‘സാമ്രാജ്യത്വ ശക്തി’യായ അമേരിക്ക പിൻവാങ്ങുമ്പോൾ അഫ്ഘാനികൾ എന്തിനാണ് ഭയന്നോടുന്നത്?; കെ എ നസീർ എഴുതുന്നു


“ലോകം ആധുനികതയിലേക്ക് സഞ്ചരിക്കുമ്പോൾ ഒരു ജനത ആറാം നൂറ്റാണ്ടിലെ ഗോത്രീയതയിലേക്ക് മറിഞ്ഞ് വീഴുന്നതിനെ പറ്റി ഒരാധിയും നമുക്കിടയിൽ ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്നും ഒരു കുഞ്ഞിൻ്റെ നിലവിളിയും നമ്മെ അസ്വസ്ഥപ്പെടുത്താത് എന്തുകൊണ്ട് എന്നും നിങ്ങൾ ആലോചിച്ച് നോക്കിയിട്ടുണ്ടോ? ക്രൂരമായ ഈ മൗനവും സെലക്ടീവ് നിലവിളികളും ‘പ്രത്യേക താളത്തിൽ’ മാത്രം മുഴങ്ങുന്ന നെഞ്ചത്തടികളുമാണ് ഭാവി കേരളം നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്ന്.” – കെ എ നസീർ എഴുതുന്നു
സേവ് അഫ്ഘാനിസ്ഥാൻ ഫ്രം “വിസ്മയം” ഫാൻസ്

“മുമ്പ് കാണുമ്പോൾ സൽമാൻഖാനെ പോലെ ക്ലീൻ ഷേവ് ചെയ്ത അലി ഈ അടുത്ത കാലത്താണ് താടി നീട്ടാൻ തുടങ്ങിയത്. അതെന്തു കൊണ്ട് എന്ന് ചോദിച്ചപ്പോൾ അലിയുടെ മറുപടി ഒരു ചിരിയായിരുന്നു. ആ ചിരിയിൽ നിന്ന് ഞാൻ വായിച്ചു; താലിബാൻ ഭരണത്തിൽ ഷേവ് ചെയ്യുന്നത് ശിക്ഷാർഹമാണ്” എന്ന്. (മാധ്യമ പ്രവർത്തകൻ പി. എം. നാരായണൻ്റെ അഫ്ഘാൻ കുറിപ്പുകളിൽ നിന്ന്) “വിസ്മയം പോലെ വന്ന താലിബാൻ പട” യുടെ കീഴിലുള്ള ഒരു സാധാരണ അഫ്ഘാൻ പൗരൻ്റെ ജീവിത ചിത്രം ഇങ്ങനെയൊക്കെയാണ്. ‘താലിബാൻ’ എന്ന പഷ്തൂൺ വാക്കിൻ്റെ അർത്ഥം വിദ്യാർത്ഥികൾ എന്നാണത്രെ! ലോകത്തിലെ ഏറ്റവും സുന്ദരമായൊരു വാക്ക് ലോകത്തിലെ തന്നെ ഏറ്റവും ഭീതിദമായൊരു വാക്കായി മാറിയതിലെ വൈപരീത്യം ഒന്നോർത്ത് നോക്കൂ…

താലിബാൻ ഭീകരരും അഫ്ഘാൻ സൈന്യവും തമ്മിൽ നടന്ന പോരട്ടങ്ങളിൽ, ഇക്കഴിഞ്ഞ മെയ്/ജൂൺ മാസത്തിൽ മാത്രം 2400 അഫ്ഘാൻ സിവിലിയൻമാർക്ക് പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തു എന്നാണ്  UN കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷത്തെ ആദ്യ ആറ് മാസത്തിൽ മാത്രം കൊല്ലപ്പെട്ടത് 1659 പേർ. ഗുരുതര പരിക്കേറ്റവർ 5183 പേർ. കൊല്ലപ്പെട്ടവരിൽ 32% (അതായത് 530പേർ) കുട്ടികൾ. വീട് വിട്ടോടിപ്പോകുന്നത് ആയിരങ്ങൾ. (https://news.un.org/en/story/2021/07/1096382)

ആധുനിക അഫ്ഘാനിസ്ഥാൻ്റെ ചരിത്രം ആരംഭിക്കുന്നത് 1746-ലെ ദുരാനി സാമ്രാജ്യത്തിൻ്റെ ഭരണകാലം മുതലാണ്. പിന്നീട് ബ്രിട്ടീഷുകാരുടെ ആധിപത്യം. 1919 ലാണ് ബ്രിട്ടൻ്റെ ആധിപത്യം അവസാനിക്കുന്നത്. തുടർന്ന് നിരവധി അസ്ഥിര ഭരണകൂടങ്ങൾ മാറിയും മറിഞ്ഞും വന്നു. 1978 ലാണ് കമ്യുണിസ്റ്റുകാർ അധികാരം പിടിക്കുന്നത്. 1979-ൽ അന്നത്തെ സോവിയറ്റ് യൂണിയൻ അഫ്ഘാനിലെത്തുന്നു. തുടർന്ന് പത്ത് വർഷം സോവിയറ്റ് യൂണിയനാണ് അഫ്ഘാൻ്റെ ഭരണചക്രം തിരിച്ചത്. ഇക്കാലയളവിൽ മാത്രം ഇരുഭാഗത്തുമായി രണ്ടര ലക്ഷത്തോളം മനുഷ്യർ കൊല്ലപ്പെട്ടതായാണ് കണക്ക്.

1989 ലെ സോവിയറ്റ് യൂണിയൻ്റെ പിൻവാങ്ങലിന് ശേഷം നടന്ന ആഭ്യന്തര യുദ്ധങ്ങളുടെ തുടർച്ചയിലാണ് 1996 ൽ താലിബാൻ അധികാരത്തിലെത്തുന്നത്. 2001 സെപ്തംബർ 11 ലെ വേൾഡ്ട്രേഡ് സെൻ്റർ ആക്രമണത്തോടെയാണ് ആ ‘വിസ്മയ ഭരണകാലം’ അവസാനിക്കുന്നത്. സപ്തം: 11 ൻ്റെ മാസ്റ്റർ ബ്രെയിൻ തേടിയുള്ള അമേരിക്കയുടെ അഫ്ഘാൻ അധിനിവേശവും തുടർന്നുണ്ടായ സംഭവ വികാസങ്ങളുമൊക്കെ പിന്നീടുള്ള ചരിത്രത്തിൻ്റെ ഭാഗമാണ്. ഇപ്പോൾ ഇരുപത് കൊല്ലത്തോളമായി അമേരിക്കൻ സൈന്യവും അവരാൽ അവരോധിക്കപ്പെട്ട ഒരു ഭരണകൂടവും അഫ്ഘാനിലുണ്ട്. ഇക്കൊല്ലം Sep: 11 ഓടെ അമേരിക്ക സമ്പൂർണമായും അഫ്ഘാനിൽ നിന്നും പിൻമടങ്ങാൻ തീരുമാനിച്ചതോടെയാണ് താലിബാൻ വീണ്ടും വാർത്തകളിൽ നിറയുന്നത്.

അഫ്ഘാനിസ്ഥാൻ്റെ പുനർ നിർമാണത്തിനും ജനാധിപത്യ നിലനിൽപ്പിനും ഏറെ സംഭാവനകൾ ചെയ്ത രാജ്യമാണ് നമ്മുടേത്. 20 കൊല്ലം കൊണ്ട് 300 കോടി ഡോളർ (രണ്ടര ലക്ഷം കോടി രൂപ) ഇന്ത്യ അഫ്ഘാന് നൽകിയിട്ടുണ്ട്. 2015 ൽ ഉദ്ഘാടനം ചെയ്ത അഫ്ഘാൻ പാർലമെൻ്റ് മന്ദിരം മുതൽ നിരവധി റോഡുകൾ, സ്റ്റേഡിയങ്ങൾ, അണക്കെട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സൈനിക വാഹനങ്ങൾ, ഹെലികോപ്റ്ററുകൾ തുടങ്ങി പലതും ഇന്ത്യ അഫ്ഘാന് നൽകിയിട്ടുണ്ട്.

താലിബാനെന്ന ഇസ്ലാമിക ഭീകരവാദ സംഘടനയുടെ കൈകളിലേക്ക് അഫ്ഘാൻ വീണ്ടും അകപ്പെടുന്നതിൻ്റെ സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. തീവ്ര ഇസ്ലാമിക ആശയങ്ങളുടെ വക്താക്കളായ താലിബാൻ്റെ കീഴിൽ മനുഷ്യാവകാശങ്ങളുടേയും പൗരാവകാശങ്ങളുടേയും മാനവികതയുടേയും ശവപ്പറമ്പായി മാറിയ ചരിത്രമാണ് അഫ്ഘാനിസ്ഥാനുള്ളത്. അഞ്ചേ അഞ്ച് കൊല്ലത്തെ താലിബാൻ ഭരണം കൊണ്ട് തന്നെ ഇസ്ലാമിക ശരീഅത്ത് സംവിധാനത്തിൻ്റെ “മധുരം” വേണ്ടുവോളം നുണഞ്ഞത് കൊണ്ടാണ് അമേരിക്ക പിൻവാങ്ങുന്നു എന്ന് കേൾക്കുന്നതോടെ അഫ്ഘാനികൾ നാട് വിട്ട് ഓടിപ്പോകുവാൻ തുടങ്ങുന്നത്. ‘സാമ്രാജ്യത്വ ശക്തി’യായ അമേരിക്ക പിൻവാങ്ങുമ്പോൾ അഫ്ഘാനികൾ എന്തിനാണ് ഭയന്നോടുന്നത് എന്ന ചോദ്യത്തിന് ഉത്തരം പറയാൻ, എല്ലാം അമേരിക്കയുടെ കുത്തിത്തിരപ്പുകളായി വ്യാഖ്യാനിച്ച് സിദ്ധാന്തം ചമയ്ക്കുന്ന അതിബുദ്ധിജീവികൾക്ക് ബാധ്യതയുണ്ട്.

ഇത്രയേറെ കൂട്ടക്കുരുതികളും പലായനങ്ങളും മന:സാക്ഷി മരവിക്കുന്ന ക്രൂരതകളും മതഭീകരവാദത്തിൻ്റെ ചുടല നൃത്തങ്ങളും തൊട്ടയൽപ്പക്കത്ത് അരങ്ങ് വാഴുമ്പോഴും എന്തുകൊണ്ടാണ് സേവ് പലസ്തീൻ പോലെ, സേവ് ലക്ഷദ്വീപ് പോലെ ഒരു സേവ് അഫ്ഘാനിസ്ഥാൻ എന്നൊന്ന് ഉണ്ടാകാത്തത് എന്ന് നിങ്ങൾ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ബുദ്ധിജീവികളുടേയും സാഹിത്യകാരൻമാരുടേയും സംസ്കാരിക നായിക/നായകൻമാരുടേയുമൊക്കെ വായിൽ പഴം കുടുങ്ങിപ്പോയത് എന്തുകൊണ്ടായിരിക്കുമെന്ന് നിങ്ങൾ ഓർത്ത് നോക്കിയിട്ടുണ്ടോ? ലോകം ആധുനികതയിലേക്ക് സഞ്ചരിക്കുമ്പോൾ ഒരു ജനത ആറാം നൂറ്റാണ്ടിലെ ഗോത്രീയതയിലേക്ക് മറിഞ്ഞ് വീഴുന്നതിനെ പറ്റി ഒരാധിയും നമുക്കിടയിൽ ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്നും ഒരു കുഞ്ഞിൻ്റെ നിലവിളിയും നമ്മെ അസ്വസ്ഥപ്പെടുത്താത് എന്തുകൊണ്ട് എന്നും നിങ്ങൾ ആലോചിച്ച് നോക്കിയിട്ടുണ്ടോ? ക്രൂരമായ ഈ മൗനവും സെലക്ടീവ് നിലവിളികളും ‘പ്രത്യേക താളത്തിൽ’ മാത്രം മുഴങ്ങുന്ന നെഞ്ചത്തടികളുമാണ് ഭാവി കേരളം നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്ന്.


Leave a Reply

Your email address will not be published. Required fields are marked *