ഇൻസുലിന്റെ കണ്ടെത്തൽ വൈദ്യശാസ്ത്രത്തിന്റെ മാത്രമല്ല, മനുഷ്യ വംശത്തിന്റെ തന്നെ നിർണ്ണായകം; ഡോ.ആൽബി ഏല്യാസ് എഴുതുന്നു


“അവർ അവരുടെ തെറ്റുകളിൽ നിന്ന് പാഠങ്ങൾ പഠിക്കുകയും, കൂടുതൽ പരിശ്രമം നടത്തുകയും ചെയ്തു. പാൻക്രിയാസ് ഗ്രന്ഥിയെ മണലിൽ പൊതിഞ്ഞു; ഊറി വന്ന ദ്രാവകത്തെ തുണി കൊണ്ട് അരിച്ചെടുത്തു. ഇപ്രകാരം ഇൻസുലിനിൽ നിന്നും അഴുക്കുകൾ മാറ്റിയെടുക്കാൻ സാധിച്ചു. അപ്പോഴേക്കും 19 പട്ടികളുടെ പാൻക്രിയാസ് നീക്കം ചെയ്തിരുന്നു. 1921 ജൂലൈ 30 ന് വേർതിരിച്ചെടുത്ത ഇൻസുലിൻ പട്ടിയുടെ തന്നെ രക്തത്തിലേക്ക് കുത്തി വെച്ചു. രക്തത്തിലെ പഞ്ചസാര കുറയുന്നതായി കൃത്യമായി മനസ്സിലാക്കി. ഇൻസുലിൻ ലഭിക്കാതിരുന്ന പട്ടികളുടെ രക്തത്തിൽ പഞ്ചസാരക്ക് മാറ്റമില്ലെന്നും അവർ കണ്ടെത്തി. ശാസ്ത്രത്തിന്റെ രീതിയിൽ അൽപ്പം പോലും വിട്ടു വീഴ്ചയില്ല. ഏത്, ശാസ്ത്രത്തിന്റെ ഈ രീതി മനസിലാക്കാൻ ഇന്നും പലരും വിയർക്കുന്നിടത്തു നൂറു കൊല്ലം മുൻപ് രണ്ട് പേർ യുക്തി ഉപയോഗിച്ച് തന്നെ ഇൻസുലിൻ ഫലപ്രദമായ അളവിൽ വേർതിരിച്ചെടുത്തു” – ഡോ.ആൽബി ഏല്യാസ് എഴുതുന്നു
ഇൻസുലിന്റെ നൂറു വർഷങ്ങൾ

1921 ജൂലൈ 27 വൈദ്യശാസ്ത്രത്തിന്റെ മാത്രമല്ല, മനുഷ്യ വംശത്തിന്റെ തന്നെ ചരിത്രത്തിലെ ഒരു നിർണ്ണായക ദിനമായിരുന്നു. രണ്ട് ഗവേഷകർ അന്ന് ആദ്യമായി ഇൻസുലിൻ വേർതിരിച്ചെടുത്തു. ചെറിയ മുറിവുകളിൽ നിന്ന് പോലും പ്രമേഹ രോഗം ഉള്ളവർ മരിച്ചിരുന്ന ഒരു കാലയളവിലാണ് ഇൻസുലിനെ കുറിച്ചുള്ള ഗവേഷണങ്ങൾ ആരംഭിക്കുന്നത്. ജന്മനാ ഇൻസുലിൻ ശരീരത്തിൽ ഇല്ലാതെ വരുന്ന ടൈപ്പ് 1 പ്രമേഹ രോഗം ഒരു മരണ വാറണ്ട് തന്നെ ആയിരുന്നു. ഇൻസുലിൻ ഈ രോഗികൾക്കു വെറുമൊരു മരുന്ന് മാത്രമല്ല. ജീവ വായുവാണ്. ഇൻസുലിൻറെ കണ്ടുപിടുത്തം പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടിയ മനുഷ്യരുടെ സ്ഥിരോത്സാഹത്തിന്റെയും, ശാസ്ത്രകൗതുകത്തിന്റെയും ഉദാഹരണമാണ്.

