മറ്റുള്ളവരുടെ വീഴ്ചകള്‍ ഉണ്ടാക്കുന്ന ചിരി; ഷാഡന്‍ഫ്രോയിഡേയെ അറിയാം – ഷജിത്ത് എം ടി എഴുതുന്നു


“നമ്മള്‍ ആഗ്രഹിച്ചിട്ടും എത്തിപ്പിടിക്കാന്‍ പറ്റാത്ത സ്ഥാനങ്ങളിലുള്ളവരും, നമുക്ക് അസൂയയുണ്ടാക്കുന്ന ആകാരഭംഗിയോ സ്വഭാവ സവിശേഷതകളോ ജീവിത സാഹചര്യങ്ങളോ മറ്റു കഴിവുകളോ ഉള്ളവരും ധാരാളം. ഇത്തരം ആളുകള്‍ക്ക് എന്തെങ്കിലും വീഴ്ചകളോ പരാജയങ്ങളോ ഉണ്ടാകുമ്പോള്‍ സഹതാപം പ്രകടിപ്പിക്കുന്നതിനോടൊപ്പം നമ്മളുടെ ഉള്ളില്‍ വല്ലാത്തൊരു സന്തോഷം. അസാധാരണമെന്നു തോന്നാവുന്ന ഈ വികാരത്തെയാണ് ‘schadenfreude’ എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്.” -ഷജിത്ത് എം ടി എഴുതുന്നു.

അപരന്റെ തിരിച്ചടികളില്‍ ആനന്ദിക്കുന്നവര്‍

ചിരിയും സന്തോഷവുമെല്ലാം നമുക്കെല്ലാവര്‍ക്കും ഇഷ്ടമാണ്. പക്ഷെ ഈ ചിരിയും സന്തോഷവും മറ്റുള്ളവരുടെ വീഴ്ചകളോ വേദനകളോ കാണുമ്പോഴാണ് ഉണ്ടാവുന്നതെങ്കില്‍ ഇത് ഷാഡന്‍ഫ്രോയിഡേ (schadenfreude) എന്ന അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. കൂടുതല്‍ മനസിലാക്കാം മറ്റുള്ളവരുടെ വീഴ്ചകള്‍ ഉണ്ടാക്കുന്ന ചിരിയെപ്പറ്റി.

തിരിച്ചടികള്‍ ആനന്ദിപ്പിക്കുമ്പോള്‍

സമൂഹത്തില്‍ പലപ്പോഴും നാം നമ്മെയും മറ്റുള്ളവരെയും വിലയിരുത്തുന്നത് താരതമ്യങ്ങളിലൂടെയാണ്. നമ്മള്‍ ആഗ്രഹിച്ചിട്ടും എത്തിപ്പിടിക്കാന്‍ പറ്റാത്ത സ്ഥാനങ്ങളിലുള്ളവരും, നമുക്ക് അസൂയയുണ്ടാക്കുന്ന ആകാരഭംഗിയോ സ്വഭാവ സവിശേഷതകളോ ജീവിത സാഹചര്യങ്ങളോ മറ്റു കഴിവുകളോ ഉള്ളവരും ധാരാളം. ഇത്തരം ആളുകള്‍ക്ക് എന്തെങ്കിലും വീഴ്ചകളോ പരാജയങ്ങളോ ഉണ്ടാകുമ്പോള്‍ സഹതാപം പ്രകടിപ്പിക്കുന്നതിനോടൊപ്പം നമ്മളുടെ ഉള്ളില്‍ വല്ലാത്തൊരു സന്തോഷം. അസാധാരണമെന്നു തോന്നാവുന്ന ഈ വികാരത്തെയാണ് ‘schadenfreude’ എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. നാശം അല്ലെങ്കില്‍ ഹാനി എന്നര്‍ത്ഥം വരുന്ന ‘Schaden’, ആനന്ദം എന്നര്‍ത്ഥം വരുന്ന ‘Freude’ എന്നീ ജര്‍മ്മന്‍ പദങ്ങള്‍ ചേര്‍ന്നാണ് ഈ വാക്കുണ്ടായിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ് ഈ പദം ഉപയോഗിച്ച് തുടങ്ങിയത്.

സിനിമയും സോഷ്യല്‍ മീഡിയയും

മിക്ക സിനിമകളിലും കോമേഡിയുണ്ടാക്കി നമ്മെ ചിരിപ്പിക്കാന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കാറുണ്ട്. നാം ചിരിച്ച സീനുകളില്‍ ഒരു ഭാഗത്ത് അടി കൊണ്ടോ കാല്‍ വഴുതി വീണോ കോണിപ്പടിയിലൂടെ ഉരുണ്ടു വീണോ വേദനിച്ച ഒരു കഥാപാത്രമുണ്ടാവും. ഇത് സിനിമയിലെ അഭിനയമാണെങ്കില്‍ സോഷ്യല്‍ മീഡിയയിലെ ഫോര്‍വേഡുകളില്‍ ജീവിതത്തില്‍ പലര്‍ക്കുമുണ്ടായ വീഴ്ചകളും അബദ്ധങ്ങളും തമാശയായി നമുക്ക് മുന്നിലെത്തുന്നു. ‘ബോഡി ഷേമിങ്’ ആണ് കളിയാക്കാനും ചിരിക്കാനും കണ്ടെത്തുന്ന മറ്റൊരു മാര്‍ഗം. കളിയാക്കപ്പെടുന്നവന്റെ വേദന നാം ആലോചിക്കാറില്ല. സ്വഭാവ രൂപീകരണത്തില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് വളരെ കൂടുതലുള്ള ഈ കാലത്ത് ഇവ നമ്മിലെ സഹാനുഭൂതി ഇല്ലാതെയാക്കുകയും നമ്മള്‍ കൂടുതല്‍ schadenfreude ഉള്ളവരായി മാറുകയും ചെയ്യുന്നു.

ചിലര്‍ക്ക് കൂടുതല്‍

അസൂയയും ഷാഡന്‍ഫ്രോയിഡേയുമായുള്ള ബന്ധം കാണിക്കുന്ന പഠനങ്ങളില്‍, കൂടുതല്‍ അസൂയയുള്ളവരില്‍ കൂടുതല്‍ ഷാഡന്‍ഫ്രോയിഡയുള്ളതായി കാണുന്നു. അതുപോലെ ആത്മാഭിമാനം (self-esteem) കുറഞ്ഞ വ്യക്തികളില്‍, അവരെക്കാള്‍ കഴിവുള്ളവര്‍ക്ക് ഉണ്ടാകുന്ന വീഴ്ചകളും പരാജയങ്ങളും കാണുമ്പോള്‍ അത് തങ്ങളുടെ ആത്മാഭിമാനം കൂട്ടുന്നതായുള്ള ഒരു മിഥ്യാധാരണ ഇക്കൂട്ടരില്‍ ഉണ്ടാക്കുന്നു. ഇത്തരക്കാര്‍ മറ്റുള്ളവരുടെ കൂടുതല്‍ പരാജയങ്ങള്‍ കാണുകയും അത് ആസ്വദിക്കുകയും ചെയ്യും. പരീക്ഷയില്‍ മാര്‍ക്ക് കുറയുമ്പോള്‍ കൂട്ടുകാര്‍ക്ക് തന്നെക്കാള്‍ മാര്‍ക്ക് കുറവാണെന്നറിയുമ്പോള്‍ ഉണ്ടാവുന്ന സന്തോഷവും ഇതിന്റെ ഉദാഹരണം തന്നെ.

സാഡിസവുമായി ബന്ധമുണ്ടോ?

സാഡിസവുമായി സമാനതകള്‍ ഈ അവസ്ഥയ്ക്കില്ലേ എന്ന് തീര്‍ച്ചയായും ഒരു സംശയം വരാം. മറ്റൊരാളെ മാനസികമായോ ശരീരികമായോ വേദനിപ്പിക്കുന്നതിലൂടെ സന്തോഷം കണ്ടെത്തുന്നതാണ് സാഡിസം. എന്നാല്‍ ഷാഡന്‍ഫ്രോയിഡേയില്‍ ഒരാളുടെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടാവില്ല.

ഇതിന് സമാനമായ മറ്റൊരു പദമാണ് ഗ്ലോട്ടിങ് (Gloating). മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ പരാജയപ്പെട്ടവര്‍ക്കു നേരെ കടുത്ത സമ്മര്‍ദ്ദം നല്‍കുന്ന രീതിയില്‍ അമിതാഹ്ലാദപ്രകടനം നടത്തുന്നത് കണ്ടിട്ടില്ലേ? നമ്മുടെ നാട്ടിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ഇത്തരം പ്രകടനം സര്‍വ്വസാധാരണമാണ്. പരാജയപ്പെട്ട ആളിന്റെ വീട്ടുപടിക്കല്‍ വന്നു മുദ്രാവാക്യം വിളിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്യുന്നത് ഗ്ലോട്ടിങ്ങിന്റെ ഉദാഹരണമാണ്.

തിരിച്ചറിയാം, തിരുത്താം

എല്ലാ മനുഷ്യരിലും ഈ മാനസികാവസ്ഥ ഉണ്ടെങ്കില്‍ക്കൂടി ഇതിന്റെ ഏറ്റക്കുറച്ചിലുകള്‍ പ്രകടമായിരിക്കും. നമ്മള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ചിരിക്കുന്നവരോ സന്തോഷിക്കുന്നവരോ ആണോയെന്ന് നാം തിരിച്ചറിയണം. ആണെങ്കില്‍ ഇത്തരം സന്ദര്‍ഭങ്ങളിലെ വേദന തിരിച്ചറിയുകയും സഹാനുഭൂതിയുള്ളവരായിത്തീരുകയും വേണം. നമ്മള്‍ മാത്രമല്ല ഇനിയുള്ള തലമുറയും സഹാനുഭൂതിയുള്ള, മറ്റുള്ളവരുടെ വേദനയില്‍ പങ്കുചേരുന്ന, ഏറ്റവും കുറഞ്ഞപക്ഷം അവയില്‍ ഫലിതം കാണാത്ത ഒരു സമൂഹമായി വളര്‍ന്നു വരട്ടെ!