”വിഷങ്ങള്‍ ഉണ്ടാക്കലും വിഷങ്ങളെ നിര്‍വീര്യമാക്കലും ഏതുജീവിയിലും അത്യാവശ്യമാണ്. കൊടും വിഷമായ ആഴ്‌സനിക്കില്‍ പോലും ജീവിക്കുന്ന ബാക്ടീരിയകളുണ്ട്. തുമ്മിയാല് തെറിക്കുന്ന മൂക്കല്ല ജീവന്‍? അത് അതിന്റെ 390 കോടി വര്ഷങ്ങള്‍ നീണ്ട പരിണാമ ചരിത്രത്തില്‍ എത്രയോ പ്രതികൂലാവസ്ഥകളെ നേരിട്ട് വന്നതാണ്.”- ഡോ കെ എം ശ്രീകുമാര്‍ എഴുതുന്നു
തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണോ ജീവന്‍?
കാസര്‍കോട്ടെ കശുമാവിന് തോട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ വര്‍ഷത്തില്‍ രണ്ടുതവണ അടിച്ചതുമൂലം ഭോപ്പാല്‍ ദുരന്തത്തിനു സമാനമായ തോതില്‍ ആയിരക്കണക്കിനു രോഗികളുണ്ടായി എന്നാണല്ലോ ഈ പ്രബുദ്ധകേരളം ധരിച്ചുവെച്ചിരിക്കുന്നത്? അതുപോലെ കീടനാശിനി അവശിഷ്ടങ്ങള്‍ നിറഞ്ഞ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കഴിച്ച് നാട്ടുകാര്‍ക്ക് ഉയര്‍ന്ന തോതില്‍ കാന്‍സര്‍ ഉണ്ടായിരിക്കുന്നു എന്നും നാം കരുതുന്നു. ജൈവകൃഷിയാണ് ഏറ്റവും നല്ലതും സമൂഹത്തിനു വേണ്ടതും. പക്ഷേ ഉല്‍പ്പാദനം കുറയുമെന്നതിനാല്‍ നമുക്ക് അത് അനുവര്‍ത്തിക്കാനാവുന്നില്ല. ഏതായാലും രാസവളം സമ്മതിക്കാം. പക്ഷേ ഒരു കാരണവശാലും കീടനാശിനികള്‍ പാടില്ല എന്നതാണ് നമ്മുടെ പൊതുനിലപാട്.
കേരള കാര്‍ഷിക സര്‍വകലാശാലയുടെ വിളകള്‍ക്കുള്ള പാക്കേജ് ഓഫ് പ്രാക്ടീസസില്‍ നിരവധി കീട, കുമിള്‍, ബാക്ടീരിയ, മണ്ഡരി, ഒച്ച്, എലിനാശിനികള്‍ ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നു. ഇത് ശരിയല്ലല്ലോ. എന്തിനാണിങ്ങനെ രാസകീടനാശിനികള്‍ ശുപാര്‍ശ ചെയ്യുന്നത്? ജൈവകീടനാശിനികള്‍ പോരെ? എന്തിനാണ് വീണ്ടും വീണ്ടും എന്‍മകജെകളെ സൃഷ്ടിക്കുന്നത് എന്നാണ് നമ്മുടെ മനസ്സിലുള്ള ചോദ്യം.
പരിണാമ ചരിത്രത്തിലെ ആയുധ മത്സരം
ഇങ്ങനെ മനസ്സിലുറച്ചുപോയ ധാരണകള്‍ തിരുത്തണമെങ്കില്‍ ഏറെ പ്രയത്‌നം ആവശ്യമുണ്ട്. കീടനാശിനികളുടെ പ്രയോഗത്തിന്റെ അടിസ്ഥാനതത്വം മനസിലാക്കണം. ജൈവമായ എന്തിന്റെയും അടിസ്ഥാനം രാസവസ്തുക്കളാണ്. അവയുടെ അടിസ്ഥാന വസ്തുക്കളാകട്ടെ ആറ്റങ്ങളാണ്. അവയുടെ അടിസ്ഥാനം ഉപഅറ്റോമിക കണങ്ങളായ ക്വാര്‍ക്കുകളും മറ്റുമാണ്. ജെവം രാസമാണ്, രാസം ഭൗതികമാണ് എന്നര്‍ത്ഥം.
നമ്മള്‍ വിശുദ്ധമെന്ന് കരുതുന്ന ജൈവപ്രകൃതിയില്‍ ആയിരക്കണക്കിനു തരം വിഷങ്ങളുണ്ട്. ഓടാന്‍ കഴിവില്ലാത്ത പാവം ചെടികള്‍ അവയെ തിന്നുന്ന ജീവികളെ ഒഴിവാക്കാന്‍ പലതരം വിഷങ്ങളുണ്ടാക്കുന്നു. ജീവികളാകട്ടെ ഈ വിഷങ്ങളെ വിഘടിപ്പിച്ച് ടോണിക്കായി ഉപയോഗിക്കുവാന്‍ നിരവധിതരം രാസാഗ്‌നികളുണ്ടാക്കുന്നു. കോടിക്കണക്കിനു വര്‍ഷങ്ങള്‍ നീണ്ട പരിണാമ ചരിത്രത്തില്‍ ഈ ആയുധ മത്സരം തുടര്‍ന്നിരുന്നു.ഇപ്പോഴും തുടരുന്നു. ക്രമേണ ഒരു സസ്യകുടുംബത്തിലെ അംഗങ്ങളുണ്ടാക്കുന്ന പൊതുവായ തരം വിഷങ്ങളെ കൈകാര്യം ചെയ്യുവാന് ശേഷിയുള്ള ഒരുകൂട്ടം പ്രാണിവര്‍ഗ്ഗങ്ങളുണ്ടാകുന്നു.
ഉദാഹരണത്തിന് വെണ്ടയുടെ ഇലചുരുട്ടിപ്പുഴു. ഈ പുഴു വെണ്ടയുടെ കുടുംബമായ മാല്വേസിയേ( (Malvaceae) യിലെ മറ്റ് അംഗങ്ങളായ ചെമ്പരത്തി, പരുത്തി തുടങ്ങിയവയെക്കൂടി ഭക്ഷിക്കാന്‍ ശേഷിയുള്ളതാണ്. പക്ഷേ അതിന് വേറൊരു സസ്യകുടുംബത്തില്‌പ്പെട്ട ചെടികളെ തിന്നാന്‍ ശേഷിയുണ്ടാവില്ല. ഉദാ: വഴുതന തിന്നാല്‍ വെണ്ടയുടെ ഇലചുരുട്ടിപ്പുഴു ചാകും. വഴുതനയുടെ ഇലചുരുട്ടി പുഴുവിന് വെണ്ടയുടെ ഇല തിന്നാനുമാകില്ല.
അങ്ങനെയാണ് നമ്മള്‍ വിളകളുടെ കീടങ്ങള്‍ എന്നു വിവക്ഷിക്കുന്ന കീടങ്ങള്‍ ഉണ്ടായി വന്നത്. വിഷങ്ങള്‍ ഉണ്ടാക്കലും വിഷങ്ങളെ നിര്‍വീര്യമാക്കലും ഏതുജീവിയിലും അത്യാവശ്യമാണ്. കൊടും വിഷമായ ആഴ്‌സനിക്കില്‍ പോലും ജീവിക്കുന്ന ബാക്ടീരിയകളുണ്ട്. തുമ്മിയാല് തെറിക്കുന്ന മൂക്കല്ല ജീവന്‍? അത് അതിന്റെ 390 കോടി വര്ഷങ്ങള്‍ നീണ്ട പരിണാമ ചരിത്രത്തില്‍ എത്രയോ പ്രതികൂലാവസ്ഥകളെ നേരിട്ട് വന്നതാണ്.
പാവയ്ക്കാ ജ്യൂസും അമിതമായാല്‍ വിഷം
നമ്മുടെ കരളിലുള്ള ആയിരക്കണക്കിന് രാസാഗ്‌നികള്‍ക്ക് എത്രയോതരം വിഷങ്ങളെ നിര്‍വീര്യമാക്കാനാകും. നമ്മള്‍ കഴിക്കുന്ന പച്ചക്കറികളിലും മറ്റും സസ്യങ്ങള്‍ ഉല്‍പ്പാദിപ്പിച്ച നിരവധിയായ സസ്യവിഷങ്ങളെ നിര്‍വീര്യമാക്കി ടോണിക്കായി മാറ്റി വലിച്ചെടുക്കാനും, അല്ലെങ്കില് വിസര്‍ജ്യത്തിലൂടെ പുറന്തള്ളാനും നമുക്ക് ശേഷിയുണ്ട്. മോണോക്‌സിജനേസസ് എന്നു പറയുന്ന തരം രാസാഗ്‌നികള്‍ക്ക് വലിയൊരു പരിധിവരെ ഏതുതരം വിഷത്തെയും നിര്വീര്യമാക്കാനാകും (Non Specific). വിഷത്തിന്റെ അളവു കൂടുതലാണെങ്കില്‍ പ്രശ്‌നങ്ങളുണ്ടാകാം. അങ്ങനെയാണ് പല പ്രകൃതിജീവനകുതുകികളും അധികമായി പാവയ്ക്കാ ജ്യൂസ് കൂടിച്ച് ആശുപത്രിയിലാകുന്നതും ചിലപ്പോള്‍ അന്തരിക്കുന്നതും.
നമ്മുടെ ആമാശയത്തിനും ചെറുകുടലിനും ഉള്ളിലുള്ള 3-4 പാളി കോശസ്തരങ്ങള്ക്ക് 3-4 ദിവസങ്ങള്‍ മാത്രമെ നിലനില്‍പ്പുള്ളു. പിന്നീട് അവ പൊളിഞ്ഞുപോകും. പകരം പുതിയ സ്തരങ്ങള് ഉണ്ടാക്കപ്പെടും. നമ്മുടെ ഭക്ഷണത്തിലെ വിഷവസ്തുക്കളുമായി നീണ്ട കാലത്തെ ബന്ധം ഒഴിവാക്കാന് വേണ്ടിയാണിത്.
അധികമായാല്‍ അമൃതും വിഷം എന്നു നമുക്കറിയാം. 1493 – 1541ല്‍ ജീവിച്ചിരുന്ന പാരാസെല്‌സസ് എന്ന ശാസ്ത്രജ്ഞന്റെ പ്രശസ്തമായ വാചകം ഇതാണ്. ‘All substances are poisonous. There is none which is not a poison. The right dose differentiates a poison from a remedy’.എല്ലാ വസ്തുക്കളും വിഷങ്ങളാണ്. വിഷമല്ലാത്തതൊന്നുമില്ല. കൃത്യമായ മാത്രയാണ് ഒരു വിഷത്തെ, മരുന്നില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ജീവന്റെ അടിസ്ഥാനമായ പച്ചവെള്ളം പോലും അധികം കഴിച്ചാല്‍ ചത്തുപോകും.
നമ്മുടെ കേന്ദ്ര കീടനാശിനി ബോര്‍ഡില്‍ 270 ഓളം രാസവിഷങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ വിഷങ്ങളെ നാം നേര്‍പ്പിച്ചാണ് ഉപയോഗിക്കുന്നത്. വിഷങ്ങള്‍ പരീക്ഷണ മൃഗങ്ങളില്‍ പഠിക്കുകവഴി അവയുടെ യാതൊരു പ്രത്യാഘാതവും ഉണ്ടാക്കാത്ത അളവ് (No Observable Effect Level- NOEL) ഏറ്റവും കുറച്ച് പ്രത്യാഘാതം ഉണ്ടാക്കുന്ന അളവ് (Lowest Observable Effect Level- LOEL), നിത്യേന ഒരായുസ്സു മുഴുവന് ഭക്ഷിച്ചാല്‍പ്പോലും ഈ തലമുറയിലോ, അടുത്ത തലമുറയിലോ പ്രത്യാഘാതം ഉണ്ടാക്കാത്ത മാത്ര ( Acceptable Daily Intake-ADI), ഒരുതവണ അകത്തുചെന്നാല് ഒരു പ്രശ്‌നവും ഉണ്ടാക്കാത്ത ഉയര്ന്ന മാത്ര (Acute Reference Dose-ARD) ഭക്ഷ്യവസ്തുക്കളില് അനുവദനീയമായ പരമാവധി അളവ് (Maximum Residue Limit – MRL) തുടങ്ങിയ നിരവധി സൂചകങ്ങള്‍ കണ്ടെത്തുന്നു.
കൂടാതെ കാന്‍സര്‍കാരികത, മറ്റ് ജന്തുക്കളിലുള്ള പ്രത്യാഘാതങ്ങള്‍, പരിസരത്തിലെ അവയുടെ വിഘടനം, ഭ്രൂണവിഷബാധാസാധ്യത, ഉടന്‍ വിഷബാധ, ദീര്‍ഘകാല വിഷബാധ തുടങ്ങിയ നൂറോളം കാര്യങ്ങളില് പരീക്ഷണങ്ങള് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഈ പഠനങ്ങള് FAO, WHO, അതതു രാജ്യങ്ങളിലെ നിയന്ത്രണ ഏജന്‍സികള്‍ തുടങ്ങിയവരുടെ അംഗീകൃത പരീക്ഷണ ശാലകളില് ആവര്‍ത്തിക്കുന്നു. അതിനുശേഷം മാത്രമാണ് കീടനാശിനി തന്‍മാത്രകള്‍ക്ക് അതത് രാജ്യങ്ങളില് ഉപയോഗിക്കുവാന് അംഗീകാരം കൊടുക്കുന്നത്.
പിന്നീട് ഓരോ 5-10 വര്‍ഷക്കാലത്തിനു ശേഷവും ഇവയുടെ ഉപയോഗത്തിന്റെ പാര്‍ശ്വഫലങ്ങള്‍ അവലോകനം ചെയ്യുന്നു. പാര്‍ശ്വഫലങ്ങള്‍ കൂടുതലാണെന്ന് പഠനങ്ങള് വന്നാല്‍ അവയെ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യുന്നു. ഈ പ്രക്രിയ നിരന്തരം നടക്കുന്നു. ആധുനിക വൈദ്യത്തിലെയും മൃഗപരിപാലന രംഗത്തെയും മരുന്നുകളെയും ഇതേ പ്രക്രിയക്കുതന്നെ വിധേയമാക്കുന്നു.
കീടനാശിനി ശാസ്ത്രം ഇങ്ങനെയാണ്
കീടനാശിനികളെല്ലാം വിഷങ്ങള്‍ തന്നെയാണ്. ഇവ ഒരു ജീവിയെ ബാധിക്കുന്നത് ശരീരഭാരത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരു വിഷത്തിന്റെ വിവിധ മാത്രകള്‍ എലികളില്‍ പരീക്ഷിച്ച് ഒരു പ്രത്യേക മാത്രയില്‍ അമ്പതു ശതമാനം എലികളും മരിച്ചുപോകാന്‍ സാധ്യതയുള്ളത് കണ്ടെത്തും. അതാണ് ആ വസ്തുവിന്റെ LD50 മൂല്യം (Lethal Dose 50% ) എന്നറിയപ്പെടുന്നത്. നിക്കോട്ടിന്റെ LD50 മൂല്യം 1mg ആണ്. അതായത് ഒരു മില്ലിഗ്രാം നിക്കോട്ടിന് ഒരു കി.ഗ്രാം ശരീരഭാരത്തിന് എന്ന നിലയ്ക്ക് കൊടുത്താല്‍ എലി ചാവാന് 50 ശതമാനം സാധ്യത എന്നാണ് അര്‍ത്ഥം.
മാലത്തയോണിന്റെ LD50 മൂല്യം 2800 mg ആണ്. അതായത് 2800 mg കൊടുത്താലെ എലി മരിക്കാന്‍ അമ്പതു ശതമാനം സാധ്യതയുള്ളു. അതായത് നിക്കോട്ടിന് മാലത്തയോണിന്റെ 2800 മടങ്ങ് വിഷശക്തിയുള്ളത് എന്നര്‍ത്ഥം. ഒരു കീടത്തിന്റെ ശരീരഭാരം 60-300 മില്ലിഗ്രാമേ സാധാരണയായി ഉണ്ടാവൂ. അതിനു മാരകമാവുന്ന മാത്ര- ഉദാഹരണത്തിന് മാലത്തയോണ് 0.05% വീര്യത്തിലുള്ള ലായനി – ഒരു മനുഷ്യന് ഒരിക്കലും മാരകമാകില്ല.
കാരണം കീടത്തിന്റെ ശരീരഭാരത്തിന്റെ 10 ലക്ഷം മടങ്ങുവരും ഒരു മനുഷ്യന്റെ ശരീരഭാരം. ഈ വേര്‍തിരിവാണ് മനുഷ്യന് സുരക്ഷ നല്‍കുന്നത്. കൂടാതെ കീടനാശിനി തളിക്കുമ്പോള്‍ എല്ലാ സുരക്ഷാ മുന്‍കരുതലും സ്വീകരിക്കുവാന് എപ്പോഴും ശ്രദ്ധിക്കുന്നതിനാല്‍ വളരെച്ചെറിയ മാത്രയേ മനുഷ്യ ശരീരത്തില്‍ സാധാരണ ഗതിയില്‍ എത്തുകയുള്ളു. മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ ആ വിഷം താല്‍ക്കാലിക വിഷബാധാലക്ഷണങ്ങള്‍ ഉണ്ടാക്കിയേക്കാം എന്നുമാത്രം. അതു കുളിച്ചു വസ്ത്രം മാറിയാല്‍ ശരിയാകുന്നതേയുള്ളു. ചെറിയ അളവിലുള്ള വിഷത്തെ നിരവീര്യമാക്കി പുറന്തള്ളുവാന്‍ മനുഷ്യശരീരത്തിന് കഴിയും. അതുകൊണ്ടാണ് ലോകമെങ്ങും ലക്ഷക്കണക്കിന് കൃഷിക്കാര്‍ ലക്ഷക്കണക്കിന് ലിറ്റര്‍ കീടനാശിനികള്‍ ലക്ഷക്കണക്കിന് ഹെക്ടര്‍ കൃഷിസ്ഥലങ്ങളില് തളിക്കുന്നത്.
ഇതാണ് വിഷ ശാസ്ത്രത്തിന്റെ അടിസ്ഥാനതത്വം. മുന്‍കരുതലുകള്‍ തീരെ സ്വീകരിക്കാതെയോ, അളവ് കൂട്ടിയോ, കീടനാശിനികളുടെ മിശ്രിതങ്ങളോ കൂടുതല്‍ നേരം തുടര്‍ച്ചയായി തളിച്ചാല്‍ തളിക്കുന്നയാള്‍ക്ക് വിഷബാധയുണ്ടാകാം. ചിലപ്പോള്‍ അത് മരണകാരണമാവാം. കീടനിയന്ത്രണത്തിനുള്ള നിരവധി മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും അവസാനത്തേതാണ് രാസകീടനാശിനികള്‍. അവ ഉപയോഗിക്കുന്നത് ഉത്തരവാദിത്വ ബോധത്തോടെയാകണം.