തൈരും മീന്‍കറിയും ഒരുമിച്ചു കഴിക്കാമോ; മോരും രസവും ഒന്നിച്ച് കഴിക്കാന്‍ പാടുണ്ടോ; വിരുദ്ധാഹാരത്തിന്റെ ശാസ്ത്രീയവശം എന്താണ്? – ഡോ അഗസ്റ്റസ് മോറിസ്


‘നമ്മുടെ ശരീരം കൊഴുപ്പിനെയും അന്നജത്തെയും, മാംസ്യതന്മാത്രയെയും, അതേ രീതിയില്‍ വലിച്ചെടുക്കില്ല. നിങ്ങള്‍ എന്തു വേണേലും കഴിച്ചോളൂ, അത് ആമാശയത്തില്‍ ചെന്നാല്‍ അതിന്റെ ഘടകങ്ങളായിട്ട് വേര്‍തിരിയും. അപ്പോള്‍ ചിലരു പറയും, ഈ രണ്ടു സാധനങ്ങള്‍ ഒരുമിച്ചു കഴിക്കാന്‍ പാടില്ല എന്ന്. മോരും, രസവും കഴിക്കാന്‍ പാടില്ല, മീന്‍ കറിയും, തൈരും കൂടി കൂട്ടാന്‍ പാടില്ല, ഇങ്ങനെ കുറേ കാര്യങ്ങള്‍ കേള്‍ക്കാം’-മലയാളികളുടെ മനസ്സില്‍ നിലനില്‍ക്കുന്ന ജനകീയമായ അന്ധവിശ്വാസങ്ങളില്‍ ഒന്നാണ് വിരുദ്ധാഹാരം എന്നത്. ഇതിന്റെ ശാസ്ത്രീയ വീക്ഷണം വെളിപ്പെടുത്തുകയാണ് ഡോ. അഗസ്റ്റസ് മോറിസ്. അദ്ദേഹത്തിന്റെ പ്രഭാഷണത്തിലെ പ്രസക്തമായ ഒരു ഭാഗം വായിക്കാം.

‘തൈരും മീന്‍കറിയും ഒരുമിച്ചു കഴിക്കാമോ? ഈ ചോദ്യം ഒരുപാട് തലത്തില്‍ നിന്ന് വന്നിട്ടുണ്ട്. അവരോട് തിരിച്ചു ഞാന്‍ ചോദിച്ചു, എന്തു കൊണ്ടാണ് ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നത്? അവരു പറഞ്ഞു അത് വിരുദ്ധാഹാരമാണ്. അത് അങ്ങനെ ശരിയാവില്ല. നമ്മള്‍ കഴിക്കുന്ന ഏതൊരു ഭക്ഷണത്തിലും മൂന്ന് ഘടകങ്ങളാണ്, ഒന്ന് അന്നജം അഥവാ കാര്‍ബോഹൈഡ്രേറ്റ്. അതിന്റെ അടിസ്ഥാന ഘടകമാണ് ഗ്ലുക്കോസ്, അഥവാ ഷുഗര്‍, അല്ലെങ്കില്‍ പഞ്ചസാര. രണ്ടാമത്തേത്, പ്രോട്ടീന്‍ അഥവാ മാംസ്യതന്മാത്ര. മൂന്നാമത്തേത് കൊഴുപ്പ് അഥവാ ഫാറ്റ്. നമ്മള്‍ കഴിക്കുന്ന ഏതൊരു ഭക്ഷണത്തിലുമുള്ള, കാര്‍ബോഹൈഡ്രേറ്റുകള്‍, കൊഴുപ്പ്, പ്രോട്ടീന്‍, ഇതിനെ അതിന്റെ അടിസ്ഥാന യൂണിറ്റുകളാക്കി വിഘടിപ്പിക്കത്തക്ക രീതിയിലുള്ള, രാസാഗ്‌നികള്‍ മനുഷ്യന്റെ ആമാശയത്തിലുണ്ട്. അന്നജം എന്നു പറഞ്ഞാല്‍ അത് നിരവധി പഞ്ചസാര, അല്ലെങ്കില്‍ ഗ്ലുക്കോസ് തന്മാത്രകളാല്‍ നിര്‍മ്മിതമാണ്. നിരവധി ഈര്‍ക്കിലുകള്‍ ഉപയോഗിച്ചു ഒരു ചൂല്‍ ഉണ്ടാക്കി വെച്ചിരിക്കുന്നത് പോലെ. ഓരോ ഈര്‍ക്കിലുമാണ് ചൂലിന്റെ അടിസ്ഥാന ഘടകം എന്നു പറയുന്ന പോലെ, അന്നജത്തിന്റെ അടിസ്ഥാന ഘടകം ഗ്ലുക്കോസ് തന്മാത്രകളാണ്. അതിനെ ഗ്ലുക്കോസ് തന്മാത്രകളായിട്ടു പിരിക്കുന്നു.

