ഭൂമിപൂജ തൊട്ട് കിഴക്കോട്ട് തിളച്ച് തൂവല്‍വരെ; അന്ധവിശ്വാസവിരുദ്ധ പോരാട്ടം വീട്ടില്‍ നിന്നാണ് തുടങ്ങേണ്ടത്; സംഗീത്കുമാര്‍ സതീഷ് എഴുതുന്നു


ഒരു വീടിന്റെ ഗൃഹപ്രവേശനത്തില്‍പോലും എന്തെല്ലാം മൂഢവിശ്വാസങ്ങള്‍ ആണ് മലയാളികള്‍ പുലര്‍ത്തുന്നത്. കല്ലിടല്‍, ഭൂമിപൂജ, വാസ്തു, മുഖമുള്ള കുമ്പളങ്ങ, മുഹൂര്‍ത്തം, ഗണപതിഹോമം, ലക്ഷ്മി പൂജ, ഹോമകുണ്ഡംം, പാലുകാച്ചല്‍, കിഴക്കോട്ട് തിളച്ച് തൂവല്‍… അങ്ങനെ എന്തെല്ലാം. അന്ധവിശ്വാസത്തിനെതിരെയുള്ള പോരാട്ടം നാട്ടില്‍ നിന്നല്ല വീട്ടില്‍ നിന്നാണ് ആദ്യം തുടങ്ങേണ്ടത്. ഒരു പാലുകാച്ചല്‍ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സംഗീത്കുമാര്‍ സതീഷ് എഴുതുന്നു

ഒരു പാലുകാച്ചല്‍ അപാരത

കഴിഞ്ഞയാഴ്ച നാട്ടില്‍ പോയിരുന്നു, അമ്മക്കായി ഒരു ചെറിയ വീട് പണിതു. അതിന്റെ കയറി താമസവുമായി ബന്ധപ്പെട്ടാണ് മൂന്നു ദിവസത്തേക്ക് പോയത്. വീട് പണിയുടെ തുടക്കം മുതല്‍ എല്ലാ അന്ധവിശ്വാസത്തിനും എതിരായി ഞാന്‍ നിലകൊണ്ടു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നിരുന്നാലും ചില കാര്യങ്ങളില്‍ നാട്ടിലെ കീഴ്‌വഴക്കങ്ങള്‍ക്കനുസരിച്ചു ചില വിട്ടു വീഴ്ചകള്‍ ചെയ്യേണ്ടതായി വന്നു. നേരിടേണ്ടിവന്ന പ്രധാനപ്പെട്ട അന്ധവിശ്വാസത്തിനെതിരെയുള്ള (വിശ്വാസങ്ങള്‍ക്കെതിരെയുള്ള) പോരാട്ടം ചുവടെ ചേര്‍ക്കുന്നു.

ഭൂമിപൂജയും തെക്കുവശവും

തുടക്കത്തിലുള്ള കല്ലിടല്‍ കര്‍മം യഥാവിധി മുഹൂര്‍ത്തം നോക്കി മരപ്പണി മേസ്തിരിയുടെ കാര്‍മികത്വത്തില്‍ ചെറിയ പൂജയോടെ തന്നെ നടന്നു. എനിക്ക് ഒരു ചെറുവിരല്‍ പോലും അനക്കാന്‍ കഴിഞ്ഞില്ല, കാരണം ഞാന്‍ സ്ഥലത്തില്ലായൊരുന്നല്ലോ. മുകളില്‍ പറഞ്ഞ കല്ലിടലിനുപോലും എന്റെ അമ്മ ‘ഭൂമി പൂജ’ കൂടിയേ തീരൂ എന്ന് വാശിപിടിച്ചു. എന്തിനു ഭൂമിയെ പൂജിക്കണം എന്ന് ചോദിച്ചപ്പോള്‍, വീട് പണിയുമ്പോള്‍ ഭൂമിക്കു ഒരു വീടിന്റെ അധികഭാരം ഏല്‍ക്കേണ്ടിവരും എന്നതിനാല്‍ നമ്മള്‍ ഭൂമിയെ വണങ്ങി അനുവാദം വാങ്ങണം എന്നായിരുന്നു. എന്നാല്‍ അതിനെ ശക്തിയുക്തം എതിര്‍ക്കുകയും, വീട് പണിയുന്നത് ഈ ഭൂമിയില്‍ത്തന്നെ ഉള്ള, ഈ ഭൂമിയില്‍ നിന്ന് തന്നെ എടുക്കുന്ന സാധനങ്ങള്‍ ഉപയോഗിച്ചാണെന്നും, പുറമെ നിന്നും ഉള്ള ഏതെങ്കിലും ഗ്രഹത്തില്‍ നിന്നും നിര്‍മാണ സാമഗ്രികള്‍ എന്തിച്ചാല്‍ മാത്രമേ ഭൂമിക്കു അധിക ഭാരം തങ്ങേണ്ടി വരികയുള്ളൂ എന്നും, നാം ഒരു വീട് നിര്‍മിക്കുമ്പോള്‍ അധികമായി ഒരു ഭാരവും ഭൂമിക്കു വരുന്നില്ലെന്നും, മാത്രമല്ല നിലവിലിരുന്ന വലിയവീട് പൊളിച്ച കാരണം അത്രയും പോലും ഭാരം പുതിയ കുഞ്ഞന്‍ വീടിനില്ലെന്നു പറഞ്ഞതോടെ ‘അമ്മ പിന്മാറി. അങ്ങനെ ഭൂമി പൂജ സ്വാഹ.

പിന്നീട് വന്നത് വീടിന്റെ തെക്കു വശത്തു ടോയ്‌ലറ്റും സെപ്റ്റിക് ടാങ്കും വരാന്‍ പാടില്ല എന്നുള്ളതായിരുന്നു. തെക്കു വശത്താല്ലാതെ സെപ്റ്റിക് ടാങ്ക് പണിയാന്‍ വേറെ സ്ഥലമില്ല. എന്നാല്‍ അമ്മ തന്നെ അതിനു മുന്നില്‍ നിന്ന് സമരം ചെയ്തു, കൂടെ ബില്‍ഡറും. തെക്കു വശത്തു കക്കൂസ് വന്നാല്‍ എന്തോ മഹാദുരന്തം സംഭവിക്കുമെന്നും, കുടുംബം നശിച്ചു പോകും എന്നും ഒക്കെ അമ്മയുടെ പക്ഷം. എന്നാല്‍ തെക്കു വശം മറ്റെല്ലാ വശങ്ങളെയും പോലെ ഒരു വശം മാത്രമാണെന്നും, തെക്കു ദിക്കിനായി ദിവ്യശക്തിയൊന്നും പ്രത്യേകിച്ച് ഇല്ലെന്നും, ഇതിലൊന്നും വിശ്വസിക്കാത്ത ആളുകള്‍ തെക്കും വടക്കും നോക്കാതെ ലോകം മുഴുവന്‍ വീടുപണിതു സുഖമായി ജീവിക്കുന്നെന്നും, ബുര്‍ജ് ഖലീഫ തെക്കു ദിക്ക് നോക്കി പണിഞ്ഞതല്ലെന്നും, സ്ഥലസൗകര്യം ഇല്ലാത്തവര്‍ മുറ്റത്തു സെപ്റ്റിക് ടാങ്ക് നിര്‍മിക്കുന്നുണ്ടെന്നും, രണ്ടുപതിറ്റാണ്ടിലേറെയായി ഇതൊന്നും ഇല്ലാത്ത നാട്ടില്‍ മാറി മാറി താമസിച്ച തെക്കും വടക്കും നോക്കാതെ നിര്‍മിച്ച ഫ്‌ലാറ്റുകളില്‍ താമസിച്ചത് കൊണ്ട് എനിക്ക്ഒന്നും സംഭവിച്ചില്ലെന്നും പറഞ്ഞു ബോധിപ്പിച്ചു. കക്കൂസ് ആന്‍ഡ് സെപ്റ്റിക് ടാങ്ക് തെക്കു വശത്തു സ്ഥാനം പിടിച്ചു. അങ്ങനെ തെക്കു വശം സ്വാഹ.

