളികളുടെ യാതന കുട്ടുകയയേ ഉള്ളു. മുതലാളിത്ത വ്യവസ്ഥയില്‍ തൊഴിലാളിക്ക് അവന്റെ ചേതന നഷ്ട്ടപ്പെട്ടിരിക്കുന്നു. മാര്‍ക്‌സ് അപലപിക്കുന്നു.ചൂഷണത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം? സംഘടിക്കുക.
തൊഴിലാളികള്‍ സംഘടിച്ച് ശക്തരാകുക. തൊഴിലാളികള്‍ അവരുടെ വര്‍ഗ്ഗത്തിന് (working class) നേരിടുന്ന ചൂഷണത്തെ പറ്റി ബോധവാന്മാര്‍ ആകുക. ആദ്യഘട്ടത്തില്‍ ചെറിയ ട്രേഡ് യൂണിയന്‍ രൂപികരിച്ചു ബൂര്‍ഷ്വാസികളെ നേരിടുക. ഇത് സംഘര്‍ഷത്തിലേക്ക് നയിച്ചേക്കാം. കലാപങ്ങള്‍ ഉണ്ടായേക്കാം. ഇത് കൂലി വര്‍ധിപ്പിക്കാന്‍ മുതലാളിയെ നിര്‍ബന്ധിതനക്കും. പക്ഷേ അത് താത്കാലിക വിജയം മാത്രമാണ്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിജയത്തിനായി ട്രേഡ് യൂണിയന്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് സംഘടിപ്പിക്കുക. ബൂര്‍ഷ്വാസി സൃഷ്ടിച്ച പുതിയ ആശയ വിനിമയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് വര്‍ഗ ബോധം കൂടുതല്‍ സ്ഥലങ്ങളിലേക്ക് പ്രചരിപ്പിക്കുക. അങ്ങനെ ബൂര്‍ഷ്വയുടെ വടി കൊണ്ട് അവരെ തന്നെ അടിക്കുക.
രാജ്യം മുഴുവന്‍ ഉള്ള തൊഴിലാളികള്‍ ഒരുമിക്കുകയും മുതലാളികളെയും മുതലാളിതത്തെയും വേരോടെ പിഴുതുറയുകയും ചെയ്യുക. ഇതാണ് തൊഴിലാളികളുടെ യഥാര്‍ത്ഥ ലക്ഷ്യം. പക്ഷേ ഇതിന് ഏറ്റവും വലിയ തടസം തൊഴിലാളികള്‍ തമ്മിലുള്ള മല്‍സരം ആണ്. ആ മല്‍സരം മുന്നേറ്റം തടയും. പക്ഷേ വീണ്ടും ശക്തമായി തൊഴിലാളികള്‍ സംഘടിക്കുക. തൊഴിലാളി വര്‍ഗത്തിന്റെ സര്‍വാധിപത്യത്തിലേക്ക് എത്തിച്ചേരുക. മതം, നിയമം, ധാര്‍മ്മികത തുടങ്ങി ബൂര്‍ഷ്വാസികള്‍ മുന്നോട്ട് വെക്കുന്ന എന്തും ഉപേക്ഷിക്കാന്‍ മാര്‍ക്‌സ് തൊഴിലാളി വര്‍ഗത്തോട് ആവശ്യപ്പെടുന്നു.
മനുഷ്യനെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട മാര്‍ക്‌സ്
മുകളില്‍ പറയുന്ന വിപ്ലവ സാഹിത്യം വായിക്കുന്ന ഏത് ശരാശരി തൊഴിലാളിയുടെയും ചോര തിളക്കുമെന്നതില്‍ സംശയമില്ല. പക്ഷേ മനുഷ്യനെ ശരിക്കും മനസിലാക്കുന്നതില്‍ മാര്‍ക്‌സ് പരാജയപ്പെട്ടു. മിഡില്‍ ക്ലാസിനെ മാര്‍ക്‌സ് പരിപൂര്‍ണമായും അവഗണിച്ചു. തൊഴിലാളികള്‍ക്ക് ഇടയിലുള്ള മല്‍സരം മനസിലാക്കിയ മാര്‍ക്‌സ് അതേ മല്‍സരം ബൂര്‍ഷ്വാസികളുടെ ഇടയിലും സംഭവിക്കാം എന്നത് ഓര്‍ത്തില്ല. ആ മല്‍സരം ആണ് മാര്‍ക്‌സ് പ്രവചിച്ച ക്യാപിറ്റലസത്തിന്റെ നാശം തടയുന്നത്.
തൊഴിലാളി വര്‍ഗത്തില്‍ നിന്നു ഉയര്‍ന്നു വരുന്ന മറ്റ് പാര്‍ട്ടികളെ അപേക്ഷിച്ച് കമ്യൂണിസ്റ്റുകളെ വ്യത്യസ്തരാക്കുന്ന രണ്ട് കാര്യങ്ങള്‍ മാര്‍ക്‌സ് മുന്നോട്ട് വെക്കുന്നു.
(1) ബൂര്‍ഷ്വകളുമായുള്ള തൊഴിലാളി സംഘര്‍ഷങ്ങളില്‍, തൊഴിലാളി വര്‍ഗത്തിന്റെ മൊത്തത്തിലുള്ള താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാടുകള്‍ സീകരിക്കുക. (മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഏതെങ്കിലും ഒരു സ്ഥലത്ത് മുതലാളിയും തൊഴിലാളികളും തമ്മില്‍ പരസ്പര സഹകരണം ഉടലെടുത്താല്‍ മൊത്തം വര്‍ഗത്തിന് വേണ്ടി താല്‍കാലിക വിജയങ്ങള്‍ക്ക് തടസം നില്‍ക്കുക )
(2) അന്ത്യമ ലക്ഷ്യത്തിനായി (തൊഴിലാളി വര്‍ഗ സര്‍വാധിപത്യം) നിരന്തരം പ്രവര്‍ത്തിക്കുക.
നമ്മുടെ ചുറ്റും കമ്യൂണിസ്റ്റ് ആണെന്ന് അവകാശപ്പെടുന്നവരെ മാര്‍ക്‌സ് പറഞ്ഞ ഈ ലക്ഷ്യങ്ങള്‍ വെച്ച് അളന്നു നോക്കിയാല്‍ എന്താകും ഫലം എന്ന് ചിന്തിക്കുക.
Abolition of Private Property: സ്വകാര്യ സ്വത്തിന്റെ ഉന്‍മൂലനം. മാര്‍ക്‌സിസത്തിലെ ഏറ്റവും പ്രധാനമായ ആശയമാണിത്. എന്താണ് സ്വകാര്യ സ്വത്ത്. ഒരു കര്‍ഷകന്റെയോ സാധാരണക്കാരന്റെയോ കൈവശമുള്ള ഭൂമി സ്വകാര്യ സ്വത്ത് ആയി കാണാന്‍ കഴിയില്ല. പക്ഷേ തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ആയി മുതലാളി ഉപയോഗിക്കുന്ന മൂലധനം (Capital) -അതാണ് മാര്‍ക്‌സിസത്തില്‍ സ്വകാര്യ സ്വത്ത്.
തൊഴിലാളികള്‍ അധികാരം നേടി കഴിഞ്ഞാല്‍ ആദ്യം ചെയ്യേണ്ടത് ഈ സ്വകാര്യ സ്വത്ത് സ്വന്തമാക്കുക എന്നതാണ്. മാര്‍ക്‌സിന്റെ അഭിപ്രായത്തില്‍ മൂലധനം ഒരു പൊതു സ്വത്ത് ആണ്. അത് കുറച്ചു പേരിലേക്ക് ചുരുങ്ങുമ്പോള്‍ അതിന്റെ സോഷ്യല്‍ ക്യാരക്റ്റര്‍ നഷ്ടപെടുന്നു. ക്യാപിറ്റലിന്റെ സോഷ്യല്‍ ക്യാരക്ടര്‍ വീണ്ടെടുക്കുക ആണ് സോഷ്യലിസ്റ്റ് ദൗത്യം.
മാര്‍ക്‌സിന്റെ വ്യക്തി അധിക്ഷേപങ്ങള്‍
മനുഷ്യരെ മനസിലാക്കാന്‍ മാര്‍ക്‌സ് പരാജയപ്പെട്ടതിന്റെ മറ്റൊരു ഉദാഹരണമാണ് ബൂര്‍ഷ്വാസികള്‍ക്ക് നേരെ അദ്ദേഹം നടത്തുന്ന വ്യക്തി അധിക്ഷേപങ്ങള്‍. പണമുള്ളവന്‍ അധാര്‍മ്മികമായ ജീവിതമായിരിക്കും എന്ന മാര്‍ക്‌സിയന്‍ വിമര്‍ശനത്തിന്റെ തുടര്‍ച്ച ഇരുപൊത്തൊന്നാം നൂറ്റാണ്ടിലെ രാഷ്ട്രീയത്തില്‍ വരെ കാണാനാവും.
തൊഴിലാളികള്‍ വിപ്ലവത്തിലൂടെ അധികാരം നേടി കഴിഞ്ഞാല്‍ സ്റ്റേറ്റിന്റെ ആദ്യ ഉത്തരവാദിത്തങ്ങള്‍ മാര്‍ക്‌സ് വിശദീകരിക്കുന്നു. വളരെ വേഗത്തില്‍ രാജ്യത്തെ വ്യവസായ മേഖലയുടെ വളര്‍ച്ചയാണ് ആദ്യത്തെ ലക്ഷ്യം. കുടിയേറ്റക്കാരുടെ സ്വത്തുക്കള്‍ കണ്ട് കെട്ടണം. ഗതാഗതം, കമ്യൂണിക്കേഷന്‍, ബാങ്കുകള്‍ എല്ലാം സ്റ്റേറ്റിന്റെ അധീനതയില്‍ ആയിരിക്കണം. പാരമ്പര്യമായി കിട്ടിയ എല്ലാ അവകാശ അധികാരങ്ങളും ഉന്‍മൂലനം ചെയ്യണം.
ഇതാണ് സോഷ്യലിസം. സോഷ്യലിസത്തില്‍ രാഷ്ട്രീയ അധികാരം സ്റ്റേറ്റില്‍ നിക്ഷിപ്തമായിരിക്കുന്നു. ആ സ്റ്റേറ്റ് തൊഴിലാളി വര്‍ഗത്തിന് വേണ്ടി അവര്‍ സൃഷ്ടിച്ചതാണ്. മറ്റു വര്‍ഗങ്ങള്‍ക്ക് തൊഴിലാളിയായി മാറാന്‍ തയ്യാറായാല്‍ മാത്രം സോഷ്യലിസ്റ്റ് സമുഹത്തില്‍ നിലനില്‍ക്കാം.
പക്ഷേ മാര്‍ക്‌സ് സോഷ്യലിസത്തെ ഒരു ഇടത്താവളമായാണ് കണ്ടത്. തൊഴിലാളികള്‍ അധികാരം നേടിയ കുറച്ചു കാലം സോഷ്യലിസ്റ്റ് സ്റ്റേറ്റിന് പ്രസക്തിയുണ്ട്. പക്ഷേ അന്ത്യമലക്ഷ്യം കമ്യൂണിസം ആണ്. കമ്യൂണിസ്റ്റ് സമൂഹത്തില്‍ സ്റ്റേറ്റ് ഇല്ല. അവിടെ വില്‍പനയും വാങ്ങലും ഇല്ല, അതിനാല്‍ തന്നെ പണം ആവശ്യമില്ല. പണം ഇല്ലാത്തതിനാല്‍ ചൂഷണവും ഇല്ല. സമുഹം മൊത്തത്തില്‍ അവര്‍ക്കുള്ള ആവശ്യങ്ങള്‍ തീരുമാനിക്കുന്നു. സമൂഹം മൊത്തത്തില്‍ ഉത്പാദനം നടത്തി തുല്യമായി പങ്കു വെക്കുന്നു.
