ഒരു കാലത്ത് സിമന്റ് കിട്ടണമെങ്കില്‍ തഹസില്‍ദാര്‍ക്ക് അപേക്ഷ കൊടുക്കണമായിരുന്നു; പക്ഷേ ഇന്നോ? അതാണ് നരസിംഹറാവു കൊണ്ടുവന്ന രക്തരഹിതവിപ്ലവം – സജീവ് ആല എഴുതുന്നു


കടുത്ത എതിര്‍പ്പുകളും അപവാദങ്ങളും വിഷലിപ്ത പ്രചരണങ്ങളും മറികടന്നാണ് ഭാരതത്തെ ആഗോളവല്‍ക്കരണത്തിന്റെ വികസന പാതയിലേക്ക് നരസിംഹറാവു നയിച്ചത്. ഇന്നിപ്പോള്‍ അമേരിക്കന്‍ ഫൈസര്‍ കമ്പനി കോവിഡ് വാക്‌സിനുമായി രാജ്യത്തിന്റെ വാതിലില്‍ അനുവാദത്തിനായി കാത്തുനില്ക്കുന്നു. കമ്പോളത്തെ ഭയക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ കുത്തകവത്ക്കരണത്തിന്റെ വക്താക്കള്‍. Siege the headquarters ജനാധിപത്യ വിരുദ്ധരുടെ മുദ്രാവാക്യമാണ്. മറ്റെല്ലാ മേഖലകളിലും ഉദാരവല്‍ക്കരണം വേണം അതിന്റെ എല്ലാ സൗകര്യങ്ങളും സൗഭാഗ്യങ്ങളും വേണം പക്ഷെ ഞങ്ങളുടെ സ്വന്തം തട്ടകത്തില്‍ ഞങ്ങളല്ലാതെ മറ്റാരും പാടില്ല. കര്‍ഷകസമരക്കാരുടെ വാദവും ഇതുതന്നെയാണ് – സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റ് സജീവ് ആലയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

ള്‍ഫില്‍ നിന്ന് അവധിക്ക് വന്ന ഇസ്മായില്‍ നാട്ടുകാരനായ തഹസില്‍ദാരെ കാണാന്‍ വീട്ടിലെത്തി.

പളപള മിന്നുന്ന ഷര്‍ട്ടും പാന്റ്‌സും കൂളിംഗ് ഗ്ലാസും ഒക്കെ ധരിച്ച് ബുള്ളറ്റില്‍ വന്നിറങ്ങിയ ഇസ്മായിലിന് ഒരൊറ്റ അപേക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാപ്പ ഒരു പുതിയ തൊഴുത്ത് ഉണ്ടാക്കുന്നു. അതിനൊരു നാല്പത് ചാക്ക് സിമന്റ് വേണം. തഹസില്‍ദാര്‍ സാര്‍ കനിയണം. ഒരു ഇരുപത് ചാക്ക് ഒപ്പിച്ച് തരാമെന്ന് വാഗ്ദാനം നല്കി തഹസില്‍ദാര്‍ ഇസ്മായിലിനെ പറഞ്ഞയച്ചു. എണ്‍പതുകളില്‍ ഇറങ്ങിയ ‘അക്കരെ’ എന്ന സിനിമയിലാണ് പുതുതലമുറയ്ക്ക് അവിശ്വസനീയമായി തോന്നാവുന്ന ഈ രംഗം ഉള്ളത്.

ഒരു കാലത്ത് വീട് പണിയണമെങ്കില്‍, കടമുറി പണിയണമെങ്കില്‍, സിമന്റ് കിട്ടണമെങ്കില്‍ തഹസില്‍ദാര്‍ക്ക് അപേക്ഷ കൊടുക്കണമായിരുന്നു. അമ്പത് ചാക്ക് ചോദിച്ചാല്‍ പത്ത് ചാക്ക് കിട്ടും. ഉദ്യോഗസ്ഥര്‍ അഴിമതിക്കാരണെങ്കില്‍ കൈമടക്ക് കൊടുത്ത് എളുപ്പത്തില്‍ കാര്യം സാധിക്കാനുമാവുമായിരുന്നു. ഇതായിരുന്നു ലൈസന്‍സ് രാജ് ഇന്ത്യ. ഇന്ന് സിമന്റ് കമ്പനികള്‍ കോടികള്‍ പരസ്യം നല്‍കി ഉപഭോക്താക്കളെ വശീകരിച്ച് വിപണി പിടിക്കാന്‍ പെടാപ്പാട് പെടുന്നു. ഇതാണ് നരസിംഹ റാവു കൊണ്ടുവന്ന രക്തരഹിതവിപ്ലവം.

