എന്താണ് ബിഹേവിയറൽ എക്കണോമിക്സ് (Behavioral Economics) ? മുഖ്യധാര എക്കണോമിക്സുമായി അത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതാണ് ഇവിടെ പ്രതിപാദിക്കുന്നത്. അതിനോടൊപ്പംതന്നെ ഈ ശാഖക്ക് സമൂഹത്തിന്റെ പുരോഗതിക്കായി എന്തൊക്കെ സംഭാവനകൾ നൽകാനാവും എന്നതും പരിഗണിക്കുന്നു.
മുഖ്യധാരാ എക്കണോമിക്സ് പലപ്പോഴും മനുഷ്യരുടെ യുക്തിപരതയിലും, ആത്മനിയന്ത്രണത്തിലും, സ്വതാല്പര്യങ്ങളോടുള്ള അമിത അഭിനിവേശത്തിലും ഒക്കെ അധിഷ്ഠിതമായാണ് പല തിയറികളും പടുത്തുയർത്തുയിരിക്കുന്നത്. എന്നാൽ ഇത്തരം സ്വഭാവ വിശേഷങ്ങൾ ഉള്ള മനുഷ്യർ എക്കണോമിക്സ് തിയറികളിൽ മാത്രമേ ഉള്ളൂ. അത്തരം മനുഷ്യരെ നമ്മൾ വിളിക്കുന്നത് ഹോമോ ഇക്കണോമിക്സ് (homo economics) അഥവാ ഇക്കോൺസ് (econs) എന്നാണ്.
ആദ്യമായി നമുക്ക് എക്കണോമിക്സിലെ രണ്ട് തിയറികൾ പരിഗണിക്കാം.
1. Optimization : അതായത് ഒരു സാമ്പത്തിക തീരുമാനം എടുക്കുമ്പോൾ എല്ലാ ഏജന്റ്സും ഏറ്റവും യുക്തിസഹമായ, അവർക്ക് ഏറ്റവും മൂല്യം ലഭിക്കുന്ന സ്ട്രാറ്റജി ആണ് തിരഞ്ഞെടുക്കുക. ഉദാഹരണത്തിന്, നിങ്ങൾക്ക് ഒരേ വിലക്ക് പേരക്കയും ആപ്പിളും ലഭിക്കുകയാണെങ്കിൽ നിങ്ങൾ ആപ്പിൾ ആയിരിക്കും തിരഞ്ഞെടുക്കുക. അതേ സമയം പേരക്കക്ക് വില കുറവാണെങ്കിൽ നിങ്ങൾ അത് വാങ്ങിച്ചു ബാക്കി പണം നിങ്ങൾക്കിഷ്ടമുള്ള കാര്യത്തിനായി ഉപയോഗിക്കുന്നു.
2. Equilibrium : സപ്ലൈയും ഡിമാൻഡും മാറുന്നതിനു അനുസരിച്ചു വസ്തുവിന്റെ വിലയും മാറുന്നു . സപ്ലൈയും ഡിമാൻഡും തുല്യമാക്കുന്ന അവസ്ഥയാണ് ഒരു വസ്തുവിന്റെ വില നിർണയിക്കുന്നത് .
മുഖ്യധാരാ ഇക്കണോമിക്സിൽ ഇത് രണ്ടും വളരെ പ്രാധാന്യമുളള തിയറികൾ ആണ്. പക്ഷെ ഇത്തരം മോഡലുകൾ മാർക്കറ്റിൽ പൂർണ്ണമായും ശരിയാവുന്നില്ല എന്നതാണ് നാം കാണുന്നത്.
1. പലപ്പോഴും നമ്മുടെ തീരുമാനങ്ങൾ ആ തീരുമാനം എടുക്കുന്ന പരിസ്ഥിതി ആ തീരുമാനങ്ങളെ ബാധിക്കുന്നു. ഉദാഹരണത്തിന് ഒരു സൂപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ പലപ്പോഴും അയുക്തികമായ തീരുമാനങ്ങൾ, ഓഫറുകളുടെയും, പരസ്യങ്ങളുടെയും, അത് പ്രദർശിപ്പിച്ചിരിക്കുന്ന രീതി എന്നിവയിൽ ആകൃഷ്ടരായി എടുക്കുന്നു.
