“മകന്റെ കല്യാണമാണ്, കുടുംബ സമേതം വരരുത്, പ്ലീസ്”- ഇങ്ങനെ ഒരു വിവാഹ ക്ഷണം കോവിഡ് കാലത്ത് നമ്മള്‍ കേട്ടിരിക്കാന്‍ സാധ്യത ഉണ്ട്. എന്നാല്‍ ലൈസന്‍സ് രാജ് ഇന്ത്യയില്‍ ഒരു കാലത്ത് ഇങ്ങനെ ക്ഷണിക്കാനെ കഴിയുമായിരുന്നുള്ളു. കല്യാണമായാലും മരണമായാലും ഏത് ചടങ്ങ് ആയാലും എത്ര അതിഥികള്‍ ആകാം, എത്ര രൂപ ചിലവാക്കാം, എത്ര തരത്തിലുള്ള ഭക്ഷണങ്ങള്‍ ആകാം, എത്ര മാത്രം ഭക്ഷണം ആകാം എന്നൊക്കെ ഗസ്റ്റ് കണ്‍ട്രോള്‍ ആക്റ്റ് എന്ന നിയമത്തിലൂടെ ഗവര്‍ണ്‍മന്റ് തീരുമാനം എടുത്ത സമയമാണത് – അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു.
ലൈസന്‍സ് രാജ്!
ബ്രിട്ടീഷ് രാജില്‍ നിന്ന് സ്വാതന്ത്ര്യം നേടി, പക്ഷേ ഇന്ത്യന്‍ ജനത ലൈസന്‍സ് രാജില്‍ നിന്നും സ്വതന്ത്രമായില്ല”- എന്ന് പറഞ്ഞത് രാജഗോപാലാചാരി ആണ്. നൂറ്റാണ്ടുകള്‍ ആയി നിലനിന്ന വിദേശ ആധിപത്യം ഇന്ത്യന്‍ ഗവര്‍ണ്‍മന്റിനെ വൈദേശികമായതിനെ എല്ലാം ഭയത്തോടെ കാണാന്‍ പ്രരിപ്പിച്ചു. അതോടൊപ്പം ഗവര്‍ണ്‍മന്റ് എല്ലാം നിയന്ത്രിച്ചില്ലെങ്കില്‍, സമ്പത്ത് കുറച്ചു പേരിലേക്ക് കേന്ദ്രീകരിക്കും എന്നും നമ്മളുടെ രാജ്യശില്‍പ്പികള്‍ കരുതി.
അതിന്റെ അടിസ്ഥാനത്തില്‍ എല്ലാം ഗവര്‍ണ്‍മന്റ് നിയന്ത്രിക്കുന്ന ഒരു സമ്പദ് വ്യവസ്ഥ ആയിരുന്നു ഇന്ത്യയ്ക്ക് ഉണ്ടായിരുന്നത്. പ്രധാനപ്പെട്ട വ്യവസായങ്ങള്‍ എല്ലാം പൊതു മേഖലയില്‍. സ്വകാര്യ മേഖലയ്ക്ക് അവസരം ഉള്ളിടത്ത് വലിയ തോതിലുള്ള റെഗുലേഷനും പ്രൈസ് കണ്‍ട്രോളും. അതിന്റെ കൂടെ ഗവര്‍ണ്‍മന്റ് ലൈസന്‍സും. ആര് എവിടെ എന്ത് എപ്പോള്‍ എങ്ങനെ എത്ര ഉല്‍പ്പാദിപ്പിക്കണം എന്നും അത് ഏത് വിലക്ക് വില്‍ക്കണം എന്നും ഉദ്യോഗസ്ഥര്‍ തീരുമാനിക്കുന്ന വ്യവസ്ഥ. ഇത് വലിയ രീതിയിലുള്ള അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കും കാരണമായി. ഇന്ത്യന്‍ എക്കണോമി വര്‍ഷങ്ങളോളം തളര്‍ന്നു കിടന്നു.