മുകളില്‍ പറഞ്ഞ നിര്‍വചനം വെച്ച് പരിശോധിച്ചാൽ ഇന്ന് ലോകത്ത് ഒരു രാജ്യവും കമ്യൂണിസ്റ്റ് അല്ല. ഒരിക്കലും അങ്ങനെയുള്ള രാജ്യങ്ങള്‍ ഉണ്ടായിട്ടുമില്ല. ചില സോഷ്യലിസ്റ്റ് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് മാത്രം. മതം മുന്നോട്ട് വെക്കുന്ന സ്വര്‍ഗ ജീവിതത്തിന് സമാനമാണ് മാര്‍ക്‌സ് വിഭാവനം ചെയ്യുന്ന കമ്യൂണിസ്റ്റ് ഉട്ടോപ്യ. വ്യവസായ വിപ്ലവകാലത്തെ തൊഴിലാളിയുടെ പ്രശ്‌നങ്ങളെ മനസിലാക്കുകയും അത് സമൂഹത്തില്‍ അവതരിപ്പിക്കുകയും ചെയ്തിടത്ത് മാര്‍ക്‌സിന് പ്രസക്തി ഉണ്ട്. പക്ഷേ പരിഹാരമായി മാര്‍ക്‌സ് മുന്നോട്ട് വെക്കുന്നത് ഒന്നും മനുഷ്യന്റെ സ്വഭാവിക പെരുമാറ്റത്തിനോ, പ്രകൃതി നിയമങ്ങള്‍ക്കോ, സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന നിയമങ്ങള്‍ക്കോ ചേര്‍ന്നതല്ല.
മാര്‍ക്‌സ് കേരളത്തില്‍ എത്തിയാല്‍
മാര്‍ക്‌സ് ടൈം ട്രാവല്‍ നടത്തി 2022 ല്‍ തിരുവനന്തപുരം നഗരത്തില്‍ എത്തി എന്ന് കരുതുക. കേരളം ഭരിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി ആന്നെന്ന് അറിയുമ്പോള്‍ അദ്ദേഹം സന്തോഷിക്കും. പക്ഷേ പിന്നീട് കാണുന്ന കാഴ്ചകള്‍ കണ്ട് മാര്‍ക്‌സ് ബോധം കെട്ടു വീഴും. പണം ഇല്ലാതായില്ല എന്ന് മാത്രമല്ല, പണത്തിന്റെ സമ്പൂര്‍ണ സ്വാധീനം കണ്ട് അയാള്‍ക്ക് തല കറങ്ങും.
കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ കാണാന്‍ അദ്ദേഹത്തിന് കഴിയില്ല. കേരളത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ്, മറ്റൊരു രാജ്യത്തെ ബൂര്‍ഷ്വാസികളെ സ്വന്തം നാട്ടിലേക്ക് ക്ഷണിക്കാന്‍ ഗള്‍ഫ് ടൂറിലാണ്. അവിടെ കേരളത്തിലെ ഏറ്റവും വലിയ മുതലാളി, മുഖ്യമന്ത്രിയെ അനുമോദിച്ച് പ്രസംഗിക്കുന്നുണ്ട്. പെറ്റി ബൂര്‍ഷകളെ തട്ടി നടക്കാന്‍ വയ്യാതെ മാര്‍ക്‌സ് ടെക്ക്‌നോപാര്‍ക്കില്‍ എത്തും. ചൂഷണം ചൂഷണം എന്ന് ഉറക്കെ വിളിച്ചു പറഞ്ഞിട്ടും അവിടുത്തെ തൊഴിലാളികള്‍ ഒന്നും മൈന്‍ഡ് ചെയ്യുന്നില്ല. ഗള്‍ഫില്‍ തൊഴിലാളിയും നാട്ടില്‍ ബൂര്‍ഷ്വയുമായി മാറുന്ന മനുഷ്യര്‍. ഒടുവില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്‌റ്) എന്ന് എഴുതിയിക്കുന്ന കൊടിയില്‍ മാര്‍ക്‌സ് ഇങ്ങനെ എഴുതും – “അല്ല, ഇത് എന്റെ അല്ല… എന്റെ കമ്യൂണിസം ഇങ്ങനെയല്ലാ”