2. അമിതമായ ആത്മവിശ്വാസം കാരണം നമ്മൾ പലപ്പോഴും പക്ഷപാതിത്വപരമായ തീരുമാനങ്ങൾ എടുക്കുന്നു.
3. നമ്മുടെ ആത്മനിയന്ത്രണമില്ലായ്മയും എടുത്തുചാട്ടവും നമ്മളെ വളരെ അയുക്തികമായ തീരുമാനങ്ങളിലേക്ക് നയിക്കുന്നു.
നമുക്ക് രണ്ട് തരത്തിലുള്ള മസ്തിഷ്ക സിസ്റ്റങ്ങൾ ഉണ്ട്. സിസ്റ്റം ഒന്ന് : അവൈലബിൾ ആയ വിവരങ്ങൾ വെച്ച് തീരുമാനം എടുക്കുന്ന എടുത്തു ചാടുന്ന ഒന്ന്. സിസ്റ്റം രണ്ട് : വളരെ യുക്തിപരമായി തീരുമാനങ്ങൾ എടുക്കുന്ന രണ്ടാമത്തെ സിസ്റ്റം.
പലപ്പോഴും നമ്മുടെ സാമ്പത്തിക തീരുമാനങ്ങൾ സിസ്റ്റം ഒന്ന് എടുക്കുകയും പിന്നീട് സിസ്റ്റം രണ്ട് വെച്ച് ന്യായീകരിക്കുകയും ചെയ്യുന്നു എന്നതാണ് രസകരം.മുഖ്യധാരാ ഇക്കണോമിക്സിനെ തള്ളിക്കളയുക അല്ല ബിഹേവിയറൽ എക്കണോമിക്സ് ചെയ്യുന്നത്. മറിച്ച്, ബിഹേവിയർ പാറ്റേണുകളുടെ അടിസ്ഥാനത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണം എന്നതാണ് ബിഹേവിയറിൽ എക്കണോമിക്സിന്റെ ഒരു പ്രധാന ഉപയോഗം.
(ചിത്രം : ഒരേ ജ്യൂസിന് ഒരേ കടയിൽ വ്യത്യസ്ത ഭാഷകളിൽ രണ്ട് വില കാണിക്കുന്ന കൗതുകകരമായ ചിത്രം. ബുനെസ് ആയേഴ്‌സിൽ നിന്നും ഒരു എക്സ്ണോമിസ്റ് പകർത്തിയത്. ഇത് efficient market theory -യുമായി ഒത്തുപോകുന്നില്ല.)
ബിഹേവിയറൽ എക്കണോമിക്സ് – മാർക്കറ്റിങ് അവലോകനങ്ങൾ:
ഓസിനു കിട്ടിയാൽ ആസിഡും കുടിക്കും:
ഫ്രീ എന്ന വാക്ക് നമ്മുടെ മസ്തിഷ്കത്തിൽ ഉല്പാദിപ്പിക്കുന്ന ഡോപാമിന്റെ എഫക്ട് രസകരമാണ്. ഒരു കടയിൽ ഒരേ സാധനത്തിനു buy one get one free എന്നൊരു ഓഫറും 50% ഡിസ്‌കൗണ്ട് എന്ന ഓഫറും ഉണ്ടെന്ന് കരുതുക. ഏതാവും കൂടുതൽ റിസൾട്ട് ഉണ്ടാക്കുക, ആദ്യ ഓപ്ഷൻ ആണെന്നാണ് വസ്തുത.
അതേപോലെ 15 രൂപയുടെ ഡയറി മിൽക്കും 5 രൂപയുടെ മഞ്ചും ഒരു സൂപ്പർ മാർകെറ്റിൽ ഡിസ്‌കൗണ്ട് വിലയിൽ ഇരിക്കുന്നു എന്ന് കരുതുക, കൂടുതൽ ആളുകൾ ഡയറി മിൽക് വാങ്ങിക്കാൻ ആണ് സാധ്യത. അതേ സമയം വിലയുടെ വ്യത്യാസം നിലനിർത്തികൊണ്ട് 10 രൂപയ്ക്കു ഡയറി മിൽക്കും ഫ്രീ ആയി മഞ്ചും കൊടുത്താൽ 99% ആളുകളും മഞ്ച് ആണ് വാങ്ങുക. ഇതിൽ രണ്ടിലും വിലയുടെ വ്യത്യാസവും മൂല്യത്തിൽ ഉള്ള ലാഭവും സമാനമാണ്. പക്ഷെ FREE എന്ന ടാഗ് നമ്മുടെ മസ്തിഷ്കത്തെ പ്രക്ഷാളനം നടത്തുന്നു.
Dominating Alternatives :
ഒരു കമ്പ്യൂട്ടർ ഷോപ്പിൽ മൗസിനു 50 രൂപയും കീ ബോർഡിനും മൗസിനും കൂടെ 130 രൂപയും ആണെന്ന് കരുതുക. കൂടുതൽ പേരും 50 രൂപയുടെ മൗസ് മാത്രമേ വാങ്ങുകയുള്ളൂ. പക്ഷെ അതിന്റെ കൂടെ മൂന്നാമതായി ഒരു ഓപ്ഷൻ കൂടെ വെച്ചാൽ ചിത്രം മാറും. കീ ബോർഡിന് മാത്രം 120 രൂപ എന്നൊരു ഓപ്ഷൻ വെക്കുക, ആളുകൾ രണ്ടാമത്തെ ഓപ്ഷൻ സ്വീകരിക്കും. നമ്മളുടെ മനസ്സിൽ ഫ്രെയിം ഓഫ് റഫറൻസ് നിശ്ചയിക്കപ്പെട്ടാൽ പിന്നെ അതിനടുത്ത ചോയ്സ് നമുക്ക് അവൈലബിൾ ആയ ചോയ്‌സിനേക്കാൾ inferior ആണെങ്കിൽ നമ്മുടെ മനസ്സിൽ ഒരു ചായ്‌വ് സൃഷ്ടിക്കപ്പെടുന്നു. ഒന്നാമത്തെ ചോയ്‌സിന് നമ്മുടെ മനസ്സിൽ സ്വാധീനം നഷ്ടപ്പെടുന്നു. അടിസ്ഥാനപരമായി ആളുകൾക്ക് ഒരു വസ്തുവിന്റെ യഥാർത്ഥ മൂല്യം എന്താണ് എന്നത് അറിയില്ല എന്നതാണ് അടിസ്ഥാന വസ്തുത.
വില കുറഞ്ഞവ നിലവാരം കുറഞ്ഞവ ആണ് :
പൊതുവെ എല്ലാ വസ്തുക്കളുടെയും കാര്യത്തിൽ ഇത് ബാധകം അല്ലെങ്കിലും മിക്കതിലും നമ്മൾ വിലയും നിലവാരവും തമ്മിൽ രേഖീയമായ ഒരു ബന്ധം പ്രതീക്ഷിക്കുന്നു. എന്നാൽ ഇത് ശരിയായ അവലോകനം അല്ല.
Decision Paralysis :
കൂടുതൽ ഓപ്ഷൻസ് ലഭ്യമാവുമ്പോൾ തീരുമാനങ്ങൾ എടുക്കുന്നതിൽ കാലവിളംബവും ബ്ലോക്കും ഉണ്ടാവുന്നു എന്നതാണ് വസ്തുത. നമ്മൾ പ്രതീക്ഷിക്കുന്നത് കൂടുതൽ ഓപ്ഷനുകൾ ആളുകൾ സാധനം വാങ്ങാനുള്ള ചാൻസ് കൂട്ടുന്നു എന്നതാണ്, അത് മിക്കപ്പോഴും ശരിയാവണമെന്നില്ല. നമ്മുടെ മസ്തിഷ്കത്തിന്റെ മടി തന്നെയാണ് ഇവിടെ പ്രശ്നം. കൂടുതൽ വിവരങ്ങൾ പ്രോസസ്സ് ചെയ്യാൻ നമ്മുടെ മസ്തിഷ്കത്തിന് താല്പര്യം കുറവാണ്.
Attribute Priming :
ഒരു മൊബൈൽ ഷോപ്പിൽ ഒരു കൂട്ടം ആളുകളോട് ക്യാമറയുടെ ഫീച്ചേഴ്സിനെ പറ്റി സംസാരിക്കുന്നു മറ്റൊരു കൂട്ടരോട് പ്രോസസ്സർ സ്പീഡിനെ പറ്റി സംസാരിക്കുന്നു എന്ന് കരുതുക. ആദ്യ കൂട്ടർ മികച്ച ക്യാമറ ഫീച്ചർ ഉള്ള ഫോണും രണ്ടാമത്തെ കൂട്ടർ മികച്ച പ്രോസസ്സർ ഉള്ള ഫോണും വാങ്ങാൻ ആണ് സാധ്യത കൂടുതൽ.
ഇനി മറ്റൊരു അനുഭവം പറയാം. ഫ്ലൈ ഓവറുകളെ നമ്മൾ വളരെ ആവേശത്തോടു കൂടിയാണ് കാണുന്നത്, റോഡിൽ എത്രയും പെട്ടെന്ന് ലക്ഷ്യസ്ഥാനത്തേക്ക് എത്താമല്ലോ അല്ലേ. ഫ്ലൈ ഓവർ മൂലം കച്ചവടം പൊളിഞ്ഞ ഒരു കഥയാണ്. ഫ്ലൈ ഓവർ വന്നതിന് ശേഷം നഗരത്തിൽ നിന്ന് പുറത്തേക്കുള്ള റോഡിൽ ഫ്ലൈ ഓവേറിന് വലത് വശം ഉള്ള മിക്കവാറും വാണിജ്യ സ്ഥാപനങ്ങൾ നഷ്ടം നേരിട്ടു. കാരണം കൂടുതൽ ഉപഭോകതാക്കൾ നഗര ഭാഗത്ത് താമസിക്കുന്നവർ ആയിരുന്നു. അവർക്ക് ആ സ്ഥാപനങ്ങളിൽ എത്തണമെങ്കിൽ 1 km സഞ്ചരിച്ചു യൂടേൺ അടിച്ചു വരേണ്ടിയിരുന്നു. തൊട്ടടുത്തു കാണുന്ന സ്ഥലത്തെത്താൻ കൂടുതൽ ദൂരം വരേണ്ടി വരുന്നത് അവർക്കെന്തോ മെന്റൽ ബ്ലോക്ക് ഉണ്ടാക്കുന്നു എന്ന് അനുമാനിക്കണം.
The Pain of Paying:
പണം കൈമാറ്റം ചെയ്യുക എന്നത് നമ്മളെ സംബന്ധച്ചിടത്തോളം വളരെ വേദനജനകമാണ്. ക്രെഡിറ്റ് കാർഡ് പോലെയുള്ള ഡിജിറ്റൽ പെയ്മെന്റ് സംവിധാനങ്ങൾ സത്യത്തിൽ നമ്മുടെ pain of paying എന്നുപറയുന്ന സംഭവത്തെ കുറയ്ക്കുകയും, 30 ദിവസത്തേക്ക് നീട്ടി വെക്കുകയുമാണ് ചെയ്യുന്നത്. ഇത് ആളുകളുടെ സാമ്പത്തിക അച്ചടക്കത്തെ ബാധിക്കാൻ സാധ്യതയുള്ള ഒരു സംഭവമാണ്.
ഇനി നമ്മൾ പരിശോധിക്കുന്നത് മനുഷ്യന്റെ സ്വഭാവത്തിലെ ചില പാറ്റേണുകളെ ആണ്. ഇത്തരം പാറ്റേണുകൾ സാമ്പത്തികപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ മനുഷ്യരെ സ്വാധീനിക്കുന്നു. അവയിൽ ചിലതിനെക്കുറിച്ചു മാത്രമാണ് നമ്മൾ ചർച്ച ചെയ്യുന്നത്.
എൻഡോവ്മെന്റ് എഫക്ട് (Endowment Effect)
ഉദാഹരണം – ISL ടിക്കറ്റ് നിരക്ക് 1000 രൂപ ആണ്. അത് വളരെ അധികമാണ് എന്ന് നിങ്ങൾ തീരുമാനിക്കുന്നു. 500 രൂപ വരെ ആണെങ്കിൽ നിങ്ങൾ പോകാൻ ഓക്കേ ആണ്. നിങ്ങൾക്ക് നറുക്കെടുപ്പിലൂടെ ഒരു ഫ്രീ ടിക്കറ്റ് കിട്ടുന്നു. ചോദ്യം ഇതാണ് – നിങ്ങൾ ഈ ടിക്കറ്റ് ഉപയോഗിച്ച് ടൂർണമെന്റ് കാണാൻ പോകുമോ? അതോ ആ ടിക്കറ്റ് 2000 രൂപയ്ക്കു വിൽക്കുമോ? ഇക്കോണമിക് മൂല്യം വെച്ച് നോക്കുകയാണെങ്കിൽ നമ്മൾ വിൽക്കണം.
എന്നാൽ ഇങ്ങനെയല്ല എല്ലാ മനുഷ്യരും ഈ പ്രശ്നത്തെ കാണുന്നത്. അതായത് എനിക്ക് ഒരു ഫ്രീ ടിക്കറ്റ് കിട്ടി. പണം മുടക്കാതെ കിട്ടിയതല്ലേ. ടൂർണമെന്റ് കണ്ടു കളയാം. അല്ലെങ്കിൽ അത് ‘എന്റെ’ ടിക്കറ്റ് ആണ്. ഞാൻ അതിനെ വിൽക്കുന്നില്ല. ഈ ചിന്താ രീതിയെ ആണ് എൻഡോവ്മെന്റ് എഫക്ട് (endowment effect) എന്ന് പറയുന്നത്. അതായത് ഒരു വസ്തു നമ്മുടെ കൈവശം ഉണ്ടെങ്കിൽ അതിനെ നമ്മൾ കൂടുതൽ (അതെ വസ്തുവിന്റെ മാർക്കറ്റിൽ നിന്നും വാങ്ങാൻ പറ്റുന്ന വിലയേക്കാളും) വിലമതിക്കുന്നു. സ്ഥലം ഏറ്റെടുപ്പിൽ ഒക്കെ ഇത്തരം പെരുമാറ്റങ്ങൾ നിങ്ങൾക്ക് കാണാൻ ആകും, മാർക്കറ്റ് വിലയെക്കാൾ കൂടുതൽ കിട്ടിയാലും സ്ഥലം നിങ്ങളെ സംബന്ധിച്ചിടത്തോളം വൈകാരിക ബന്ധം ഉള്ളതാണ്.
മയോപിക് ഡിസ്‌കൗണ്ടിങ് (Myopic Discounting) :
ഭാവിയിൽ നമ്മൾ എല്ലാവരും മികച്ച തീരുമാനങ്ങൾ എടുക്കുന്നവർ ആണ് എന്നാൽ ഇപ്പോൾ നമ്മുടെ തീരുമാനങ്ങൾ അപ്പപ്പോൾ ഉള്ള സുഖത്തെ മാത്രം ആശ്രയിച്ചായിപ്പോകുന്നു. ഉടനെ 1000 രൂപ വേണോ അതോ ഒരാഴ്ച കഴിഞ്ഞ് 1100 വേണോ എന്ന് ചോദിച്ചാൽ നമ്മൾ 1000 ഉടൻ എന്ന് പറയുന്നു. എന്നാൽ ഒരു കൊല്ലത്തിനു ശേഷം 1000 രൂപയും ഒരു കൊല്ലവും ഒരാഴ്ചയും കഴിഞ്ഞു 1100 രൂപയും എന്ന് പറഞ്ഞാലോ?
പ്രോസ്‌പെക്ട് തിയറി (Prospect Theory) :
നമ്മുടെ നഷ്ടങ്ങൾ ലാഭത്തേക്കാൾ നമ്മുടെ മനസിനെ സ്വാധീനിക്കുന്നു. അതായത് നിങ്ങൾക്ക് നൂറു രൂപ നഷ്ടപ്പെട്ടാൽ അതിന്റെ ദുഃഖം തീരണമെങ്കിൽ 200 രൂപ എങ്കിലും കിട്ടണം.
Sunk Cost Fallacy:
ചൂതു കളിയിൽ പണം നഷ്ടപ്പെട്ട ആളുകൾ വീണ്ടും പണം ഇട്ട് വീണ്ടും പണം കളയുന്നു. അതുപോലെ നഷ്ടം വരുത്തുന്ന ബിസിനസ്സിൽ പോയ പണം തിരിച്ചു പിടിക്കാൻ വേണ്ടി വീണ്ടും പണം ഇറക്കി അതും നഷ്ടപ്പെടുത്തുന്നു. ജിമ്മുകളുടെ ഓഫറൊക്കെ മൂന്നോ ആറോ മാസത്തെ ഫീസ് അഡ്വാൻസ് കൊടുക്കണമെന്നാണ്, എന്തെന്നാൽ പോയ പണം ഓർത്തെങ്കിലും ആളുകൾ ജിമ്മിൽ പോകുന്നത് തുടരുന്നു.
ബിഹേവിയറൽ എക്കണോമിക്സ് ജനനന്മക്ക് എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ രണ്ട് മാതൃകകൾ താഴെ.
Libertarian Paternalism :
ആളുകളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാതെ തന്നെ മെച്ചപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ അവരുടെ മനസ്സിനെ പ്രേരിപ്പിക്കാൻ ആവുമോ എന്നതാണ് ഈ ഒരു പോളിസിയിലൂടെ റീചാർഡ് തെലർ (Richard Thaler) മുന്നോട്ട് വെക്കുന്നത്.
Choice Architecture :
ചോയ്സുകൾ കൊടുക്കുന്നതിന്റെ മോഡലുകൾ മാറ്റിക്കൊണ്ട് എങ്ങനെ മെച്ചപ്പെട്ട തീരുമാനങ്ങളിലേക് നയിക്കാം എന്ന മാതൃക.
ഇത്തരത്തിൽ ആളുകളുടെ മനഃശാസ്ത്രം മനസിലാക്കി കൊണ്ട് എങ്ങനെ അവരെ മെച്ചപ്പെട്ട സാമ്പത്തിക തീരുമാനങ്ങളിലേക്ക് അവരെ നയിക്കാം എന്നതാണ് ബിഹേവിയറൽ എക്കണോമിക്സ് എന്ന ഈ സാമ്പത്തിക ശാഖയുടെ കാതൽ.
ബിഹേവിയറൽ എക്കണോമിക്സ് വിഷയമാക്കി ലേഖകൻ നടത്തിയ പ്രസന്റേഷൻ എസ്സെൻസ് ഗ്ലോബൽ യൂട്യൂബ് ചാനലിൽ കാണാം. വീഡിയോ ലിങ്ക് – https://youtu.be/M6ElWlR_6vA
References:
1. Nudge: Improving Decisions about Health, Wealth, and Happiness by Richard Thaler
2. Predictably Irrational by Dan Ariely
3. Thinking Fast and Slow by Daniel Kahneman.