പോപ്പുലർ സയൻസ് ലളിതവൽക്കരണത്തിന്റെ കലയാണ്; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു


“പഠിപ്പിക്കൽ ഒരു പ്രത്യേക കലയാണ്. ചാക്കോ മാഷ്ക്ക് അറിയാതെ പോയതും ആ കലയാണ്. “Curse of knowledge” എന്നൊരു സംഭവമുണ്ട്. ഒരു ആശയം നിങ്ങൾക്ക് പിടികിട്ടിക്കഴിഞ്ഞാൽ അഥവാ അത് മനസ്സിലാക്കിക്കഴിഞ്ഞാൽ പിന്നെ ആ അറിവ് ഉണ്ടാകുന്നതിനു മുൻപുള്ള നിങ്ങളുടെ അവസ്ഥ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാതെ പോകുന്നു.” – ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു
ചാക്കോ മാഷുമാർ ഉണ്ടാകുന്നത്…

ചാക്കോ മാഷ് സത്യത്തിൽ ക്രൂരനല്ല. നല്ല അധ്യാപകനുള്ള അവാർഡൊക്കെ ആരോ കൊടുത്തിട്ടുണ്ടെങ്കിലും അങ്ങേർക്ക് പഠിപ്പിക്കാനറിയില്ല. അത്രേയുള്ളൂ. ഭൂഗോളത്തിന്റെ സ്പന്ദനം മാത്തമാറ്റക്സിൽ ആയതുകൊണ്ട് കാര്യമില്ലല്ലോ. അത് പറഞ്ഞു ഫലിപ്പിക്കാനാകണ്ടേ? ആ കഴിവുകേടിന്റെ കൂടെ സ്വയം പ്രീയപ്പെട്ട വിഷയമായ കണക്കിനോടുള്ള സ്നേഹവും കൂടുമ്പോൾ പറഞ്ഞത് മനസ്സിലാകാത്ത ശിഷ്യന്മാരോടും, മകനോടുമുള്ള ഈർഷ്യയും വർദ്ധിക്കുന്നു.

പഠിപ്പിക്കൽ ഒരു പ്രത്യേക കലയാണ്. ചാക്കോ മാഷ്ക്ക് അറിയാതെ പോയതും ആ കലയാണ്. “Curse of knowledge” എന്നൊരു സംഭവമുണ്ട്. ഒരു ആശയം നിങ്ങൾക്ക് പിടികിട്ടിക്കഴിഞ്ഞാൽ അഥവാ അത് മനസ്സിലാക്കിക്കഴിഞ്ഞാൽ പിന്നെ ആ അറിവ് ഉണ്ടാകുന്നതിനു മുൻപുള്ള നിങ്ങളുടെ അവസ്ഥ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാതെ പോകുന്നു. ആ അറിവ് ഉണ്ടാകാൻ താൻ എത്ര ബുദ്ധിമുട്ടിയിരുന്നു എന്ന് മനസ്സിലാകാതെ പോകുന്നു. തനിക്ക് ഇപ്പോൾ നിസ്സാരമായി തോന്നുന്ന ആ അറിവ് മറ്റേയാൾക്കും വെറുതെ ആലോചിച്ചാൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ എന്നു തോന്നുന്നു. ഒരു കാര്യത്തിൽ അറിവുണ്ടാകുന്നതോടെ ആ അറിവ് ഇല്ലാത്ത അവസ്ഥ സങ്കൽപ്പിക്കാൻ നിങ്ങൾക്ക് പറ്റാതാക്കുന്ന ഒരു ശാപം കൂടി നിങ്ങൾക്ക് കിട്ടുന്നു. അതാണ്  “Curse of knowledge”.

ഈ ശാപം ബാധിക്കാത്തവർക്കേ നല്ല അധ്യാപകനാകാൻ സാധിക്കൂ. നിങ്ങൾക്ക് ഒരു കുട്ടിയെ A^2-B^2= എത്രയാണ് എന്ന് പഠിപ്പിക്കണമെങ്കിൽ നിങ്ങൾ ആ വിദ്യാർത്ഥിയുടെ അപ്പോളത്തെ അറിവിന്റെ ലെവലിലെത്തണം. ആദ്യമായി A^2-B^2 എന്നു കേൾക്കുന്ന കുട്ടിയുടെ മനസ്സിലൂടെ എന്തൊക്കെ കടന്നു പോകുന്നു അറിയണം. അത് ആദ്യമായി പഠിക്കുന്ന സമയത്ത് തനിക്ക് ഉണ്ടായിരുന്ന അബദ്ധ ധാരണകൾ എന്തൊക്കെയായിരുന്നു എന്ന് ഓർമ്മിക്കാനാകണം. എങ്കിലേ ആ തെറ്റുകൾ കുട്ടിക്ക് സംഭവിക്കാതിരിക്കാൻ തക്കവിധം പഠിപ്പിക്കാനാകൂ. എന്താണ് എന്നു പഠിപ്പിക്കുന്നതിനൊപ്പം തന്നെ ഒരു കാര്യം “എന്തല്ല” എന്നും പറഞ്ഞുകൊടുക്കാൻ കഴിയണം. മറ്റൊരു തരത്തിൽ പറഞ്ഞാൽ നന്നായി പഠിപ്പിക്കാൻ വേണ്ടത് തന്റെ “ടാർഗറ്റ് ഓഡിയന്സിനെ” കൃത്യമായി മനസ്സിലാക്കുക എന്നതാണ്. ഇതേ പോലെതന്നെയാണ് പോപ്പുലർ സയൻസ് എഴുത്തും. Curse of knowledge അതിജീവിക്കാത്തവരുടെ എഴുത്തും, പ്രസംഗവും ഒക്കെ കണക്കായിരിക്കും.

പോപ്പുലർ സയൻസ് എഴുത്ത്/പ്രസംഗം ലളിതവൽക്കരണത്തിന്റെ കലയാണ്. “ടാർഗറ്റ് ഓഡിയന്സിനെ” മനസ്സിലാക്കി അവർ അറിയേണ്ട കാര്യങ്ങൾ (അതു മാത്രം) പറയുക. പഠിപ്പിക്കാൻ ശ്രമിക്കുന്ന കാര്യം മനസ്സിലാക്കുന്നതിനു മുൻപുള്ള തന്റെ അവസ്ഥ അറിയാമെങ്കിൽ, എന്താണ് എന്ന് പഠിപ്പിക്കുന്നതിനോടൊപ്പം “എന്തല്ല” എന്നും പഠിപ്പിക്കാൻ സാധിക്കും.

പോപ്പുലർ സയൻസ് ലളിതവൽക്കരണത്തിന്റെ കലയാണ്. സയൻസ് പ്രചരിപ്പിക്കുന്നവർ മിക്കവരും പരാജയപ്പെടുന്നത് ഇവിടെയാണ്. “ടാർജറ്റ് ഓഡിയന്സിനെപ്പറ്റി ഒരു ധാരണയുമില്ലാതെ സ്വന്തം അറിവ് വിളമ്പുക. ഞാൻ ഇടക്ക് ടീവിയിലൊക്കെ കാണുന്ന ഡോക്ടറോടു ചോദിക്കുക പോലുള്ള പരിപാടികൾ കാണാറുണ്ട്. മിക്കവാറും “ഇയാളെന്തു തേങ്ങയാടാ പറയുന്നത്” എന്നാണ് തോന്നാറുള്ളത്. ഉദാഹരണത്തിന് ഡോക്ടർ പ്രമേഹത്തെക്കുറിച്ച് പറയുന്നു. ഡയബെറ്റിസ് മെലിറ്റസ്, ഡയബെറ്റിസ് ഇൻസിപിഡസ്, ടൈപ്പ് വൺ കോശങ്ങൾ, ടൈപ്പ് ടു കോശങ്ങൾ ഒക്കെയെടുത്തകുള്ള കളിയാണ്. കേൾക്കുന്നവർക്ക് നാളെ ഇതിൽ പരീക്ഷയെഴുതി ജയിക്കേണ്ടതാണ് എന്ന മട്ടിലാണ് പഠിപ്പിക്കൽ. അയാൾക്ക്‌ മനസ്സിൽ നിൽക്കേണ്ട വിവരങ്ങൾ ഈ വിജ്ഞാന സാഗരത്തിൽ മുങ്ങിപ്പോകുകയും ചെയ്യുന്നു.

നിങ്ങൾക്ക് ഒരാളെ പരിണാമം പഠിപ്പിക്കണമെങ്കിൽ തന്റെ അറിവു മുഴുവൻ അയാളിൽ കുത്തി നിറക്കാതിരിക്കുക. അയാൾക്ക് അത് പഠിച്ച് പരീക്ഷയൊന്നും പാസാകണ്ട കാര്യമില്ല എന്ന് ഓർമ്മിക്കുക. അയാൾക്കാവശ്യമുള്ള അറിവു മാത്രം പകർന്നു കൊടുത്താൽ മതി. എന്റെ ടാർഗറ്റ് ഓഡിയൻസായി ഞാൻ സങ്കൽപ്പിക്കുന്നത് പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള, അത്യാവശ്യം ഇംഗ്ലീഷ് എഴുതാനും, വായിക്കാനും മാത്രം അറിയുന്ന ഒരാളെയാണ്. ഒരു വിവരമുള്ള സാധാരണക്കാരൻ. (ഡോക്കിൻസ് intelligent layman എന്നാണ് തന്റെ മനസ്സിലുള്ള വായനക്കാരനെ വിളിക്കുന്നത്.) കൂടുതൽ വിദ്യാഭ്യാസമുള്ളവർക്കു പോലും അവർ ദൈനംദിനം ഉപയോഗിക്കുന്ന കാര്യങ്ങളല്ലാതെ പതതാം ക്‌ളാസ് സയൻസിനപ്പുറമൊന്നും ഓർമ്മയുണ്ടാകില്ല. ചില സയൻസ് വാക്കുകളും, ചില സിദ്ധാന്തങ്ങളുടെ മങ്ങിയ ഓർമ്മകളും മാത്രമേ അയാൾക്കുണ്ടാകൂ. അത്തരമൊരാളോടാണ് ഞാൻ സംവദിക്കുന്നത്. ഭൂരിപക്ഷം ആളുകളും ഇതിൽ പെടും.

ഐൻസ്റ്റീൻ പറഞ്ഞതായി പറയപ്പെടുന്ന ഒരു വാചകമുണ്ട്. നിങ്ങൾക്ക് ഒരു കാര്യം നിങ്ങളുടെ അമ്മൂമ്മക്ക്‌ മനസ്സിലാകുന്നവിധം പറഞ്ഞു കൊടുക്കാൻ അറിയില്ലെങ്കിൽ നിങ്ങൾക്ക് ആ കാര്യം മനസ്സിലായിട്ടില്ല എന്നാണർത്ഥം. ഈ പറഞ്ഞ കാര്യങ്ങൾ കൊണ്ടുതന്നെ ശരിക്കുള്ള ഒരു ശാസ്ത്രജ്ഞന് തൃപ്തികരമായ ഒരു പോപ്പുലർ സയൻസ് ലേഖനം ഒരിക്കലും ഉണ്ടാകാൻ പോകുന്നില്ല. കാരണം അത് അയാളെ ഉദ്ദേശിച്ചുള്ളതല്ല എന്നതുതന്നെ കാരണം.

പോപ്പുലർ സയൻസ് രംഗത്തെ സൂപ്പർ ഹീറോയായ റിച്ചാർഡ് ഡോക്കിൻസ് എഴുതുന്നത് ശരിയായ ബയോളജി അല്ല എന്നുപറയുന്ന ബയോളജിസ്റ്റുകളുണ്ട് (അതുകേട്ട് “ഡോക്കിൻസ് ബാഷിംഗ്‌” നടത്തി ആളു കളിക്കുന്ന ചില ലോക്കൽ ഫേസ്‌ബുക്ക് ജീവികളുമുണ്ട്.) കാൾ സാഗന്റെ കോസ്മോസ് വാനശാസ്ത്രത്തിന്റെ ലളിതവൽക്കരണമാണ് എന്ന് ആക്ഷേപിക്കുന്ന വാനശാസ്ത്രജരുണ്ട്. ഇവർ പറയുന്നത് സത്യമാണ്. But in a mundane sort of way. കാരണം പോപ്പുലർ സയൻസ് ലളിതവൽക്കരണത്തിന്റെ കലയാണ്. യഥാർത്ഥ സയൻസ് if, then, maybe, can be, probably, sometimes, usualy തുടങ്ങിയ pre conditions വച്ചുള്ള കളിയാണ്. പോപ്പുലർ സയൻസിൽ ഇതൊക്കെ പരമാവധി ഒഴിവാക്കും. അവിടെ certinity യാണ് താരം.

പ്രശസ്തമായ ഹോളിവുഡ് സിനിമകളുടെ തിരക്കഥ അനുവർത്തിക്കുന്ന ഒരു രീതിയുണ്ട്. പ്രധാനപ്പെട്ട പ്ലോട്ട് പോയിന്റുകളും, പ്രധാനപ്പെട്ട കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധവും മറ്റും ചുരുങ്ങിയത് മൂന്നു പ്രാവശ്യമെങ്കിലും തിരക്കഥയിൽ പലയിടത്തായി പ്രത്യക്ഷമായോ, പരോക്ഷമായോ ആവർത്തിച്ചു സൂചിപ്പിക്കണം. (പല നല്ല സിനിമകളും ഇടക്കുവച്ചു കണ്ടു തുടങ്ങിയാലും കഥ ഏതാണ്ടൊക്കെ മനസ്സിലാക്കുന്നതിനു കാരണം ഇതാണ്.)


Leave a Reply

Your email address will not be published. Required fields are marked *