കുബേരന്മാരുടെ ധാര്‍ഷ്ട്യമായിരുന്ന ടെലിവിഷന്‍ ഇന്ന് വെറും സാധാരണ വസ്തുവായി മാറിയിരിക്കുന്നു. ദൂരദര്‍ശന്‍ മാത്രം കണ്ട് മുരടിച്ചിരുന്നവരുടെ വിരല്‍ത്തുമ്പില്‍ ഇന്ന് ബിബിസിയും സിഎന്‍എനും അല്‍ ജസീറയും നാഷണല്‍ ജോഗ്രഫിക്കും ഏഷ്യാനെറ്റും കിരണ്‍ ടിവിയും മറ്റ് നൂറുകണക്കിന് ചാനലുകളും ഓടിക്കളിക്കുന്നു. ഒരു ലാന്‍ഡ് ഫോണ്‍ കണക്ഷന്‍ കിട്ടാനായി ടെലികോം ഓഫീസുകളില്‍ മനുഷ്യര്‍ കയറിയിറങ്ങി കൈകൂപ്പി നടന്നൊരു കാലമുണ്ടായിരുന്നു. മാധ്യമ അപ്രമാദിത്വം അവസാനിപ്പിച്ച് ഓരോ വ്യക്തിയും ഫേസ്ബുക്കില്‍ ലേഖകനായി അവരുടെ അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, വിയോജിപ്പുകള്‍, എല്ലാം രേഖപ്പെടുത്തുന്നു.ലോകത്ത് ഏതു കോണിലുമുള്ള മികച്ച ഉല്‍പ്പന്നങ്ങള്‍ ഇന്ന് ഇന്ത്യന്‍ വിപണി പിടിക്കാനായി മത്സരിക്കുന്നു.

ഉപഭോക്താവാണ് രാജാവ് എന്ന നിലയിലേക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വിശാലമായി മാറിയിരിക്കുന്നു. പക്ഷെ ഇപ്പോഴും പഴയ ലൈസന്‍സ് രാജ് സ്വപ്നം കാണുന്ന ചില കാലാഹരണപ്പെട്ട ചിതല്‍പ്പുറ്റുകള്‍ നാട്ടിലുണ്ട്. കുത്തകകള്‍ മുതലാളിത്തം സാമ്രാജ്യത്വം തുടങ്ങിയ പദങ്ങള്‍ ഭൂതകാലത്തിന്റ ഏതോ ഇരുണ്ട ഗുഹയില്‍ കൂനിക്കൂടിയിരുന്ന് അവര്‍ ഭ്രാന്തമായി വിളിച്ചുകൂവുന്നു. പക്ഷെ മനുഷ്യകുലം മുന്നോട്ട് തന്നെ സഞ്ചരിക്കും.

മണല്‍ത്തരികളെ സ്വര്‍ണ്ണത്തരികളാക്കി മാറ്റാനുള്ള സ്വകാര്യവ്യക്തികളുടെ ഇച്ഛാശക്തിയാണ് സ്വതന്ത്ര കമ്പോള സമ്പദ്ഘടനയുടെ ഇന്ധനം. ഭയത്തിന്റെ അവിശ്വാസത്തിന്റെ ചങ്ങലക്കൂട്ടില്‍ സമൂഹത്തെ കുടുക്കിലാക്കാന്‍ ശ്രമിക്കുന്ന കുബുദ്ധികള്‍ മനുഷ്യന്റെ സ്വപ്നങ്ങളും മോഹങ്ങളും മരവിപ്പിച്ചു നിര്‍ത്തുന്ന അടഞ്ഞ സിസ്റ്റത്തിനായി വാദിക്കുന്നു. വാതിലുകളും ജനലുകളും തുറന്നിട്ട ജനസമൂഹങ്ങള്‍ മാത്രമാണ് പുരോഗതിയുടെ വെളിച്ചത്തിന്റെ പ്രഭാവാഹകരായി മാറിയിട്ടുള്ളത്.

കടുത്ത എതിര്‍പ്പുകളും അപവാദങ്ങളും വിഷലിപ്ത പ്രചരണങ്ങളും മറികടന്നാണ് ഭാരതത്തെ ആഗോളവല്‍ക്കരണത്തിന്റെ വികസന പാതയിലേക്ക് നരസിംഹറാവു നയിച്ചത്. ഇന്നിപ്പോള്‍ അമേരിക്കന്‍ ഫൈസര്‍ കമ്പനി കോവിഡ് വാക്‌സിനുമായി രാജ്യത്തിന്റെ വാതിലില്‍ അനുവാദത്തിനായി കാത്തുനില്ക്കുന്നു. കമ്പോളത്തെ ഭയക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ കുത്തകവത്ക്കരണത്തിന്റെ വക്താക്കള്‍. Siege the headquarters ജനാധിപത്യ വിരുദ്ധരുടെ മുദ്രാവാക്യമാണ്.

മറ്റെല്ലാ മേഖലകളിലും ഉദാരവല്‍ക്കരണം വേണം അതിന്റെ എല്ലാ സൗകര്യങ്ങളും സൗഭാഗ്യങ്ങളും വേണം പക്ഷെ ഞങ്ങളുടെ സ്വന്തം തട്ടകത്തില്‍ ഞങ്ങളല്ലാതെ മറ്റാരും പാടില്ല. കര്‍ഷകസമരക്കാരുടെ വാദവും ഇതുതന്നെയാണ്. Reform or perish മോഡേണിസത്തിന്റെ മുദ്രാവാക്യം എന്നും എവിടെയും ഒന്നുതന്നെയാണ്. സ്വയം പരിഷ്‌ക്കരിക്കാനുള്ള തുറസ്സുകള്‍ നിലനിര്‍ത്തുന്ന ഏത് സിസ്റ്റവും കാലത്തെ അതിജീവിക്കും. ജനാധിപത്യവും സ്വതന്ത്ര വിപണിയും കൈകോര്‍ത്ത് മുന്നോട്ട് പോകുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല .


Leave a Reply

Your email address will not be published. Required fields are marked *