ക്ഷമിക്കുക എന്ന ആയുധം; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു


“നെല്‍സണ്‍ മണ്ടേല തന്നെ അടിച്ചമര്‍ത്തുന്നവരോട് ക്ഷമിച്ചു. പ്രതികാരത്തിനായി മുറവിളി കൂട്ടിയ തന്റെ പാര്‍ട്ടിയിലെ പല അംഗങ്ങളെയും തിരുത്തി. ഒരുപക്ഷേ അദ്ദേഹത്തിന് തന്നെ അടിച്ചമര്‍ത്തിയവരോട് കോപം ഉണ്ടായിരുന്നിരിക്കാം, പക്ഷേ അത് പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം മനസ്സിലാക്കി. ഒരു ലക്ഷ്യത്തിന് വേണ്ടി ആയുധമെടുത്താല്‍ ആ ലക്ഷ്യം പൂര്‍ത്തിയായാലും ആയുധം താഴെ വയ്ക്കാന്‍ പറ്റാതാവും. പുതിയ ലക്ഷ്യങ്ങള്‍ വന്നുകൊണ്ടേയിരിക്കും.”- ഹമാസ് – ഇസ്രായേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു.

മണ്ടേലയില്‍നിന്ന് ഹമാസിലേക്ക്!

സൗത്ത് ആഫ്രിക്കയുടെ ജനനത്തെക്കുറിച്ചു ഡൊമനിക്ക് ലാപ്പിയര്‍ എഴുതിയ ‘A rainbow in the night’ എന്ന പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോള്‍ ആണ് 2009-ല്‍ ഇറങ്ങിയ Clint Eastwood സംവിധാനം ചെയ്ത ‘Invictus’ എന്ന സിനിമ ഒന്നുകൂടി കാണാന്‍ തീരുമാനിച്ചത്. 93 വയസ്സായ Clint Eastwood ധാരാളം നല്ല സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട് എന്ന് മാത്രമല്ല ഇപ്പോഴും ആ ജോലി തുടരുന്നു (Unforgiven, The bridges of Madiosn county, Mystic river, Million dollar baby, Flag of our fathers, Letters from Iwo Jima, Changeling, J. Edgar, Sully etc). പ്രചോദനത്തിനായി ഞാന്‍ ഇടക്കിടക്ക് കാണുന്ന സിനിമയാണ് Invictus. ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഈ സിനിമ കാണുന്നത് കൂടുതല്‍ പ്രസക്തമാണ് എന്ന് തോന്നി.

അടിച്ചമര്‍ത്തിയവരോട് ക്ഷമിച്ച മണ്ടേല

‘My message to those of you involved in this battle of brother against brother is this: Take your guns, your knives and your pangas and throw them into the sea.’ – Nelosn Mandela on 26th February 1990 after being released from Victor Verster Priosn after having spent 27 years in captivity.- ഈ ഒരു ഉദ്ധരണിയോട് കൂടിയാണ് സിനിമ ആരംഭിക്കുന്നത്. റോബന്‍ ദ്വീപില്‍ ഒരു 8 x 7 അടി തടവുമുറിയില്‍ 27 വര്‍ഷം കഴിഞ്ഞ ശേഷം പുറത്തിറങ്ങിയപ്പോള്‍ ജനങ്ങളെ അഭിസംബോധന ചെയ്തു നെല്‍സണ്‍ മണ്ടേല നടത്തിയ പ്രസംഗത്തിലെ ചില വാക്കുകള്‍ ആണിത്.

മണ്ടേല തന്നെ അടിച്ചമര്‍ത്തുന്നവരോട് ക്ഷമിക്കുകയും, പ്രതികാരത്തിനായി മുറവിളി കൂട്ടിയ തന്റെ പാര്‍ട്ടിയിലെ പല അംഗങ്ങളെ തിരുത്തുകയും ചെയ്തു. ഒരുപക്ഷേ അദ്ദേഹത്തിന് തന്നെ അടിച്ചമര്‍ത്തിയവരോട് കോപം ഉണ്ടായിരുന്നിരിക്കാം, പക്ഷേ അത് പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം മനസ്സിലാക്കി. ഒരു ലക്ഷ്യത്തിന് വേണ്ടി ആയുധമെടുത്താല്‍ ആ ലക്ഷ്യം പൂര്‍ത്തിയായാലും ആയുധം താഴെ വയ്ക്കാന്‍ പറ്റാതാവും. പുതിയ ലക്ഷ്യങ്ങള്‍ വന്നു കൊണ്ടേയിരിക്കും.

സ്വതന്ത്രനാക്കപ്പെട്ട് നാല് വര്‍ഷത്തിന് ശേഷം മണ്ടേല ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വര്‍ണ്ണവിവേചനാനന്തര കാലഘട്ടത്തില്‍ (post-apartheid era), ദാരിദ്ര്യവും ഉയര്‍ന്നു വരുന്ന കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ, അദ്ദേഹത്തിന്റെ സര്‍ക്കാര്‍ വലിയ വെല്ലുവിളികളെ ആണ് അഭിമുഖീകരിക്കേണ്ടി വന്നത്. കൂടാതെ കറുത്തവരും വെളുത്തവരും തമ്മിലുള്ള വംശീയ വിഭജനം ആഭ്യന്തരയുദ്ധത്തിലേക്ക് നയിച്ചേക്കും എന്നതിനാല്‍ മണ്ടേല ആശങ്കാകുലനായിരുന്നു. അപ്പാര്‍ത്തയ്ഡിന് ശേഷവും പോലീസിലും ബിസിനസ്സുകളിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിരുന്നു വെള്ളക്കാരെ കൂടി വിശ്വാസത്തില്‍ എടുക്കേണ്ടതിന്റെയും അവര്‍ക്കെതിരെ പണ്ട് അനുഭവിച്ച വിവേചനങ്ങളുടെ പേരില്‍ പ്രതികാരനടപടികളിലേക്ക് അധികാരം കിട്ടിയ കറുത്തവര്‍ഗക്കാര്‍ പോകാതിരിക്കേണ്ടതിന്റെ ആവശ്യകതയും മണ്ടേല മനസ്സിലാക്കിയിരുന്നു.

സിനിമയില്‍ കാണിക്കുന്ന ഒരു സീന്‍ പ്രസിഡന്റായി ജോലി തുടങ്ങിയ ഉടനെ മണ്ടേലയുടെ പേര്‍സണല്‍ സുരക്ഷ ഒരുക്കുന്ന ഡിപ്പാര്‍ട്മന്റിന്റെ കറുത്തവനായ തലവന്‍ ആയ ജേസണ്‍, മുന്‍ apartheid സര്‍ക്കാരില്‍ സീക്രെട് സര്‍വീസില്‍ സേവനം അനുഷ്ഠിച്ച നാല് വെള്ളക്കാരായ ഉദ്യോഗസ്ഥരെ തങ്ങളുടെ ടീമിലേക്ക് മണ്ടേല നിയോഗിച്ചതിന് പരാതി പറയാന്‍ ചെല്ലുന്നതാണ്. തങ്ങളുടെ സഖാക്കളില്‍ പലരെയും മുമ്പ് കൊലപ്പെടുത്തിയത് ഇതേ സീക്രെട് സര്‍വീസ് ആണെന്നും, ഒരു പക്ഷെ ആ കൂട്ടത്തില്‍ ഈ നാലു പേര്‍ പോലും ഉണ്ടായിരുന്നിരിക്കാം എന്ന് ജേസണ്‍ മണ്ടേലയെ ഓര്‍മ്മിപ്പിക്കുന്നു. അനുരഞ്ജനം ഇവിടെ തന്നെയാണ് തുടങ്ങേണ്ടത് എന്ന് മണ്ടേല മറുപടി പറയുന്നു. Mandela: ‘Reconciliation starts here. Forgiveness starts here too. Forgiveness liberates the osul. It removes fear. That is why it is such a powerful weapon. Please Jaosn. Try-‘

റഗ്ബി പ്രചോദനം

Springboks എന്നത് വെളുത്തവര്‍ഗക്കാര്‍ ആധിപത്യം പുലര്‍ത്തിയിരുന്ന സൗത്ത് ആഫ്രിക്കയുടെ റഗ്ബി ടീം ആണ്. ജയിലില്‍ കിടക്കുമ്പോള്‍ മണ്ടേല ഉള്‍പ്പടെ കറുത്തവര്‍ഗക്കാര്‍ ഒരിക്കലും സ്പ്രിങ്ബോക്കുകളെ തങ്ങളുടെ സ്വത്വത്തിന്റെ ഭാഗമായി കണ്ടിരുന്നില്ല എന്ന് മാത്രമല്ല സ്പ്രിങ്ബോക്‌സുകള്‍ കളിക്കുമ്പോള്‍ എതിര്‍ ടീം ആരായാലും അവരെ പിന്തുണക്കുകയാണ് ചെയ്തിരുന്നത്. സ്പ്രിങ്ബോക്‌സുകള്‍ വര്‍ണ്ണ വിവേചനത്തിന്റെ ഒരു പ്രതീകം ആയിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ദക്ഷിണാഫ്രിക്ക 1995-ലെ റഗ്ബി ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്നു എന്നറിഞ്ഞ മണ്ടേല, സ്പ്രിംഗ്‌ബോക്‌സിനെ പിന്തുണയ്ക്കാന്‍, പുതുതായി കറുത്തവര്‍ഗ്ഗക്കാര്‍ ആധിപത്യം പുലര്‍ത്തുന്ന ദക്ഷിണാഫ്രിക്കന്‍ സ്‌പോര്‍ട്‌സ് കമ്മിറ്റിയുടെ യോഗത്തെ പ്രേരിപ്പിക്കുന്നു.

തുടര്‍ന്ന് അദ്ദേഹം സ്പ്രിംഗ്‌ബോക്‌സ് റഗ്ബി ടീമിന്റെ ക്യാപ്റ്റന്‍ ഫ്രാന്‍സ്വാ പിനാറിനെ കണ്ടുമുട്ടുകയും ലോകകപ്പിലെ സ്പ്രിംഗ്‌ബോക്‌സ് വിജയം രാജ്യത്തെ ഒന്നിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന് സൂചിപ്പിക്കുന്നു. നേതൃത്വത്തെക്കുറിച്ചുള്ള അഭിപ്രായം ഫ്രാന്‍സ്വായോട് ചോദിക്കുന്ന മണ്ടേല അധഃസ്ഥിതിയില്‍ നിന്ന് വളരാന്‍ ശ്രമിക്കുന്ന ഒരു രാജ്യത്തിലെ പൗരന്മാര്‍ തങ്ങളുടെ കഴിവിനേക്കാള്‍ കൂടുതല്‍ പ്രയത്‌നം സംഭാവന ചെയ്യേണ്ടതിന്റെ ആവശ്യകത ബോധിപ്പിക്കുന്നു.

Mandela: ‘Tell me François, what is your philosophy on leadership? How do you inspire your team to do their best?’

François Pienaar: ‘By example. I’ve always thought to lead by example. Sir.’

Mandela: ‘ Well that is right. That’s exactly right. But how to get them to be better than they think they can be? How do we inspire ourselves to greatness when nothing else will do? How do we inspire everyone around us? I sometimes use the work of others. On Robben Island when things got very bad I found inspiration in a poem. A Victorian poem. Just words. But they helped me to stand when all I wanted to do was to lie down.’

Mandela: ‘We need inspiration François. Because in order to build our nation we must all exceed our own expectations.’

ഫ്രാന്‍സ്വാ പിനാറിനൊപ്പമുള്ള മണ്ടേലയുടെ കൂടിക്കാഴ്ച്ച പിറ്റേന്നത്തെ പത്രത്തില്‍ വരികയും വെള്ളക്കാര്‍ക്കൊപ്പം സഹകരിക്കുന്നതില്‍ മണ്ടേലയുടെ മകള്‍ സിന്ദ്‌സി അദ്ദേഹത്തെ തന്റെ പ്രതിഷേധം അറിയിക്കുന്നു. ഇത് ഒരു സ്വാര്‍ത്ഥചിന്തയാണെന്നും അത് രാജ്യത്തിന് ദോഷമാണെന്നും മണ്ടേല മകളോട് പറയുന്നു.

Zindzi: ‘He looks like one of the policemen who forced us out of our house when you were in jail. I don’t like seeing you shake his hand and I’m not the only one.’

Mandela: ‘You criticize without understanding. You seek only to address your own personal feelings. That is selfish thinking, Zindzi. It does not serve the nation.’

സിംബാബ്‌വേയും ഹമാസും

മണ്ടേലയുടെ മഹത്വം മനസ്സിലാവണമെങ്കില്‍ സമകാലീനമായ സിംബാബ്വെയിലേക്ക് നോക്കിയാല്‍ മതി. മണ്ടേലയുമായി താരതമ്യപ്പെടുത്തുമ്പോള്‍, സിംബാബ്വെയുടെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ വെള്ളക്കാരായ സിംബാബ്വെക്കാര്‍ക്കും അദ്ദേഹത്തെ എതിര്‍ത്ത രാജ്യത്തെ കറുത്തവര്‍ഗ്ഗക്കാര്‍ക്കും എതിരെ പ്രതികാരവും വിദ്വേഷവും തിരഞ്ഞെടുത്തു. വെള്ളക്കാരുടെ ഉടമസ്ഥതയിലുള്ള വാണിജ്യ ഫാമുകള്‍ നിര്‍ബന്ധിതമായി കൈവശപ്പെടുത്താന്‍ തന്റെ അനുയായികളെ പ്രോത്സാഹിപ്പിച്ചതോടെ, ഒരുകാലത്ത് ആഫ്രിക്കയുടെ bread basket ആയിരുന്ന സിംബാബ്വെ കടുത്ത ദാരിദ്ര്യത്തിലേക്ക് നീങ്ങി.

അദ്ദേഹത്തിന്റെ ഭരണത്തിന്‍ കീഴില്‍ തൊഴിലില്ലായ്മ 70 ശതമാനത്തിലധികം ഉയരുകയും ആയുര്‍ദൈര്‍ഘ്യം കുറയുകയും ചെയ്തു. 2008 നവംബര്‍ പകുതിയോടെ, സിംബാബ്വെയുടെ പണപ്പെരുപ്പ നിരക്ക് 6.5 ലെ sextillion ശതമാനത്തിലെത്തിയതോടെ ദേശീയ കറന്‍സി ടോയ്ലറ്റ് പേപ്പര്‍ പോലെ ഉപയോഗിക്കാന്‍ പറ്റുന്ന തരത്തില്‍ ഉപയോഗശൂന്യമായി.

”If you want to make peace with your enemy, you have to work with your enemy. Then he becomes your partner’- Nelson Mandela

ഹമാസ്-ഇസ്രായേല്‍ പ്രശ്നങ്ങളെക്കുറിച്ചു ഇനി ഒന്ന് കൂടി ആലോചിച്ചു നോക്കൂ. എല്ലാ കാര്യങ്ങളിലും ചരിത്രപരമായ തെറ്റുകള്‍ പരസ്പരം ക്ഷമിച്ചും സഹിച്ചും മുന്നോട്ട് പോകുന്നതായിരിക്കണം നാഗരികതയുടെ അടിസ്ഥാനം. ഭൂമിയില്‍ നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ ജീവനും സ്വകാര്യ സ്വത്തും മാത്രം. തങ്ങളുടെ ഗോത്രത്തെക്കുറിച്ചും പൈതൃകത്തെക്കുറിച്ചും ആളുകള്‍ക്കുള്ള ദുരഭിമാനം ഒരു തരം തെറ്റായ ശ്രേഷ്ഠതയും അഹങ്കാരവും സൃഷ്ടിക്കുന്നു. ഈ തെറ്റായ ധാര്ഷ്ട്യം മറ്റ് മനുഷ്യരെയും അവരുടെ സാമൂഹിക നിലയെയും ഇകഴ്ത്താനും അപമാനിക്കാനും ഉള്ള അവസരമുണ്ടാക്കുന്നു.

”One of the ways of understanding the consequences of (economic) decisions is to look at them in terms of the incentives they create, rather than the goals they pursue. This means that consequences matter more than intentions- and not just the immediate consequences, but also the longer run repercussions.’ – Thomas Sowell