ലൈസന്‍സ് രാജ് കാലത്തെ മൂന്ന് വിത്യസ്ത മേഖലകളിലെ കഥകളിലൂടെ ആ കാലം എന്തായിരുന്നു എന്നും എങ്ങനെ എക്കണോമിയെയും ജനജീവിതത്തെയും അത് ബാധിച്ചു എന്നും പരിശോധിക്കാം
ഗസ്റ്റ് കണ്‍ട്രോള്‍ ആക്റ്റ്
‘മകന്റെ കല്യാണമാണ് , കുടുംബ സമേതം വരരുത് , പ്ലീസ്’- ഇങ്ങനെ ഒരു വിവാഹ ക്ഷണം കോവിഡ് കാലത്ത് നമ്മള്‍ കേട്ടിരിക്കാന്‍ സാധ്യത ഉണ്ട്.എന്നാല്‍ ലൈസന്‍സ് രാജ് ഇന്ത്യയില്‍ ഒരു കാലത്ത് ഇങ്ങനെ ക്ഷണിക്കാനെ കഴിയുമായിരുന്നുള്ളു. കല്യാണമായാലും മരണമായാലും ഏത് ചടങ്ങ് ആയാലും എത്ര അതിഥികള്‍ ആകാം, എത്ര രൂപ ചിലവാക്കാം, എത്ര തരത്തിലുള്ള ഭക്ഷണങ്ങള്‍ ആകാം, എത്ര മാത്രം ഭക്ഷണം ആകാം എന്നൊക്കെ ഗസ്റ്റ് കണ്‍ട്രോള്‍ ആക്റ്റ് എന്ന നിയമത്തിലൂടെ ഗവര്‍ണ്‍മന്റ് തീരുമാനം എടുത്ത സമയം.
പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രീ ഒരിക്കല്‍ പറഞ്ഞു- ‘ കല്യാണം ധൂര്‍ത്താകരുത്. ഒരു പാട് വിഭവങ്ങള്‍ ആവശ്യമില്ല. പാര്‍ട്ടിയും ഡിന്നറും ഒക്കെ ഒഴിവാക്കി മുണ്ട് മുറുക്കി എല്ലാവരും ജീവിക്കണം ‘. കോവിഡ് കാലത്തെ പോലെ തന്നെ പലരും നിയമം കണ്ടില്ല അറിഞ്ഞില്ല എന്ന രീതിയില്‍ വിവാഹം ഒക്കെ അവര്‍ക്ക് വേണ്ട പോലെ നടത്തി. മറ്റു ചിലര്‍ അതിഥികളുടെയും വിഭവങ്ങളുടെയും എണ്ണം കൂടി ജയിലില്‍ പോകുമോ എന്ന ഭയത്തില്‍ നിയമം പാലിച്ച് നടന്നു. പക്ഷേ ചുരുക്കം ചില കേസിലെങ്കിലും ഈ നിയമപ്രകാരം ആളുകള്‍ ശിക്ഷിക്കപെട്ടിട്ടുണ്ട്. രാജസ്ഥാനിലെ 1978 ല്‍ നടന്ന The State Of Rajasthan vs Roop Nath And Ors. on 28 November, 1978 അങ്ങനെ ഒന്നാണ്. ഒരു മരണത്തിന് നൂറിലധികം പേര്‍ പങ്കെടുത്തതിന് കേസ് രജിസ്ട്രാര്‍ ചെയ്യപ്പെട്ടു.
2017 ല്‍ ഒരു എംപി കൊണ്ടുവന്ന സ്വകാര്യ ബില്‍ ഈ നിയമത്തിന് സമാനം ആയിരുന്നു. അഞ്ച് ലക്ഷം രൂപയില്‍ കൂടുതല്‍ വിവാഹത്തിന് ചിലവാക്കുക ആണ് എങ്കില്‍ അന്‍പതിനായിരം സര്‍ക്കാരിന് കൊടുക്കണം. അത് പോലെ ഭക്ഷണ നിയന്ത്രണങ്ങളും. എന്തായാലും നിയമം നടപ്പിലായില്ല എന്നാണ് തോന്നുന്നത്. കാശ്മീരില്‍ ഒക്കെ പക്ഷേ ഇപ്പോഴും ഗസ്റ്റ് കണ്‍ട്രോള്‍ നിയമം പ്രാബല്യത്തില്‍ ഉണ്ട്.