കൊഴുപ്പ്, അഥവാ ഫാറ്റിനെ, ഫാറ്റി ആസിഡുകള്‍ എന്നു പറയുന്ന അതിന്റെ അടിസ്ഥാന യൂണിറ്റുകളാക്കി പിരിക്കുന്നു. മാംസ്യ തന്മാത്രകള്‍ അഥവാ പ്രോട്ടീനിന്റെ അടിസ്ഥാന തന്മാത്രകള്‍ എന്താണ്? അമിനോ ആസിഡുകളാണ്. പ്രോട്ടീനെ അമിനോ അമ്ലങ്ങളായിട്ടു പിരിക്കുന്നു. നമ്മുടെ ശരീരം ഗ്ലുക്കോസ് തന്മാത്രകളെയും, ഫാറ്റി ആസിഡുകളെയും, അമിനോ ആസിഡുകളുമായിട്ടാണ് ആഗിരണം ചെയ്യുന്നത്. അല്ലാതെ കൊഴുപ്പിനെയും അന്നജത്തെയും, മാംസ്യതന്മാത്രയെയും, അതേ രീതിയില്‍ വലിച്ചെടുക്കില്ല. അതിന്റെ അടിസ്ഥാന ഘടകങ്ങളായിട്ട് വിഘടിപ്പിച്ചതിനു ശേഷം, ആ അടിസ്ഥാന ഘടകങ്ങളെ വലിച്ചെടുക്കുകയും, വീണ്ടും ശരീരത്തില്‍ കൊണ്ടുവന്നിട്ട് ഇതിനെ വീണ്ടും പ്രോട്ടീന്‍, കൊഴുപ്പ് കാര്‍ബോഹൈഡ്രേറ്റ് എന്നിവയാക്കി മാറ്റുകയും ചെയ്യുന്ന ഒരു പ്രവണതയാണ് ശരീരത്തില്‍ നടക്കുന്നത്. നിങ്ങള്‍ എന്തു വേണേലും കഴിച്ചോളൂ, അത് ആമാശയത്തില്‍ ചെന്നാല്‍ അതിന്റെ ഘടകങ്ങളായിട്ട് വേര്‍തിരിയും.

അപ്പോള്‍ ചിലരു പറയും, ഈ രണ്ടു സാധനങ്ങള്‍ ഒരുമിച്ചു കഴിക്കാന്‍ പാടില്ല എന്ന്. അങ്ങിനെ കഴിക്കാന്‍ പാടില്ല എന്നു പറയുന്നവരോട് നിങ്ങള്‍ ചോദിക്കേണ്ടത്, ടോക്‌സിക്കോളജി അഥവാ വിഷസങ്കലനശാസ്ത്രം ഇത്രയും അധികം വികാസം പ്രാപിച്ച ഈയൊരു കാലഘട്ടത്തില്‍, നിങ്ങള്‍ തൈരും മീന്‍കറിയും കൂടെ കഴിച്ചു നോക്കുക. അത് വയറ്റിലേക്ക് ചെന്നു, കുറച്ചു കഴിഞ്ഞു ടെസ്റ്റ് ചെയ്ത് നോക്കുക അതില്‍ ഹാനികരമായിട്ടുള്ള ഏതെങ്കിലും പുതിയ സംയുക്തങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്ന്? അങ്ങനെയൊന്നും ഇല്ലായെങ്കില്‍, പിന്നെ എന്തിനാണ് ഈ അനാവശ്യമായിട്ടുള്ള ഭീതി വരത്തക്കരീതിയില്‍ ഇത്തരം വിഡ്ഢിത്തരങ്ങള്‍ അടിച്ചു വിടുന്നത്?

മോരും, രസവും കഴിക്കാന്‍ പാടില്ല, മീന്‍ കറിയും, തൈരും കൂടി കൂട്ടാന്‍ പാടില്ല, ഇങ്ങനെ കൊറേ കാര്യങ്ങള്‍ കേള്‍ക്കാം. ഇത് നമ്മുടെ നാട്ടില്‍ മാത്രമേ ഉള്ളൂ. നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തി കഴിഞ്ഞ് അപ്പറുമോ, ഇപ്പുറമോ പോയി കഴിഞ്ഞാല്‍ അവിടൊന്നും ഈ കുഴപ്പം ഇല്ല. തെറ്റിദ്ധാരണ ഉളവാക്കുന്ന ഒരുപാട് നാട്ടറിവുകളെ മനുഷ്യരിങ്ങനെ താലോലിക്കാറുണ്ട്, പ്രത്യേകിച്ചും മലയാളികള്‍. അതിലൊരു കാര്യവുമില്ല എന്നു പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒപ്പം ആരെങ്കിലും എന്തെങ്കിലും പറയുമ്പോള്‍ ചോദിക്കുക, ഈ പറയുന്ന സംഗതികള്‍ കഴിച്ചാല്‍ വയറ്റില്‍ ചെന്ന് എന്തെങ്കിലും ഹാനികരമായ ഒരു പുതിയ പദാര്‍ത്ഥം ഉണ്ടാവുമെങ്കില്‍, നിങ്ങള്‍ അതിനെ ഒന്നു തെളിയിച്ചു കാണിക്കുകയെന്ന്.’- ഡോ അഗസ്റ്റ്‌സ് മോറിസ് വ്യക്തമാക്കി.


Leave a Reply

Your email address will not be published. Required fields are marked *