ബെർലിനിലെ വൈദ്യ വിദ്യാർത്ഥിയായിരുന്ന പോൾ ലാൻഗർഹാൻസ് ഒരു മൈക്രോസ്കോപ്പ് വെച്ച് പാൻക്രിയാസ് ഗ്രന്ഥിയെ നിരീക്ഷിച്ചപ്പോൾ അതിൽ അത് വരെ തിരിച്ചറിയാതിരുന്ന, ദ്വീപ സമൂഹങ്ങളെ പോലെ ചിതറിക്കിടക്കുന്ന ചില ഭാഗങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കി. 1869-ലാണ് ലാൻഗർഹാൻസ് ഇത് കണ്ടെത്തിയത്. എന്നാൽ ചിന്ന ഭിന്നമായി കിടന്നിരുന്ന ഈ ഭാഗങ്ങളുടെ പ്രസ്കതി എന്തെന്ന് അക്കാലത്ത് മനസ്സിലായിരുന്നില്ല. വർഷങ്ങൾ കഴിഞ്ഞിട്ടാണ് എഡ്‌വേർഡ് ലാഗോസ്സേ എന്ന ഫ്രഞ്ച് പാത്തോളജിസ്റ് ഈ ഭാഗങ്ങളിൽ ഉല്പാദിപ്പിക്കപ്പെടുന്ന പദാർത്ഥത്തിന് ദഹനത്തിൽ പങ്കുണ്ട് എന്ന ഒരു പരികല്പന മുന്നോട്ടു വെച്ചത്. ഈ ഭാഗങ്ങളെ ആദ്യമായി കണ്ടെത്തിയ പോൾ ലാൻഗർഹാൻസിനുള്ള അംഗീകാരത്തിന്റെ ഭാഗമായി ലാഗോസ്സേ അവയെ ലാൻഗർഹാൻസ് ദ്വീപ സമൂഹങ്ങൾ (Islets of Langerhans) എന്ന് വിളിച്ചു. അവ ഇന്നും അറിയപ്പെടുന്നത് ഇതേ പേരിലാണ്.

ഓസ്കാർ മിങ്കോവിസ്കി, ജോസഫ് മെറിങ് എന്നിവർ ഒരു പട്ടിയുടെ പാൻക്രിയാസ് നീക്കം ചെയ്തപ്പോൾ, പട്ടിയുടെ മൂത്രത്തിലെ പഞ്ചസാരയുടെ അളവ് നന്നായി കൂടുന്നതായി കണ്ടെത്തി. അതോടെ പാൻക്രിയാസ് ഉല്പാദിപ്പിക്കുന്ന എന്തോ ഒരു പദാർത്ഥമാണ് പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നതെന്നു മനസ്സിലായി. ഒരു കണക്കിന് നോക്കിയാൽ ശാസ്ത്രം നിർജ്ജീവമായ, യുക്തി മാത്രം അടിസ്ഥാനപ്പെടുത്തിയ, ഒരു പ്രസ്ഥാനമല്ല. അതിന്റെ രീതിക്കു ഒരു ഭംഗി തന്നെയുണ്ട്. ശാസ്ത്രത്തിൽ കലയും, കലയിൽ ശാസ്ത്രവുമുണ്ട്.

1901-ൽ യൂജിൻ ഓപ്പി ലാൻഗർഹാൻസ് ദ്വീപ സമൂഹങ്ങൾക്ക് കേട് സംഭവിക്കുമ്പഴാണ് പ്രമേഹ രോഗമുണ്ടാകുന്നതെന്നും കണ്ടെത്തി. ഇങ്ങനെ ശാസ്ത്രം ഒന്നോന്നായി കാര്യങ്ങളെ അറിഞ്ഞു വന്നപ്പോഴും, പ്രമേഹ രോഗത്തിനുള്ള ചികിത്സ അന്യമായിരുന്നു. കാരണം പാൻക്രിയാസ് ഗ്രന്ഥിയിൽ നിന്നും ഈ പദാർത്ഥത്തെ വേർതിരിച്ചെടുക്കാൻ സാധിച്ചില്ല. ഇതിന് കാരണമുണ്ടായിരുന്നു. ലാൻഗർഹാൻസ് ദ്വീപ സമൂഹങ്ങൾ ഉത്പാദിപ്പിച്ച ഈ പദാർത്ഥം പാൻക്രിയാസ് ഗ്രന്ഥിയിൽ നിന്നും പുറത്തേക്ക് വരുന്ന കുഴലിൽ കൂടെയാണ് പലരും വേർതിരിച്ചെടുക്കാൻ ശ്രമിച്ചത്. പാൻക്രിയാസ് ഗ്രന്ഥിയിൽ തന്നെ നിർമിക്കപ്പെടുന്ന ദഹന രസങ്ങൾ ഗ്രന്ഥിയിൽ നിന്നും പുറത്തേക്കു വരുന്ന ഈ കുഴലിൽ കൂടിയാണ് പ്രവഹിക്കുന്നത്. ഈ ദഹന രസങ്ങൾ ലാൻഗർഹാൻസ് ദ്വീപ സമൂഹങ്ങൾ ഉൽപാദിപ്പിച്ച, പദാർത്ഥത്തെ നിർവീര്യമാക്കി കൊണ്ടിരുന്നു. അങ്ങനെ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ദശാബ്ദങ്ങളോളം ആർക്കും ഈ ‘നിഗൂഢമായ രസത്തെ’ വേർതിരിക്കാനയില്ല. അതിനിടയിൽ 1916-ൽ എഡ്‌വേഡ്‌ ഷാഫർ ലാൻഗർഹാൻസ് ദ്വീപ സമൂഹങ്ങളിൽ നിന്നും ഉണ്ടാകുന്ന പദാർത്ഥം (from Islets അഥവാ isletin) എന്ന അർത്ഥത്തിൽ അതിനെ ഇൻസുലിൻ എന്ന് വിളിച്ചു.

ഇംഗ്ലണ്ടിൽ നിന്നും പരിശീലനം പൂർത്തിയാക്കി കാനഡയിലേക്ക് മടങ്ങി വന്ന ഒരു സർജനായിരുന്നു ഫെഡെറിക് ബാൻഡിങ്. പ്രാക്ടീസ് തുടങ്ങി ആദ്യത്തെ ഒരു മാസം ഈച്ച ആട്ടിയിരുന്നു. കാര്യമായ വരുമാനമൊന്നും കിട്ടാതായപ്പോൾ വെസ്റ്റേൺ സർവകലാശാലയിൽ അനാട്ടമി പ്രൊഫസ്സർ ആയി പ്രവേശിച്ചു. ആയിടക്ക്, സന്ദർഭവശാൽ മോസസ് ബാരൻ ഏഴുതിയ ഒരു ലേഖനം ബാൻഡിങ്‌ വായിക്കാൻ ഇടയായി. പാൻക്രിയാസ് ഗ്രന്ഥിയിൽ നിന്നും പുറത്തേക്ക് വരുന്ന കുഴലിനെ അടച്ചു കെട്ടിയാൽ ദഹന രസങ്ങൾ ഉണ്ടാക്കുന്ന പാൻക്രിയാസ് ഭാഗങ്ങൾ പതുക്കെ ശോഷിക്കും എന്ന് ആ ലേഖനത്തിൽ ബാരൻ ചൂണ്ടി കാണിച്ചിരുന്നു. അതായത് ഇൻസുലിനെ നിർവീര്യമാക്കുന്ന ദഹന രസങ്ങൾ ഉണ്ടാക്കുന്ന ഭാഗം ശോഷിക്കുമെന്ന്. നോക്കണേ, ചരിത്രത്തിലെ സംഭവങ്ങൾ മുകളിൽ നിന്ന് ആരോ കരുതിക്കൂട്ടി ആസൂത്രണം ചെയ്യുന്നത് പോലെ തോന്നിപ്പോകും, അങ്ങനെ അല്ലെങ്കിലും.

അങ്ങനെ ലാൻഗർഹാൻസ് ദ്വീപ സമൂഹങ്ങൾ ഉത്പാദിപ്പിക്കുന്ന ഇൻസുലിനെ നശിപ്പിക്കുന്ന ദഹന രസങ്ങളെ ഇല്ലാതാക്കാൻ പാൻക്രിയാസ് ഗ്രന്ഥിയുടെ കുഴലിനെ അടച്ചു കെട്ടിയാൽ മതിയാകും എന്ന ചിന്ത ബാൻഡിങിൽ ഉണ്ടായി. രാത്രി രണ്ട് മണിക്ക് തോന്നിയ ഈ ആശയവുമായി ബാൻഡിങ് ടോറോണ്ടോയിലെ ഫിസിയോളജി പ്രൊഫസ്സർ മക്ലിയോടിനെ കാണുന്നു. കാർബോഹൈഡ്രേറ്റുകളെ പറ്റി പഠിച്ചിരുന്ന വിദ്വാൻ ആയിരുന്നു മക്ലിയോട്. ബാൻഡിങ് പറഞ്ഞത് കേട്ടപ്പോൾ മക്ലിയോടിന് വലിയ മതിപ്പൊന്നും ഉണ്ടായിരുന്നില്ല. ‘പരാജയപ്പെടുന്ന പരീക്ഷണങ്ങളും എനിക്കറിയണം’ എന്ന് പറഞ്ഞു ബാൻഡിങിന് ഒരു ലാബ് അനുവദിച്ചു കൊടുത്തു മക്ലിയോട്. കൂടെ സഹായത്തിനായി ചാൾസ് ബെസ്ററ് എന്ന വിദ്യാർത്ഥിയെയും . അവർ പിന്നീട് പട്ടികളുടെ പാൻക്രിയാസ് നീക്കം ചെയ്ത് ഇൻസുലിൻ വേർതിരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ലാബിലെ എല്ലാ പണികളും, തൂക്കുന്നതും, തുടക്കുന്നതും ഉൾപ്പെടെ അവർ തന്നെ ചെയ്തു. പരീക്ഷണം വിജയിച്ചില്ല. ആവശ്യത്തിനുള്ള ഇൻസുലിൻ കിട്ടിയില്ല എന്നതായിരുന്നു കാരണം. വേദനാജനകമെന്ന് പറയട്ടെ പല പട്ടികളും പരീക്ഷണത്തെ അതിജീവിച്ചില്ല. പട്ടികളെ കിട്ടാതായപ്പോൾ രണ്ടു പേരും പട്ടികളെ അന്വേഷിച്ചു ടോറോണ്ടോയിലെ തെരുവകളിൽ കൂടെ നടന്നു. ഒടുവിൽ ഒരു പട്ടിയെ ബാൻഡിങ് തന്റെ ടൈയ്യിൽ കെട്ടി ലാബിലേക്ക് കൊണ്ടുവന്ന കാര്യം ബെസ്റ്റ് അനുസ്മരിക്കുണ്ട്.

അതിനിടയിൽ ബെസ്റ്റ് ഒരിക്കൽ അവധിക്ക് പോയി. തിരിച്ചു വന്നപ്പോൾ ബാൻഡിങ്‌ ശകാരിച്ചു. എന്നാൽ വഴക്കിട്ട് പോകുന്നതിന് പകരം കൂടുതൽ ശുഷ്കാന്തിയോടെ ബെസ്റ്റ് ബാൻഡിങ്ങിനോടൊപ്പം ജോലി ചെയ്തു. ഇൻസുലിൻ മതിയായ അളവിൽ വേർതിരിച്ചെടുക്കും എന്ന ദൃഢ നിശ്ചയത്തിൽ ആയിരുന്നു രണ്ടു പേരും. പട്ടികളുടെ പാൻക്രിയാസ് ഗ്രന്ഥിയെ തണുപ്പിച്ചു; പല ലായിനികളിൽ ആക്കി. പക്ഷെ കിട്ടിയ ഇൻസുലിനിൽ ആവശ്യമില്ലാതിരുന്ന പല പദാർത്ഥങ്ങളും കടന്നു കൂടി. അവർ അവരുടെ തെറ്റുകളിൽ നിന്ന് പാഠങ്ങൾ പഠിക്കുകയും, കൂടുതൽ പരിശ്രമം നടത്തുകയും ചെയ്തു. പാൻക്രിയാസ് ഗ്രന്ഥിയെ മണലിൽ പൊതിഞ്ഞു; ഊറി വന്ന ദ്രാവകത്തെ തുണി കൊണ്ട് അരിച്ചെടുത്തു. ഇപ്രകാരം ഇൻസുലിനിൽ നിന്നും അഴുക്കുകൾ മാറ്റിയെടുക്കാൻ സാധിച്ചു. അപ്പോഴേക്കും 19 പട്ടികളുടെ പാൻക്രിയാസ് നീക്കം ചെയ്തിരുന്നു. 1921 ജൂലൈ 30 ന് വേർതിരിച്ചെടുത്ത ഇൻസുലിൻ പട്ടിയുടെ തന്നെ രക്തത്തിലേക്ക് കുത്തി വെച്ചു. രക്തത്തിലെ പഞ്ചസാര കുറയുന്നതായി കൃത്യമായി മനസ്സിലാക്കി. ഇൻസുലിൻ ലഭിക്കാതിരുന്ന പട്ടികളുടെ രക്തത്തിൽ പഞ്ചസാരക്ക് മാറ്റമില്ലെന്നും അവർ കണ്ടെത്തി. ശാസ്ത്രത്തിന്റെ രീതിയിൽ അൽപ്പം പോലും വിട്ടു വീഴ്ചയില്ല. ഏത്, ശാസ്ത്രത്തിന്റെ ഈ രീതി മനസിലാക്കാൻ ഇന്നും പലരും വിയർക്കുന്നിടത്തു നൂറു കൊല്ലം മുൻപ് രണ്ട് പേർ യുക്തി ഉപയോഗിച്ച് തന്നെ ഇൻസുലിൻ ഫലപ്രദമായ അളവിൽ വേർതിരിച്ചെടുത്തു.

സംഗതി ഓടും എന്ന് മനസ്സിലായ മക്ലിയോട് ‘നമ്മുടെ’ പരീക്ഷണം വിജയിക്കാൻ തുടങ്ങി എന്ന് പ്രഖ്യാപിച്ചു. ബാൻഡിങിന് അരിശം വന്നു. അടുത്ത പടിയായി മനുഷ്യരിൽ ഇൻസുലിൻ കുത്തിവെക്കാനുള്ള ശ്രമവുമായി ബാൻഡിങ് ബെസ്റ്റുമായി ചേർന്ന് മുന്നോട്ടു പോയി. ലാബിലെ ദൈനംദിന കാര്യങ്ങൾ നോക്കാൻ ജീവനക്കാരേയും, പിന്നെ കുറച്ചു ശമ്പളവും ബാൻഡിങ് മക്ലിയോടിന് ആവശ്യപ്പെട്ടു. കിട്ടിയില്ലെങ്കിൽ വേറെ സ്ഥലം നോക്കും എന്നും പറഞ്ഞു. കാര്യങ്ങൾ കൈവിട്ടു പോകും എന്ന് മനസിലാക്കിയ മക്ലിയോട് രണ്ടു പേർക്കും ശമ്പളവും, ജീവനക്കാരെയും നൽകി.

1922 ജനുവരി മാസം പ്രമേഹം വന്നു മരിക്കാറായ ലിയോണാർഡ് തോംസൺ എന്ന 14 വയസുള്ള കുട്ടിക്ക് ആദ്യമായി ഇൻസുലിൻ നൽകി. വിസ്മയാവഹമായിരുന്നു ഫലം. ആ കുട്ടിയുടെ പ്രമേഹ രോഗം മെച്ചപ്പെടുകയും തോംസൺ വർഷങ്ങളോളം ജീവിക്കുകയും ചെയ്തു. ജെയിംസ് കോളിപ്പ് എന്ന് പേരുള്ള കനേഡിയൻ ശാസ്ത്രജ്ഞൻ ഇൻസുലിനെ കൂടുതൽ ശുദ്ധമാക്കി വേർതിരിച്ചെടുത്തു . പിന്നീട് പശുവിന്റെ പാൻക്രിയാസ് ഗ്രന്ഥിയിൽ നിന്നും വേർതിരിച്ചെടുത്ത ഇൻസുലിൻ ഉപയോഗിക്കാൻ തുടങ്ങി. പന്നിയിൽ നിന്നും പശുവിൽ നിന്നും വേർതിരിച്ചെടുത്ത ഇൻസുലിൻ ആയിരുന്നു വർഷങ്ങളോളം മനുഷ്യർക്ക് ജീവൻ രക്ഷാ പദാർത്ഥമായി മാറിയത്. അതിനു ശേഷം ഇന്ന് കാണുന്ന വിധം ജനിതക വിദ്യ ഉപയോഗിച്ചു കൃത്രിമമായി ഇൻസുലിൻ ഉല്പാദിപ്പിക്കാൻ തുടങ്ങി. ഇന്ന് ഇന്സുലിൻ കൃത്യമായ അളവിൽ നൽകാൻ സംവിധാനങ്ങൾ ഉണ്ട്. ബാൻഡിങിന്റെയും ബെസ്റ്റിന്റേയും ഇൻസുലിനിൽ നിന്നും ലോകം ബഹുദൂരം ടെക്നോളജിയിൽ മുന്നോട്ട് പോയി.

ദൗർഭാഗ്യകരമെന്ന് പറയട്ടെ, ശാസ്ത്രം മുന്നോട്ട്‌ പോയപ്പോഴും, സമൂഹം പരാജയപ്പെടുകയാണ് ഉണ്ടായത്. ഇൻസുലിൻറെ നൂറാം വാർഷികത്തിൽ മെഡിസിനിലെ ഉന്നതമായ ജേർണൽ-ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻ ഇയ്യിടെ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ലോകത്ത് ആവശ്യത്തിന് ഇൻസുലിൻ ലഭിക്കാതെ ഒരു പാട് പേർ ഇന്നും ക്ലേശിക്കുന്ന അവസ്ഥയിലേക്ക് ആ ലേഖനം വിരൽ ചൂണ്ടുന്നു. ഇൻസുലിൻ വിപണിയിലെ 90 ശതമാനത്തിലേറെയും നിയന്ത്രിക്കുന്നത് വെറും മൂന്ന് മരുന്ന് നിർമാതാക്കൾ ആണത്രേ. അമേരിക്ക , ഇന്ത്യ മുതലായ പല രാജ്യങ്ങളിലും ഗവൺമെന്റുകൾ ഇൻസുലിൻറെ വില കുത്തനെ കൂട്ടി. ഇൻസുലിൻ ലഭിക്കാതെ മരിച്ച വ്യക്തികളുടെ ചാരവും, പേപ്പർ കൊണ്ടുള്ള ശവകുടീരങ്ങളും അവരുടെ ബന്ധുക്കൾ അമേരിക്കയിലെ ഇൻസുലിൻ മരുന്ന് നിർമാതാക്കളുടെ പടിവാതിക്കളിൽ വെച്ചത് നീറുന്ന വാർത്തയായി. ശാസ്ത്രത്തിന്റ നേട്ടങ്ങളുടെയും വൈദ്യശാസ്ത്രത്തിന്റെ നൈതികതയുടെയും കടക്കൽ പതിച്ച കോടാലി ആയി
മാറി സാമൂഹ്യ അനീതി.

പിന്നിട്ട നൂറു വർഷങ്ങൾക്കിടയിൽ കോടാനു കോടി മനുഷ്യരുടെ ജീവൻ ഇൻസുലിൻ ഒരു ഔഷധമായി രക്ഷിച്ചിട്ടുണ്ടാകണം. 1923 ലെ നോബൽ സമ്മാന പ്രഖ്യാപന വേളയിൽ ബാൻഡിങ്‌ മക്ലിയോട് എന്നിവർക്ക് പുരസ്‌കാരം ലഭിച്ചു. ബാൻഡിങിന്ഇ ഒപ്പം ഉണ്ടായിരുന്ന ബെസ്റ്റിന് ഒന്നും ലഭിച്ചതുമില്ല. ഇൻസുലിൻ വേർതിരിച്ചെടുക്കന്നതിൽ ലബോറട്ടറി ഒരുക്കി കൊടുത്തു എന്നതൊഴിച്ചാൽ കാര്യമായ സംഭവനയൊന്നും നൽകാതിരുന്ന മക്ലിയോടിന് നോബൽ സമ്മാനം നൽകിയതിൽ ബാൻഡിങ് ക്ഷുഭിതനായി. തനിക്ക് കിട്ടിയ സമ്മാന തുക ബെസ്റ്റിനു കൂടി പങ്കിട്ട് എടുക്കകയാണെന്ന് ആ മനുഷ്യൻ പ്രഖ്യാപിച്ചു. ഇൻസുലിൻ വേർതിരിച്ചെടുത്ത ബാൻഡിങ്‌, ബെസ്റ്റ് വെറും ഒരു ഡോളറിനാണ് കണ്ടു പിടുത്തതിന്റെ പേറ്റന്റ് സർവകലാശാലക്ക് വിറ്റത് എന്നോർക്കണം. എല്ലാവർക്കും അത് വാങ്ങിക്കാൻ സാധിക്കണം എന്നതായിരുന്നു ലക്ഷ്യം.

വാസ്തവത്തിൽ ഇൻസുലിൻറെ കണ്ടുപിടുത്തം ബാൻഡിങ് ബെസ്റ്റ് എന്നീ രണ്ടു പേരുടെ മാത്രം സംഭാവന ആയിരുന്നില്ല. അര നൂറ്റാണ്ടിലേറെ തലമുറകളായി പല മനുഷ്യർ, ഒരു സൗധം പോലെ കേട്ടിപൊക്കിയ ഒരു നേട്ടമായിരുന്നു അത്. ഇൻസുലിൻറെ ചരിത്രത്തിൽ അധികമൊന്നും കേൾക്കാത്ത ഒരു പേരാണ് നിക്കോള പാലസ്‌ക്കയുവിന്റേത്. 1916-ൽ തന്നെ പാലസ്‌ക്കയു ഫലപ്രദമായ വിധം ഇൻസുലിൻ വേർതിരിച്ചെടുത്തു എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, മനുഷ്യരിൽ വിജയകരമായി പരീക്ഷിക്കാൻ അദ്ദേഹത്തിനായില്ല. നൊബേൽ സമ്മാനം അദ്ദേഹത്തിനും നൽകണമായിരുന്നു എന്ന വിവാദവും അക്കാലത്തു സജീവമായിരുന്നു.

അങ്ങനെ ഇൻസുലിന്റെ നൂറു വർഷങ്ങളിൽ അതിന്റെ ശാസ്ത്രം മാത്രമല്ല അടങ്ങിയിട്ടുള്ളത്. ശാസ്ത്രം നേരിട്ട വെല്ലുവിളികൾ ആയിരുന്നു അതിന്റെ പന്ഥാവിൽ ആദ്യമുണ്ടായിരുന്ന മുള്ളുകളെങ്കിൽ ഇന്നത് സാമൂഹ്യമായ അസമത്വമാണ്. സാമ്പത്തിക രാഷ്ട്രീയ ഘടകങ്ങൾ എന്നിവയെല്ലാം സമ്മിശ്രമായി കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട് അതിന്റെ ചരിത്രത്തിൽ. വൈദ്യ ശാസ്ത്രത്തിന്റെ വക്താക്കളുടെ വീക്ഷണം വിശാലമാകണമെന്നും, ഔഷധത്തിന്റെ സാമൂഹ്യവും സാമ്പത്തികവുമായ ഘടകങ്ങൾ ഗൗരവമായി പരിഗണിച്ചില്ലെങ്കിൽ ആഘോഷിക്കാൻ കാര്യമായി ഒന്നും ഉണ്ടാകില്ല എന്നും അത് നമ്മളെ ഓർമ്മപെടുത്തുന്നുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *