എന്താണ് ഹ്യൂറിസ്റ്റിക്‌സ്? ബിഹേവിയറല്‍ ഇക്കണോമിക്‌സിനെ അറിയാം; പ്രമോദ് കുമാര്‍ എഴുതുന്നു


“എല്ലാ മനുഷ്യര്‍ക്കും ധാരാളം ചിന്താപക്ഷപാതിത്വങ്ങളുണ്ട്. നമ്മുടെ ഇത്തരം ചിന്താപക്ഷപാതിത്വങ്ങള്‍ മനസിലാക്കുകയും സ്വയം തിരുത്തുകയും ചെയ്യുമ്പോള്‍ നമുക്ക് കൂടുതല്‍ യുക്തി സഹമായി ജീവിക്കാന്‍ സഹായിക്കും. ചിന്താപക്ഷപാതിത്വങ്ങള്‍ ഒഴിവാക്കി സ്വതന്ത്രചിന്ത പരിപോഷിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ് ഈ പുസ്തകം.”- ഡാനിയല്‍ കന്ഹ്‌മാന്റെ ‘തിങ്കിങ് ഫാസ്റ്റ് ആന്‍ഡ് സ്ലോ’ എന്ന പുസ്തകത്തെക്കുറിച്ച് പ്രമോദ് കുമാര്‍ എഴുതുന്നു.

നമ്മുടെ ചിന്താപക്ഷപാതിത്വങ്ങള്‍

സാമ്പത്തിക ശാസ്ത്രത്തിലാണ് നോബേല്‍ സമ്മാനം നേടിയതെങ്കിലും ഡാനിയല്‍ കന്ഹ്‌മാന്റെ തട്ടകം സൈക്കോളജിയാണ്. മനഃശാസ്ത്രം ഉപയോഗിച്ചു കൊണ്ട് സാമ്പത്തിക ശാസ്ത്രത്തെ വിശദീകരിക്കുന്ന ബിഹേവിയറല്‍ ഇക്കണോമിക്‌സ് എന്ന സാമ്പത്തിക ശാസ്ത്രശാഖായുടെ ഉപജ്ഞാതാക്കളില്‍ പ്രമുഖനാണ് അദ്ദേഹം.

ഡാനിയല്‍ കന്ഹ്‌മാന്റെ ‘തിങ്കിങ് ഫാസ്റ്റ് ആന്‍ഡ് സ്ലോ’ എന്ന പുസ്തകം, അടിസ്ഥാനപരമായി സൈക്കോളജിയും സ്റ്റാറ്റസ്റ്റിക്‌സും ഇക്കണോമിക്‌സുമാണ് കൈകാര്യം ചെയ്യുന്നത്. സമൂഹിക വിഷയങ്ങള്‍ ശാസ്ത്രീയമായി മനസിലാക്കുന്നതിന് ഈ മൂന്ന് ശാസ്ത്രശാഖയിലും സാമാന്യ ധാരണയെങ്കിലും ഉണ്ടായിരിക്കേണ്ടതുണ്ട്. നമ്മുടെ ചിന്താപക്ഷപാതിത്വങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള നിരീക്ഷണങ്ങളും പഠനങ്ങളും നിറഞ്ഞ ഒരു ക്ലാസിക് കൃതിയാണിത്. ഉദാഹരണങ്ങളിലൂടെ, സ്ഥിതി വിവര കണക്കുകള്‍ ഉള്‍പ്പെടുത്തി കൊണ്ട് നമ്മുടെ ചിന്താപക്ഷപാതിത്വങ്ങളെ വിശദീകരിക്കുന്ന രീതിയാണ് കന്ഹ്‌മാന്‍ ഈ പുസ്തകത്തില്‍ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ എളുപ്പ വായനയെക്കാള്‍, സൂക്ഷ്മ വായനയാണ് ഈ പുസ്തകം ആവശ്യപ്പെടുന്നത്.

പുസ്തകത്തിലെ പ്രധാന തത്വങ്ങള്‍

ഈ പുസ്തകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആശയം മനുഷ്യ മസ്തിഷ്‌കം രണ്ട് രീതികളില്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ്. ആദ്യത്തെ രീതി വേഗതയുള്ളതും അവബോധജന്യവുമാണ് (ഇന്‍ഡക്റ്റീവ്), എന്നാല്‍ ചിലപ്പോള്‍ യുക്തിരഹിതമായും പ്രവര്‍ത്തിക്കുന്നു. ഇതിനെ നമുക്ക് സിസ്റ്റം 1 എന്ന് വിളിക്കാം. രണ്ടാമത്തെ രീതി, യുക്തിസഹവും മന്ദഗതിയിലുള്ളതും, അതിന്റെ വഴി കണക്കുകൂട്ടലിന്റെയും വിചിന്തനത്തിന്റെയുമാണ്. ഇതിനെ നമുക്ക് സിസ്റ്റം 2 എന്ന് വിളിക്കാം. ഈ രണ്ട് രീതികള്‍ക്കും അതിന്റെതായ ഗുണദോഷങ്ങളുണ്ട്. രണ്ട് ചിന്താരീതിയുടെയും ഗുണദോഷ വശങ്ങള്‍ മനസ്സിലാക്കുക എന്നത് പ്രധാനമാണ്.

ആദ്യം നമുക്ക് യുക്തിസഹമായ, സിസ്റ്റം 1 എന്ന് വിളിക്കുന്ന ചിന്താരീതിയില്‍ നിന്ന് തുടങ്ങാം. നമ്മില്‍ പലര്‍ക്കും തോന്നും യുക്തിസഹമായ വശം, അതായത് നമ്മുടെ ചിന്തയുടെയും യുക്തിയുടെയും (സിസ്റ്റം 2) മസ്തിഷ്‌ക പ്രവര്‍ത്തനം എല്ലായ്‌പ്പോഴും അവബോധജന്യമായ (വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റം 1) വശത്തെക്കാള്‍ മികച്ചതാണെന്ന്. പ്രശ്‌നം, ഇത് എല്ലാ സമയത്തും പ്രവര്‍ത്തിക്കില്ലെന്നതാണ്. അവബോധജന്യമായ അതായത് സിസ്റ്റം 1, എല്ലാ സമയത്തും പ്രവര്‍ത്തിക്കും കൂടാതെ, ഊര്‍ജ്ജം കുറഞ്ഞ രീതിയിലെ ഉപയോഗിക്കുകയുള്ളുയെന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. പതിവ് സാഹചര്യങ്ങളില്‍, നമുക്ക് വേഗത കുറഞ്ഞതും വിചിന്തനം ചെയ്യുന്നതും കൂടുതല്‍ ഊര്‍ജ്ജം ചിലവാക്കുന്നതുമായ പ്രവര്‍ത്തന രീതി ആവശ്യമില്ല!

ജീവിതത്തില്‍, സാവകാശം ഇരുന്നു ചിന്തിക്കാന്‍ സാവകാശമുള്ള പ്രശ്‌നങ്ങളുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, നാം നമ്മുടെ യുക്തിസഹമായ അതായത് സിസ്റ്റം 2 ഉപയോഗിക്കുന്നു. പ്രത്യേകം മനസിലാക്കേണ്ടത്, യുക്തിസഹമായ, അതായത് മന്ദഗതിയിലുള്ള മനസ്സും, അവബോധജന്യമായ, അതായത് വേഗതയേറിയ മനസ്സും പരസ്പര വിരുദ്ധമോ ശത്രുക്കളോ അല്ല. മിക്കപ്പോഴും ഇവ രണ്ടും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വേഗതയേറിയതും അവബോധജന്യവുമായ ചിന്തയുടെ സഹായത്തോടെ, ‘റോ’ ഡാറ്റ ശേഖരിക്കാനും സംഘടിപ്പിക്കാനും കഴിയും, എന്നാല്‍ അതിനുശേഷം, നമ്മുടെ മസ്തിഷ്‌കത്തിന്റെ കൂടുതല്‍ ശ്രദ്ധയുള്ള മന്ദഗതിയിലുള്ളതുമായ വശം അതിന്റെ ജോലി ചെയ്യാന്‍ തുടങ്ങുന്നു.

ഈ പുസ്തകത്തില്‍ ധാരാളമായി പരാമര്‍ശിക്കുന്ന വാക്കാണ് ‘ഹ്യൂറിസ്റ്റിക്‌സ്’. അതിന്റെ അര്‍ത്ഥം വളരെ ലളിതമാണ് – വിവരങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രോസസ്സ് ചെയ്യുന്നതിന് ആളുകള്‍ ഉപയോഗിക്കുന്ന നിയമങ്ങളും മാനസിക കുറുക്കുവഴികളെയുമാണ് ഹ്യൂറിസ്റ്റിക്‌സ് എന്ന് വിളിക്കുന്നത്. പ്രവചനങ്ങള്‍ ശരിയായി നടത്താന്‍ കഴിയുന്ന ഒരു കൂട്ടം നിയമങ്ങള്‍ പോലെ.

ഉദാഹരണത്തിന് നിങ്ങള്‍ പുതിയൊരു അക്കൗണ്ട് തുടങ്ങാനായി അത്ര പരിചിതമല്ലാത്ത ഒരു ബാങ്കില്‍ പോകുന്നെന്ന് കരുതുക. അവിടെ നിങ്ങള്‍ ആദ്യം കാണുന്ന ക്ലാര്‍ക്കിനെ കാണുമ്പോള്‍ തന്നെ, അവരുടെ മുഖ ഭാവത്തില്‍ നിന്ന് അവര്‍ വല്ലാത്ത ദേഷ്യത്തിലാണെന്ന് നിങ്ങള്‍ക്ക് മനസിലാകുന്നു എന്ന് വിചാരിക്കുക. നിങ്ങള്‍ അയാളുടെ അടുത്ത് സഹായം ചോദിക്കാന്‍ സാധ്യത കുറവാണ്. കാരണം ദേഷ്യത്തില്‍ ഇരിക്കുന്ന അവരില്‍ നിന്ന് നിങ്ങള്‍ക്ക് അനുഭാവമുള്ള സമീപനം ഉണ്ടാവുമെന്ന് കരുതാന്‍ കഴിയില്ല, അത് കൊണ്ട് തന്നെ അവരെ ഒഴിവാക്കി മറ്റൊരു ക്ലാര്‍ക്കിനെ നിങ്ങള്‍ സമീപിക്കുന്നു. ഇവിടെ പ്രവര്‍ത്തിക്കുന്നത് ഒരു ഹ്യൂറിസ്റ്റിക്‌സാണ്. ദേഷ്യത്തിലുള്ള ഒരാളില്‍ നിന്നും സഹായം ലഭിക്കാന്‍ സാധ്യതയില്ല. അത് വഴി നിങ്ങള്‍ യുക്തിസഹവും ഗുണകരവുമായ തീരുമാനമാണ് എടുത്തത്. ഒരു ആലോചന പോലുമില്ലാതെയാണ് നിങ്ങള്‍ ഈ തീരുമാനം എടുത്തത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക.

