ബലൂണിലെ സ്‌പേസ് യാത്ര സാധ്യമാണോ? – രവിചന്ദ്രൻ സി എഴുതുന്നു.


“ബലൂണില്‍ സ്‌പേസില്‍ പോകാനാവുമോ എന്ന ചോദിച്ചാല്‍ എവിടെയാണ്, എവിടെ മുതലാണ് സ്‌പേസ് എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടിവരും. അന്തരീക്ഷം (atmosphere) അവസാനിക്കുന്നിടത്ത് എന്നാണ് ഉത്തരമെങ്കില്‍ ആയിരം കിലോമീറ്റര്‍ കഴിഞ്ഞാലും അതുറപ്പിക്കാനാവില്ല. എവിടെയാണ് അന്തരീക്ഷം അവസാനിക്കുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം അത് നിങ്ങള്‍ ആരോട് ചോദിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.” – രവിചന്ദ്രൻ സി എഴുതുന്നു.
ബലൂണിലെ സ്‌പേസ് യാത്ര

മതപ്പണിക്കാര്‍ വെട്ടിക്കൂട്ട് വീഡിയോകള്‍ ഇറക്കി ”രവിചന്ദ്രന്‍ ബലൂണില്‍ സ്‌പേസില്‍ പോകാമെന്ന് പറഞ്ഞു, എന്തൊരു മണ്ടനാണ് അയാള്‍”എന്നൊക്കെ താങ്ങുന്നുണ്ട്, ഇതിന് മറുപടിയുണ്ടോ എന്ന രീതിയില്‍ ചോദ്യങ്ങള്‍ AntiVirus ലൈവില്‍ വരാറുണ്ട്. ഇന്നലെ ഇത്തരമൊരു ചോദ്യത്തോട് പ്രതികരിച്ചിരുന്നു (https://www.youtube.com/watch?v=KEerxVU5qkk). ‘വേണമെങ്കില്‍ ഹ്രൈഡജന്‍ ബലൂണില്‍ സ്‌പേസിലേക്ക്(space) പോകാനാവും’ എന്നൊരു പരമര്‍ശം 2018 സെപ്തമ്പറില്‍ കോഴിക്കോട് വെച്ചു നടത്തിയ മിറക്കുുള-1 എന്ന പ്രഭാഷണത്തില്‍ (https://www.youtube.com/watch?v=YPEq6QRB-JQ) പരാമര്‍ശിച്ചിരുന്നു. It was only a passing remark to explain another point. സന്ദര്‍ഭവും തത്ത്വവും പരിഗണിച്ചാല്‍ തെറ്റില്ലാത്ത പരാമര്‍ശം. ചോദ്യം ഉന്നയിക്കുന്നവര്‍ വിഷയം പഠിക്കാതെ സ്വയംപരിഹാസ്യരാകുന്നു എന്നതാണ് വാസ്തവം. ബലൂണില്‍ സ്‌പേസില്‍ പോകാം എന്നു പറഞ്ഞാലുടന്‍ അത് ഔട്ടര്‍ സ്‌പേസാണ് (outer space) എന്ന് അര്‍ത്ഥമാക്കേണ്ടതില്ല. ഔട്ടര്‍ സ്‌പേസിന് താഴയുള്ള തലത്തിനും പ്രായോഗിക അര്‍ത്ഥത്തില്‍ സ്‌പേസ് (space) എന്നു തന്നെയാണ് പറയുക. സ്‌പേസ് എന്നു പറഞ്ഞാല്‍ കുറഞ്ഞത് നൂറ് കിലോമീറ്റര്‍ എങ്കിലും വേണം അത്രയുംപോകാന്‍ ബലൂണിന് കഴിയില്ല എന്നൊക്കെയുള്ള വാദത്തില്‍ കഴമ്പില്ല എന്നു സാരം.

ബലൂണില്‍ സ്‌പേസില്‍ പോകാനാവുമോ എന്ന ചോദിച്ചാല്‍ എവിടെയാണ്, എവിടെ മുതലാണ് സ്‌പേസ് എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടിവരും. അന്തരീക്ഷം (atmosphere) അവസാനിക്കുന്നിടത്ത് എന്നാണ് ഉത്തരമെങ്കില്‍ ആയിരം കിലോമീറ്റര്‍ കഴിഞ്ഞാലും അതുറപ്പിക്കാനാവില്ല. എവിടെയാണ് അന്തരീക്ഷം അവസാനിക്കുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം അത് നിങ്ങള്‍ ആരോട് ചോദിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. സാധാരണ Commercial-യാത്രാവിമാനങ്ങള്‍ പറക്കുന്നത് 5.9-7.2 മൈല്‍ (9.5-11.5 കിമീ) ഉയരത്തിലാണ്. ഓരോ രാജ്യത്തിനും നാഷണല്‍ എയര്‍ സ്‌പേസ് (national air space) ഉണ്ട്. അതിന് പുറത്തുള്ളതിനെ ഔട്ടര്‍ സ്‌പേസ് (outer space) എന്നുവിളിക്കുന്നു. ഔട്ടര്‍ സ്‌പേസില്‍ എല്ലാ രാജ്യങ്ങള്‍ക്കും തുല്യ അവകാശമാണുള്ളത്. അന്തര്‍ദ്ദേശീയ ബഹിരാകാശഗവേഷണ ഫെഡറേഷനും (Fédération Aéronautique Internationale (FAI) മറ്റനവധി ഏജന്‍സികളും കാര്‍മന്‍ അതിര്‍ത്തി (Ka´rma´n Line/100km or 62 Miles) മുതലാണ് സ്‌പേസ് ആയി അംഗീകരിക്കുന്നത്.

ബഹിരാകാശ കരാറുകളിലും എയ്‌റോ സ്‌പേസ് റെക്കോഡുകളിലും ഔട്ടര്‍ സ്‌പേസിന്റെ (outer space) ദൂരമായി കണക്കാക്കുന്നത് ഈ ഉയരമാണ്. ഇവിടെ അന്തരീക്ഷം അവസാനിക്കുന്നുണ്ടോ? ഇല്ല. അന്തരീക്ഷം തീരെ ദുര്‍ബലമായിരിക്കും. അതിനാല്‍ സാധാരണ എയര്‍ക്രാഫ്റ്റുകള്‍ക്ക് പറക്കാനുള്ള ആയം (lift) കിട്ടില്ല. അമേരിക്കന്‍ മിലിട്ടറിയും നാസയും 80 കിലോമീറ്ററാണ്(50 മൈല്‍) സ്‌പേസ് അതിര്‍ത്തിയായി നിര്‍വചിച്ചിരിക്കുന്നത്. 80 കിലോമീറ്ററിന് മുകളില്‍ പോകുന്നവരെ ബഹിരാകാശ സഞ്ചാരി(astronaut) ആയി അവര്‍ അംഗീകരിക്കുന്നു. 600 മൈല്‍(965 കിമീ) ഉയരത്തിലെത്തുമ്പോള്‍ ഭൗമാന്തരീക്ഷം തീരെ ദുര്‍ബലപെടുകയും ശക്തിയേറിയ സൗരവാതങ്ങള്‍ (solar winds) അനുഭവപെടുകയും ചെയ്യും. ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്‍ (ISS) 205-270 മൈല്‍ ഉയരത്തിലാണ് ഭൂമിയെ ഭ്രമണം ചെയ്യുന്നത്. സ്‌പേസ് ഷട്ടിലുകള്‍ 200 മൈല്‍ ഉയരത്തിലും. ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിന്‍ എത്തിയ പരമാവധി ഉയരം 327 കിലോമീറ്റര്‍ ആണ്.

അമേരിക്കയിലെ കല്‍ഗരി യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച സുപ്ര-തെര്‍മല്‍ ഇമേജിംഗ് (Supra-Thermal Ion Imager)പഠനം അനുസരിച്ച് ഭൗമാന്തരീക്ഷത്തിന്റെ അതിര്‍ത്തി 118കിലോമീറ്റര്‍(73 മൈല്‍) ആണ്. ഈ വര്‍ഷം ജൂലൈ 11 ന് Virgin Galactic ഉടമ റിച്ചാര്‍ഡ് ബ്രാന്‍സനും (Richard Branson) അഞ്ചു സഹയാത്രികരും 86 കിലോമീറ്റര്‍(53 മൈല്‍) ഉയരത്തിലെത്തിയപ്പോള്‍ 2021 ജൂലൈ 20 ന് ആമസോണ്‍ സ്ഥാപകനും ബ്ലൂ ഒറിജിന്‍( Blue Origin ) ഉടമയായ ജെഫ് ബെസോസും (Jeff Bezos) നടത്തിയ സ്വകാര്യ സംരഭക യാത്രകളില്‍ കാര്‍മന്‍ അതിര്‍ത്തി കടന്നിരുന്നു(106 കിമീ). ബ്രാന്‍സന്റെ യാത്രയെ ഭ്രമണപഥത്തിനും താഴെയുള്ള യാത്ര(sub-orbital flight) ആയി വിശേഷിപ്പിക്കുന്നവരുണ്ട്. ഇന്ത്യക്കാരനായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ സ്‌പേസ് യാത്രയും ഗലാക്റ്റിക് ഷിപ്പിലാണ് എന്നറിയുന്നു.

