പലസ്തീനും കേരളത്തില്‍ പ്രചരിക്കുന്ന നുണകളും; ടോമി സെബാസ്റ്റിയന്‍ എഴുതുന്നു


“ഇപ്പോള്‍ നടക്കുന്നത് ഇസ്രായേല്‍- പലസ്തീന്‍ യുദ്ധം എന്ന് പറയുന്നതുപോലും ശരിയല്ല. പലസ്തീന്‍ എന്ന രാജ്യവും ഇസ്രയേലും തമ്മില്‍ ഇപ്പോള്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. അവര്‍ തമ്മില്‍ യുദ്ധവും ഇല്ല. ഉള്ളത് ഇപ്പോഴുള്ള പലസ്തീനെ രാജ്യമായി അംഗീകരിക്കാത്ത ഹമാസ് എന്ന് തീവ്രവാദ സംഘടനയും, ഇസ്രയേലും തമ്മിലാണ്. തീവ്രവാദത്തെ എതിര്‍ക്കുന്ന ഒരാള്‍ക്കുപോലും ഹമാസിനേയോ അവരുടെ ചെയ്തികളേയോ അംഗീകരിക്കാന്‍ സാധിക്കില്ല.” – ടോമി സെബാസ്റ്റിയന്‍ എഴുതുന്നു.

പലസ്തീന്‍ നുണ ബോംബുകള്‍!

ഇന്ന് ഇസ്രയേല്‍ പലസ്തീന്‍ വിഷയം സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചാവിഷയമാണ്. നിഷ്‌കളങ്കരായ കുട്ടികളും സ്ത്രീകളും സാധാരണക്കാരും മരിക്കുന്നത് സങ്കടകരമായ കാഴ്ചയാണ്. ഈ വിഷയത്തില്‍ ഒരുപാട് യൂട്യൂബ് വീഡിയോകള്‍ കാണാന്‍ ഇടയായി. മലയാളികള്‍ പലരും ഈ വിഷയം സംസാരിക്കാന്‍ തുടങ്ങുന്നത് തന്നെ ഇസ്രായേല്‍- പലസ്തീന്‍ വിഷയം ഒരു മതപരമായ വിഷയമല്ല എന്ന മുഖവുരയോടെ കൂടിയാണ്. കാരണം അതില്‍ മതം ഉണ്ട് എന്ന് സമ്മതിച്ചാല്‍, മതത്തെയും മതത്തിന് പിന്നില്‍ നില്‍ക്കുന്ന തീവ്രവാദത്തെയും അപലപിക്കേണ്ടതായി വരും. മതത്തെ പിണക്കാനോ അവരോട് ഏറ്റുമുട്ടാനോ ആര്‍ക്കും താല്‍പ്പര്യമില്ല.

യുക്തിവാദികളില്‍ ചിലര്‍പോലും പറയുന്നത് നമ്മള്‍ മതത്തെ ചേര്‍ത്തുപിടിക്കണം എന്നാണ്. അതുകൊണ്ട് വിഷയത്തെ സാമ്രാജ്യത്വ മുതലാളിത്ത അധിനിവേശ ശക്തികളുടെ പ്രശ്‌നമാണ് എന്ന് പറയാനാണ് എല്ലാവര്‍ക്കും താല്‍പര്യം. ഈ വിഷയത്തില്‍ ചില വസ്തുതകള്‍ ഇവിടെ കുറിക്കാന്‍ ഉദ്ദേശിക്കുന്നു.

ബാല്‍ഫോര്‍ ഉടമ്പടി വരുന്നു

ഒന്നാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടണും ഓട്ടോമന്‍ സാമ്രാജ്യവും എതിര്‍ ചേരികള്‍ ആയിരുന്നു. ഒട്ടോമനെ പരാജയപ്പെടുത്താന്‍ സഹായിച്ചാല്‍ നിങ്ങള്‍ക്ക് സ്വതന്ത്ര രാജ്യം ഉണ്ടാക്കാന്‍ സഹായിക്കാം എന്ന് ഒരു ഓഫര്‍ ബ്രിട്ടണ്‍ മുന്നോട്ടുവയ്ക്കുന്നു. അങ്ങനെ പലസ്തീന്‍ അറബികളും, പലസ്തീന്‍ ജൂതന്മാരും ബ്രിട്ടനെ സഹായിക്കുന്നു. യുദ്ധത്തില്‍ ബ്രിട്ടണ്‍ ആ പ്രദേശങ്ങള്‍ കൈക്കലാക്കുന്നു. അന്ന് ഈ പറയുന്ന രാജ്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.പ്രദേശങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്നുള്ള പല രാജ്യങ്ങളും ഉണ്ടായത് കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രമാണ്.അതായത് തങ്ങളുടെ രാജ്യമാണ് അവര്‍ അവകാശപ്പെടുന്നത് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് വസ്തുതാപരമായി ശരിയല്ല. കാരണം അന്ന് രാജ്യങ്ങള്‍ ഉണ്ടായിരുന്നില്ല.

ബ്രിട്ടന്‍ പറഞ്ഞതുപോലെ ആ പ്രദേശങ്ങള്‍ രണ്ടായി വിഭജിക്കാന്‍ തീരുമാനിക്കുന്നു. ഇതിനെ ബാല്‍ഫോര്‍ ഉടമ്പടി എന്ന് വിളിക്കുന്നു. 1917-ലെ ഈ ഉടമ്പടി അനുസരിച്ച് ജോര്‍ദാന്‍ നദിയുടെ കിഴക്കുഭാഗം പലസ്തീന്‍ അറബികള്‍ക്കും, പടിഞ്ഞാറുഭാഗം ജൂതന്മാര്‍ക്കും ആയി വിഭജിക്കാന്‍ തീരുമാനിക്കുന്നു. അങ്ങനെ ജോര്‍ദാന്‍ നദിയുടെ കിഴക്കുഭാഗം ട്രാന്‍സ് ജോര്‍ദ്ദാന്‍ എന്ന പേരില്‍ 1921 തന്നെ ഒരു രാജ്യമായി മാറി. അതേസമയം ജൂതന്മാര്‍ക്ക് ആയി വിഭജിച്ച മറ്റേ ഭാഗം ഒരു രാജ്യമായി മാറിയില്ല. ബാല്‍ഫോര്‍ ഉടമ്പടി പ്രകാരം ജൂതന്മാര്‍ക്ക് ലഭിച്ച ഇസ്രായേല്‍ എന്ന രാജ്യത്തേക്ക് ലോകത്തിന്റെ പല ഭാഗങ്ങളില്‍ അഭയാര്‍ഥികളെപ്പോലെ അല്ലെങ്കില്‍ അതിലും മോശമായ അവസ്ഥയില്‍ കഴിഞ്ഞിരുന്ന ജൂതന്മാര്‍ വന്നെത്തി താമസം ആരംഭിക്കുന്നു.

ഇതില്‍ പലരും സ്ഥലം വിലകൊടുത്തുവാങ്ങിയ വരാണ്. (വില കൊടുത്ത് ഒരു സാധനം വാങ്ങുന്നത് ഒട്ടും മോശം കാര്യമല്ല). എന്നാല്‍ വിദേശികളായ ജൂതന്മാര്‍ക്ക് സ്ഥലം വില്‍ക്കാന്‍ പാടില്ല എന്ന് ജെറുസലേം മുഫ്തി ഒരു ഫത്വ പുറപ്പെടുവിക്കുന്നു. അതുകൊണ്ട് സ്വദേശികളായ ജൂതന്മാര്‍ സ്ഥലം വാങ്ങി ആ സ്ഥലം അവര്‍ വിദേശികളായ ജൂതന്മാര്‍ക്ക് വില്‍ക്കാന്‍ തുടങ്ങി. വീണ്ടും ജൂതന്മാര്‍ക്ക് സ്ഥലം വില്‍ക്കാനേ പാടില്ല എന്ന് വീണ്ടും കല്‍പ്പന പുറപ്പെടുവിച്ചു. അതിനുശേഷവും ജൂതന്മാര്‍ സ്ഥലം വാങ്ങി കൂട്ടി. വിറ്റത് ഇത് ഗ്രാന്‍ഡ് മുഫ്തിയുടെ ബന്ധുക്കള്‍ തന്നെ. അതായത് അതിനു മുമ്പുണ്ടായിരുന്ന വിലയെക്കാള്‍ പതിന്മടങ്ങ് വില കൊടുത്താണ് സ്ഥലം വാങ്ങിയത്.

ഇതേസമയം യൂറോപ്പില്‍ ജൂതന്മാര്‍ കടുത്ത പീഡനങ്ങള്‍ക്ക് വിധേയമാവുകയായിരുന്നു. നാസി ജര്‍മ്മനിയില്‍ ഏകദേശം 65 ലക്ഷം ആളുകളാണ് കൊല്ലപ്പെട്ടത്. ജര്‍മനിയുടെ അധികാരത്തില്‍ ഉണ്ടായിരുന്ന പോളണ്ട് ഉക്രൈന്‍ എന്നിവിടങ്ങളിലും ജൂത കൂട്ടക്കൊലകള്‍ അരങ്ങേറി. അങ്ങനെ പലരും ജീവനും കൊണ്ട് ഓടി വരാന്‍ അവര്‍ക്ക് പ്രചോദനമായത് ബാല്‍ഫോര്‍ കരാര്‍ പ്രകാരം നിശ്ചയിച്ച ഈ പ്രദേശമാണ്. അതിനു മുമ്പേ തന്നെ ജൂതന്മാര്‍ക്ക് ഒരു രാഷ്ട്രം എന്ന ഒരു സങ്കല്‍പം ഉടലെടുത്തിരുന്നു. സയണിസം എന്നായിരുന്നു അതിന്റെ പേര്.

ഹിറ്റ്‌ലറെ കണ്ട ജറുസലേം മുഫ്ത്തി

പലസ്തീന്‍ അറബികള്‍ക്കായി നീക്കിവെച്ചിരുന്ന സ്ഥലം ഒരു രാജ്യമായി മാറിയെങ്കിലും, യഹൂദന്മാര്‍ക്ക് വേണ്ടി പറഞ്ഞിരുന്ന സ്ഥലം രാജ്യമായി മാറിയില്ല. 1930കളില്‍ രക്തരൂക്ഷിതമായ അക്രമങ്ങളും കലാപങ്ങളും ജൂതന്മാര്‍ക്ക് നേരെ ഉണ്ടായി. ജര്‍മ്മനിയില്‍ ലക്ഷക്കണക്കിനു ജൂതന്മാരെ കൊന്നൊടുക്കുന്നു എന്നറിഞ്ഞ ജെറുസലേം മുഫ്തി, ഞങ്ങളുടെ നാട്ടില്‍ ഉള്ള ജൂതന്മാരെ കൂടി കൊല്ലാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഹിറ്റ്ലറെ കാണുക പോലുമുണ്ടായി.

ജൂതന്മാര്‍ക്ക് ഇവിടെ ഒരു രാജ്യം ഉണ്ടാക്കാന്‍ അനുവദിക്കില്ല എന്ന നിലപാടിലായിരുന്നു അറബ് രാജ്യങ്ങള്‍ . അതിന് കാരണം അവരുടെ മത പുസ്തകത്തില്‍ അക്കാര്യം എഴുതിയിട്ടുണ്ട് എന്നതായിരുന്നു. (സ്വഹീഹ് മുസ്ലിം 1767, മുസ്ലിം 3967, 3724, സ്വഹീഹുല്‍ ബുഖാരി 2170, 392). ഇതിനിടയില്‍ സയണിസ്റ്റ് വിഭാഗവും ബ്രിട്ടണും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാവുകയും ജൂത കുടിയേറ്റത്തിനും ഭൂമി വാങ്ങുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊണ്ട് 1939 ല്‍ ബ്രിട്ടന്‍ ഒരു ധവളപത്രം പുറപ്പെടുവിക്കുകയും ചെയ്തു. അതിന്‍പ്രകാരം അറബ് ഭൂരിപക്ഷ പ്രദേശങ്ങളെ പത്തുവര്‍ഷത്തിനുള്ളില്‍ ഒരു സ്വതന്ത്ര പലസ്തീന്‍ ആക്കാമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

എന്തായാലും ഐക്യ രാഷ്ട്രസഭ ഇടപെടുകയും, പ്രശ്‌നപരിഹാരത്തിനായി ഇസ്രയേലിനു ലഭിച്ച പ്രദേശത്തെ വീണ്ടും വിഭജിച്ച് രണ്ടുകൂട്ടര്‍ക്കും ആയി വീതിച്ചു നല്‍കാനും തീരുമാനിച്ചു. ഇക്കാര്യം ആദ്യഘട്ടത്തില്‍ രണ്ടുകൂട്ടര്‍ക്കും സ്വീകാര്യമായില്ല. കാരണം ഇതിനോടകം ജൂതന്മാര്‍ പല പ്രദേശത്തും സ്ഥലം വാങ്ങി കൃഷി ചെയ്തും വ്യാപാരസ്ഥാപനങ്ങള്‍ ഉണ്ടാക്കിയും സെറ്റില്‍ ചെയ്തു കഴിഞ്ഞിരുന്നു. എങ്കിലും മധ്യസ്ഥ ശ്രമങ്ങള്‍ക്ക് യഹൂദന്മാര്‍ തയ്യാറാവുകയും ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ച പ്രകാരം അവര്‍ക്കു ലഭിച്ച 56 ശതമാനം പ്രദേശത്തേക്ക് അവര്‍ മാറി ഒരു രാഷ്ട്രം സ്ഥാപിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അറബികള്‍ ഇത് സമ്മതിച്ചില്ല. അവരുടെ മത പുസ്തകം പറയുന്നതുപോലെ, അറേബ്യന്‍ ഉപദ്വീപില്‍ യഹൂദന്‍മ്മാരെ അനുവദിക്കില്ല എന്നതായിരുന്നു നിലപാട്. ഒത്തുതീര്‍പ്പുകള്‍ ഒന്നും വേണ്ട നമുക്ക് അടിച്ചു തീരുമാനിക്കാം എന്ന നിലപാടാണ് അറബ് രാജ്യങ്ങള്‍ കൈക്കൊണ്ടത്. അങ്ങനെയാണ് 1948 മെയ് 14 ആം തീയതി ഇസ്രായേല്‍ ഒരു രാജ്യമായതിന്റെ പിറ്റേദിവസം ചുറ്റുമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രയേലിനെ ആക്രമിച്ചത്.

ഇത് പെട്ടെന്ന് ഉണ്ടായ ഒരു സംഭവം ആയിരുന്നില്ല. ഇതിനുവേണ്ടി 1945-ല്‍ തന്നെ അറബ് ലീഗ് എന്ന പേരില്‍ ഒരു സഖ്യം രൂപപ്പെട്ടു കഴിഞ്ഞിരുന്നു. (ജൂതരാഷ്ട്രം ഇല്ലാതാക്കാന്‍ ഇസ്ലാമിക രാജ്യങ്ങള്‍ ഒത്തുചേരുന്നു. പക്ഷേ അതില്‍ ഒരു മത പ്രശ്‌നം ഇല്ല) ഇന്നലെ ഉണ്ടായ ഒരു കുഞ്ഞിനെ ആക്രമിക്കാന്‍ ആറു മുട്ടാളന്മാര്‍ വന്നാല്‍ എങ്ങനെ ഉണ്ടാവും ? ഏതാണ്ട് അതേ പോലെ ആയിരുന്നു ഇസ്രയേലിന്റെ അവസ്ഥ. എന്തായാലും യുദ്ധത്തില്‍ അറബ് രാജ്യങ്ങള്‍ അമ്പേ തോറ്റു. യുദ്ധത്തില്‍ തോറ്റ് തിരിച്ചോടുന്ന വഴി സഹായിക്കാന്‍ വന്നവര്‍ പലസ്തീന്‍ ഭാഗങ്ങള്‍ കയ്യടക്കി. (വാഹനാപകടത്തില്‍ പെട്ട് അവരെ സഹായിക്കാന്‍ വരുന്നവര്‍ അപകടത്തില്‍പ്പെട്ടവരുടെ മാലയും വളയും പേഴ്‌സും ഒക്കെ അടിച്ചെടുക്കുന്നതു പോലെ).

1948ലെ യുദ്ധത്തില്‍ പലസ്തീന്‍ നിശ്ചയിക്കപ്പെട്ടിരുന്ന പ്രദേശത്തു നിന്നും വെസ്റ്റ് ബങ്ക് ജോര്‍ദാന്‍ കൈവശപ്പെടുത്തി, ഗാസ ഈജിപ്ത് കൈവശമാക്കി. ഈ പ്രദേശത്തുണ്ടായിരുന്ന പലസ്തീനികള്‍ അഭയാര്‍ഥികളായി പോവേണ്ടിവന്നു. ഏകദേശം ഏഴ് ലക്ഷം അഭയാര്‍ത്ഥികളാണ് അന്ന് പാലായനം ചെയ്തത്. അതായത് അവരുടെ സ്ഥലം അന്ന് പിടിച്ചെടുത്തത് ഇസ്രായേല്‍ ആയിരുന്നില്ല. പകരം സഹായിക്കാന്‍ വന്ന ജോര്‍ദാനും, ഈജിപ്തും ആയിരുന്നു. പിന്നീട് 1964 ലാണ് പലസ്തീനികള്‍ക്ക് ഒരു രാജ്യം വേണമെന്ന ആവശ്യവുമായി പി.എല്‍.ഒ ഉണ്ടായത്. പക്ഷേ അവര്‍ ആവശ്യപ്പെട്ടത് പലസ്തീന്‍ ഭാഗമായിരുന്ന വെസ്റ്റ് ബങ്ക്, ഗാസ എന്നീ പ്രദേശങ്ങള്‍ ആയിരുന്നില്ല. മറിച്ച് ഇസ്രയേല്‍ പ്രദേശങ്ങളായിരുന്നു. കാരണം ആ പ്രദേശങ്ങള്‍ ഇസ്ലാമിക രാജ്യങ്ങള്‍ ആയിരുന്ന ജോര്‍ദാന്റേയും, ഈജിപ്തിലെയും കൈവശമായിരുന്നു.

തുടര്‍ന്ന് 1967ലെ ആറുദിവസം യുദ്ധം. ആ യുദ്ധത്തില്‍ വലിയ പ്രതീക്ഷകളോടെ തയ്യാറെടുത്തു വന്ന അറബ് രാജ്യങ്ങള്‍ അമ്പേ പരാജയപ്പെട്ടു പോയി. അവര്‍ പലസ്തീന്‍ കാരില്‍ നിന്നും ജോര്‍ദാന്‍ പിടിച്ചെടുത്ത വെസ്റ്റ് ബങ്ക്, ഈജിപ്ത് പിടിച്ചെടുത്ത ഗാസ, സിറിയ പിടിച്ചെടുത്ത ഗോലന്‍ കുന്നുകള്‍ എന്നിവ പിടിച്ചെടുത്തു. കൂടാതെ ഈജിപ്തിനെ കയ്യില്‍ നിന്നും സീനായി ഉപദീപ് പിടിച്ചെടുത്തു. ഇത് ഈജിപ്തിന് ഏറ്റവും വലിയ പ്രഹരമായിരുന്നു. എന്നാല്‍ ഈ സ്ഥലങ്ങള്‍ വിട്ടുകൊടുത്ത് സമാധാനം പുനസ്ഥാപിക്കാന്‍ ഇസ്രായേല്‍ തയ്യാറായിരുന്നു. എന്നാല്‍ അറബ് രാജ്യങ്ങളുടെ അഭിമാനത്തിന് ഏറ്റ ക്ഷതം ആയതിനാല്‍ ഞങ്ങള്‍ അടിച്ചു തന്നെ വാങ്ങാം എന്നായിരുന്നു അറബ് ലീഗ് നിലപാട്.

73ല്‍ വീണ്ടും യുദ്ധം

അങ്ങനെയാണ് 1973 ല്‍ ജൂതന്മാരുടെ യോം കിപ്പൂര്‍ ഉത്സവ ദിവസം വീണ്ടും യുദ്ധം ആരംഭിച്ചത്. അവിടെയും അറബ് രാജ്യങ്ങള്‍ പരാജയപ്പെട്ടു. ഇതോടെ ഇസ്രായേലുമായി ഉടക്കുന്നത് നന്നല്ല എന്നുള്ള തിരിച്ചറിവ് ഈജിപ്തിന് ഉണ്ടായി. ഈജിപ്തിന്റെ പ്രധാന വരുമാനമാര്‍ഗമാണ് സൂയസ് കനാലിലൂടെയുള്ള ഗതാഗതം. സീനായി പ്രദേശം ഇസ്രായേല്‍ കൈവശപ്പെടുത്തിയതോടുകൂടി ഇസ്രായേല്‍ വിചാരിച്ചാല്‍ തങ്ങള്‍ക്ക് പണി കിട്ടുമെന്ന് ഈജിപ്ത് മനസ്സിലാക്കി. അവര്‍ സന്ധിസംഭാഷണത്തിന് തയ്യാറായി. ഇസ്രായേലും സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറായിരുന്നു. അങ്ങനെ സീനായി പ്രദേശം നിരുപാധികം വിട്ടുകൊടുത്ത് ഈജിപ്തുമായി പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചു. അതോടെ ഈജിപ്ത് ഇസ്രായേലിനെ ഒരു രാജ്യമായി അംഗീകരിക്കുകയും ഇസ്രായേലിനെതിരെ ഉള്ള യുദ്ധത്തിന് പിന്തുണ കൊടുക്കാതിരിക്കുകയും ചെയ്തു. അതുവരെ അറബ് ലീഗിന്റെ ആസ്ഥാനമായിരുന്ന കെയ്‌റോ അതോടെ മാറ്റേണ്ടിവന്നു. പിന്നീട് അറബ് ലീഗ് സമ്മേളനങ്ങള്‍ നടന്നത് സുഡാനില്‍ ആണ്.

ഇസ്രായേലിനെ തകര്‍ത്തു ഫലസ്തീന്‍ എന്ന രാജ്യം ഉണ്ടാകണമെന്ന് നിലപാടില്‍ ഉണ്ടായ സംഘടനയാണ് PLO. PLO അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം കണ്ടെത്തി കൊണ്ടിരുന്നത് വിമാനങ്ങള്‍ റാഞ്ചി ആളുകളെ ബന്ധികളാക്കി വന്‍ തുക മോചനദ്രവ്യം വാങ്ങി ആയിരുന്നു. പഴയതുപോലെ വിമാനറാഞ്ചല്‍ എളുപ്പമാകാതിരുന്നതും ഈജിപ്തിന്റെ പിന്മാറ്റവും ഈജിപ്തുകാരനായ യാസര്‍ അറഫാത്തിനെ മറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. അങ്ങനെ PLO യും ഇസ്രയേലിനെ ഒരു രാജ്യമായി അംഗീകരിച്ചു. എന്നാല്‍ ഇതിനെതിരെ ഭീകരവാദ സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അവരുടെ പലസ്തീന്‍ ശാഖയായി ഹമാസ് പതിയെപ്പതിയെ മേഖലയില്‍ ചുവടുറപ്പിക്കാന്‍ തുടങ്ങി.

ഇസ്രയേലുമായി ഉടക്കുന്നത് ഭംഗിയല്ല എന്ന് മനസ്സിലാക്കിയ യാസര്‍ അറാഫത്ത് ഇസ്രയേല്‍ പ്രധാനമന്ത്രിയായ ഇസഹാക്ക് റബീനുമായി സന്ധി സംഭാഷണങ്ങള്‍ നടത്തി. ഓസ്ലോ യില്‍ വച്ച് നടത്തിയ ഈ സംഭാഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയ കരാറാണ് ഓസ്ലോ കരാര്‍.

ഈ സമാധാനശ്രമങ്ങള്‍ക്ക് യാസര്‍ അറാഫത്തിനും ഇസഹാക്ക് റബീനും സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി. ഈ കരാറിനെ ഹമാസ് ശക്തിയുക്തം എതിര്‍ത്തു. ജൂത വിഭാഗത്തിലുള്ള ചില തീവ്രവാദികളും ഇതിനെ എതിര്‍ത്തു. കാരണം ഈ കരാര്‍ പ്രകാരം 1967 ല്‍ ജോര്‍ദാന്‍ എന്റെ പക്കല്‍ നിന്നും പിടിച്ചെടുത്ത വെസ്റ്റ് ബങ്ക്, ഈജിപ്തില്‍ നിന്നും പിടിച്ചെടുത്ത ഗാസാ, സിറിയയില്‍ നിന്നും പിടിച്ചെടുത്ത ഗോലാന്‍ കുന്നുകള്‍ എന്നിവ ഈജിപ്തുകാര്‍ക്ക് വിട്ടുകൊടുക്കാം എന്നായിരുന്നു തീരുമാനം. ഈ തീരുമാനത്തെ അംഗീകരിക്കാതിരിക്കാന്‍ വേണ്ടിയുള്ള പ്രക്ഷോഭങ്ങളിലൂടെ ആണ് ഹമാസ് മുഖ്യധാരയിലേക്ക് വരുന്നത്. അതായത് ഇസ്രായേല്‍ കയ്യേറിയ സ്ഥലങ്ങള്‍ ഒന്നും പോരാ മുഴുവന്‍ ഇസ്രയേലും വേണം എന്നതായിരുന്നു അവരുടെ നിലപാട്.

അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നും വന്‍ തോതില്‍ സാമ്പത്തിക സഹായം ലഭിച്ചതുകൊണ്ട് ഹമാസ് പന പോലെ വളര്‍ന്നു. 2006ലെ തെരഞ്ഞെടുപ്പില്‍ ഹമാസിന് ഭൂരിപക്ഷം ലഭിച്ചു എങ്കിലും അവര്‍ക്ക് ഭരിക്കാനായില്ല . അതേസമയം ഹമാസ് ഫത്ത ഏറ്റുമുട്ടല്‍ നടന്ന ഗാസയില്‍ തെരഞ്ഞെടുപ്പ് ഒന്നും നടന്നില്ലെങ്കിലും ഹമാസ് അധികാരം കയ്യടക്കി. ഹമാസിന്റെ കേന്ദ്രമായ ഗാസ നീറിപ്പുകഞ്ഞു കൊണ്ടിരിക്കുകയാണ്. 2008ല്‍, 2012 ല്‍ ,2014 ല്‍ ആക്രമണങ്ങള്‍ ഉണ്ടായി.

പലസ്തീന്‍ രാജ്യം ഒരിക്കലും ഉണ്ടായിരുന്നില്ല

ആധുനിക കാലഘട്ടത്തില്‍ ഒരു രാജ്യം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു രാജ്യമോ ഭരണസംവിധാനമോ ഒരിക്കലും പലസ്തീന്‍ എന്ന പേരില്‍ ഉണ്ടായിരുന്നില്ല. ചരിത്രം കുഴിച്ചു പോയാല്‍ കാനാന്യ വംശം, സോളമന്റെ വംശം, അസീറിയന്‍, ബാബിലോണിയന്‍, ഹെല്ലനിസ്റ്റിക്, റോമന്‍ ബൈസാന്റിയന്‍, ഉമയാദ് ഖലീഫേറ്റ്, അബ്ബാസിദ് ഖലീഫേറ്റ്, ഫാത്തിമീഡ് ഖലീഫേറ്റ്, മാംലൂക്, ഓട്ടോമന്‍, ബ്രിട്ടീഷ് ഭരണം എന്ന ക്രമത്തിലാണ് ഈ പ്രദേശം ഉണ്ടായിരുന്നത്. പലസ്തീന്‍ എന്ന പ്രദേശം മുഴുവന്‍ ഇസ്ലാം ആയിരുന്നില്ല. ഇന്ത്യ ഒരു ഹിന്ദു രാജ്യമാണ് എന്ന് പറയുന്നതുപോലെ ഒരു തെറ്റാണ് പലസ്തീന്‍ ഇസ്ലാമിക രാജ്യമാണ് എന്ന് പറയുന്നത്. അവിടെ ഉണ്ടായിരുന്നത് പലസ്തീന്‍ അറബികളായിരുന്നു. അവരില്‍ ഇസ്ലാം, ഡ്രൂസ്, യഹൂദ, ക്രിസ്ത്യന്‍, സമരിറ്റന്‍… അങ്ങനെ പലരും ഉണ്ടായിരുന്നു.

പലസ്തീനികളുടെ രാജ്യത്തേക്ക് യഹൂദന്മാര്‍ ഓടിക്കയറി വന്ന് അവിടെയുണ്ടായിരുന്ന പലസ്തീനികളെ ഇറക്കിവിട്ടു എന്ന രീതിയില്‍ ഒരു പ്രചരണം ഉണ്ട്. അത് ശരിയല്ല. ജൂത കൂടിയേറ്റങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1882 ലായിരുന്നു First Aliyah എന്ന പേരില്‍ ഒരു സംഘടിത കുടിയേറ്റം ആദ്യം നടക്കുന്നത്. 25000 മുതല്‍ 35,000 വരെ ആളുകള്‍ ഇക്കാലയളവില്‍ ഈ പ്രദേശത്തേക്ക് കടന്നുവന്നു. ക്രിസ്തുവിന്റെ ഘാതകര്‍ എന്ന പേരില്‍ ഒരു വംശത്തിലുള്ള മുഴുവന്‍ ആളുകളെയും ലോകത്തില്‍ ആര്‍ക്കും വേണ്ടാതെ ആട്ടിപ്പായിച്ചപ്പോള്‍ അവര്‍ ജീവിക്കുവാന്‍ വേണ്ടി ഒരു മരുഭൂമിയിലേക്ക് പോവുകയായിരുന്നു. അന്ന് ജനവാസം തീരെയില്ലാത്ത മരുഭൂമി ആയിരുന്നു ഈ പ്രദേശം. 1904 മുതല്‍ 1914 വരെ രണ്ടാം ആലിയ പ്രത്യേകിച്ചും റഷ്യയില്‍ നിന്നും പോളണ്ടില്‍ നിന്നും യഹൂദ ജനങ്ങള്‍ ഓടിവരുന്നു. കിബുട്ട്‌സിം എന്ന പേരില്‍ അവര്‍ അതിനു വേണ്ടി ഒരു കൂട്ടായ്മ തന്നെ രൂപപ്പെടുത്തിയിരുന്നു.1919 മുതല്‍ ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ലോകത്തിന്റെ പല ഭാഗങ്ങളില്‍ ജൂതന്മാര്‍ ജീവന്‍ മാത്രം അവശേഷിപ്പിച്ച് ഓടിപ്പോന്നതാണ് മൂന്നാം ആലിയ. 1924 മുതല്‍29 വരെ നാലാം ആലിയ.

ജര്‍മ്മനിയില്‍ നാസികളുടെ കൂട്ട വേട്ട തുടങ്ങിയ കാലം. ഈ നാസികളുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ട് ഓടി പോന്നവരായിരുന്നു അഞ്ചാം അലിയ, 1939 വരെ ആയിരുന്നു അഞ്ചാം ആലിയ.ഇവിടെയൊക്കെ ഓടി രക്ഷപ്പെട്ട് ഇവിടെ എത്തിച്ചേര്‍ന്ന ആളുകളുടെ കണക്കുകള്‍ മാത്രമേ ഉള്ളൂ. വഴിയില്‍ വച്ച് തടയപ്പെട്ടവരും അതിനിടയില്‍ കൊല്ലപ്പെട്ടവരും ഇതിന്റെ പതിന്മടങ്ങ് വരും.

കണ്‍മുന്‍പില്‍ വച്ച് യഹൂദന്മാര്‍ കൊലക്കത്തിക്കിരയാകേണ്ടി വരുന്നത് കാണേണ്ടി വന്ന സാഹചര്യത്തില്‍ അവര്‍ക്ക് പലായന അനുമതി കൊടുക്കുവാന്‍ വേണ്ടി രാവും പകലും തുടര്‍ച്ചയായി പണിയെടുത്ത Sousa Mendes അന്ന് രക്ഷപ്പെടുത്തിയത് 30,000 ജൂതന്മാരെ ആയിരുന്നു. അതിന്റെ പേരില്‍ അദ്ദേഹം ശിക്ഷാനടപടികള്‍ക്ക് വിധേയനാകപ്പെടുക പോലും ഉണ്ടായി എന്നത് അക്കാലത്തു നിലനിന്നിരുന്ന ജൂത വേട്ടയുടെ ക്രൗര്യം വ്യക്തമാക്കുന്നു.

പലസ്തീനികളെ പുറത്താക്കിയോ?

ഇങ്ങനെ ഓടിയെത്തിയവര്‍ മിക്കവരും വിലകൊടുത്ത് വാങ്ങിയതാണ് ആ സ്ഥലങ്ങള്‍. എന്നാല്‍ അതുവരെ അവിടെ ഉണ്ടായിരുന്ന പലസ്തീനികളെ പുറത്താക്കി യഹൂദര്‍ ആ സ്ഥലം പിടിച്ചെടുത്തു എന്നു പറയുന്നത് ശരിയല്ല. കാരണം പലസ്തീനികള്‍ക്ക് അതിനു മുമ്പും അവിടെ ഭൂമി ഉണ്ടായിരുന്നില്ല. ആടുകളെ മേയിച്ചു നടന്നിരുന്ന ബദൂവിയല്‍ ഗോത്രക്കാരായിരുന്നു അവിടെയുണ്ടായിരുന്ന ഭൂരിപക്ഷം പേരും. അവര്‍ക്ക് ഭൂമി ഉണ്ടായിരുന്നില്ല. ഭൂമിയുടെ അവകാശം ഒട്ടോമന്‍, അറബ് ഭൂപ്രഭുക്കള്‍ക്കായിരുന്നു. അവരില്‍ നിന്നാണ് ഇസ്രായേലികള്‍ ഭൂമി വാങ്ങിയത്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷവും കുടിയേറ്റങ്ങളുണ്ടായി. സ്വന്തമായി രാജ്യം ഇല്ലാത്ത ആര്‍ക്കും വേണ്ടാത്ത മനുഷ്യ എങ്ങോട്ട് പോകാന്‍?! അവരുടെ കുടിയേറ്റത്തിന് ബ്രിട്ടന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. Ha Apala എന്നാണ് ഇത് അറിയപ്പെടുന്നത്. 1948 ല്‍ ജൂത രാഷ്ട്രം ഉണ്ടായതിനുശേഷം ഇവിടേക്ക് കുടിയേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അത് എവിടെ നിന്നാണ് എന്നതുകൂടി പ്രസക്തമാണ്. ഇറാക്ക് യമന്‍ മൊറോക്കോ എന്നീ ഇസ്ലാമിക് രാജ്യങ്ങളില്‍ നിന്നും ആയിരുന്നു ആ കുടിയേറ്റങ്ങള്‍. അതായത് ഇസ്ലാമിക രാജ്യങ്ങളില്‍ ജീവിക്കാന്‍ വയ്യാതെ ഓടിപ്പോന്ന മനുഷ്യരെപ്പോലും കയ്യേറ്റക്കാരായിട്ടാണ് ലിബറലുകള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആളുകള്‍ കണക്കാക്കുന്നത്.

ഇതില്‍ ഒന്നാം ആലിയ മുതല്‍ ജൂതന്മാര്‍ പിന്തുടര്‍ന്ന ഒരു പ്രസ്ഥാനമാണ് കിബൂട്ട്‌സ്. ഒരുതരം സോഷ്യലിസം. കളക്ടീവായി കാര്യങ്ങള്‍ ചെയ്യുക എന്നതായിരുന്നു അത്. ഈ സോഷ്യലിസ്റ്റ് വ്യവസ്ഥയിലൂടെയാണ് അവരുടെ ഐക്യം രൂപപ്പെടുത്തുകയും കാര്‍ഷിക മേഖലയിലും പ്രതിരോധത്തിലും വിദ്യാഭ്യാസത്തിലും (കുട്ടികളെ മാതാപിതാക്കളില്‍ നിന്നും മാറ്റിനിര്‍ത്തി വിദ്യാഭ്യാസം നല്‍കുന്ന രീതി പോലും ഇതിന്റെ ഭാഗമായിരുന്നു ) അങ്ങനെ ഏറെക്കുറെ സോഷ്യലിസ്റ്റ് എന്ന തരത്തില്‍ ആ രാജ്യം വളര്‍ന്നുവന്നു.

ഇതിനിടയില്‍ ജൂതന്മാര്‍ അവര്‍ക്ക് വന്നു താമസിക്കാന്‍ എന്ന രീതിയില്‍ സ്ഥലം വാങ്ങുകയും ചെയ്തിരുന്നു. ഇതിനായി Jewish National Fund (JNF) 1901 ല്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. പക്ഷേ അപ്പോഴും പലസ്തീനിലെ ജൂത ഉടമസ്ഥതയിലുള്ള ഭൂമി പരിമിതമായിരുന്നു. 1920 ല്‍ ഈ പ്രദേശത്തെ ശരാശരി ജനസാന്ദ്രത ഒരു കിലോമീറ്റര്‍ സ്‌ക്വയറില്‍ 28 പേര്‍ മാത്രമായിരുന്നു. കേരളത്തില്‍ ഇത് 850 ല്‍ അധികമാണ് എന്ന് ഓര്‍ക്കുക. അതായത് ആര്‍ക്കും വേണ്ടാതെ കിടന്ന മരുഭൂമിയിലേക്കാണ് ജൂതന്മാര്‍ വന്നു കയറിയത്. അവര്‍ അവിടെ കഠിനാധ്വാനം ചെയ്ത് ആ മരുഭൂമിയെ കാര്‍ഷിക വിപ്ലവഭൂമിയാക്കി മാറ്റി. അതിനുശേഷം ആണ് ഇത് ഞങ്ങളുടെ ഭൂമിയാണ് എന്ന അവകാശം പലസ്തീനികളുടെ പേരില്‍ ഇസ്ലാമിസ്റ്റുകള്‍ ഉന്നയിക്കാന്‍ തുടങ്ങിയത്.

ഇതേക്കുറിച്ച് കൂടുതല്‍ വിശദമായി British Mandate of Land law വ്യക്തമാക്കുന്നുണ്ട്. ജൂതന്മാര്‍ വിലയ്ക്ക് വാങ്ങിയ ഭൂമിയിലെ ഉത്പാദനം അതിനു മുന്‍പുണ്ടായിരുന്ന ഉത്പാദനവുമായി താരതമ്യം ചെയ്താലും തൊട്ടടുത്തുള്ള മറ്റ് അറേബ്യന്‍ രാജ്യങ്ങളിലെ ഉല്‍പാദനവുമായി താരതമ്യം ചെയ്താലും നൂറുമടങ്ങില്‍ അധികം വരും. അതായത് പലസ്തീനിലെ മരുഭൂമിയില്‍ എന്തെങ്കിലും ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് ഇസ്രായേലികള്‍ വന്നതിനു ശേഷമാണ് .

പലസ്തീന്‍ അതോരിറ്റി ഉണ്ടാവുന്നു

ഇനി ഇപ്പോഴുള്ള ഇസ്രയേല്‍ ഫലസ്തീന്‍ സംഘര്‍ഷം എന്താണ് എന്നുകൂടി നോക്കാം. 1948 പലസ്തീന്‍, ഇസ്രായേല്‍ എന്നീ രണ്ട് രാജ്യങ്ങള്‍ ഉണ്ടാക്കാനുള്ള തീരുമാനം യു എന്‍ കൈക്കൊണ്ടപ്പോള്‍ ഞങ്ങള്‍ക്ക് 46 ശതമാനം ഭൂമി പോരാ 100% വും വേണം എന്നു പറഞ്ഞാണ് തൊട്ടടുത്ത അറബ് രാജ്യങ്ങള്‍ എല്ലാം കൂടി യുദ്ധത്തിന് പുറപ്പെട്ടത്. ആ യുദ്ധത്തിന്റെ ഫലമായി ഏഴര ലക്ഷം ബദൂവിയന്‍ വിഭാഗത്തില്‍ പെട്ടവര്‍ കുടിയൊഴിക്കപ്പെട്ടു. ഇതിന് കാരണം ഇസ്രായേല്‍ ആയിരുന്നില്ല. കാരണം അവരുടെ പ്രദേശങ്ങള്‍ കയ്യടക്കിയത് ഈജിപ്ത് സിറിയ ലെബനോന്‍ ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ ആയിരുന്നു. ഈ പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് PLO രൂപം കൊള്ളുന്നത്. രണ്ടര പതിറ്റാണ്ട് നീണ്ടുനിന്ന അക്രമത്തിനൊടുവില്‍ യാസര്‍ അരാഫത്തിന് കാര്യങ്ങള്‍ പതുക്കെ മനസ്സിലാവാന്‍ തുടങ്ങി. അങ്ങനെയാണ് യാസര്‍, ഇസ്രായേല്‍ എന്ന രാജ്യത്തെ അംഗീകരിക്കുന്നതും ഓസ്ലോ ഉടമ്പടി വഴി പലസ്തീന്‍ അതോറിറ്റി എന്ന പേരില്‍ സ്വതന്ത്ര രാഷ്ട്രം ഉണ്ടാവുന്നതും.

തുടര്‍ന്ന് PLO ഫത്ത എന്ന രാഷ്ട്രീയ പാര്‍ട്ടി ആയി മാറുന്നു. എന്നാല്‍ PLO യുടെ ഈ മാറ്റം അംഗീകരിക്കാന്‍ കൂട്ടാക്കാത്ത കുറേക്കൂടി തീവ്ര സ്വഭാവമുള്ളവരാണ് ഹമാസ് എന്ന സംഘടനയ്ക്ക് രൂപം കൊടുക്കുന്നത്. ആദ്യ കാലഘട്ടങ്ങളില്‍ ഹമാസും ഫത്തയും തമ്മില്‍ ആയിരുന്നു ഏറ്റവും വലിയ കലാപങ്ങള്‍ നടന്നിരുന്നത്. അതില്‍ ആയിരക്കണക്കിന് ആളുകള്‍ അന്ന് കൊല്ലപ്പെട്ടിരുന്നു.

1993ലെ ഒസ്ലോ കരാറിനെ തുടര്‍ന്ന് ഇസ്രായേല്‍, ഗാസയും വെസ്റ്റ് ബാങ്കും പുതുതായി രൂപീകരിക്കപ്പെട്ട പലസ്തീന്‍ അതോറിറ്റിക്ക് കൈമാറി. പലസ്തീന്‍ അതോറിറ്റിയുടെ ആദ്യ പ്രസിഡന്റ് ആയി യാസര്‍ അറഫാത്ത് ചുമതലയേറ്റു. പക്ഷേ അപ്പോഴും വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ അവരുടെ സെറ്റില്‍മെന്റുകള്‍ തുടര്‍ന്നത് അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു. എങ്കിലും പലസ്തീനിയന്‍ അതോറിറ്റി പല കാര്യങ്ങളും ഇസ്രായേലുമായി സഹകരണത്തില്‍ ആയിരുന്നു. സുരക്ഷ, തീവ്രവാദ ഭീഷണി എന്നീ കാര്യങ്ങളില്‍ പലസ്തീനില്‍ ഇസ്രായേലിന്റെ സഹായം ആവശ്യമായിരുന്നു.

2012 ല്‍ UN പലസ്തീന്‍ അതോറിറ്റിക്ക് കീഴിലുള്ള പലസ്തീനെ observer state എന്ന നിലയില്‍ അംഗീകരിച്ചു. ഈ പലസ്തീന്‍ ഇപ്പോഴും ഉണ്ട് . ഭരിക്കുന്നത് മഹമ്മൂദ് അബ്ബാസ് . മഹമ്മൂദ് അബ്ബാസ് ഭരിക്കുന്ന പലസ്തീന്‍ അതോറിറ്റിയും ഇസ്രായേലും തമ്മില്‍ പല തര്‍ക്കങ്ങളും ഉണ്ടെങ്കിലും അവ സമാധാന ചര്‍ച്ചയിലൂടെ പരിഹാരം തേടിവരുന്നു. ഇപ്പോഴും വെസ്റ്റ് ബാങ്കിലെ സുരക്ഷാ ചുമതല ഇരു രാജ്യങ്ങളും സംയുക്തമായിട്ടാണ് ചെയ്യുന്നത്. പ്രധാനമായും രണ്ടു കാര്യങ്ങളിലാണ് അവര്‍ തമ്മിലുള്ള പ്രശ്‌നം ഇപ്പോള്‍ നിലനില്‍ക്കുന്നത്.
ഒന്ന് ഇസ്രായേലിന്റെ സെറ്റില്‍മെന്റ് തുടരുന്നതും മറ്റൊന്ന് ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുന്നതും ആണ് .

ഇത് ഇസ്രായേല്‍ – പലസ്തീന്‍ യുദ്ധമല്ല

അതായത് ഇപ്പോള്‍ നടക്കുന്നത് ഇസ്രായേല്‍- പലസ്തീന്‍ യുദ്ധം എന്ന് പറയുന്നതുപോലും ശരിയല്ല. പലസ്തീന്‍ എന്ന രാജ്യവും ഇസ്രയേലും തമ്മില്‍ ഇപ്പോള്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. അവര്‍ തമ്മില്‍ യുദ്ധവും ഇല്ല . ഉള്ളത് ഇപ്പോഴുള്ള പലസ്തീനെ രാജ്യമായി അംഗീകരിക്കാത്ത ഹമാസ് എന്ന് തീവ്രവാദ സംഘടനയും, ഇസ്രയേലും തമ്മിലാണ്. തീവ്രവാദത്തെ എതിര്‍ക്കുന്ന ഒരാള്‍ക്കുപോലും ഹമാസിനേയോ അവരുടെ ചെയ്തികളേയോ അംഗീകരിക്കാന്‍ സാധിക്കില്ല.

സൗദി അറേബ്യ, ഈജിപ്ത്, ബഹറിന്‍, യു എ ഇ, ജോര്‍ദാന്‍, മൊറോക്കോ, ടുണീഷ്യ കുവൈറ്റ് ഒമാന്‍ ഇവരെല്ലാം ഹമാസിനെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കയാണ്. ഇറാനും ഖത്തറും ആണ് അവരെ തീവ്രവാദികള്‍ അല്ല എന്നു പറയുന്നതും അവര്‍ക്ക് വേണ്ട സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതും. ഇതേ ഖത്തര്‍ തന്നെയാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പല ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ക്കും ഫണ്ടിങ് നടത്തുന്നതും.!

രാഷട്രീയപരവും മതപരവുമായ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ഹമാസിനെ പോലെയുള്ള ഒരു തീവ്രവാദ സംഘടനയ്ക്ക് പിന്തുണ നല്‍കുന്നത് മനുഷ്യനെക്കുറിച്ച് ചിന്തിക്കുന്ന ഒരാള്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. കുട്ടികളെ മനുഷ്യ കവചമായി ഉപയോഗിക്കുന്നു എന്നത് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് നേതാക്കന്മാര്‍ തന്നെ ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു.

ഇതിനിടയില്‍ തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിനു വേണ്ടി ഇസ്രായേല്‍ സേനയും മൊസാദും പല റെയ്ഡുകള്‍ നടത്തുകയും പല തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ഇസ്രായേലില്‍ നിന്നും 1500 കിലോമീറ്റര്‍ അധികം ദൂരത്താണ് ഇറാന്‍. ഇറാന്‍ അടുത്ത നാളായി ആണവ പരീക്ഷണങ്ങള്‍ നടത്തുന്നത് വാര്‍ത്തയായിരുന്നു. ഇറാന് അയല്‍രാജ്യങ്ങളായ പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ തുര്‍ക്ക്‌മെനിസ്ഥാന്‍ ഇറാക്ക് അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളുമായി യാതൊരു പ്രശ്‌നവുമില്ല. എങ്കിലും ഈ അണ്വായുധ പരീക്ഷണങ്ങള്‍ തങ്ങളെ ഉന്നം വെച്ചാണ് എന്ന് ഇസ്രായേല്‍ കരുതുന്നു. അതുകൊണ്ട് അണ്വായുധ പരീക്ഷണത്തില്‍ നിന്നും ഇറാനെ പിന്തിരിപ്പിക്കാന്‍ ഇസ്രയേല്‍ ശ്രമിക്കുന്നു.

ഇറാന്റെ ആണവ പരീക്ഷണങ്ങള്‍ നടത്തിയിരുന്ന ശാസ്ത്രജ്ഞന്‍ രണ്ടു വര്‍ഷം മുമ്പ് കൊല്ലപ്പെടുന്നു. അതിനു പിന്നില്‍ മൊസാദ് ആണ് എന്ന് ഇറാന്‍ ആരോപിക്കുന്നു. പകരം വീട്ടും എന്നും അവര്‍ പറയുന്നു. ഇന്ന് ഹമാസിന് ലഭിക്കുന്ന ആയുധങ്ങളും പിന്തുണയും വച്ചു നോക്കിയാല്‍ ഇപ്പോള്‍ നടക്കുന്നത് ഇറാന്റെ ഒരു പ്രോക്‌സി യുദ്ധം ആണ് എന്ന് സംശയം തോന്നാം. ഗാസയില്‍ ഇപ്പോഴും ജനങ്ങള്‍ക്ക് വെള്ളവും വൈദ്യുതിയും മറ്റു സൗകര്യങ്ങളും ഒരുക്കുന്നത് ഇസ്രായേല്‍ ആണ്, അതും സൗജന്യമായി. അവിടെ ആശുപത്രികളും സ്‌കൂളുകളും നടത്തുന്നത് അന്താരാഷ്ട്ര സമൂഹവും.

ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നും കിട്ടുന്ന കനത്ത തുകയും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി എന്ന പേരില്‍ സ്വരൂപിക്കുന്ന പണവും അവിടുത്തെ സാധാരണക്കാരന് അല്‍പ്പം പോലും ലഭിക്കുന്നില്ല. ഇതു മുഴുവന്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് വേണ്ടി ഹമാസ് ചെലവിടുകയാണ് ചെയ്യുന്നത്. ഈ യുദ്ധം ആരംഭിച്ച ആദ്യ ദിവസങ്ങളില്‍ തന്നെ അയ്യായിരത്തിലധികം റോക്കറ്റുകള്‍ ആണ് ഹമാസ് അയച്ചത്. സ്വന്തം ജനത പട്ടിണിയിലും പരിവട്ടത്തിലും കഴിയുമ്പോള്‍ അവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ അവരെ മറയാക്കി നിര്‍ത്തിക്കൊണ്ട് ഹമാസ് കാണിക്കുന്നത് അതി തീവ്രവാദമാണ് എന്ന് പറയാന്‍ ഇവിടെ ഒരു രാഷ്ട്രീയക്കാരനും ഇല്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. അറബ് രാജ്യങ്ങളില്‍ താരതമ്യേന പ്രോഗ്രസീവ് എന്ന് കരുതുന്ന യുഎഇ ഹമാസിനോട് തീവ്രവാദം അവസാനിപ്പിക്കുക എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പക്ഷേ നമ്മുടെ നാട്ടിലെ ബുദ്ധിജീവികള്‍ക്ക് മാത്രം ഈ പ്രശ്‌നങ്ങള്‍ക്കു പിന്നില്‍ മതം ഉണ്ട് എന്ന് പറയുന്നതിനോ, ഹമാസ് ഒരു തീവ്രവാദ സംഘടന ആണ് എന്നു പറയുന്നതിനോ ധൈര്യമില്ല. കൊല്ലപ്പെടുന്ന ഓരോ മനുഷ്യന്റേയും വേദന ഒരുപോലെയാണ്. വേദനയ്ക്കും ചോരക്കും മതമില്ല. പക്ഷേ അധികാരത്തിനു പിന്നില്‍ മതം ഉണ്ട്.