മുഖമുള്ള കുമ്പളങ്ങയും മുഹൂര്‍ത്തവും

വീട് പണി തീര്‍ന്നുവന്ന മുറക്ക് വീടിന്റെ രണ്ടു ദിക്കിലായി രണ്ടു കുമ്പളങ്ങകള്‍ വികൃതങ്ങളായ മുഖം വരച്ചു ചേര്‍ത്ത നിലയില്‍ ‘അമ്മ പണിക്കാരെ കൊണ്ട് കെട്ടി തൂക്കിച്ചു. അന്വേഷിച്ചപ്പോള്‍ ‘അമ്മ എവിടെനിന്നോ കണ്ണുകിട്ടാതിരിക്കാന്‍ എന്ന കാരണത്താല്‍ ആരെയോ കൊണ്ട് ചിത്രം വരപ്പിച്ചു കെട്ടി തൂക്കിച്ചതായിരുന്നു. വരച്ച കലാകാരന് ഒരു കുതിരപ്പവന്‍ കൊടുക്കണം. തിരുവനന്തപുരത്തെ അതിഭീകരമായ വെള്ളപ്പൊക്കത്തില്‍ ആഴ്ന്നു പോകുമായിരുന്ന എന്റെ പഴയ വീടിനെ വെള്ളപ്പൊക്ക ദുരിതം കാരണമാണ് പൊളിച്ചു കളഞ്ഞു, തറ പൊക്കി പുതിയ വീട് പണിതത്. എന്നാല്‍ വെള്ളപ്പൊക്കം വന്ന സമയങ്ങളില്‍, വെള്ളം കയറാതിരിക്കാനായി അന്നെന്തുകൊണ്ട് പഴയ വീട്ടില്‍ കുമ്പളങ്ങാകെട്ടി സംരക്ഷിച്ചു പരിഹരിച്ചില്ല, അന്നെന്തു കൊണ്ട് മുഖമുള്ള കുമ്പളങ്ങകള്‍ക്കു പഴയ വീടിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല എന്ന ചോദ്യത്തിന് അമ്മക്ക് ഉത്തരം മുട്ടി. കുമ്പളങ്ങകള്‍ പുതിയ വീട്ടില്‍ നിന്നും ഞാനിടപെട്ടു തന്നെ പറിച്ചെറിയപ്പെട്ടു. അങ്ങനെ മുഖമുള്ള കുമ്പളങ്ങകള്‍ സ്വാഹ.

അടുത്തത്, വീട് പാലുകാച്ചു്, അഥവാ കയറിത്താമസം എന്നതായിരുന്നു. അതിനുള്ള ദിവസം ഞാന്‍ നാട്ടില്‍ എത്തിച്ചേരാനുള്ള സൗകര്യമനുസരിച്ചു നിശ്ചയിച്ചു. എന്നാല്‍ എല്ലാവരും അന്നത്തെ ദിവസത്തെ ശുഭ മുഹൂര്‍ത്തം നോക്കാനുള്ളതിന്റെ പ്രാധാന്യത്തിനെ പറ്റി ആലോചന തുടങ്ങി. എനിക്കതില്‍ താല്‍പ്പര്യമില്ല, അതിന്റെ ആവശ്യമില്ല എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും, എന്നാല്‍ വിശ്വാസമുള്ള മറ്റുള്ളവര്‍ക്കും, വിശ്വാസമുള്ള മറ്റു ക്ഷണിക്കപ്പെടുന്നവര്‍ക്കും താല്‍പ്പഫര്യമുണ്ടെങ്കില്‍ നീ എന്തിനെതിര്‍ക്കണം എന്ന ചോദ്യചിഹ്നം വന്നു. ഒടുവില്‍ എന്നെ സംബന്ധിച്ചു ജീവിതത്തിലെ എല്ലാ നിമിഷങ്ങളും നല്ല മുഹൂര്‍ത്തങ്ങളാണെന്നും, എനിക്ക് മുഹൂര്‍ത്തം ഒരു പ്രശ്നമല്ലെന്നും, ജ്യോത്സ്യന് ഞാന്‍ ജോലിചെയ്ത വകയില്‍ അതിനായി പത്തു നയാ പൈസ തരില്ലെന്നും വാശിപിടിച്ചു. എന്നാല്‍ വേണ്ട, ഞങ്ങള്‍ ദക്ഷിണ നല്‍കി സമയം നോക്കിക്കോളാമെന്നായി ബന്ധുക്കള്‍. അവര്‍ നോക്കി, ഞാന്‍ ആഗ്രഹിച്ചപോലെ തന്നെ അന്നത്തെ ദിവസം ജ്യോതിക്ഷ വിദുഷിയുടെ ഗണന പ്രകാരം ഗൃഹ പ്രവേശനത്തിനുള്ള ശുഭ മുഹൂര്‍ത്തം ഇല്ല, അടുത്ത ദിവസങ്ങളിലെ ഉള്ളൂ അത്രേ. അടുത്ത ദിവസം എനിക്ക് മടങ്ങിപോരേണ്ടതിനാല്‍ ബന്ധുക്കള്‍ മുഹൂര്‍ത്തം ഇല്ലാത്ത, ഞാന്‍ പറഞ്ഞ ദിവസം തന്നെ പാലുകാച്ചു നടത്താനായി നിര്ബന്ധിതരായി. ഒടുവില്‍ എല്ലാവര്‍ക്കും വന്നെത്താവുന്ന തരത്തില്‍, ഞാന്‍ തന്നെ രാവിലെ 10 മണി എന്ന മുഹൂര്‍ത്തം നിശ്ചയിച്ചു ചുരുക്കം ആളുകളെ ക്ഷണിച്ചു. നമ്മളും മുഹൂര്‍ത്തം കുറിക്കും കേട്ടോ ??

ഒരാള്‍ക്ക് ഹൃദ്രോഗം വന്നാല്‍ ആശുപത്രിയെലെക്കോടാന്‍ ആരും ശുഭ മുഹൂര്‍ത്തം നോക്കി നില്‍ക്കാറില്ലെന്നും, കോടിക്കണക്കിനു രൂപ വിലയുള്ള വിമാനങ്ങള്‍ പത്തു മുന്നൂറു യാത്രക്കാരെയും അവരുടെ ലഗേജുകളും കൊണ്ട് തലങ്ങും വിലങ്ങും പറന്നു പൊങ്ങുന്നതിനു മുഹൂര്‍ത്തം നോക്കാറില്ലെന്നും, ഈ ഭൂഗോളത്തിലെ ഭാരതത്തിലെ മനുഷ്യരല്ലാതെ ലോകത്താകമാനമുള്ള മറ്റൊരു മനുഷ്യരും ഒരുകാര്യത്തിനും മുഹൂര്‍ത്തം നോക്കാറില്ലെന്നും, കേരളത്തിലാണ് മൂത്രമൊഴിക്കുന്നതിനു പോലും ദിക്കും മുഹൂര്‍ത്തവും എതിര്‍പ്പും ഒക്കെ നോക്കുന്നതെന്നും, പണ്ടാരോ, എല്ലാവരും ഒരു ചടങ്ങിന് ഒരേ സമയത്തു യഥാസമയം എത്തിച്ചേരാനായ് ചെയ്തു തുടങ്ങിയതാവാം ഈ മുഹൂര്‍ത്തം എന്ന ഏര്‍പ്പാടെന്നും പറഞ്ഞു ബോധ്യപ്പെടുത്തി. ബോധ്യപ്പെട്ടോ എന്തരോ. അങ്ങനെ മുഹൂര്‍ത്തവും സ്വാഹ.

ഹോമകുണ്ഡം സ്വാഹ

ഗൃഹപ്രവേശനത്തിനായി ഗണപതി ഹോമവും, മഹാലക്ഷ്മി പൂജയും ‘വേണ്ടതാണ്’ എന്ന ആഗ്രഹങ്ങള്‍ പലരുടെയും നെഞ്ചകങ്ങളില്‍ വിങ്ങിപ്പൊട്ടി. എന്റെ നാവും, പല്ലും നഖവും അറിയാവുന്ന പലരും ആഗ്രഹങ്ങള്‍ അടക്കി നിര്‍ത്തി. എന്നാല്‍ ചിലര്‍ അതൊക്കെ ചെയ്യേണ്ടതിന്റെ ‘ശാസ്ത്രീയതയെ’ കുറിച്ച് വാചാലരായി. എന്നാല്‍ വെള്ളത്തിലാണ്ടു പോയ എന്റെ വീട്ടില്‍, നീര്‍ക്കോലിയും തവളകളും, വാല്‍മാക്രികളും മീനുകളും അമ്മയോടൊപ്പം താമസമാക്കിയപ്പോഴും, താഴത്തെ നിലയില്‍ നിന്നും വെള്ളത്തിനെ ഭയന്ന് ‘അമ്മ മുകളിലത്തെ നിലയില്‍ അഭയം പ്രാപിച്ചപ്പോഴും നിങ്ങളെല്ലാവരും ചേര്‍ന്ന് ഗണപതിയേയും ലക്ഷ്മിയെയും കൊണ്ട് പ്രളയം നിര്‍ത്തിച്ചോ, പഴയ വീടിനെ പൊക്കിയോ, പുതിയ വീട് പണിയിച്ചോ പ്രശ്‌നം പരിഹരിക്കാത്തതെന്താ എന്ന ചോദ്യങ്ങള്‍ക്കു മുന്നില്‍ മുട്ട് മടങ്ങി.

വിശ്വസിച്ച ദൈവങ്ങള്‍ അശക്തരും ഒന്നും ചെയ്യാന്‍ കഴിവില്ലാത്ത മനോ സങ്കല്‍പ്പങ്ങളും കല്‍ പ്രതിമകളും മാത്രമാണെന്നറിഞ്ഞിട്ടും, മനുഷ്യാധ്വാനവും ബുദ്ധിയും ശാസ്ത്രവും പണവും ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമ്പോള്‍ ഉടന്‍ പ്രസക്തങ്ങളാകുന്ന ദൈവങ്ങളെ ഞാന്‍ എന്നേ കളഞ്ഞതാണെന്നും, അതൊന്നും എന്റെ വീട്ടില്‍ വേണ്ടെന്നും എനിക്ക് ശക്തിയുക്തം വാദിക്കേണ്ടിവന്നു. എന്നാല്‍ മരപ്പണിക്കാരുടെ വാസ്തു പൂജയുടെ മുന്നില്‍ എനിക്കടിയറവ് പറയേണ്ടി വന്നു. അങ്ങനെ അശക്തനായ ഞാന്‍ അതുമാത്രം മിതമായ രീതിയില്‍ നടത്താന്‍ സമ്മതിച്ചു അത് മാത്രം നടന്നു. എന്നാല്‍ എന്നിലൊരു ചോദ്യം അവശേഷിച്ചു, ഇതേ മരപ്പണിക്കാര്‍, ഒരു ക്രിസ്ത്യന്‍ പള്ളിയോ, മുസ്ലിം പള്ളിയോ പണിതാല്‍, ഇതേ വാസ്തു പൂജ വേണമെന്ന് വാശി പിടിക്കുമോ? എന്തിനു ഒരു ഇതര മത വിശ്വസിക്കായി ഇവര്‍ ഒരു വീട് പണിതാല്‍, അവര്‍ ചെയ്യുന്ന ഇതേ പൂജ അവിടെയും ചെയ്യാന്‍ മുതിരുമോ?അങ്ങനെ ഗണപതിഹോമം, ലക്ഷ്മി പൂജ, ഹോമകുണ്ഡം സ്വാഹ.

ഇതിനകം എന്റെ ചിന്താധാരകള്‍ വാഗ്‌ധോരണികളായി എന്റെ എല്ലാ കാര്യങ്ങളും കോഡിനേറ്റ് ചെയ്തു തന്നു കൊണ്ടിരുന്ന എന്റെ അളിയനിലും അമ്മാവനിലും നല്ലവണ്ണം സ്വാധീനം ചെലുത്തിയിരുന്നു. Their Brain started working against the already installed software. അങ്ങനെ പാലുകാച്ചു ചടങ്ങു എങ്ങനെ നടത്തണം എന്ന് ഞങ്ങള്‍ തലേ ദിവസമേ തീരുമാനിച്ചു. തലമൂത്ത മേസ്തിരി, നിലവിളക്കും, പണപ്പെട്ടിയും, പച്ചക്കറിയും, കുടവും ഒക്കെ എടുത്തു കൊടുക്കുന്ന സമയം എന്നെ വിളിക്കരുതെന്ന് നേരത്തെ പറഞ്ഞു ഏല്‍പ്പിച്ചിരുന്നു. അടുപ്പിന്റെ സ്ഥാനത്തു ഉള്ള ഒരു ഇലക്ട്രിക്ക് കുക്കറില്‍ സ്റ്റീല്‍ കലത്തില്‍ അമ്മ പാല് കാച്ചും, പാല് തിളക്കുമ്പോള്‍ ഓഫ് ചെയ്യും അത്രമാത്രം എന്ന് നേരത്തെ തീരുമാനിച്ചു.

കുക്കറില്‍ പാലുകാച്ചാന്‍ പാടില്ല

പക്ഷെ രാവിലെ തന്നെ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന രീതിയില്‍ ആയി. ആളുകള്‍ വന്നുതുടങ്ങിയതോടെ അന്ധവിശ്വാസത്തിലാറാടുന്ന ബന്ധുജനങ്ങള്‍ ഒരു വെല്ലുവിളിയെന്നോണം കാര്യങ്ങളേറ്റെടുത്തു തുടങ്ങി. ഇലക്ട്രിക്ക് കുക്കറില്‍ പാലുകാച്ചാന്‍ പാടില്ല, പാരമ്പര്യമായി ഉള്ള രീതിയില്‍ വേണം, മണ്‍കലം, കല്ല് കൂട്ടിയ അടുപ്പു തുടങ്ങിയ ആവശ്യങ്ങള്‍ മുന്നില്‍ വന്നു. അല്ലെങ്കില്‍ കാര്യങ്ങള്‍ ഭംഗിയാവില്ല, വാസ്തു പുരുഷന്‍ കോപിക്കും, ദൈവ കോപമുണ്ടാവും, ശുഭമാവില്ല തുടങ്ങിയ ന്യായീകരണങ്ങള്‍. നല്ല വിലകൊടുത്തു പാകിയ ടെയ്ല്‍സിനു മുകളില്‍ ബേസ്ബോര്‍ഡ് (Carton) കീറി വിരിച്ചു, അതില്‍ ആറ്റുമണല്‍ പാകി, ചുടുകല്ല് അടുക്കി, മണ്‍കലം വെച്ച് തന്നെ പാല് കാച്ചണം, പാല് തിളച്ചു കിഴക്കോട്ടു തൂവണം എന്നായി.

ഒടുവില്‍ ശക്തമായി ഞാനിടപെട്ടു. അടുപ്പുകൂട്ടില്ല, മങ്കലമില്ല, ഉള്ള നല്ല വൃത്തിയുള്ള എളുപ്പമുള്ള ആധുനികമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്, അതിന്പ്രകാരം കാര്യങ്ങള്‍ നടത്തും എന്ന് ഞാനും. പരമ്പരാഗത ആവശ്യവുമായി കൂട്ടത്തില്‍ പ്രധാനമായി നിന്ന ആളോട് താങ്കള്‍ ഇപ്പോളുപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു, എന്താ നിങ്ങള്‍ പണ്ടത്തെ കറക്കി വിളിക്കുന്ന കറുത്ത റിട്രോ ലാന്‍ഡ് ഫോണ്‍ ഇപ്പോള്‍ ഉപയോഗിക്കത്തെ? വീട്ടില്‍ ഇപ്പോഴും മണ്ണണ്ണ വിളക്ക് ആണോ ഉപയോഗിക്കുന്നത്, യാത്ര കാളവണ്ടിയിലോ അതോ പല്ലക്കിലോ? കാര്യം മനസ്സിലാകാത്തവണ്ണം എന്നെ നോക്കി. എല്ലാം പഴയ പാരമ്പര്യം നോക്കുന്ന താങ്കള്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉള്ള സ്മാര്‍ട്ട് ഫോണ്‍ എന്തിനുപയോഗിക്കുന്നു? കെഎസ്ഇബി തരുന്ന വൈദ്യുതി എന്തിനുപയോഗിക്കുന്നു? ഇവിടം വരെ എത്തിച്ചേരാന്‍ എന്തിനു കാറും സ്‌കൂട്ടറും ഉപയോഗിച്ചു? എല്ലാം പാരമ്പര്യംഅനുസരിച്ചും, പഴയകാലത്തെത്തും പോരായിരുന്നോ?

കൂടെ നിന്നവരോടായി പറഞ്ഞു, നിങ്ങള്‍ക്കെല്ലാം ഇത്തരം അവസരങ്ങളില്‍ പഴയതു മാത്രം മതി. കല്ലടുപ്പു വേണം, നിലവിളക്കു വേണം, മടല് വേണം, വിറകു വേണം, തീ വേണം, മരത്തവി വേണം, മണ്‍കലം വേണം, പ്ലാവില വേണം, പക്ഷെ ഇന്നത്തേക്ക് മാത്രം, ഈ നിമിഷത്തേക്ക് മാത്രം, അടുത്ത നിമിഷം മുതല്‍ എല്ലാ ആധുനികതയിലും ആറാടും അല്ലെ? സര്‍, കാലത്തിനനുസരിച്ചു മാറൂ. വളരെ സൗകര്യപൂര്‍വം എളുപ്പത്തില്‍ കത്തിക്കാവുന്ന, ഇടയ്ക്കിടെ ഊതിക്കൊടുക്കേണ്ടാത്ത, കരിയും പുകയും ഒന്നും ഇല്ലാതെ ഉപയോഗിക്കാവുന്ന ഇലക്ട്രിക്ക് കുക്കറും ഗ്യാസ് അടുപ്പും ഉണ്ടെന്നിരിക്കെ എന്തിനു നിങ്ങള്‍ക്ക് കല്ലുകൂട്ടിയ അടുപ്പു വേണം? കഴുകി വൃത്തിയാക്കാന്‍ എളുപ്പവും, പെട്ടെന്ന് താപം ആഗീരണവും ചെയ്തു പെട്ടെന്ന് പാകം ചെയ്യാവുന്ന നല്ല സ്റ്റീല്‍ പാത്രം ഉണ്ടെന്നിരിക്കെ ഇത്രയും അസൗകര്യമായ കരിപിടിക്കുന്ന മണ്‍കലം വേണമോ?

പാല്‍ എന്തിനു കിഴക്കോട്ടു തന്നെ തൂവണം? (അതിനായി ചിലര്‍ കലം കിഴക്കു ദിശയിലോട്ടു ചരിച്ചു വെക്കുന്നത് കണ്ടിട്ടുണ്ട്, (കോമഡി ആണ്) എന്നാല്‍ ആദ്യം ചൂടാവുന്ന സ്ഥലത്തു കൂടെ മാത്രമേ ആദ്യം പാല് തിളച്ചുപൊങ്ങൂ എന്നിവര്‍ക്കറിയില്ല). ഒടുവില്‍ മുന്‍തീരുമാന പ്രകാരം, ഇലക്ട്രിക്ക് കുക്കറില്‍ പാലുകാച്ചി. എങ്ങോട്ടും തൂവിയില്ല.

വീട്ടില്‍നിന്ന് തുടങ്ങണം

നല്ല 220 വോള്‍ട്ട് വൈദ്യുതിയും, എ.ഇ.ഡി ലൈറ്റുകളും സൗകര്യപ്രദമായി തെളിഞ്ഞു പകല്‍ പോലെ പ്രകാശിക്കുന്ന വീടിനകത്തേക്ക് എണ്ണയൊഴിച്ചു കത്തിച്ച നിലവിളക്കു എടുത്തു കൊടുക്കുന്ന മേസ്തിരിയും അത് ഭക്ത്യാദരപൂര്‍വ്വം ഇരുകയ്യും നീട്ടി ദക്ഷിണ കൊടുത്തു വണങ്ങി വാങ്ങികൊണ്ടു കയറുന്ന അമ്മയെയും, മുറത്തില്‍ പച്ചക്കറി കൊണ്ട് കയറുന്ന ആന്റിയെയും, സര്‍ക്കാരിന്റെ നല്ല കുടിവെള്ളം പൈപ്പ് ലൈനിലൂടെ എത്തുന്ന വീട്ടിനകത്തേയ്ക്കു കുടത്തില്‍ വെള്ളവും എടുത്തു കൊണ്ട് കയറിയ അനിയനെയും ഒക്കെ കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി, ഈ നാട് ഉടനെയൊന്നും നേരെ ആവാന്‍ പോകുന്നില്ല. ഇവരൊക്കെ ഒരുപക്ഷെ ചിന്തിക്കാന്‍ ധൈര്യപ്പെട്ടാലും ഈ സമൂഹം ഇവരെ അതിന് വിടില്ല.കല്ലെടുപ്പില്‍ കത്തിച്ചു, മണ്‍കലത്തില്‍ പാലുകാച്ചല്‍ സ്വാഹ.

തീര്‍ന്നില്ല, ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് ഭക്ഷണം ആയി വെജിറ്റേറിയന്‍ മാത്രമേ കൊടുക്കാവൂ എന്നുള്ളത് പരമ്പരാഗത രീതി തിരുത്തി നോണ്‍ വെജ് കൊടുക്കാന്‍ കഴിഞ്ഞു. വീടിനു മുറ്റത്തു പൊങ്കാല ഇട്ടുമാത്രമേ ഗൃഹപ്രവേശനം നടത്താവൂ എന്നത് നടത്തിയില്ല. (പകരം കോഴിക്കറി വെച്ചൂടെ എന്ന് ഞാന്‍). എല്ലാം കഴിഞ്ഞു മരണപ്പെട്ട അച്ഛന്റെ ചിത്രം സൗകര്യവും, ഭംഗിയുമുള്ള സ്ഥലത്തു സ്ഥാപിക്കാന്‍ വന്ന ആളെ അമ്മ മടക്കി അയച്ചു, കാരണം, മരിച്ചു പോയവര്‍, മറ്റു പിതൃക്കളുള്ള ദിക്ക് നോക്കി ആ ദര്‍ശനത്തില്‍ ഇരിക്കണമെന്നും, (മരിച്ച ആളുടെ ഫോട്ടോ എങ്ങോട്ടോ നോക്കും), അതിനാല്‍ വേറൊരുസ്ഥലത്തു സ്ഥാപിക്കണമെന്നും ‘അമ്മ, ഇല്ല വിട്ടില്ല യഥാസ്ഥാനത്തു സൗകര്യമുള്ള കാണാന്‍ ഭംഗിയുള്ള രീതിയില്‍ തൂക്കി. ഫോട്ടോ കാണാനുള്ളതാണെന്നും, അതില്‍ ഹാരമോ, സാംബ്രാണിയോ കത്തിക്കരുതെന്ന നിര്‍ദേശം നിലനില്‍ക്കുന്നു. Photos Just For a Memory . ഫോട്ടോ ദര്‍ശനം സ്വാഹ.

അങ്ങനെ എന്തെല്ലാം എന്തെല്ലാം. അമ്മ മാത്രമല്ല, വിശ്വാസമെന്ന അശാസ്ത്രീയതകളില്‍ ആറാടുന്ന നിരവധി പേരെ എനിക്ക് കാണാന്‍ കഴിഞ്ഞു. എല്ലാം കണ്ടും കേട്ടും ഉള്ളില്‍ ചിരിച്ചെങ്കിലും, കുറെയൊക്കെ പറഞ്ഞു മനസിലാക്കാനും, എല്ലാറ്റിന്റെയും യുക്തിഭദ്രതയെ പറ്റി പറഞ്ഞു മനസ്സിലാക്കാനും കഴിഞ്ഞു. കൂട്ടത്തില്‍, അശാസ്ത്രീയതക്കും, തെളിവുകളില്ലാതെ വിശ്വാസങ്ങള്‍ക്കും എതിരെ ഒരു ചെറുവിരലെങ്കിലും അനക്കി അത് നടപ്പാക്കാന്‍ കഴിഞ്ഞു എന്ന സംതൃപ്തി തിരികെ പോരുമ്പോള്‍ എനിക്കുണ്ടായിരുന്നു.

ഞാന്‍ മനസ്സിലാക്കിയിടത്തോളം അന്ധവിശ്വാസത്തിനെതിരെയുള്ള പോരാട്ടം നാട്ടില്‍ നിന്നല്ല വീട്ടില്‍ നിന്നാണ് ആദ്യം തുടങ്ങേണ്ടത്. ആളുകള്‍ തെളിവുകളില്ലാതെ വിശ്വാസങ്ങളുടെ പടു പാതാളത്തിലാണിപ്പോഴും. മാറിയ കാലത്തിനനുസരിച്ചുള്ള എല്ലാ ശാസ്ത്രീയ മുന്നേറ്റത്തിലും സൗകര്യങ്ങളിലും അഭിമാനിക്കുകയും, അഭിരമിക്കുകായും സ്വയം ഉപയോഗിക്കുകയും ചെയ്യുമ്പോഴും, മനുഷ്യ മനസ്സിപ്പോഴും പഴയ ഗോത്രീയതയിലും, താന്താങ്ങള്‍ വിശ്വസിച്ചു പോന്ന പരമ്പരാഗത ചിട്ടവട്ടങ്ങളിലും, വിശ്വാസങ്ങളിലും, മണ്ടത്തരങ്ങളിലും കുടുങ്ങി കിടക്കയാണ്. നന്നാക്കാം, നമ്മള്‍ വിചാരിച്ചാല്‍ നന്നാക്കാം, പക്ഷെ വിചാരിക്കണം, തുനിഞ്ഞിറങ്ങണം, അത് സ്വന്തം വീട്ടില്‍ നിന്നും തന്നെ തുടങ്ങണം. തെളിവുകള്‍ നയിക്കട്ടെ.


Leave a Reply

Your email address will not be published. Required fields are marked *