ഭൂമിയുടെ ഭാരം സ്ഥിരമല്ല, ചെറിയ വ്യതിയാനങ്ങളുണ്ട്. പല ബാഹ്യവസ്തുക്കളും ഉല്‍ക്കകളായും ബഹിരാകാശ അവശിഷ്ടങ്ങളും ധൂളിയായും ഭൂമിയിലേക്ക് വന്നുചേരുന്നുണ്ട്. പ്രതിവര്‍ഷം നാല്‍പ്പതിനായിരം ടണ്‍ ബഹിരാകാശധൂളി(space dust)യാണ് ഭൂമിയിലെത്തുന്നത്.(https://www.bbc.com/news/magazine-16787636). മൊത്തത്തില്‍ 40-41 ടണ്‍ ഭാരം പ്രതിവര്‍ഷം ഭൂമിയോട് കൂട്ടിചേര്‍ക്കപെടുന്നു. അതേസമയം ഭൂമിയുടെ ഭാരം ചെറിയതോതില്‍ കുറഞ്ഞുവരികയാണ്. അതിന് കാരണം ഭൂമിയില്‍ നിന്നും നഷ്ടപെടുന്ന വസ്തുക്കളാണ്. ബഹിരാകാശ യാത്രയുമായി ബന്ധപെട്ട വസ്തുക്കളും പേടകങ്ങളുമൊക്കെ നഷ്ടങ്ങളുടെ പട്ടികയില്‍ വരും. ഭൗമാന്തര്‍ഭാഗത്തെ ഭീമന്‍ ന്യൂക്‌ളിയര്‍ റീയാക്ടറിന്റെ (thermal nuclear dynamo) പ്രവര്‍ത്തനഫലമായി ക്രമാനുഗതമായി ഊര്‍ജ്ജം നഷ്ടപെടുന്നുണ്ട്. ഇതുമൂലം ഭൂമിയുടെ മാസ് (mass) പ്രതിവര്‍ഷം 16 ടണ്‍ കുറയ്ക്കുന്നുണ്ട്.

ഭൂമിയുടെ ഗുരാത്വാകര്‍ഷണത്തിന് പിടിച്ച് നിറുത്താന്‍ കഴിയാത്ത ആറ്റങ്ങളും തന്മാത്രകളും അന്തരീക്ഷത്തില്‍ ഉയര്‍ന്നുപൊങ്ങി സ്‌പേസിലേക്ക് വാര്‍ന്നുപോകും. അതില്‍ പ്രധാനം ഏറ്റവും ഭാരംകുറഞ്ഞ മൂലകമായ ഹൈഡ്രജനാണ്, തൊട്ടടുത്ത് ഹീലിയം. ഒരു സെക്കണ്ടില്‍ ഏകദേശം 3 കിലോഗ്രാം ഹൈഡ്രജന്‍ സ്‌പേസിലേക്ക് വാര്‍ന്നുപോകുന്നതായി കണക്കാക്കപെടുന്നു. അതായത് പ്രതിവര്‍ഷം 95000 ടണ്‍ ഹൈഡ്രജനാണ് ഭൂമിക്ക് നഷ്ടപെടുന്നത്. ഹൈഡ്രജനും ഹീലിയവും പിടിച്ചു നിറുത്താന്‍ നക്ഷത്രങ്ങള്‍ക്കും ഉയര്‍ന്ന പിണ്ഡം ഉള്ള ഗ്രഹങ്ങള്‍ക്കും സാധിക്കും. സൗരയൂഥത്തിലെ വാതകഭീമന്‍മാരായ വ്യാഴത്തിനും (89.8%ഹൈഡ്രജന്‍-10.2% ഹീലിയം) ശനിക്കും(96.3%-3.2%) യുറാനസിനും (82.5%-15.2%) നെപ്ട്യൂണിനുമൊക്കെ(80%-19%) അത് വ്യത്യസ്ത അളവില്‍ സാധിക്കുന്നുണ്ട്. സൂര്യനിലെ ഹൈഡ്രജന്‍-ഹീലിയം അനുപാതം 71%-26% ആണ്. തീര്‍ത്തും നേരിയ അന്തരീക്ഷണാണ് ഉള്ളതെങ്കിലും സൂര്യനില്‍ നിന്നുള്ള സൗരവാതങ്ങളുടെ നിരന്തര പ്രവാഹം മൂലം ബുധന്റെ എക്‌സോസ്ഫിയറിലും ഹൈഡ്രജന്‍-ഹീലിയം സാന്നിധ്യമുണ്ടെങ്കിലും പെട്ടെന്ന് സ്‌പേസിലേക്ക് വാര്‍ന്നുപോയ്‌കൊണ്ടിരിക്കും (https://www.nasa.gov/sites/default/files/files/YOSS_Act_4.pdf).

ഭൂമി പോലുള്ള ഗ്രഹങ്ങളില്‍ ആരംഭഘട്ടത്തിലുണ്ടായിരുന്ന ഹൈഡ്രജനും ഹീലിയവും നല്ലൊരു പങ്കും പുറത്തേക്ക് പൊയിട്ടുണ്ടാവാം. എത്ര ഉയരത്തില്‍ ബലൂണിന് പോകാനാവും? ഏത് ഉയരത്തില്‍ വെച്ചാണോ ബലൂണിന്റെ ആന്തരികമര്‍ദ്ദം (internal pressure) ബാഹ്യമര്‍ദ്ദത്തെക്കാള്‍ (external pressure) കൂടുതലാകുന്നതും അതു ബലൂണിന്റെ ഭിത്തികള്‍ പൊട്ടിക്കുന്നതും (the point where internal pressure exceeds external pressure sufficiently to overcome the material strength and burst the balloon) ആ ഉയരംവരെ പോകാനാവും. ബലൂണിന്റെ ഭാരം ഗണ്യമായി കുറയ്ക്കുകയും പാളികള്‍ വളരെ നേര്‍ത്തതാകുകയും ചെയ്താല്‍ എത്തിച്ചേരാനാവുന്ന ഉയരം വര്‍ദ്ധിക്കും. പൊട്ടാതിരിക്കണമെങ്കില്‍ പാളിയുടെ കനം കൂട്ടണം, അങ്ങനെ ചെയ്താല്‍ ഭാരംകൂടും!

ഹൈഡ്രജന്‍-ഹീലിയം ബലൂണ്‍ എന്തുകൊണ്ടാണ് മുകളിലേക്ക് ഉയരുന്നത്? അതിന് കാരണം ഭൗമാന്തരീക്ഷം ബലൂണില്‍ ചെലുത്തുന്ന മര്‍ദ്ദമാണ്. സ്‌ട്രോറ്റോസ്പിയറില്‍ എത്തുന്നതോടെ ഭൗമന്തരീക്ഷം ദുര്‍ബലപെടും. ബലൂണിനെ മുകളിലേക്ക് തള്ളാനുള്ള മര്‍ദ്ദം ഇല്ലാതെവരും. ബലൂണിന്റെ ഭാരം വന്‍തോതില്‍ കുറച്ചും ബലൂണ്‍പാളി നേര്‍പ്പിച്ചും കൂടുതല്‍ ഉയരം താണ്ടാനാവും. ബലൂണ്‍ എന്നു പറയുമ്പോള്‍തന്നെ ഏത് തരം ബലൂണ്‍, വലുപ്പം, ഭാരം എന്നിവയൊക്കെ നിര്‍ണ്ണായകമാണ്. എല്ലാ ബലൂണിനും ഒരേ സാധ്യതയല്ല ഉള്ളത്. ഹൈഡ്രജന്‍ ബലൂണ്‍ ഔട്ടര്‍ സ്‌പേസിലേക്ക് (80km-100km) ഊര്‍ന്നുപോകുമോ എന്ന് ഉറപ്പിച്ച് പറയാനാവില്ല. സാധാരണനിലയില്‍ സാധ്യത കുറവാണ് എന്ന് മാത്രം പറയാം. 53 കിലോമീറ്റര്‍ ഉയരമാണ് ഹീലിയം ബലൂണിന്റെ (50 മീറ്റര്‍ വ്യാസം) ലോകറെക്കോഡ് (https://www.japantimes.co.jp/news/2002/05/24/national/test-balloon-reaches-record-altitude). 2002 ല്‍ ഈ ലക്ഷ്യം നേടിയ ജപ്പാനിലെ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ലക്ഷ്യമിട്ടിരുന്നത് 55 കിലോമീറ്റര്‍ ആണ് . ഹൈഡ്രജനായിരുന്നെങ്കില്‍ കുറക്കൂടി ഉയരത്തില്‍ എത്താനാകുമായിരുന്നു. 50-70 KM ഉയരത്തിലെത്തുമ്പോള്‍ ബലൂണ്‍ (with 50 metres in diameter) പൊട്ടിയെന്ന് വരാം സൗരവാതങ്ങള്‍ ബലൂണുകളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നുംവരാം, ഔട്ടര്‍സ്‌പേസിലേക്ക് തള്ളിവിടപ്പെട്ടു എന്നുവരാം…സാധ്യതകള്‍ പലതാണ്‌….

മുകളിലേക്കുള്ള യാത്രയ്ക്ക് ഉപയോഗിക്കുന്ന ബലൂണുകളില്‍ ഉപയോഗിക്കുന്നത് ചൂടുകൂടിയ വായുവോ ഭാരംകുറഞ്ഞ വാതകങ്ങളോ(hot-air balloons and gas balloons) ആയിരിക്കും. ഏറ്റവും ഭാരംകുറഞ്ഞ മൂലകം ഹൈഡ്രജനാണ്. അത് ഹീലിയത്തെക്കാള്‍ ഭാരംകൂറഞ്ഞതാണെങ്കിലും ജ്വലനസാധ്യത കൂടുതലാണ്. ഹീലിയം കൂടുതല്‍ സുരക്ഷിതമാണെങ്കിലും ഭൂമിയില്‍ അത്ര എളുപ്പം ലഭ്യമാകുന്നില്ല എന്ന പ്രശ്‌നമുണ്ട്. Space perspective എന്ന സ്വകാര്യ കമ്പനി 2024 ല്‍ ഒരു ടണ്‍ ഹൈഡ്രജന്‍ നിറച്ച, 200 മീറ്റര്‍ പൊക്കമുള്ള Spaceship Neptune എന്ന ബലൂണില്‍ സ്‌പേസിലേക്ക് പോകാന്‍ പദ്ധതിയുണ്ട് (https://nypost.com/2021/06/23/you-can-ride-a-hydrogen-balloon-to-outer-space-for-125k/ (2) What If You Rode a Balloon to Space? – https://www.youtube.com/watch?v=w_pyf3m_BB0). 30 കിലോമീറ്റര്‍ ഉയരമാണ് അവര്‍ വാഗ്ദാനം ചെയ്യുന്നത്. പൈലറ്റുള്‍പ്പടെ 9 യാത്രക്കാര്‍, പുറംകാഴ്ച കാണാന്‍ ഗ്ലാസ് ജനലകളുണ്ടാവും ഒപ്പം ബാത്ത് റൂമും ബാറും ഒക്കെ ബലൂണിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്. Stratosphere balloons എന്നറിയപെടുന്ന ഈ വിഭാഗത്തില്‍പെട്ട ബലൂണുകള്‍ക്ക് പരമാവധി 50 കിലോമീറ്റര്‍ ഉയരത്തില്‍ വരെ എത്താനാവും എന്ന് വിദഗ്ധര്‍ പറയുന്നു.

30-35 കിലോമീറ്റര്‍ ഉയരത്തിലേക്കുള്ള യാത്രയെ എന്തുകൊണ്ടാണ് ബലൂണിലെ ‘സ്‌പേസ് യാത്ര’ എന്നൊക്കെ വിശേഷിപ്പിന്നു? ആ ഉയരത്തിലെത്തുമ്പോള്‍ ആകാശം കറുത്തിരുണ്ട അവസ്ഥയിലായിരിക്കും. ഭൂമിയുടെ വക്രതയും(curvature) ധ്രൂവങ്ങളുമൊക്കെ തിരിച്ചറിയാനാവും. നട്ടുച്ചയ്ക്ക് പോലും നക്ഷത്രങ്ങളെ തിളക്കത്തോടെ കാണാനാവും. ആ ഉയരത്തിന് താഴെയാണ് ഭൗമാന്തരീക്ഷത്തിന്റെ 99 ശതമാനവും. ബാക്കി ഒരു ശതമാനം അന്തരീക്ഷപിണ്ഡം മാത്രമേ ആ ഉയരത്തിന് മുകളിലുണ്ടാവൂ. Low Earth Orbit ല്‍ (160-2000 കിമീ) ഭ്രമണംചെയ്യുന്ന കൃത്രിമ ഉപഗ്രഹങ്ങള്‍ കുറെക്കഴിയുമ്പോള്‍ ഭ്രമണവേഗത കുറഞ്ഞ് ഉയരംകുറഞ്ഞ ഭ്രമണപഥങ്ങളിലേക്ക് വീഴും. അതുകൊണ്ടുതന്നെ അവരുടെ ഉയരം നിരന്തരം ക്രമീകരിക്കേണ്ടിവരും. എന്തുകൊണ്ടാണ് അവയുടെ ഭ്രമണവേഗം കുറയുന്നത്? ഭൗമഗുരുത്വവും ഘര്‍ഷണവും മൂലമാണ്. സ്‌പേസ് ഡസ്റ്റിനു പുറമേ നേരിയ തോതിലുള്ള അന്തരീക്ഷ തന്മാത്രകളുമായുള്ള ഉരസലുമാണ് അതിന് കാരണം. 200 കിലോമീറ്ററില്‍ ഭൗമാന്തരീക്ഷ സാന്നിധ്യം ഏറെക്കുറെ പൂജ്യത്തോട് അടുത്താണ്, പക്ഷെ പൂജ്യമാണെന്ന് പറയാനാവില്ല.

ഹൈഡ്രജന്‍ വാതകത്തിന് മൂലകാവസ്ഥയില്‍ സ്‌പേസിന് പുറത്തേക്ക് പോകാനാവും എന്ന് സൂചിപ്പിച്ചല്ലോ. പക്ഷെ ആള് കയറിയ ബലൂണിന് ആളില്ലാത്ത ബലൂണിനും സാങ്കേതിക പരിമിതകളുണ്ടാവും. ഭൂമിയുടെ വക്രതയും ധ്രൂവങ്ങളും അന്തരീക്ഷത്തിന്റെ നീലപാളിയുമൊക്കെ പുറത്തുനിന്നു നോക്കി കാണാന്‍ ഹൈഡ്രജന്‍-ഹീലിയം ബലൂണ്‍ സഹായിക്കും. 41.17 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് സ്‌പേസ് ജമ്പ് നടത്തിയ അലന്‍ യൂസ്റ്റസ് (Alan Eustace) സ്‌ട്രോറ്റോസ്പിയറില്‍ നിന്നാണ് ചാടിയത് (https://www.youtube.com/watch?v=0WmaZhpd3hI). ഫെലിക്‌സ് ബൊഗാര്‍ട്‌നറുടെ 39 കിലോമീറ്റര്‍ എന്ന സ്‌പേസ് ജമ്പ് ഉയരമാണ് യൂസ്റ്റസ് തിരുത്തിയത് (https://www.youtube.com/watch?v=E9oKEJ1pXPw). സ്‌പേസ് ജമ്പ് sky diving ല്‍ നിന്നും വ്യത്യസ്തമാണ് (https://www.youtube.com/watch?v=aPC_h9Vmlxw). ഭൗമാന്തരീക്ഷത്തിന്റെ അതിര്‍ത്തിയും സ്‌പേസിന്റെ തുടക്കവും സംബന്ധിച്ച് യാതൊരു ഭൗതിക അതിര്‍ത്തികളുമില്ലാത്തതിനാല്‍ നിയന്ത്രണം-നിയമം (laws and regulations) എന്നീ ആവശ്യങ്ങള്‍ക്കായി സ്‌പേസിനെ വ്യത്യസ്തമായ രീതിയില്‍ നിര്‍വചിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നത് തുടരും. ബലൂണില്‍ സ്‌പേസില്‍ പോകുമോ എന്ന ചോദ്യം ഈ പശ്ചാത്തലത്തിലാണ് അവലോകനം ചെയ്യേണ്ടത്.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *