പകർച്ചവ്യാധികളുടെ നിഗൂഢതകൾ ചുരുളഴിച്ചവർ; ഗൗതം വർമ്മ എഴുതുന്നു


“Science Knows no Country, Because Knowledge Belongs to Humanity, and is the Torch which Illuminates the World” – Louis Pasteur

പകർച്ചവ്യാധികളുടെ നിഗൂഢതകൾ ചുരുളഴിച്ചവർ

“ഒരു ആരോഗ്യവാനായ മനുഷ്യന്, അല്ലെങ്കിൽ ഒരു കൂട്ടം മനുഷ്യർക്ക് പെട്ടെന്ന് രോഗങ്ങൾ വരുന്നതെങ്ങനെ?” കാലാകാലങ്ങളായി മനുഷ്യരാശിയെ ഒന്നടങ്കം കുഴക്കിയ ചോദ്യമായിരുന്നു അത്. പാപം, ശാപം, കോപം എന്നിങ്ങനെ പല ഉത്തരങ്ങളും കണ്ടെത്തി സ്വയം ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവയെല്ലാം പ്രയോജനരഹിതമായ അധരവ്യായാമങ്ങളായിരുന്നു. ഈ ഉത്തരങ്ങൾക്കൊന്നും മനുഷ്യരെ പ്രശ്നപരിഹാരത്തിലേക്ക് നയിക്കാനായില്ല എന്നത് തന്നെ കാരണം. കൃത്യമായ ഒരു ഉത്തരത്തിനായി അവർക്ക് പത്തൊൻപതാം നൂറ്റാണ്ട് വരെ കാത്തിരിക്കേണ്ടി വന്നു.

ഇരുളടഞ്ഞ വഴികൾ

ചോദ്യങ്ങൾക്കെല്ലാം എന്തെങ്കിലും ഉത്തരങ്ങൾ കണ്ടെത്തി, അവ ശരിയോ തെറ്റോ എന്ന് അന്വേഷിക്കാതെ വിശ്വസിച്ച്, ആചരിച്ച് മുന്നോട്ട് പോയിരുന്ന കാലത്ത് മനുഷ്യർ രോഗങ്ങൾക്ക് പല വിശദീകരണങ്ങളും, പലപ്പോഴും പരസ്പരവിരുദ്ധമായവ പോലും, നൽകി അവയെ ചികിൽസിക്കാനുള്ള കഠിനവും ആത്മാർത്ഥവുമായ പ്രയത്നം തുടർന്നുക്കൊണ്ടിരുന്നു. Miasma Theory പോലുള്ളവ അവയിലൊന്നായിരുന്നു. ശരീരത്തിലെ ‘അശുദ്ധ വായു’ വാണ് രോഗങ്ങൾക്കെല്ലാം കാരണം എന്ന ഈ ഗ്രീക്ക് ആശയം, ശരീരം നാല്  Humor കൾ കൊണ്ട് നിർമ്മിതമാണ് എന്ന വിശ്വാസത്തെ ആധാരമാക്കിയായിരുന്നു. സമാനമായ ആശയങ്ങൾ ആയുർവേദത്തിലും കാണാം. ശരീരം നിർമ്മിക്കപ്പെട്ടിരിക്കുന്നത് പഞ്ചഭൂതങ്ങൾ പോലെയുള്ളവ കൊണ്ടാണ് എന്ന പ്രാകൃതമായ ചില വിശ്വാസങ്ങളായിരുന്നു ആയുർവേദം മുന്നോട്ട് വച്ചത്. പിന്നീട് വന്ന ഹോമിയോപ്പതി പോലുള്ള ചികിത്സാ രീതികളും മുന്നോട്ട് വച്ചത് വസ്തുതകളായിരുന്നില്ല, മറിച്ച് വിശ്വാസങ്ങളായിരുന്നു. തെളിയിക്കപ്പെടാനുള്ള യാതൊരു സാധ്യതകളും മുന്നോട്ട് വയ്ക്കാതിരുന്ന ഇത്തരം സിദ്ധാന്തങ്ങളെല്ലാം അന്നോളം നിലനിന്നുപോന്നിരുന്നത്, അവ പരിശോധിച്ച് വിലയിരുത്താനുള്ള വ്യക്തമായ ഒരു മാർഗ്ഗം ആർക്കും കൃത്യമായി അറിയില്ലായിരുന്നു എന്ന ഒറ്റ കാരണംകൊണ്ട് മാത്രമായിരുന്നു. പക്ഷെ അവയെല്ലാം തിരുത്തപ്പെടാനും, ചികിത്സാ സമ്പ്രദായങ്ങളെ ഒന്നാകെ വൈദ്യം (Medicine) എന്നും സമാന്തര വൈദ്യം (Alternative Medicine) അഥവാ കപട വൈദ്യം എന്നും രണ്ടായി വിഭജിക്കാൻ ഉതകുംവിധം ചില സംഭവവികാസങ്ങൾ യൂറോപ്പിൽ ആരംഭിക്കാനിരിക്കുകയായിരുന്നു.

രസതന്ത്രത്തിന്റെ മായികലോകം

1848 ൽ ഫ്രാൻസിലെ University of Strasbourg ലെ കെമിസ്ട്രി ഡിപ്പാർട്മെന്റിൽ പുതിയതായി ഒരു പ്രൊഫസ്സർ ചുമതലയേറ്റു – Louis Pasteur. ആരംഭകാലത്ത് അദ്ദേഹം പ്രധാനമായും ചിലവഴിച്ചത് Tartaric Acid നെക്കുറിച്ചുള്ള പഠനങ്ങളിലാണ്. മുന്തിരി പോലുള്ള ജൈവ വസ്തുക്കളിൽ നിന്ന് ലഭിച്ചിരുന്ന Tartaric Acid ന് പ്രകാശത്തെ Polarize ചെയ്യാനും ദിശ തിരിക്കാനുമുള്ള കഴിവ് അന്നത്തെ ശാസ്ത്രലോകത്തെ ഒന്നാകെ അതിശയിപ്പിച്ച ഒരു പ്രതിഭാസമായിരുന്നു. കാരണം കൃത്രിമമായി ലാബിൽ നിർമ്മിച്ചെടുത്തിരുന്ന Tartaric Acid ന് ഇങ്ങനെയൊരു കഴിവ് ഉണ്ടായിരുന്നില്ല. കൃത്രിമമായി നിർമ്മിച്ച Tartaric Acid ൽ പ്രകാശത്തെ ഇടത്തോട്ടും വലത്തോട്ടും Rotate ചെയ്യാൻ കഴിയുന്ന ക്രിസ്റ്റലുകൾ തുല്യ അനുപാതത്തിൽ അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. അതിനാലാണ് ഫലത്തിൽ അവയിൽ പ്രകാശത്തിന്റെ ദിശാ വ്യതിയാനം നടക്കാത്തത് എന്ന് അദ്ദേഹം മനസ്സിലാക്കി. ഇത്തരം സംയുക്തങ്ങൾ Racemic Mixtures എന്നാണ് അറിയപ്പെട്ടിരുന്നത്. പ്രകൃതിദത്തമായ Tartaric Acid ഉം, കൃത്രിമമായ Tartaric Acid ഉം തമ്മിലുള്ള വ്യത്യാസത്തേക്കുറിച്ചുള്ള ഈ അന്വേഷണം വളരെ നിർണായകമായ ഒരു ജൈവ പ്രതിഭാസം കണ്ടെത്തുന്നതിലേക്കാണ് Louis Pasteur റെ നയിച്ചത്.

Fermentation തുറന്നുകൊടുത്ത വഴി

1854 ആയപ്പോഴേക്കും അദ്ദേഹം Lille University യിലെ സയൻസ് Faculty യുടെ Dean ആയി നിയമിക്കപ്പെട്ടു. 1856 ൽ ബീറ്റ്റൂട്ട് ആൽക്കഹോൾ ഉണ്ടാക്കിയിരുന്ന ഒരു വ്യവസായി തന്റെ ഫാക്ടറിയിലെ ആൽക്കഹോൾ നിർമ്മാണരീതിയിലെ പ്രശ്നങ്ങൾ പരിഹരിച്ച് അവ കുറ്റമറ്റതാക്കാൻ സഹായിക്കണം എന്ന അഭ്യർത്ഥനയുമായി, തന്റെ മകന്റെ അദ്ധ്യാപകൻകൂടിയായ, Pasteur നെ സമീപിച്ചു. അങ്ങനെയാണ് Fermentation എന്ന പ്രതിഭാസം Pasteur ന്റെ പ്രധാന പഠനവിഷയമായി മാറുന്നത്. ആൽക്കഹോൾ Fermentation നെ കുറിച്ച് പഠിക്കുന്നതിനിടെ അദ്ദേഹത്തിന്റെ മനസ്സിലേക്ക് പഴയ Tartaric Acid ന്റെ സമസ്യ വീണ്ടും കടന്നുവന്നു. Tartaric Acid ഉണ്ടാവുന്നതും ഇതേ Fermentation വഴിയാണ് എന്നതായിരുന്നു കാരണം. Fermentation നും Racemic സംയുക്തങ്ങളുടെ ഉത്ഭവവും തമ്മിലുള്ള ബന്ധത്തേക്കുറിച്ചുള്ള ചിന്തകൾ പലപ്പോഴും അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നെങ്കിലും 1860 ആയപ്പോഴേക്കും അത് പരീക്ഷണ നിരീക്ഷണങ്ങളുടെ ഘട്ടത്തിലേക്ക് അദ്ദേഹം മുന്നോട്ട് കൊണ്ടുപോയി. Alcoholic Fermentation നെകുറിച്ച് ആഴത്തിൽ പഠിച്ചതിൽനിന്നും അവ ജൈവപ്രക്രിയയാണെന്ന് അദ്ദേഹം മനസ്സിലാക്കി. കൂടുതൽ വ്യക്തതവരുത്താനായി അദ്ദേഹം Fermentation തന്റെ പരീക്ഷണശാലയിൽ പുനർസൃഷ്ടിച്ച് പഠനവിധേയമാക്കി. Yeast ന്റെ വളർച്ചയും Fermentation നും പരസ്പരപൂരകങ്ങളാണെന്ന് അദ്ദേഹത്തിന് കാണാൻ കഴിഞ്ഞു. അതോടെ Yeast ആണ് Fermentation ന്റെ കാരണം എന്ന് Pasteur ക്ക് ബോധ്യപ്പെട്ടു.

രസതന്ത്രത്തിൽ നിന്ന് ജീവശാസ്ത്രത്തിലേക്ക്

ഇതേ പരീക്ഷണങ്ങൾ Optically Inactive ആയ Tartaric Acid ഉപയോഗിച്ച് അദ്ദേഹം നടത്തി. കൃത്രിമമായി ഉണ്ടാക്കിയ ആ സംയുത്തതിന് തുടക്കത്തിൽ പ്രകാശത്തെ Polarize ചെയ്യാൻ സാധിച്ചിരുന്നില്ല എങ്കിലും Fermentation ആരംഭിച്ചതോടെ മെല്ലെ മെല്ലെ അതിന്റെ സ്വഭാവം മാറിക്കൊണ്ടിരുന്നു. സമയം കഴിയുന്തോറും അത് പ്രകാശത്തെ കൂടുതൽ കൂടുതൽ Polarize ചെയ്ത് അതിന്റെ ദിശ ഇടത്തോട്ട് തിരിക്കാൻ തുടങ്ങി (Laevorotatory). ഒടുവിൽ ഒരു പ്രത്യേക അളവ് കഴിഞ്ഞപ്പോൾ പ്രകാശത്തിന്റെ Rotation അതിന്റെ പരമാവധി പരിധിയിൽ എത്തിനിന്നു. അതേനിമിഷം തന്നെ Fermentation നും അവസാനിച്ചു. മുൻപ് പ്രകാശത്തെ വലത്തോട്ട് തിരിച്ചിരുന്ന ക്രിസ്റ്റലുകൾ (Dextrorotatory) എല്ലാം Tartaric Acid ൽ നിന്നും പൂർണമായും അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. Dextrorotatory ക്രിസ്റ്റലുകൾ Fermentation ന് കാരണക്കാരനായ Yeast ന്റെ വളർച്ചയുടെ ഭാഗമായി അവ സ്വയം ആഹരിക്കുന്നതാണെന്ന് അദ്ദേഹം അനുമാനിച്ചു. അതേസമയംതന്നെ മറുഭാഗത്ത് എല്ലാം വെറും അജൈവ രാസപ്രവർത്തനങ്ങളാണെന്ന് വാദിച്ചിരുന്ന ധാരാളം ശാസ്ത്രജ്ഞരുമുണ്ടായിരുന്നു. ആൽക്കഹോൾ നിർമാണവും, പകർച്ചവ്യാധികളും മുതൽ മൃതദേഹം ദ്രവിക്കുന്നതുവരെയുള്ള എല്ലാത്തിന്റെയും പുറകിലെ കാരണം ഈ രണ്ട് സിദ്ധന്തങ്ങൾ വച്ച് വിശദീകരിക്കാൻ ഇരുകൂട്ടരും ശക്തമായി പരിശ്രമിച്ചുകൊണ്ടിരുന്നു. ഇതിനെല്ലാം പുറകിൽ രസതന്ത്രമോ അതോ ജീവശാസ്ത്രമോ എന്നതായിരുന്നു അവർ ഉത്തരം കണ്ടെത്താൻ ശ്രമിച്ച പ്രധാന ചോദ്യം.

സൂക്ഷ്മലോകത്തെ അടുത്തറിയാൻ മനുഷ്യനെ സഹായിച്ചത് മൈക്രോസ്കോപ്പിന്റെ കണ്ടുപിടുത്തമായിരുന്നു. 1830 കളോടെ അഞ്ഞൂറിരട്ടി വരെ Magnification ലഭിക്കത്തക്കവിധമുള്ള ലെൻസുകൾ നിർമ്മിക്കപ്പെട്ടു. അത്തരമൊരു മൈക്രിസ്കോപ്പിന്റെ സഹായത്താൽ Yeast നെ നിരീക്ഷിച്ച വ്യക്തിയായിരുന്നു Theodor Schwann. Yeast ന്റെ കോശവിഭജനം മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ച Schwann, Fermentation ന് കാരണം അന്നേവരെ ആളുകൾ കരുതിയിരുന്നപോലെ ഓക്സിജന്റെ സാന്നിധ്യമല്ല മറിച്ച് Yeast ആണെന്ന് തെളിയിക്കാനായി പരീക്ഷണങ്ങൾ നടത്തി. Yeast ഒഴിവാക്കി ഓക്സിജൻ മാത്രം ഉപയോഗിച്ചപ്പോൾ Fermentation നടക്കുന്നില്ല എന്ന് അദ്ദേഹം കണ്ടെത്തി. എങ്ങനെയൊക്കെ ശ്രമിച്ചാലും Yeast ന്റെ അസാന്നിധ്യത്തിൽ Fermentation നടക്കില്ല എന്ന് Schwann തെളിയിച്ചു. അജൈവ വസ്തുക്കളിൽനിന്നും ജീവനുള്ളവ ഉണ്ടാകാം എന്ന Spontaneous Generation സിദ്ധാന്തം മുഖ്യധാരയിൽ നിലനിന്നിരുന്ന കാലമായിരുന്നു അത്. Yeast തനിയെ ഉണ്ടാവുന്നില്ല, മറിച്ച് മുൻപുള്ളവയുടെ കോശവിഭജത്തിലൂടെ മാത്രമേ ഉണ്ടാവുന്നുള്ളു എന്നുകൂടി അദ്ദേഹം തെളിയിച്ചതോടെ Spontaneous Generation തെറ്റാണെന്ന് ശാസ്ത്രജ്ഞർക്ക് ബോധ്യപ്പെട്ടു. ജീവനുള്ളവയിൽ നിന്നുമാത്രമേ ജീവനുള്ളവ ഉണ്ടാവുകയുള്ളു എന്ന് അതോടെ നിസ്സംശയം സ്ഥിതീകരിക്കപ്പെട്ടു.

പുതിയ ചിന്തകളുടെ ഉദയം

1860 ആയപ്പോഴേക്കും Louis Pasteur ആൽക്കഹോൾ സംബന്ധിച്ച തന്റെ പല പഠനങ്ങളും പ്രസിദ്ധീകരിച്ചുകഴിഞ്ഞിരുന്നു. പാല് പോലെയുള്ള ഭക്ഷണ പാദാർത്ഥങ്ങൾ കേടുവരുന്നതും, മുന്തിരിച്ചാറ് വൈൻ ആയി മാറുന്നതുമെല്ലാം സൂക്ഷ്മജീവികളുടെ പ്രവർത്തനംമൂലമാണെന്ന് അദ്ദേഹം കണ്ടെത്തി. ‘Etudes sur le Vin’ (Studies on Wine) എന്ന തന്റെ പഠനത്തിൽ, പാലും വൈനുമെല്ലാം കേടാക്കുന്ന സൂക്ഷ്മജീവികളെ നശിപ്പിക്കാനുള്ള പുതിയൊരു രീതി അദ്ദേഹം പ്രതിപാദിച്ചു – 60°C ൽ അവയെ ചൂടാക്കുക. Pasteurization എന്ന ഈ രീതിയുടെ ഫലപ്രാപ്തി അദ്ദേഹത്തിന്റെ സൂക്ഷ്മജീവി സിദ്ധാന്തങ്ങൾക്ക് മറ്റൊരു ശക്തമായ അടിത്തറയായി മാറി. തുടർന്ന് Pasteur രോഗബാധിതരായ പട്ടുനൂൽ പുഴുക്കളെ മൈക്രോസ്കോപ്പിന്റെ സഹായത്താൽ നിരീക്ഷിച്ചു. അവിടെ അദ്ദേഹം Fermentation ന് സമാനമായ പ്രക്രിയ നിരീക്ഷിക്കാനിടയായി. Fermentation ന് കാരണം Yeast എന്ന സൂക്ഷ്മജീവിയാണെന്ന തന്റെ മുന്നേയുള്ള കണ്ടെത്തലിന്റെ വെളിച്ചത്തിൽ ഈ രോഗത്തിനും Fermentation നും പൊതുവായ കാരണം തന്നെയാണെന്ന് അദ്ദേഹം ഉറപ്പിച്ചു. പല രോഗങ്ങളുടെയും കാരണം സൂക്ഷ്മജീവികളാണ് എന്ന രോഗാണു സിദ്ധാന്തം, Germ Theory of Diseases, മെല്ലെ മെല്ലെ മുഖ്യധാരയിലേക്ക് പ്രവേശിക്കാൻ ആരംഭിച്ചു.

ശാസ്ത്രാന്വേഷണങ്ങൾക്ക് ആവേശംപകർന്ന ജർമ്മനി

അതേസമയം യൂറോപ്പിന്റെ മറ്റൊരു ഭാഗത്ത് വേറൊരാൾ, രോഗങ്ങളെക്കുറിച്ച് ഇതേ നിഗമനത്തിൽ എത്തിയിരുന്നു – Robert Koch. 1843 ൽ ജർമ്മനിയിൽ ജനിച്ച Koch 1862 ൽ University of Göttingen ൽ മെഡിസിൻ പഠിക്കാൻ ആരംഭിച്ചു. ജർമ്മനിയിൽ ശാസ്ത്രത്തോടുള്ള അതിയായ അഭിനിവേശം ജ്വലിച്ചുനിൽക്കുന്ന കാലമായിരുന്നു അത് എന്നതിനാൽ ശാസ്ത്ര വിദ്യാഭ്യാസം വളരെയധികം പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്ന ഒരു അന്തരീക്ഷം രാജ്യമാകെ നിലനിന്നിരുന്നു. പകർച്ചവ്യാധികൾക്ക് കാരണം സൂക്ഷ്മജീവികളാണെന്ന സിദ്ധാന്തത്തിൽ വിശ്വസിച്ചിരുന്ന Jacob Henle ആയിരുന്നു യൂണിവേഴ്സിറ്റിയിലെ Robert Koch ന്റെ അധ്യാപകരിൽ ഒരാൾ. അത് അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകളെ സ്വാധീനിച്ചിരുന്നു എന്നുവേണം കരുതാൻ. Louis Pasteur ക്രിസ്റ്റലുകളെക്കുറിച്ചുള്ള പഠനങ്ങളിലോടെ രോഗാണുക്കളിലേക്ക് ക്രമേണ എത്തിപ്പെടുകയായിരുന്നുവെങ്കിൽ Robert Koch ആകട്ടെ നേരിട്ട് രോഗങ്ങളേക്കുറിച്ചുള്ള പരീക്ഷണ നിരീക്ഷണങ്ങളിലേക്ക് കടന്നുവരികയായിരുന്നു. അദ്ദേഹം Wöllstein ലെ ഒരു പട്ടണത്തിൽ മെഡിക്കൽ ഓഫീസറായി ജോലിനോക്കവെയാണ് ഫാമുകളിലെ മാടുകളിൽ പടർന്നുപിടിച്ചിരുന്ന ഒരു രോഗം അദ്ദേഹത്തിന്റെ ശ്രദ്ധയാകർഷിച്ചത്.

Anthrax ന്റെ രഹസ്യം

Anthrax എന്നത് മാംസഭുക്കുകളെ അപേക്ഷിച്ച് സസ്യഭുക്കുകളായ മൃഗങ്ങൾക്ക് വളരെ മാരകമായ ഒരു രോഗമായിരുന്നു. ഇത്തരം മൃഗങ്ങളുമായി നിരന്തരം ഇടപെട്ടുകൊണ്ടിരുന്ന മനുഷ്യരെ സംബന്ധിച്ചും Anthrax അത്യധികം ഭീതിജനകമായ ഒരു വ്യാധിതന്നെയായിരുന്നു. Anthrax ന്റെ Toxin രോഗം ബാധിച്ചവരിൽ ശ്വാസതടസവും, കൈകാലുകളിലെ കോശങ്ങളിൽ ഫ്ലൂയിഡ് നിറഞ്ഞ് Edema പോലുള്ള അവസ്ഥയുമെല്ലാം പ്രത്യക്ഷപ്പെടുകയും പലപ്പോഴും മരണത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. ഈ രോഗത്തിന്റെ ആഴങ്ങളിലേക്കിറങ്ങാൻ Robert Koch തീരുമാനിച്ചു. അദ്ദേഹത്തിന് ഉത്തരം വേണ്ടിയിരുന്ന ചില പ്രധാന ചോദ്യങ്ങൾ ഇവയായിരുന്നു : രോഗത്തിന്റെ കാരണം എന്തായിരുന്നു? രോഗമുള്ള ശരീരങ്ങളിൽ നിന്നും ആരോഗ്യവാന്മാരായവരിലേക്ക് ഇത് കൈമാറ്റം ചെയ്യപ്പെടുന്നതെങ്ങനെ? ഏറ്റവും പ്രധാനം – ഈ രോഗത്തിന് ചികിത്സയോ പ്രതിരോധമോ കണ്ടെത്താനാകുമോ? ഒരു അജ്ഞാത രോഗത്തിന്റെ വേരുകൾ അന്വേഷിച്ചിറങ്ങിയ ശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം വളരെ പരിമിതമായ സൗകര്യങ്ങൾ മാത്രമേ Koch ന്റെ പക്കൽ ഉണ്ടായിരുന്നുള്ളൂ. റഫറൻസിനായി ലൈബ്രറികളോ, ഇതേ മേഖലയിൽ വിദഗ്ദ്ധരായ മറ്റ്‌ ശാസ്ത്രജ്ഞരുടെ സഹായമോ പോലും ലഭ്യമല്ലായിരുന്നു. തന്റെ ഭാര്യ സമ്മാനിച്ച ഒരു മൈക്രോസ്കോപ്പായിരുന്നു പ്രധാന ആശ്രയം. എങ്കിലും അദ്ദേഹത്തിന്റെ അന്വേഷണത്വരയെ അവയൊന്നും തളർത്തിയില്ല. അടങ്ങാത്ത ജിജ്ഞാസയായിരുന്നു അദ്ദേഹത്തിന്റെ ഊർജ്ജം.

അദ്ദേഹം, രോഗബാധിതരായി മരണമടഞ്ഞ കന്നുകാലികളുടെ Spleen ൽ നിന്നുള്ള രക്തം ശേഖരിച്ചശേഷം, തന്റെ ലാബിലെ എലികളിൽ കുത്തിവച്ചു. അതോടൊപ്പം തന്നെ മറ്റൊരു കൂട്ടം എലികളിൽ ആരോഗ്യവാന്മാരായ കന്നുകാലികളിൽ നിന്നെടുത്ത രക്തവും കടത്തിവിട്ടു. അദ്ദേഹം പ്രതീക്ഷിച്ചപോലെ തന്നെ രോഗബാധിതരായവയിൽ നിന്നുമുള്ള രക്തം സ്വീകരിച്ച എലികൾ മരണമടയുകയും, അതേസമയം ആരോഗ്യവാന്മാരാവയിൽ നിന്നും രക്തം സ്വീകരിച്ച എലികൾ അതിജീവിക്കുകയും ചെയ്തു. തന്റെ ചിന്തകൾ ശരിയായ വഴിക്കാണ് നീങ്ങുന്നതെന്ന് അദ്ദേഹത്തിന് ബോധ്യമായി. പക്ഷെ അദ്ദേഹം തന്റെ അന്വേഷണം അവിടംകൊണ്ട് നിർത്തിയില്ല. രോഗബാധിതരായവയുടെ രക്തത്തിലുള്ള എന്ത് ഘടകമാണ് രോഗവ്യാപനത്തിന് കാരണം എന്ന് അദ്ദേഹത്തിന് അറിയണമായിരുന്നു. Anthrax വന്ന് മരണമടഞ്ഞ കന്നുകാലികളുടെ രക്തത്തിൽ ചില സൂക്ഷ്മജീവികളുടെ സാന്നിധ്യം Robert Koch ന് മുൻപേ തന്നെ ചിലർ നിരീക്ഷിച്ചിരുന്നു. ഈ അറിവ് ഫലത്തിൽ Koch ന് ഗുണം ചെയ്തു. രോഗകാരണം Bacillus Anthracis എന്ന് പിന്നീട് അറിയപ്പെട്ട ഈ സൂക്ഷ്മജീവിയാണ് എന്ന അനുമാനം പരീക്ഷണവിധേയമാക്കാൻ അദ്ദേഹം തീരുമാനിച്ചു. അതിനായി രോഗബാധിതമായ കന്നുകാലികളുടെ രക്തത്തിൽനിന്നും സൂക്ഷ്മജീവികളെ അദ്ദേഹം ശ്രദ്ധാപൂർവ്വം വേർതിരിച്ചെടുത്തു. ശേഷം അവയെ കാളയുടെ കണ്ണിൽനിന്നുമെടുത്ത Aqueous Humour എന്ന ദ്രാവകത്തിൽ വളർത്തിയെടുത്തു. ഈ ബാക്റ്റീരിയ Culture കൾ ഉപയോഗിച്ച് അദ്ദേഹം ആരോഗ്യമുള്ള കന്നുകാലികളിൽ രോഗം സൃഷ്ടിച്ചു. അതോടെ താൻ അന്വേഷിച്ചുനടന്ന രോഗാണു അതുതന്നെയെന്ന് Koch ന് ബോധ്യമായി.

ശാസ്ത്രലോകത്തിന്റെ അംഗീകാരം

അങ്ങനെ ചരിത്രത്തിലാദ്യമായി ഒരു പ്രത്യേക രോഗവും രോഗാണുവും തമ്മിലുള്ള ബന്ധം Robert Koch ന്റെ പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടു. രോഗാണു സിദ്ധാന്തം എന്ന ആശയം അനിഷേധ്യമായ രീതിയിൽ ശാസ്ത്രത്തിന്റെ മുഖ്യധാരയിൽ ഇടംപിടിച്ചു. പക്ഷെ ചോദ്യങ്ങൾ അവസാനിച്ചിരുന്നില്ല. രോഗബാധിതരായ കന്നുകാലികളുടെ ശരീരത്തിൽ പ്രവേശിക്കുംവരെ മണ്ണിലെ പ്രതികൂല സാഹചര്യങ്ങളിൽ അതിജീവിക്കാനുള്ള കഴിവ് Anthrax ബാക്റ്റീരിയക്ക് എങ്ങനെ ലഭിക്കുന്നു എന്നതായിരുന്നു അദ്ദേഹത്തെ കുഴക്കിയ പ്രശ്നം. തുടർ പഠനങ്ങളിൽ നിന്നും അദ്ദേഹം മനസ്സിലാക്കി, വളരാനും നിലനിൽക്കാനും വേണ്ട ആഹാരമോ മറ്റ്‌ സാഹചര്യമോ ഇല്ലാത്തപ്പോൾ ഈ ബാക്റ്റീരിയ അതിജീവനത്തിനായി Spores നിർമ്മിച്ച് അത്തരം അവസ്ഥകളെ മറികടക്കുമെന്ന്. അനുകൂല സാഹചര്യം വരുമ്പോൾ അവ കന്നുകാലികളുടെ ശ്വാസകോശത്തിലും മറ്റും പ്രവേശിച്ച് പെറ്റുപെരുകാൻ തുടങ്ങും. ശേഷം അവ ഉൽപാദിപ്പിക്കുന്ന Toxins രോഗത്തെ വളരെ ഗുരുതരമായ അവസ്ഥയിലേക്കെത്തിക്കും. ഈ പരീക്ഷണഫലങ്ങൾ Robert Koch ജർമ്മനിയിലെ University of Breslau ലെ ബോട്ടണി പ്രൊഫസറായ Ferdinand Cohn ന് മുൻപിൽ അവതരിപ്പിച്ചു. അതിൽ മതിപ്പുതോന്നിയ അദ്ദേഹം 1876 ൽ, താൻ എഡിറ്ററായ ബോട്ടണിക്കൽ ജേർണലിൽ ആ പരീക്ഷണഫലങ്ങൾ പബ്ലിഷ് ചെയ്തു.

Louis Pasteur ന്റെയും Robert Koch ന്റെയും ഈ കണ്ടെത്തലുകൾ വൈദ്യശാസ്ത്രരംഗത്തെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു ചുവടുവയ്പ്പായിരുന്നു. തൊട്ടുമുൻപുള്ള വൈദ്യശാസ്ത്ര ശാഖകളെപ്പോലെ വെറും സങ്കല്പ സിദ്ധാന്തങ്ങളിലോ ഊഹാപോഹങ്ങളിലോ ഒതുങ്ങിക്കൂടാതെ പരീക്ഷണങ്ങളെയും തെളിവുകളെയും ആശ്രയിച്ചുള്ള ഒരു പുതിയ രീതി, സയൻസിന്റെ രീതി, അവർ ലോകത്തിന് പരിചയപ്പെടുത്തി. അതോടെ മറ്റെല്ലാ വൈദ്യങ്ങളും സമാന്തര വൈദ്യങ്ങളോ, പ്രാദേശിക വൈദ്യങ്ങളോ, കപട വൈദ്യങ്ങളോ ആയി മാറി. സിദ്ധാന്തങ്ങളും, മരുന്നുകളും, ചികിത്സാരീതികളും പ്രവർത്തിക്കുമോ എന്ന് തെളിയിക്കാൻ സാധിക്കുമോ ഇല്ലയോ എന്നതായിരുന്നു മോഡേൺ മെഡിസിനും സമാന്തര വൈദ്യങ്ങളും തമ്മിലുള്ള വ്യത്യാസം. ആ വ്യത്യാസം പക്ഷെ വളരെ വലിയ ഒരു വഴിത്തിരിവായിരുന്നു. വരുംകാലത്ത് മനുഷ്യരാശിയുടെ തന്നെ നിലനിൽപ്പിനെയും അതിജീവനത്തെയും പോലും നിർവ്വചിക്കുന്നതിൽ നിർണായകമായി മാറാൻ കെൽപ്പുണ്ടായിരുന്ന ഒരു വഴിത്തിരിവ്…

References:
Miracle Cure : The Creation of Antibiotics and the Birth of Modern Medicine – William Rosen
Louis Pasteur: https://en.wikipedia.org/wiki/Louis_Pasteur
Robert Koch : https://www.nobelprize.org/prizes/medicine/1905/koch/biographical/
The Discovery of Biological Enantioselectivity: Louis Pasteur
and the Fermentation of Tartaric Acid, 1857—A Review
and Analysis 150 Yr Later – Joseph Gal


Leave a Reply

Your email address will not be published. Required fields are marked *