വ്യക്തികളുടെ ജീവിതത്തില്‍ ആവശ്യമില്ലാതെ ഇടപെടുന്നത് മാത്രമല്ല, സാമ്പത്തിക ശാസ്ത്രപരമായി ഒരു മണ്ടന്‍ തീരുമാനം കൂടെ ആണ് ഗസ്റ്റ് കണ്‍ട്രോള്‍. ഒരു വിവാഹത്തിന് പണം ചിലവാകുമ്പോള്‍ ആ പണം എത്തിചേരുന്നത് വിവാഹ ആവശ്യങ്ങള്‍ക്കുള്ള പല തരത്തില്‍ ഉള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കുന്നവരിലേക്കാണ്. അവിടെ ജോലി ചെയ്യുന്ന തൊഴിലാളികളിലേക്കാണ്. പണത്തിന്റെ സ്വാഭാവികമായ ഒഴുക്കിനെയും അത് വഴി എക്കണോമി യുടെ വളര്‍ച്ചയും തടയാം എന്നതല്ലാതെ ആര്‍ക്കും ഗുണമില്ലാത്ത ഒരു നിയമം.
മാറ്റമില്ലാത്തത് അമ്പാസിഡറിന് മാത്രം
അന്‍പതുകളുടെ അവസാനം ബ്രട്ടീഷ് കമ്പിനിയായ മോറിസ് മോട്ടോഴ്‌സിന്റ മോറിസ് ഓക്‌സ്‌ഫോര്‍ഡ് സീരിസിനെ അടിസ്ഥാനമാക്കി ഹിന്ദുസ്ഥാന്‍ മോട്ടേഴ്‌സ് ഇന്ത്യയില്‍ ഇറക്കിയ അമ്പാസിഡര്‍ കാര്‍ അന്‍പത്തിയേഴ് വര്‍ഷം ലുക്കിലോ വര്‍ക്കിലോ കാര്യമായ മാറ്റമില്ലാതെ തുടര്‍ന്നു. മത്സരം ആണ് ഇന്നോവേഷന്‍ കൊണ്ടു വരുന്നത്. ഇന്നോവേഷന്‍ ഉണ്ടായാലേ മാറ്റങ്ങള്‍ വരു.ലൈസന്‍സ് രാജിന്റെ കാലത്ത് അമ്പാസിഡറിന് മറ്റു കാറുകളുമായി മത്സരം ഇല്ല. ലൈസന്‍സ് സ്വന്തമാക്കി കഴിഞ്ഞാല്‍ പിന്നെ ഗവര്‍ണ്‍മന്റ് പറയുന്ന എണ്ണം അനുസരിച്ച് നിര്‍മ്മിക്കുക. ഗവര്‍ണ്‍മന്റ് പറയുന്ന വിലയ്ക്ക് വില്‍ക്കുക.
ഗവര്‍ണ്‍മന്റ് പറയുന്നതിന് അപ്പുറം പ്രവര്‍ത്തിച്ചാല്‍ ക്രിമിനല്‍ കുറ്റം ആകുമോ എന്ന് വരെ അന്ന് സംരംഭകര്‍ ഭയന്നിരുന്നു.പേരന്റ് കമ്പിനി മോറിസ് മോട്ടേഴ്‌സിന്റെ കാറുകള്‍ മത്സരത്തിലൂടെ ബ്രിട്ടനിലും ആസ്‌ട്രേലിയയിലും ക്രമേണ രൂപമാറ്റം വന്നു കൊണ്ടിരുന്നു. ഇന്ത്യന്‍ റോഡിലെ രാജാവ് അമ്പാസിഡര്‍ ഒരിക്കലും മാറാതെ തുടര്‍ന്നു.
ലിബറലൈസേഷന്‍ കൊണ്ടുവന്ന മത്സരത്തില്‍ ഇന്ത്യയില്‍ മറ്റ് നിരവധി കാറുകള്‍ വന്നു. പല വലുപ്പത്തില്‍, നിറത്തില്‍, സൗകര്യങ്ങളില്‍ , വിലയില്‍ … മാറാതെ പിടിച്ചു നില്‍ക്കാന്‍ നോക്കിയ അംബാസിഡര്‍ 2014 ല്‍ മരിച്ചു.