ബ്രഷ് ചെയ്യുക, ഷൂസ് ധരിക്കുക, ഡ്രൈവ് ചെയ്യുക എന്നതൊക്കെ പോലെ ചിന്തിക്കാതെ തന്നെ പ്രവര്‍ത്തിക്കാന്‍ ഹ്യൂറിസ്റ്റിക്‌സ് കൊണ്ട് സാധിക്കും. അതിന്റെ ഗുണം, മുമ്പ് പറഞ്ഞതു പോലെ, അതി വേഗം പ്രവര്‍ത്തിക്കുന്നു എന്നതും നമ്മുടെ ഊര്‍ജ്ജം വളരെ കുറച്ചുമതി എന്നതുമാണ്. ഇതിന്റെ ന്യുനതയെന്നത് നമ്മള്‍ ഈ ഹ്യൂറിസ്റ്റിക്‌സിനെ ആശ്രയിക്കുമ്പോള്‍ തെറ്റുകള്‍ വരുത്താനുള്ള സാധ്യത ഉണ്ടെന്നതാണ്.

ചില ഹ്യൂറിസ്റ്റിക്‌സുകളെയും അതിന്റെ ഗുണദോഷങ്ങളെയും പരിചയപ്പെടാം.

ആങ്കറിംഗ്

ഒരു റഫറന്‍സ് പോയിന്റ് ഉള്ളപ്പോള്‍, അതിനെ ഉപയോഗിക്കുന്ന ഒരു തരം ഹ്യൂറിസ്റ്റിക് ആണ്. ഉദാഹരണത്തിന്, ഒരുകൂട്ടം വിദ്യാര്‍ത്ഥികളോട് മഹാത്മാഗാന്ധി 140 വയസ്സിന് മുമ്പോണോ ശേഷമോണോ മരിച്ചതെന്ന് ചോദിച്ചു. മറ്റ് കൂട്ടം വിദ്യാര്‍ത്ഥികളോട് അദ്ദേഹം 9 വയസ്സിന് മുമ്പോണോ ശേഷമാണോ മരിച്ചതെന്നും ചോദിച്ചു. (സ്ട്രാക്ക് & മസ്വീലര്‍, 1997 നടത്തിയ സര്‍വേ)

ഇനി, ഗാന്ധി മരിക്കുമ്പോള്‍ എത്ര വയസ്സായിരുന്നു എന്ന് ഈ രണ്ട് കൂട്ടം വിദ്യാര്‍ത്ഥികളോടും ചോദിച്ചു. ആദ്യത്തെ കൂട്ടം (140 എന്ന ആങ്കറിംഗ്) പറഞ്ഞതിന്റെ ശരാശരി വയസ് 67 ആയിരുന്നു. രണ്ടാമത്തെ കൂട്ടം (9 എന്ന ആങ്കറിംഗ്) പറഞ്ഞതിന്റെ ശരാശരി വയസ് 50 ആയിരുന്നു. (മരിക്കുമ്പോള്‍ ഗാന്ധിക്ക് 78 വയസ്സായിരുന്നു). ഇവിടെ പ്രവര്‍ത്തിച്ചത് ആങ്കറിംഗ് ഹ്യൂറിസ്റ്റിക് ആണ്.

ആദ്യത്തെ കൂട്ടം, ഗാന്ധി മരിച്ചത് എത്ര വയസില്‍ എന്ന് ചോദിച്ചപ്പോള്‍ 140 എന്ന സംഖ്യമായി ബന്ധപ്പെടുത്തിയാണ് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചത്, അതുപോലെ രണ്ടാമത്തെ കൂട്ടര്‍ 9 എന്ന സംഖ്യമായി ബന്ധപ്പെടുത്തി ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചു.പലപ്പോഴും ഈ രീതിയില്‍, മികച്ച ഊഹം നടത്തുന്നതിന് ആങ്കറിംഗ് നമ്മളെ സഹായിക്കും. എന്നാല്‍ ഈ ആങ്കറിംഗ് ഹ്യൂറിസ്റ്റിക് ദോഷകരമാകുന്ന മറ്റൊരു സാഹചര്യത്തിനുള്ള ഉദാഹരണം കൂടി നോക്കാം.

പണത്തിന് അത്യാവശ്യമുള്ള രാജീവ്, തന്റെ വീട്ടിലെ വളരെ പഴക്കമുള്ള ഒരു വെങ്കല പ്രതിമ, പുരാവസ്തു വില്‍ക്കുന്ന കടയില്‍ കൊണ്ടുപോയി വില ചോദിക്കാന്‍ തീരുമാനിച്ചു. പ്രതിമ വില്‍ക്കാനാണ് വരുന്നതെന്ന് മനസിലാക്കിയ കടയുടമ അവനോട് ചോദിച്ചു, ‘ഈ പ്രതിമയ്ക്ക് 2000 രൂപയില്‍ കൂടുതലുണ്ടാകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?’

ഈ ചോദ്യം രാജീവിനെ അമ്പരപ്പിച്ചു, ‘അതിന്റെ വില 2500 രൂപയില്‍ കൂടുതലാണെന്ന്’ അയാള്‍ കൂടുതല്‍ ആലോചിക്കാതെ പറഞ്ഞു. കടയുടമ അവന്റെ മറുപടി ശ്രദ്ധിക്കാതെ ചോദിച്ചു, ”ഈ പഴയ പ്രതിമയ്ക്ക എത്ര പണം വേണം?” രാജീവ് വീണ്ടും കുടുങ്ങി, പക്ഷേ ഇപ്രാവിശ്യം പതുക്കെ 3000 രൂപയെന്ന് പറഞ്ഞു. പിന്നെ, കടയുടമ യാതൊരു വിലപേശലും കൂടാതെ അത്രയും പണം കൊടുത്തു. രാജീവിന് അയാളുടെ പ്രവര്‍ത്തനങ്ങളില്‍ അല്‍പ്പം സംശയം തോന്നിയെങ്കിലും അയാള്‍ പണം വാങ്ങി കടയില്‍ നിന്ന് പുറത്തേക്ക് കടന്നു. അടുത്ത ദിവസം 10000 രൂപ വിലയെഴുതിയ അതേ പ്രതിമ കടയില്‍ കണ്ടു. ആ പ്രതിമയുടെ വില 2000 രൂപയാണെന്ന് കടയുടമ അവനെ കബളിപ്പിച്ചതായി വ്യക്തമായി. ഇവിടെ ശരിക്കും രാജീവിനെ വഞ്ചിച്ചത് കടയുടമല്ല, ‘ഈ പ്രതിമയ്ക്ക് 2000 രൂപയില്‍ കൂടുതലുണ്ടാകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?’ എന്ന ചോദ്യത്തില്‍ നിന്നും രാജീവിനുണ്ടായ ആങ്കറിംഗ് ഹ്യൂറിസ്റ്റിക്കാണ്.

What You See Is All There Is (WYSIATI) അഥവ അവയിലബിലിറ്റി ഹ്യൂറിസ്റ്റിക് അതിനെക്കുറിച്ച് അറിയുമെങ്കില്‍, അത് പ്രധാനമായിരിക്കണം എന്നതാണ് ഈ ആശയം. ഉദാഹരണത്തിന്, ആരെങ്കിലും നിങ്ങളോട് ചോദിക്കുകയാണ്, ‘യൂറോപ്പിലെ ഏറ്റവും വലിയ നഗരം ഏതാണ്?’.’ലണ്ടന്‍’ എന്ന് നിങ്ങള്‍ പെട്ടെന്ന് ഉത്തരം നല്‍കും, ലണ്ടന്‍ ഏറ്റവും വലിയ നഗരമാണെന്ന് നിങ്ങള്‍ക്ക് ഉറപ്പുള്ളതുകൊണ്ടല്ല, ഈ പേര് നിങ്ങളുടെ മനസ്സില്‍ ആദ്യം വന്നത് കൊണ്ടാണ്. നിങ്ങളുടെ ഉത്തരം ശരിയായ ഉത്തരത്തോട് വളരെ അടുത്തായിരുന്നു, കാരണം മോസ്‌കോയ്ക്ക് ശേഷം യൂറോപ്പിലെ രണ്ടാമത്തെ വലിയ നഗരമാണ് ലണ്ടന്‍.

ഈ സാഹചര്യത്തില്‍ അവയിലബിലിറ്റി ഹ്യൂറിസ്റ്റിക് നിങ്ങള്‍ക്ക് ഗുണകരമായി പ്രവര്‍ത്തിച്ചിരിക്കുന്നു. എന്നാല്‍ അതിന് വിപരീതമായി പ്രവര്‍ത്തിക്കുന്ന, നിരവധി ഉദാഹരണങ്ങളുണ്ട്. നിങ്ങളുടെ നിഗമനങ്ങള്‍ അനാവശ്യവും യുക്തിരഹിതവുമാണെങ്കില്‍ ഈ ഹ്യൂറിസ്റ്റിക് ദോഷകരമായി ബാധിക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചകളും മാധ്യമ ശ്രദ്ധ നിറഞ്ഞതുമായ സംഭവം, വലിയ വിമാനാപകടങ്ങളാണ്. ഇത്രയും വലിയ വേദനാജനകമായ സംഭവങ്ങള്‍ക്ക് ശേഷം, അതിന്റെ റിപ്പോര്‍ട്ടുകള്‍ ദിവസങ്ങളോളം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍കും. കാര്‍ അപകടമോ വിമാനാപകടമോ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് നിങ്ങള്‍ ആളുകളോട് ചോദിക്കുമ്പോള്‍, പ്രത്യേകിച്ച് രാവും പകലും വാര്‍ത്തകളും റിപ്പോര്‍ട്ടുകളും കാണുന്നവരോട്, വിമാനാപകടത്തെ അപേക്ഷിച്ച് കാര്‍ അപകടങ്ങള്‍ വളരെ കുറവാണെന്ന് ആളുകള്‍ പറയും. രാവും പകലും വാര്‍ത്തകളില്‍ കാണുന്ന വിമാനാപകടങ്ങളുടെ ചിത്രങ്ങള്‍ അവരുടെ മനസ്സിലുണ്ട്, അതിനാല്‍ വിമാനാപകടങ്ങള്‍ കൂടുതല്‍ ഉണ്ടെന്ന് അവര്‍ കരുതുന്നു, എന്നാല്‍ വാസ്തവത്തില്‍ കാര്‍ അപകടങ്ങള്‍ കൂടുതല്‍ സാധാരണവും കൂടുതല്‍ മാരകവുമാണ്.

സങ്ക് കോസ്റ്റ് ഫാലസി

ഇത് അര്‍ത്ഥമാക്കുന്നത് തങ്ങളുടെ ആദ്യ നിക്ഷേപം യുക്തിരഹിതമാണെന്ന് അറിഞ്ഞിട്ടും വീണ്ടും വീണ്ടും ഒരു മൂല്യമില്ലാത്ത ആസ്തിയില്‍ നിക്ഷേപം നടത്തുന്ന സാഹചര്യത്തെയാണ്. ഓരോ തവണയും നിക്ഷേപം നടത്തുന്നത് വിഡ്ഢിത്തമാണ് എന്ന് മനസിലാക്കിയിരുന്നാലും, വളരെ ബുദ്ധിമാനായ ആളുകള്‍ പോലും ഇത് ചെയ്യുന്നു. ഇത് മനസിലാക്കാന്‍ വളരെ പ്രശ്തമായ ‘ദി കോണ്‍കോര്‍ഡ് ഫാലസി’ യുണ്ട്.

യുകെയുടെയും ഫ്രഞ്ച് സര്‍ക്കാരിന്റെയും സംയുക്ത പദ്ധതിയായിരുന്നു കോണ്‍കോര്‍ഡ്. ശബ്ദത്തിന്റെ ഇരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന വിമാനം നിര്‍മ്മിക്കുന്ന ഈ പദ്ധതി തുടങ്ങിയതിന് ശേഷം സാമ്പത്തികമായും സുരക്ഷ കാരണങ്ങളാലും ഈ വിമാനങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയില്ലെന്നും അറിഞ്ഞുകൊണ്ട് രണ്ട് ഗവണ്‍മെന്റുകളും ഈ പദ്ധതിയില്‍ തുടര്‍ന്നു. ഈ പദ്ധതിയുടെ പ്രാരംഭം മുതല്‍ വന്‍തുക ചെലവഴിച്ചപ്പോള്‍ തന്നെ ഇക്കാര്യം മനസിലാക്കിയിരുന്നെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ തങ്ങളുടെ തെറ്റ് അംഗീകരിക്കാനോ പദ്ധതി അവസാനിപ്പിക്കാനോ തയ്യാറായില്ല. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം, വളരെ വലിയ സാമ്പത്തിക ബാധ്യതയോടെ പദ്ധതി അവസാനിപ്പിക്കേണ്ടി വന്നു.

ഫ്രെയിമിംഗ്

ഫ്രെയിമിംഗ് എന്നത് വളരെ രസകരമായ ഒരു ഹ്യൂറിസ്റ്റിക് ബയസ് ആണ്, ഇത് വാര്‍ത്താ മീഡിയകള്‍ വ്യാപകമായി ഉപയോഗിക്കുന്നു. ഫ്രെയിമിംഗിന്റെ ഏറ്റവും നല്ല ഉദാഹരണം കൂടിയാണിത്. ചോദ്യം ചെറുതായി മാറ്റി, അതുവഴി പ്രേക്ഷകരെ അവര്‍ക്ക് ആവശ്യമുള്ളതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. ഉദാഹരണത്തിന്, താഴെ നല്‍കിയിരിക്കുന്ന സമാനമായ രണ്ട് ചോദ്യങ്ങള്‍ക്ക് ആളുകള്‍ വ്യത്യസ്തമായി ആയിരിക്കും പ്രതികരിക്കുക.

1. അതിജീവിക്കാന്‍ 90% സാധ്യതയുള്ള ഒരു ഓപറേഷന് നിങ്ങള്‍ തയ്യാറാണെന്ന് പറയുമോ?

2. 10% മരണ സാധ്യതയുള്ള ഓപറേഷന് നിങ്ങള്‍ തയ്യറാണെന്ന് പറയുമോ?

നല്ല വശത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന, 90% അതിജീവിക്കാന്‍ സാധ്യതയുള്ള ഒരു ഓപ്പറേഷന് വിധേയരാകാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ആളുകളോട് ചോദിക്കുമ്പോള്‍, മിക്ക ആളുകളും അത് അംഗീകരിക്കും. മോശം വശത്തിന് ഊന്നല്‍ നല്‍കുന്ന, 10% മരണ സാധ്യതയുള്ള ചോദ്യത്തെ ഒഴിവാക്കാനാണ് കൂടുതല്‍ സാധ്യത. ഈ രീതിയില്‍, ആളുകള്‍ക്ക് അതിന്റെ നെഗറ്റീവ് സ്വഭാവസവിശേഷതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്ന രീതിയില്‍ ചോദിച്ചാല്‍, അവര്‍ ഓപ്പറേഷന്‍ നിരസിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. ചുരുക്കത്തില്‍, നമ്മള്‍ ചോദ്യങ്ങള്‍ ചോദിക്കുന്ന രീതി വളരെ പ്രധാനമാണ്, അതിന് ഉത്തരം മാറ്റാന്‍ പോലും കഴിയും.

ഒരു ഉദാഹരണം കൂടി. ഒരു പട്ടണത്തില്‍ തീവ്രവാദി ആക്രമണവും രക്ഷാദൗത്യവും നടന്നതായി കരുതുക. ചില ആളുകള്‍ തീവ്രവാദികളാല്‍ കൊല്ലപ്പെട്ടെങ്കിലും, പട്ടണത്തിലെ ഭൂരിഭാഗം ആളുകളും രക്ഷപ്പെട്ടു. ഈ വാര്‍ത്ത പ്രചരിപ്പിക്കാന്‍ രണ്ട് വഴികളുണ്ട്. റെസ്‌ക്യൂ ടീമിനെ പുകഴ്ത്തണമെങ്കില്‍ നമ്മള്‍ ഇങ്ങനെ പറയും: ”നഗരം രക്ഷപ്പെട്ടു. 10,000-ത്തിലധികം ആളുകളുടെ ജീവന്‍ രക്ഷിച്ച രക്ഷാസംഘം!”. നേരെമറിച്ച്, ഈ ദൗത്യത്തെ ഇകഴ്ത്തണമെങ്കില്‍, കള്ളം പറയാതെ ഇങ്ങനെ പറയാം. ‘നിരപരാധികളുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് കഴിഞ്ഞോ?’. ‘പരാജയപ്പെട്ട രക്ഷാദൗത്യത്തില്‍ 50-ലധികം സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.’

ഇതില്‍ വസ്തുതകള്‍ക്ക് ഒരു മാറ്റവും വരുത്തിയിട്ടില്ല. ഇവിടെ വസ്തുതകളുടെ തിരഞ്ഞെടുപ്പും അതിശയോക്തി കലര്‍ന്ന പ്രസ്താവനകളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിനാല്‍ അടുത്ത തവണ നിങ്ങള്‍ വാര്‍ത്തകള്‍ കാണുമ്പോള്‍, വസ്തുതകള്‍ വ്യത്യസ്ത രൂപങ്ങളില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്ന് ഓര്‍ക്കുക. വാര്‍ത്താ ഏജന്‍സികള്‍ ആസൂത്രണത്തോടെ അവര്‍ തിരഞ്ഞെടുത്ത, അവര്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്ന സന്ദേശമാണ് നിങ്ങളുടെ മുന്‍പില്‍ വയ്ക്കുന്നതെന്ന് ഓര്‍ക്കുക. ധാര്‍മ്മികവും നിയമപരവുമായ മാനദണ്ഡങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട് വാര്‍ത്തകളും വിപണന ഏജന്‍സികളും വളരെ സമര്‍ത്ഥമായി അവരുടെ ജോലി നിര്‍വഹിക്കുന്നു. ഒരു വശത്ത്, ഞങ്ങള്‍ സത്യം പറയുന്നുവെന്ന് അവര്‍ക്ക് പറയാന്‍ കഴിയും, എന്നാല്‍ മറുവശത്ത് അവര്‍ കാണിക്കാന്‍ ആഗ്രഹിക്കുന്ന വസ്തുതകള്‍ മാത്രമാണ് അവര്‍ പൊതുജനങ്ങള്‍ക്ക് കാണിക്കുന്നത്, അങ്ങനെ അവരുടെ സന്ദേശം ജനങ്ങളില്‍ പരമാവധി സ്വാധീനം ചെലുത്തുന്നു.

ഓവര്‍ കോണ്‍ഫിഡന്‍സ് ഫാലസി

ബിസിനസ്സ് ആരംഭിക്കാന്‍ ആസൂത്രണം ചെയ്യുമ്പോള്‍, കൂടുതല്‍ പ്രധാനപ്പെട്ട ഘടകങ്ങളെ അമിതമായി വിലയിരുത്തുമ്പോള്‍ ആളുകള്‍ പലപ്പോഴും മറ്റു ചില ഘടകങ്ങള്‍ അവഗണിക്കും. Sunkcoast ഉം overconfidence വളരെ അടുത്ത പ്രതിഭാസങ്ങളാണ്. നമുക്ക് കോണ്‍കോര്‍ഡ് ഉദാഹരണം ഒരിക്കല്‍ കൂടി നോക്കാം. അമിത ആത്മവിശ്വാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അത് പ്രയോജനകരമായ സംഭവങ്ങളെ അമിതമായി കണക്കാക്കുകയും മോശമായ സംഭവങ്ങളെ വിലകുറച്ച് കാണുകയും ചെയ്യുന്നു എന്നതാണ്. സങ്ക് കോസ്റ്റ് ഫാലസിക്ക് മുമ്പ് കോണ്‍കോര്‍ഡിന്റെ ഡിസൈനര്‍മാര്‍ക്ക് ഓവര്‍ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നിരിക്കണം. ഉദാഹരണത്തിന്, അതിവേഗതയുള്ള ഒരു പുതിയ വിമാനം സൃഷ്ടിക്കുന്നതിനുള്ള സാധ്യതയില്‍ കോണ്‍കോര്‍ഡിന്റെ ഡിസൈനര്‍മാര്‍ക്ക് വളരെയധികം ആവേശം ഉണ്ടാക്കിയിട്ടുണ്ടാകും- അവര്‍ അതിന്റെ ഗുണങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കി, ഇത് അസാധാരണമായ വേഗതയുള്ളതാണ്, ഇതിന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ലോകത്തിന്റെ ഏത് കോണിലേക്കും കൊണ്ടുപോകാം, അത് ആഡംബരപൂര്‍ണമാണ്, ശബ്ദത്തിന്റെ ഇരട്ടി വേഗതയില്‍ പറക്കാന്‍ കഴിയും മുതലായ ഗുണ വശങ്ങള്‍ മാത്രം കണ്ടു. സുരക്ഷ പോലുള്ള പ്രശ്‌നങ്ങളെ, അതിനു വേണ്ട യാത്ര ചിലവിനെ, ആവശ്യക്കാരുടെ എണ്ണത്തെ പൂര്‍ണ്ണമായും അവഗണിച്ചു. ഇത് പദ്ധതിയുടെ പരാജയത്തിന് വലിയ കാരണമായി.

ലോസ്റ്റ് അവേര്‍ഷന്‍

നഷ്ടപ്പെടുന്നതിന്റെ മാനസിക വേദന നേടുന്നതിന്റെ സന്തോഷത്തെക്കാള്‍ ഇരട്ടി ശക്തമാണ്. പണമോ മറ്റേതെങ്കിലും വിലയേറിയ വസ്തുവോ നഷ്ടപ്പെടുമ്പോള്‍ അനുഭവപ്പെടുന്ന വേദന, അതേ കാര്യം നേടുന്നതിനേക്കാള്‍ മോശമായി അനുഭവപ്പെടും.ഉദാഹരണത്തിന് ടോക്കിയോ സമ്മര്‍ ഒളിമ്പിക്സില്‍, ഗ്രേറ്റ് ബ്രിട്ടന്റെ വനിത ജിംനാസ്റ്റിക് ടീം ഇറ്റലിയന്‍ ടീമിനെ കടുത്ത മത്സരത്തില്‍ പിന്തള്ളി വെങ്കലം സ്വന്തമാക്കി. കായിക ലോകത്ത്, അവരുടെ സന്തോഷ പ്രകടനം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

കായിക മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ വെള്ളി മെഡല്‍ (രണ്ടാം സ്ഥാനം) നേടിയ മത്സരാര്‍ഥിയെക്കാള്‍ കൂടതല്‍ സന്തോഷവാനായി വെങ്കല മെഡല്‍ (മൂന്നാം സ്ഥാനം) നേടിയ മത്സരാര്‍ഥി കാണാറുണ്ട്. ഇവിടെ വിജയത്തിന്റെ മൂല്യം വെച്ചു നോക്കിയാല്‍ വെള്ളി മെഡല്‍ നേടിയ മത്സരാര്‍ഥി ആയിരിക്കണം വെങ്കല മെഡല്‍ നേടിയ മത്സരാര്‍ഥിയെക്കാള്‍ സന്തോഷവാന്‍. എന്നാല്‍ സാധാരണ അതില്‍ നിന്നും വ്യത്യസ്തമായിയാണ് അവരുടെ സന്തോഷ പ്രകടനം കാണാറുള്ളത്. ഇത് മനഃശാസ്ത്രപരമായി വിശദീകരിക്കുന്നത് ഒരാളുടെ സന്തോഷവും സങ്കടവും സ്വയം കണക്ക് കൂട്ടുന്നത് ഒരു റഫറന്‍സ് പോയിന്റ് വെച്ചായിരിക്കും. ഇവിടെ വെള്ളി മെഡല്‍ നേടിയ മത്സരാര്‍ഥി തനിക്ക് സ്വര്‍ണ മെഡല്‍ നഷ്ടപ്പെട്ടു എന്ന റഫറന്‍സ് വെച്ച് സ്വയം ആളക്കുമ്പോള്‍, വെങ്കല മെഡല്‍ നേടിയ ആള്‍ തന്റെ നേട്ടത്തെ അളക്കുന്നത് ഒരു മെഡലുപോലും കിട്ടാതെ പോകുന്ന അവസ്ഥയുമായിട്ടായിരിക്കും. അതുകൊണ്ടാണ് വെങ്കല മെഡല്‍ നേട്ടം മൂല്യത്തില്‍ കുറവാണ് എങ്കിലും മാനസിക സന്തോഷത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.

ഇവിടെ വെള്ളി മെഡല്‍ നേടിയ മത്സരാര്‍ഥിക്ക് ലോസ്റ്റ് അവേര്‍ഷന്‍ (നഷ്ട ബോധം) വന്നത് കൊണ്ടാണ് നേട്ടത്തിന്റെ മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുമ്പോഴും സന്തോഷത്തിന്റെ കാര്യത്തില്‍ പിന്നില്‍ നില്‍ക്കാന്‍ കാരണം. ലോസ്റ്റ് അവേര്‍ഷന്‍ കായിക മത്സരത്തിന്റെ സമ്മാന വിതരണ അവസ്ഥയില്‍ മാത്രമല്ല ജീവിതത്തിന്റെ സമസ്ത മേഖലയിലും ശക്തമായ സ്വാധീനം ചെലുത്തുന്ന ചിന്ത പക്ഷപാതിത്വമാണ്. ഇതിന് സാമ്പത്തിക മേഖലയിലും വലിയ പ്രാധാന്യമുണ്ട്.

മറ്റൊരു ഉദാഹരണത്തിന്- നിങ്ങളോട് ഇങ്ങനെ ഒരു പന്തയത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നു എന്ന് കരുതുക. നാണയം ടോസ് ചെയ്യുമ്പോള്‍ ഹെഡ് ആണ് വീഴുന്നതെങ്കില്‍ 100 രൂപ ലഭിക്കം. മറിച്ച് ടൈല്‍ ആണ് വീഴുന്നതെങ്കില്‍ 100 രൂപ നഷ്ടപ്പെടും. ഈ പന്തയത്തില്‍ നിങ്ങള്‍ പങ്കെടുക്കുമോ? അതോ പന്തയത്തില്‍ വിജയിച്ചാല്‍ 200 രൂപ ലഭിക്കുമ്പോള്‍ പരാജയപ്പെടുകയാണെങ്കില്‍ 100 രൂപയെ നഷ്ടപ്പെടുകയുള്ളൂ എന്ന പന്തയത്തില്‍ ആയിരിക്കുമോ പങ്കെടുക്കുന്നത്? തീര്‍ച്ചയായും രണ്ടാമത്തെ പന്തയത്തില്‍ ആയിരിക്കും പങ്കെടുക്കുക. അതായത് നേട്ടം കുറഞ്ഞത് നഷ്ടത്തെക്കാള്‍ രണ്ട് മടങ്ങ് എങ്കിലും ആയിരിക്കണം നിങ്ങളുടെ ലോസ്റ്റ് അവേര്‍ഷന്‍ ഇല്ലാതാക്കാന്‍.

Loss Aversion നും മറ്റും അടിസ്ഥാനപ്പെടുത്തിയുള്ള Prospect Theory ക്കാണ് ഡാനിയല്‍ കന്ഹ്‌മാന്റെ നോബല്‍ സമ്മാനം ലഭിച്ചത്. ബിഹേവിയറല്‍ ഇക്കണോമിക്‌സ് ഈ തിയറിയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഒരു വ്യക്തി തന്റെ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നത് അവന്റെ യുക്തിയെ അടിസ്ഥാനപ്പെടുത്തി മാത്രമാണ് എന്നതാണ് സാമ്പത്തിക ശാസ്ത്ര നിയമം. ഇങ്ങനെ തീരുമാനം എടുക്കുന്ന മനുഷ്യരെ Econ എന്നാണ് വിളിക്കുന്നത്. ഈ ക്ലാസിക്കല്‍ സാമ്പത്തികശാസ്ത്ര നിയമത്തെ പരിഷ്‌കരിച്ച്, ഒരു വ്യക്തി അവന്റെ സാമ്പത്തിക തീരുമാനങ്ങള്‍ക്ക് എടുക്കുന്നതില്‍ പിന്നില്‍ പല ഹ്യൂറിസ്റ്റിക്ക് ബയാസുകളും ഉണ്ടെന്നും, അതിനെ പരിഗണിച്ചു കൊണ്ട് ക്ലാസിക്കല്‍ സാമ്പത്തിക ശാസ്ത്രത്തെ പരിഷ്‌കാരിച്ചതാണ് ബിഹേവിയറല്‍ ഇക്കണോമിക്‌സ്.

എല്ലാ മനുഷ്യര്‍ക്കും ധാരാളം ചിന്താപക്ഷപാതിത്വങ്ങളുണ്ട്. നമ്മുടെ ഇത്തരം ചിന്താപക്ഷപാതിത്വങ്ങള്‍ മനസിലാക്കുകയും സ്വയം തിരുത്തുകയും ചെയ്യുമ്പോള്‍ നമുക്ക് കൂടുതല്‍ യുക്തി സഹമായി ജീവിക്കാന്‍ സഹായിക്കും. ചിന്താപക്ഷപാതിത്വങ്ങള്‍ ഒഴിവാക്കി സ്വതന്ത്രചിന്ത പരിപോഷിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ് ഈ പുസ്തകം.