വിക്‌സും റഗുലേഷന്‍ കിച്ച് കിച്ചും
വിക്‌സ് എന്ന ബ്രാന്‍ഡ് അറിയാത്തവര്‍ ആരും ഉണ്ടാകില്ല. Richardosn Merrell എന്ന ഒരു അമേരിക്കന്‍ കമ്പനിയുടെ പ്രൊഡക്റ്റ് ആണ് വിക്‌സ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നോര്‍ത്ത് കാരലോനയിലെ ഒരു ഫാര്‍മസിസ്റ്റിന്റെ ഇന്നോവേഷന്‍ ആയിരുന്നു വിക്‌സ്. കുട്ടികള്‍ക്ക് ഇടയ്ക്കിടെ ഉണ്ടാകുന്ന ജലദോഷത്തിന് പരിഹാരമായി റിച്ചാര്‍ഡ്‌സണ്‍ കണ്ടു പിടിച്ച വിക്‌സ് പിന്നീട് ലോകം മുഴുവന്‍ പ്രായഭേദമന്യേ എല്ലാവരും ഉപയോഗിക്കാന്‍ തുടങ്ങി.
1960 കളില്‍ Richardosn Hindustan Limited എന്ന കമ്പിനിയിലൂടെ ആണ് വിക്‌സ് ഇന്ത്യയില്‍ എത്തുന്നത്. ഇന്ത്യന്‍ ലൈസന്‍സ് രാജ് തകര്‍ക്കുന്ന സമയം. ഡ്രഗ് ഇന്‍ഡസ്ട്രിയില്‍ Drug Price Control Order (DPCO) എന്ന ഓര്‍ഡര്‍ വഴിയുള്ള റഗുലേഷന്‍ ഉണ്ടായിരുന്നു. ചൈനീസ് യുദ്ധസമയത്ത് മരുന്നുകള്‍ക്ക് വില കൂടാതെ ഇരിക്കാന്‍ കൊണ്ടു വന്ന റെഗുലേഷന്‍ ആണ്. പക്ഷേ യുദ്ധം തീര്‍ന്നിട്ടും റെഗുലേഷന്‍ തുടര്‍ന്നു.
DPCO Essential commodity act നിയമത്തില്‍ വരുന്ന റെഗുലേഷന്‍ ആണ് (The Act empowered the government to regulate and prohibit the ‘production, supply, distribution, trade and commerce’ of any commodity deemed as ‘essential’ and thus worthy of ensuring equitable distribution) ‘അത്യാവശ്യം ‘ എന്ന കാറ്റഗറിയില്‍ ഉള്‍പെടുത്തിയ ഏത് പ്രൊഡക്റ്റിന്റെയും നിര്‍മ്മാണം , സപ്ലെ, ട്രേഡ്, എല്ലാം റെഗുലേറ്റ് ചെയ്യാനുള്ള അവകാശം സര്‍ക്കാരിന് ഉണ്ട്. മരുന്നിന്റെ നിര്‍വചനത്തില്‍ വരുന്ന വിക്‌സിന്റെ വളര്‍ച്ചയ്ക്ക് ഈ റെഗുലേഷന്‍ തലവേദന ആയി. അതിന്റെ കൂടെ മൂക്കടപ്പ് പോലെ യൂണിയന്‍ സമരങ്ങളും.
ഈ പ്രതിസന്ധി മറികടക്കാന്‍ വിക്‌സിലെ റിസര്‍ച്ച് ടീമിന്റെ ബുദ്ധിയായിരുന്നു വിക്‌സ് ആയുര്‍വേദിക്ക്. റെഗുലേഷനില്‍ നിന്ന് ആയുര്‍വേദിക്ക് പൊഡക്റ്റിനെ ഒഴിവാക്കിയിട്ടുണ്ടാരുന്നു. (These were ‘any medicines included in any bonafide Ayurvedic (including siddha) and unani (tibb) system of medicines; any medicine in the homeopathic system of medicines; any substance to which the provisions of the Drugs and Cosmetics Act, 1940 (23 of 1940) do not apply’. ) ആയുര്‍വേദം ആണെങ്കില്‍ റെഗുലേഷനും ഇല്ല, വിലനിയന്ത്രണവും ഇല്ല. വളരെ പെട്ടെന്ന് തന്നെ ആയുര്‍വേദിക്ക് എന്ന് റീ ബ്രാന്‍ഡ് ചെയ്ത് പുതിയ പൊഡക്റ്റ് ഇറക്കി വിക്‌സ് റെഗുലേഷനില്‍ നിന്ന് രക്ഷപെട്ടു എന്ന് മാത്രമല്ല വന്‍ വേഗത്തില്‍ വളരുകയും ചെയ്തു.
വിക്‌സ് ആയുര്‍വേദിക്ക് ആയ കഥ പറഞ്ഞത് കുറച്ചു കാര്യങ്ങള്‍ പറയാന്‍ ആണ്.
(1) ഗവണ്‍മെന്റ് റഗുലേഷന്‍ എന്നത് മാര്‍ക്കറ്റിന്റെ പരാജയങ്ങള്‍ ഒഴിവാക്കാന്‍ അനിവാര്യം ആണ് എന്ന് വാദിക്കുന്നവര്‍ ഉണ്ട്. പക്ഷേ യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷം റഗുലേഷനും മേല്‍ പറഞ്ഞത് പോലെയാണ്. വിക്‌സ് പോലെ ഒരു ഉല്‍പ്പന്നത്തെ അത്യാവശ്യ വസ്തു ആയി കണ്ട് റെഗുലേറ്റ് ചെയ്യാന്‍ ഉള്ള തീരുമാനം ഒരു മണ്ടന്‍ തീരുമാനം ആണ്. പക്ഷേ ആ മണ്ടന്‍ തീരുമാനത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കാന്‍ ബാധ്യസ്ഥതരല്ലാത്തവര്‍ തീരുമാനം എടുക്കുന്ന വ്യവസ്ഥയില്‍ ഇങ്ങനെ സംഭവിക്കും.
(2) യുദ്ധ സമയത്ത് തുടങ്ങിയ റെഗുലേഷന്‍ യുദ്ധം കഴിഞ്ഞപ്പോഴും തുടര്‍ന്നു എന്ന് കാണാം. ഇതാണ് മിക്കവാറും ഗവര്‍ണ്‍മന്റ് ഇടപെടലുകളുടെ അവസ്ഥ. തെറ്റായ തീരുമാനങ്ങള്‍ പിന്‍വലിക്കാന്‍ അവിടെ യാതൊരു incentive ഇല്ല.
(3) സംസ്‌കാരത്തോടുള്ള സ്‌നേഹം കൊണ്ടും ഒന്നുമല്ല പലരും ആയുര്‍വേദ പ്രൊഡക്റ്റുകള്‍ മാര്‍ക്കറ്റില്‍ ഇറക്കുന്നത്. ഗവര്‍ണ്‍മന്റ് ഇടപെട്ട് ആയുര്‍വേദത്തിന് പ്രത്യേക പരിഗണന കൊടുക്കുന്നത് കൊണ്ടാണ്. ആയുഷ് വകുപ്പ് സ്ഥാപിച്ചതിന് ശേഷം ഇങ്ങനെ ലഭ്യമായ കൂടുതല്‍ പരിഗണന സ്വന്തമാക്കാന്‍ പലരും സംസ്‌കാര സ്‌നേഹികള്‍ ആകാന്‍ സാധ്യത ഉണ്ട്.
(4) മര്യാദയ്ക്ക് പ്രവര്‍ത്തിച്ച ഒരു കമ്പിനി ആണ് നിലനിന്ന് പോകാന്‍ വളഞ്ഞ വഴി സ്വീകരിക്കേണ്ടി വന്നത്. അനാവശ്യ റെഗുലേഷനുകള്‍ സിസ്റ്റത്തില്‍ ഉള്ള സത്യസന്ധതയുടെ അളവ് കുറക്കുന്നു. അസത്യത്തെ പരിപോഷിപ്പിക്കുന്നു.
(5) എത്രയത്ര കമ്പനികള്‍ ഇങ്ങനെയുള്ള റെഗുലേഷനുകള്‍ കാരണം പരാജയപെട്ടിട്ടുണ്ടാവും. അതിന്റെ നഷ്ടം മുഴുവന്‍ ജനത്തിന്റെയും ആണ്.
(5) വിക്‌സ് ആയുര്‍വേദിക്ക് ആയതിന് ശേഷം, മാര്‍ക്കറ്റിലെ മത്സരം ഒഴിവാക്കാന്‍ നേരത്തെ ഉണ്ടായിരുന്ന റെഗുലേഷന്‍ നിലനിര്‍ത്താന്‍ ആയിരിക്കും അവരും ആഗ്രഹിക്കുക. കാരണം മറ്റ് പ്ലെയേഴ്‌സിന് ആയുര്‍വേദിക്ക് ആകാന്‍ കഴിഞ്ഞില്ല എങ്കില്‍ റെഗുലേഷന്‍ അവരെ തളര്‍ത്തും. ലാഭം വിക്‌സിന്. (ഇതാണ് George Joseph Stigler ന്റെ Regulatory capture എന്ന തിയറി)